വിശുദ്ധയായ ക്ലാര

വിശുദ്ധയായ ക്ലാര
Published on

സി. ടെര്‍സിന എഫ്.സി.സി.

"നിങ്ങള്‍ എവിടെ ആയിരുന്നാലും എപ്പോഴും കര്‍ത്താവിനോടു കൂടെ ആയിരിക്കട്ടെ."

1194 ജനുവരി 20-ാം തീയതി അസ്സീസിയിലെ ഒരു പ്രഭു കുടുംബത്തില്‍ ക്ലാര ജനിച്ചു. അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫവറീനോയും, ഓര്‍ത്തലോനയും ആണ് മാതാപിതാക്കള്‍. മൂന്നു പെണ്‍മക്കള്‍ – ക്ലാര, ആഗ്നസ്സ്, ബിയാട്രീസ്. ക്ലാരയ്ക്ക് 15 വയസ്സുള്ളപ്പോള്‍ തുടങ്ങി വിവാഹ ആലോചനകള്‍. ഈശോയെ മണവാളനായി സ്വീകരിക്കാന്‍ കൊതിച്ച ക്ലാര, അസ്സീസിയിലെ ഫ്രാന്‍സീസിന്റെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു.

1212 മാര്‍ച്ച് മാസം 18-ാം തീയതി ഓശാന ഞായറാഴ്ച "ഉടുത്തൊരുങ്ങി" അമ്മയോടു കൂടെ പള്ളിയില്‍ പോയി. എല്ലാവരും അള്‍ത്താരയുടെ അടുക്കല്‍ ചെന്ന് കുരുത്തോല വാങ്ങി. ക്ലാര നാണിച്ച് മുന്നോട്ടുപോയില്ല. മെത്രാനച്ചന്‍ ഇറങ്ങിച്ചെന്ന് ക്ലാരയ്ക്ക് കുരുത്തോല കൊടുത്തു." അന്നു രാത്രിയില്‍ അമ്മായി ഒരുമിച്ചു പോന്‍സ്യൂങ്കുളാ ദേവാലയത്തിലേക്ക് ഒളിച്ചുപോന്നു. ഒരു തിരി കത്തിച്ചുപിടിച്ച് പള്ളിയുടെ വാതില്‍ക്കല്‍ നിന്നു. "പരിശുദ്ധാത്മാവേ" വരിക എന്ന ഗാനം ആലപിച്ചു.

അവള്‍ വിശേഷ വസ്ത്രങ്ങള്‍ ഊരിമാറ്റിവച്ച് പ്രായ്ശ്ചിത്ത വസ്ത്രങ്ങള്‍ അണിഞ്ഞു; ഫ്രാന്‍സിസ് തലമുടി വെട്ടിമാറ്റി, ഒരു ചരട് അരയില്‍ കെട്ടി. തല്‍ക്കാലം അവള്‍ ബെനഡിക്‌ടൈന്‍ മഠത്തില്‍ താമസിച്ചു.

വീട്ടില്‍ ക്ലാരയെ അന്വേഷണം തുടങ്ങി. അവസാനം വീട്ടുകാര്‍ മനസ്സിലാക്കി, ക്ലാര എവിടെ എന്ന്. അവര്‍ വന്ന് ക്ലാരയെ പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ – തലമുടി വെട്ടിമാറ്റിയിരിക്കുന്നത് കാണിച്ചുകൊടുത്തു. അവര്‍ അതോടെ സ്ഥലം വിട്ടു." സാന്‍ഡാമിയാനോയ്ക്ക് അടുത്ത് ഒരു ഭവനം ക്ലാരയ്ക്ക് തയ്യാറാക്കി.

രണ്ടാഴ്ച കഴിഞ്ഞ് അനുജത്തി ആഗ്നസ്സും ക്ലാരയോടു ചേര്‍ന്നു. വീണ്ടും വീട്ടില്‍ വലിയ വിപ്ലവമുണ്ടായി. അവസാനം ആഗ്നസ്സിനും അനുവാദം കിട്ടി – എന്നു മാത്രമല്ല അമ്മ ഓര്‍ത്തലോനായും വേറെ കുറെ സ്ത്രീകളും മഠത്തില്‍ ചേര്‍ന്നു.

ഇങ്ങനെ ക്ലാരസഭ ഉണ്ടായി. ക്രമേണ പല ശാഖകളും സ്ഥാപിതമായി. എന്നും മാംസവര്‍ജ്ജ നം അവര്‍ പാലിച്ചു പോന്നു. വി. കുര്‍ബാനയോടുള്ള ഭക്തിയില്‍ (ക്ലാര) അനുദിനം വര്‍ദ്ധിച്ചുപോന്നു. ദിവ്യകാരുണ്യസന്നിധിയില്‍ ധ്യാന നിര്‍ലീനയായി മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു. സക്രാരിയിലെ ഈശോയോട്, അവള്‍ വിശ്വസ്തത വാഗ്ദാനം ചെയ്തു. രാത്രിയുടെ ഏകാന്തതയില്‍ എല്ലാവരും ഗാഢനിദ്രയില്‍ ആയിരിക്കുമ്പോള്‍ വി. കുര്‍ബാനയുടെ മുമ്പാകെ സാഷ്ടാംഗം വീണ്, കണ്ണീരൊഴുക്കി അവള്‍ പ്രാര്‍ത്ഥിച്ചിരുന്നു. രാജ്യമാകെ അനീതിയും അക്രമവും നടമാടുമ്പോള്‍ സമൂഹാംഗങ്ങള്‍ എല്ലാവരും ദിവ്യകാരുണ്യസന്നിധിയില്‍, പ്രാര്‍ത്ഥനയുടെ ഏകാന്തതയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിരുന്നു.

സാരസന്‍ സൈന്യം സ്‌പൊളോറ്റ താഴ്‌വര ആക്രമിച്ചപ്പോള്‍ ഒരു വിഭാഗം സൈന്യം ക്ലാരമഠത്തെ ആക്രമിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ക്ക് അഭിമുഖമായി വി. കുര്‍ബാന അരുളിയ്ക്കായില്‍ എഴുന്നള്ളിച്ച്, അനന്തരം അവള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ശത്രുക്കള്‍ക്ക് പെട്ടെന്നു ഭയം തോന്നുകയും അവര്‍ ആ മഠം ആക്രമിക്കാതെ ഓടിപ്പോവുകയും ചെയ്തു.

സുന്ദരിയെങ്കിലും വിരൂപിണിയാകാനും, കോടീശ്വരപുത്രിയെങ്കിലും നഗ്നപാദയായി നടക്കാനും കുഷ്ഠരോഗികളെ പുണരാനും ഉള്ള ക്ലാരയുടെ ഉഗ്ര ശപഥത്തെ എതിര്‍ക്കാന്‍ ഫ്രാന്‍സീസിന് ആയില്ല. ഫ്രാന്‍സീസ് എഴുതി ഉണ്ടാക്കിയ നിയമാവലി അനുസരിച്ച് ഫ്രാന്‍സിസ്‌ക്കന്‍ കുടുംബത്തിലെ രണ്ടാം സഭയുടെ സ്ഥാപകയായിത്തീര്‍ന്നു. തന്റെ മരണം വരെ ഈ സഭയെ നയിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു.

28 വര്‍ഷം രോഗിണിയായി കിടന്നു. അവസാന 18 ദിവസം ദിവ്യകാരുണ്യം മാത്രം കഴിച്ച് ജീവിച്ചു. നസ്രസ്സിലെ ചെറുകുടുംബമായിരുന്നു അവളുടെ മാതൃക. അന്ത്യസമയം അടുത്തപ്പോള്‍ മിശിഹായുടെ പീഡാനുഭവചരിത്രം വായിച്ചു കേള്‍പ്പിക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. അവസാനം അടുത്തപ്പോള്‍ നേരിയ സ്വരത്തില്‍ ആത്മാവിനോടായി അമ്മ പറയുകയാണ്, "എന്റെ ആത്മാവേ സമാധാനത്തില്‍ യാത്ര ആരംഭിച്ചാലും നിന്നെ സൃഷ്ടിച്ച ദൈവം നിന്നെ സ്‌നേഹിക്കുന്നുണ്ട്." ഒരു സ്വര്‍ഗ്ഗീയപ്രകാശം അവളെ വലയം ചെയ്തു. സര്‍വ്വസ്വമായ സ്വര്‍ഗ്ഗീയ നാഥനില്‍ അവള്‍ ലയിച്ചു ചേര്‍ന്നു. അവളുടെ ആത്മാവ് പറന്നുയര്‍ന്നു; ഒരുക്കിവച്ചിരിക്കുന്ന സനാതന ആനന്ദം പ്രാപിക്കാന്‍.

1194-ല്‍ ജനിച്ച ക്ലാര 1212 മാര്‍ച്ച് 18-ന് സഭാവസ്ത്രം സ്വീകരിച്ചു. 1253 ആഗസ്റ്റ് 11-ന് ദൈവസന്നിധിയിലേയ്ക്ക് പറന്നുയര്‍ന്നു. 1253 നവംബര്‍ 14-ന് ഇന്നസെന്റ് നാലാമന്‍ മാര്‍പാപ്പ അവളുടെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. 1255 സെപ്തംബര്‍ 26-ന് അലക്‌സാണ്ടര്‍ നാലാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധയുടെ അഴിയാത്ത ശരീരം ഇപ്പോഴും അസ്സീസിയില്‍ സാന്‍ ജോര്‍ജിയ ദേവാലയത്തില്‍ ഒരു സ്ഫടിക പേടകത്തില്‍ അടക്കം ചെയ്തിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org