സഹനത്തിന്‍റെ കുരിശും വിജയത്തിന്‍റെ കുരിശും

സഹനത്തിന്‍റെ കുരിശും വിജയത്തിന്‍റെ കുരിശും

ഡോ. പോള്‍ തേനായന്‍

സെപ്തംബര്‍ 14. വി. കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ദിനം. യേശുവിന്‍റെ ഉത്ഥാനത്തിന്‍റെ ദൈവശാസ്ത്രം
പൂര്‍ത്തിയാകുന്നതു വി. കുരിശിന്‍റെ ദൈവശാസ്ത്രത്തിലൂടെയാണെന്നു വിശദീകരിക്കുന്ന ലേഖനം.

മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ച ദിവസം റെക്ടറച്ചന്‍ ഞങ്ങള്‍ക്ക് ആദ്യമായി നല്കിയത് ഓരോ കുരിശുരൂപവും ക്രിസ്ത്വാനുകരണത്തിന്‍റെ കോപ്പിയുമായിരുന്നു. പഠനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഞങ്ങള്‍ കുരിശുരൂപമെടുത്തു മുത്തി ദൈവസാന്നിദ്ധ്യ സ്മരണ പുതുക്കുമായിരുന്നു. ആത്മീയപിതാവായിരുന്ന ബഹു. മാത്യു മങ്കുഴിക്കരിയച്ചന്‍ ക്രൂശിത രൂപത്തെ ചൂണ്ടിക്കാട്ടി യേശുവിന്‍റെ മുള്‍ക്കിരീടത്തെയും തിരുമുറിവുകളെയും പറ്റി നിരന്തരം ധ്യാനിക്കുമായിരുന്നു. സാര്‍വത്രികസഭയിലെ ഭൂരിഭാഗം വിശുദ്ധരും പീഡാനുഭവഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ താണ്ടിയവരാണ്.
കേരള സഭയിലെ വി. അല്‍ഫോന്‍സയും വി. എവുപ്രാസ്യാമ്മയും മറ്റെല്ലാ വാഴ്ത്തപ്പെട്ടവരും ക്രൂശിതന്‍റെ തിരുമുഖത്തുനിന്നാണു വിശുദ്ധിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു പുണ്യപൂര്‍ണതയിലെത്തിയത്. ക്രൂശിതന്‍റെ ചിത്രത്തില്‍ നിന്നാണു സാന്‍ദാമിയാനോ ദേവാലയത്തില്‍വച്ചു യേശുനാഥന്‍ വി. ഫ്രാന്‍സിസ് അസ്സീസിയോടു സംസാരിച്ചത്. ക്രൂശിതരൂപം ഉയര്‍ത്തിപ്പിടിച്ചാണു വി. ഫ്രാന്‍സിസ് സേവ്യര്‍ കേരളത്തിന്‍റെ കടലോരങ്ങളില്‍ 'എനിക്ക് ആത്മാക്കളെ തരിക' എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ഓടിനടന്നത്.

സഭയിലെ അദ്വിതീയ ദൈവശാസ്ത്രജ്ഞനും സഭാപ്രബോധകനുമായിരുന്ന വി. തോമസ് അക്വിനാസ് പറഞ്ഞിട്ടുള്ളത്, തന്‍റെ വിജ്ഞാനം മുഴുവന്‍ മേശപ്പുറത്തിരിക്കുന്ന കുരിശുരൂപത്തില്‍ നിന്നാണ് എന്നാണ്. മുറിയില്‍ ഒരു കുരിശുരൂപമുണ്ടെങ്കില്‍ ജീവിതത്തിലെ ത്യാഗങ്ങളൊന്നും തനിക്കു പ്രശ്നമേയല്ലെന്നു ബ്രിണ്ടിസിലെ വി. ലോറന്‍സ് പറഞ്ഞിട്ടുണ്ട്. വി. പൗലോസ് അപ്പസ്തോലന്‍റെ ഉത്ഥാനദൈവശാസ്ത്രം അദ്ദേഹത്തിന്‍റെ കുരിശിന്‍റെ ദൈവശാസ്ത്രംതന്നെയാണ്. ഉത്ഥാനത്തിന്‍റെ മഹത്ത്വത്തില്‍ പങ്കുചേരാനുള്ള വ്യഗ്രതയില്‍ ഉത്ഥാനത്തിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടു ക്രൂശിതനായ ക്രിസ്തുവിനെയും അവിടുത്തെ പീഡാനുഭവത്തെയും തള്ളിപ്പറഞ്ഞ കൊറീന്ത്യയിലെ പാഷണ്ഡികള്‍(enthusiats)ക്കെതിരെ വി. പൗലോസ് തൊടുത്തുവിട്ട അസ്ത്രമായിരുന്നു 'വി. കുരിശിന്‍റെ ദൈവശാസ്ത്രം.' ഉത്ഥാനത്തിന്‍റെ മഹത്ത്വം നമ്മുടെ പ്രത്യാശയാണ്, ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത മഹത്ത്വം. കുരിശിലെ എളിമയുടെയും സ്വയം ശൂന്യവത്കരണത്തിന്‍റെയും പാതയിലൂടെ ഈ ലോകത്തിലെ വിശ്വാസതീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയേ നമുക്ക് ഉത്ഥാനത്തിന്‍റെ മഹത്ത്വത്തിലെത്തിച്ചേരാന്‍ സാധിക്കൂവെന്നു വി. പൗലോസ് ഉദ്ബോധിപ്പിക്കുന്നു.

അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്നാണു 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡി. റാറ്റ്സിംഗര്‍ (ബെനിഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പ) എഴുതിയിട്ടുള്ളത്. 'നമുക്കുവേണ്ടി തന്‍റെ പാര്‍ശ്വം കുത്തിത്തുളയ്ക്കപ്പെടാന്‍ അനുവദിച്ച പീഡയനുഭവിക്കുന്ന – കര്‍ത്താവിനെ കുരിശുരൂപം (cross of passion) പ്രതിനിധാനം ചെയ്യുന്നു. പിളര്‍ക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നു രക്തവും വെള്ളവും ഒഴുകി. ഇവ വി. കുര്‍ബാനയെയും മാമ്മോദീസായെയും സൂചിപ്പിക്കുന്നു. പീഡാനുഭവത്തിന്‍റെ കുരിശുപോലെതന്നെ വിജയത്തിന്‍റെ കുരിശും (cross of triumph) നമുക്കുണ്ട്. ഈ കുരിശു കര്‍ത്താവിന്‍റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്കു നമ്മുടെ കണ്ണുകളെ നയിക്കുകയും ചെയ്യുന്നു. കാരണം, ഒരു കര്‍ത്താവേയുള്ളൂ. മി ശിഹാ ഇന്നലെ, ഇന്ന്, എന്നേക്കും (ഹെബ്രാ. 13:8) (Der Geist der Liturgie, Joseph, Card. Ratzin-ger, Freiburg, 2000, Chapter 3).

സീറോ-മലബാര്‍ സഭയ്ക്കുണ്ടായിട്ടുള്ള വളര്‍ച്ചയ്ക്കും ഇന്നും പ്രകടമായ ചലനാത്മകതയ്ക്കും ദൈവവിളിയുടെ സമ്പന്നതയ്ക്കും നിദാനമായ ലത്തീന്‍ പൈതൃകങ്ങളോടുള്ള അന്ധമായ എതിര്‍പ്പും സാങ്കല്പിക പൈതൃകങ്ങള്‍ തേടിയുള്ള നെട്ടോട്ടവും ചിലയിടങ്ങളില്‍ കുരിശുരൂപത്തോടുള്ള കുരിശുയുദ്ധത്തിനു വഴിവച്ചിരിക്കുകയാണ്.

1959-ല്‍ പൗരസ്ത്യ കാര്യാലയം കൂദാശകളുടെ അനുഷ്ഠാനം സംബന്ധിച്ചു നല്കിയ നിര്‍ദ്ദേശങ്ങളില്‍ (order) കാപ്പയുടെ പുറത്തു തയ്ക്കേണ്ട കുരിശിനെപ്പറ്റി പറയുമ്പോള്‍ ബ്രാക്കറ്റില്‍ ഗ്രീക്ക് കുരിശെന്നാണ് എഴുതിയിരുന്നത്. സീറോ-മലബാര്‍ ചരിത്രകാരനായ ബഹു. സേവ്യര്‍ കൂടപ്പുഴ അച്ചന്‍ 1974-ല്‍ പ്രസിദ്ധീകരിച്ച 'തിരുസഭാചരിത്രത്തില്‍, ഇന്നു മാര്‍ തോമാ കുരിശെന്നു വിളിക്കുന്ന കുരിശിന്‍റെ ചിത്രത്തിന്‍റെ അടിക്കുറിപ്പ് 'സെന്‍റ് തോമസ് മൗണ്ടിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീനമായ ഒരു കുരിശ്' എന്നാണ്.

പൗരസ്ത്യ സുറിയാനി സഭാ (ചരിത്രത്തില്‍ നെസ്തോറിയന്‍ സഭ എന്നറിയപ്പെടുന്നു) പാരമ്പര്യത്തിന്‍റെ ഭാഗമാണു തിരുസ്വരൂപമില്ലാത്ത കുരിശ് എന്നു പറയുന്നതും ശരിയല്ല. 7-ാം നൂറ്റാണ്ടുവരെയെങ്കിലും ആ സഭയില്‍ സ്ഥൂലമായ കുരിശുരൂപങ്ങള്‍തന്നെ (Massive Crucifixes in Relief) ഉപയോഗിച്ചിരുന്നു. ചിത്രങ്ങളോടും രൂപങ്ങളോടും നിഷേധാത്മക നിലപാടു സ്വീകരിച്ചിട്ടുള്ള മുസ്ലീങ്ങളുടെ സ്വാധീനം കാലക്രമത്തില്‍ ആ നിലപാടു സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിച്ചു.
പ്രതിമകളെ ആരാധിക്കുകയെന്ന അപകടത്തിന്‍റെ നിഷേധത്തോടൊപ്പം രാഷ്ട്രീയകാരണങ്ങളും ഉണ്ടായിരുന്നു. മുസ്ലീങ്ങള്‍ക്കും യഹൂദര്‍ക്കും അനാവശ്യ പ്രകോപനം ഉണ്ടാക്കാതിരിക്കുക എന്നതു ബൈസന്‍റയിന്‍ ചക്രവര്‍ത്തിമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. പ്രതിമകള്‍ ഇല്ലായ്മ ചെയ്യുന്നതു സാമ്രാജ്യത്തിന്‍റെ ഐക്യത്തിനും അയല്‍ മുസ്ലീം രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിനും ഉപകാരപ്രദമായിരുന്നു. അങ്ങനെ തിരുസ്വരൂപമില്ലാത്ത കുരിശ് പ്രചാരണത്തിലായി (ലിറ്റര്‍ജിയുടെ ചൈതന്യം – കാര്‍ഡിനല്‍ റാറ്റ്സിംഗര്‍). തീര്‍ത്തും ഭൗതികവത്കരിക്കപ്പെട്ട ജര്‍മനിപോലുള്ള ചില രാജ്യങ്ങളില്‍, നൂറ്റാണ്ടുകളായി ക്ലാസ്സുമുറികളില്‍ തൂക്കിയിട്ടിരുന്ന കുരിശുരൂപങ്ങള്‍ ചില മുസ്ലീം കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് ഈ അടുത്ത നാളുകളില്‍ എടുത്തുമാറ്റിയതായി അറിയാം.

ഈ സാഹചര്യം കേരളക്കരയിലില്ലല്ലോ. അമ്പലങ്ങളിലും മറ്റും നിറയെ പ്രതിമകളാണല്ലോ. വിഗ്രഹദര്‍ശനത്തിനും വണക്കത്തിനും ഹൈന്ദവര്‍ വലിയ പ്രാധാന്യമാണല്ലോ നല്കുന്നത്. എങ്കില്‍ 400 വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വികര്‍ ആദരപൂര്‍വം വണങ്ങി വന്ന കുരിശുരൂപങ്ങള്‍ നമ്മുടെ ദേവാലയങ്ങളില്‍നിന്ന് എടുത്തുമാറ്റേണ്ടതില്ല.

പോര്‍ച്ചുഗീസ് മിഷനറിമാര്‍ മാര്‍ തോമാ പൈതൃകങ്ങളോടും മാര്‍ തോമാ കുരിശുകളോടും മറ്റും കാണിച്ച വലിയ താത്പര്യത്തിന്‍റെ അടിസ്ഥാനമെന്തായിരുന്നുവെന്നു നാം തിരിച്ചറിയണം. മാര്‍ തോമാ ക്രിസ്ത്യാനികളുടെ മേല്‍ പൂര്‍ണമായ ആധിപത്യം നേടുകയും പേര്‍ഷ്യന്‍ അധികാരികളെ കയ്യേറ്റക്കാരും പാഷണ്ഡികളുമായി ചിത്രീകരിച്ചു തുരത്തി ഓടിക്കുകയായിരുന്നു അവരുടെ ആത്യന്തികലക്ഷ്യം. മാര്‍തോമാ കുരിശും അതിന്‍റെ രക്തം വിയര്‍ക്കലുമൊക്കെ, ആ കാലത്തു സുലഭമായിരുന്ന മാസവണക്കത്തിലെ 'പുതുമ' കളുടെ ഗണത്തില്‍ പെടുത്തിയാല്‍ മതി.

ഇത് ഒരപ്പസ്തോലന്‍ രക്തം ചിന്തി സ്ഥാപിച്ച സഭയാണ്. പേര്‍ഷ്യന്‍ സഭാസാരഥികള്‍ കയ്യേറ്റക്കാരും പാഷണ്ഡികളുമാണ്. കയ്യേറ്റക്കാരെ ഒഴിവാക്കി ഈ സഭയെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരണം. സ്പെയിന്‍കാര്‍ക്കു വി. യാക്കോബ് അപ്പസ്തോലന്‍ ഉള്ളതുപോലെ തങ്ങളുടെ ഭരണസീമയിലുള്ള രാജ്യങ്ങളിലും ഒരു അപ്പസ്തോലന്‍ (വി. തോമസ്) ഉണ്ടാകും – ഇതൊക്കെയാണു പോര്‍ച്ചുഗീസ് മിഷനറിമാരെ മഥിച്ചിരുന്ന വികാരങ്ങള്‍.

കര്‍ത്താവിന്‍റെ രൂപമുള്ള കുരിശു മാര്‍പാപ്പ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്നതു നാം കാണുന്നുണ്ട്. കര്‍ത്താവുള്ള കുരിശു രൂപം സ്ഥാപിക്കുന്നതിലും വണങ്ങുന്നതിലും വിശ്വാസവും സന്മാര്‍ഗവും സംബന്ധിച്ചു തെറ്റുകളൊന്നുമില്ല. നമുക്കു മാര്‍പാപ്പയേക്കാള്‍ വലിയ കത്തോലിക്കരാകേണ്ടതില്ലല്ലോ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org