
തെറ്റുകള്‍ ചെയ്യുന്നതിന്റെ പേരില്‍ നമ്മെ ഉടനെ കൊണ്ടു പോയി നരകത്തിലിടാന്‍ കാത്തിരിക്കുകയല്ല ദൈവമെന്നു പറഞ്ഞുകൊണ്ടാണ് തന്റെ ജന്മശതാബ്ദി സമ്മേളനത്തിലെ പ്രഭാഷണം സാധു ഇട്ടിയവിര ആരംഭിച്ചത്. നമ്മെ ഏറ്റവുമധികം സ്‌നേഹിക്കുന്ന, നമ്മോട് ഏറ്റവുമധികം വിട്ടുവീഴ്ച കാണിക്കുന്ന ആദിപിതാവാണു ദൈവമെന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18-ന് അദ്ദേഹം പറഞ്ഞു. 101-ാം പിറന്നാള്‍ ആ സ്‌നേഹപിതാവിന്റെ സവിധത്തിലാഘോഷിക്കാന്‍ നാലു നാള്‍ മുമ്പേ അദ്ദേഹം യാത്ര പറഞ്ഞെങ്കിലും ആ സ്‌നേഹപ്രഘോഷണങ്ങള്‍ എക്കാലവും ഇവിടെ പ്രതിധ്വനിച്ചുകൊണ്ടിരിക്കും.
ദൈവമക്കളാണെന്ന കാഴ്ചപ്പാടോടുകൂടി നമുക്കെല്ലാവര്‍ക്കും അന്യോന്യം സ്‌നേഹിക്കാം, അന്യോന്യം നന്ദി പറയാം, അന്യോന്യം പ്രോത്സാഹിപ്പിക്കാം, അന്യോന്യം സഹായിക്കാം എന്ന് പ്രായം ബാധിക്കാത്ത വ്യക്തതയോടെ നര്‍മ്മം തുളുമ്പുന്ന വാക്കുകളില്‍ അദ്ദേഹം ജന്മശതാബ്ദിദിനത്തില്‍ പറഞ്ഞു. നൂറ്റാണ്ടു കടന്ന ആ ജീവിതകാലത്തുട നീളം നിരന്തരം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് ഇതുതന്നെയാണ്. അതു പല ഭാഷകളില്‍, പല ദേശങ്ങളില്‍, പല കാലങ്ങളില്‍, പല ശൈലികളില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നെഴുതിയ കുപ്പായമണിഞ്ഞു ചുറ്റി നടന്നും അദ്ദേഹം ഈ സന്ദേശം പ്രചരിപ്പിച്ചു. അനേകരെ അതു സ്പര്‍ശിക്കുകയും ചെയ്തു.
അല്മായനായിരുന്നുകൊണ്ട്, ദൈവസ്‌നേഹത്തിന്റെ പ്രേഷിതനായി എങ്ങനെ മാറാമെന്നു സഭയെ പഠിപ്പിച്ച പ്രവാചകനായിരുന്നു സാധു ഇട്ടിയവിര. കവിയും ഗ്രന്ഥകര്‍ത്താവും പ്രഭാഷകനും പ്രകൃതിസ്‌നേഹിയും ദാര്‍ശനികനും ചരിത്രകാരനുമെല്ലാമായി അദ്ദേഹം സമൂഹത്തിനു സംഭാവനകളേകി.
പാലാ കൊല്ലപ്പള്ളിയില്‍ ജനിച്ച അദ്ദേഹം പില്‍ക്കാലത്ത് കോതമംഗലം, കുറ്റിലഞ്ഞിയില്‍ താമസമാക്കി. പത്താം ക്ലാസ് ജയിച്ച ശേഷം എറണാകുളത്ത് തടിഡിപ്പോ മാനേജരായും 1942 മുതല്‍ 5 വര്‍ഷം പട്ടാളത്തില്‍ ക്ലാര്‍ക്കായും ജോലി ചെയ്തു. അതിനുശേഷമായിരുന്നു തേവര എസ് എച്ച് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. 1950-ല്‍ തന്റെ 28-ാം വയസ്സില്‍ ഈശോസഭയില്‍ സന്യാസാര്‍ത്ഥിയായി ചേര്‍ന്നു. കോഴിക്കോടും പൂനെയിലും ഷെംബഗന്നൂരും ഡാര്‍ജിലിങ്ങിലുമായി പുരോഹിത പഠനം ഏതാണ്ട് പൂര്‍ത്തിയാക്കി. പൗരോഹിത്യം സ്വീകരിക്കുന്നതിന് 9 മാസം മുമ്പ് അദ്ദേഹം സന്യാസസമൂഹത്തോടു വിട പറഞ്ഞു. പിന്നെ ഒരു അവധൂതനെപ്പോലെ നാടുനീളെ അലഞ്ഞുള്ള ജീവിതം. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ദേവാലയങ്ങളിലും ക്ഷണിക്കപ്പെട്ടും ക്ഷണിക്കപ്പെടാതെയും അദ്ദേഹം കയറിച്ചെന്നു. നിത്യപ്രസക്തമായ സ്‌നേഹത്തിന്റെ സന്ദേശം പങ്കുവച്ചു. ആര്‍ക്കും അദ്ദേഹത്തോടു മുഖം തിരിക്കാനാവുമായിരുന്നില്ല. ഈ അലച്ചിലുകള്‍ക്കിടയില്‍ പങ്കുവച്ച ആശയങ്ങള്‍ അദ്ദേഹം എഴുതി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഡസന്‍ കണക്കിനു ലഘുഗ്രന്ഥങ്ങള്‍ അപ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ലേഖനങ്ങള്‍, അന്‍പതിനായിരത്തോളം പ്രസംഗങ്ങള്‍. പുസ്തകങ്ങള്‍ ലക്ഷകണക്കിനു കോപ്പികള്‍ പ്രചരിതമായി.
ശാസ്ത്രനേട്ടങ്ങള്‍ സാധാരണക്കാര്‍ക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അന്വേഷണങ്ങളും അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. സൗരോര്‍ജത്തിന്റെ സാധ്യതകള്‍ ആരായുന്നതിനു 1973-ല്‍ മധ്യപ്രദേശിലെ റായ്പൂരില്‍ അനുസന്ധാന്‍ എന്ന സംഘം രൂപീകരിച്ചു. മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിനു ലഭിച്ച ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അ വാര്‍ഡ് തുക ഇത്തരം കാര്യങ്ങള്‍ക്കായാണ് ചെലവഴിക്കപ്പെട്ടത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്നീട് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനായില്ല.
കേരളത്തില്‍ നല്ല പങ്കും കാല്‍ നടയായി സഞ്ചരിച്ച അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ഇതര ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഷൈ്വറ്റ്‌സര്‍ പുരസ്‌കാരത്തിനു പുറമെ അല്‍ബേരിയോണെ അവാര്‍ഡ്, മേരിവിജയം ദര്‍ശന അവാര്‍ഡ്, ബിഷപ് മങ്കുഴിക്കരി അവാര്‍ഡ്, കെ സി ബി സി ഗുരു പൂജ പുരസ്‌കാരം, ബിഷപ് വയലില്‍ അവാര്‍ഡ് തുടങ്ങിയ അനേകം അംഗീകാരങ്ങള്‍ ലഭിച്ചു.
1978-ല്‍ തന്റെ 56-ാം വയസ്സിലായിരുന്നു വിവാഹം. ലാലിക്കുട്ടിയാണു ഭാര്യ. മകന്‍ ജിജോ, മരു മകള്‍ ജെയ്‌സി, പേരക്കുട്ടി എമ്മ മരിയ. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേല്‍ ജീവജ്യോതിയിലായിരുന്നു താമസം.