വിശ്വാസത്തിലും ധാര്‍മ്മികതയിലും വഴികാട്ടി എസ്.എച്ച്. ലീഗിന്‍റെ നൂറു വര്‍ഷങ്ങള്‍

വിശ്വാസത്തിലും ധാര്‍മ്മികതയിലും വഴികാട്ടി എസ്.എച്ച്. ലീഗിന്‍റെ നൂറു വര്‍ഷങ്ങള്‍

ഡോ. ബിജു ചേനാട്ട്
(പ്രൊഫസര്‍, സെന്‍റ് ജോസഫ്
പൊന്തിഫിക്കല്‍ സെമിനാരി, ആലുവ)

1920-ല്‍ വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍ ആരംഭം കുറിച്ച എസ്.എച്ച്. ലീഗിന്‍റെ ശതാബ്ദി ആഘോഷിക്കുകയാണ്. എസ്.എച്ച്. ലീഗ് എന്ന പ്രസാധക സംരംഭത്തിന്‍റെ പാരമ്പര്യവും പ്രസക്തിയും പുതിയ തലമുറയ്ക്ക് പഴയ തലമുറക്കാരുടെയത്ര പരിചിതമാകണമെന്നില്ല.

വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടെയും മേഖലകളില്‍ സമൂഹത്തിന് വഴികാട്ടുക എന്നതായിരുന്നു എസ്.എച്ച്. ലീഗിന്‍റെ പ്രഥമലക്ഷ്യം. ഈടുറ്റ ഗ്രന്ഥങ്ങളും ലേഖനങ്ങളും സമൂഹത്തിനു സമ്മാനിച്ചുകൊണ്ട് ഈ ലക്ഷ്യം നിറവേറ്റാന്‍, കഴിഞ്ഞ നൂറു വര്‍ഷങ്ങളായി എസ്.എച്ച്. ലീഗ് പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പുസ്തകപ്രസാധന രംഗത്ത് എസ്.എച്ച്. ലീഗ് അതിന്‍റെ തുടക്കം മുതലേ മാതൃകയും പ്രചോദനവുമായി നിലകൊള്ളുന്നു. സത്യസന്ധതയും മൂല്യാധിഷ്ഠിതവുമായ നിലപാടുകളാണ് എസ്.എച്ച്. ലീഗിന്‍റെ അടിത്തറ. ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, ധാര്‍മ്മിക ശാസ്ത്രം, ബൈബിള്‍ വിജ്ഞാനീയം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങളാണ് എസ്.എച്ച്. ലീഗ് പ്രധാനമായും പ്രസിദ്ധീകരിക്കുന്നത്. സഭയെ നയിക്കേണ്ട വൈദികരുടെ രൂപീകരണ പ്രക്രിയയിലും നിര്‍ണ്ണായക പങ്കുവഹിച്ചുകൊണ്ടാണ് എസ്.എച്ച്. ലീഗ് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ധന്യന്‍ ഫാ. സഖറിയാസ് ഒസിഡി ആണ് 1920-ല്‍ പുത്തന്‍പള്ളി സെമിനാരിയില്‍ എസ്.എച്ച്. ലീഗിന് തുടക്കം കുറിച്ചത്. എഴുത്തുകാരുടെയും വായനക്കാരുടേയും മാദ്ധ്യസ്ഥയായ ആവിലായിലെ വി. അമ്മ ത്രേസ്യായുടെ തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 15-നായിരുന്നു ഉദ്ഘാടനം. ആരംഭദശയില്‍ സേക്രഡ് ഹാര്‍ട്ട് കണ്‍വേര്‍ഷന്‍ ലീഗ് (എസ്.എച്ച്.സി. ലീഗ്) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ധന്യന്‍ ഔറേലിയനച്ചന്‍റെ നിര്‍ലോഭമായ പിന്തുണ ഈ പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. എറണാകുളത്തെ ഐ.എസ്. പ്രസ്സില്‍ നിന്നാണ് ആനുകാലികങ്ങളും ലഘുപുസ്തകാവലിയും വിപുല ഗ്രന്ഥ പരമ്പരയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നത്.

1932-ലാണ് പുത്തന്‍പള്ളി സെമിനാരി 'ദി സെന്‍ട്രല്‍ അപ്പസ്തോലിക് സെമിനാരി' എന്ന പേരില്‍ ആലുവ മംഗലപ്പുഴയിലേക്ക് മാറ്റി സ്ഥാപിച്ചത്. പുതിയ സാഹചര്യത്തിലും എസ്.എച്ച്. ലീഗ് അതിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു.

പോപ്പ് ബനഡിക്ട് പതിനഞ്ചാമന്‍റെ 'മാക്സിമും ഇല്ല്യൂദ്' എന്ന ചാക്രികലേഖനത്തിന്‍റെ മിഷന്‍ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുക എന്ന ആഹ്വാനത്തിനുള്ള മറുപടി എന്നോണമാണ് എസ്.എച്ച്. ലീഗ് ആരംഭിച്ചത്. വിശ്വാസസത്യങ്ങളെ പ്രഘോഷിക്കുന്ന ലഘുലേഖകളും, മാസികകളും, പുസ്തകങ്ങളും പ്രസിദ്ധീകരിക്കുക എന്നുള്ളതായിരുന്നു എസ്.എച്ച്. ലീഗിന്‍റെ സ്ഥാപകലക്ഷ്യങ്ങള്‍. ധന്യന്‍ ഫാ. സഖറിയാസ് ഒസിഡി പ്രസിദ്ധീകരിച്ച 'സേക്രഡ് ഹാര്‍ട്ട് കണ്‍വേര്‍ഷന്‍ ലീഗ്' എന്ന ലഘുലേഖയാണ് എസ്.എച്ച്. ലീഗ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എസ്.എച്ച്. ലീഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു ചൂണ്ടുപലകയാണ് ഈ ലഘുലേഖ.

'മതവും ചിന്തയും' എന്ന പ്രസിദ്ധീകരണത്തിന്‍റെ തുടക്കം 1920 ഒക്ടോബര്‍ 15 മുതല്‍ സെമിനാരിയില്‍ നിന്നും പുറത്തിറക്കിയ ലഘുലേഖകളായിരുന്നു. എസ്.എച്ച്. ലീഗ് എന്ന പേരില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലഘുലേഖകള്‍ മാസിക രൂപത്തില്‍ തുടര്‍ച്ചയായി പുറത്തിറക്കി. എസ്.എച്ച്. ലീഗിന്‍റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായിരുന്ന 1970-ല്‍ ഈ മാസിക 'മതവും ചിന്തയും' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ആ വിധത്തില്‍ 'മതവും ചിന്തയും' മാസികയുടെ ശതാബ്ദി വര്‍ഷം കൂടിയാണിത്. വിശ്വാസ ധാര്‍മ്മിക വിഷയങ്ങളില്‍ ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങള്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു വിഷയത്തിന്‍റെ വിവിധ വശങ്ങള്‍ അപഗ്രഥിക്കുന്ന ലേഖനങ്ങളാണ് ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കുന്നത്.

കുടുംബങ്ങളുടെ നവീകരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് എസ്.എച്ച്. ലീഗ് 1924-ല്‍ 'കത്തോലിക്കാ കുടുംബം' എന്ന മാസിക തുടങ്ങി. എസ്.എച്ച്. ലീഗ് പ്രവര്‍ത്തകര്‍ പതിനേഴായിരത്തിലധികം കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയാണ് ഇതില്‍ ലേഖനങ്ങള്‍ തയ്യാറാക്കിയിരുന്നത്. സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്ന സക്കറിയാസച്ചന്‍റെ ആശയമായിരുന്നു 'പ്രേഷിത കേരളം' മാസിക. 1947-ലാണ് ഇതിന്‍റെ ആദ്യലക്കം പുറത്തിറങ്ങിയത്. പിന്നീട് 'കത്തോലിക്കാ കുടുംബം,' 'പ്രേഷിതകേരള'ത്തില്‍ ലയിച്ചു. പ്രേഷിത കേരളം ഇന്നും മുടങ്ങാതെ പുറത്തിറങ്ങുന്നു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളര്‍ത്തുന്നതില്‍ പ്രേഷിതകേരളം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വലുതാണ്.

ബൈബിള്‍ വിവര്‍ത്തനരംഗത്ത് എസ്.എച്ച്. ലീഗ് കനപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. 1929-ല്‍ പഴയനിയമ പുസ്തകങ്ങളുടെ വിവര്‍ത്തനം തുടങ്ങി. 1940-ല്‍ പൂര്‍ത്തിയാക്കി. ബഹുമാനപ്പെട്ട കുന്നപ്പള്ളി ജോണച്ചനും, ബഹുമാനപ്പെട്ട മാത്യു വടക്കേലച്ചനുമാണ് ഇതിനു നേതൃത്വം കൊടുത്തത്. പുതിയ നിയമ ഗ്രന്ഥങ്ങളുടെ പരിഭാഷ പലവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എസ്.എച്ച്. ലീഗിന്‍റെ ബൈബിള്‍ പരിഭാഷാ ദൗത്യം പില്‍ക്കാല വിശുദ്ധ ഗ്രന്ഥ വിവര്‍ത്തനോദ്യമങ്ങള്‍ക്ക് മാതൃകയും സഹായവുമായിത്തീര്‍ന്നു.

അതിദ്രുതം മാറുന്ന ലോകത്തിലെ മാറ്റങ്ങളോട് മുഖം തിരിക്കാതെ സ്വയം നവീകരിക്കാനാണ് ഈ ജൂബിലി വര്‍ഷത്തില്‍ എസ്.എച്ച്. ലീഗിന്‍റെ ശ്രമം. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍, ശ്രാവ്യ രൂപ പ്രകാശനം (ഓഡിയോ വേര്‍ഷന്‍സ് പുറത്തിറക്കല്‍) എന്നിവ എസ്.എച്ച്. ലീഗിന്‍റെ ശതാബ്ദി വര്‍ഷ ലക്ഷ്യങ്ങളാണ്. ഇ-ബുക്ക് രംഗത്തേയ്ക്കും ഇന്‍റര്‍നെറ്റ് മാര്‍ക്കറ്റിംഗിലേയ്ക്കുമുള്ള ചുവടുവയ്പ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. നൂറു വര്‍ഷങ്ങളുടെ പാരമ്പര്യ വിശുദ്ധിയുടെ കരുത്തില്‍ അടുത്ത നൂറുവര്‍ഷങ്ങളെ മുന്നില്‍ കണ്ടുള്ള കുതിപ്പിനൊരുങ്ങുകയാണ് എസ്.എച്ച്. ലീഗ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org