പരിഷ്‌കരിച്ച ബൈബിള്‍ പതിപ്പ് കാലത്തിന്റെ ആവശ്യം

പരിഷ്‌കരിച്ച ബൈബിള്‍ പതിപ്പ് കാലത്തിന്റെ ആവശ്യം
Published on
  • ബിഷപ് ജെയിംസ് ആനാപറമ്പില്‍

    ചെയര്‍മാന്‍, കെ സി ബി സി ബൈബിള്‍ കമ്മീഷന്‍

Q

കേരള സഭയുടെ ബൈബിള്‍ ആഭിമുഖ്യത്തില്‍ എന്ത് മാറ്റങ്ങളായിരിക്കും ഈ പതിപ്പ് കൊണ്ടുവരുക എന്നാണ് അങ്ങ് വിചാരിക്കുന്നത്?

A

വിശുദ്ധ ഗ്രന്ഥത്തിന്റെ നവീകരണവും പരിഷ്‌കരണവും എല്ലാം ബൈബിളിനോടുള്ള ആഴമേറിയ സ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കുന്നത് തന്നെയാണ്. നിലവിലുള്ള തര്‍ജമ വളരെ മനോഹരവും, പ്രാര്‍ഥനയ്ക്കും ധ്യാനത്തിനും വളരെ ഉപകാരപ്രദവുമാണ്. എന്നാല്‍ പല ബൈബിള്‍ വിവര്‍ത്തനങ്ങള്‍ക്കും ഇതിനുമുമ്പ് സംഭവിച്ചിട്ടുള്ളത് പോലെ, സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ കാലാകാലങ്ങളില്‍, വിജ്ഞാനീയ വളര്‍ച്ചയുടെയും ബൈബിള്‍ പാണ്ഡിത്യത്തിലെ വര്‍ധനവിന്റെയുമെല്ലാം പശ്ചാത്തലത്തിലുള്ള ഒരു പരിഷ്‌കരണം നമ്മള്‍ നടത്തുകയാണ്.

A

എല്ലാം പൂര്‍ണ്ണമാകുന്നു എന്നല്ല ഇതിനര്‍ഥം. പഴയതിലെ കുറെ കാര്യങ്ങളെല്ലാം പരിഷ്‌കരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പഴയതും പുതിയതും തമ്മില്‍ വ്യത്യാസം ഇല്ലാതെയും നിലനിര്‍ത്തിയിട്ടുണ്ട്. ചില വ്യത്യാസങ്ങളോടുള്ള പ്രതികരണത്തില്‍ എല്ലാവരും പൂര്‍ണ്ണമായ യോജിപ്പില്‍ എത്തണമെന്നുമില്ല. എങ്കിലും ബൈബിളിനോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി, ഹെബ്രായ ഗ്രീക്ക് ഭാഷകളിലുള്ള മൂല ഗ്രന്ഥങ്ങളോട് ഏറ്റവും അടുത്ത ഐക്യം പുലര്‍ത്താവുന്ന തര്‍ജമ ലഭ്യമാക്കുക എന്നതിനാണ് ഇവിടെ പരിശ്രമിച്ചിട്ടുള്ളത്.

A

വിശുദ്ധ ഗ്രന്ഥം ഉണ്ടാക്കുന്ന പ്രധാന സ്വാധീനം ആത്മീയതയിലുള്ള സ്വാധീനം തന്നെയാണ്. കേരള കത്തോലിക്ക സഭയുടെ ആധ്യാത്മിക മുന്നേറ്റത്തില്‍ മലയാളഭാഷയിലുള്ള വിശുദ്ധഗ്രന്ഥത്തിന്റെ സ്വാധീനം വളരെ നന്നായി അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ വിശുദ്ധ ഗ്രന്ഥത്തിന്റെ മൂലരൂപങ്ങളോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്ന തര്‍ജമ ലഭിക്കുക എന്നത് ദൈവവചനത്തില്‍ നിന്നുള്ള ദൈവിക സന്ദേശം ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളുന്നതിന് സഹായകരമായിത്തീരും.

Q

'എല്ലാ വിവര്‍ത്തനവും ഒരു വ്യാഖ്യാനമാണെന്നാണ്' ലിറ്ററി ക്രിട്ടിക്‌സ് പറയുന്നത്. ഉംബെര്‍ത്തോ എക്കോ പറഞ്ഞുവച്ചു: Every translation is a betrayal. മൂലകൃതിയുടെ ഊര്‍ജത്തെ വിവര്‍ത്തനത്തില്‍ അതുപോലെ ആവാഹിക്കാന്‍ പരിഭാഷകര്‍ക്ക് കഴിയില്ല എന്ന വിമര്‍ശനവും ഉണ്ട്. ബൈബിളിന്റെ വിവര്‍ത്തനങ്ങള്‍ പരിമിതാര്‍ഥത്തിലെങ്കിലും വ്യാഖ്യാനങ്ങളായി മാറുന്നു എന്ന അഭിപ്രായത്തോട് ഒരു ബൈബിള്‍ പണ്ഡിതനെന്ന രീതിയില്‍ പിതാവിന്റെ അഭിപ്രായമെന്താണ്?

A

എല്ലാ തര്‍ജമകളും വ്യാഖ്യാനങ്ങളാണ് എന്നുള്ളതാണ് തര്‍ജമയെ പറ്റി പറയാവുന്ന സത്യമായ ഒരു കാര്യം. തര്‍ജമയുടെ ഉദ്ദേശം തന്നെ കൂടുതല്‍ സുഗ്രാഹ്യമാക്കുക എന്നതാണല്ലോ. മറ്റൊരു ഭാഷയില്‍ ഉള്ളത് മാതൃഭാഷയില്‍ നല്‍കുക എന്നത് എല്ലാ പണ്ഡിത ശുശ്രൂഷകളും നിര്‍വഹിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ തര്‍ജമകള്‍ ആവശ്യമാണ്. തര്‍ജമകള്‍ക്കുള്ള പരാജയവും വെല്ലുവിളിയും നമുക്ക് വ്യക്തവുമാണ്.

A

പ്രഭാഷകന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ തര്‍ജമ നടത്തുന്നയാള്‍ തന്നെ എടുത്തുപറയുന്ന ആ ഒരു വലിയ വെല്ലുവിളി, തര്‍ജമയില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ട് തര്‍ജമകള്‍ വ്യാഖ്യാനങ്ങളാണ് എന്ന് പറയുന്നതില്‍ രണ്ടഭിപ്രായമില്ല. സന്ദേശം മാതൃഭാഷയില്‍ മനസ്സിലാക്കി കൊടുക്കുന്നതിനുള്ള പരിശ്രമമാണ് തര്‍ജമ.

ആ അര്‍ഥത്തില്‍ ഇത് വളരെ ആവശ്യമായ ഒരു കാര്യം തന്നെയാണ്. സന്ദേശത്തെ കൂടുതല്‍ സുഗ്രാഹ്യമാക്കുക എന്നതാണ് വ്യാഖ്യാനങ്ങളുടെ ഉത്തരവാദിത്തം. അങ്ങനെ സുഗ്രാഹ്യമാക്കുമ്പോള്‍ മൂല അര്‍ഥങ്ങള്‍ നഷ്ടപ്പെടാനും പാടില്ല. എങ്കിലും വലിയ വെല്ലുവിളി തര്‍ജമയില്‍ അടങ്ങിയിരിക്കുന്നു.

വ്യാഖ്യാനവും തര്‍ജമയും എന്നത് ഒരു തുടര്‍പ്രക്രിയയാണ്. അതൊരു ദൈവികപദ്ധതിയുമാണ്. ദൈവം മനുഷ്യരുടെ ഭാഷയില്‍ സംസാരിച്ചു എന്നതാണല്ലോ

A

പഴയ നിയമത്തിലെ വെളിപാടുകള്‍ കാണിച്ചു തരുന്നത്. അടയാളങ്ങളുടെ അകമ്പടിയോടുകൂടിയാണെങ്കിലും ദൈവം ദൈവജനത്തിന് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിച്ചു എന്നാണ് പഴയനിയമം നമ്മളോട് പറയുന്നത്. പുതിയ നിയമത്തിലാകട്ടെ വചനം കുറച്ചുകൂടി ആഴങ്ങളിലേക്ക് കടന്ന് മാംസം ധരിച്ചു എന്നു പറയുമ്പോള്‍ ദൈവവചനം എത്രത്തോളം മനുഷ്യര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ആകുകയും അവന്റെ പരിമിതികളിലേക്ക് ഒതുങ്ങുകയും ചെയ്തു എന്ന് നാം അറിയുന്നു. ലോഗോസ് എന്നതിന് അനന്ത സാധ്യതകളുള്ള അര്‍ഥമാണ് ഉള്ളത്. പക്ഷേ അത് വചനമാണ്, ഭാഷയാണ് എന്നെല്ലാം പറയുമ്പോള്‍ മനുഷ്യരുടെ പരിമിതികളിലേക്ക് പ്രവേശിക്കുന്നുമുണ്ട്.

A

അപ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകളിലേക്കും വ്യാകരണത്തിലേക്കും ഒതുങ്ങുക എന്നത് അതിന്റെ ഒരു പ്രത്യേകതയാണ്. അങ്ങനെയുള്ള ചുരുങ്ങലും ഒപ്പം സൂചനകള്‍ എന്ന നിലയിലുള്ള അതിന്റെ വലിയ വളര്‍ച്ചയും സംഭവിക്കുന്നുണ്ട്. ഈ സൂചനകള്‍ വലിയ അതീതസ്വഭാവം ഉള്ളവയാണ് എന്നും നമുക്ക് മനസ്സിലാകും. ഇങ്ങനെയാണ് തര്‍ജമയുടെ വ്യാഖ്യാന സ്വഭാവത്തെക്കുറിച്ചുള്ള ചോദ്യത്തോട് എനിക്ക് പ്രതികരിക്കാന്‍ തോന്നുന്നത്.

മൂലഭാഷയിലുള്ള ബൈബിളാണ് ദൈവനിവേശിതം എന്ന് പറയുന്നവരുണ്ട്.

A

അത് കലര്‍പ്പില്ലാത്തതാണെന്നും മാറ്റം വരുത്താന്‍ പാടില്ലാത്തതാണെന്നും കരുതുന്നവരുണ്ട്. എന്നാല്‍ അരമായ ഭാഷയില്‍ ക്രിസ്തു സംസാരിച്ചവ ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെടുമ്പോള്‍ തന്നെ മൂലഭാഷയില്‍ മാറ്റം വരുന്നുണ്ട്. ഗ്രീക്കും ഹീബ്രുവും ആണ് വെളിപാടിനെ പ്രതിഫലിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭാഷകള്‍ എന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ എല്ലാ ഭാഷകളും വെളിപാടിനെ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണെന്ന മറുവാദവുമുണ്ട്.

Q

ക്രിസ്തു നോര്‍ത്ത് ഇന്ത്യയില്‍ ജനിച്ചിരുന്നെങ്കില്‍ ഹിന്ദി സംസാരിക്കുമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഏതെങ്കിലുമൊരു ഭാഷയെ absolutize ചെയ്യുന്ന സമീപനം മൗലിക വാദപരമായ ഒരു സമീപനം അല്ലേ? ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ട വെളിപാടിനെ ഭാഷയുടെ വരമ്പുകളിലും അതിര്‍ത്തികളിലും കുടുക്കിയിടുന്നതല്ലേ മേല്‍പറഞ്ഞ മൗലികവാദം? 'ഭാഷയിതപൂര്‍ണ്ണമിന്നഹോ' എന്ന് മലയാള കവി! ഈ വൈരുദ്ധ്യങ്ങളെ എങ്ങനെയാണ് യുക്തി സഹമായി വിശദീകരിക്കാന്‍ സാധിക്കുന്നത്?

A

മൂലഭാഷയില്‍ തന്നെ ഒരു കൃതി വായിക്കുക എന്നതിന്റെ പ്രാധാന്യവും നമുക്ക് പറയാതെ തന്നെ അറിയാവുന്നതാണ്. തര്‍ജമകളുടെ മേന്മ വിലയിരുത്തുന്നത് മൂലഭാഷയുമായി തട്ടിച്ചു നോക്കിക്കൊണ്ട് തന്നെയാണ്. മൂലഭാഷയില്‍ ഗ്രന്ഥങ്ങള്‍ അറിയുക എന്നത് സാഹസികത കലര്‍ന്നതാണെങ്കിലും അത് അസാധ്യമാണെന്ന് കരുതുന്നില്ല. ഹൈന്ദവ സന്യാസിമാര്‍ വേദങ്ങള്‍ സംസ്‌കൃത ഭാഷയില്‍ ഉച്ചരിച്ചതിനുശേഷം ആണ് തര്‍ജമ നടത്തുന്നത്.

A

അദ്ദേഹത്തിന് സംസ്‌കൃത ഭാഷയില്‍ അത് വായിക്കുവാനോ മനസ്സിലാക്കുവാനോ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഗുരുസ്ഥാനത്ത് കാണുവാന്‍ സദസ്സ് തയ്യാറാവുകയില്ല എന്നത് നമുക്കറിയാം. അതുപോലെതന്നെ ഇസ്ലാം സമൂഹത്തില്‍ അറബി ഭാഷയില്‍ വായിക്കാനും പറയാനും അറിയാത്തയാളെ ഉസ്താദോ മൗലവിയോ ആയി കാണാന്‍ ആ സമൂഹവും തയ്യാറല്ല.

എല്ലാ തര്‍ജമകളും വ്യാഖ്യാനങ്ങളാണ് എന്നുള്ളതാണ് തര്‍ജമയെപ്പറ്റി പറയാവുന്ന സത്യമായ ഒരു കാര്യം. തര്‍ജമയുടെ ഉദ്ദേശം തന്നെ കൂടുതല്‍ സുഗ്രാഹ്യമാക്കുക എന്നതാണല്ലോ.

A

ബൈബിളിലേക്കും ക്രൈസ്തവ സമൂഹത്തിലേക്കും കടന്നുവരുമ്പോഴുള്ള മൗലികമായ അനുഭവം വ്യാഖ്യാന അനുഭവമാണ്. ദൈവം മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ദൈവം എല്ലാ ഭാഷകളിലും സംസാരിക്കുന്നു, എല്ലാ ഭാഷകളിലും അത് ലഭ്യമാക്കണം എന്ന വലിയ ആവേശമുണ്ട്. അതുകൊണ്ട് ക്രൈസ്തവ സംസ്‌കാരമാണ് തര്‍ജമകളെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് എന്ന് തോന്നുന്നു. അതുകൊണ്ട് ബൈബിള്‍ എല്ലാവര്‍ക്കും അവരവരുടെ ഭാഷകളില്‍ മനസ്സിലാക്കി കൊടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്. പന്തക്കുസ്താനുഭവത്തിന്റെ ഭാഷയും അതാണല്ലോ. പല നാടുകളിലും പല ഭാഷകളിലും നിന്നുള്ള നമുക്ക് അവരവരുടെ മാതൃഭാഷകളില്‍ ദൈവത്തിന്റെ സന്ദേശം ഗ്രഹിക്കാന്‍ സാധിക്കുന്നു എന്നതാണ് പന്തക്കുസ്തയുടെ അനുഭവം. അതുകൊണ്ട് തര്‍ജമ അനിവാര്യമാണ്. എല്ലാ ഭാഷകളിലേക്കും ബൈബിള്‍ തര്‍ജമ ചെയ്യപ്പെടുക തന്നെ വേണം. എങ്കില്‍ തന്നെയും മൂലഭാഷകളെ പരിചയപ്പെടുക എന്നത് അത്ര വലിയ അസാധ്യമായ കാര്യമൊന്നുമല്ല. നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് അത് സാധിക്കും.

A

ആ ഭാഷകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു പുതിയ ഭാഷയിലുള്ള പാണ്ഡിത്യം സാമൂഹിക തലത്തില്‍ ഒരാള്‍ക്ക് അല്പം കൂടി ഉയര്‍ന്ന സ്ഥാനം കല്‍പ്പിച്ചു നല്‍കുമെന്നിരിക്കെ, എല്ലാവര്‍ക്കും ആ ഭാഷ പഠിക്കാനും മനസ്സിലാക്കാനും സാധിക്കുകയാണെങ്കില്‍ കൂടുതല്‍ ജനാധിപത്യപരമാകും നമ്മുടെ രീതികള്‍ എന്നാണ് എനിക്ക് തോന്നാറുള്ളത്. നമ്മുടെ മതബോധന ക്ലാസുകളില്‍ അക്ഷരമാലയിലൂടെയും കൊച്ചുകൊച്ച് വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും ഒക്കെ പഠിപ്പിച്ചെടുക്കാവുന്നതേയുള്ളൂ ഹീബ്രു, ഗ്രീക്ക് ഭാഷകള്‍. വിശുദ്ധ കൊച്ചുത്രേസ്യ ഉള്‍പ്പെടെയുള്ള വിശുദ്ധര്‍ ഈ ഭാഷകളോടു കാണിച്ച ആഭിമുഖ്യം നമ്മുടെ മുമ്പിലുണ്ട്. നമുക്ക് ലഭ്യമായ മൂലകൃതിയില്‍ തന്നെ വചനം വായിച്ചെടുക്കാനുള്ള കഴിവ് നല്ലതാണ്. ഭാഷാ പാണ്ഡിത്യം വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തില്‍ ഒരുതരത്തിലുള്ള മേല്‍ക്കോയ്മയും ധൈര്യവും പ്രദാനം ചെയ്യും. ആ ഭാഷകള്‍ അറിയുന്നതു നല്ലതാണ്. എങ്കിലും ഇത് മൗലികവാദത്തിലേക്ക് പോകുന്ന തരത്തിലാകുന്നത് അപകടകരവുമാണ്. ഈയൊരു സംഘര്‍ഷം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

A

ദൈവം നമ്മുടെ ഭാഷ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവപുത്രന്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി വരുന്നു. മനുഷ്യരുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഒക്കെ പരിമിതിയിലേക്കുള്ള കടന്നുവരവാണല്ലോ ദൈവപുത്രന്റെ ജനനം. അതുകൊണ്ട് ദൈവവചനം എല്ലാ ഭാഷകളിലും സംലഭ്യമാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഒരു നാണയത്തിന്റെ മറുവശം എന്ന നിലയില്‍ മൂലഭാഷയെ പരിചയപ്പെടുത്തുന്നതും നല്ല കാര്യമാണ്. അത് കൂടുതല്‍ സന്തുലിതാവസ്ഥയും പരസ്പരപൂരകത്വവും സമ്മാനിക്കും എന്നാണ് എന്റെ അഭിപ്രായം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org