ഞങ്ങള്‍ക്കിവിടെ സുഖം തന്നെയോ?

ഞങ്ങള്‍ക്കിവിടെ സുഖം തന്നെയോ?
'അങ്ങയുടെ ഭരണത്തില്‍ ഞങ്ങള്‍ക്കിവിടെ സുഖം തന്നെ' എന്നു ഭരണാധികാരിയോടു പറയുന്ന നുണ, അവസരവാദപരമായ രാഷ്ട്രീയ യുക്തിയോ? അതോ സമാധാന സുവിശേഷത്തിന്റെ ആത്മീയതയോ?

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കത്തുകളെഴുതുമായിരുന്നു. കൊടും ചൂടിലും തണുപ്പിലും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും അവഗണിച്ച് അധ്വാനിക്കുമ്പോഴും അവരിങ്ങനെ ഒരു വരി എഴുതുമായിരുന്നു: 'ഞങ്ങള്‍ക്കിവിടെ സുഖം തന്നെ!' അവരുടെയുള്ളില്‍ കത്തുന്ന സത്യമായി അവരുടെ വീടും, വീട്ടിലെ ആത്മാക്കളും, അവരുടെയൊക്കെ സ്വപ്നങ്ങളും പ്രതീക്ഷകളും, അതിലെല്ലാമേറെയായി കുടുംബം നേരിട്ടുകൊണ്ടിരുന്ന കടബാധ്യതകളുമുണ്ടായിരുന്നു. അതിനാല്‍, തങ്ങളുടെ ഇല്ലായ്മകളോ, പരിദേവനങ്ങളോ, ഭയപ്പാടുകളോ, അരക്ഷിതാവസ്ഥയോ, ഒന്നും സൂചിപ്പിക്കാതെ അവരാ നുണ ആവര്‍ത്തിച്ചെഴുതി: 'ഞങ്ങള്‍ക്കിവിടെ സുഖം തന്നെ!' അവരുടെ പുകയുന്ന നെഞ്ചില്‍ നിന്ന് ഉരുകിയിറങ്ങിയ ഒരു ബാഷ്പകണം ആ നുണയില്‍ ഇറ്റുവീണു കാണണം. കാരണം, ആ ഏകാന്തതയിലും ഇരുട്ടിലും കഠിനാധ്വാനത്തിലും അവര്‍ക്ക് ഒരു സുഖവുമുണ്ടായിരുന്നില്ല.

എന്നാല്‍, അതേ നിഷ്‌കളങ്ക ചൈതന്യം തന്നെയാണോ രാജ്യത്ത് മര്‍ദിക്കപ്പെടുകയും സംഘടിതമായി വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ നേതൃത്വം ഭരണാധികാരിയെ നേരില്‍ കാണുമ്പോള്‍ പറയുന്ന നുണയിലുള്ളത്? 'അങ്ങയുടെ ഭരണത്തില്‍ ഞങ്ങള്‍ക്കിവിടെ സുഖം തന്നെ' എന്നു ഭരണാധികാരിയോടു പറയുന്ന നുണ അവസരവാദപരമായ രാഷ്ട്രീയ യുക്തിയോ? അതോ സമാധാന സുവിശേഷത്തിന്റെ ആത്മീയതയോ?

ഇതെഴുതുമ്പോള്‍ മണിപ്പൂര്‍ കത്തിയെരിയുകയാണ്. 56 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 24 പള്ളികള്‍ അഗ്‌നിക്കിരയായി. ബംഗലൂരു ആര്‍ച്ചുബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ക്രൈസ്തവ സമൂഹത്തിന്റെ ഭീതിതമായ ആശങ്കയറിയിച്ചുകൊണ്ട് പത്രക്കുറിപ്പുമിറക്കി. 'ഞങ്ങള്‍ക്കിവിടെ സുഖം തന്നെ' എന്ന നുണയില്‍ എത്രത്തോളമാണ് നമുക്കൊളിച്ചിരിക്കാന്‍ കഴിയുക?

ഈയിടെ കേരളം സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എറണാകുളത്തുവച്ച് നേരില്‍ കണ്ട ക്രൈസ്തവ സഭാ നേതൃത്വം അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ സ്വരം തന്നെയോ പ്രതിഫലിപ്പിച്ചത്? ക്രൈസ്തവരുടെ അതിജീവന ഉത്കണ്ഠകളും വിഹ്വലതകളും അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും അഭിവന്ദ്യനേതൃത്വം ഏറ്റെടുത്തിരുന്നോ?

എവിടെയാണ് ഭാരതം?

സ്വീഡനിലുള്ള ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിഡെം (V-Dem) ഇന്‍സ്റ്റിട്യൂട്ട് പുറത്തുവിട്ട 2023 ലെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ ജനാധിപത്യം ഏകാധിപത്യത്തിലേക്കുള്ള പാതയിലാണ്. ലോകമെമ്പാടുമുള്ള ഭരണവ്യവസ്ഥകളെ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പഠനമാണ് വിഡെം അവതരിപ്പിച്ചത്. ഇന്ത്യയില്‍, തിരഞ്ഞെടുപ്പിലൂടെയുള്ള ജനാധിപത്യം (electoral democracy) തിരഞ്ഞെടുപ്പിലൂടെയുള്ള ഏകാധിപത്യത്തിലേക്ക്, അഥവാ, സമ്മതിദായക ഏകാധിപത്യ (electoral autocracy)ത്തിലേക്ക്, വഴിമാറിയിരിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്.

നാലു വിഭാഗങ്ങളായാണ് ലോകമെമ്പാടുമുള്ള ഭരണ വ്യവസ്ഥകളെ ഈ ഗവേഷണറിപ്പോര്‍ട്ടില്‍ തരം തിരിച്ചിരിക്കുന്നത്. ഒന്നാമതായി, സ്വതന്ത്രജനാധിപത്യം (liberal democracy). തിരഞ്ഞെടുപ്പിലൂടെയുള്ള ജനാധിപത്യം നിലനിറുത്തുന്നതോടൊപ്പം, ഭരണനിര്‍വാഹകരുടെമേല്‍ ജുഡീഷ്യറിയുടെയും നിയമത്തിന്റെയും സമ്മര്‍ദമുണ്ടെന്ന് ഉറപ്പുവരുത്തുകയും പൗരസ്വാതന്ത്ര്യവും നിയമത്തിനു മുന്‍പിലുള്ള തുല്യതയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ് സ്വതന്ത്ര ജനാധിപത്യം. രണ്ടാമത്തേത് സമ്മതിദായക ജനാധിപത്യമാണ്. ഭരണകൂടത്തെ സ്വതന്ത്രവും നീതിയുക്തവുമായ ബഹുകക്ഷി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റുകയും, തൃപ്തികരമായ വിധത്തില്‍ വോട്ടവകാശവും, ആവിഷ്‌കാരസ്വാതന്ത്ര്യവും, സംഘടനാസ്വാതന്ത്ര്യവും നിലനിറുത്തുകയും ചെയ്യുന്ന വ്യവസ്ഥയാണിത്. മൂന്നാമതായി, സമ്മതിദായക ഏകാധിപത്യം. ബഹുകക്ഷി തിരഞ്ഞെടുപ്പ് നിലനില്ക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ ആവിഷ്‌കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പു പ്രക്രിയ എന്നിവ സാരമായ വിധത്തില്‍ അപ്രത്യക്ഷമാകുന്ന ഭരണവ്യവസ്ഥയാണിത്. നാലാമതായി, അടഞ്ഞ ഏകാധിപത്യം (closed autocracy). ഇതില്‍ ബഹുകക്ഷിയടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ ആവിഷ്‌കാരസ്വാതന്ത്ര്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പു പ്രക്രിയ എന്നിവ പരിപൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു.

2014 നുശേഷമുള്ള കാലയളവില്‍, ഇന്ത്യ സമ്മതിദായക ജനാധിപത്യ വ്യവസ്ഥയില്‍ നിന്നും സമ്മതിദായക ഏകാധിപത്യത്തിലേക്ക് മാറിയെന്നാണ് വിഡെം പഠനം വെളിപ്പെടുത്തുന്നത്. ലോക ജനസംഖ്യയില്‍ 72 ശതമാനവും അടഞ്ഞ ഏകാധിപത്യത്തിന്റെയോ സമ്മതിദായക ഏകാധിപത്യത്തിന്റെയോ കീഴിലാണെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, 16 ശതമാനം ജനങ്ങള്‍ സമ്മതിദായക ജനാധിപത്യവ്യവസ്ഥയിലും 13 ശതമാനം ജനങ്ങള്‍ സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയിലുമാണെന്ന് ഈ പഠനം പറയുന്നുണ്ട്.

ഇന്ത്യയിലെ ഏകാധിപത്യ മുദ്രകള്‍

ഇന്ത്യയുടെ ഈ ചുവടുമാറ്റം പ്രത്യക്ഷത്തില്‍ തിരിച്ചറിയാവുന്ന നിരവധി അടയാളങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ജനാധിപത്യപ്രക്രിയയില്‍ ഒരേയൊരാളെ മുന്‍നിറുത്തിയുള്ള പ്രചാരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തെ തിരിച്ച് നിര്‍മ്മിച്ചെടുക്കുന്ന സംഘര്‍ഷങ്ങള്‍, ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ നടക്കുന്ന ന്യൂനപക്ഷവേട്ട, ഏകാധിപതിയെ ഊതിവീര്‍പ്പിച്ചവിധം പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികള്‍, അതിനായി തയ്യാറാക്കപ്പെട്ട വിവിധ കൂട്ടുകെട്ടുകളും അധികാരസ്ഥാനങ്ങളുമാണ് സമ്മതിദായക ഏകാധിപത്യത്തിന്റെ പ്രകടമായ ചില ലക്ഷണങ്ങള്‍. അടഞ്ഞ ഏകാധിപത്യത്തിലേക്കടുക്കുന്ന വഴിയുടെ പേരാണ് സമ്മതിദായക ഏകാധിപത്യം.

ചുരുക്കത്തില്‍, ഒരു രാഷ്ട്രമെന്നാല്‍ ഒരു നിറം, ഒരു ഭാഷ, ഒരു ഭൂമിക, ഒരു മതം, ഒരു വിശ്വാസം, ഒരു മുഖം എന്നു നിര്‍വചിക്കപ്പെടുന്നു. വൈവിധ്യത്തെ ആക്രമണോത്സുകമായി നിരാകരിക്കുന്നു. ഈ വ്യവസ്ഥയെ നിലനിറുത്തുന്നത് ആസൂത്രിതമായി നിര്‍മ്മിച്ചെടുക്കുന്ന ഭീതിയാണ്. ഏകാധിപതിയോട് ചേര്‍ന്നു നില്ക്കാത്തവര്‍ അരക്ഷിതരും കൊല്ലപ്പെടാവുന്നവരുമാണെന്ന് നിരവധിയായ ഉദാഹരണങ്ങളിലൂടെ ജനവിഭാഗങ്ങളെ, വിശേഷിച്ച് ദുര്‍ബലരും ന്യൂനപക്ഷങ്ങളുമായ വിഭാഗങ്ങളെ, ബോധ്യപ്പെടുത്തുന്നു. അതേസമയം, ഏകാധിപതിയോട് ചേര്‍ന്നു നില്ക്കുന്ന വിഭാഗത്തിലുള്ളവരാണെങ്കില്‍, അവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചെയ്യുന്ന ഏത് അതിക്രമങ്ങള്‍ക്കും ഭരണകൂടപിന്തുണയുണ്ടാകും എന്ന ഉറപ്പും നല്കുന്നു. ഈ പ്രക്രിയയില്‍ കുറ്റവാളികളാക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുന്നവര്‍ എപ്പോഴും ന്യൂനപക്ഷവിഭാഗങ്ങളില്‍ പെട്ടവരുമായിരിക്കും.

ചില അനൗദ്യോഗികകണക്കുകള്‍ വെളിപ്പെടുത്തുന്നതനുസരിച്ച്, 2014-നു ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് തടവിലാക്കപ്പെട്ടവരുടെ എണ്ണം ഏഴായിരത്തോളമാണ്. കര്‍ക്കശമായ തീവ്രവാദനിരോധനനിയമ (യു എ പി എ) ത്തിന്‍ കീഴില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ 2015-ല്‍ നിന്ന് 2019-ല്‍ എത്തിയപ്പോള്‍ 72 ശതമാനം വര്‍ധനയുണ്ടായി. ഗോസംരക്ഷകരുടെ ആക്രമണണങ്ങളില്‍ മരിച്ചവരില്‍ 86 ശതമാനവും മുസ്‌ലീംങ്ങളാണ്. മാത്രമല്ല, ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ 68 ശതമാനത്തിന്റെ വര്‍ധനവും കാണുന്നു. വടക്കേ ഇന്ത്യയിലുണ്ടാകുന്ന കലാപങ്ങളില്‍ കൊല്ലപ്പെടുന്നത് മിക്കവാറും മുസ്‌ലീം സഹോദരങ്ങളാണ്.

ക്രൈസ്തവന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചു വരികയാണ്. ചില അനൗദ്യോഗിക കണക്കുകള്‍ പ്രകാരം, ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ 2014-നു ശേഷം ഇരട്ടിയിലധികമായി വളര്‍ന്നിട്ടുണ്ട്. 2015-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 365-ല്‍പ്പരം അതിഗൗരവമുള്ള സംഘടിതാക്രമണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. അതായത്. ചുരങ്ങിയത്, ദിവസത്തില്‍ ഗുരുതരമായ ഒരു ആക്രമണമെങ്കിലും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് അരങ്ങേറുന്നുണ്ട്.

ഔട്‌ലുക് മാഗസിന്‍ നല്കുന്ന കണക്കുകളനുസരിച്ച്, 2021-ല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്പതു മാസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ഗുരുതരമായ 305 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ മതപരിവര്‍ത്തനം എന്നാരോപിച്ച് 2021 ഒക്‌ടോബര്‍ 3-ന് റൂര്‍ക്കിയിലുള്ള ഒരു പ്രാര്‍ത്ഥനാലയം ഒരു കൂട്ടം അക്രമികള്‍ തകര്‍ത്തു കളഞ്ഞു. 250-ല്‍പ്പരം ക്രൈസ്തവവിശ്വാസികള്‍ ക്രൂരമായ ആക്രമണത്തിനിരയായി. അതേ വര്‍ഷം നവംബറില്‍ ദില്ലിയിലെ ദ്വാരകയിലുള്ള ഒരു പുതിയ ദേവാലയം ആര്‍ എസ് എസ് ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. നിയമപരമായ രേഖകളില്ലാതെ നിര്‍മ്മിച്ച കെട്ടിടം എന്നാരോപിച്ചായിരുന്നു അടിച്ചു തകര്‍ക്കല്‍.

അടുത്തയിടെ, ഛത്തീസ്ഘട്ടിലെ ജബല്‍പൂര്‍ രൂപതാതിര്‍ത്തിയില്‍പ്പെട്ട നാരായണ്‍പൂരില്‍ നിന്നും അത്യന്തം ഹീനവും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ ക്രൂരകൃത്യങ്ങള്‍, പ്രത്യകിച്ച് സ്ത്രീകളോടും പെണ്‍കുട്ടികളോടും ചെയ്തവ, ഒരു വിഡിയോ റിപ്പോര്‍ട്ടിംഗിലൂടെ അഡ്വക്കേറ്റ് ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ഫാ. ജോണ്‍സണ്‍ തേക്കടയില്‍ എന്നിവര്‍ പുറത്തേക്ക് കൊണ്ടുവന്നു. തെരുവില്‍ നഗ്‌നരാക്കിയും വിവരണാതീതമായ ക്രൂരകൃത്യങ്ങള്‍ പരസ്യമായി ഇരകളോടു ചെയ്തും കൊണ്ടാടിയ നട്ടെല്ലു മരവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫാ. തേക്കടയില്‍ വിഡിയോയില്‍ പങ്കുവച്ചത്. ഛത്തീസ്ഘട്ട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവവേട്ട നിത്യ സംഭവമായി മാറിക്കഴിഞ്ഞു. തികച്ചും അരക്ഷിതരായ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളുടെ നാടായി പല ഉത്തരേന്ത്യന്‍ പ്രദേശങ്ങളും മാറിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ദില്ലിയിലെ ജന്തര്‍ മന്ദറില്‍ വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപരിപാടികള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചതുമാണ്. ഉത്തരേന്ത്യന്‍ ക്രൈസ്തവരെ പ്രതിനിധീകരിച്ച് ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ ഒരു പ്രതിനിധിസംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ആവലാതികള്‍ പങ്കുവച്ചതും ഈയിടെ വാര്‍ത്തയായിരുന്നു.

കേരളത്തിലെ കക്ഷിരാഷ്ട്രീയ വടംവലിയില്‍ ക്രൈസ്തവന്യൂനപക്ഷത്തിന്റെ പങ്ക് നിര്‍ണ്ണായകമാണെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ബലാബലത്തില്‍ ക്രൈസ്തവര്‍, പ്രത്യേകിച്ച് കര്‍ഷക കത്തോലിക്കര്‍, പരസ്യമായി കക്ഷി ചേരുന്നതിന്റെ സൂചനയാണ് അടുത്ത കാലത്ത് മലബാറില്‍ നിന്നുണ്ടായ വിവാദപ്രസ്താവന. റബര്‍ വിലയും ബി ജെ പിക്ക് ലഭിക്കാവുന്ന പാര്‍ലമെന്റ് സീറ്റും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു വോട്ടു ബാങ്ക് രാഷ്ട്രീയത്തില്‍ ക്രൈസ്തവചേരിയുടെ ആഭിമുഖ്യങ്ങളും താത്പര്യങ്ങളും, അതിലേറെ വിധേയത്വവും വെളിപ്പെടുത്തിയത്. തുടര്‍ന്നുണ്ടായ വിവാദകോലാഹലങ്ങള്‍ക്കിടയില്‍ അത്യുന്നത കര്‍ദിനാളിന്റേതായി വന്ന തലക്കെട്ടുകള്‍ പലരിലും അമ്പരപ്പുണ്ടാക്കി. ക്രൈസ്തവര്‍ ഇന്ത്യയില്‍ സുരക്ഷിതരും സമാധാനമുള്ളവരുമാണെന്നാണോ ഭാരതക്രിസ്ത്യാനികള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത്? അതോ, തങ്ങള്‍ ഭീതിയിലാണെന്നും ഭരണകൂടനേതൃത്വം അതിനെ അഭിസംബോധന ചെയ്ത് ജനാധിപത്യപരമായ ഉറച്ച നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്ന നിലപാടാണോ ക്രൈസ്തവ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്നവര്‍ ആഗ്രഹിച്ചത്?

'എനിക്ക് അധികാരമോഹങ്ങളില്ല. അതിനാല്‍ത്തന്നെ, അധികാരം കയ്യാളുന്നവരോട് നന്മയേത്, തിന്മയേത് എന്നു ഞാന്‍ പറയുന്നു. ഞാനിത് ഏതു രാഷ്ട്രീയചേരികളോടും പറയും. കാരണം, അതെന്റെ ധര്‍മ്മമാണ്.'

ആര്‍ച്ചുബിഷപ്പ് ഓസ്‌കാര്‍ റൊമേരോ

ക്രിസ്തുവിന്റെ ശബ്ദമെവിടെ?

തീര്‍ച്ചയായും സമ്മതിദായക ഏകാധിപത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, 'ഞങ്ങള്‍ സന്തുഷ്ടരാണ്, ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല' എന്നു തന്നെയാണ്. ഏതു ഏകാധിപതിയും തോക്കു ചൂണ്ടിയെങ്കിലും അടിമജനത്തെക്കൊണ്ട് പറയിക്കുന്നത് തന്റെ സ്തുതികീര്‍ത്തനങ്ങളാണ്. അതിനെ ചെറുത്തുനിന്ന് സത്യത്തിന്റെയും നീതിയുടെയും സ്വരമുയര്‍ത്തുന്നവരോടൊപ്പമാണ് ദൈവമെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. അത്തരം എത്രയോ പാഠങ്ങളാണ് ദൈവത്തിന്റെ പക്ഷപാതിത്വത്തെക്കുറിച്ച് പഴയ നിയമവും പുതിയ നിയമവും നിരത്തുന്നത്.

അപ്പോള്‍, ഏകാധിപതി കേള്‍ക്കാനാഗ്രഹിക്കുന്നത് പറയുകയെന്നാല്‍ ഭീരുത്വത്തിനും ഭീതിക്കും വഴങ്ങുകയെന്നാണര്‍ത്ഥം. അതൊരിക്കലും നീതിക്കുവേണ്ടിയുള്ള നിലവിളിയോ, നിലപാടോ, ധീരതയോ അല്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് അവര്‍ക്കുവേണ്ടി അവരുടെ ശബ്ദമാകുന്ന നേതൃത്വത്തെയാണ്.

നേതൃത്വത്തിനു മുന്‍പില്‍ രണ്ട് തിരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ട്. ഒന്നുകില്‍, ഏകാധിപതിയുടെ ആഗ്രഹത്തിനനുസൃതമായി കൂറു പ്രഖ്യാപിക്കുക. അല്ലെങ്കില്‍, തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുവേണ്ടി നീതിയുടെ ശബ്ദമാവുക. ഒന്നാമത്തേത്, അവസരവാദപരമായ രാഷ്ട്രീയയുക്തിയും രണ്ടാമത്തേത്, സുവിശേഷാത്മകമായ ആത്മീയയുക്തിയുമാണ്. ക്രൈസ്തവസമൂഹം പ്രതീക്ഷിക്കുന്നത് ക്രിസ്തുവിനെപ്പോലെ അവര്‍ക്ക് നേതൃത്വമുണ്ടാവുകയെന്നല്ലേ? ഒരുപക്ഷേ, അതിന് ജീവനാണ് വിലകൊടുക്കേണ്ടതെങ്കില്‍ പോലും. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിലപാട് ക്രിസ്തുവിനോട് അടുത്തു നില്ക്കുന്നുവെന്ന് ലോകം മനസ്സിലാക്കുന്നത് ഈ യുക്തിയുടെ വെളിച്ചത്തിലാണ്. കന്ധമാലിലെ ക്രൈസ്തവരുടെ സാക്ഷ്യം ആദിമക്രൈസ്തവ ചൈതന്യമാണെന്ന് ആന്റോ അക്കര വാദിക്കുന്നത് ഇതേ യുക്തിയുടെ അടിസ്ഥാനത്തിലാണ്.

നീതിക്കുവേണ്ടിയുള്ള ശബ്ദം, അതെത്ര നേര്‍ത്തതാണെങ്കിലും, ഏകാധിപത്യത്തിന്റെ ഹൃദയകാഠിന്യത്തിനുമേല്‍ തറയ്ക്കുന്ന കൂര്‍ത്ത മുള്ളുകള്‍ തന്നെയായിരിക്കും. അതിന് പ്രവാചകധീരതയുടെ കരുത്തുണ്ടായിരിക്കും. പട്ടാള ഭരണത്തിന്റെ നിഷ്ഠൂരതയില്‍ അടിച്ചമര്‍ത്തപ്പെട്ടും കൊലചെയ്യപ്പെട്ടുകൊണ്ടുമിരുന്ന എല്‍ സാല്‍വദോറിലെ ജനങ്ങള്‍ക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് ഓസ്‌കാര്‍ റൊമേരോ പറഞ്ഞു: 'എനിക്ക് അധികാരമോഹങ്ങളില്ല. അതിനാല്‍ത്തന്നെ, അധികാരം കയ്യാളുന്നവരോട് നന്മയേത്, തിന്മയേത് എന്നു ഞാന്‍ പറയുന്നു. ഞാനിത് ഏതു രാഷ്ട്രീയചേരികളോടും പറയും. കാരണം, അതെന്റെ ധര്‍മ്മമാണ്.' ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ അവസാനത്തെ ഞായറാഴ്ചപ്രസംഗമായിരുന്നു അത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org