സമാധാനത്തിന്റെ ശംഖനാദമുയര്‍ത്തുന്ന ഉയിര്‍പ്പാട്ട്

സെന്റ് ജോസഫ്‌സ് എഫ് സി കോണ്‍വെന്റ്, കിടങ്ങൂര്‍
സമാധാനത്തിന്റെ ശംഖനാദമുയര്‍ത്തുന്ന ഉയിര്‍പ്പാട്ട്
ഏതൊരു നന്മയും മൂന്നു ദിവസത്തെ നിദ്രയ്ക്കുശേഷം ഹല്ലേലൂയാ ഗീതങ്ങളോടെ അതിന്റെ വിജയം ആഘോഷിക്കും. മണ്ണടരുകളില്‍ വിശ്രമിക്കുന്ന വിത്ത് അതിന്റെ പച്ചില നാമ്പുകളെ ഘോഷിക്കുന്നതുപോലെ.

ആരോ വെട്ടി കുറ്റി മാത്രമാക്കിയ മരം ഇപ്പോള്‍ ജാഗരൂകമാണ്. അതിന്റെ തണല്‍ ആസ്വദിച്ചവരെല്ലാം അതിനെ ഉപേക്ഷിച്ചെങ്കിലും അതിന്റെ അസ്തിത്വത്തിന്റെ അകകാമ്പിലുള്ള ജീവചൈതന്യം വീണ്ടും ഓജസ്സായി കിനിഞ്ഞു. ഇപ്പോള്‍ നോക്കുന്നവരെല്ലാം ആ കുറ്റിയില്‍ ഒന്നല്ല; അനവധി പുതുനാമ്പുകള്‍ ഉയിര്‍ക്കൊള്ളുന്നത് ശ്രദ്ധിക്കുന്നുണ്ട്. ഇനിയെങ്കിലും ഒറ്റവെട്ടിനു തീരരുതെന്ന ജാഗ്രതയിലാണ് പുതുനാമ്പുകളുടെ കുതിപ്പ്. ഉയിര്‍പ്പിന്റെ രസ തന്ത്രമാണിത്. കാല്‍വരി മുതല്‍ കല്ലറ വരേയും അവസാനം കല്ലറയ്ക്കപ്പുറത്തേക്കും ഈ ഉയിര്‍ക്കാഴ്ചകള്‍ നീളുന്നു. നൂറുമേനിയായി വിളയുന്ന, വിത്തിന്റെ ഭാഷയാണ് ഉയിര്‍ത്തെണീക്കലിന്റെ മാതൃഭാഷ. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശാസ്ത്രത്തിന്റെയും രാഗങ്ങളില്‍ ആലപിക്കാവുന്നതാണ് ഉയിര്‍ത്തെഴുന്നേല്പിന്റെ ജൈവ സത്യം. എല്ലാറ്റിന്റെയും പുതുക്കലാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന് ഉദ്ധരിക്കുന്നുണ്ട്. പോളിഷ് കവി സെസ്ലോമീ വാഷ് 'സഹനത്തിനു ശേഷം' എന്ന തന്റെ കവിതയില്‍.

ഡോ. രാധാകൃഷ്ണന്‍ ആധ്യാത്മികതയ്ക്കു നല്‍കിയ ഒരു ലളിത നിര്‍വചനം ഇതായിരുന്നു, 'ആഴത്തിന്റെ മാനമാണ് ആധ്യാത്മികത.' Spiritualtiy is the dimension of depth. ഉയിര്‍ത്തെഴുന്നേറ്റവന്റെ കൈകളിലും കാലുകളിലും ഹൃദയത്തിലും മുറിപ്പാടുകള്‍ കാണാം. പച്ചയായ മാംസത്തില്‍ കയറ്റിയ കുന്തമുനകള്‍ തീര്‍ത്ത ആഴം. പക്ഷേ ജീവിതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പിലേക്കുള്ള ആഴമായിരുന്നു. ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലെത്താനുള്ള ആഴമുണ്ടായിരുന്നു ആ തിരുമുറിവുകള്‍ക്ക്. കല്ലറയ്ക്കു ഉള്‍ക്കൊള്ളാനാകാത്ത ആ ശരീരത്തിന് മൂന്നാംപക്കം ഒരു രൂപാന്തരമുണ്ടായി. ആ ശരീരം രക്ഷിക്കപ്പെടേണ്ടവരുടെ ഹൃദയത്തിലാണ് പച്ചപിടിച്ചത്. കല്ലറ ഒരു ബാക്ക് ടു ബെയ്‌സ് പ്രതീകമായിരുന്നു. ഒരടി പുറകോട്ടടിക്കുന്ന അസാധാണമായ താളം. സര്‍വമഹത്വത്തോടുംകൂടി ഒരു തിരിച്ചുവരവിന് സാധ്യത ഒരുക്കുന്നിടം. മനുഷ്യര്‍ മൃതരായി ഗണിക്കപ്പെടുന്ന എല്ലാ ജീവിത സാഹചര്യങ്ങളിലും ഇങ്ങനെയൊരു മൂന്നാംപക്കമുണ്ട്. പ്രവാചകന്‍ കണ്ട അസ്ഥികള്‍ പൂക്കുന്ന താഴ്‌വരയും തിമിംഗലത്തിനുള്ളിലെ യോനാ പ്രവാചകന്റെ നിദ്രയും മൂന്നാംദിനത്തിലെ കാനായിലെ വിവാഹാഘോഷവും മരിച്ച് മൂന്ന് ദിനങ്ങള്‍ക്കുശേഷമുള്ള ലാസറിന്റെ ഉയിര്‍പ്പും മൂന്നാംപക്ക സുവിശേഷ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. ഏതൊരു നന്മയും മൂന്നു ദിവസത്തെ നിദ്രയ്ക്കുശേഷം ഹല്ലേലൂയാ ഗീതങ്ങളോടെ അതിന്റെ വിജയം ആഘോഷിക്കും. മണ്ണടരുകളില്‍ വിശ്രമിക്കുന്ന വിത്ത് അതിന്റെ പച്ചില നാമ്പുകളെ ഘോഷിക്കുന്നതുപോലെ. ഹിപ്പോയിലെ അഗസ്റ്റിന്റെ വാക്കുകള്‍ നമുക്ക് മറക്കാനാകുമോ, 'നാം ഈസ്റ്റര്‍ ജനതതിയാണ്, നമ്മുടെ ഗാനം ഹല്ലേലൂയായും.'

ഞാന്‍ വന്നിരിക്കുന്നത് നിങ്ങള്‍ക്ക് ജീവന്‍ നല്‍കുവാനും അത് സമൃദ്ധമായി നല്‍കുവാനുമാണ് എന്ന ക്രിസ്തുമൊഴികള്‍ ജീവന്റെ/ഉയിരിന്റെ ജ്വലിക്കുന്ന കുഴലൂത്തുകാരാകാനുള്ള ക്ഷണമാണത്. എവിടെയൊക്കെ മൃതമായ അവസ്ഥ നിലനില്‍ക്കുന്നുവോ അവിടെയെല്ലാം ക്രിസ്തുവിന്റെ പകരക്കാരായി ജീവന്റെ സംസ്‌കൃതിക്കുവേണ്ടിയുള്ള ഉയിര്‍പാട്ടുകളായിരിക്കണം നമ്മില്‍ നിന്ന് ഉയരേണ്ടത്. പൗലോ കൊയ്‌ലോയുടെ വാക്കുകളില്‍ പറഞ്ഞാല്‍ 'ശരിയായ പാത കണ്ടെത്താന്‍ കാത്തിരിക്കുകയും സ്വപ്നം കാണുകയും തിരയുകയും ചെയ്തവരുടെ ഉയിര്.'

മരണത്തിലൂടെ മരണത്തെ തോല്‍പ്പിക്കുന്ന ഉയിര്‍പ്പിന്റെ സഞ്ജീവന പ്രക്രിയകള്‍ വസന്തകാലത്തിന്റെ ഫലഭൂയിഷ്ഠതപോലെ മനുഷ്യമനസ്സുകളെ ഉര്‍വരമാക്കുന്നു.

കെ ജി എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'എല്ലാം മാറി. ഭീകരമായ ഒരു പുതിയ സൗന്ദര്യം പിറവികൊണ്ടിരിക്കുന്നു' എന്ന് നീതിപ്രബുദ്ധമായ ഏതു മനുഷ്യ മനസ്സിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റിയും പറയാം.

പള്ളിമുറ്റത്തെ ക്ഷുഭിതക്രിസ്തുവിന്റെ പ്രഭാവം ഉടച്ചുവാര്‍ക്കലിന്റെ സൗന്ദര്യമായിരുന്നു. ക്രൂശിതന്റെ ഹൃദയത്തില്‍ നിന്നും ചീറ്റിയ ചുടുരക്തം കൊണ്ടു വിലയ്ക്കു വാങ്ങപ്പെട്ടവരുടെ ജീവിത സൗന്ദര്യം സഹനത്തിനും ദുരിതത്തിനും നൊമ്പരത്തിനും അപ്പുറമുള്ള പ്രത്യാശയുടെ അജയ്യതയിലാണ്. അങ്ങനെ ഉയിര്‍ത്തെഴുന്നേല്ക്കല്‍ പ്രത്യാശയുടെ ദര്‍ശനവും സന്ദേശവുമായി മാരിവില്ലിന്‍ നിറങ്ങള്‍ ചാലിച്ച് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. ഒരു മൂന്നാംപക്ക ഉയിര്‍ത്തെഴുന്നേല്പിന്റെ കടലിരമ്പം സ്വയം ശൂന്യവത്കരിച്ച് ഇല്ലായ്മയെ ഉണ്മയാക്കി മാറ്റിയ ശംഖനാദത്തിന്റേതുപോലെയാണ്. സ്‌നേഹത്തിന്റെ പ്രണവ മന്ത്രമാണ് ഉയിര്‍ത്തേഴുന്നേറ്റവന്റെ അധരങ്ങളില്‍ നിന്നും ഭൂമിയിലേക്ക് അടര്‍ന്നു വീണ് ഹൃദയങ്ങളില്‍ മന്ത്രധ്വനിയായി ഉയരുന്ന 'നിങ്ങള്‍ക്കു സാമാധാനം' എന്ന ഉണര്‍ത്തുപ്പാട്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org