
ഇരുട്ടും, ശൂന്യതയും ഒക്കെ പുതുജീവന്‍ ഉയിര്‍കൊള്ളുന്ന സാഹ ചര്യങ്ങളായി ക്രൈസ്തവര്‍ കാണുന്നു എന്നിടത്താണ് അവര്‍ ഉയിര്‍പ്പിന്റെ യും ജീവന്റെയും സജീവതയുടെയും ജനതയായി മാറുന്നത്.
ഈശോ ഉത്ഥാനം ചെയ്തു എന്നതിന് ക്രൈസ്തവര്‍ കരുതുന്ന തെളിവുകളിലൊന്ന് ശൂന്യമായ കല്ലറയായിരുന്നു. യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം 1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ ഈശോയെ സംസ്‌കരിച്ചിരുന്ന കല്ലറ ആഴ്ചയുടെ ആദ്യ ദിവസം ശൂന്യമായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. മരണത്തെ അതിജീവിച്ച ഈശോയുടെ ഉത്ഥാനത്തിന്റെ ഒരു ശക്തമായ പ്രതീകം ആ ശൂന്യതയാണ്. നഷ്ടങ്ങളുടെയും ശൂന്യതയുടെയും ആത്മീയതകൂടിയാണ് ഓരോ ഉയിര്‍പ്പു തിരുനാളും.
ഒരു തരത്തില്‍ നോക്കിയാല്‍ നമ്മുടെ ഉള്ളും പരിസരങ്ങളും ഒക്കെ അതിഭയങ്കരമാംവിധം പ്രവര്‍ത്തനനിരതവും സംഭവബഹുലവുമാണ് എന്ന് തോന്നിയാലും, ആത്യന്തികമായ ശൂന്യത നമ്മുടെ സാമൂഹ്യ പരിസരങ്ങളെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ജീവിതം അവസാനിപ്പിക്കുന്നവരുടെ സംഖ്യ ദിനാദിനം വര്‍ധിക്കുന്നു; അതില്‍ കുട്ടികളുടെ എണ്ണം നമ്മെ ആശങ്കപ്പെടുത്തുന്നു. തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ജീവിത വിജയത്തിലും പുരോഗതി കൈവരിക്കാനാകാതെ ആളുകള്‍ ജീവിതത്തെ തന്നെ കൈവിടുന്ന നിരവധി സംഭവങ്ങളുണ്ട്. ജീവിതത്തിന് അര്‍ത്ഥം പകര്‍ന്നു നല്‍കേണ്ട ആത്മീയ പന്ഥാവുകള്‍, മതസരണികള്‍, സാമൂഹ്യ രാഷ്ട്രീയ മേഖലകള്‍, സാമ്പത്തിക വാണിജ്യ വ്യവസായ മേഖലകള്‍ ഒക്കെ കല്പനാതീതമായി ജീര്‍ണ്ണിച്ചിരിക്കുന്നു എന്നതാണ് പ്രകടമായ ഒരു കാരണമായി നമുക്ക് നിരീക്ഷിക്കുവാനുള്ളത്.
ഇരുട്ടും, ശൂന്യതയും ഒക്കെ പുതുജീവന്‍ ഉയിര്‍കൊള്ളുന്ന സാഹചര്യങ്ങളായി ക്രൈസ്തവര്‍ കാണുന്നു എന്നിടത്താണ് അവര്‍ ഉയിര്‍പ്പിന്റെയും ജീവന്റെയും സജീവതയുടെയും ജനതയായി മാറുന്നത്. രാഷ്ട്രീയവും, സാമൂഹ്യവും, വ്യക്തിപരവുമായ ഇരുട്ടുകളെപ്പോലും തുരങ്കത്തിന് അപ്പുറത്തുള്ള നേര്‍ത്ത പ്രകാശ കണികയുമായി ബന്ധപ്പെടുത്തുന്നത്ര പ്രത്യാശയുള്ള ഒരു ആത്മീയത വളര്‍ത്തിയെടുക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയുന്നത് ക്രിസ്തുവിന്റെ ഉയിര്‍പ്പുമൂലമാണല്ലോ. ഉയിര്‍പ്പിനു മുന്നേ കനത്ത നിശ്ശബ്ദതയുടെ ഒരു ജോഡി പകലിരവുകള്‍ ഉണ്ട്. അതിനും മുന്നേ പ്രപഞ്ചം മുഴുവന്‍ ഇരുളിലാണ്ടുപോയ ഒരു മരണ മുഹൂര്‍ത്തമുണ്ട്. ആകാശത്തിനും ഭൂമിക്കും മധ്യേ മരണത്തെ മുഖാമുഖം കണ്ട ദൈവ പുത്രന്‍ കുരിശില്‍ തൂങ്ങിനില്‍ക്കുന്ന മുഹൂര്‍ത്തമാവണം ലോകം കണ്ടിട്ടുള്ള ഏറ്റവും ഗഹനമായ ശൂന്യത. 'എന്റെ കര്‍ത്താവേ എന്റെ കര്‍ത്താവേ എന്തിനെന്നെ കൈവിട്ടു' എന്ന നിലവിളി മാത്രമാണ് ആ ശൂന്യതയില്‍ അലയൊടുങ്ങാതെ പ്രതിധ്വനിച്ചത്.
കുരിശില്‍ തൂങ്ങിയുള്ള മരണം ഒരുപക്ഷേ നാം കരുതുന്നതിലുമേറെ ആയാസരഹിതമായിരുന്നിരിക്കണം ഈശോയ്ക്ക്. ഈശോയെ മൂന്നു പ്രാവശ്യം മുട്ടു കുത്തി വീഴിക്കുന്നതിലെ സഹന സഹതാപങ്ങളെ ആണല്ലോ പലപ്പോഴും നമ്മുടെ ആത്മീയതയുടെ അളവുകോലും രക്ഷയുടെ മാനദണ്ഡവുമായി നാം കരുതിപ്പോന്നിട്ടുള്ളത്. കുരിശിലേക്ക് നടന്നു കയറുകയും കുരിശില്‍ മരണം വരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ സുവിശേഷങ്ങളുടെ ക്ലൈമാക്‌സില്‍ മാത്രമല്ല മറ്റ് പലയിടങ്ങളിലും കാണാം.
മരുഭൂമിയിലെ ഉപവാസത്തിന്റെ അവസാന ഭാഗത്താണ് യേശുവിന്റെ ആദ്യ കുരിശുമരണം. മരിക്കുന്നതിനു മുന്നേ ഉയിര്‍ക്കണം എന്നതാണ് മൂന്നു പ്രലോഭനങ്ങളുടെയും അടിസ്ഥാന പ്രശ്‌നം. എന്തൊക്കെയോ തെളിയിക്കാനും സ്ഥാപിക്കാനും ക്രിസ്തുവിന്റെ ഉള്ളില്‍ ഉരുവാകുന്ന ഒരു സംഘര്‍ഷം. അപ്പം വര്‍ധിപ്പിച്ചു ആള്‍ദൈവമാകാനുള്ള പ്രലോഭനത്തെ അയത്‌നലളിതമായി അവന്‍ പരാജയപ്പെടുത്തി. അദ്ഭുതങ്ങളുടെ ഉടയോനായ അവന്‍ മറിയത്തിനും ഔസേപ്പിനും വേണ്ടി ഒരു അദ്ഭുതംപോലും പ്രവര്‍ത്തിച്ചിരുന്നില്ലല്ലോ. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാന്‍ കടന്നുവന്ന ദൈവപുത്രനോട് ലോകത്തിലെ സകല രാജ്യങ്ങളും അതിന്റെ മഹത്വവുംകാട്ടി പ്രലോഭിപ്പിക്കാന്‍ തുനിഞ്ഞ ചെകുത്താന് മൂന്നാം പ്രലോഭനത്തില്‍ ക്രിസ്തുവിനോട് അടിയറവു പറ യേണ്ടി വന്നു. ഒരുപക്ഷേ രണ്ടാം പ്രലോഭനം ആയിരിക്കും ക്രിസ്തുവിനു വലിയ വെല്ലുവിളി ഉയര്‍ത്തിയത്. താന്‍ ദൈവപുത്രനാണ് എന്ന അവബോധം ഉണ്ടായിരിക്കെ അത് പരസ്യമായി സ്ഥാപിക്കുക എന്നാണ് ചെകുത്താന്‍ ആവശ്യപ്പെടുന്നത്. തന്റെ അസ്തിത്വം തെളിയിക്കുന്നതിനുള്ള വെല്ലുവിളിയെ ഈശോ അതിജീവിച്ചത് കുരിശുമരണത്തെക്കാളും കഠിനമായിരുന്നിരിക്കണം. ഞാനെന്തോ ആണെന്ന് സ്ഥാപിച്ചെടുക്കുകയാണല്ലോ നമ്മുടെ ഓരോരുത്തരുടെയും സമകാലീന പ്രലോഭനങ്ങള്‍.
ഈശോയുടെ ഉത്ഥാനത്തിനു മഹത്വം കൈവരുന്നത് അവന്റെ മരണം അത്രമേല്‍ രാഷ്ട്രീയ പ്രേരിതമായിരുന്നു എന്നതുകൊണ്ടു കൂടിയാണ്. മതവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന അവിശുദ്ധ കൂട്ടു കെട്ടിന്റെ രാഷ്ട്രീയ പരിണതിയായി മാത്രമേ അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ കലര്‍ന്ന ക്രിസ്തുവിന്റെ മരണത്തെ വായിച്ചെടുക്കാനായി സാധിക്കൂ. കുരിശു മരണത്തിനു വിധിക്കപ്പെടുന്നതിനു മുന്നേ 'നീ യഹൂദരുടെ രാജാവാണോ?' എന്ന് പീലാത്തോസ് ചോദിക്കുന്ന ഒരു ചോദ്യമാണ് അതിന്റെ മര്‍മ്മം. മൂന്നു വര്‍ഷക്കാലം ദൈവരാജ്യം എന്ന മനോഹര ആശയം പ്രസംഗിച്ചുനടന്ന ഈശോയുടെ വ്യക്തിത്വത്തെയും അസ്തിത്വത്തെയും തന്നെ ചോദ്യം ചെയ്യുന്ന ചോദ്യമാണ് ഇത്.
പഴയ നിയമത്തില്‍ ദൈവരാജ്യം എന്ന പദം സര്‍വസാധാരണമല്ലെങ്കിലും, ദൈവത്താല്‍ ഭരിക്കപ്പെടുന്നതും, നിത്യവും, സാര്‍വത്രികവും, സര്‍വോപരി ആത്മീയവുമായ ഒരു രാഷ്ട്ര വ്യവസ്ഥിതിയുടെ പ്രകടമായ സൂചനകളുണ്ട്. എന്നാല്‍ വംശം, കുലം, ഭൂമിശാസ്ത്ര അതിരുകള്‍ എന്നിവയാല്‍ നിര്‍വചിക്കപ്പെടുന്ന ഒരു സങ്കുചിത രാഷ്ട്ര സങ്കല്പമായി യഹൂദര്‍ അതിനെ ചുരുക്കിക്കൊണ്ടുവരുന്നുണ്ട്. അതിദീര്‍ഘമായ വിപ്രവാസത്തിലേക്ക് പോയ യഹൂദജനം ക്രിസ്തുവിന്റെ കാലഘട്ടമായപ്പോഴേക്കും മൂന്നു തലത്തിലുള്ള അധിനിവേശ ശക്തികളുടെ പിടിയില്‍ ശ്വാസംമുട്ടുകയായിരുന്നു. ഗലീലിയില്‍ ഹേറോദേസിന്റെ ഏകാധിപത്യം, ജറുസലേമില്‍ സമൂഹത്തിലെ സമ്പന്നരും പ്രബലരുമായ ഏതാനും പേരുടെ വാഴ്ച (ഒലിഗാര്‍ക്കി), സര്‍വോപരി റോമന്‍ സ്വേച്ഛാധിപതിയുടെ ഭരണം.
അധീശത്വത്തോടുള്ള ജനങ്ങളുടെ പ്രതികരണം വിഭിന്നങ്ങളായ പ്രകടനങ്ങളാണ് സ്വീകരിക്കുന്നത്. അധികാര വാഴ്ചയുടെ ഭാഗമായി മാറുക എന്നതാണ് ഒന്ന്. രണ്ടാമത്തേത് അധികാര വാഴ്ചയുമായി സമരസപ്പെടുക എന്നതാണ്. അധികാരവും രാഷ്ട്രീയവും മോശമാണ് എന്ന് കരുതി പിന്‍വാങ്ങുക എന്നതാണ് മറ്റൊന്ന്. അവസാനത്തേതാകട്ടെ, അധികാര വാഴ്ചയ്‌ക്കെതിരെ പോരാടാന്‍ വിപ്ലവ മാര്‍ഗം തേടുക എന്നതാണ്. ഈശോയുടെ കാലഘട്ടത്തിലെ സദുക്കായര്‍ അധികാര വര്‍ഗത്തിന്റെ ഭാഗമായ യഹൂദ വിഭാഗമാണ്. സമരസപ്പെട്ട വിഭാഗമാണ് ഫരിസേയര്‍. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ കണ്ടു മടുത്തു മരുഭൂമിയിലെ ആശ്രമങ്ങളില്‍ പോയി ഒറ്റപ്പെട്ട സന്യാസ ജീവിതം നയിച്ചിരുന്ന മൂന്നാമത്തെ വിഭാഗമായ എസ്സീനുകളെക്കുറിച്ച് സുവിശേഷത്തില്‍ കാര്യമായ പരാമര്‍ശം ഇല്ല. അധികാര വര്‍ഗത്തെ അട്ടിമറിക്കാന്‍ വിപ്ലവവഴി തേടിയ ബറാബാസിനെപ്പോലെയുള്ളവര്‍ തീവ്രവാദികള്‍ എന്നാണ് അറിയപ്പെടുന്നത്. ഈശോയുടെ 12 ശ്ലീഹന്മാരില്‍ ഒരാള്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ആളായിരുന്നു. സദുക്കായരില്‍ നിന്നാണ് പ്രധാന പുരോഹിതന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സദുക്കായര്‍ ഒഴികെ മറ്റ് മൂന്നു വി ഭാഗങ്ങളും ഒരു ശക്തനായ മിശിഹായെ - രാജാവായ രക്ഷകന്‍ - പ്രതീക്ഷിക്കുന്നവരായിരുന്നു.
നാം ഇന്ന് ഘോഷിക്കുന്ന ഈശോ മിശിഹായിലെ 'മിശിഹാ' അത്യന്തം പ്രശ്‌നകരമായ ഒരു ടൈറ്റിലും പദവിയും ആണ്. നസറത്തിലെ സിനഗോഗില്‍ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ ഒരു ഭാഗം വായിച്ചശേഷം 'ഇന്ന് ഈ തിരുവെഴുത്തു പൂര്‍ത്തിയായി' എന്ന് പറയുമ്പോള്‍ മിശിഹാ എന്ന ടൈറ്റില്‍ ഏറ്റെടുക്കുക എന്നതിലുപരിയായി ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം ദൈവം കാംക്ഷിക്കുന്ന ഒരു നവയുഗപ്പിറവിയുടെ നാന്ദി കുറിക്കുക എന്ന സ്വപ്നം മാത്രമാണ് ഉണ്ടാവുന്നത്. വിടുതലിന്റെ സുവിശേഷം മാത്രം അവന്റെ വാമൊഴികളില്‍ അലയടിക്കുന്നത് അതുകൊണ്ടു മാത്രമാണ്. ദൈവത്തിനു സ്വീകാര്യമായ ഒരു ജൂബിലി വര്‍ഷം പ്രഖ്യാപിക്കുന്ന അവന്‍ എസ്സീനുകള്‍ക്കും, തീവ്രവാദികള്‍ക്കും ഒരു പരിധിവരെ ഫരിസേയര്‍ക്കും സന്തോഷവും പ്രതീക്ഷയും നല്‍കുന്നുണ്ട് എങ്കിലും, സദുക്കായരെ ചൊടിപ്പിക്കുന്നത് സമ്പത്തും, രാഷ്ട്രീയവും, മതവും കൂട്ടിക്കുഴച്ചുതങ്ങള്‍ ആസ്വദിച്ചുപോരുന്ന അധീശത്വത്തിന്റെ അടിവേരിളക്കും എന്ന ചിന്ത തന്നെയാണ്.
രാഷ്ട്ര സങ്കല്‍പം, അധികാരം എന്നിവയെക്കുറിച്ചുള്ള നാല് വി ഭാഗങ്ങളുടെയും ഭാവനകളോട് ഒരു തരത്തിലും ചേരുന്നതല്ലായിരുന്നു ഈശോയുടെ ദൈവരാജ്യ പരികല്പന എന്നത് അവര്‍ക്ക് മനസ്സിലായില്ല എന്നതാണ് സത്യം. അവനോടൊപ്പം ഉണ്ടുറങ്ങിയവരും, അദ്ഭുതങ്ങളും പഠനങ്ങളും നേരിട്ട് അനുഭവിച്ചവരുമായ സ്വന്തം ശിഷ്യന്മാര്‍ക്കുപോലും അത് മനസ്സിലാകാതിരുന്നതു കൊണ്ടാണല്ലോ, തങ്ങളില്‍ വലിയവന്‍ ആരാണ് എന്നു തെളിയിക്കാനും, ഇടതും വലതും ഇരിക്കാനുള്ള അവകാശത്തിനും ഒക്കെയായി അവര്‍ പോരടിച്ചത്.
കുരിശിനുമുകളില്‍ എഴുതി വച്ചിരിക്കുന്ന കുറിമാനം യേശുവിനു കിട്ടിയ സര്‍ട്ടിഫിക്കറ്റ് അല്ല. അത് അവന്റെ കുറ്റപത്രമാണ്. 'നീ രാജാവാണോ' എന്ന പീലാത്തോസിന്റെ ചോദ്യത്തിന് ഈശോ കൊടുക്കുന്ന മറുപടി 'എന്റെ രാജ്യം ഐഹികമല്ല' എന്നാണ്. അത്രത്തോളം നിലനിന്നിരുന്ന പാരമ്പര്യരാഷ്ട്രസങ്കല്പങ്ങളെയും, അധികാര ബോധങ്ങളെയും ആട്ടിയുലയ്ക്കുന്ന, ആത്മീയതയിലും ധാര്‍മ്മികതയിലും അടിത്തറയുള്ള ഒരു സാമൂഹ്യബോധമാണ് ദൈവരാജ്യം എന്ന് ക്രിസ്തുവിന്റെ അതുവരേക്കുമുള്ള ബോധനങ്ങളും, അദ്ഭുതങ്ങളും, ഇടപെടലുകളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ യഹൂദര്‍ക്കും, റോമന്‍ ഭരണാധികാരികള്‍ക്കും അത് മനസ്സിലായില്ല എന്ന് മാത്രമല്ല, ഈശോ അവര്‍ക്ക് വെല്ലുവിളിയാണ് എന്ന തെറ്റിദ്ധാരണ സ്വയം അവര്‍ വളര്‍ത്തി. അതിനാല്‍ തന്നെ യഹൂദ പുരോഹിതര്‍ യേശുവിന് ദൈവദൂഷണക്കുറ്റവും, റോമന്‍ ഭരണാധികാരികള്‍ രാജനിന്ദാ കുറ്റവുമാണ് ക്രിസ്തുവിന് ചാര്‍ത്തി നല്‍കുന്നത്.
തന്റെ വിചാരണയ്ക്ക് ഏതാനും ദിവസങ്ങള്‍ക്കു മുന്നേ ഓശാന-''ദൈവമേ രക്ഷിക്കണേ''- വിളികളുടെ അകമ്പടിയില്‍ പരമ്പരാഗത അധികാര ചിഹ്നങ്ങളെ അട്ടിമറിച്ചു കൊണ്ട് കഴുതപ്പുറത്തേറി ജറുസലേം നഗരത്തിലേക്ക് വരുന്ന ക്രിസ്തു പിറ്റേന്ന് ദേവാലയ ശുദ്ധീകരണ പ്രവര്‍ത്തി നടപ്പാക്കുകയാണ്. അന്നത്തെ ദേവാലയം കേവലം ഒരു ആത്മീയ കേന്ദ്രം മാത്രമല്ല. വിദേശ അധിനിവേശ ശക്തികളുമായി അധികാരം പങ്കിടുന്ന, സ്വന്തം ജനങ്ങളുടെമേല്‍ മതാധികാരത്തിന്റെ കാര്‍ക്കശ്യം പ്രയോഗിക്കുന്ന സെന്‍ഹെദ്രിന്‍ എന്ന നിയമ സംവിധാനത്തിന്റെ കേന്ദ്രം കൂടിയാണ് ദേവാലയം. മത നികുതിയും, മറ്റ് അനുഷ്ഠാന സാമഗ്രികളുടെ വിപണന കേന്ദ്രവും ദേവാലയം തന്നെ. അതിനെ ഈശോ വിളിക്കുന്നത് 'കള്ളന്മാരുടെ താവളം' എന്നാണ്. കൊള്ളനടക്കുന്ന സ്ഥലമല്ല താവളം. കൊള്ളമുതല്‍ എണ്ണിത്തിട്ടപ്പെടുത്തി തങ്ങളുടെ ജോലിയെ പരസ്പരം പ്രശംസിച്ചു ആഘോഷിക്കുന്ന കള്ളന്മാരുടെ സങ്കേതമാക്കി ദേവാലയത്തെ മാറ്റി എന്നതാണ് ഈശോയെ അലോസരപ്പെടുത്തുന്നത്. അധികാരത്തിന്റെ മധു നുകരുന്നവര്‍ക്ക് ആശങ്ക ഉണ്ടാകാന്‍ കാരണം മറ്റൊന്ന് വേണ്ടല്ലോ. 'തന്റെ പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത'യാല്‍ നിറയുന്ന, നിത്യപുരോഹിതന്‍ എന്ന് നാം വാഴ്ത്തുന്ന ക്രിസ്തു പ്രധാന പുരോഹിത സ്ഥാനം കൈക്കലാക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
എന്നാല്‍ അധീശ ശക്തികളോട് പ്രതിഷേധിക്കാന്‍ ഈശോ നിശ്ചയമായും സദുക്കായരുടെ ശൈലിയായ അധികാരത്തില്‍ പങ്കുപറ്റുക എന്നതല്ല സ്വീകരിച്ചത്. 'പറഞ്ഞിട്ടെന്തു കാര്യം' എന്ന മട്ടില്‍ ഫരിസേയരെപ്പോലെ അധികാരത്തോട് സമരസപ്പെട്ട് അതിന്റെ സുഖസംരക്ഷണങ്ങള്‍ പ്രാപിക്കാനും ക്രിസ്തു മുതിര്‍ന്നില്ല. അധികാരവര്‍ഗത്തിനെതിരെ സായുധപ്പോരാട്ടം നടത്തുന്ന തീവ്ര വാദികളെപ്പോലെ വിപ്ലവ മാര്‍ഗവും അല്ല ഈശോ സ്വീകരിച്ചത്. പിന്നുള്ളത് എസ്സീനുകളുടെ പിന്‍വാങ്ങലിന്റെ രാഷ്ട്രീയമാണ്. സമകാലീന രാഷ്ട്രീയ ജീര്‍ണ്ണതകളില്‍ മടുത്തു നാടുവിടുന്ന യുവതയുടെ പാത ക്രിസ്തു സ്വീകരിച്ചില്ല. മതാധികാരികളുടെ അപചയത്തില്‍ മനംപുരട്ടല്‍ ഉണ്ടായി ഏകാന്തജീവിതത്തിന്റെ സുഖങ്ങളിലേക്ക് പിന്‍വാങ്ങുന്ന പുരോഹിത ശ്രേഷ്ഠന്മാരുടെ പാതയും ക്രിസ്തു സ്വീകരിച്ചില്ല.
ഏശയ്യായും, എസക്കിയേലും, മിഖായും ആമോസും സ്വപ്നം കണ്ട ദൈവികമായ സാമൂഹ്യനീതി പ്രചുരമാകുന്ന പ്രവാചകത്വത്തിന്റെ പാതയാണ് ക്രിസ്തു സ്വീകരിച്ചത്. അവിടെ സ്വാര്‍ത്ഥതയുടെ രാഷ്ട്രീയത്തിനും, അധികാരം കളിക്കുന്ന മതഅധീശത്വത്തിനും സ്ഥാനമില്ല. ഒപ്പം സ്‌നേഹത്തിലും, കാരുണ്യത്തിലും, പങ്കുവയ്ക്കലിലും, ഉള്‍ച്ചേര്‍ക്കലിലും അടി സ്ഥാനമിട്ട ഒരു ബദല്‍ സമൂഹ നിര്‍മ്മിതിക്ക് ഈശോയുടെ പഠനങ്ങളും സാമൂഹ്യ ഇടപെടലുകളും അടിത്തറ പാകുന്നുണ്ട്. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള യാത്ര ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഈശോയുടെ ജീവിതം ഒരു രാഷ്ട്രീയജീവിതം കൂടിയാകുന്നത് അതുകൊണ്ടാണ്. അവന്റെ മരണം രാഷ്ട്രീയമരണം ആകുന്നതും അതുകൊണ്ടാണ്. അട്ടു നാറിയ മതരാഷ്ട്രീയ ജീര്‍ണ്ണതയുടെ ഇരയാണ് ഈശോ എന്നുകൂടി പറയുമ്പോഴാണ് അവന്റെ ജീവിതകഥ പൂര്‍ണ്ണമാകുന്നത്.
എന്നാല്‍ ക്രിസ്തുവിന്റെ മരണം അവന്റെ ശിഷ്യന്മാരെ സംബന്ധിച്ച് നിത്യമായ ശൂന്യത ആയി മാറാതിരുന്നത് എന്തുകൊണ്ടാണ്? മനുഷ്യന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ജീവിതം ആത്മീയവും ധാര്‍മ്മികവുമായ ശക്തി സ്വീകരിച്ചും അവയുടെ പന്ഥാവിലൂടെയും മാത്രമേ മുന്നോട്ടു നയിക്കാനാവൂ എന്ന് ജീവിതകാലത്ത് ഈശോ അവരെ പഠിപ്പിച്ചിരുന്നല്ലോ. രാഷ്ട്രം എന്ന ആശയം കാലദേശങ്ങളുടെയും, വംശജാതിഗോത്രങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ തളച്ചിടാവുന്ന ഒന്നല്ല എന്ന സന്ദേശമാണ് 'എന്റെ രാജ്യം ഐഹികമല്ല' എന്ന് പറയുന്ന ക്രിസ്തു പകരുന്നത്. 'ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്' എന്നാണ് അവന്‍ മറ്റൊരിടത്തു പറയുന്നത്. ഉള്ളില്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന് ഇടയില്‍ എന്നും അര്‍ത്ഥമുണ്ട്. വ്യക്തിപരമായി നാം ഓരോരുത്തരും ദൈവരാജ്യത്തെ നമ്മുടെ ഉള്ളിലും, സാമൂഹ്യപരമായി നമ്മുടെ ഇടയിലും സംജാതമാക്കേണ്ടതുണ്ട്. 'നീതിക്കു വേണ്ടി വിശക്കുകയും ദഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ആശ്വസിക്കപ്പെടും' എന്നും, 'നീതിക്കു വേണ്ടി പീഡനം ഏല്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍, ദൈവരാജ്യം അവരുടേതാണ്' എന്നുമുള്ള ക്രിസ്തുബോധനം ശ്വാസത്തിലും സിരകളിലും ആവാഹിച്ചതുകൊണ്ടാണ് ആദിമ സഭയിലെ ക്രൈസ്തവര്‍ക്ക് ക്രിസ്തുവിന്റെ മരണം ശൂന്യത നല്‍കാതിരുന്നത്. ശൂന്യമായ കല്ലറയില്‍നിന്ന് ജീവന്റെ തളിര്‍പ്പുകള്‍ ഉത്ഥിതമാകും എന്ന പ്രത്യാശ ഈശോ അവര്‍ക്ക് പകര്‍ന്നിരുന്നല്ലോ.
അതുകൊണ്ടു തന്നെ ക്രൈസ്തവജീവിതം എന്നത് അനുദിന ജീവിതങ്ങളുടെ നിരാശയില്‍ തളച്ചിടപ്പെടേണ്ട ഒന്നല്ല. നാമാണ് ശരി എന്നും, നാമാണ് മികച്ചത് എന്നും തെളിയിക്കാനും സ്ഥാപിക്കാനും ഉള്ള ഒരു സമരമല്ല ക്രൈസ്തവികത. ക്രിസ്തുവും, പത്രോസും, പൗലോസും ഒക്കെ മരണത്തിന്റെ ശൂന്യതയിലേക്ക് നടന്നു കയറിയത് സ്‌നേഹവും, സമാധാനവും, കരുണയും, സമത്വവും, പങ്കുവയ്ക്കലും ഉള്ള ഒരു സമൂഹ നിര്‍മ്മിതിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടു മാത്രമാണല്ലോ. ഉയിര്‍പ്പിന്റെ കൃപകള്‍ നമ്മുടെ ശൂന്യതകളില്‍ പ്രകാശവും പ്രത്യാശയും നിറയ്ക്കട്ടെ.