
ബഹ്‌റിന്‍ എന്ന പേരിനര്‍ത്ഥം ''രണ്ടു കടലുകള്‍'' എന്നാണ്. കരകളെയും രാജ്യങ്ങളെയും വിദൂരജനതകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സമുദ്രങ്ങളെ അതോര്‍മ്മിപ്പിക്കുന്നു. പുരാതനമായ ഒരു പഴഞ്ചൊല്ലുപയോഗിച്ചു പറഞ്ഞാല്‍, ''കര വിഭജിക്കുന്നതിനെ കടല്‍ യോജിപ്പിക്കുന്നു.'' വ്യത്യസ്ത തീരങ്ങളെ യോജിപ്പിക്കുന്ന വിശാലമായ നീലക്കടലാണ് മുകളില്‍ നിന്നു നോക്കുമ്പോള്‍ ഭൂമി. നാം ഒരു കുടുംബമാണെന്ന് ആകാശങ്ങളില്‍ നിന്ന് അതു നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി തോന്നുന്നു: ദ്വീപുകളല്ല, മറിച്ച് ഒരു മഹാ ദ്വീപസമൂഹം. അത്യുന്നതന്‍ നമ്മോടാവശ്യപ്പെടുന്നത് അതാണ്, മുപ്പതിലേറെ ദ്വീപുകളുടെ സമൂഹമായ ഈ രാജ്യം ആ ആഗ്രഹത്തെ നന്നായി പ്രതീകവത്കരിക്കുന്നു.
എങ്കിലും, അഭൂതപൂര്‍വമായ വിധം പരസ്പരബന്ധിതമായിരിക്കുന്ന മാനവരാശി ഐക്യപ്പെട്ടിരിക്കുന്നതിനേക്കാള്‍ ഭിന്നിക്കപ്പെട്ടിരിക്കുന്നതായി കാണുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ബഹ്‌റിന്‍ എന്ന നാമം ഇക്കാര്യത്തിലും ഒരു വിചിന്തനത്തിനു നമ്മെ സഹായിക്കുന്നു: ഈ പേരിലെ രണ്ടു കടലുകള്‍ സൂചിപ്പിക്കുന്നത് ശുദ്ധമായ ഭൂഗര്‍ഭ നീരുറവകളെയും കടലിടുക്കിലെ ഉപ്പുവെള്ളത്തെയുമാണല്ലോ. ഏതാണ്ട് ഇതിനു സമാനമായ വിധത്തില്‍, വളരെ വ്യത്യസ്തമായ രണ്ടു ജലാശയങ്ങളെ നാം അഭിമുഖീകരിക്കുന്നതായി കാണുന്നു: ശാന്തമായ ജീവിതത്തിന്റെ ശുദ്ധജലസമുദ്രവും യുദ്ധക്കാറ്റും ക്ഷോഭവും ഉദാസീനതയും അലയടിക്കുന്ന ഉപ്പുവെള്ളം നിറഞ്ഞ സമുദ്രവും. കിഴക്കും പടിഞ്ഞാറും രണ്ട് എതിര്‍സമുദ്രങ്ങളെപ്പോലെയാകുകയാണ്, നാള്‍ ചെല്ലുന്തോറും. ഇവിടെ നമ്മളാകട്ടെ, ഏറ്റുമുട്ടലിനു പകരം കണ്ടുമുട്ടലിന്റെ പാത തിരഞ്ഞെടുത്തുകൊണ്ട്, ഒരേ കടലിലൂടെ ഒന്നിച്ചു തുഴയാന്‍ ഉദ്ദേശിക്കുന്നു, ഈ ഫോറത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ സംഭാഷണത്തിന്റെ പാതയാണത്: ''മാനവസഹവര്‍ത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും.''
രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കും ലോകത്തെ ദശാബ്ദങ്ങള്‍ മുള്‍മുനയില്‍ നിറുത്തിയ ശീതയുദ്ധത്തിനും ശേഷം ദുരന്തപൂര്‍ണമായ സംഘര്‍ഷങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും അപലപനങ്ങള്‍ക്കുമിടയില്‍ ഒരു മഹാഗര്‍ത്തത്തിന്റെ വക്കിലാണു നാമിപ്പോഴും നില്‍ക്കുന്നതെങ്കിലും അതിലേക്കു വീഴാന്‍ നമുക്കാര്‍ക്കും ആഗ്രഹമില്ല. ലോകജനസംഖ്യയുടെ ഭൂരിപക്ഷവും ഒരേ കഷ്ടപ്പാടുകള്‍ നേരിടുകയും ഗുരുതരമായ ഭക്ഷ്യ, പാരിസ്ഥിതിക, പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ സഹിക്കുകയും ചെയ്യുകയാണെങ്കിലും ഏതാനും പേര്‍ വിഭാഗീയ താത്പര്യങ്ങള്‍ക്കായി പോരടിക്കുകയും കാലഹരണപ്പെട്ട വാദഗതികളുയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിചിത്രവും ബാലിശവുമായ ഒരു രംഗത്തിനാണു നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്: മാനവരാശിയുടെ പൂന്തോട്ടത്തില്‍ നാം തീയും മിസൈലുകളും ബോംബുകളും കൊണ്ടു കളിക്കുന്നു, നമ്മുടെ പൊതുഭവനത്തെ വെണ്ണീറും വിദ്വേഷവും കൊണ്ടു നിറയ്ക്കുന്നു.
സ്വേച്ഛാപരവും സാമ്രാജ്യത്വപരവും ജനപ്രീണനപരവുമായ മാതൃകകള്‍ അടിച്ചേല്‍പിക്കുന്നതു ദുശ്ശാഠ്യത്തോടെ നാം തുടര്‍ന്നാല്‍, അപരന്റെ സംസ്‌കാരത്തോടു കരുതലില്ലാത്തവരായാല്‍, സാധാരണക്കാരുടെയും ദരിദ്രരുടെയും അഭ്യര്‍ത്ഥനകള്‍ക്കു കാതു കൊടുക്കാതിരുന്നാല്‍, ആളുകളെ നല്ലതും ചീത്തയുമെന്നും ചുമ്മാ വിഭജിക്കുന്നതു തുടര്‍ന്നാല്‍, പരസ്പരം മനസ്സിലാക്കാന്‍ യാതൊരു ശ്രമവും നടത്താതിരുന്നാല്‍, അനന്തരഫലങ്ങള്‍ അതികഠിനമായിരിക്കും. ഈ ആഗോളവത്കൃതലോകത്തില്‍ നമ്മുടെ മുമ്പിലുള്ള മാര്‍ഗങ്ങള്‍ ഇവ മാത്രമാണ്: ഒന്നിച്ചു തുഴയുക, ഒറ്റയ്ക്കാണു തുഴയുന്നതെങ്കില്‍ നാം ദിക്കുതെറ്റി അലയും.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഫലദായകമായ സമാഗമത്തിനായി ആഹ്വാനം ചെയ്യുന്ന 'മാനവസാഹോദര്യരേഖയെ' സംഘര്‍ഷങ്ങളുടെ പ്രക്ഷുബ്ധമായ ഈ കടലില്‍ നമുക്കോര്‍ക്കാം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അകല്‍ച്ചകള്‍ സകലരുടെയും നന്മയ്ക്കായി പരിഹരിക്കേണ്ടതുണ്ട്. അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു അകല്‍ച്ചയെ ശ്രദ്ധിക്കാതെയാകരുത് ഇത്: ലോകത്തിന്റെ തെക്കും വടക്കും തമ്മിലുള്ള അകല്‍ച്ചയാണിത്. സംഘര്‍ഷങ്ങളുടെ ആവിര്‍ഭാവം നമ്മുടെ മാനവകുടുംബത്തിലെ അത്ര പ്രകടമല്ലാത്തെ ദുരന്തങ്ങള്‍ നമ്മുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഇടയാകരുത്. വിശപ്പും കാലാവസ്ഥാവ്യതിയാനവും പൊതുഭവനത്തോടുള്ള കരുതലില്ലായ്മയുമാണവ.
ഇക്കാര്യങ്ങളില്‍ മതനേതാക്കള്‍ സ്വയം നല്ല മാതൃകകള്‍ നല്‍കണം. പരസ്പരം ആശ്രയിച്ചുകൊണ്ട് ഈ കടലിലൂടെ ഒന്നിച്ചു തുഴയാന്‍ നമ്മുടെ മാനവകുടുംബത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക മതനേതാക്കളുടെ കടമയാണ്. ഈ പശ്ചാത്തലത്തില്‍ മൂന്നു വെല്ലുവിളികള്‍ ഞാനവതരിപ്പിക്കുകയാണ്. പ്രാര്‍ത്ഥന, വിദ്യാഭ്യാസം, പ്രവര്‍ത്തനം എന്നിവയാണവ.
പ്രാര്‍ത്ഥന അത്യുന്നതനിലേക്കു നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നു. സ്വാര്‍ത്ഥത, അടഞ്ഞ മനസ്സ്, അനീതി തുടങ്ങിയവയില്‍ നിന്നു നമ്മെ ശുദ്ധീകരിക്കാന്‍ പ്രാര്‍ത്ഥന ആവശ്യമാണ്. പ്രാര്‍ത്ഥിക്കുന്നവര്‍ ഹൃദയസമാധാനം ആര്‍ജിക്കുന്നു. പ്രാര്‍ത്ഥനയ്ക്കു മതസ്വാതന്ത്ര്യം അത്യാവശ്യമാണ്. അടിച്ചേല്‍പിച്ച മതവിശ്വാസത്തിന് ഒരു വ്യക്തിയെ ദൈവവുമായുള്ള അര്‍ത്ഥപൂര്‍ണമായ ബന്ധത്തിലേക്കു കൊണ്ടുവരാന്‍ കഴിയില്ല.
പ്രാര്‍ത്ഥന ഹൃദയത്തെ സംബന്ധിക്കുന്നതാണെങ്കില്‍, വിദ്യാഭ്യാസം മനസ്സുമായി ബന്ധപ്പെട്ടതാണ്. അജ്ഞതയാണ് സമാധാനത്തിന്റെ ശത്രു. വിദ്യാഭ്യാസമില്ലാത്തിടത്ത് തീവ്രവാദം വര്‍ദ്ധിക്കുകയും മൗലികവാദം വേരാഴ്ത്തുകയും ചെയ്യുന്നു. അജ്ഞത സമാധാനത്തിന്റെ ശത്രുവാണെങ്കില്‍ വിദ്യാഭ്യാസം വികസനത്തിന്റെ ചങ്ങാതിയാണ്. പക്ഷേ, ജീവനും യുക്തിയുമുള്ള മനുഷ്യര്‍ക്കു തികച്ചും യോജിക്കുന്നതാകണം ആ വിദ്യാഭ്യാസം. വിദ്യാഭ്യാസപരമായ മൂന്നു മുന്‍ഗണനകളെ ഞാന്‍ മുന്നോട്ടു വയ്ക്കുന്നു. ഒന്ന്, സ്ത്രീകളെ പൊതുമണ്ഡലത്തില്‍ അംഗീകരിക്കുക. രണ്ട്, കുഞ്ഞുങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക. മൂന്ന്, പരസ്പരം മാനിച്ചുകൊണ്ടും നിയമങ്ങളെ മാനിച്ചുകൊണ്ടും സമൂഹത്തില്‍ ജീവിക്കുന്നതിനുള്ള പൗരത്വത്തിനുള്ള വിദ്യാഭ്യാസം.
അടുത്ത വെല്ലുവിളി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചാണ്. വെറുപ്പും അക്രമവും പ്രഘോഷിച്ച് ദൈവനാമത്തെ അവഹേളിക്കരുതെന്നു ബഹ്‌റിന്‍ പ്രഖ്യാപനം വ്യക്തമാക്കിയിട്ടുണ്ട്. മതവിശ്വാസമുള്ള സകലരും ഇത്തരം കാര്യങ്ങളെ തീര്‍ത്തും നീതീകരിക്കാനാകാത്തതെന്നു തിരസ്‌കരിക്കുന്നുണ്ട്. യുദ്ധത്തിന്റെ ദൈവദൂഷണത്തെയും അക്രമത്തിന്റെ ഉപയോഗത്തെയും അവര്‍ ബലമായി തിരസ്‌കരിക്കുന്നു. ഈ തിരസ്‌കാരത്തെ അവര്‍ നിരന്തരം പ്രയോഗത്തിലാക്കുകയും ചെയ്യുന്നു. മതം സമാധാനപൂര്‍ണമാണെന്നു പ്രസംഗിക്കുന്നതുകൊണ്ടു മാത്രം കാര്യമില്ല; മതത്തിന്റെ പേര് ദുരുപയോഗിക്കുന്ന അക്രമികളെ നാം അപലപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അസഹിഷ്ണുതയിലും തീവ്രവാദത്തിലും നിന്നു നാം സ്വയം അകന്നു നിന്നാലും പോരാ, നാം അവരെ നേരിടണം. ''ധനകാര്യപ്രവര്‍ത്തനങ്ങളിലൂടെയും ആയുധങ്ങളും യുദ്ധതന്ത്രങ്ങളും നല്‍കിക്കൊണ്ടും മാധ്യമങ്ങളെ ഉപയോഗിച്ച് ന്യായീകരിച്ചുകൊണ്ടും ഭീകരവാദപ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതു അവസാനിപ്പിക്കുക അത്യാവശ്യമായിരിക്കുന്നത് ഇതുകൊണ്ടാണ്. ഇവയെല്ലാം സുരക്ഷയെയും ലോകസമാധാനത്തെയും ഭീഷണിപ്പെടുത്തുന്ന അന്താരാഷ്ട്ര കുറ്റങ്ങളായി പരിഗണിക്കപ്പെടണം. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലൂം ഭാവങ്ങളിലും അപലപിക്കണം.'' (മാനവസാഹോദര്യരേഖ).
(''സംഭാഷണത്തിനുള്ള ബഹ്‌റിന്‍ ഫോറം: കിഴക്കും പടിഞ്ഞാറും മാനവസഹവര്‍ത്തിത്വത്തിന്'' എന്ന സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)