ജലത്തില്‍ ഉണര്‍ന്ന നവോത്ഥാനം

ജലത്തില്‍ ഉണര്‍ന്ന നവോത്ഥാനം
നവോത്ഥാനം ചരിത്രത്തില്‍ എവിടെയോ സംഭവിച്ച ഒരു കാര്യമല്ല. അതിന്റെ അലയൊലികള്‍ വര്‍ത്തമാനത്തിലൂടെയും വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്കും സഞ്ചരിക്കുന്നുണ്ട്. നവോത്ഥാനത്തെ നമ്മള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്.

നവോത്ഥാനം എന്ന വാക്ക് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും എങ്ങനെയാണ് കൊച്ചി പ്രദേശത്തെ വരച്ചെടുത്തത് എന്നുപറയുവാന്‍ ആഗ്രഹിക്കുന്നു. ഒരു സാംസ്‌കാരിക ഭൂപടം നാം വരച്ചെടുക്കുകയാണെങ്കില്‍ അതിനകത്ത് മനുഷ്യനെ കൊത്തിയെടുക്കുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ട്. യൂറോപ്പിന്റെ നവോത്ഥാനം അതായിരുന്നു. മനുഷ്യനെ കണ്ടെത്തല്‍ ആയിരുന്നുവത്. ഒരു കാര്‍ത്തേസ്യന്‍ സെല്‍ഫിന്റെ വരച്ചെടുക്കല്‍. ദെക്കാര്‍ത്തിന്റെ മനുഷ്യസങ്കല്പം പോലെ തന്നെ ലോക്കിയന്‍ സങ്കല്പം വേറെയുണ്ട്. ഹ്യൂമിയന്‍ സങ്കല്പം വേറൊന്നുണ്ട്. അങ്ങനെ മനുഷ്യരെ വ്യത്യസ്ത രീതികളില്‍ വരച്ചെടുക്കുമ്പോള്‍, ആ മനുഷ്യന്‍ എന്തു തെളിമയോടെയാണ് നമ്മുടെ മുമ്പില്‍ പ്രകാശിക്കുന്നത് എന്ന ചോദ്യം, ഏത് മഷികൊണ്ടാണ് വരച്ചെടുക്കുന്നത് എന്ന ചോദ്യം നവോത്ഥാനത്തിന്റെ ചോദ്യമാണ്.

നവോത്ഥാനം ചരിത്രത്തില്‍ എവിടെയോ സംഭവിച്ച ഒരു കാര്യമല്ല. അതിന്റെ അലയൊലികള്‍ വര്‍ത്തമാനത്തിലൂടെയും വര്‍ത്തമാനത്തിലൂടെ ഭാവിയിലേക്കും സഞ്ചരിക്കുന്നുണ്ട്. നവോത്ഥാനത്തെ നമ്മള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നുള്ളത് ഒരു ചോദ്യമാണ്. കുട്ടികൃഷ്ണമാരാരുടെ മഹാഭാരതപര്യടനത്തില്‍ വ്യാസന്റെ ചിരിയെക്കുറിച്ച് പറയുന്നുണ്ട്. വിഭാണ്ഡകന്റെ മകന്‍ ഋഷ്യശൃംഗന്‍ തന്റെ ആശ്രമത്തില്‍ വന്ന സ്ത്രീയെ മുനിയാണെന്ന് കരുതി തെറ്റിധരിച്ച് സ്വീകരിക്കുകയും വിഭാണ്ഡകന്‍ തിരിച്ചുവരുന്ന സമയത്ത്, ഇതുവരെ കാണാത്ത സ്ത്രീ എന്ന മുനിയെ വിവരിച്ചു കൊടുക്കുകയും ചെയ്യുന്ന ഭാഗം മാരാര്‍ പറയുന്നുണ്ട്. അതിന്റെ അവസാനം കുട്ടികൃഷ്ണമാരാര്‍ എഴുതിയ ഒരു വാക്യമാണിത്: ഇവിടെ വ്യാസന്‍ ചിരിക്കുന്നത് നമുക്ക് കാണാം. ഏതാണ്ട് ഇതുപോലെ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍, നമ്മള്‍ ഇന്ന് വായിക്കുന്ന 90% ചരിത്ര രേഖകളിലും നമ്മള്‍ തമസ്‌കരിച്ചു കളഞ്ഞ ചരിത്ര രേഖകളിലും നിന്നു ചിരി ഉയരുന്നുണ്ട്, വ്യാസന്റെ ചിരി പോലെ നവോത്ഥാന എഴുത്തുകാരുടെ ചിരി.

കരയില്‍ നിന്നല്ല നവോത്ഥാനത്തിന്റെ സാംസ്‌കാരിക ഭൂപടം വരേണ്ടത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. കൊച്ചിയില്‍ 1909 ല്‍ നടന്ന കായല്‍സമ്മേളനം. (1911 ല്‍ ആണെന്ന് പറയുന്ന ചില ചരിത്രകാരന്മാരുണ്ട്. ചെറായി രാമദാസ് രണ്ടു മാസം മുമ്പ് പുറത്തിറക്കിയ 'കായല്‍ സമ്മേളനം രേഖകളിലൂടെ' എന്ന പുസ്തകത്തില്‍ 1909 എന്നാണു പറയുന്നത്.) ചെറായി രാമദാസ് തന്റെ പുസ്തകത്തില്‍ അവതരിപ്പിക്കുന്ന ഈ രേഖകളില്‍ രസകരമായ ഒരു കാര്യമുണ്ട്. പുലയ അരയ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് എറണാകുളത്ത് ഒരു സ്ഥലത്തും പകല്‍ സഞ്ചരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും 1900 ങ്ങളില്‍ 36 ഓളം വഞ്ചി സര്‍വീസ് നടന്നിരുന്നു. അതിനാല്‍ കായലില്‍ പകല്‍ സമയത്ത് സമ്മേളനം കൂടുക എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് രാത്രി കായല്‍ സമ്മേളനം നടത്തിയത്.

നിരന്തരം ഇളകിക്കൊണ്ടിരിക്കുന്ന, തുടര്‍ച്ചയായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരിടത്തില്‍ ഒരു മനുഷ്യനെ കണ്ടെത്താനുള്ള ശ്രമം. ഖനീഭവിക്കാത്ത ഒരിടം, നിശ്ചലമായ നില്‍ക്കാത്ത ഒരിടം, ആണിയില്‍ തറയ്ക്കപ്പെടാത്ത ഒരിടം. അവിടെനിന്ന് മനുഷ്യന്‍ എന്ന് പറയുന്ന ഒരു പുതിയ ശരീരത്തെ കണ്ടെത്താന്‍ പറ്റുമോ എന്നുള്ളതാണ് ചോദ്യം. ശരീരം ആധുനിക വൈദ്യശാസ്ത്രത്തിന്റെ വാക്കാണ്. ഉടല്‍ എന്ന വാക്കാണ് നാരായണഗുരു ഉപയോഗിക്കുന്നത്. ഉടലിന്റെ നിഴല്‍ വീണാല്‍ പോലും മനുഷ്യര്‍ക്ക് അയിത്തം കല്പിക്കപ്പെട്ടിരുന്ന സ്ഥലത്ത് എവിടെയാണ് ഒരാള്‍ അയാളെ തന്നെ സ്ഥാനപ്പെടുത്തുക?

വള്ളങ്ങളില്‍ മനുഷ്യര്‍ വന്ന് രാത്രിയില്‍, ഇളകിക്കൊണ്ടിരിക്കുന്ന, കായലും കടലും ചേരുന്ന ഒരു അന്തരാള ഘട്ടത്തില്‍, വെള്ളത്തില്‍, ഒരു സമ്മേളനം നടത്തുന്നു. പുലയന്‍ എന്നുപറയുന്ന ഒരു മനുഷ്യന്‍ ഇങ്ങനെ എഴുന്നേറ്റു വരികയാണ്. അയാള്‍ മണ്ണില്‍ നിന്നാണോ ഉണ്ടാവുന്നത്? നവോത്ഥാനത്തിന്റെ മനുഷ്യന്‍ മണ്ണില്‍ നിന്നു മാത്രമല്ല വെള്ളത്തില്‍ നിന്നും ഉണ്ടാകും.

കായലില്‍ നിന്ന് കയറിവന്ന പുലയര്‍ക്ക് നേതൃത്വം കൊടുത്ത ആളാണ് കൃഷ്‌ണേതി ആശാന്‍. നവോത്ഥാന ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേരില്ല. പണ്ഡിറ്റ് കറുപ്പനെ കാണാന്‍ ആശാന്‍ രാത്രി ചെന്നു. പകല്‍ നടക്കാന്‍ കഴിയില്ല. അന്ന് സിസ്റ്റേഴ്‌സ് നടത്തുന്ന സെന്റ് തെരേസാസ് സ്‌കൂളില്‍ അധ്യാപകന്‍ ആയിരുന്നു പണ്ഡിറ്റ് കറുപ്പന്‍. അതിനുശേഷമാണ് അദ്ദേഹം മഹാരാജാസ് കോളേജിലേക്കു വരുന്നത്. മാഷ് അരയ സമുദായത്തിലുള്ള ആളാണ്. നിങ്ങളില്‍ നിന്നു തന്നെയാണ്, നിങ്ങളെ നിങ്ങള്‍ സൃഷ്ടിച്ചെടുക്കേണ്ടത് എന്ന് പണ്ഡിറ്റ് കറുപ്പന്‍, ആശാനോടു പറഞ്ഞു. ഇതാണ് നവോത്ഥാനത്തിന്റെ മുദ്രാവാക്യം. നിങ്ങള്‍ നിങ്ങളെത്തന്നെ സൃഷ്ടിച്ചെടുക്കണം. വേറെ ആളുകള്‍ അല്ല. കവിതകൊണ്ട് ഒരു കാലത്തെ വിറപ്പിച്ചു നിര്‍ത്തിയ, ത്രസിപ്പിച്ചു നിര്‍ത്തിയ, ഇടപെടലുകള്‍ കൊണ്ട് ഒരു കാലത്തെ ഉണര്‍ത്തി നിര്‍ത്തിയ ഒരാളായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. കായലിനുമീതെ സമ്മേളനം ചേരാന്‍ അദ്ദേഹമാണ് പറഞ്ഞത്. കായല്‍ സമ്മേളനം കഴിഞ്ഞ് കൃഷ്ണമേനോനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുന്നു. കൃഷ്ണമേനോന്റെ അച്ഛനും കൂടി ചേര്‍ന്നിട്ടാണ് പുലയ സമുധാരണത്തിനുള്ള ഒരു സംഘടന രൂപപ്പെടുത്തുന്നത്.

കായല്‍ സമ്മേളനത്തിനുശേഷം ഇവരുടെ യോഗങ്ങള്‍ക്ക് പിന്നീട് കായല്‍ കൊടുക്കില്ലെന്ന് പറഞ്ഞു. അതോടെ കായലും അവര്‍ക്ക് അന്യമായി. ആശാനും കെ പി വള്ളോനും പി സി ചാഞ്ചനും ഒക്കെ ചേര്‍ന്ന് സെന്റ് ആല്‍ബര്‍ട്ട് സ്‌കൂളിലെ ഡൊമിനിക് അച്ചനെ കാണാന്‍ ചെന്നു. കേറി വാടാ മക്കളേ എന്ന് അവരെ സ്വീകരിച്ചു ഡൊമിനിക് അച്ചന്‍. അവിടെ ഒരു ഹാള്‍ ഉണ്ടായിരുന്നു. ആ ഹാളിലേക്ക് നിങ്ങളെല്ലാവരും കുളിച്ച് വൃത്തിയായി ശുഭ്ര വസ്ത്രധാരികളായി വരണം എന്ന് അച്ചന്‍ പറ ഞ്ഞു. നിങ്ങളെ തെളിഞ്ഞു കാണണമെങ്കില്‍, കായലില്‍ നിന്ന് കരയിലേക്ക് കയറിയ പുതിയൊരു ചൈതന്യത്തെ കാണണമെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അടയാളപ്പെടുത്തി കൊണ്ടുവരണം എന്നാണ് അച്ചന്‍ പറഞ്ഞത്.

കടവില്‍ നിന്നു സ്‌കൂളിലേക്കു വരാന്‍ രണ്ടു മിനിറ്റ് മതി. അന്നവര്‍ മൂന്നു മണിക്കൂര്‍ എടുത്താണ് അവിടെ എത്തിയത്. കാരണം, അതിനിടയിലുള്ള വഴികളിലൂടെ ഒന്നും അന്ന് അവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുമായിരുന്നില്ല. സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ ഹാളില്‍ സ്ഥലം തികയാതെ വന്നതുകൊണ്ട് ഗ്രൗണ്ടിലേക്ക് യോഗം മാറ്റി. ആ സമ്മേളനത്തില്‍ വന്ന മനുഷ്യര്‍ വരച്ചിട്ട ഒരു പുതിയ ഭൂപടം ഉണ്ട്. നമ്മള്‍ ഇന്ന് കാണുന്ന എറണാകുളത്തിന്റെ ഭൂപടം അല്ല അത്. 1909 ലെ ഒരു പ്രഭാതത്തില്‍ അവര്‍ എറണാകുളം ജില്ലയുടെ ശിരോലിഖിതം മറ്റൊരു രീതിയില്‍ വരച്ചു. മുളവുകാട് ഭാഗത്തുള്ള ദ്വീപുകളില്‍ ഒക്കെ കോളറ പടര്‍ന്നുപിടിക്കുന്ന സമയമായിരുന്നു അത്. മനുഷ്യര്‍ ചത്തു വീഴുന്ന സമയം. കോളറ രോഗത്തെക്കുറിച്ച് പേടിയുള്ള സമയം. അതൊന്നും വകവയ്ക്കാതെ ധീരരായ സ്ത്രീകളും പുരുഷന്മാരും ഒക്കെ കൂടിച്ചേര്‍ന്ന് ഒരു പള്ളീലച്ചന്‍ തുറന്നിട്ടു കൊടുത്ത ഒരു ഗ്രൗണ്ടില്‍ കൃഷ്ണമേനോന്‍ എന്ന മനുഷ്യസ്‌നേഹിയുടെ സ ഹായത്തോടെ പുതിയൊരു ചരിത്രം രചിച്ചു. അങ്ങനെയാണ് പുലയ സമുദായം രൂപപ്പെടുന്നത്.

കൃഷ്‌ണേതി ആശാന്റെ ഫോട്ടോ നമ്മള്‍ ഒരിടത്തും കാണില്ല. അയാളെക്കുറിച്ചും നമ്മള്‍ എഴുതണം. നവോത്ഥാനത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ പേര് എത്ര പേര്‍ക്കറിയാം? ദാക്ഷായണി വേലായുധന്‍ ആരാണ്? ഇന്ത്യയുടെ ഭരണഘടനയില്‍ ഒപ്പിട്ട കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധി ദാക്ഷായണി വേലായുധന്‍ ആയിരുന്നു. കേരളത്തിലെ ആദ്യത്തെ ബി എ ക്കാരില്‍ ഒരാളാണ്. എം എല്‍ എ, കെ കെ മാധവന്റെ കുഞ്ഞിപെങ്ങള്‍. നിങ്ങള്‍ കേട്ടിട്ടില്ലല്ലോ?

'ദളിതനായ യേശു' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഞാന്‍ എഴുതി, ക്രിസ്തു നടന്നുപോയ വഴികളില്‍ കൂടിയാണ് ദാക്ഷായണി വേലായുധന്‍ നടന്നുപോയി ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പിട്ടത് എന്ന്. പലരും ചോദിച്ചു, ആരാണ് ദാക്ഷായണി വേലായുധന്‍ എന്ന്. കേരള നവോത്ഥാന ചരിത്രത്തിലെ സ്ത്രീകള്‍ ആരൊക്കെയാണ്? എന്താണ് അവരുടെ ചരിത്രം ഇവിടെ കേള്‍ക്കാതെ പോകുന്നത്? നമുക്ക് എല്ലാ കാര്യങ്ങള്‍ക്കും പിതാക്കന്മാരെ ഉള്ളൂ മാതാക്കളില്ല. എവിടെയാണ് മാതാവ്?

കൃഷ്‌ണേതി ആശാന്‍ പിന്നീട് ക്രൈസ്തവ സഭയിലേക്ക് ജോ ണ്‍ എന്ന പേരില്‍ വരുന്നുണ്ട്. അദ്ദേഹം കൊച്ചി നിയമസഭയില്‍ വലിയ പ്രസംഗങ്ങള്‍ നടത്തുമ്പോഴും, കൊച്ചി ദിവാന്റെ അടുത്തു ചെന്ന് കാര്യങ്ങള്‍ പറയുമ്പോഴും അദ്ദേഹത്തിന് മനസ്സിലായ ഒരു കാര്യം, നിലവിലെ ജാതി വ്യവസ്ഥയുടെ അകത്ത് നവോത്ഥാനം കൊണ്ടുവരിക പ്രയാസമാണ് എന്നതാണ്. അതുകൊണ്ട് ക്രൈസ്തവ മൂല്യങ്ങളിലേക്ക് ഞങ്ങള്‍ കുറച്ച് ആളുകള്‍ കയറുകയാണ് എന്ന് പറഞ്ഞുകൊണ്ട് 100 പുലയ സമുദായ അംഗങ്ങളുമായി, 1914 ല്‍ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. തെളിയാത്ത ഞങ്ങളുടെ ശിരോലിഖിതം ഞങ്ങള്‍ ക്രിസ്തുവിന്റെ രേഖകള്‍ കൊണ്ട് വരക്കും എന്നദ്ദേഹം പറഞ്ഞു. വെറുതെ പ്രസംഗത്തില്‍ പറയുകയല്ല, ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. കൃഷ്‌ണേതി ആശാന്റെ കൂടെയുണ്ടായിരുന്ന കെ പി വള്ളോന്‍ ബുദ്ധമതം സ്വീകരിച്ചു.

കൃഷ്‌ണേതി ആശാന്‍ ഐക്കര രാജാവിന്റെ പരമ്പരയില്‍ പെട്ട ആളായിരുന്നു. കുന്നത്തുനാട്ടിലെ ഒരു പുലയ രാജവംശം ആയിരുന്നു ഐക്കര. കൃഷ്‌ണേതി ആശാനെ രാജാവായി പ്രഖ്യാപിച്ചുകൊണ്ട് തിരുവിതാംകൂറില്‍ ഒരു സമ്മേളനം നടന്നു. ചേരമര്‍ സമുദായത്തിന്റെ ആചാര്യന്‍ ആയിരുന്ന പാമ്പാടി ജോണ്‍ ജോസഫ് ആണ് അതു നടത്തിയത്. നവോത്ഥാന ചരിത്രത്തില്‍ പാമ്പാടി ജോണ്‍ ജോസഫിന്റെ പേര് കാണാത്തത് എന്ത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂര്‍ രാജ്യത്ത് ഞെട്ടല്‍ ഉണ്ടാക്കിയ ഒരു യോഗം ആയിരുന്നു പാമ്പാടി ജോണ്‍ ജോസഫ്, ജോണ്‍ എന്ന പേരു സ്വീകരിച്ച ഐക്കര രാജാവ് കൃഷ്‌ണേതി ആശാനെ കൊണ്ടുവന്നു നടത്തിയത്. അധഃസ്ഥിത വര്‍ഗ ത്തില്‍ നിന്ന് പുതിയൊരു രാജാവ് വന്നിരിക്കുകയോ? ശ്രീമൂലം തിരുനാള്‍ ഞെട്ടിപ്പോയി. അദ്ദേഹം പാമ്പാടി ജോണ്‍ ജോസഫിനെ വിളിച്ചിട്ട്, നിങ്ങള്‍ പുതിയൊരു നാടു രൂപീകരിക്കാന്‍ ശ്രമിക്കുന്നു എന്ന് കേട്ടല്ലോ എന്നുപറഞ്ഞു. അല്ല, ഞങ്ങള്‍ ദൈവരാജ്യത്തെ ക്കുറിച്ചാണ് പറയുന്നത്, ഈ ലോകത്തെ നാടിനെക്കുറിച്ചല്ല എന്ന് പറഞ്ഞ് പാമ്പാടി ജോണ്‍ ജോസഫ് ഒഴിഞ്ഞുമാറി.

ഒരു വള്ളംകളി മത്സരത്തിനിടയില്‍ പാമ്പാടി ജോണ്‍ ജോസഫ് ഉണ്ടായിരുന്ന വള്ളം മാത്രം മറിയുകയും അദ്ദേഹം മരിക്കുകയും അതൊരു കൊലപാതകം ആയിരുന്നു എന്ന് പറയപ്പെടുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. പറഞ്ഞു വന്നത്, തെളിയാത്ത ചരിത്രരേഖകള്‍ കണ്ടെടുക്കുവാന്‍ ശ്രമിച്ച മനുഷ്യരില്‍ കൂടിയാണ് കേരളം നവോത്ഥാനം എന്ന് വിളിക്കുന്ന ഈ മാറ്റങ്ങള്‍ ഉണ്ടായത് എന്നാണ്.

ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും ഹീബ്രു അടിമകളെ മോചിപ്പിച്ചു കൊണ്ടുവരുന്ന ആദ്യത്തെ യാത്രയില്‍ ഫറവോ ചോദിക്കുന്ന ചോദ്യമുണ്ട്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അവരെ ആരാധി ക്കാന്‍ കൊണ്ടുപോവുകയാണ് എന്നാണു മറുപടി. അതായത് വിമോചനം ആരാധനയുടെ ഒരു മുന്നുപാധിയാണ്. മോചിക്കപ്പെടാത്ത ഒരു ജനസമൂഹത്തിനും ആരാധിക്കാന്‍ കഴിയില്ല.

ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായ അന്നത്തെ തിരുവിതാംകൂര്‍ പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ നമ്മള്‍ അയ്യാ വൈകുണ്ഠസ്വാമികളെ കാണുന്നു. തലയില്‍ കെട്ട് കെട്ടി വേണം പ്രാര്‍ത്ഥിക്കാന്‍ എന്നു പറഞ്ഞ ആളാണ് വൈകുണ്ഠസ്വാമി. നാരായണഗുരു അല്ല വൈകുണ്ഠസ്വാമിയാണ് കണ്ണാടി പ്രതിഷ്ഠ ആദ്യം നടത്തുന്നത്. ആരാധിക്കാനായി വന്ന മനുഷ്യരോട് അയ്യാ വൈകുണ്ഠസ്വാമി പറഞ്ഞത് കണ്ണാടി വെച്ചിട്ട് കണ്ണാടിയില്‍ നോക്കുക എന്നാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ ആരെ കാണുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കള്‍ അദ്ദേഹത്തിന് കൊടുത്ത പേര് മുടിചൂടുന്ന മന്നന്‍ എന്നായിരുന്നു. ആ പേരിടാന്‍ അവകാശം ഇല്ലാതിരുന്നതുകൊണ്ട് മുത്തുക്കുട്ടി എന്നു ചുരുക്കേണ്ടി വന്നു. പതികള്‍ എന്നറിയപ്പെടുന്ന സ്‌കൂളുകള്‍ അദ്ദേഹം സ്ഥാപിച്ചിരുന്നു. നാഗര്‍കോവിലില്‍ അദ്ദേഹത്തിന്റെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഒരുമിച്ച് ജലം കോരിയെടുക്കാവുന്ന മുന്തിരിക്കിണര്‍ ഒക്കെ ഇപ്പോഴുമുണ്ട്. ജലത്തിലൂടെ നമ്മള്‍ ഒരുമിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കണ്ണാടി എന്ന വിപ്ലവകരമായ ഒരു കാഴ്ച നല്‍കുന്നു. തലയില്‍ കെട്ടോടുകൂടി ആരാധിക്കുന്ന ആളെ മാത്രമല്ല അയാളുടെ പരിസരങ്ങളെയും കണ്ണാടി കാണിക്കുന്നുണ്ട്.

അതിന്റെ തൊട്ടുപിന്നിലാണ് എല്‍ എം എസ് മിഷനറിമാര്‍ വരുന്നത്. കാളയുടെയും പോത്തിന്റെയും കൂടെ മനുഷ്യനെ കെട്ടി നിലമുഴുകുന്ന കാഴ്ച കണ്ട് ഞെ ട്ടി ജോണ്‍ ബോക്‌സിനെ പോലുള്ള ആളുകള്‍ ഇംഗ്ലണ്ടിലേക്ക് റിപ്പോര്‍ട്ടുകള്‍ എഴുതിവിട്ടിട്ടുണ്ട്. അടിമ സമ്പ്രദായം നമ്മുടെ നാ ട്ടില്‍ ഉണ്ടായിരുന്നല്ലോ. നിര്‍ബന്ധിതമായ, കൂലിയില്ലാത്ത വേലയാണ് ഊഴിയം വേല. ആ വേല ചെയ്തിരുന്ന മനുഷ്യര്‍ക്ക് ഞായറാഴ്ചകളില്‍ എങ്കിലും ആരാധിക്കാനായി, മണ്ണില്‍ നിന്നും വിടുതല്‍ കൊടുക്കണമെന്ന് പറഞ്ഞിരുന്ന എല്‍ എം എസ് മിഷനറിമാര്‍ നമുക്കുണ്ടായിരുന്നു. നവോത്ഥാനചരിത്രത്തില്‍ അവരെക്കുറിച്ചും ഒന്നും പറയുന്നില്ല. ഇത് മോശ പറഞ്ഞ കാര്യമാണ്. ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും ഹീബ്രു അടിമകളെ മോചിപ്പിച്ചു കൊണ്ടുവരുന്ന ആദ്യത്തെ യാത്രയില്‍ ഫറവോ ചോദിക്കുന്ന ചോദ്യമുണ്ട്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അവരെ ആരാധിക്കാന്‍ കൊണ്ടുപോവുകയാണ് എന്നാണു മറുപടി. അതായത് വിമോചനം ആരാധനയുടെ ഒരു മുന്നുപാധിയാണ്. മോചിക്കപ്പെടാത്ത ഒരു ജനസമൂഹത്തിനും ആരാധിക്കാന്‍ കഴിയില്ല. കൊച്ചിയിലെ ചില പള്ളികള്‍ ഡച്ചുകാരുടെ ആക്രമണകാലത്ത് 6 ദിവസം അടിമകളെ പൂട്ടിയിടുന്ന സ്ഥലവും ഏഴാം ദിവസം ആരാധന കേന്ദ്രവും ആയിരുന്നു എന്ന് രേഖകള്‍ ഉണ്ട്. അടിമകള്‍ തുഴയുന്ന കപ്പലിന്റെ മുകളില്‍ നമ്മള്‍ യാതൊരു ഉളുപ്പുമില്ലാതെ കുര്‍ബാന ചൊല്ലിയിരുന്ന കാലവും ഉണ്ടായിരുന്നു.

പൊയ്കയില്‍ അപ്പച്ചന്‍ ഒരു ദിവസം എല്ലാവരെയും വിളിച്ചു കൂട്ടിയിട്ട് നമ്മുടെ ചരിത്രം ഈ പുസ്തകത്തില്‍ ഉണ്ടോ എന്ന് ചോദിച്ചു. ബൈബിള്‍ ആയിരുന്നുവത്. നമ്മുടെ വംശത്തെക്കുറിച്ച് ഒരക്ഷരം ഇതില്‍ കാണുന്നില്ല എന്ന് പറഞ്ഞു അത് കത്തിച്ചു കളഞ്ഞു. അത് വിപ്ലവമായിരുന്നു. ഞങ്ങള്‍ ഈ അഗ്‌നിയില്‍ നിന്ന് ഞങ്ങളുടെ ചരിത്രം എഴുതാന്‍ പോവുകയാണ് എന്ന് പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കോടതി ചോദിച്ചു, താങ്കള്‍ ഒരു പുതിയ വംശത്തെ രൂപീകരിക്കുകയാണോ? അദ്ദേഹം എഴുന്നേറ്റു നിവര്‍ന്നു നിന്നുകൊണ്ട് പറഞ്ഞു, അതെ. എന്താണ് അതിന്റെ പേര്? വായില്‍ വന്ന പേര് വിളിച്ചു പറഞ്ഞു, പ്രത്യക്ഷ രക്ഷാ ദൈവസഭ.

പൊയ്കയില്‍ അപ്പച്ചന്‍ എല്ലാവരെയും വിളിച്ചു കൂട്ടിയിട്ട് പറഞ്ഞു, ഓരോരുത്തരും അവരവര്‍ ജനിച്ചു എന്ന് കരുതുന്ന ജാതി തിരിച്ച്, ഓരോ വലിയ പാത്രത്തില്‍ വെള്ളം കൊണ്ടുവന്ന് ഈ ചെമ്പിലേക്ക് ഒഴിക്കുക. അവരെല്ലാവരും പാത്രത്തില്‍ വെള്ളം കൊണ്ടുവന്ന് ഒഴിച്ചു കഴിഞ്ഞപ്പോള്‍ പറഞ്ഞു, ഇനി നിങ്ങളെല്ലാവരും കൊണ്ടുവന്ന വെള്ളം തിരിച്ചെടുത്തു കൊണ്ടുപോയി കൊള്ളൂ. നടക്കുന്ന കാര്യമാണോ? നിങ്ങള്‍ ഒഴിച്ച വെള്ളം നിങ്ങള്‍ തിരിച്ചെടുത്തു കൊണ്ടുപോയി കൊള്ളൂ എന്ന് അപ്പച്ചന്‍ പറഞ്ഞ ആ നവോത്ഥാന വാക്യത്തോളം ഞെട്ടലുണ്ടാക്കുന്ന മറ്റൊരു നവോത്ഥാനവാക്യം ഏതാണ്? ഇതില്‍ ഏതാണ് നിങ്ങളുടെ വെള്ളമെന്ന് എങ്ങനെ അറിയാന്‍ പറ്റും?

തിരിച്ചെടുക്കാന്‍ പറ്റാത്ത വിധത്തില്‍ വെള്ളത്തില്‍ കലര്‍ന്നുപോയ ഒരു മനുഷ്യനെയാണ് യോഹന്നാന്‍ അന്ന് വരച്ചത്. ഇതൊരു പാഠമാണ്. വെള്ളത്തില്‍ നിന്നും വരുന്ന നവോത്ഥാനത്തിന്റെ മനുഷ്യര്‍. വെള്ളം കൊണ്ട് രചിച്ച നവോത്ഥാനത്തിന്റെ ഒരു വേറിട്ട ചരിത്രം കൂടി കേരള നവോത്ഥാന ചരിത്രത്തില്‍ വേണം. മനുഷ്യര്‍ ജനിക്കുന്നത് മണ്ണില്‍ നിന്നു മാത്രമല്ല വെള്ളത്തില്‍ നിന്നുമാണ്. വെള്ളത്തില്‍ നിന്ന് കയറിയവര്‍ മഴുവെറിഞ്ഞല്ല തന്റെ ദേശത്തെ കണ്ടെത്തുന്നത്. നടന്നാണ്. വെള്ളത്തിനു മീതെ നടന്നുപോയവന്റെ മൂല്യങ്ങള്‍ ചേര്‍ത്തുപിടിച്ച് ജീവിതത്തെ കരുപ്പിടിപ്പിക്കുവാന്‍, ഒരു പുതിയ മനുഷ്യനെ മെനഞ്ഞെടുക്കുവാന്‍ പുതിയ സൃഷ്ടിയെ രൂപപ്പെടുത്തിയെടുക്കുവാന്‍ ശ്രമം നടത്തിയ കുറെ ആളുകളുടെ ചരിത്രം കൂടിയാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ചരിത്രം.

അയ്യങ്കാളി തിരുവനന്തപുരം ശ്രീമൂലം സഭയിലും കൃഷ്‌ണേതി ആശാനും കെ പി വള്ളോനും കൊച്ചി നിയമസഭയിലും ഒക്കെ നടത്തിയ പ്രസംഗങ്ങള്‍ ലഭ്യമാണ്. വായിച്ചാല്‍ അറിയാം, അത് വേറൊരു കേരളമാണ്, വേറൊരു നവോത്ഥാനമാണ്. അയ്യങ്കാളി പ്രസംഗിച്ചിട്ട് വീട്ടില്‍ പോയിരിക്കുകയല്ല ചെയ്യുന്നത്. പഞ്ചമി എന്നൊരു പെണ്‍കുട്ടിയെ വിളിച്ച് ഊരൂട്ടമ്പലത്തില്‍ പോയി സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ ചെല്ലുകയാണ്. പഞ്ചമി ഇരുന്ന ബെഞ്ച് കത്തിച്ചു കളഞ്ഞു. ഈഴവ പുലയ ലഹള ഉണ്ടായി. നാരായണഗുരു ചെന്നിട്ടും അവര്‍ അനുസരിച്ചില്ല.

വെങ്ങാനൂര്‍കാരനായ അയ്യങ്കാളി അതിനു സമീപത്ത് പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് മാത്രമായി ഒരു സ്‌കൂള്‍ കെട്ടി ഉയര്‍ത്തുവാന്‍ സര്‍ക്കാരിന്റെ അനുവാദം വാങ്ങി ഒരു സ്‌കൂള്‍ കെട്ടി ഉയര്‍ത്തിയിട്ട് 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു അധ്യാപകരും പഠിപ്പിക്കാന്‍ തയ്യാറായില്ല. കുട്ടികള്‍ വന്നിരിക്കുകയാണ്. വെങ്ങാനൂരില്‍ നിന്ന് 18 കിലോമീറ്റര്‍ അപ്പുറം പരമേശ്വരന്‍പിള്ള എന്ന് പേരുള്ള ഒരു അധ്യാപകന്‍ തയ്യാറായി. അദ്ദേഹത്തെ 18 കിലോമീറ്റര്‍ നടത്തിക്കൊണ്ടുവന്നു. വേറൊരു വണ്ടിയും ആരും കൊടുത്തില്ല. ആ 18 കിലോമീറ്ററിനകത്ത് വരഞ്ഞിട്ട വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്രമുണ്ട്.

അയ്യങ്കാളിയുടെയോ വള്ളോന്റെയോ നിയമസഭാപ്രസംഗങ്ങള്‍ നമ്മുടെ പാഠപുസ്തകങ്ങളിലുണ്ടോ? അവയെല്ലാം ചേരുന്നതാണു നമ്മുടെ നവോത്ഥാനത്തിന്റെ ചരിത്രം.

  • (വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തെക്കുറിച്ചു നടന്ന സിമ്പോസിയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org