മതം മദമാകുമ്പോള്‍

മതം മദമാകുമ്പോള്‍

  • ഫാ. ലൂക്ക് പൂതൃക്കയില്‍

ഒരു രാജ്യപൗരന്‍ എന്ന നിലയില്‍ ഒരു വ്യക്തി മതനിയമത്തേക്കാള്‍ രാജ്യഭരണഘടനയ്ക്ക് പ്രാധാന്യം നല്‍കണം. മതനിയമങ്ങള്‍ അവന്റെ സ്വകാര്യജീവിതത്തിന്റെ ഭാഗമാണ്. ഒരുവന്റെ മതനിയമം അപരന് ശല്യമാകാന്‍ പാടില്ല.

മതമില്ലാത്ത ഒരു ലോകം കുറച്ചുകൂടി സമാധാനം നല്‍കുമോ എന്നുള്ള ചോദ്യം പലരും സ്വകാര്യ സംഭാഷണത്തില്‍ ചോദിക്കാറുണ്ട്. കാരണം മതത്തിന്റെ പേരില്‍ നടന്ന യുദ്ധങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്. എഴുത്തുകാരനായ വൈശാഖന്‍ എഴുതുന്നു, ''ഒരു മത രാഷ്ട്രത്തിലൂടെ ജനങ്ങള്‍ക്ക് സമാധാന ജീവിതമില്ല. ലോകയുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിപേര്‍ മതലഹളയില്‍ ലോകത്തില്‍ മരിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യം നീങ്ങുന്നത് മതരാഷ്ട്രത്തിലേക്കാണ്.'' മതത്തോടു ചേര്‍ന്നു നില്‍ക്കുന്ന വംശീയതയിലൂടെ കോടിക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച ദിനകരന്‍ കൊമ്പിലാത്തിന്റെ വംശഹത്യയുടെ ചരിത്രം എന്ന മുന്നൂറ്റി എഴുപത്തിയഞ്ച് പേജുള്ള പുസ്തകത്തില്‍ വംശഹത്യയുടെ നീണ്ട ചരിത്രം നമുക്ക് വായിക്കാവുന്നതാണ്. മതത്തില്‍ നിന്ന് ഉരുത്തിരിയുന്ന സമുദായബോധവും വംശീയബോധവും പ്രാദേശികബോധവും വൈരുദ്ധ്യങ്ങള്‍ക്കും കലഹങ്ങള്‍ക്കും വിഭാഗീയതയ്ക്കും കാരണമാകുന്നുണ്ട്. മതം എന്ന വാക്കിലെ ആത്മീയ പരിവേഷം ഇന്ന് വളരെ കുറഞ്ഞുപോയി. മതം എന്നത് നിയമവും ചട്ടക്കൂടുകളും സംവിധാനങ്ങളും ആരാധനാലയങ്ങളും ആള്‍ക്കൂട്ടങ്ങളുമായി ഒതുക്കപ്പെട്ടു. മനുഷ്യന്‍ മതത്തിന്റെ മാസ്മരികതയില്‍ മയങ്ങിപ്പോയി. സനാതന ധര്‍മ്മവുമായുള്ള ബന്ധമാണ് മതത്തിന്റെ ലക്ഷ്യമെങ്കിലും ഇന്ന് മതത്തിന്റെ പേരില്‍ കുറെ ആളുകളെ ഒന്നിച്ചു കൂട്ടുകയും അപരരെ ശത്രുക്കളായി മാറ്റിനിര്‍ത്തുകയും ആണ്. മതാനുഷ്ഠാനങ്ങളുടെ എണ്ണം വര്‍ധിക്കും തോറും മനുഷ്യനറിയാതെ മനുഷ്യനില്‍ നിന്നും മതചൈതന്യം നഷ്ടപ്പെട്ടു. കൊണ്ടിരിക്കുന്നു. 1921-ല്‍ തിരുവനന്തപുരത്തു വച്ച് നടന്ന മുസ്ലീം മഹാജന സഭയുടെ സമ്മേളനത്തില്‍ വക്കം മൗലവി പ്രസംഗിച്ചു. 'മതം എന്ന പേരില്‍ എത്രയോ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ് നമ്മുടെ ഇടയില്‍ കടന്നുകൂടിയിട്ടുള്ളത്.' വാസ്തവം പറഞ്ഞാല്‍ ഏതേത് അന്ധവിശ്വാസങ്ങളെയും ഏതേത് അനാചാരങ്ങളെയും നബി (മുഹമ്മദ് നബി) ആട്ടിയോടിച്ചിരുന്നുവോ അവയൊക്കെ ഇപ്പോള്‍ പേര് മാറി തിരിച്ചുവന്ന് മതത്തിന്റെ സ്ഥാനം ഏറ്റെടുത്തു. ഇത് ഒരു മതത്തിന്റെ മാത്രമല്ല എല്ലാ മതങ്ങളും ഏതാണ്ട് ഇതുപോലെ തന്നെയാണ്.

  • മതഗ്രന്ഥങ്ങള്‍

മതഗ്രന്ഥങ്ങളെ തിരുത്താനോ നവീകരിക്കാനോ സാധിക്കില്ല. കാരണം അവ സവിശേഷമാംവിധം എഴുതപ്പെട്ടവയാണ്. എന്നാല്‍ ബുദ്ധിക്കും യുക്തിക്കും കാലഘട്ടത്തിനും ഉള്‍ക്കൊള്ളാന്‍ ആവാത്ത ഭാഗിക കാര്യങ്ങളും ശത്രുതകളും മതഗ്രന്ഥങ്ങളില്‍ ഉണ്ട്. മതഗ്രന്ഥങ്ങളില്‍ അമിതമായ ഹ്യൂമന്‍ ടച്ച് പതിഞ്ഞിട്ടുണ്ട്. ഏക ദൈവത്തെ സ്വകാര്യ താല്പര്യ വ്യാപനത്തിനും ഏകപക്ഷീയമായ വിശദീകരണത്തിനും വക്രീകരിക്കപ്പെട്ട കാഴ്ചപ്പാടിനും വിധേയമാക്കി. മതഗ്രന്ഥങ്ങള്‍ എല്ലാം പുരുഷന്മാരാല്‍ എഴുതപ്പെട്ടതു കൊണ്ട് സ്ത്രീ തുല്യതയും മാതൃത്വവും അതില്‍ കുറവായിരിക്കും. ശാസ്ത്രബോധം പൊതുവേ കുറവായിരിക്കും. ലോകത്തില്‍ ഒരിടത്തോ ഒരു കാലത്തോ എഴുതപ്പെട്ടതു കൊണ്ട് കാലഘട്ടത്തിന്റെ കളങ്കവും കുറവുകളും അതില്‍ സംഭവിക്കാം. മതഗ്രന്ഥങ്ങള്‍ തങ്ങളുടേത് മാത്രമാണെന്ന് ചിന്തിക്കുമ്പോഴും അതില്‍ കുറവുകള്‍ ഉണ്ടാകും. ഒരു മതഗ്രന്ഥവും പരമ ഗ്രന്ഥമല്ല.

മതഗ്രന്ഥങ്ങളില്‍ തെറ്റുണ്ട് എന്ന് അംഗീകരിക്കുന്നത് പ്രധാനമാണ്. യുദ്ധങ്ങളും കൊലപാതകങ്ങളും സ്ത്രീവിദ്വേഷങ്ങളും ദേശീയ തീവ്രവാദങ്ങളും കലഹങ്ങളും ഉള്ള ഗ്രന്ഥങ്ങളാണ് മതഗ്രന്ഥങ്ങള്‍. പൗരാണിക കാലഘട്ടത്തിന്റെ സ്വാധീനങ്ങളും അജ്ഞതയും അതില്‍ ഉണ്ടാകുമെന്നതിനാല്‍ അതിലെ എല്ലാ വാക്യങ്ങള്‍ക്കും ഒരേ പോലുള്ള മൂല്യം ഉണ്ടാവില്ല. പൊതുവിലുള്ള ഒരു സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വേണം വാക്യങ്ങളെയും അധ്യായങ്ങളെയും തിരിച്ചറിയാന്‍. മതഗ്രന്ഥങ്ങളില്‍ ഉള്ളതെല്ലാം ശരിയാകണമെന്നില്ല. മറ്റുള്ളവരെ കൊല്ലാനും വ്യഭിചരിക്കാനും കൊള്ള മുതല്‍ മോഷ്ടിക്കാനും ശത്രുക്കളെ തുര ത്താനും ഒക്കെ പറയുന്ന കാര്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്തു വേണം മനസ്സിലാക്കാന്‍. ഒരു വാക്കും ഒരു വാക്യവും അതില്‍ തന്നെ പൂര്‍ണ്ണമല്ല.

മതങ്ങളെല്ലാം പഠിപ്പിക്കുന്നതും ആചാര അനുഷ്ഠാനങ്ങള്‍ നടത്തുന്നതും പരലോകത്തെ ചൂണ്ടിക്കാണിച്ചാണ്. ആചാര അനുഷ്ഠാനങ്ങളിലൂടെ ആ പരലോകത്തേക്ക് എത്തിക്കാനാണ് മതനേതാക്കള്‍ പ്രസംഗിക്കുന്നത്. ജീവിക്കാന്‍ വേണ്ടി ഒരു തൊഴില്‍ എന്നപോലെ ചില 'മത തൊഴിലാളികള്‍' നില്‍ക്കുകയാണ്. എല്ലാ മനുഷ്യ-പ്രപഞ്ച മേഖലയിലും തലങ്ങളിലും സഹായകവും പ്രയോജനകരവും ആവുന്നില്ലെങ്കില്‍ മതം കൊണ്ട് അര്‍ത്ഥമില്ല. മതം ഒരു സെപ്പറേറ്റഡ് യാഥാര്‍ത്ഥ്യമല്ല, ജീവിതബന്ധിയാണ്. ഉണ്ണുന്നതും ഉടുക്കുന്നതും ചരിക്കുന്നതും പെരുമാറുന്നതും എല്ലാം ഒന്നാണ്.

ഒരു രാജ്യപൗരന്‍ എന്ന നിലയില്‍ ഒരു വ്യക്തി മതനിയമത്തേക്കാള്‍ രാജ്യഭരണഘടനയ്ക്ക് പ്രാധാന്യം നല്‍കണം. മതനിയമങ്ങള്‍ അവന്റെ സ്വകാര്യജീവിത ത്തിന്റെ ഭാഗമാണ്. ഒരുവന്റെ മതനിയമം അപരന് ശല്യമാകാന്‍ പാടില്ല. ഇന്ത്യയിലാണെങ്കില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനും പ്രാധാന്യം നല്‍കണം. ഇവ മൂന്നും പാലിച്ചാല്‍ എല്ലാ മത നിയമങ്ങളും അതില്‍ ഉള്‍പ്പെടും. സോഷ്യലിസം മതത്തിലെ കാരുണ്യവും സ്‌നേഹവും നിലനിര്‍ത്തും. ജനാധിപത്യം മനുഷ്യനിലെ തുല്യതയും ബഹുമാന്യതയും ഉള്‍ക്കൊള്ളും. മതേതരത്വം പരസ്പര സഹകരണവും പരസ്പര ആദരവും കാണിച്ചുകൊടുക്കുന്നു. ഒരു മതവും മറ്റൊരു മതത്തിന് മീതെ പ്രവര്‍ത്തിക്കേണ്ടതില്ല. ഓരോ മതത്തിലും എല്ലാ മതങ്ങളും ഉള്‍ക്കൊള്ളും. ധര്‍മ്മവും സ്‌നേഹവും കാരുണ്യവും ഭരണഘടനയില്‍ തന്നെയുണ്ട്.

മതഗ്രന്ഥങ്ങളും മതങ്ങളും എല്ലാം അപൂര്‍ണ്ണമാണ്. സത്യാന്വേഷണങ്ങളിലാണ് എന്നും മതങ്ങള്‍. സത്യം പൂര്‍ണ്ണമായും ആര്‍ക്കും ലഭിച്ചിട്ടില്ല. മതങ്ങളുടെ സംഭാവനകള്‍ പുരാതനകാലങ്ങളില്‍ വലുതായിരുന്നു. ഇന്ന് മതങ്ങള്‍ ഒന്നും തന്നെ സംഭാവനകള്‍ നല്‍കുന്നില്ല. സമ്പാദിച്ച് കൂട്ടുന്നതേയുള്ളൂ. ഇന്ത്യന്‍ ഭാഷകള്‍, നിഘണ്ടുക്കള്‍, വ്യാകരണങ്ങള്‍, ഗദ്യങ്ങള്‍, ഭാഷാ വികസനങ്ങള്‍ ഒക്കെ ക്രിസ്ത്യാനികള്‍ നല്‍കിയിട്ടുണ്ട്. ചിത്രകല, സംഗീതം, ശില്പം, സൗന്ദര്യബിംബങ്ങള്‍ ഹൈന്ദവ എഴുത്തുകളിലുണ്ട്. നേര ത്തെ ഒരു മതക്കാരും ഒരു മതത്തിലെ മാത്രം ദൈവത്തെയല്ല ആരാധിച്ചത്. പഴയകാല മുസ്ലീമുകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും അടുത്തടുത്തും അടുപ്പത്തോടെയുമാണ് കഴിഞ്ഞിരുന്നത്.

മതങ്ങളുടെ പശ്ചാത്തലത്തി ലാണ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഇന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വിശുദ്ധി നഷ്ടപ്പെട്ടു. ദ്രവ്യാഗ്രഹം മറഞ്ഞിരിക്കു ന്ന സ്ഥലമാണ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. അവിടെ ഓരോ കര്‍മ്മങ്ങള്‍ക്കും വില നിശ്ചയിച്ച ബോര്‍ഡുകള്‍ തൂങ്ങിയതോടെ അതിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. പണക്കാരന് കൂടുതല്‍ അനുഗ്രഹവും പാവപ്പെട്ടവന് കുറച്ച് അനുഗ്രഹങ്ങളും എന്ന നില മതങ്ങളിലെ ആചാരാനുഷ്ഠാന സാമ്പത്തിക നിലപാട് കാരണമാക്കുന്നു.

മതത്തിന്റെ ഉല്‍പന്നമാണ് ജാതി അല്ലെങ്കില്‍ ജാതിയുടെ ഉല്‍പന്നമാണ് മതം. ഇവ രണ്ടും കെട്ടുപിണഞ്ഞ് കിടക്കുന്നതിനാല്‍ യഥാര്‍ത്ഥ ആത്മീയതയ്ക്ക് മതം തടസ്സമാകും. തൊഴില്‍ വിഭജനവും സാമ്പത്തിക അസമത്വവും തൊട്ടുകൂടായ്മയും സാമൂഹിക ശ്രേണീകരണവും ജാതിയിലുള്ളതുപോലെ അതിന്റെ വാങ്ങല്‍ മതത്തിലും ഉണ്ടാകും. മതം പരിശുദ്ധമാകണമെങ്കില്‍ സമൂഹത്തിലെ അസമത്വങ്ങളും അനാചാരങ്ങളും ഇല്ലാതായേ പറ്റൂ. പക്ഷേ ഇതിലെല്ലാം മതവും ജാതിയും ഉണ്ട്. ശരിയായ ഒരു ആത്മീയത മതത്തില്‍ നിന്ന് ലഭിക്കാത്തപ്പോള്‍ അന്തച്ഛിദ്രങ്ങളും ദുഷ്പ്രവര്‍ത്തികളും മതത്തില്‍ കടന്നുകൂടും, അന്ധവിശ്വാസം മതത്തിന്റെ ഒരു വില്ലനാണ്. ഇത്തിക്കണ്ണികള്‍ മരങ്ങളില്‍ വളരുന്നതുപോലെ വിശ്വാസതരുവില്‍ അന്ധവിശ്വാസവും വളരും. അത് യഥാര്‍ത്ഥ ആത്മീയതയ്ക്കും ലോകസമാധാനത്തിനും തടസ്സം ഉണ്ടാക്കും.

മതമല്ല എപ്പോഴും വിഷയം. മതത്തിന്റെ പേരില്‍ മത കാര്യസ്ഥര്‍ എടുക്കുന്ന നിലപാടുകളാണ് വിഷയം. ഹിന്ദുമതത്തില്‍ നിന്ന് ഹിന്ദുത്വവാദത്തിലേക്കും ഇസ്ലാം മതത്തില്‍ നിന്ന് ഇസ്ലാമിക തീവ്രവാദത്തിലേക്കും ക്രിസ്തുമതത്തില്‍ നിന്ന് ക്രിസ്തീയ തീവ്രവാദത്തിലേക്കും കടക്കുമ്പോള്‍, മതം ഒരു ഭാരവും ശല്യവും ഉപദ്രവവും ആകുന്നു. ഇന്ന് ഇവയൊക്കെയാണ് ലോകത്തില്‍ കാണുക. ഒരു ചെറിയ ഗ്രൂപ്പ് മതി ഒരു വലിയ സമൂഹത്തെ അപരിഷ്‌കൃതമാക്കാന്‍. ആരാധനാലയങ്ങളിലും ഗുഹകളിലും ഒന്നുമല്ല ജീവിതത്തിന്റെ നാനാത്വത്തിലും ഏകത്വത്തിലും വിശ്വസിക്കുന്നവര്‍ക്കേ യഥാര്‍ത്ഥ മതവിശ്വാസിയാകാനാവൂ. മതത്തെ ജനകീയമാക്കുന്നതിന് സാധിക്കണം. മതനേതൃത്വങ്ങള്‍ പക്ഷം പിടിക്കാതെ മതത്തിലെ നന്മയും സാരാംശവും എല്ലാവര്‍ക്കും നല്‍കാന്‍ ശ്രമിക്കണം. സ്വന്തം മതം ശ്രേഷ്ഠം, അതുമാത്രം വളരണം എന്ന ചിന്ത ശുഭകരമല്ല.

മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ആത്മാവാണ് എന്ന് മാര്‍ക്‌സ് പറയുന്നു. മനുഷ്യന്റെ നെടുവീര്‍പ്പും ആശ്വാസവുമായി അദ്ദേഹം മതത്തെ ചിത്രീകരിച്ചിട്ടുണ്ട്. മതം ഒരു കറുപ്പാണ് എന്ന് പിന്നീട് മാര്‍ക്‌സ് പറയുമ്പോഴും മതം ആശ്വാസം നല്‍കുന്നു എന്ന അര്‍ത്ഥത്തിലാണ് പറയപ്പെടുന്നത്. മതത്തെ തള്ളിക്കളയുന്നതിനേക്കാള്‍ മതഭ്രാന്തന്മാര്‍ പറയുന്ന വിഡ്ഢിത്തരത്തെയാണ് തള്ളിക്കളയേണ്ടത്.

  • മതങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെടണം

മതങ്ങളെയും മതങ്ങള്‍ വളര്‍ത്തിയെടുത്ത തീവ്ര നിലപാടുകളെയും നിയമസംഹിതകളെയും പുനഃപരിശോധനയ്ക്ക് വിധേയമാക്കി ആധുനികരിക്കേണ്ടതാണ്. മതഗ്രന്ഥങ്ങള്‍ക്കൊക്കെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനിക ലോകത്തിനും കാഴ്ചപ്പാടിനും നിരക്കാത്തതായ ഘടകങ്ങള്‍ മതജീവിതങ്ങളിലേക്ക് കടന്നുകൂടിയിട്ടുണ്ട്. മതം ഒരു വികാരമാണ്. വികാരമാകുമ്പോള്‍ അതിനെ സ്‌നേഹിക്കുന്നവര്‍ക്ക് കൈപൊ ള്ളും. മത തീവ്ര നിലപാടുകളുമായി മുന്നോട്ടു പോകാനാണ് നേതൃത്വങ്ങള്‍ ആഗ്രഹിക്കുക. തങ്ങളുടെ സുരക്ഷിതത്വം, പണം, അധികാരം എന്നിവയ്ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ ഒരു പരിഷ്‌കാരത്തിനും പൊതുവേ മത നേതാക്കള്‍ തയ്യാറാവില്ല. എന്നാല്‍ ആധുനികലോകം മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മതം നിലനില്‍ക്കണമെങ്കില്‍ അതിജീവിക്കണമെങ്കില്‍ ആധുനികവത്കരണം നടത്തിയെ പറ്റു മനുഷ്യന്‍ എന്നും പഴയ ആചാരങ്ങളെയും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും തള്ളിക്കളയാന്‍ ക്രമേണ തയ്യാറാകേണ്ടതുണ്ട്. മതഗ്രന്ഥങ്ങളെ ചരിത്രപരമായ വിമര്‍ശനത്തിനു (historical criticism) വിധേയമാക്കണം. മതഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങള്‍ തള്ളിക്കളഞ്ഞില്ലെങ്കിലും അപ്രധാനമായി മാറ്റിനിര്‍ത്തണം. മതങ്ങള്‍ അതിജീവിക്കണമെങ്കില്‍ മതഗ്രന്ഥങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകണം. പ്രത്യയശാസ്ത്രപരമായും അനുഷ്ഠാനാചാരങ്ങളിലും സാരമായ മാറ്റം ഈ കാലം ആവശ്യപ്പെടുന്നുണ്ട്.

എല്ലാ മതങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കാതെ തരമില്ല. സമാധാനത്തിന്റെ മതം, കരുണയുടെ മതം, സാഹോദര്യത്തിന്റെ മതം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇന്ന് കാണ്മാനില്ല. സമാധാനത്തിനു പകരം അസമാധാനം മതത്തിനകത്തും മതത്തിനു പുറത്തും അലതല്ലുന്നുണ്ട്. കരുണയുടെ മതം കരുണയില്ലായ്മയുടെ അനുഭവത്തിലൂടെ ലോകമെങ്ങും പ്രത്യേകിച്ച് മറ്റുള്ളവരോടു കാണിക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുന്നു. സ്വന്തം സമൂഹത്തിലുള്ളവരോടും സാഹോദര്യം പങ്കുവയ്ക്കുന്നത് ഒട്ടും തന്നെ കാണുന്നില്ല. ഏറ്റവും വലിയ യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള സൗദിയില്‍ വലിയ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് വലിയ സ്വാതന്ത്ര്യം കൊടുത്തു കൊണ്ടിരിക്കുന്നു. ഇറാനില്‍ പെണ്‍കുട്ടികള്‍ തട്ടം മാറ്റി സമരം ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും അധികം മുസ്ലീങ്ങള്‍ ഉള്ള ഇന്‍ഡോനേഷ്യയില്‍ 2000 മുതല്‍ വലിയ മാറ്റത്തിന് വിധേയമാകുന്നുണ്ട്. തീവ്ര നിലപാടുകള്‍ക്കെതിരെ അവിടുത്തെ ഭരണകൂടം നടപടികളും നിയമത്തിരുത്തലുകളും നടത്തുന്നുണ്ട്. മുസ്ലീമുകളും കാഫിറുകളും (Non Muslim) എന്ന വ്യത്യാസം വേണ്ടെന്ന് തീരുമാനിച്ചു. ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു തുടങ്ങി. കാലിഫേറ്റ് വേണ്ട മതവും രാഷ്ട്രീയവും ഒന്നിക്കണ്ട എന്ന നിലപാടും എടുത്തു. ഇത് നല്ല ഒരു ലക്ഷണമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org