ആചാരാനുഷ്ഠാനങ്ങളിലെ അധീശത്വത്തിന്റെ ഞാണൊലികള്‍

ആചാരാനുഷ്ഠാനങ്ങളിലെ അധീശത്വത്തിന്റെ ഞാണൊലികള്‍
മതാചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യന്റെ വൈകാരികതയ്ക്കും സമൂഹജീവിതത്തിനും രൂപവും ഭാവവും നല്കുന്നു. ഏതൊരുവന്റെയും വ്യക്തി ജീവിതശൈലികളും സമൂഹജീവിത പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനക്രമങ്ങളുമായി അഭേദ്യം ബന്ധമുള്ളതാണ്.

ജോസ് ഓലിയപ്പുറത്ത്

ആമുഖം

മതവിശ്വാസത്തിന്റെ സ്വാഭാവിക ബഹിര്‍സ്ഫുരണമാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. മതവിശ്വാസങ്ങളില്‍ മാത്രമല്ല തത്വാധിഷ്ഠിത ജീവിത പ്രക്രിയകളിലും നിയോഗംപോലെ ആവര്‍ത്തിക്കപ്പെടുന്ന നിഷ്ഠകളും ശൈലികളും കാണാന്‍ കഴിയും. മിക്കവാറും ആവര്‍ത്തനാനുഷ്ഠാനങ്ങളും ശൈലികളും താത്വികവും സാംസ്‌കാരികവുമായ നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതും. ഇപ്രകാരമുള്ള അനുഷ്ഠാനക്രമങ്ങളില്‍ വൈകാരിക തീവ്രതയും ജീവിതഗന്ധിയായ തത്വസംഹിതകളും അന്തര്‍ലീനമാണ്. മനുഷ്യനന്മയും ഏകതാനത ജീവിതശൈലിയും സമൂഹജീവിതത്തിലും വ്യക്തി ജീവിതത്തിലും സമാധാനവുമാണ് പൊതുവെ മതജീവിതത്തിന്റെ മാനുഷിക ലക്ഷ്യമെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ സമൂഹത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് മതാടിസ്ഥാനത്തിലാണ്. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍, പെരുനാളുകള്‍ തുടങ്ങിയവ മതജീവിതവുമായി ബന്ധപ്പെട്ടാണ് പൊതുവെ നടത്തപ്പെടുന്നത്. കുടുംബങ്ങളിലും വ്യക്തിജീവിതത്തിലും ജനനം മുതല്‍ മരണംവരെയും മരണാനന്തരവും മതവുമായി ബന്ധപ്പെട്ടാണ് ആചാരാനുഷ്ഠാനങ്ങള്‍ നടത്തപ്പെടുന്നത്. ആചാരാനുഷ്ഠാനങ്ങളാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതെന്നു പറയുന്നതില്‍ അതിശയോക്തിയില്ല. മതം, സംസ്‌കാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സമൂഹജീവിതം ഇവയെല്ലാം പരസ്പരബന്ധിതങ്ങളാണ്; വേര്‍തിരിച്ചു കാണാന്‍ പ്രയാസവുമാണ്.

അനുഷ്ഠാനങ്ങളും വൈകാരികതയും

മതാചാരങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യന്റെ വൈകാരികതയ്ക്കും സമൂഹജീവിതത്തിനും രൂപവും ഭാവവും നല്കുന്നു. ഏതൊരുവന്റെയും വ്യക്തിജീവിതശൈലികളും സമൂഹജീവിത പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനക്രമങ്ങളുമായി അഭേദ്യം ബന്ധമുള്ളതാണ്. അനുഷ്ഠാനാവര്‍ത്തനങ്ങള്‍ വ്യക്തികളില്‍ ചില മൂല്യങ്ങളും മനോഭാവങ്ങളും രൂപപ്പെടുത്തുന്നതിനും ഇടയാകും. ആചാരാനുഷ്ഠാനങ്ങള്‍ വ്യക്തിയെ ഉത്തേജിപ്പിക്കും. മനോവീര്യം, സ്വത്വബോധം എന്നിവ വളര്‍ത്തും. എന്തൊക്കെയോ സ്വായത്തമാക്കിയിട്ടുണ്ട് എന്നപോലെ പ്രവര്‍ത്തനോന്മുഖനാക്കും.

വൈകാരികതയുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ ബന്ധങ്ങള്‍ വളര്‍ത്താനും സമൂഹത്തെയും സമുദായത്തെയും ഒരുമിച്ചുനിറുത്താനും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ഉപകാരപ്പെടുത്താന്‍ കഴിയും. തെറ്റിലേക്കും ശരിയിലേക്കുമുള്ള ചായ്‌വുകള്‍ രൂപപ്പെടുത്താനും ശ്രേഷ്ഠമോ ഹീനമോ ആയ മാറ്റങ്ങള്‍ വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിച്ചെടുക്കാനും ഇതുവഴി സാധിക്കും. ഒരുപരിധിവരെ ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ തനിമ (identity) കാത്തുസൂക്ഷിക്കാനും ഇതു പ്രയോജനപ്രദമാണ്. സാംസ്‌കാരിക പാരമ്പര്യത്തിന്റെ പ്രാരംഭംമുതല്‍തന്നെ ഓരോ സമൂഹവും താന്താങ്ങളുടെ തനിമ നിലനിറുത്തിയിരുന്നത് ആ സമൂഹത്തിന് പൊതുവായ ആചാരാനുഷ്ഠാനക്രമങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടാണ്. ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ട ആചാരക്രമങ്ങള്‍ സമൂഹത്തില്‍ താന്താങ്ങളുടേതായ ശ്രേണികളും (heirarchical order) നിശ്ചയിച്ചിരുന്നു. ഒരുപ്രകാരത്തില്‍ ഇവ്വിധമുളള ആചാരശ്രേണികളാണ് സാവധാനം മതാധികാരങ്ങളുടെയും അധീശത്തങ്ങളുടെയും ചിന്തകള്‍ക്കു വഴിമരുന്നിട്ടത്. ആധുനിക കാലത്ത് മതപ്രകാരമുള്ള ആചാരാനുഷ്ഠാനക്രമങ്ങള്‍ അധികാര വിനിയോഗത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും (വെളിച്ചപ്പാട്, പൂജാരി, പുരോഹിതന്‍, പുരോഹിതശ്രേഷ്ഠന്‍, പരികര്‍മ്മി, ശുശ്രൂഷി) ഏറിയപങ്കും മാനസിക, ആന്തരിക, വൈകാരിക തലങ്ങളിലെ ആവശ്യങ്ങളിലാണ് അവ പ്രയോഗിക്കപ്പെടുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ ഒരു വ്യക്തി ആരെന്നും വെളിപ്പെടുത്തുന്നു.

പല സന്ദര്‍ഭങ്ങളിലും സമൂഹത്തിന് ഏകാന്തതയും നഷ്ടബോധവും ഉണ്ടാകുമ്പോള്‍ താങ്ങിനിറുത്തുന്നത് ചില പ്രത്യേക ആചാരങ്ങളും ക്രമങ്ങളുമാണ്. ചിലപ്പോള്‍ ഒരു പ്രത്യേക ഭാഷയായിരിക്കാം (ഹീബ്രൂ, സംസ്‌കൃതം, സുറിയാനി, തമിഴ്). ചിലപ്പോള്‍ ചില അനുഷ്ഠാന ക്രമങ്ങളാകാം (സൂര്യനെനോക്കി പ്രാര്‍ത്ഥിക്കുക, കിഴക്കോട്ടു തിരിഞ്ഞ് നില്ക്കുക, ബലിപീഠം നോക്കി പൂജ ചെയ്യുക, മൃതദേഹം മണ്ണില്‍ മറവുചെയ്യുക, മൃതശരീരം ഭസ്മീകരിക്കുക, പക്ഷികള്‍ക്ക് മൃതശരീരം ആഹാരമായി നല്കുക). ചിലയവസരങ്ങളില്‍ ചില അനുഷ്ഠാന കലകള്‍ ആകാം (മാര്‍ഗംകളി, കഥകളി, തെയ്യം, ചവിട്ടുനാടകം). ചില നിറങ്ങളും അടയാളങ്ങളുമാകാം (കുരിശ്, അതില്‍ത്തന്നെ കുരിശുകളുടെ അവാന്തര വിഭാഗങ്ങള്‍, ചന്ദ്രക്കല, ശൂലം, വേല്‍, പച്ചനിറം, മഞ്ഞനിറം, കാവിനിറം). ഇവയെല്ലാം സമൂഹത്തിന്റെ കെട്ടുറപ്പിനും സാമുദായിക വൈകാരികത വളര്‍ത്തുന്നതിനും ഭയരഹിത മുന്നേറ്റങ്ങള്‍ നടത്തുന്നതിനും സമുദായ ഐക്യം സൂക്ഷിക്കുന്നതിനും ഉപകാരപ്പെടുമെന്നും അനുമാനിക്കുന്നു.

അനുഷ്ഠാനങ്ങളും വേര്‍തിരിവുകളും

ആചാരാനുഷ്ഠാനങ്ങള്‍ ഒരു വ്യക്തിയില്‍ അല്ലെങ്കില്‍ ഒരു സമൂഹത്തില്‍ ചില സ്വഭാവ ശൈലികള്‍ രൂപപ്പെടുത്താന്‍ ഉപകാരപ്പെടുകയും സ്വന്തമെന്ന മനോഭാവം ഉത്ഭവിപ്പിക്കുകയും ചെയ്യും. മാത്രമല്ല, വ്യക്തിയോ സമൂഹമോ ചെയ്യുന്ന പ്രവൃത്തി ശരിയാണെന്ന ബോധ്യം ജനിപ്പിക്കുകയും ചെയ്യും. ഇപ്രകാരമുള്ള പ്രവൃത്തികളിലെ രസകരമായ വസ്തുത വിശുദ്ധിയും മോക്ഷവുമായി ബന്ധപ്പെട്ടതലത്തില്‍ മനുഷ്യര്‍ നടത്തുന്ന പ്രക്രിയകളാണിവ. അതിനാല്‍ ഇപ്രകാരമുള്ള കാര്യങ്ങള്‍ക്ക് ബൗദ്ധികാടിത്തറ തുലോം കുറവാണ്. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബൗദ്ധികാടിത്തറ കുറവായതിനാല്‍ നിയതമായ ലക്ഷ്യവും ഉണ്ടാകില്ല. അനുഷ്ഠാനങ്ങള്‍ക്ക് അതില്‍ത്തന്നെയാണ് അതിന്റെ ലക്ഷ്യം. ഇന്ദ്രിയപരമായ പ്രവൃത്തികളിലൂടെ ഇന്ദ്രിയാതീത അനുഭൂതികള്‍ ലഭ്യമാകുമെന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു. ആചാരാനുഷ്ഠാനങ്ങള്‍ പൊതുവെ ദോഷകരമായി ബാധിച്ചിരുന്നില്ല. ചില അന്ധവിശ്വാസങ്ങള്‍ മാത്രമാണ് ഇതുവഴി ഉടലെടുത്തിരുന്നത്.

ഒരുവന്റെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മതപരവും വര്‍ഗ-ജാതിപരവുമായ വേര്‍തിരിവുകള്‍ സാവധാനം രൂപപ്പെടുന്നതായിക്കാണാം. ഒരേ അനുഷ്ഠാനക്രമങ്ങള്‍ പാലിക്കുന്നവരേയും ഒരേതരം തൊഴിലില്‍ ഏര്‍പ്പെടുന്നവരേയും ഒരുമിച്ചു കാണാന്‍ ശ്രമിക്കുകയും പരസ്പരം വേര്‍തിരിച്ചു നിറുത്തുന്നതിനു ആരംഭം കുറിക്കുകയും ചെയ്തു. അതു പിന്നീട് അധികാരം, അധീശത്തം തുടങ്ങിയ മേല്‍ക്കോയ്മകളുപയോഗിച്ച് അധീശര്‍, അധീനര്‍, ഉടയവര്‍, അടിയാന്മാര്‍, മേലാളന്മാര്‍, കീഴാളന്മാര്‍, കീഴ്ജാതികള്‍, മേല്‍ജാതികള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്കു ജന്മം നല്കി. ഇവരെയെല്ലാം തിരിച്ചറിഞ്ഞിരുന്നത് അവരുടെ ജീവിതശൈലികളുടെയും അനുഷ്ഠാനക്രമങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ഓരോ കാഘട്ടത്തിലും ഇതിന്റെ സന്തുലിതാവസ്ഥയും തീവ്രതയും മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇവയ്‌ക്കെല്ലാം മതപരമായ നിറക്കൂട്ടുകളും ചാര്‍ത്തിയിരുന്നു.

അനുഷ്ഠാനങ്ങളും അധികാരവും

അനുഷ്ഠാനങ്ങളെയും തദനുസാരം ഉയിര്‍ക്കൊള്ളുന്ന സമൂഹങ്ങളെയും അവസരത്തിനൊത്ത് അധികാരത്തിനും അധീശത്തിനും കാലാകാലങ്ങളായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ അധുനാധുനിക കാലത്തും മേല്‍പറഞ്ഞ കാര്യങ്ങള്‍ക്ക് വ്യതിയാനങ്ങള്‍ സംഭവിക്കുന്നതായി കാണുന്നില്ല. ചില താല്പര്യങ്ങളുടെ സംരക്ഷണത്തിനും എതിര്‍പ്പുകളുടെ വായടയ്ക്കുന്നതിനും താല്പര്യമില്ലാത്ത അവസ്ഥകളെ തച്ചുടയ്ക്കുന്നതിനും സമൂഹത്തില്‍ വിഭജനങ്ങളും ഭിന്നിപ്പുകളും സൃഷ്ടിച്ച് ചിലരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കവചമായും ഇന്ന് മതാചാരങ്ങളും അനുഷ്ഠാനങ്ങളും മതനേതാക്കളുടെ പ്രത്യക്ഷവും പരോക്ഷവുമായ അനുവാദങ്ങളോടെ അരങ്ങേറുന്നതായി കാണാം. അനുഷ്ഠാനങ്ങളുടെ ഏകീകരണം, വികേന്ദ്രീകരണം ഇവ വഴി അധികാരങ്ങള്‍ നിലനിറുത്താനും അധികാരികളായിത്തീരാനുള്ള പുതിയ ഐക്യസമവാക്യങ്ങള്‍ സൃഷ്ടിക്കാനും ഇടയാകുന്നു.

മനഃശാസ്ത്ര നിരീക്ഷകനായ ഫ്രോയ്ഡിന്റെ അഭിപ്രായത്തില്‍ അനുഷ്ഠാനങ്ങള്‍ ഒരു ന്യൂറോട്ടിക് അവസ്ഥയാണ്. കാരണം ഇത് ശാസ്ത്രീയവും പ്രായോഗികവുമായ കാര്യങ്ങളെ നിരാകരിക്കുന്നു. മതങ്ങളിലൂടെ കാണിക്കാന്‍ ശ്രമിക്കുന്ന നിരവധി കാര്യങ്ങള്‍ ഒബ്‌സസീവ് കളക്ടീവ് ന്യൂറോസിസ് (obsessive collective neurosis) ആണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. കാരണം അനുഷ്ഠാനങ്ങള്‍ക്ക് താത്വികാടിത്തറ കുറവാണ്.

അനുഷ്ഠാനങ്ങളും സംസ്‌കാരവും

അനുഷ്ഠാനങ്ങള്‍ സംസ്‌കാരത്തിന്റെ പ്രകാശനമാണെന്ന് ചിന്തിക്കുന്നവര്‍ നിരവധിയാണ്. ഇതെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള എഡ്മണ്ട് ലീച്ച് (Edmund Leach) പറയുന്നത് അനുഷ്ഠാനങ്ങള്‍ സാംസ്‌കാരികാധിഷ്ഠിത സ്വഭാവശൈലികളുടെ പ്രകടനം എന്നാണ്. ഇതിലൂടെ സമൂഹവും മതവും തമ്മിലുള്ള ആന്തരിക ബന്ധത്തെയും (interrelation) സൂചിപ്പിക്കുന്നുണ്ട്. ഓരോപ്രദേശത്തും നിലനില്ക്കുന്ന ആചാരാനുഷ്ഠാനക്രമങ്ങളെ വേര്‍തിരിച്ചറിയാന്‍ മേല്‍പറഞ്ഞ ചിന്ത ഉപകാരപ്പെടും. നാടിനു ചേരാത്തതും സ്വാംശീകരിക്കാന്‍ പ്രയാസമുള്ളതുമായ അനുഷ്ഠാനക്രമങ്ങള്‍ അനുവര്‍ത്തിക്കണമെന്നു ശഠിക്കുന്നത് വിരോധാഭാസമാണ്. അപ്രകാരമുള്ള നീക്കങ്ങളില്‍ ഉദ്ദേശ്യശുദ്ധിക്കു കളങ്കമുണ്ടോ എന്നും ചിന്തിക്കേണ്ടതാണ്.

മതത്തെയും മനുഷ്യനെയുംകുറിച്ച് അപഗ്രഥനങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ് ആന്റെണി വാല്ലെസ് (Antony Wallace). അദ്ദേഹത്തിന്റെ മതം: ഒരു മനുഷ്യാത്മക കാഴ്ചപ്പാട് (Religion: An Anthropological View) എന്ന പുസ്തകത്തില്‍ മതാനുഷ്ഠാനക്രമങ്ങളെ പല ഖണ്ഡങ്ങളായി തിരിച്ചു കാണുന്നുണ്ട്. സാങ്കേതികാനുഷ്ഠാനങ്ങള്‍, രോഗ, അരോഗ അനുഷ്ഠാനങ്ങള്‍, ആശയാധിഷ്ഠിത അനുഷ്ഠാനങ്ങള്‍ എന്നിവയാണവ.

ഒരേ അനുഷ്ഠാനക്രമങ്ങള്‍ പാലിക്കുന്നവരേയും ഒരേതരം തൊഴിലില്‍ ഏര്‍പ്പെടുന്നവരേയും ഒരുമിച്ചു കാണാന്‍ ശ്രമിക്കുകയും പരസ്പരം വേര്‍തിരിച്ചു നിറുത്തുന്നതിനു ആരംഭം കുറിക്കുകയും ചെയ്തു. അതു പിന്നീട് അധികാരം, അധീശത്തം തുടങ്ങിയ മേല്‍ക്കോയ്മകളുപയോഗിച്ച് അധീശര്‍, അധീനര്‍, ഉടയവര്‍, അടിയാന്മാര്‍, മേലാളന്മാര്‍, കീഴാളന്മാര്‍, കീഴ്ജാതികള്‍, മേല്‍ജാതികള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്കു ജന്മം നല്കി.

ആശയാധിഷ്ഠിത അനുഷ്ഠാനങ്ങള്‍

ആശയാധിഷ്ഠിത അനുഷ്ഠാനങ്ങളില്‍ പ്രധാനമായും മൂന്നു ഭാഗങ്ങള്‍ ഉള്ളതായി പറയുന്നു. അതില്‍ ഒന്നാമത്തേത് വ്യക്തിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഉപയോഗിക്കുന്ന അനുഷ്ഠാനക്രമങ്ങളാണ്. ഇത് എല്ലാമതങ്ങളിലും കാണാം. ചിലതരം നോമ്പുകള്‍, ഭക്ഷണക്രമീകരണങ്ങള്‍, സമയക്രമമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍, ദിനചര്യ ക്രമങ്ങള്‍ തുടങ്ങിയവ. സാഹചര്യങ്ങള്‍ക്കുപയുക്തമായ രീതിയില്‍ ഈ അനുഷ്ഠാനങ്ങളെ ക്രമീകരിക്കുന്നു... മതവിശ്വാസത്തിന്റെ തണലില്‍ നടക്കുന്ന അനുഷ്ഠാനങ്ങളായതിനാല്‍ അതിന് വൈകാരികതയും താല്പര്യവും കൂടുതലായിരിക്കും. വ്യക്തികളുടെ ചിന്താഗതികളില്‍ മാറ്റം വരുത്തണമെന്ന് മുന്‍കൂട്ടി പദ്ധതികള്‍ ആസൂത്രണം ചെയ്ത് മതശ്രേഷ്ഠന്മാരുടെ താല്പര്യത്തിനൊത്തവിധം വ്യക്തികളെ സ്വാധീനിക്കാന്‍ ആചാരാനുഷ്ഠാനങ്ങളെ രൂപീകരിക്കുകയും അതിന് ഉപോത്ബലകമായ വിശദീകരണങ്ങള്‍ നല്കുകയും മതനിയമബന്ധനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇതിനായി ചര്‍ച്ചകളോ സമന്വയങ്ങളോ ഉണ്ടാകണമെന്നില്ല. സാഹചര്യങ്ങളെ അനുകൂലവും പ്രതികൂലവുമാക്കാന്‍ കഴിയുന്നവിധം അനുഷ്ഠാനക്രമങ്ങളെ ശ്രദ്ധയോടും സൂക്ഷ്മതയോടുംകൂടെ നടപ്പാക്കാനുള്ള വഴികള്‍ കണ്ടെത്തുന്ന മതാധിപന്മാര്‍ പ്രാദേശികമായും സാര്‍വത്രികമായും ഉണ്ടാകാറുണ്ട്. ചില ഗുപ്ത കാര്യപരിപാടികള്‍ (Hidden agenda) നടപ്പാക്കുന്നതിന് ഇപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളെ കൂട്ടുപിടിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. സമുദായങ്ങളുടെ കെട്ടുറപ്പിനും ജനങ്ങളെ ഒരുമിച്ചു നിറുത്തുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ ലഭ്യമാകുന്നതിനും അധികാരത്തിലും അധീനത്തിലും ആളുകളെ ഒറ്റക്കെട്ടായി നിറുത്തുന്നതിനുമായിരിക്കും ഇപ്രകാരം അനുഷ്ഠാനക്രമങ്ങള്‍ നടപ്പിലാക്കുന്നത്.

അനുഷ്ഠാനങ്ങളും പ്രത്യേക താല്പര്യങ്ങളും

ചിലയവസരങ്ങളില്‍ വ്യക്തിപരവും ആശയപരവുമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിനായും അനുഷ്ഠാനങ്ങളെ ഉപയോഗിക്കും. ഇപ്രകാരം ആരംഭിക്കുന്ന അനുഷ്ഠാനക്രമങ്ങള്‍ പൊതുനന്മയ്ക്കുപകരിക്കുന്നതും സമൂഹമേന്മയ്ക്കു വഴിയൊരുക്കുന്നതും ഐകരൂപ്യം നിലനിറുത്തുന്നതുമായിരിക്കുമെന്നു ആധികാരികമായി പ്രഘോഷിക്കും. ഇതിന്റെ വളരെ പ്രകടമായൊരുദാഹരണമായിരുന്നു സോളമന്‍ രാജാവു നടത്തിയ ചില ഏകീകരണ നിഷ്ഠകള്‍. യഹൂദരുടെ പ്രധാന തിരുനാളുകള്‍ക്കെല്ലാം അതതിന്റെതായ പ്രഘോഷണ പശ്ചാത്തലമുണ്ട്. ചരിത്രപരമായും വിശ്വാസപരമായും മതത്തിന്റെ നന്മയെക്കരുതിയും ഓരോ കാലഘട്ടത്തിലും വളര്‍ന്നുവരുന്ന പുതു തലമുറയുടെ അറിവിനും വിശ്വാസപാരമ്പര്യം കൈമാറുന്നതിനും ഉപകാരപ്പെടുന്ന വിധമാണ് ഈ ദിനങ്ങളിലെ അനുഷ്ഠാനങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ലോകോത്തരബുദ്ധിമാനും വിജ്ഞാനിയുമായിരുന്ന സോളമന്‍ രാജാവ് ഇതോടു ബന്ധപ്പെട്ട് പെസഹ തിരുനാളും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും ഒരുമിച്ച് ആഘോഷിക്കണമെന്ന് ആജ്ഞാപിച്ചു. മാത്രമല്ല, സാധിക്കുന്നിടത്തോളം എല്ലാ യഹൂദരും ഈ തിരുനാളാചരണത്തിന് ജറുസലെമില്‍ ഒത്തുചേരണമെന്നും ജറുസലെം ദേവാലയത്തോടു ബന്ധപ്പെട്ട നേര്‍ച്ചകാഴ്ചകള്‍ക്കു അന്യനാടുകളിലെ നാണയങ്ങള്‍ ഉപയോഗിക്കരുതെന്നും അവയെല്ലാം ഇസ്രായേല്‍ നാണയമായ ഷെക്കല്‍ വഴിയായിരിക്കണമെന്നും നിഷ്‌ക്കര്‍ഷിച്ചു. ഇപ്രകാരമൊരു അനുഷ്ഠാന ശൈലിക്ക് പ്രാരംഭമിട്ടതിനു മതപരമെന്നതിനേക്കാള്‍ മറ്റു പലകാരണങ്ങളുമുണ്ടായിരുന്നു. ഓരോ യഹൂദനും ഇസ്രായേലിന്റെ സന്താനമാണെന്ന വൈകാരിക അടുപ്പം ഉണ്ടാകും... വര്‍ഷത്തിലൊരിക്കല്‍ ഏതാണ്ടൊരുമാസത്തേക്കെങ്കിലും ജറുസലെമും പരിസര പ്രദേശങ്ങളും അടുത്ത ഒരു വര്‍ഷത്തേക്കാവശ്യമായ സാമ്പത്തികനേട്ടം കൈവരിക്കുന്നതിനാവശ്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് അവസരമുണ്ടാകും... മതവും രാജ്യവും തന്റെ സ്വന്തമെന്ന അഭിമാനം ജനിക്കും... രാജാവിന്റെ ഖജനാവില്‍ പണം കുമിഞ്ഞു കൂടുന്നതിന് ഇടയാവുകയും ചെയ്യും... ജറുസലെം പട്ടണത്തിലും പരിസരപ്രദേശങ്ങളിലും എല്ലാത്തരം കച്ചവടങ്ങള്‍ക്കും സാധ്യതയുണ്ടാക്കി... സമുദായത്തിന് ദൈവാലയത്തോടും ജറുസലെമിനോടും ഭക്തിയും ആദരവും വര്‍ധിച്ചു.

ഇവ്വിധ ശൈലികള്‍ മതവുമായി ബന്ധപ്പെടുത്തി എല്ലാ സ്ഥലങ്ങളിലും മതാധികാരികള്‍ വഴിയും രാജ്യാധികാരികള്‍ വഴിയും നടപ്പാക്കിയിരുന്നതായി കാണാം. മതവിശ്വാസികളുടെ സമൂഹങ്ങളില്‍ പുതിയ പുതിയ അനുഷ്ഠാനക്രമങ്ങള്‍ നടപ്പാക്കുമ്പോള്‍ അതു പാലിക്കേണ്ടിവരുന്ന സാധാരണ ജനത്തിനുള്ള ഉപകാരം, നന്മയെന്നതിനേക്കാള്‍ മതനേതൃത്വത്തിലിരിക്കുന്നവര്‍ക്കു താന്താങ്ങളുടെ താല്പര്യങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗമായി മാറ്റുന്നതിനുവേണ്ടി പൊതുജനത്തെ, വിശ്വാസസമൂഹത്തെ ഉപയോഗിക്കുന്നതായി തോന്നിപ്പോകും.

ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ പൊതുസമൂഹത്തില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനും താല്പര്യമില്ലാത്ത അധികാരങ്ങളെ തകിടംമറിക്കാനും രാഷ്ട്രീയ തല്പരകക്ഷികള്‍ മതാചാരങ്ങളെ കൂട്ടുപിടിക്കാറുണ്ട്. മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാര്യത്തില്‍ പുരോഗമനവാദികളും പാരമ്പര്യവാദികളും ഒരേപോലെ മുന്നേറുന്ന സാഹചര്യങ്ങള്‍ സംജാതമാകുമ്പോള്‍ മതാധികാരികള്‍ എന്താണോ ആഗ്രഹിക്കുന്നത് അതിനനുകൂലമായവിധം അനുഷ്ഠാനക്രമങ്ങളെ സാധൂകരിച്ച് തങ്ങള്‍ക്കനുകൂലമല്ലാത്തവരെ തറപറ്റിക്കാന്‍ ശ്രമിക്കുന്ന ശൈലികളും ചരിത്രത്തിന്റെ ഭാഗമാണ്. വൈകാരികതയെ ഉണര്‍ത്തുംവിധം പ്രസ്താവനകള്‍ മതവിശ്വാസികളുടെ ബോധതലങ്ങളിലേക്കിറക്കിവിട്ട് സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നതിനും തുടര്‍ന്ന് സംവാദങ്ങളോ ചര്‍ച്ചകളോ ഒന്നുമില്ലാതെ മനസ്സാക്ഷിയെ മുന്‍നിറുത്തിയെന്ന വ്യാജേന മനസ്സാക്ഷിരഹിതമായി പ്രവര്‍ത്തിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും ശ്രമിക്കും. ഇതിനായി പല ആചാരാനുഷ്ഠാനങ്ങളെയും പുതുതായി ആവിഷ്‌കരിക്കുകയും ഉണ്ടായിരുന്ന പലതും നിറുത്തലാക്കുകയും ചെയ്യും. അധീശത്വത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ പ്രത്യേക താല്പര്യങ്ങള്‍ നടപ്പിലാക്കുന്നതിനായി അനുഷ്ഠാനക്രമങ്ങളെ ഉപയോഗപ്പെടുത്തും. ഇതിനായി മതനിയമങ്ങളെയും അനുഷ്ഠാന ക്രമങ്ങളെയും തങ്ങളുടെ വ്യക്തിപരമോ സംയുക്തമോ ആയ അധികാരങ്ങളുപയോഗിച്ച് വശത്താക്കും.

മതാനുഷ്ഠാനങ്ങളെ മാനസ്സികാടിമത്തത്തിലേക്കും അതുവഴി തന്‍കാര്യസാധ്യതകളിലേക്കും തിരിച്ചുവിടാന്‍ എളുപ്പമാണ്. മതങ്ങളില്‍ ദൈവോന്മുഖതയും സത്യസന്ധതയും കുറയുമ്പോള്‍, പല ലക്ഷ്യങ്ങളും സാധൂകരിക്കാന്‍ മാര്‍ഗങ്ങളെ വക്രീകരിക്കുമ്പോള്‍ ആചാരാനുഷ്ഠാനങ്ങളെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും തന്‍കാര്യസാധ്യത്തിനുമായി പ്രയോജനപ്പെടുത്തുന്ന ശൈലികള്‍ ഉടലെടുക്കും... ഇത് എക്കാലത്തും ഉണ്ടായിരുന്നു.

അനുഷ്ഠാനങ്ങളും സാമുദായികത്വവും

സാമൂഹ്യ-സാമുദായിക ചിന്ത വളര്‍ത്തുന്നതിന് ഉപകരിക്കുന്ന വിധമാണ് മതത്തിലുപയോഗിക്കുന്ന പല ആചാരാനുഷ്ഠാനക്രമങ്ങളും. ഒരു സമൂഹത്തെയോ സമുദായത്തെയോ ഒറ്റക്കെട്ടായി നിറുത്തുന്നത് ഇപ്രകാരമുള്ള ആചാരക്രമങ്ങളാണ്. ചില പ്രത്യേക സാംസ്‌കാരികാനുരൂപണങ്ങള്‍, പരമ്പരാഗത ശൈലികള്‍, ഗാനാലാപനങ്ങള്‍, ഭാഷാപരപ്രയോഗങ്ങള്‍, അവയുടെ വര്‍ഗപര പ്രത്യേകതകള്‍ അനുസരിച്ചുള്ള ജീവിതം, ഇവ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍ ഇതിനോടാഭിമുഖ്യമുള്ളവരാക്കി സമൂദായത്തെ തന്റെ കാല്ക്കീഴില്‍ കൊണ്ടുവരുവാന്‍ സാധിക്കും. ഉദാഹരണത്തിന് ചില സാംസ്‌കാരിക പൈതൃകങ്ങള്‍ കാലഹരണപ്പെട്ടതും മനസ്സിലാക്കാന്‍ പ്രയാസമുള്ളതുമാണെങ്കിലും അവയെ പുനരുദ്ധരിച്ച് ഒരു സമൂഹത്തിന്റെ മുമ്പില്‍ വിളമ്പുമ്പോള്‍ ആവേശത്തോടെ കുറെപ്പേര്‍ അതിനെ സ്വീകരിക്കും. അപ്രകാരം മതനേതൃത്വത്തിനു തങ്ങളുടെ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ ഒരു സമൂഹത്തെ അറിയാതെതന്നെ ഉപയോഗപ്പെടുത്താന്‍ കഴിയും. ചവിട്ടുനാടകം ജനകീയമാക്കുക, മാര്‍ഗംകളിയിലൂടെ തനിമ പ്രകടിപ്പിക്കുക, അനുഷ്ഠാനക്രമങ്ങളില്‍ സംസ്‌കൃതം, സുറിയാനി, ലത്തീന്‍, അറബിപദങ്ങള്‍ ഉപയോഗിക്കുക അറിവില്ലാത്തതും മനസ്സിലാകാത്തതുമായ ഭാഷയില്‍ പ്രാര്‍ത്ഥനകളും ഗാനങ്ങളും ഉരുവിടാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇവയിലൊക്കെയാണ് സമുദായ, മത തനിമയുടെ ആത്മാവു കുടികൊള്ളുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിക്കുക അതിനായി കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കാന്‍ ഉത്തേജിപ്പിക്കുക ഇവയെല്ലാം സാമുദായിക- സാമൂഹ്യവത്ക്കരണത്തിന്റെ തീവ്രത പ്രകടിപ്പിക്കാന്‍ അധികാരമുള്ളവരും സാമുദായിക ധ്രുവീകരണ താല്പര്യമുള്ളവരുമായ മതനേതാക്കള്‍ ഉപകരണങ്ങളായി എടുക്കും.

അനുഷ്ഠാന ശൈലികളില്‍ മറ്റൊരു വിഭാഗമാണ് പരിവര്‍ത്തനാത്മക അനുഷ്ഠാനങ്ങള്‍. സമൂഹത്തില്‍ ചലനങ്ങളും മാറ്റങ്ങളും സൃഷ്ടിക്കാനും പ്രത്യാഘാതങ്ങളുണ്ടാക്കാനും സമുദായത്തെ - സമൂഹങ്ങളെ ഇളക്കിവിടാന്‍ ഉപകാരപ്പെടുത്തുന്ന അനുഷ്ഠാനങ്ങളാണിവ. ഇവ പലപ്പോഴും നിലവിലുണ്ടായിരുന്ന ചില ക്രമങ്ങളെ സമൂലപരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുന്ന ആചാരക്രമങ്ങളാണ്. സമൂഹത്തിലും രാജ്യവ്യാപകമായും ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് ഈ അനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ മതാചാര്യന്മാര്‍ പ്രേരണകള്‍ നല്കും. മതസമൂഹങ്ങള്‍ക്കു മുന്‍തൂക്കമുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയക്കാരും മതാചാര്യന്മാരോടു കൈകോര്‍ത്ത് ഇവ നടപ്പാക്കാന്‍ ശ്രമം നടത്തും. ചിലകാര്യങ്ങള്‍ സമൂഹനന്മയ്ക്കാണെങ്കില്‍ മറ്റു ചിലകാര്യങ്ങള്‍ അധികാരസ്ഥാനങ്ങളിലമരുന്നവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനും താല്പര്യംവയ്ക്കുന്ന കാര്യങ്ങള്‍ സാവധാനം നടപ്പാക്കാനും വേണ്ടി ഇവ അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കും. മിക്ക അവസരങ്ങളിലും മതസമൂഹങ്ങള്‍ പ്രാര്‍ത്ഥനായജ്ഞങ്ങളും പ്രദക്ഷിണങ്ങളും പൊതുജനമദ്ധ്യേ നടത്തുന്ന ചില അനുഷ്ഠാനങ്ങളും മേല്‍ സൂചിപ്പിച്ചവയുടെ മതനിറമുള്ള ആവര്‍ത്തനങ്ങളാണ്. ഒരു ലക്ഷ്യത്തിനുവേണ്ടി മനുഷ്യമനസ്സുകളെ സ്വാധീനിക്കാനും ആവേശംകൊള്ളിക്കാനും ഇവ എപ്രകാരം സഹായകമാകുന്നു എന്നു കാണാം. ചില പ്രത്യേക മതവിഭാഗങ്ങള്‍ തങ്ങളുടെ തനിമ ഉറപ്പിക്കുന്നതിനായി അനുഷ്ഠാനക്രമത്തിലെ മാറ്റങ്ങള്‍, വിരുദ്ധധ്രുവങ്ങളില്‍നിന്നുള്ള വാദപ്രതിവാദങ്ങള്‍, മതാനുഷ്ഠാന ചമയങ്ങളുടെ ഉപയോഗക്രമങ്ങള്‍, പ്രാര്‍ത്ഥനാശൈലികള്‍ തുടങ്ങിയവ പൊതുനന്മയ്ക്കുപകരിക്കുന്നതാണോ അല്ലയോ എന്ന് ആരായാതെ നിരുപാധികം നിജപ്പെടുത്തുന്ന അല്ലെങ്കില്‍ മാറ്റംവരുത്തുന്ന ശൈലികള്‍ ദൃശ്യമാണ്. ഇവ പലപ്പോഴും പ്രകോപനങ്ങള്‍ക്കു കാരണമാവുകയും സ്വഛമായ സമൂഹ ജീവിതക്രമത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ച് സാഹചര്യങ്ങളെ മുതലെടുക്കുകയും ചെയ്യും.

മറ്റൊരുതരം അനുഷ്ഠാനക്രമമാണ് രക്ഷാകര അനുഷ്ഠാനക്രമങ്ങള്‍. ഇവയുടെ അനുഷ്ഠാനങ്ങള്‍ ഓരോ വ്യക്തിക്കും ഉപകാരപ്രദമാണെന്ന ധാരണ ജനിപ്പിക്കുംവിധം നടപ്പാക്കാനുതകുന്ന പ്രേരണകള്‍ നല്കിക്കൊണ്ടിരിക്കും. മുന്‍ സൂചിപ്പിച്ച വൈകാരികതയുടെ ചൂഷണവും ഇവിടെ ദൃശ്യമാണ്. സാധാരണക്കാരുടെ സാമൂഹ്യമാനസ്സികാവസ്ഥയെ മാന്യമായവിധം സ്വാധീനിക്കുകയും എന്താണോ ലക്ഷ്യംവയ്ക്കുന്നത് അതു നടപ്പാക്കുന്നതിന് ഈ അ നുഷ്ഠാനപ്രക്രിയകള്‍ വഴി ലക്ഷ്യമിടുകയും ചെയ്യും. ആത്മീയ കേന്ദ്രങ്ങളെന്നറിയപ്പെടുന്ന സ്ഥാപനങ്ങളാണ് ഇതിനു നേതൃത്വം നല്കുന്നത്. മതനേതാക്കളുടെ മൗനാനുവാദങ്ങളും ഒത്താശകളും ഇക്കാര്യത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാവുകയും ചെയ്യും. ഇപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ സാവധാനം മനഷ്യമനസ്സുകളെ കീഴടക്കുകയും സമൂഹത്തില്‍ അവ ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുകയും ചെയ്യും. സമൂഹത്തിലെ പല ധ്രുവീകരണങ്ങള്‍ക്കും കാരണമായിത്തീരുന്നത് ഇപ്രകാരമുള്ള അനുഷ്ഠാനക്രമങ്ങളും ശൈലികളുമാണ്.

ഉപസംഹാരം

അനുഷ്ഠാനങ്ങളും ആചാരങ്ങളും മനുഷ്യസംസ്‌കാരത്തിന്റെയും മനുഷ്യമതജീവിതത്തിന്റെയും ഭാഗമാണ്. ഇതില്‍ ആത്മീയവും മാനസ്സികവും വ്യക്തിപരവും സാമൂഹികവുമായ വശങ്ങളുണ്ട്. അനുഷ്ഠാനങ്ങളും ആചാരങ്ങളും വൈകാരികവും മാനസ്സികവുമായ സംതൃപ്തിയും ആശ്വാസവും ആനന്ദവും പ്രദാനം ചെയ്യുന്നതുമാണ്. എന്നാല്‍ മതാനുഷ്ഠാനങ്ങളെ മാനസ്സികാടിമത്തത്തിലേക്കും അതുവഴി തന്‍കാര്യസാധ്യതകളിലേക്കും തിരിച്ചുവിടാന്‍ എളുപ്പമാണ്. മതങ്ങളില്‍ ദൈവോന്മുഖതയും സത്യസന്ധതയും കുറയുമ്പോള്‍, പല ലക്ഷ്യങ്ങളും സാധൂകരിക്കാന്‍ മാര്‍ഗങ്ങളെ വക്രീകരിക്കുമ്പോള്‍ ആചാരാനുഷ്ഠാനങ്ങളെ അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും തന്‍കാര്യസാധ്യത്തി നുമായി പ്രയോജനപ്പെടുത്തുന്ന ശൈലികള്‍ ഉടലെടുക്കും... ഇത് എക്കാലത്തും ഉണ്ടായിരുന്നു. അതിനാല്‍ മലിനമാകാത്ത മനസ്സോടെ, അധികാര, അധിനിവേശ താല്പര്യങ്ങളില്ലാതെ മതത്തെയും മതാചാരങ്ങളെയും മനുഷ്യനന്മയ്ക്കും വിശ്വമാനവികതയ്ക്കും ഉപകാരപ്പെടുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org