
നോട്ടുനിരോധനം സൃഷ്ടിച്ച സാമ്പത്തിക അസന്തുലിതാവസ്ഥ ഭാരതത്തെപ്പോലെ സാമ്പത്തികമായി കാലുറക്കാത്ത ഒരു രാജ്യത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കള്ളപ്പണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ചിലര്‍ക്ക് കണക്കറ്റ, സാമ്പത്തിക സ്രോതസ് പരസ്യമാക്കാനാവാത്ത പണം, കുറെ ധനനഷ്ടമുണ്ടായാലും D-day ക്ക് മുമ്പ് കുറെയൊക്കെ അലക്കി വെളുപ്പിച്ചു; സ്വര്‍ണ്ണ - രത്‌ന വാങ്ങലില്‍ കുറെപ്പണം ഒളിപ്പിച്ചു. പക്ഷെ അപ്പോഴും ദരിദ്രനാരായണന്മാരുടെ ദൈന്യാവസ്ഥയ്ക്ക് ഒരു മാറ്റവുമുണ്ടായില്ല. വാണിജ്യ വ്യവസായ രംഗങ്ങളിലെ മാന്ദ്യം അവരുടെ കുടുംബങ്ങളുടെ നട്ടെല്ല് തകര്‍ത്തു. ആയിരക്കണക്കിന് നാമമാത്ര ജോലിക്കാര്‍ നിസ്സഹായതയുടെ ആഴം കണ്ടു. ഇക്കാലത്ത് എത്രപേര്‍ ദാരിദ്ര്യം മൂലം ആത്മഹത്യ ചെയ്‌തെന്ന കണക്ക് സര്‍ക്കാര്‍ മറച്ചുവെച്ചു. സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില കിട്ടാതായി. വിവാഹം മുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി പെണ്‍കുട്ടികളും നഷ്ടധൈര്യരായി മാതാപിതാക്കളും ആത്മഹത്യ ചെയ്തു. സര്‍ക്കാരിന്റെ വേണ്ടപ്പെട്ട കോര്‍പറേറ്റുകള്‍ക്ക് ഒരു നഷ്ടവും സംഭവിപ്പിക്കാതെ സര്‍ക്കാര്‍ കാവല്‍ നിന്നു.
ജി.എസ്.ടി. മൂലം ചെറുകിട കച്ചവടക്കാര്‍ അന്ധാളിച്ചുനിന്നു. ചെറിയ വരുമാനമെങ്കിലും ലഭിച്ചിരുന്ന ചെറുകിട കച്ചവടക്കാര്‍ വാടകയ്ക്കുള്ള പണം പോലും ലഭിക്കാത്തതിനാല്‍ കടയ്ക്കുള്ളില്‍ ജീവത്യാഗം ചെയ്തു. ജി.എസ്.ടി സാമ്പത്തികശാസ്ത്രത്തില്‍ നല്ല ആശയം ആണെങ്കിലും ഫലത്തില്‍ സാധാരണക്കാര്‍ക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. മക്കള്‍ പട്ടിണി കിടന്ന് കരയുമ്പോള്‍ കണ്ടുനില്‍ക്കാനാകാതെ ചില മാതാപിതാക്കള്‍ കുടുംബസമേതം ആത്മഹത്യ ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ മനസ്സ് തുറന്ന് പരിശോധിക്കാന്‍ സാധ്യമല്ലല്ലൊ. ചുരുക്കത്തില്‍ പണ വിക്രയം കുറഞ്ഞതിന്റെ ഇരകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ മാത്രമാണ്.
ഓരോ ബാങ്കിന്റെയും വാര്‍ഷിക സാമ്പത്തികക്കണക്ക് പത്രദ്വാരാ പ്രസിദ്ധപ്പെടുത്തുമ്പോള്‍ ഓരോ വര്‍ഷവും കോടികളുടെ വരുമാനമാണ് ഉണ്ടാകുന്നത്. ഈ വരുമാനം ലോണ്‍ നല്‍കുന്നതിലെ പലിശ മാത്രമല്ല, ചെറിയ വീടുകള്‍ നിര്‍മ്മിക്കാന്‍ അഞ്ചു ലക്ഷം വായ്പയെടുക്കുന്നവരും കൊടുത്ത പലിശയാണ്. മറ്റൊന്നും ഈടു നല്‍കാനില്ലാത്തതിനാല്‍ വീട് നിര്‍മ്മിക്കുന്ന നാലോ അഞ്ചോ സെന്റ് സ്ഥലത്തിന്റെ രേഖകള്‍ ബാങ്കില്‍ പണയം വെച്ചാണ് ലോണ്‍ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ മനുഷ്യത്വം തീര്‍ത്തും നഷ്ടപ്പെടാത്ത ബാങ്കുകളുടെ ഭവന വായ്പകള്‍ക്ക് താരതമ്യേന തീര്‍ത്തും പലിശ കുറവായിരുന്നു. തങ്ങളും വളര്‍ച്ചയില്‍ (പാവങ്ങളുടെ തളര്‍ച്ചയില്‍) പിന്നിലല്ല എന്ന് മാലോകരെയും ഷെയര്‍ ഹോള്‍ഡര്‍മാരെയും ബോധ്യപ്പെടുത്താന്‍ ഈ മേഖലയിലെ പലിശയും വര്‍ദ്ധിപ്പിച്ചു. വളര്‍ച്ചാവര്‍ധനയില്‍ പാവപ്പെട്ടവരേയും പങ്കാളികളാക്കാന്‍ ഭവനനിര്‍മ്മാണ വായ്പയുടെ പലിശനിരക്ക് കുറച്ചാല്‍ അതായിരിക്കില്ലേ ബാങ്കിന്റെ മികച്ച പരസ്യം! റിസര്‍വ് ബാങ്ക് പ്രതിനിധിയടക്കമുള്ള ഡയറക്ടര്‍ ബോര്‍ഡിലെ ഒരംഗത്തിന് പോലും ഇങ്ങനെയൊരു നിര്‍ദ്ദേശം ഉന്നയിക്കാന്‍ കഴിവില്ലേ!! പലിശയ്ക്കു മേല്‍ പലിശ വര്‍ദ്ധിച്ച് വീടുപണി നിന്നുപോകുന്ന അവസ്ഥയില്‍ കുറിക്കമ്പനിക്കാര്‍ പ്രത്യക്ഷമാകും. 'ലോണ്‍ എടുക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു'വെന്ന പരസ്യ ബോര്‍ഡുകള്‍ പല കുറിക്കമ്പനിക്കാരും വലിയ ബാങ്കുകളുടെ പരിസരത്ത് സ്ഥാപിച്ചിരിക്കുന്നതായി കണ്ടു. 'ഭയങ്കര സഹായം തന്നെ!!'
രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കുകളും സാധാരണക്കാരെ പിഴിയുന്നതില്‍ പിമ്പിലല്ല. തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലും മറ്റു ചില സഹകരണ സ്ഥാപനങ്ങളിലും നടന്ന ഘോരവും സംഘടിതവുമായ കൊള്ള ലജ്ജാവാഹം തന്നെ. സാമാന്യം നല്ല ശമ്പളം കൈപ്പറ്റുന്ന ജീവനക്കാര്‍ നല്ലപോലെ സഹകരിച്ച് നിക്ഷേപകര്‍ അറിയാതെ കോടികള്‍ മുക്കിയതിന്റെ അപരാധം മറച്ചുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ആരംഭിച്ച കേരള ബാങ്ക് പണം തിരിച്ചുലഭിക്കാതെ തകരുമെന്നതിന്റെ സൂചനകള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടില്ല. പണം ഒരു കൈയ്യിലും കരുണ മറുകൈയ്യിലും കരുതണമെന്നതായിരിക്കണം ഒരു നല്ല ബാങ്കിന്റെ ധാര്‍മ്മികത.
ധൂര്‍ത്ത് കൊറോണയേക്കാള്‍ അതിവേഗം പകരുന്ന പകര്‍ച്ചവ്യാധിയാണ്. കെട്ടിടങ്ങള്‍ ഉറപ്പുണ്ടെങ്കിലും മോടിപിടിപ്പിക്കല്‍, ഉദ്ഘാടനമാമാങ്കം, മന്ത്രിമന്ദിരങ്ങളുടെ സൗന്ദര്യവത്ക്കരണം, പ്രൗഢി കാണിക്കാനുള്ള മന്ത്രിമാര്‍ക്കുള്ള സുരക്ഷാ വാഹനങ്ങള്‍, എങ്ങനെയെങ്കിലും പണം ചെലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതെല്ലാം സാധാരണക്കാരന്റെ കീശ പോക്കറ്റടിച്ചു കൊണ്ടല്ലെ!! ജീവനൊടുക്കാന്‍ മാത്രമാണോ പാവപ്പെട്ടവര്‍ക്ക് അവകാശമുള്ളത്?
ആശ്വാസപ്രവൃത്തികള്‍ മിക്കവാറും കടലാസ്സില്‍ മാത്രം. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായിക്കഴിയുമ്പോള്‍ പേരിനൊരു ലൈഫ് മിഷന്‍ പരിപാടി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ എവിടെ വരെ എത്തിയെന്ന് നാം കണ്ടതാണല്ലൊ. ആന കൊടുത്താലും ആശ കൊടുക്കരുത്.
വിഴിഞ്ഞം തുറമുഖ സമരം ഒരു പ്രത്യേകവിഭാഗത്തിന്റെ സമരമാക്കി മാറ്റുന്നതില്‍ അധികാരികള്‍ ഒരു പരിധിവരെ വിജയിച്ചു കഴിഞ്ഞു. നിലനില്‍പ്പിന് വേണ്ടിയുള്ള നിലവിളിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. വേണ്ടത്ര പ്ലാനിങ്ങും ചര്‍ച്ചയും നടത്താതെ കല്ലിടാന്‍ ചിലര്‍ക്ക് എന്തൊരാവേശമായിരുന്നു. ഇപ്പോള്‍ അവര്‍ തന്നെ സമരത്തെ പിന്തുണച്ച് ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. വിഴിഞ്ഞത്ത് പട്ടിണിമരണങ്ങളോ തുടര്‍ന്ന് കലാപമോ ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉത്തരേന്ത്യയില്‍ കര്‍ഷകസമരത്തിലേക്ക് മന്ത്രിപുത്രന്‍ വാഹനം ഇടിച്ചുകയറ്റി സമരക്കാരെ ചതച്ചരച്ച് കൊന്നിട്ടും 'തെളിവുകളു'ടെ അഭാവത്തില്‍ നടപടി എടുക്കാന്‍ കഴിയുന്നില്ലത്രെ. പതിനായിരങ്ങള്‍ പങ്കെടുത്ത സമരത്തെ നിര്‍വീര്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ച കള്ളക്കളികള്‍ക്കിടയില്‍ എത്രയോ കര്‍ഷകര്‍ ജീവനൊടുക്കി! പണം കൊണ്ട് ആരേയും വാങ്ങാമെന്ന ധര്‍മ്മച്യുതിയിലേക്ക് ആര്‍ഷഭാരതം നിപതിച്ചുകഴിഞ്ഞു. കെ.റെയില്‍ സാധാരണക്കാരന്റെ നെഞ്ചിലൂടെ കൂകിപ്പായാന്‍ ഒരുങ്ങുന്നു!!
പക്വത വന്നവര്‍ ഈ ദുസ്ഥിതി നേരിടാന്‍ ഒരുപക്ഷേ കരുത്താര്‍ജ്ജിച്ചിട്ടുണ്ടാകാം. പക്ഷെ യുവജനങ്ങള്‍ പ്രതീക്ഷ മങ്ങുമ്പോള്‍ നിരാശയിലകപ്പെട്ട് ലഹരി മാഫിയയുടെ കാല്‍ക്കീഴിലാകുന്നു. മദ്യപാനത്തെക്കാള്‍ അപകടകരം. മദ്യവിപത്ത് സര്‍ക്കാര്‍ മാത്രം ഒന്ന് ശ്രദ്ധവെച്ചാല്‍ ഒഴിവാക്കാം. ഋഷിരാജ് സിങ്ങിനെപ്പോലെയുള്ള ഉദ്യോഗസ്ഥന്മാര്‍ അധികാരസ്ഥാനത്തിരുന്നപ്പോള്‍ എന്തേ ലഹരി മാഫിയ പത്തി താഴ്ത്തിയത്. ഇതില്‍നിന്നെല്ലാം പരോക്ഷവരുമാനമുണ്ടാക്കുന്ന നേതാക്കന്മാരും ഇതിന് നേരിട്ട് ഉത്തരവാദികളാണ്. ടിക്കറാം മീണ എന്ന ഐ.എ. എസ്. ഉദ്യോഗസ്ഥന്‍ ജില്ലാകലക്റ്ററായിരുന്ന ജില്ലയില്‍ അദ്ദേഹം നടത്തിയ മദ്യവേട്ട പെട്ടെന്ന് വിസ്മരിക്കപ്പെടുകയില്ല. അദ്ദേഹത്തിന് ലഭിച്ച സമ്മാനം ഉടന്‍ സ്ഥലം മാറ്റം!! കോടികള്‍ ചെലവാക്കി തട്ടിക്കൂട്ടുന്ന പരിഹാര കമ്മീഷനുകളേക്കാള്‍ ഇത്തരം ഉദ്യോഗസ്ഥന്മാരെ തിരിച്ചുവിളിച്ച് താത്ക്കാലിക നിയമനം നല്‍കുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് വലിയപരിധി വരെ പരിഹാരമുണ്ടാകുമായിരുന്നു. യുവജനങ്ങള്‍ ലഹരിക്കടിമപ്പെടുന്നുവെന്ന് പ്രസംഗിക്കുന്നത് ഒരു 'ഷോ' മാത്രമാണെന്ന് വ്യക്തമല്ലേ.
ഇന്നത്തെ ഗുരുതരമായ പ്രശ്‌നങ്ങളില്‍ പ്രമുഖമായത് മതവും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അവിഹിതബന്ധമാണ്. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരുടെ കെണികളില്‍ പെടാതിരിക്കാന്‍ ധര്‍മ്മബോധമുള്ള മതാചാര്യന്മാര്‍ അതീവ ജാഗ്രതപുലര്‍ത്തണം. രാഷ്ട്രീയസ്വാധീനത്തില്‍ എന്തെങ്കിലും നേടിയെടുക്കാന്‍ മതാചാര്യന്മാര്‍ ശ്രമിക്കുന്നത് 'പാപത്തിന്റെ പട്ടിക'യില്‍ ഉള്‍പ്പെടുമെന്ന് പുണ്യ പാപ പട്ടികകളുടെ സൂക്ഷിപ്പുകാര്‍ മറക്കുമ്പോള്‍ മതങ്ങളുടെ രാഷ്ട്രീയ അടിമത്തം പൂര്‍ണ്ണമായി. യുവജനങ്ങള്‍ മുതിര്‍ന്നവരേക്കാള്‍ ധാര്‍മ്മികത കാംക്ഷിക്കുന്നവരാണ്. ഇന്ന് അവര്‍ നിരാശരാണ്. അവര്‍ ഈശ്വര നിഷേധികളൊന്നുമല്ല. പക്ഷെ ഇത്തരം മതനേതാക്കളോട് അവര്‍ക്ക് പുച്ഛമായിക്കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. അന്ധകാരത്തില്‍ പ്രകാശഗോപുരങ്ങളായി ജ്വലിച്ചുനില്‍ക്കേണ്ട മതത്തിന്റെ നഷ്ടം ഒരുപക്ഷേ ഇനി നികത്താന്‍ പറ്റിയെന്ന് വരില്ല. മത സംബന്ധമായി യുവജനങ്ങളുടെ നിഷ്‌ക്രിയത്വം കണ്ടില്ലെന്ന് നടിക്കുന്നവര്‍ തലമുറകളായി ആര്‍ജിച്ചെടുത്ത ഒരു സംസ്‌കാരത്തിന്റെ അന്തകരായി മാറുകയാണ്.
നല്ല മാതൃകകളുടെ അഭാവത്തില്‍ മൂല്യശോഷണം സംഭവിക്കുന്ന മഹാവിപത്തിന്റെ പ്രത്യക്ഷമാകുന്ന അഗ്രമാണ് വിവാഹ മോചനം. മഞ്ഞുമല സര്‍വനാശകനായി ജലത്തിന്നടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്. തകര്‍ന്ന കുടുംബങ്ങളിലെ വഴിതെറ്റിയ യുവജനങ്ങള്‍ സൈബര്‍ ക്രൈമുകളില്‍ അഭിരമിക്കുന്നു; അപകടകരമായ ഗെയിംസില്‍ പങ്കാളികളായി മരണത്തിലേക്ക് ഓടിയടുക്കുന്നു. മുഖ്യമായും ഇവയെല്ലാം കുടുംബങ്ങളില്‍ തിരുത്തപ്പെടേണ്ടതാണ്. പക്ഷെ മാതാപിതാക്കള്‍ മുഖം തിരിഞ്ഞുനിന്നാല്‍ മക്കളുടെ മാര്‍ഗ്ഗം അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലല്ലൊ. ഇത്തരം അധഃപതനങ്ങളും തകര്‍ച്ചകളും സമൂഹത്തിന്റെ അടിസ്ഥാനശിലയായ കുടുംബങ്ങളെ ശിഥിലമാക്കുന്നു.
ആത്മഹത്യ മാത്രമല്ല, കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്നു. കുടുംബത്തിന്റെ ഭദ്രതയും സമൂഹത്തിന്റെ ജാഗ്രതയും ഭരണകൂടത്തിന്റെ ധാര്‍മ്മികതയുമല്ലാതെ നിയമം കൊണ്ടുമാത്രം ശാശ്വത പരിഹാരം കാണാവുന്ന പ്രശ്‌നമല്ല വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയും അനുബന്ധപ്രശ്‌നങ്ങളും.
അനുബന്ധം: അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ ദൃക്‌സാക്ഷികളായി മൊഴികൊടുത്ത മിക്കവാറും എല്ലാ സാക്ഷികളും കൂറുമാറി. വിശപ്പടക്കാന്‍ ചായപ്പൊടിയടക്കം കുറച്ച് ഭക്ഷ്യവസ്തുക്കള്‍ എടുത്ത ഒട്ടിയ വയറുകാരന്റെ പക്ഷം ചേരാന്‍ ആരുമില്ല. ഈ കൂറു മാറ്റം മരിച്ചവനെ കുത്തിമുറിവേല്‍പ്പിച്ച് അപമാനിക്കുകയല്ലെ? ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒരു സാക്ഷിക്ക് കാണാന്‍ കഴിഞ്ഞില്ലത്രെ. ഈ കാഴ്ച തെളിയണമെങ്കില്‍ ആദ്യം മനസ്സ് ആര്‍ദ്രമാകണം. സംസ്ഥാന ഗവര്‍ണര്‍ മധുവിന്റെ വീട് സന്ദര്‍ശിച്ചത് ശ്ലാഘനീയം തന്നെ. നീതി ലഭിക്കാത്ത ഒരു കുടുംബത്തിനോടൊത്തല്ലേ ഭരണാധികാരികള്‍ നില്‍ക്കേണ്ടത്?