അവകാശങ്ങളും സുരക്ഷയും പിടിച്ചുവാങ്ങണം

അവകാശങ്ങളും സുരക്ഷയും പിടിച്ചുവാങ്ങണം

ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ 40%, വെറും ഒരു ശതമാനം സമ്പന്നരാണത്രെ കൈയടക്കിയിരിക്കുന്നത്. ആകെ സമ്പത്തിന്റെ 77 ശതമാനം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ കൈവശ മാണ്. 16.4% ജനങ്ങള്‍ ദരിദ്രരാണ്. അവരില്‍ തന്നെ 4.2% പേര്‍ അതിദരിദ്രരും. ഈ അസന്തുലിതാവസ്ഥയാണ് ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ 73-ാം വര്‍ഷത്തിലെ ദുസ്സഹദുഃഖം.

വീണ്ടുമൊരു റിപ്പബ്‌ളിക് ദിനം കൂടി എത്തിക്കഴിഞ്ഞു. നമ്മുടെ 73-ാമതു റിപ്പബ്‌ളിക് ദിനം. ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത് 1950 ജനുവരി 26-നായിരുന്നു പ്രഥമ റിപ്പബ്‌ളിക് ദിനം. അന്നു മുതലാണ് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായിത്തീര്‍ന്നത്. അതുവരെ ഇന്ത്യയുടെ ഭരണനിര്‍വഹണം 1935 ആഗസ്റ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ച '1935-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട്' അനുസരിച്ചായിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജനുവരി 26-നു സവിശേഷ പ്രാധാന്യമുണ്ട്. 1929 ഡിസംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ ലാ ഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനമാണ് ഇന്ത്യയുടെ ആവശ്യം 'പൂര്‍ണ്ണസ്വരാജാ'ണെന്നു പ്രഖ്യാപിച്ചത്. ഡിസംബര്‍ 19-നു പ്രമേയം അംഗീകരിച്ചു. ഡിസംബര്‍ 31-ന് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി ഇന്ത്യയുടെ ത്രിവര്‍ണ്ണ ദേശീയ പതാക ഉയര്‍ത്തി. ജനുവരി 26-ന് പൂര്‍ണ്ണസ്വരാജ് പ്രഖ്യാപനം നടത്തി. അന്നു മുതല്‍ ജനുവരി 26 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളെ ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയ്ക്കു സ്വന്തം ഭരണഘടന ഉണ്ടാവണമെന്ന് ദേശീയ നേതാക്കള്‍ ആഗ്രഹിച്ചു. ഈ ആവശ്യം പല പ്രമുഖ രാഷ്ട്രീയ നേതാക്കളും നേരത്തേത്തന്നെ ഉന്നയിച്ചിരുന്നെങ്കിലും ഒരു അസ്വതന്ത്രരാഷ്ട്രത്തില്‍ അതിനു പ്രസക്തി ഉണ്ടായിരുന്നില്ലല്ലൊ. എങ്കിലും സ്വാതന്ത്ര്യ പ്രാപ്തിക്ക് ഒരു വര്‍ഷം മുമ്പു മുതലേ ഭരണഘടനാ നിര്‍മ്മാണ സമിതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പ്രവിശ്യ നിയമ സഭകളില്‍ നിന്നു സമിതി അംഗങ്ങളെ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയാണു ചെയ്തത്. ഇങ്ങനെ നിലവില്‍ വന്ന സമിതിയുടെ ആദ്യസമ്മേളനം നടന്നത് 1946 ഡി സംബര്‍ 9-നാണ്.

ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രഥമ താത്ക്കാലിക അധ്യക്ഷന്‍ പ്രശസ്ത അഭിഭാഷകന്‍ ഡോ. സച്ചിദാനന്ദ സിന്‍ഹയായിരുന്നു. പിന്നീട് ഡോ. രാജേന്ദ്ര പ്രസാദിനെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ബി.ആര്‍. അംബേദ്കര്‍ അധ്യക്ഷനായി ഭരണഘടനാ സമിതിയും നിലവില്‍ വന്നു. 1950 ജനുവരി 24-ന് ഭരണഘടനയുടെ പൂര്‍ണ്ണരൂപം അംഗീകരിക്കപ്പെട്ടു. ഹിന്ദിയിലും ഇംഗ്ലീഷിലും ഓരോ കോപ്പി തയ്യാറാക്കി. 308 അംഗങ്ങള്‍ ഒപ്പുവച്ചു. രണ്ടു ദിവസത്തിനുശേഷം, 1930-ല്‍ സ്വാതന്ത്ര്യദിനമായി നിശ്ചയിക്കപ്പെട്ട ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്‌ളിക്കായി.

ഓരോ റിപ്പബ്‌ളിക് ദിനവും ഒരു പ്രതിജ്ഞ പുതുക്കലാണ്. അത് ഭരണഘടനയുടെ ആമുഖത്തിലാണു നമ്മള്‍ കാണുന്നത്. ഇന്ത്യ എന്ന രാഷ്ട്രം എന്തായിരിക്കണം, എങ്ങനെയായിരിക്കണം, എന്തിനുവേണ്ടി നിലകൊള്ളണം എന്നു നമ്മുടെ ഭരണഘടനാ പിതാക്കന്മാര്‍ ആമുഖത്തില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. അതിങ്ങനെ:

''ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാരസ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്‌ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സം പ്രാപ്തമാക്കുവാനും; അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്്രടത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തിക്കൊണ്ടു സാഹോദര്യം പുലര്‍ത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാല്‍; നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഈ 1949 നവംബര്‍ ഇരുപത്താറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.''

(ആദ്യഘട്ടത്തില്‍ ''ഒരു പരമാധികാര ജനാധിപത്യ റിപ്പബ്‌ളിക്'' എന്നേ ഉണ്ടായിരുന്നുള്ളൂ. 1976ലെ നാല്പത്താറാം ഭരണഘടനാഭേദഗതിയിലൂടെയാണ്, ''സ്ഥിതിസമത്വം, മതേതര'' എന്ന രണ്ടു വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തത്.)

ഒരു ജനാധിപത്യ ഭരണ സംവിധാനം നിലവിലുള്ള രാഷ്ട്രമാണു റിപ്പബ്‌ളിക്. ജനാധിപത്യത്തിന്റെ പ്രാണവായുവായി കരുതപ്പെടുന്നത് ഫ്രഞ്ചു വിപ്ലവം ലോകത്തിനു സമ്മാനിച്ച സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന ആശയത്രയം. അതോടൊപ്പം 'നീതി' എന്നതു കൂടി നമ്മുടെ ഭരണഘടനാലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1947 ആഗസ്റ്റ് 15 വരെ തങ്ങള്‍ക്കു തീര്‍ത്തും അന്യമായിരുന്ന നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശമാനമായ പുതിയ അനുഭവമേഖലയിലേക്ക് 1950 ജനുവരി 26-ന് ഇന്ത്യന്‍ ജനതയ്ക്കു പ്രവേശനം കിട്ടി.

ഇന്ത്യന്‍ റിപ്പബ്‌ളിക്കിന് 73 വയസ്സു തികയുമ്പോഴും ഭരണഘടനാ പിതാക്കള്‍ വിഭാവന ചെയ്ത ഉന്നതമൂല്യങ്ങള്‍ പ്രായോഗിക തലത്തില്‍ അനുഭവിക്കാന്‍ നമ്മുടെ ജനതയ്ക്കു കഴിയുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. 1949 നവംബര്‍ 25-ന് ഭരണഘടനാ സമിതിയില്‍ നടത്തിയ തന്റെ അവസാന പ്രസംഗത്തില്‍ അംബേദ്കര്‍ ഇക്കാര്യം മുന്നില്‍ കണ്ടിരുന്നുവെന്നതിന്റെ സൂചനകളുണ്ട്. ''ഇതിനു ശേഷവും കാര്യങ്ങള്‍ തെറ്റായ ദിശയിലാണു തുടരുന്നതെങ്കില്‍ നമുക്കു നമ്മളെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താനാവില്ല'' എന്നദ്ദേഹം മുന്നറിയിപ്പു നല്കിയിരുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ മാത്രമേ ഇന്ത്യന്‍ ജനതയ്ക്കു സമത്വം കൈവന്നിട്ടുള്ളൂ എന്നും സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ വ്യാപകമായ അസമത്വമാണു നിലവിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി.

സ്വാതന്ത്ര്യം നേടുമ്പോഴും രാഷ്ട്രം ഒരു ജനാധിപത്യ റിപ്പബ്‌ളിക്കായി പരിണമിക്കുമ്പോഴും ഇന്ത്യന്‍ ജനത വലിയ പ്രതീക്ഷയിലിയാരുന്നു. അതെല്ലാം അടിമുടി തകര്‍ന്നുവെന്ന ദോഷൈക ദൃക്കുകളാവുന്നതു വസ്തുതകള്‍ക്കു വിരുദ്ധമാണ്. വിദ്യാഭ്യാസ, വ്യാവസായിക, കാര്‍ഷിക മേഖലകളിലെല്ലാം ഇന്ത്യ വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കുന്ന വളര്‍ച്ച നേടിയിട്ടുണ്ട്. ഇന്നു ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നു എന്നതും നിസ്സാരകാര്യമല്ല. അമേരിക്കയുടെ പി.എല്‍. 480 പദ്ധതി പ്രകാരം ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ കപ്പലുകള്‍ കാത്തിരുന്ന കാലത്തുനിന്ന് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള മാറ്റം അവഗണിക്കാന്‍ കഴിയില്ലല്ലൊ.

എന്നാല്‍, ഈ നേട്ടങ്ങളുടെ ഗുണഭോക്താക്കളാകാന്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കഴിയാതെ പോകുന്നുവെന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളത്. വിഭവ ദാരിദ്ര്യമല്ല വിഭവ വിതരണത്തിലെ നീതി രാഹിത്യമാണു നമ്മളെ അലട്ടുന്നത്. അംബേദ്കര്‍ അന്നു ചൂണ്ടിക്കാട്ടിയ അസമത്വങ്ങള്‍ ഒട്ടും കുറയാതെ ഇന്നും ഇന്ത്യന്‍ ജനതയെ അസ്വസ്ഥരാക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ 40%, വെറും ഒരു ശതമാനം സമ്പന്നരാണത്രെ കൈയടക്കിയിരിക്കുന്നത്. ആകെ സമ്പത്തിന്റെ 77% ജനസംഖ്യയുടെ 10 ശതമാനത്തിന്റെ കൈവശമാണ്. 16.4% ജനങ്ങള്‍ ദരിദ്രരാണ്. അവരില്‍തന്നെ 4.2% പേര്‍ അതിദരിദ്രരും. ഈ അ സന്തുലിതാവസ്ഥയാണ് ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ 73-ാം വര്‍ഷത്തിലെ ദുസ്സഹദുഃഖം.

ഈ ദുരവസ്ഥയ്ക്കു കാരണം ഭരണാധികാരികളുടെ ഇച്ഛാശക്തിയില്ലായ്മയും ജനവിരുദ്ധ സമീപനവുമാണ്. അതാവട്ടെ, ഇന്ത്യയുടെ രാഷ്ട്രീയ രംഗത്തു നടമാടുന്ന ഭയജനകമായ ധാര്‍മ്മികത്തകര്‍ച്ചയുടെ അനന്തരഫലമല്ലാതെ മറ്റൊന്നുമല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ജനങ്ങളുടെ പൊതുതാത്പര്യത്തിനു വിരുദ്ധമായി സ്വാര്‍ത്ഥ ലാഭ പ്രേരിതരായി നടത്തിയിരുന്ന രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മൂല്യത്തകര്‍ച്ചയ്ക്കു വലിയ തോതില്‍ കാരണമായിട്ടുണ്ട്. 1985-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ കൂറുമാറ്റ നിരോധന നിയമം ഈ ദുഷ്പ്രവണതയ്ക്കു തടയിടാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍, നിമയത്തിലെ പഴുതുകള്‍ ഉപയോഗിപ്പെടുത്തിക്കൊണ്ടുള്ള കുതിരക്കച്ചവടങ്ങള്‍ വീണ്ടും നമ്മുടെ രാഷ്ട്രീയരംഗം വിഷലിപ്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പിന്നില്‍ അധികാരത്തിലിരിക്കുന്ന കക്ഷികള്‍ തന്നെയാണെന്നത് വേലിതന്നെ വിളവുതിന്നുന്ന ദുരന്തത്തിലേക്കു നമ്മുടെ ജനാധിപത്യത്തെ തള്ളിവിടുന്ന ദയനീയാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന ഭരണഘടന ലക്ഷ്യം ഇന്നും നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും കിട്ടാക്കനിയാണ്. ''എല്ലാവരും തുല്യര്‍ പക്ഷേ, ചിലര്‍ കൂടുതല്‍ തുല്യര്‍'' എന്നു ജോര്‍ജ് ഓര്‍വെല്‍ 'അനിമല്‍ ഫാമില്‍' പരിഹസിച്ച അതേ അവസ്ഥയാണ് ഇന്നു നമ്മളെയും അഭിമുഖീകരിക്കുന്നത്. നീതി ജലംപോലെ ഒഴുകേണ്ട ജനാധിപത്യ വ്യവസ്ഥിതി ഏട്ടിലെ പശുമാത്രമായി എവിടെയോ ഒളിച്ചിരിക്കുന്നു.

വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും ഭരണഘടനയുടെ ആ മുഖത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനുച്ഛേദം 25-ല്‍ ''എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരുപോലെ അവകാശം ഉള്ളവരാകുന്നു'' എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ ഭരണഘടനാ തത്വത്തിന്റെ നഗ്നമായ ലംഘനം ഇന്ന് ഏതാണ്ടു നിയമവിധേയമായതുപോലെയാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും അനുവര്‍ത്തിക്കപ്പെടുന്നത്. ഒരു മതവിശ്വാസവും സ്വീകരിച്ചിട്ടില്ലാതിരുന്ന ആദിവാസികളുള്‍പ്പെടെയുള്ള ദളിത് വിഭാഗങ്ങളെ മുഴുവന്‍ ഹിന്ദു മതവിശ്വാസികളായി കണക്കാക്കിക്കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയകക്ഷി നേതൃത്വങ്ങള്‍ ഏകാഭിപ്രായക്കാരാണ്. ഈ വീക്ഷണത്തിലാണു ചില സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കുകയോ പാസ്സാക്കാന്‍ ശ്രമിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നത്. നിയമ സാക്ഷരതയില്ലാത്ത ഏതൊരു സാധാരണക്കാരനും ഈ കുത്സിത നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു മനസ്സിലാകുമെന്നിരിക്കെ നമ്മുടെ നീതിപീഠങ്ങള്‍ പോലും ഇക്കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്നു.

ഇന്ത്യന്‍ റിപ്പബ്‌ളിക്കില്‍ സുരക്ഷിതരായിരിക്കേണ്ട മതന്യൂനപക്ഷങ്ങള്‍ ഇന്ന്, പ്രത്യേകിച്ചും ഉത്തേരന്ത്യയില്‍ നിലനില്പിനു വേണ്ടി അധികാര കേന്ദ്രങ്ങളോടു യാചിക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ വ്യാപകമായ നിഷേധം മാത്രമല്ല, അനൗപചാരിക പ്രസ്ഥാനങ്ങള്‍ വഴിയുള്ള മതപീഡനവും ഇന്നു തുടര്‍ക്കഥയാണ്. ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്‌റ്റെയിനെയും രണ്ടു കുട്ടികളെയും ഒഡീഷയില്‍ ക്രൂരമായി ചുട്ടുകൊന്നതും സിസ്റ്റര്‍ റാണി മരിയ ഇന്‍ഡോറില്‍ വധിക്കപ്പെട്ടതും കാന്ദമാലില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടതും നാരായണ്‍പൂരില്‍ ക്രൈസ്തവ ദേവാലയം തകര്‍ക്കപ്പെട്ടതും മതപീഡനമല്ലാതെ മറ്റെന്താണ്? ഇത്തരമൊരു ദുരവസ്ഥ ഇന്ത്യന്‍ ജനതയ്ക്കുണ്ടാകരുതെന്നു നമ്മുടെ ഭരണഘടനാ പിതാക്കന്മാര്‍ വേണ്ടത്ര മുന്‍കരുതലെടുത്തിട്ടും ആധുനിക ഭരണാധികാരികള്‍ എന്തേ അക്കാര്യം ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു?

മതസ്വാതന്ത്ര്യമെന്നല്ല വ്യക്തിസ്വാതന്ത്ര്യം പോലും ഇന്ത്യന്‍ റിപ്പബ്‌ളിക്കില്‍ ഭദ്രമല്ല എന്നല്ലേ ഫാ. സ്റ്റാന്‍ സ്വാമിയുടെ ദാരുണാന്ത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്? സാംസ്‌കാരിക നായകരായ ഗൗരി ലങ്കേഷ്, എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍ഡാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ തുടങ്ങിയവര്‍ അക്രമികളാല്‍ വധിക്കപ്പെട്ടതും ഇന്ത്യയില്‍തന്നെ. ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കാന്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ക്കു കഴിയുന്നുണ്ടോ?

ലോകത്തിലെ ഏറ്റവും ബൃഹത്തും മഹത്തുമായ ഭരണഘടനകളുടെ ഉറച്ച അധിഷ്ഠാനത്തിലാണ് ഇന്ത്യന്‍ റിപ്പബ്‌ളിക് സ്ഥാപിതമായിരിക്കുന്നതെന്ന് നമ്മള്‍ ഊറ്റംകൊണ്ടിരുന്നു. നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും കൊണ്ട് ഇന്ത്യന്‍ ജനജീവിതം ലോകത്തിനാകെ മാതൃകയാണെന്നും നമ്മള്‍ അഭിമാനിച്ചിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള മൂന്നു ദശകക്കാലം ഇന്ത്യയുടെ ഭാഗധേയം നിര്‍ണ്ണയിച്ച രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തിരുന്നു.

പക്ഷേ, ഇന്നു സാഹചര്യം ആശങ്കാജനകമാംവിധം മാറിപ്പോയിരിക്കുന്നു. നിക്ഷിപ്ത താത്പര്യങ്ങളുടെ സംരക്ഷകരാണു മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒരു ക്ഷേത്രത്തിന്റെ ശിലാന്യാസം നിര്‍വഹിക്കുന്നതാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നു നമ്മുടെ പ്രധാനമന്ത്രിപോലും തെറ്റിദ്ധരിച്ചിരിക്കുകയാണോ? മറ്റു മതവിശ്വാസികളുടെ കാര്യത്തിലും ഇതേ തീക്ഷ്ണത അദ്ദേഹത്തില്‍നിന്നു രാജ്യം പ്രതീക്ഷിക്കുന്നില്ലേ?

ഒരു വസ്തുത നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരു ഇന്ത്യന്‍ പൗരന്റെയും അവകാശ സംരക്ഷണത്തിനു സഹായകമായ സുരക്ഷാകവചങ്ങള്‍ നമ്മുടെ ഭരണഘടനയില്‍ തന്നെയുണ്ട്, അവ കണ്ടെത്തി ഭരണഘടന വാഗ്ദാനം ചെയ്യുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നേടിയെടുക്കാന്‍ സംഘടിതമായ നിയമപോരാട്ടങ്ങള്‍ക്ക് നമ്മള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അതു ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പായിരിക്കും; അവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാവും; അവരുടെ ഇച്ഛാശക്തി ഉണര്‍ത്താനും വര്‍ധിപ്പിക്കാനുമുള്ള ഉജ്ജീവനൗഷധവുമായിരിക്കും. അവകാശങ്ങളും സുരക്ഷയും പിടിച്ചു വാങ്ങിയേ മതിയാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org