നീതിബോധത്തിന്റെ നൂറായിരം കൊടിതോരണങ്ങള്‍

കുര്യാക്കോസ് മുണ്ടാടന്‍
നീതിബോധത്തിന്റെ നൂറായിരം കൊടിതോരണങ്ങള്‍

''നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്'' (മത്താ. 5:10). ഇതു സത്യമാണെങ്കില്‍ സ്ഥാപന കാലം മുതല്‍ എറണാകുളം അതിരൂപതയുടെ പ്രയാണം നീതിയുടെ പാതയിലൂടെയാണ്. സീറോ മലബാര്‍ സഭ അതിന്റെ സ്വത്വബോധത്തിലേക്ക് ഉണര്‍ന്നേഴുന്നേറ്റ നാളുകളില്‍ സ്വന്തമായ അസ്തിത്വത്തിനും സ്വന്തം മെത്രാനും വേണ്ടി ന്യായയുക്തമായ ചോദ്യം ചോദിച്ചതിന് സഭയില്‍ നിന്നു പോലും പുറത്താക്കപ്പെട്ട, സീറോ മലബാര്‍ സഭയുടെ ഏഴു വ്യാകുലങ്ങള്‍ എന്നറിയപ്പെട്ട കര്‍മ്മലീത്ത സന്ന്യാസികളില്‍ ഒരാളാണ് എറണാകുളം വികാരിയത്തു സ്ഥാപിച്ചപ്പോള്‍ അതിന്റെ പ്രഥമ അധ്യക്ഷനായത്. മാര്‍ ളൂയിസ് പഴേപറമ്പില്‍ പിതാവിന്റെ വ്യഥകളുടെയും പോരാട്ടത്തിന്റെയും ആദ്യകല്ലുകള്‍ പെറുക്കിവച്ചാണ് സീറോ-മലബാര്‍ ഹയരാര്‍ക്കിയുടെ ആസ്ഥാനരൂപതയായ എറണാകുളം പിച്ചവയ്ക്കാന്‍ തുടങ്ങിയത്.

സ്വത്വബോധത്തോടൊപ്പം നീതിബോധവും സത്യസന്ധതയും ധാര്‍മ്മികതയും ഈ അതിരൂപതയുടെ മുഖമുദ്രയായി. അതിന്റെ അനുരണനങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹൈരാര്‍ക്കി സ്ഥാപനത്തിന്റെ നൂറാം വര്‍ഷവും പോരാട്ടങ്ങളുടെ കൊടിത്തോരണങ്ങളുമായി സഭയിലും സമൂഹത്തിലും ഈ അതിരൂപത ഒരുപടി ഉയര്‍ന്നുനില്‍ക്കുന്നത്.

ചരിത്രത്തിന്റെ ഗതിവിഗതികളില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളിലുള്ള ഇടപെടലില്‍ അതിരൂപതയുടെ സ്ഥാനവും നീതിയുടെ വഴിത്താരയിലൂടെയുള്ള പ്രദക്ഷിണമായിരുന്നു. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പറയുന്നു, ''ഇന്ന് ധാര്‍മ്മിക ബോധത്തിന്റെ അടിസ്ഥാനശില ദൈവവിശ്വാസമാണെന്നു പറയാം. അതു നഷ്ടപ്പെട്ടാല്‍, ബാഹ്യമായ ചില നേട്ടങ്ങള്‍ ഉണ്ടായാല്‍ പോലും സര്‍വതോന്മുഖമായ അഭിവൃദ്ധി നാടിനു കൈവരുന്നതല്ല. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജെഫെര്‍സണ്‍ പ്രസ്താവിച്ചത്, 'ദൈവം നീതിമാനാണെന്ന് ഓര്‍ക്കുമ്പോള്‍, ഞാനെന്റെ രാജ്യത്തെ ഓര്‍ത്തു ഞടുങ്ങുന്നു'വെന്ന്.'' ഈ ചേതോവികാരത്തിലാണ് സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയ വിമോചന സമരത്തില്‍ അതിരൂപതയിലെ ദൈവജനം സജീവമായി പ്രവര്‍ത്തിച്ചത്. 1959 ജൂണ്‍ 13-ാം തീയതിയിലെ അങ്കമാലിയിലെ വെടിവയ്പില്‍ അതിരൂപതാ മക്കള്‍ രക്തസാക്ഷികളായി ജീവന്‍ ഹോമിച്ചതോടെ വിമോചനസമരമെന്ന കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം അങ്കമാലിയായി. വിമോചനസമരമെന്ന സുനാമിയെ അതിജീവിക്കാന്‍ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനു സാധിച്ചില്ല. ജനാധിപത്യബോധവും മനുഷ്യാവകാശ ചിന്തയും അങ്കമാലി കല്ലറയില്‍ നിന്നും സമയാസമയങ്ങളില്‍ ആവാഹിച്ചെടുത്ത് നീതിക്കും ധര്‍മ്മത്തിനും വേണ്ടി പടപ്പുറപ്പാടു നടത്തുന്ന അല്മായരുടെ ശക്തി കേന്ദ്രമാണ് എറണാകുളം-അങ്കമാലി അതിരൂപത. ആധിപത്യത്തിന്റെ ഏകാധിപതികളുടെ മുമ്പില്‍ ഇവിടുത്തെ അല്മായര്‍ അടിമകളായി ഒരിക്കലും നില്ക്കുകയില്ല എന്നതിലാണ് അതിരൂപതയുടെ അഭിമാനം.

നീതിബോധം യാഥാര്‍ത്ഥ്യബോധവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതിരൂപതയുടെ ലിറ്റര്‍ജിക്കുവേണ്ടിയുള്ള പോരാട്ടത്തിലും നീതിബോധത്തിന്റെ പ്രകാശമാണ് തെളിഞ്ഞു നില്‍ക്കുന്നത്. ഏ ഡി 52 ല്‍ ക്രിസ്തുശിഷ്യനായ മാര്‍ തോമാശ്ലീഹ കേരളത്തില്‍ വന്ന് സുവിശേഷം പ്രസംഗിച്ചു എന്ന് നാം തെളിവായി വിശ്വസിക്കുന്നുണ്ടെങ്കില്‍ ശ്ലീഹാ തദ്ദേശീയര്‍ക്ക് മനസ്സിലാകാത്ത ഭാഷയിലോ സംസ്‌കാരത്തിലോ ലയിക്കാത്ത ലിറ്റര്‍ജി രൂപപ്പെടുത്തില്ല എന്ന ചരിത്രബോധമാണ് നമുക്കുണ്ടാകേണ്ടത്. കേവലം നാലാം നൂറ്റാണ്ടില്‍ വന്ന കല്‍ദായര്‍ക്ക് നാടിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിയറവച്ചുകൊണ്ട് നമുക്കു മനസ്സിലാകാത്ത ഭാഷയിലും വേഷത്തിലും ഭാവത്തിലുമുള്ള ആരാധനക്രമം അടിച്ചേല്പിക്കുന്നതു ചരിത്രത്തോടും സംസ്‌കാരത്തോടും ചെയ്യുന്ന അനീതിയാണെന്ന് അതിരൂപതയിലെ മെത്രാന്മാരും വൈദികരും സന്ന്യസ്തരും അല്‍മായരും അന്നും ഇന്നും വിശ്വസിക്കുന്നു. സഭയില്‍ വിപഌവകരമായ മാറ്റങ്ങള്‍ക്കും നവീകരണത്തിനും കാരണമായ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പുതിയ മുഖവും ഭാഷയും ഭാവവും ഇന്ത്യന്‍ സഭയില്‍ ആദ്യം ഒപ്പിയെടുത്തത് എറണാകുളം അതിരൂപതയായിരുന്നു. ആധുനിക കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കിണങ്ങാത്ത കല്‍ദായവത്ക്കരണത്തെ തുടക്കത്തിലെ മുതല്‍ അതിരൂപതയിലെ ദൈവജനം എതിര്‍ത്തിരുന്നു. അതിന് അവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനവും പ്രേരണയും നല്കിയത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലാണ്. നീതിയുടെയും സത്യത്തിന്റെയും വഴിയിലൂടെ നടന്ന അദ്ദേഹത്തെയും വൈദികരെയും ജനങ്ങളെയും അനീതിയുടെയും വഞ്ചനയുടെയും രീതികള്‍ അവലംബിച്ച് തകര്‍ക്കാനാണ് സീറോ മലബാര്‍ സഭയിലെ കല്‍ദായ ലോബി എന്നും ശ്രമിച്ചിട്ടുള്ളത്.

2021 ല്‍ ഓണ്‍ലൈന്‍ സിനഡില്‍ സീറോ-മലബാര്‍ സഭാ സിനഡ് കുതന്ത്രത്തിലൂടെ കുര്‍ബാന അര്‍പ്പണരീതിയെ സംബന്ധിച്ച് എടുത്ത തീരുമാനത്തില്‍ എന്തു നീതിയാണുള്ളത് എന്ന ചോദ്യത്തിന്റെ പേരിലാണ് ഹൈരാര്‍ക്കി സ്ഥാപനത്തിന്റെ നൂറുവര്‍ഷം ആചരിക്കുമ്പോള്‍ അതിരൂപതയുടെ ആസ്ഥാനദേവാലയം എറണാകുളം സെന്റ്‌മേരീസ് ബസിലിക്കയും മൈനര്‍ സെമിനാരിയും പൂട്ടിയിട്ടിരിക്കുന്നത്. ഒരു വ്യക്തിസഭയില്‍ ലിറ്റര്‍ജിയെക്കുറിച്ചുള്ള തീരുമാനം സിനഡ് എടുത്തതിനു ശേഷമാണ് അതിന്റെ വിശദവിവരങ്ങളും ടെക്സ്റ്റും റോമിനു നല്കുന്നതും ഏറ്റവും ഒടുവില്‍ മാര്‍പാപ്പയുടെ ആഹ്വാനം ഉണ്ടാകുന്നതും. പക്ഷേ കുര്‍ബാന അര്‍പ്പണത്തെക്കുറിച്ച് 2021 ല്‍ സിനഡ് എടുത്ത 50-50 തീരുമാനം എടുത്തത് 2021 ആഗസ്റ്റിലെ ഓണ്‍ലൈന്‍ സിനഡിലാണെങ്കില്‍ അതേക്കുറിച്ചുള്ള മാര്‍പാപ്പയുടെ ആഹ്വാനം വന്നത് 2021 ജൂലൈ മാസത്തിലാണ്. ഇത്തരം ഒരു കീഴ്‌വഴക്കം കത്തോലിക്കാസഭയിലെ ഏതെങ്കിലും വ്യക്തിസഭയിലുണ്ടായിട്ടുണ്ടോ? മാത്രവുമല്ല സിനഡ് തന്നെ ലിറ്റര്‍ജിയെ സംബന്ധിച്ച് ഏതെങ്കിലും തീരുമാനമെടുക്കുന്നതിനു മുമ്പ് പാലിക്കേണ്ട നടപടിക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ഈ നടപടിക്രമവും സിനഡ് ലംഘിച്ചു. അപ്പോള്‍ നീതിയുടെ തുലാസ്സില്‍ സീറോ മലബാര്‍ സഭാ സിനഡ് കുര്‍ബാന അര്‍പ്പണത്തെക്കുറിച്ച് ഒരു തീരുമാനം എടുത്തു എന്ന് അംഗീകരിക്കാന്‍ അതിരൂപതയിലെ ദൈവജനത്തിന്റെ ബോധധാര അനുവദിക്കുന്നില്ല. ഈ നീതിബോധത്തെയാണ് ഇന്ന് സീറോമലബാര്‍ സഭാ അധികാരികള്‍ അനുസരണക്കേട് എന്നു വിളിക്കുന്നത്. എന്ത് വിരോധാഭാസം!

''നീതി ജലം പോലെ ഒഴുകട്ടെ'' എന്ന വേദവാക്യത്തിലൂന്നിയാണ് അതിരൂപതയ്ക്ക് ഭരണസംവിധാനമുണ്ടാക്കിയ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത ഓരോ വൈദികനും പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് എഴുതിവച്ചത്. അതു പ്രകാരം ഏതെങ്കിലും വികാരിയുടെ നോട്ടപ്പിശകുകൊണ്ട് ഇടവകയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുകയാണെങ്കില്‍ ആ വൈദികന്‍ തന്റെ പോക്കറ്റില്‍ നിന്നും പണം എടുത്തുവച്ച് ഇടവകയുടെ നഷ്ടം നികത്തണമെന്നാണ് നിഷ്‌കര്‍ഷിച്ചത്. അപ്രകാരം ചെയ്യാന്‍ ചില വൈദികര്‍ക്ക് അദ്ദേഹം കല്പനയും നല്കിയിട്ടുണ്ട്. അത്തരം സാമ്പത്തിക നീതിബോധത്തില്‍ വളര്‍ന്നുവന്ന വൈദികരാണ് അതിരൂപതയിലെ അധാര്‍മ്മികമായ ഭൂമികച്ചവടവുമായി ബന്ധപ്പെട്ട് അതിരൂപതാധ്യക്ഷനെ ചോദ്യം ചെയ്തത്. പക്ഷേ അത്തരം ചോദ്യം ചെയ്യല്‍ സഭയുടെ രീതിശാസ്ത്രത്തിനു നിരക്കുന്നതല്ലെന്നു പറഞ്ഞ് ചോദ്യം ചെയ്തവരെ വിമതരും സഭാവിരോധികളുമായി മുദ്രകുത്തിയതും ചരിത്രം.

നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തീക്കനലിലൂടെ നടക്കുന്ന ദൈവജനമാണ് ഇന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലുള്ളത്. സഭയുടെ നീതിന്യായ കോടതിയും ജനാധിപത്യ സംവിധാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലുമെല്ലാം അനീതിയും അസത്യവും നമ്മെ പരിഹസിച്ചു പല്ലിളിച്ചു കാണിക്കുന്നുണ്ട്. മാഹാത്മഗാന്ധി നീതിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു, ''എല്ലാ നീതിന്യായ കോടതികളേക്കാളും ഉയരത്തിലാണ് മനസ്സാക്ഷിയുടെ കോടതി. അത് മറ്റെല്ലാ കോടതികള്‍ക്കും മേലെയാണ്.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org