ആധുനിക ലോകക്രമം: ഒരു പുനര്‍വായന

ആധുനിക ലോകക്രമം: ഒരു പുനര്‍വായന

സമഗ്രതയാണ് ജനാധിപത്യത്തിന്റെ കാതല്‍. വ്യക്തിയെ വ്യക്തിയായി കാണുന്ന, മനുഷ്യനെ മനുഷ്യനായി കാണുന്ന, ഒരു വ്യവസ്ഥിതി. എന്നാല്‍ വീണ്ടും ചരിത്രത്തിലുടനീളം ജനാധിപത്യവും ധ്വംസിക്കപ്പെടുന്നത് നാം കണ്ടു.

മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്തെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം നല്കുക എളുപ്പമാകില്ല. എന്നാല്‍, ആ ചോദ്യത്തിന് വളരെ മനോഹരമായ ഉത്തരം വിഖ്യാതചിന്തകന്‍ എച്ച്.ജി. വെല്‍സ് നല്കിയിട്ടുണ്ട്; അതിപ്രകാരമാണ്: ''ലോകചരിത്രം എന്നത് ഹിംസയുടെ സാമ്രാജ്യത്വത്തിന്റെ, പോരാട്ടങ്ങളുടെ കഥയാണ്.'' ചരിത്രത്തിലെ കഥകളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു വലിയ സത്യമുണ്ട്. ആദരിക്കപ്പെടുന്നത് പലപ്പോഴും നന്മയും നീതിയും സ്‌നേഹവും സഹിഷ്ണുതയുമല്ല, പിന്നെയോ, കൊണ്ടാടപ്പെടുന്നത് ഹിംസയുടെ ഉത്സവങ്ങളാണ്. പോരാട്ടങ്ങളുടെ ചരിത്രമാണ്. ആ ചരിത്രത്തെയാണ് നമ്മളിന്ന് മുഖ്യധാരാ മനുഷ്യചരിത്രം എന്ന് അടയാളപ്പെടുത്തുന്നത്. അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിരോധാഭാസം എന്തെന്നാല്‍ എഴുതപ്പെട്ടു എന്ന് നമ്മള്‍ പറയുന്ന ചരിത്രം യാഥാര്‍ത്ഥ്യത്തെക്കാള്‍ എത്രയോ താഴെയാണ് എന്നതാണ്. വിജയികളുടെ ചരിത്രത്തെ നാം ലോകചരിത്രമെന്ന് ഇന്ന് അടയാളപ്പെടുത്തുന്നു. ആ കഥ, ആ ചരിത്രം വംശവെറിയുടെ, വര്‍ഗ്ഗവെറിയുടെ, പീഡനങ്ങളുടെ, മതാന്ധതയുടെ ചരിത്രമാണ്. ഒരു പൊളിറ്റിക്കല്‍ ജീവിയായ മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടിയായി നാം ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യം എന്ന സംജ്ഞ ലോകചരിത്രത്തില്‍ വലിയ സ്ഥാനം കവര്‍ന്നിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ജനാധിപത്യത്തെ നാം ഉള്‍ക്കൊണ്ടത് അത് ഏറ്റവും പരിപൂര്‍ണമായ ഒരു ഭരണക്രമമോ സാമൂഹിക വ്യവസ്ഥിതിയോ ആയതുകൊണ്ടല്ല, മറിച്ച് അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സമഗ്രതയുള്ള ഒരു വ്യവസ്ഥിതിയാണ് എന്ന് നമുക്ക് തോന്നിയതിനാലാണ്. ആ സമഗ്രതയാണ് ജനാധിപത്യത്തിന്റെ കാതല്‍. വ്യക്തിയെ വ്യക്തിയായി കാണുന്ന, മനുഷ്യനെ മനുഷ്യനായി കാണുന്ന, ഒരു വ്യവസ്ഥിതി. എന്നാല്‍ വീണ്ടും ചരിത്രത്തിലുടനീളം ജനാധിപത്യവും ധ്വംസിക്കപ്പെടുന്നത് നാം കണ്ടു.

മാര്‍ക്‌സ് ചരിത്രത്തെ വിശകലനം ചെയ്യുന്നത് തീസിസ് X ആന്റി തീസിസ് = സിന്തസിസ് എന്നാണ്. അതായത് ഒരു വ്യവസ്ഥിതിയും മറ്റൊന്നും തമ്മിലുള്ളവൈരുദ്ധ്യങ്ങള്‍ പുതിയ ഒരു വ്യവസ്ഥിതിക്ക് രൂപംകൊടുക്കുന്നു. ഏകാധിപത്യവും ജനാധിപത്യവും തമ്മില്‍ ധാരാളം ഉരസലുകള്‍ ചരിത്രത്തില്‍ കാണാം. താല്‍ക്കാലികമായ വിജയങ്ങള്‍ ഏകാധിപത്യം നേടി എന്നത് ശരിയാണ്. എന്നാല്‍ ഒടുവില്‍ ജനാധിപത്യം തന്നെ വാഴുന്ന കാഴ്ചയും പാഠവുമാണ് നാം ചരിത്രത്തില്‍ നിന്ന് സ്വാംശീകരിക്കുന്നത്.

രണ്ടു ലോക മഹായുദ്ധങ്ങള്‍ മനുഷ്യ ചരിത്രത്തെ ഗതി തിരിച്ചുവിട്ടവയാണ്. എന്നാല്‍ ഇരുട്ടില്‍നിന്നും ഒടുവില്‍ ലോകം വെളിച്ചത്ത് വന്നു. രണ്ട് ലോകമഹായുദ്ധങ്ങളും ബാക്കിവച്ച തരിശുഭൂമിയില്‍ നിന്നും ലോകം കരകയറി. പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും നാളുകളുണ്ടായി. ഐക്യരാഷ്ട്ര സഭ രൂപീകൃതമായി. സമാധാനത്തിന്റെ വിത്തുകള്‍ പാകി. മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ന്നു പൊങ്ങി. പക്ഷേ, ആന്റിതീസിസ് വെല്ലുവിളികള്‍ ഉയര്‍ത്തുക തന്നെ ചെയ്തു. ഹിറ്റ്‌ലറും മുസ്സോളിനിയും പോയെങ്കിലും സ്റ്റാലിനും മാവോയും പോള്‍പോട്ടും ഉയര്‍ന്നുവന്നു. യുദ്ധങ്ങളും കെടുതികളും തുടര്‍ന്നു. അമേരിക്കയ്ക്കും സോവിയറ്റ് റഷ്യയ്ക്കും മാത്രമേ യുദ്ധം ശീതമായിരുന്നുള്ളൂ. വിയറ്റ്‌നാമിനും കൊറിയയ്ക്കും ആഫ്രിക്കന്‍ വന്‍കരയ്ക്കും അത് 'ഹോട്ട്' യുദ്ധം തന്നെയായിരുന്നു. ഇന്ന് ലോകം ആണവായുധങ്ങള്‍ക്കും അപ്പുറം രാസായുധങ്ങളും, ബയോളജിക്കല്‍ ആയുധങ്ങളും കേവല ജയത്തിനായി ഉപയോഗിക്കുന്നു. പഴയ കൊളോണിയലിസം പുതിയ രൂപത്തില്‍ നവലിബറലിസമായി മാറിയപ്പോള്‍ മൂന്നാം ലോകരാജ്യങ്ങള്‍ക്ക് നഷ്ടമായത് ചില ഗ്രാമങ്ങള്‍ തന്നെയായിരുന്നു.

വിരോധാഭാസങ്ങള്‍ നിറഞ്ഞതാണ് നമ്മുടെ ലോകം. യൂറോപ്പ് യഹൂദരെ പീഡിപ്പിച്ചു. എന്നിട്ട് അവര്‍ക്കായി ഒരു രാജ്യമുണ്ടാക്കി - ഇസ്രയേല്‍. ഇതിന്റെ കെടുതികള്‍ അനുഭവിച്ചതോ - പലസ്തീനികള്‍. തെക്കന്‍ ആഫ്രിക്കയില്‍ വെള്ളക്കാരും കറുത്തവര്‍ഗ്ഗക്കാരും ഒരുമിക്കുന്നു. വേറൊരിടത്ത് റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഉദയം ചെയ്യുന്നു. 18-ാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിനു ശേഷം ദേശരാഷ്ട്രങ്ങള്‍ യൂറോപ്പിലാകെ ഉദയം ചെയ്തു. ജ്ഞാനോദയം (Enlightenment) മുന്നോട്ട് വച്ച സ്വാതന്ത്ര്യം, സാഹോദര്യം, യുക്തിബോധം തുടങ്ങിയ മൂല്യങ്ങള്‍ക്ക് വലിയ പാളിച്ച സമ്മാനിച്ചത് രണ്ട് ലോകമഹായുദ്ധങ്ങളായിരുന്നു. വിരോധാഭാസങ്ങള്‍ ഇനിയുമുണ്ടേറെ. ഒരു കാലത്ത് ബുദ്ധചിന്തയുടെ സിരാകേന്ദ്രമായിരുന്ന ഗാന്ധാരം ഇന്ന് താലിബാന്റെ ഭരണചക്രത്തിന് കീഴില്‍. സൊരാസ്ട്രിയന്‍ ചിന്തകളാലും സുകുമാര കലകളാലും യൂറോപ്പിനെ സ്വാധീനിച്ച പേര്‍ഷ്യ ഇന്ന് പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഈറ്റില്ലം. ക്രിസ്തുമതത്തിന്റെ കിഴക്കോട്ടുള്ള വാതിലായിരുന്ന ബൈസാന്തിയവും മതാന്ധതയ്ക്കും തീവ്രവാദ ഇസ്‌ലാമിനും കീഴ്‌പ്പെട്ടു.

ബുദ്ധമതക്കാര്‍ കിഴക്കന്‍ ഏഷ്യയിലേയ്ക്ക് പലായനം ചെയ്തു; സൊരാഷ്ട്രീയക്കാര്‍ ഇന്ത്യയിലേക്കും, ക്രൈസ്തവര്‍ യൂറോപ്പിലേക്കും. ഒരു കാലത്ത് ഇസ്ലാമിക ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന തുര്‍ക്കി ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം മതം തന്നെ ഉപേക്ഷിച്ച് സെക്കുലര്‍ രാഷ്ട്രമായി. വിരോധാഭാസം അവിടെയും തീര്‍ന്നില്ല. ഇന്ന് തുര്‍ക്കി വീണ്ടും ഒരു തീവ്രവാദ രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. കടപ്പാട് എര്‍ദോര്‍ഗന്‍ എന്ന ഭരണാധികാരിയോട്. മതാത്മക രാഷ്ട്രങ്ങളായി നിലനില്‍ക്കെ തന്നെ അഫ്ഘാനിസ്ഥാനും ഇറാനും ലിബറലിസം പരീക്ഷിക്കാതെയിരുന്നില്ല. എന്നാല്‍ ചക്രം കറങ്ങിക്കൊണ്ടേയിരുന്നു. അയ്യത്തുള്ള ഖൊമെനിയുടെ ഇസ്‌ലാമിക വിപ്ലവം ഇറാനെ നൂറ്റാണ്ടുകള്‍ പുറകിലേക്ക് കൊണ്ടു പോയി. സോവിയറ്റ് റഷ്യയുടെയും അമേരിക്കയുടെയും സ്വാധീനത്തില്‍ ആധുനികതയെ പുണര്‍ന്ന അഫ്ഘാന്‍ ജനത ഇന്ന് പ്രാകൃതജീവിത രീതികളും കാടന്‍ ശിക്ഷകളും ആഘോഷമാക്കുന്ന താലിബാന്‍ ഭരണത്തിന് കീഴില്‍. ഒരു നാഗരികതയുടെ മുഴുവന്‍ സത്തയായിരുന്ന ബാമിയന്‍ ബുദ്ധപ്രതിമകള്‍ പീരങ്കികളാല്‍ തകര്‍ക്കപ്പെട്ടത് കേവലം പ്രതീകം മാത്രം. ലോകരാജ്യങ്ങളെ അത്യാധുനിക ആയുധങ്ങളുപയോഗിച്ചും സ്വന്തം സ്ത്രീകളെ കല്ലെറിഞ്ഞും മെരുക്കുന്ന, മനുഷ്യത്വത്തില്‍ നിന്നും കാടത്തത്തിലേയ്ക്കുള്ള ഒരു ജനതയുടെ യാത്ര. കടപ്പാട് താലിബാനോടു മാത്രമല്ല, യുദ്ധം ശീതം ആയിരുന്ന അമേരിക്കയോടും, സോവിയറ്റ് യൂണിയനോടും കൂടിയാണ്.

ഈ പിന്നോട്ടുള്ള യാത്രയില്‍ ഒരു രാജ്യവും പുറകിലല്ല. ആധുനികതയുടെയും സാംസ്‌കാരിക ഔന്നത്യത്തിന്റെയും കിരീടമെ ന്ന് നമ്മള്‍ വാഴ്ത്തിയ അമേരിക്കയും യൂറോപ്പും ഈ പിന്നോട്ടുള്ള മത്സരത്തില്‍ മുന്നേറുകയാണ്. ട്രംപിന്റെ അമേരിക്കയും, ഫ്രാന്‍സില്‍ മരീന്‍ ലെ പെന്നിന്റെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയും ഹംഗറിയിലെ വിക്ടര്‍ ഓര്‍ബാനും ബെലാറൂസിലെ ലൂക്കാഷെങ്കോയും, റഷ്യയിലെ പുടിനും, ഷീന്‍-ചിന്‍ പിങ്ങിന്റെ ചൈനയും, കിമ്മിന്റെ വടക്കന്‍ കൊറിയയും, നരേന്ദ്രമോദിയുടെ ഇന്ത്യയും, മ്യാന്‍മറിലെ മിലിട്ടറി അട്ടിമറിയും, ശ്രീലങ്കയിലെ സിംഹള ദേശീയതയുടെ വക്താക്കളായ രജപക്‌സെകളും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ഒന്നാണ്.

ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ പ്രസിഡന്റായ അമേരിക്ക, ഇന്ന് വംശീയ വിദ്വേഷത്തിന്റെ വിളനിലമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ സ്വാതന്ത്ര്യാനന്തരം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് വോട്ടവകാശം കൊടുത്തപ്പോള്‍ ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്ക 1920-ല്‍ മാത്രമാണ് അത് അവകാശമാക്കിയത് എന്നത് ആശ്ചര്യം. ഇന്ന് സി.എ.എ. പോലുള്ള നിയമങ്ങള്‍ വഴി ഇന്ത്യ ഈ പൈതൃകത്തെയാണ് നശിപ്പിച്ചത്.

താലിബാനും അല്‍ഖായിദയും ഇസ്‌ലാമിക സ്റ്റേറ്റിലെത്തി. ആഫ്രിക്കയില്‍ അത് ബൊക്കൊ ഹറാമായി, പുരുഷന്മാര്‍ക്ക് ജിഹാദും സ്ത്രീകള്‍ക്ക് ലൈംഗിക അടിമത്തവും ജീവിതചര്യയായി. സമൂഹം പുരുഷന്മാരിലേക്ക് ചുരുങ്ങി. സാമൂഹിക വിഭജനം കേവലം ജെന്ററില്‍ ഒതുങ്ങിയില്ല. അത് പുരുഷന്‍-സ്ത്രീ എന്ന ദ്വന്ദത്തില്‍ നിന്ന് ഹലാല്‍-ഹറാം, സവര്‍ണ്ണര്‍- അവര്‍ണര്‍, ഞങ്ങള്‍-നിങ്ങള്‍ എന്നതിലേക്ക് പടര്‍ന്നു.

നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന കാലത്തിന്റെ ചിത്രങ്ങള്‍ വലിയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വിയറ്റ്‌നാമിലെ നഗ്നയായ ബാലികയും, മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് അടിഞ്ഞ അയ്‌ലന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരനും ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ ചാട്ടവാറടിയേറ്റ് കൊല്ലപ്പെടുന്ന മുഹമ്മദ് അഖ്‌ലക്കുമാരും, ദളിതരും, ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ പാതിരാത്രിയില്‍ ചിതയില്‍ എരിഞ്ഞ പെണ്‍കുട്ടിയെയും, ഇങ്ങ് വാളയാറിലെ പെണ്‍കുട്ടികളും 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കരച്ചിലും എല്ലാം ആധുനിക മനുഷ്യന്റെ കപട പുരോഗമന വാദത്തെയും ഭരണകൂട നിസ്സംഗതയേയും വ്യക്തമാക്കുന്നു.

നമ്മള്‍ക്കിന്ന് ഞെട്ടലുകള്‍ ഇല്ലാതായിരിക്കുകയാണ്. അപ്രധാനമായതുകൊണ്ടാണോ പല സംഭവങ്ങളും നമുക്ക് ഞെട്ടലേല്പിക്കാത്തത്? അതോ അവ സാധാരണമായിത്തീരുന്നതാണോ?

എം.എഫ്. ഹുസൈനെയും സല്‍മാന്‍ റുഷ്ദിയെയും നിരോധിച്ച നാം തസ്‌ലീമ നസ്‌റിനെ സ്വീകരിച്ചു. കേവലം ഒരു ചോദ്യത്തിന് പ്രൊഫ. ജോസഫിന് നല്‌കേണ്ടി വന്നത് സ്വന്തം കൈയാണ്. അന്ധവിശ്വാസങ്ങള്‍ക്കുമേലെ യുക്തിയെ പ്രതിഷ്ഠിച്ച ചിന്തകരായ കല്‍ബുര്‍ഗി, ദാ ബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരെ വകവരുത്തിയത് തീവ്ര ഹിന്ദുത്വ വാദികളായിരുന്നു. ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരേ പോലെ ഇന്ത്യയെ ഇന്ന് കാര്‍ന്നു തിന്നുന്നു.

ഇന്ത്യന്‍ യാഥാര്‍ത്ഥ്യം

19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഇറ്റലി എന്ന ഒരു രാഷ്ട്രം വിവിധങ്ങളായ പ്രാദേശിക ഭരണയന്ത്രങ്ങളെ കോര്‍ത്തിണക്കി രൂപപ്പെടുത്തിയപ്പോള്‍ ഒരു ഇറ്റാലിയന്‍ ചിന്തകന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ''നമ്മള്‍ ഇന്ന് ഇറ്റലി ഉണ്ടാക്കി. ഇനി നമുക്ക് ഇറ്റലിക്കാരെ ഉണ്ടാക്കണം.''

ആധുനിക ഇന്ത്യയുടെ പിതാവായ പണ്ഡിറ്റ് നെഹ്‌റുവിനെ സംബന്ധിച്ച് ഇന്ത്യയും ഇന്ത്യക്കാരും കാലങ്ങളായി ഒരുമിച്ചുള്ള ഒരു പ്രതിഭാസം ആയിരുന്നു. എന്നിരുന്നാലും, 1947-ല്‍ ഇന്ത്യ എന്ന രാഷ്ട്രം പിറവിയെടുത്തു എന്ന് തന്നെ നമുക്കു പറയാം. ഒരു പഞ്ചാബിയെ വേറൊരു പഞ്ചാബിയില്‍ നിന്ന് വേര്‍തിരിച്ച, ഒരു ലഡാക്കിയെയും ലക്ഷദ്വീപുകാരനെയും ഒന്നിപ്പിച്ച ഒരു രാജ്യം. അതായത് ഇന്ത്യന്‍ ദേശീയത എന്നത് കേവലം ദേശീയ സ്വത്വത്തിനെ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട ഒന്നല്ല. എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഭാഷയും ഇല്ല. ഇന്ത്യ എന്ന രാജ്യത്തിന് മതം തീര്‍ച്ചയായും ഇല്ല. ഇന്ത്യ മതേതര ബഹുസ്വരതയുടെ നാടാണ്.

ഇന്ത്യയുടെ പിതാമഹന്മാര്‍ ഇന്ത്യ എന്ന മതേതര ജനാധിപത്യ രാഷ്ട്രത്തിനായി രൂപപ്പെടുത്തിയ ഭരണഘടന അവരുടെ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു. എന്നാല്‍, അവരുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയ മൂല്യച്യുതികള്‍ സ്വാതന്ത്ര്യാനന്തരം തന്നെ രൂപംകൊണ്ടിരുന്നു. ഉദാര ഇസ്‌ലാമില്‍ നിന്നും റാഡിക്കല്‍ ഇസ്‌ലാമിലേയ്ക്ക് നാം ഒരു ജനതയെ തള്ളിവിട്ടു - പേര് - കാശ്മീരികള്‍. പഞ്ചാബിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും വിഘടന വാദികള്‍ കലാപം അഴിച്ചുവിട്ടു. മദ്ധ്യ ഇന്ത്യന്‍ കാടുകളില്‍ നക്‌സലൈറ്റ്, മാവോയിസ്റ്റ് വിപ്ലവങ്ങള്‍. രണ്ടു കൊല്ലം നീണ്ടു നിന്ന അടിയന്തരാവസ്ഥ - വംശീയവും, ജാതീയവുമായ കലാപങ്ങള്‍, വികസനത്തിനായുള്ള കുടിയിറക്കലുകള്‍, സ്വന്തം ജനതയുടെ കടയ്ക്കല്‍ നാം കത്തിവച്ചു. ജനാധിപത്യത്തിന്റെ കാതലായ മൗലികാവകാശങ്ങള്‍ പണയപ്പെടുത്തിയ ഒരു അധികാര വ്യവസ്ഥ ഉരുത്തിരിഞ്ഞു. ദേശീയത എന്തിന് കേവലം പോപ്പുലറിസവും രഥയാത്രകളും നിര്‍മ്മിത ഹീറോകളും നിര്‍മ്മിത കലാപങ്ങളും ആയി. എം.എഫ്. ഹുസൈനെയും സല്‍മാന്‍ റുഷ്ദിയെയും നിരോധിച്ച നാം തസ്‌ലീമ നസ്‌റിനെ സ്വീകരിച്ചു. കേവലം ഒരു ചോദ്യത്തിന് പ്രൊഫ. ജോസഫിന് നല്‌കേണ്ടി വന്നത് സ്വന്തം കൈയാണ്. അന്ധവിശ്വാസങ്ങള്‍ക്ക് മേലെ യുക്തിയെ പ്രതിഷ്ഠിച്ച ചിന്തകരായ കല്‍ബുര്‍ഗി, ദാ ബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേഷ് എന്നിവരെ വകവരുത്തിയത് തീവ്ര ഹിന്ദുത്വവാദികളായിരുന്നു. ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരേ പോലെ ഇന്ത്യയെ ഇന്ന് കാര്‍ന്നുതിന്നുന്നു.

ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും അധികാര വ്യവസ്ഥയ്ക്ക് അനുകൂലമായ കേവലം ഐഡിയോളജിക്കല്‍ ലബോറട്ടറികള്‍ ആകുന്നു. ചിലര്‍ക്ക് മാത്രം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒരു സ്വാഭാവികതയായി പൗരത്വം മാറി. ക്ഷേത്രങ്ങളും പള്ളികളും തകര്‍ക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യയില്‍ കവി സച്ചിദാനന്ദന്റെ ചോദ്യത്തിന് പ്രസക്തി ഏറി വരുന്നു. ''പള്ളി പൊളിക്കുന്ന രാമനെ നേരിടേണ്ടത് വാല്മീകിയുടെയും കബീറിന്റെയും രാമായണം കൊണ്ടല്ലേ?''

വിഖ്യാത ആഫ്രിക്കന്‍ ചിന്തകന്‍ അഷീല്‍ എംമെംബെ ഇന്നിന്റെ രാഷ്ട്രീയത്തെ സംഗ്രഹിച്ചത് necropolitics എന്നാണ് - അതായത് നിഗ്രഹരാഷ്ട്രീയം. ആര് ജീവിക്കണമെന്നും ആര് മരിക്കണമെന്നും നിശ്ചയിക്കാനുള്ള അധികാരത്തിലാണ് പരമാധികാരത്തിന്റെ ഏറ്റവും വലിയ പ്രകാശനം നടക്കുന്നത്. ഇതാണ് നെക്രോപൊളിറ്റിക്‌സ്. രാജ്യത്തിന്റെ 'അതിരുകളിലുള്ള ജീവിതങ്ങളെ നിരന്തരം panopticon നിരീക്ഷണം നടത്തി, അവരുടെ അവകാശങ്ങളെ ചവിട്ടിയരച്ച്, detention camp-കളിലേയ്ക്ക് അയയ്ക്കുമ്പോള്‍ പോലും, ചോദ്യം ചോദിക്കേണ്ടവര്‍ നിശബ്ദതയെ പുണരുന്നത് ഇതിന്റെ ഒരു ഭാഗം മാത്രം. ഇന്ന് necropolitics കേവലം പെരിഫെറിയില്‍ ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ കാമ്പസുകളില്‍ നജീബുമാര്‍ കാണാതാവുകയും രോഹിത് വെമുലമാര്‍ സ്വന്തം ജന്മത്തെ പഴിച്ച് ആത്മാഹൂതി ചെയ്യുകയും ചെയ്യുന്ന ഒരിടത്ത് വേലികളും ഇലക്ട്രിക് കമ്പികളും പട്ടാള ബാരക്കുകളും മാത്രമല്ല അതിര്‍ത്തി നിശ്ചയിക്കുന്നത്. ശരീരങ്ങള്‍ തന്നെ അതിര്‍ത്തികളാകുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org