നാലാം വ്യവസായ വിപ്ലവത്തിലെ വായന

നാലാം വ്യവസായ വിപ്ലവത്തിലെ വായന
Published on

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി

ഞാനാദ്യമായി ലൈബ്രറിയില്‍ അംഗത്വമെടുക്കുന്നത് പത്തു വയസ്സുള്ളപ്പോഴാണ്. അവിടെ നിന്നാണ് ആദ്യമായി ലോകം കണ്ടു തുടങ്ങിയത്. എന്റെ നാടായ വെങ്ങോലയില്‍ ഇന്ന് ഏഴു ലൈബ്രറികളുണ്ട്. നാട്ടില്‍ പോകുമ്പോഴെല്ലാം ഈ ലൈബ്രറികളില്‍ പോകാറുണ്ട്. അവിടെ പോകുമ്പോള്‍ വളരെ ദയനീയമായ കാഴ്ചയാകും കാണുക. സാധാരണ വൈകീട്ട് 5 മുതല്‍ 8 വരെയൊക്കെയായിരിക്കും ലൈബ്രറിയുടെ പ്രവര്‍ത്തനസമയം. കുറച്ചു പ്രായമായ ആളുകള്‍ അവിടെയുണ്ടാകും. പക്ഷേ ആരും വായിക്കുന്നതു കാണാറില്ല. ഒരു കാലത്ത് ലോകത്തിന്റെ വാതിലുകളും ജനലുകളുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആ ലൈബ്രറികള്‍ ഇന്നു നിലനില്‍ക്കുന്നത് സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് ലഭിക്കുന്നതുകൊണ്ടും ലൈബ്രേറിയനു ചെറിയ പ്രതിഫലം കിട്ടുന്നതുകൊണ്ടുമാണ്. ആരും വായിക്കാനായി ലൈബ്രറികളെ ഇന്ന് ഉപയോഗിക്കുന്നില്ല.

പുസ്തകമെടുത്തു വായിക്കുക എന്ന പരമ്പരാഗത അര്‍ത്ഥത്തില്‍ വായനയെ ഇന്ന് ആരും ഒരാവശ്യമായി കാണുന്നില്ല. തന്റെ ഗ്രാമത്തില്‍ പുതുതായി തുടങ്ങുന്ന ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യണമെന്ന് ഇന്നലെയും ഒരാള്‍ എന്നോട് ആവശ്യപ്പെട്ടു. പുസ്തകങ്ങള്‍ കൊടുക്കാന്‍ സന്തോഷമേയുള്ളൂ. പക്ഷേ, ഞാനയാളോടു പറഞ്ഞു, "ചുറ്റുവട്ടത്തുള്ള ഏതാനും ലൈബ്രറികളില്‍ പോയി നോക്കുക. അവിടെ പുസ്തകമെടുക്കാന്‍ ആരെങ്കിലും വരുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിനാണു പുതിയ ലൈബ്രറികള്‍ തുടങ്ങുന്നത്?"
കേരളത്തില്‍ 8000 ഗ്രന്ഥശാലകളുണ്ടെന്നാണു മനസ്സിലാക്കുന്നത്. ഇവയില്‍ പത്തു ശതമാനം പോലുമില്ല, ദിവസം പത്തു പേരെങ്കിലും വരുന്നതായി. ഗ്രാന്റ് വാങ്ങാന്‍ കള്ളക്കണക്കുകള്‍ ഉണ്ടാക്കി വയ്ക്കുന്നുണ്ടാകാമെന്നേയുള്ളൂ. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തെ നാം അംഗീകരിക്കാതെ വയ്യ. ഗ്രന്ഥശാലകളുടെ ഭാവിയല്ല, വായനയുടെ ഭാവിയാണ് ഇവിടെ നമ്മുടെ വിഷയം. ഏതായാലും, ഗ്രന്ഥശാലകളിലൂടെയുള്ള വായനയുടെ ഭാവി കേരളത്തില്‍ തീര്‍ന്നു എന്നു പറയാം.

കേരളത്തില്‍ 8000 ഗ്രന്ഥശാലകളുണ്ടെന്നാണു മനസ്സിലാക്കുന്നത്. ഇവയില്‍ പത്തു ശതമാനം പോലുമില്ല, ദിവസം പത്തു പേരെങ്കിലും വരുന്നതായി. ഗ്രാന്റ് വാങ്ങാന്‍ കള്ളക്കണക്കുകള്‍ ഉണ്ടാക്കി വയ്ക്കുന്നുണ്ടാകാമെന്നേയുള്ളൂ. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തെ നാം അംഗീകരിക്കാതെ വയ്യ. ഗ്രന്ഥശാലകളുടെ ഭാവിയല്ല, വായനയുടെ ഭാവിയാണ് ഇവിടെ നമ്മുടെ വിഷയം. ഏതായാലും, ഗ്രന്ഥശാലകളിലൂടെയുള്ള വായനയുടെ ഭാവി കേരളത്തില്‍ തീര്‍ന്നു എന്നു പറയാം.

കേരളത്തില്‍ ഒരു പ്രളയമുണ്ടാകുമെന്നു 2013-ല്‍ തന്നെ പ്രവചിച്ചയാളാണു ഞാന്‍. അതു പ്രവചനം എന്റെ തൊഴിലായതുകൊണ്ടോ ഭാവി എനിക്കു കാണാന്‍ കഴിയുന്നതുകൊണ്ടോ അല്ല. ഇന്ന് കേരളത്തില്‍ സംഭവിക്കുന്ന ഒരു കാര്യം ഇന്നലെയോ മിനിയാന്നോ മറ്റൊരിടത്തു സംഭവിച്ചതായിരിക്കും. ഇന്ന് കേരളത്തില്‍ സം ഭവിക്കുന്ന കാര്യം നാളെയോ മറ്റെന്നാളോ മറ്റൊരിടത്തു സംഭവിക്കും. ലോകമെങ്ങും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ എന്ത് എവിടെ നടക്കുമെന്നു പറയുക ബുദ്ധിമുട്ടുള്ള കാര്യമല്ല. അതായത്, ഞാന്‍ പറയുന്നത് വാസ്തവത്തില്‍ ഭാവിയല്ല. വേറൊരിടത്തു വേറൊരു സമയത്തു കണ്ടു കഴിഞ്ഞ കാര്യമാണ്. 2011-ല്‍ തായ്‌ലന്‍ഡില്‍ ഒരു വെള്ളപ്പൊക്കമുണ്ടായി. ബാങ്കോക്ക് നഗരമാകെ വെള്ളത്തിനടിയിലാകുമെന്ന സാഹചര്യമുണ്ടായി. ആ സാഹചര്യത്തില്‍, ബാങ്കോക്ക് നഗരത്തില്‍ നിന്ന് ആളുകള്‍ മുഴുവന്‍ പുറത്തേയ്ക്കു പോയ ഘട്ടത്തില്‍ ആ നഗരം സംരക്ഷിക്കാനുള്ള ചുമതലയുമായി അയക്കപ്പെട്ട യു.എന്‍. സംഘത്തിന്റെ തലവനായിരുന്നു ഞാന്‍. കൃത്യമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും അവയെല്ലാം പാലിക്കപ്പെട്ടതുകൊണ്ടും നഗരം വെളളത്തിനടിയിലായില്ല. പക്ഷേ, ആ വലിയ പ്രളയത്തില്‍ ആ രാജ്യം കുറെ നാള്‍ മുങ്ങിക്കിടന്നു. അന്നു ഞാന്‍ കണ്ട കാഴ്ചകളാണ് കേരളത്തില്‍ ഒരു വലിയ വെള്ളപ്പൊക്കമുണ്ടാകുമെന്നു പ്രവചിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കാരണം, കേരളം പോലെ തന്നെയുള്ള ഒരു പ്രദേശമാണ് തായ്‌ലന്‍ഡ്. ഇവിടെ മലനാട്, ഇടനാട്, തീരപ്രദേശം എന്നു പറയുന്നതുപോലെതന്നെയുള്ള ഒരു ഭൂപ്രകൃതിയാണ് അവിടത്തേതും. അണക്കെട്ടുകളും താഴെ നെല്‍പാടങ്ങളും നഗരങ്ങളും ഉണ്ട്. അണക്കെട്ടുകള്‍ തുറക്കുന്നതും തുറക്കാതിരിക്കുന്നതും അവിടെ പ്രശ്‌നമുണ്ടാക്കും. ഇതേ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് കേരളത്തില്‍ പ്രളയമുണ്ടാകും എന്നു പ്രവചിച്ചത്.

പ്രളയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ലോകത്തിലെ മറ്റേതു കാര്യമെടുത്താലും ഇതുപോലെ ഡാറ്റ വച്ച് നമുക്കു പ്രവചനങ്ങള്‍ നടത്താന്‍ സാധിക്കും. ഇപ്പോള്‍ ലോകത്തിലെ 193 രാജ്യങ്ങളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ആരോഗ്യപ്രശ്‌നം മാത്രമല്ല ഇത്. എല്ലാ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. സ്വീഡനിലുള്‍പ്പെടെ സാമ്പത്തിക മാന്ദ്യമുണ്ടായി. തൊഴിലിനെ ബാധിച്ചു. 30 കോടി തൊഴിലുകള്‍ ഇല്ലാതായി. അതു തിരിച്ചു വരുമോ എന്നറിയില്ല. പക്ഷേ ഇതൊരു തുടക്കം മാത്രമാണ്.

നാലാം വ്യവസായ വിപ്ലവം ആരംഭിച്ചിരിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആവിയെഞ്ചിന്‍ ഉണ്ടാക്കിയ വിപ്ലവമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വൈദ്യുതിയുണ്ടാക്കിയ വിപ്ലവമാണ് എന്നു പറയാം. അസംബ്ലി ലൈന്‍ ഉത്പാദനം പോലെയുള്ള മറ്റു ഘടകങ്ങളുമുണ്ട്. മൂന്നാം വിപ്ലവം ഇലക്‌ട്രോണിക്‌സും പേഴ്‌സണല്‍ കമ്പ്യൂട്ടിംഗും ഉണ്ടാക്കിയ വിപ്ലവമാണ്. നാലാം വ്യവസായവിപ്ലവത്തിന്റെ അടിത്തറയാകാന്‍ പോകുന്നത് നിര്‍മ്മിതബുദ്ധിയാണ്. ഡ്രോണുകളും റോബോട്ടിക്‌സും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ബയോടെക്‌നോളജിയും ജെനറ്റിക്‌സുമെല്ലാം അതിന്റെ കൂടെയുണ്ട്. ഈ നാലാം വ്യവസായ വിപ്ലവം വ്യവസായരംഗത്തു മാത്രമല്ല രാഷ്ട്രീയമുള്‍പ്പെടെ എല്ലാ രംഗങ്ങളിലും വലിയ മാറ്റമുണ്ടാക്കും. നൂറു വയസ്സിനപ്പുറം ജീവിക്കുന്ന മനുഷ്യര്‍, മരണമില്ലാത്ത കാലം ഒക്കെ യാഥാര്‍ത്ഥ്യത്തിലേക്കടുക്കുന്നു എന്നാണു നിഗമനങ്ങള്‍.

ഈ നാലാം വ്യവസായവിപ്ലവം വായനയെ എങ്ങനെയാണു ബാധിക്കുക? നാലാം വ്യവസായവിപ്ലവത്തിന്റെ രണ്ടു സവിശേഷതകള്‍ വായനയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഒന്നാമത്തേത്, നിര്‍മ്മിത ബുദ്ധി ഭാഷയെ ഏറ്റെടുക്കുന്നു എന്നതാണ്. ഇപ്പോള്‍ നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ ഒരു ഭാഷയില്‍ നിന്നു മറ്റൊരു ഭാഷയിലേയ്ക്കുള്ള പരിഭാഷകള്‍ നടക്കുന്നുണ്ട്. പരിപൂര്‍ണതയുള്ള പരിഭാഷകളല്ല ഇപ്പോള്‍ ഇതുവഴി ലഭിക്കുന്നത്. പക്ഷേ അത് ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പത്തു വര്‍ഷം മുമ്പ് ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തുമ്പോള്‍ ധാരാളം തെറ്റുകള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോഴത് ഏതാണ്ട് പൂര്‍ണതയുള്ള പരിഭാഷയായിട്ടുണ്ട്. ഓരോ തവണയും ഉണ്ടാകുന്ന തെറ്റുകളില്‍ നിന്നു പഠിച്ചു, തിരുത്തി മുന്നേറുവാന്‍ നിര്‍മ്മിതബുദ്ധിക്കു സാധിക്കും.

പുസ്തകങ്ങളുടെ അഭാവം കൊണ്ടല്ല ഇന്നു വായന നടക്കാത്തത്. ആളുകള്‍ക്കു വായിക്കാനുള്ള താത്പര്യം ഇല്ലാതെയായി. ഇതു തുടരുമോ എന്നതാണ് നാമറിയേണ്ട രണ്ടാമത്തെ കാര്യം. വായന മരിക്കുകയാണ് എന്നൊക്കെ നാം പലപ്പോഴും പറയും. അതു ശരിയാണെന്നു തോന്നുന്നില്ല. ഞാന്‍ ചെറുപ്പത്തില്‍ വായിക്കാന്‍ ചിലവാക്കിയ സമയത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വായിക്കാന്‍ ചിലവാക്കുന്നുണ്ട്. പക്ഷേ അതു വേറെ മാധ്യമത്തിലാണ്, വേറെ വിഷയങ്ങളാണ്, വേറെ വലുപ്പത്തിലാണ് എന്നു മാത്രം. പുസ്തകമായിട്ടല്ല ഇന്നു ഞാന്‍ വായിക്കുന്നത്. ഒരു ചെറിയ കുറിപ്പു വായിക്കുന്നു. അതില്‍ നിന്നു ലിങ്ക് ചെയ്തു മറ്റൊരു കുറിപ്പു വായിക്കുന്നു. അങ്ങനെയാണ് ഇന്നു നമ്മുടെ വായന വളരുന്നത്. അതു തെറ്റായ വായനയല്ല,

ഇന്നു രാവിലെ ഞാന്‍ ഒരു വീഡിയോ പ്രസന്റേഷന്‍ കണ്ടു. അമേരിക്കയില്‍ നിന്നൊരു സ്ത്രീ, ജപ്പാനിലുള്ള ആളുകള്‍ക്കു വേണ്ടി, മൂന്നു ദിശകളില്‍ തിരിഞ്ഞു നിന്ന് (ഹോളോഗ്രാം) ജാപ്പനീസ് ഭാഷയില്‍ ഒരു പ്രഭാഷണം നടത്തുന്നു. വാസ്തവത്തില്‍ അവര്‍ അമേരിക്കയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലാണ് ആ പ്രഭാഷണം നടത്തുന്നത്. എന്നാല്‍, ജപ്പാനില്‍ ഉള്ളവര്‍ കാണുന്നത് അവരുടെ തൊട്ടുമുമ്പില്‍ നിന്നു ജാപ്പനീസ് ഭാഷയില്‍ സംസാരിക്കുന്നതാണ്. ഈ തരത്തില്‍ ഭാഷയെ നിര്‍മ്മിതബുദ്ധി ഏറ്റെടുക്കുകയും ഭാഷയെ പരസ്പരപ്രവര്‍ത്തനത്തിനു സജ്ജമാക്കുകയും ചെയ്യുന്നു. ഒരു ഭാഷയിലുള്ള എന്തു കാര്യവും മറ്റൊരു ഭാഷയിലുള്ള ആര്‍ക്കും വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന കാലത്തേയ്ക്ക് ഇനിയധികം ദൂരമില്ല. കൂടി വന്നാല്‍ പത്തു വര്‍ഷം. പത്തു വര്‍ഷത്തിനകം ലോകത്തെ മുഴുവന്‍ ഭാഷകളും പരസ്പരപ്രവര്‍ത്തനത്തിനു സജ്ജമാകും. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയാണിത്. ഏതു ഭാഷയിലെഴുതുന്ന പുസ്തകവും നമ്മുടെ ഭാഷയില്‍ മറ്റൊരു വ്യക്തിയുടെ പരിഭാഷയില്ലാതെ വായിക്കാന്‍ നമുക്കു സാധിക്കും. ഭാഷ ഒരു തടസ്സമല്ലാതെയാകും.

പുസ്തകങ്ങളുടെ അഭാവം കൊണ്ടല്ല ഇന്നു വായന നടക്കാത്തത്. ആളുകള്‍ക്കു വായിക്കാനുള്ള താത്പര്യം ഇല്ലാതെയായി. ഇതു തുടരുമോ എന്നതാണ് നാമറിയേണ്ട രണ്ടാമത്തെ കാര്യം. വായന മരിക്കുകയാണ് എന്നൊക്കെ നാം പലപ്പോഴും പറയും. അതു ശരിയാണെന്നു തോന്നുന്നില്ല. ഞാന്‍ ചെറുപ്പത്തില്‍ വായിക്കാന്‍ ചിലവാക്കിയ സമയത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ വായിക്കാന്‍ ചിലവാക്കുന്നുണ്ട്. പക്ഷേ അതു വേറെ മാധ്യമത്തിലാണ്, വേറെ വിഷയങ്ങളാണ്, വേറെ വലുപ്പത്തിലാണ് എന്നു മാത്രം. പുസ്തകമായിട്ടല്ല ഇന്നു ഞാന്‍ വായിക്കുന്നത്. ഒരു ചെറിയ കുറിപ്പു വായിക്കുന്നു. അതില്‍ നിന്നു ലിങ്ക് ചെയ്തു മറ്റൊരു കുറിപ്പു വായിക്കുന്നു. അങ്ങനെയാണ് ഇന്നു നമ്മുടെ വായന വളരുന്നത്. അതു തെറ്റായ വായനയല്ല, വ്യത്യസ്തമായ വായനയാണെന്നു മാത്രം. അത്തരത്തിലുള്ള വായന തീര്‍ച്ചയായും വളരുന്നുണ്ട്. പുസ്തകങ്ങളായിട്ടുള്ള വായന കുറയുന്നു. ഓണ്‍ലൈനായുള്ള വായനയിലേക്കുള്ള മാറ്റത്തിന്റെ ഒരു പ്രശ്‌നം നമ്മുടെ നാട്ടിലുണ്ടെന്നേയുള്ളൂ. എന്തായാലും വായനയ്ക്കു തീര്‍ച്ചയായും ഭാവിയുണ്ട്. പക്ഷേ വ്യത്യസ്തമായ രീതിയിലും വലിപ്പത്തിലുമായിരിക്കും വായന. വായനയുടെ ലോകം, പുസ്തകങ്ങളുടെ ലോകം, വായിക്കാനുള്ള വസ്തുതകളുടെ ലോകം തുറന്നു വരിക തന്നെയാണ്.

നാലാം വ്യവസായവിപ്ലവമെന്നത് തൊഴിലില്ലാത്ത വളര്‍ച്ചയുടെ ലോകമാണ്. ഓക്‌സ്‌ഫോര്‍ഡ് 2012-ല്‍ നടത്തിയ ഫ്യൂച്ചര്‍ ഓഫ് എംപ്ലോയ്‌മെന്റ് എന്ന പഠനം പറയുന്നത് ഇന്നു ലോകത്തില്‍ നിലനില്‍ക്കുന്നവയില്‍ 46% തരം ജോലികളും 2030 ഓടെ ഇല്ലാതാകുമെന്നാണ്. 2013-ല്‍ ഇതു പറഞ്ഞപ്പോള്‍ നമുക്കു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇത്ര വേഗത്തില്‍ ഇത്ര വലിയ മാറ്റങ്ങളോ എന്നു നാം കരുതി. എന്നാല്‍ 2019-ല്‍ പത്തു ശതമാനം തൊഴിലുകള്‍, അതായതു 30 കോടി തൊഴിലുകള്‍ ഇല്ലാതായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി തൊഴിലുകള്‍ ഇല്ലാതാകുക എന്നത് വളരെ സ്വാഭാവികമായി സംഭവിക്കുമെന്ന് നമുക്കു വിശ്വസിക്കാവുന്നതാണ്.

യാത്ര ചെയ്യുന്നവര്‍ക്കറിയാം, പണ്ടൊക്കെ ഒരു വിമാനത്താവളത്തില്‍ ചെന്നു കഴിഞ്ഞാല്‍, ഔട്ടര്‍ പെരിമീറ്റര്‍ സെക്യൂരിറ്റി, ഇന്നര്‍ പെരിമിറ്റീര്‍ സെക്യൂരിറ്റി, ചെക്കിംഗ് കൗണ്ടര്‍, എമിഗ്രേഷന്‍ കൗണ്ടര്‍, കസ്റ്റംസ് കൗണ്ടര്‍ എന്നിങ്ങനെ നാലോ അഞ്ചോ കടമ്പകളില്‍ ആളുകളുമായി ഇടപെട്ടതിനു ശേഷമാണ് നാം വിദേശയാത്രകള്‍ക്കു വിമാനത്തിലേയ്ക്കു കയറിയിരുന്നത്. ഇന്ന് ജനീവ എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ ഇന്നര്‍ പെരിമീറ്റര്‍ സെക്യൂരിറ്റി ഇല്ല, ഔട്ടര്‍ പെരിമീറ്റര്‍ സെക്യൂരിറ്റി ഇല്ല, ചെക്കിന്‍ കൗണ്ടര്‍ ഇല്ല, ബോര്‍ഡിംഗ് ഗേറ്റില്‍ ആളില്ല. ആറ് ആളുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രം. ദുബായ് എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കൗണ്ടറില്‍ പോലും മനുഷ്യരില്ലാത്ത സാഹചര്യമാണ്.

ഓണ്‍ലൈന്‍ പഠനത്തില്‍ ഗ്രാമീണ ലൈബ്രറികള്‍ക്കു പങ്കുവഹിക്കാനാകും. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിന് ലൈബ്രറികള്‍ പ്രയോജനപ്പെടുത്തണം. ഓരോ ലൈബ്രറിയും അതതു ഗ്രാമങ്ങളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം നല്‍കണം. ബ്രോഡ് ബാന്‍ഡും ടാബും മറ്റും ലൈബ്രറികളില്‍ ലഭ്യമാക്കണം. ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ലൈബ്രറിയില്‍ വന്നിരുന്ന് തങ്ങളുടേതായ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പഠനം നടത്തുന്ന സ്ഥിതി വരണം.

തൊഴിലില്ലാത്ത ലോകമാണു വരാന്‍ പോകുന്നത്. ഈ ലോകത്തില്‍ മനുഷ്യരെന്തു ചെയ്യും എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. തൊഴിലില്ലാത്ത കൂടുതല്‍ ആളുകള്‍ ഉണ്ടാകുമ്പോള്‍, അവര്‍ക്കിഷ്ടമുള്ളതു ചെയ്യാനുള്ള സാഹചര്യമുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്. യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്നനിലയില്‍, തൊഴിലില്ലാത്തവര്‍ക്കും സര്‍ക്കാര്‍ ന്യായമായ വിഹിതം കൊടുക്കുന്ന ഒരു സാഹചര്യം. കോവിഡിനു മുമ്പ് അതൊരു സൈദ്ധാന്തിക സങ്കല്‍പം മാത്രമായിരുന്നെങ്കില്‍ കോവിഡിന്റെ കാലത്ത് പലയിടത്തും ഇപ്പോള്‍ അതാണ് ഒരു പരിധി വരെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത് സ്ഥിരം സംവിധാനമാകുന്ന ഒരു ലോകമാണ് ഇനി വരാന്‍ പോകുന്നത്. തൊഴില്‍ ചെയ്യാതെ തന്നെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍, അപ്രകാരം അധികമായി ലഭിക്കുന്ന സമയം ആളുകള്‍ എന്തു ചെയ്യും? വായനയിലേയ്ക്കു മാറുമോ? വായന നാം ശീലിപ്പിക്കുന്നതാണല്ലോ. അതുകൊണ്ട് വേണമെങ്കില്‍ അങ്ങനെ മാറാവുന്നതേയുള്ളൂ. ആ അര്‍ത്ഥത്തില്‍ വായനയ്ക്കു വലിയൊരു സാദ്ധ്യത വളര്‍ന്നു വരുന്നുണ്ട്. ലോകത്തെല്ലായിടത്തും പുസ്തകങ്ങള്‍ ലഭ്യമാകുകയും വായിക്കാന്‍ സമയമുണ്ടാകുകയും ചെയ്യുന്ന ഒരു സാദ്ധ്യത.

പക്ഷേ ഈ നിര്‍മ്മിതബുദ്ധി വളരെ രസകരമായ മൂന്നാമത്തെ ഒരു കാര്യം കൂടി ചെയ്യുന്നുണ്ട്. നിര്‍മ്മിതബുദ്ധി ഉണ്ടായ സമയത്ത് ആളുകള്‍ വിശ്വസിച്ചിരുന്നത് ആവര്‍ത്തന പ്രവൃത്തികള്‍ മാത്രമേ നിര്‍മ്മിതബുദ്ധിക്കു ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു. ഉദാഹരണത്തിന് അക്കൗണ്ടിംഗ്. സര്‍ഗാത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യന്‍ തന്നെ വേണ്ടിവരും എന്നായിരുന്നു വിചാരിച്ചിരുന്നത്. ഇപ്പോഴും അനവധി ആളുകള്‍ അതു തന്നെയാണു വിശ്വസിക്കുന്നത്. പക്ഷേ 2015 ഓടെ നിര്‍മ്മിതബുദ്ധിയുടെ കഴിവ് വളരെയധികം വര്‍ദ്ധിച്ചുവെന്നു. ഒരു ദിവസം കൊണ്ട് ചെസ് കളി പഠിച്ച പ്രോഗ്രാമുകള്‍ പോലും ചെസില്‍ ലോകചാമ്പ്യന്മാരെ തകര്‍ക്കുന്ന രീതിയിലേയ്ക്കു ഈ വളര്‍ച്ച എത്തിച്ചേര്‍ന്നു. പക്ഷേ അതിനപ്പുറത്തേയ്ക്ക്, വേണമെങ്കില്‍ കഥയോ കവിതയോ എഴുതാന്‍ കഴിയുന്ന ഒരു സാഹചര്യത്തിലേയ്ക്കു വരെ നിര്‍മ്മിതബുദ്ധി ഇപ്പോള്‍ എത്തിയിട്ടുണ്ട്. അങ്ങനെയുള്ള കഥകളും കവിതകളും എഴുതപ്പെടുന്നുണ്ട്. ഇത്തരം കഥകളും കവിതകളും വായനക്കാര്‍ക്കു കൊടുത്തിട്ട്, അതു മനുഷ്യനാണോ നിര്‍മ്മിതബുദ്ധിയാണോ എഴുതിയതെന്നു ചോദിച്ചാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.

അല്‍ഗൊരിതങ്ങള്‍ മനുഷ്യനെ അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ചില സിനിമകള്‍ ഹിറ്റാകുന്നതും ചിലത് ഫ്‌ളോപ്പാകുന്നതും? ഏത് ഘടകമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്? ഇത് കാണികളില്‍ നിന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആളുകള്‍ മിക്കപ്പോഴും നുണ പറയും. അവര്‍ വലിയ തത്വങ്ങളെന്തെങ്കിലും പറയും. യാഥാര്‍ത്ഥ്യം വേറെന്തെങ്കിലുമായിരിക്കും. നിര്‍മ്മിതബുദ്ധിയാകട്ടെ, ആളുകള്‍ എന്തു പറയുന്നു എന്നതില്‍ നിന്നല്ല എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ നിന്നാണ് സൂചനകളെടുക്കുന്നത്. ഇതുവഴിയായി, എന്തുകൊണ്ടാണ് പട്ടണപ്രവേശം സൂപ്പര്‍ഹിറ്റായത് എന്നറിഞ്ഞ്, അത്തരത്തിലുള്ള സിനിമകള്‍ ആളുകള്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിനു സാധിക്കും. ആ കാലം വരുന്നേയുള്ളൂ.

തത്കാലമെങ്കിലും ഇതൊക്കെ ഉണ്ടാക്കാമെന്നല്ലാതെ സങ്കല്‍പിക്കാവുന്ന അവസ്ഥയിലേയ്ക്ക് നിര്‍മ്മിതബുദ്ധി എത്തിയിട്ടില്ല. ഇന്നത്തെ റോബോട്ടിന് ഒരു പെയിന്റിംഗ് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഒരു ആര്‍ട് ഗ്യാലറിയില്‍ പോയി പെയിന്റിംഗുകള്‍ കണ്ട്, ആനന്ദിക്കാന്‍ കഴിയുന്ന റോബോട്ടുകള്‍ ഇന്നില്ല. ഉണ്ടായെന്നു വരാം. നിര്‍മ്മിതബുദ്ധി ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെ ഉപഭോക്താവ് എന്നതു തത്കാലമെങ്കിലും മനുഷ്യന്‍ തന്നെയായിരിക്കും.

നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ വലിയ ക്ഷാമമുണ്ട്. ഒരു റോബോട്ടിനോടു പറഞ്ഞാല്‍ കുട്ടികള്‍ക്കുള്ള നൂറു പുസ്തകങ്ങളുണ്ടാക്കാന്‍ റോബോട്ടിനു ബുദ്ധിമുട്ടുണ്ടാകുകയില്ല. ഉത്പന്നത്തിന്റെ മാനദണ്ഡങ്ങള്‍ പറഞ്ഞുകൊടുത്താല്‍, (7 ഉം 9 ഉം വയസ്സിനിടയിലുള്ള ഇന്ത്യയിലെ/അമേരിക്കയിലെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്നത്) അത്തരത്തിലുള്ള പുസ്തകം ഉണ്ടാക്കിയെടുക്കാന്‍ കമ്പ്യൂട്ടറിനു സാധിക്കും. അവര്‍ക്കു റൈറ്റേഴ്‌സ് ബ്ലോക്കില്ല. ഇത്തരത്തിലുള്ള ഒരു ലോകവും വരുന്നുണ്ട്. ഭാവിയെ കുറിച്ചാണ് നാം സംസാരിക്കുന്നതെങ്കിലും ഇത് ഇന്ന് സംഭവിക്കുന്ന കാര്യമാണ്. കമ്പ്യൂട്ടര്‍ പുസ്തകമെഴുതുന്നത് ഇന്നു സംഭവിക്കുന്ന കാര്യമാണ്.

തൊഴിലില്ലാതെ ആളുകള്‍ക്കു വേതനം കൊടുക്കുക സാദ്ധ്യമാണോ എന്നു നിങ്ങള്‍ക്കു സംശയമുണ്ടാകും. മൂന്നു വര്‍ഷം മുമ്പു സ്വിറ്റ്‌സര്‍ലന്റില്‍ ജനങ്ങളോടു സര്‍ക്കാര്‍ ചോദിച്ചു, ഒരു മാസം മൂവായിരത്തോളം ഡോളര്‍ വെറുതെ തരാം, അതിനു പറ്റുന്ന നിയമമുണ്ടാക്കട്ടെ എന്ന്. തൊഴിലൊന്നും ചെയ്യാതെയാണിത്, തൊഴിലില്ലായ്മാവേതനമായിട്ടല്ല. തൊഴിലുള്ളവര്‍ക്ക് അതു ചെയ്യാം. അവര്‍ക്കും ഈ പണം കിട്ടും. എന്നാല്‍ തൊഴിലിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതുമില്ല. ഇതായിരുന്നു വാഗ്ദാനം. ആളുകള്‍ ഇതുകേട്ടു പേടിച്ചുപോയി. പക്ഷേ, ആ ലോകം ഇന്നു നിലവില്‍ വന്നിരിക്കുന്നു.

ഒരു ഭാഷയിലെ പുസ്തകം മറ്റൊരു ഭാഷയില്‍ വായിക്കാന്‍ കഴിയുന്ന ലോകം ഇന്നുണ്ട്. നാളത്തെ കാര്യമല്ല. ഈ തരത്തില്‍ വായനയുടെ അനന്തസാദ്ധ്യതകളുടെ ഒരു ലോകം നമ്മുടെ മുമ്പിലേയ്ക്കു വരികയാണ്.

ഭാവിയെന്നത് 2020-ല്‍ നിന്ന് 21 ലേക്കും അവിടെ നിന്നു 30 ലേക്കും പോകും എന്നാണ് നാം കരുതുന്നത്. ഐക്യകേരളത്തിന്റെ ചരിത്രമെടുത്താല്‍ നാം പടിപടിയായി പുരോഗമിക്കുകയായിരുന്നു എന്നു കാണാം. നമ്മുടെ മാതാപിതാക്കളുടെ തലമുറയേക്കാള്‍ മെച്ചപ്പെട്ടതാണ് നമ്മുടെ തലമുറ. റോഡുകളാണെങ്കിലും യൂണിവേഴ്‌സിറ്റികളാണെങ്കിലും വസ്ത്രങ്ങളാണെങ്കിലും മറ്റ് ഏതു കാര്യങ്ങളാണെങ്കിലും നാം പുരോഗമിച്ചിട്ടുണ്ട്. കേരളം ഒരു സിംഗപ്പൂരോ ദുബായിയോ ആയിട്ടില്ല. എന്നാലും പുരോഗമിക്കുകയാണ്. ഇതു സ്വാഭാവികമായി സംഭവിക്കുന്നതല്ല കാരണം, നമ്മേക്കാള്‍ മുമ്പില്‍ നിന്ന പല സ്ഥലങ്ങളും നമ്മേക്കാള്‍ പിന്നിലായിട്ടുമുണ്ട്. 70-കളില്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏറ്റവും നല്ല മലയാളം റേഡിയോ ശ്രീലങ്കയില്‍ നിന്നു വരുന്നതായിരുന്നു. 60-കളില്‍ ഏഷ്യയില്‍ ആദ്യത്തെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ എക്‌സ്‌ക്ലുസീവ് ഷോപ് തുടങ്ങിയത് കാബൂളിലാണ്. കാബൂള്‍ 60-ലേക്കാള്‍ ഇന്നു പിന്നിലേയ്ക്കു പോയി. കേരളത്തിലാകട്ടെ നാം മുന്നോട്ടു പോയി.

നിര്‍മ്മിതബുദ്ധിയുടെയും സാര്‍വത്രിക അടിസ്ഥാനവരുമാനത്തിന്റെയും തൊഴിലില്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയുടെയും ഭാവി സ്വാഭാവികമായി നമ്മിലേക്കു വന്നു ചേരുമെന്നു കരുതാനാകില്ല. ഇതെല്ലാം നാം ഇന്നു നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ ഭാഗമായിരിക്കും. എല്ലാതരം തിരഞ്ഞെടുപ്പുകളും ഇതില്‍ വരുന്നു. തൊഴിലിന്റെ തിരഞ്ഞെടുപ്പ്, രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകള്‍, സാമൂഹ്യമായ തിരഞ്ഞെടുപ്പുകള്‍. ഈ തിരഞ്ഞെടുപ്പുകള്‍ നമ്മളെല്ലാവരും നടത്തേണ്ടതാണ്, നമ്മുടെ എല്ലാ തലമുറകളും നടത്തേണ്ടതാണ്, ഭാവിതലമുറ നടത്തേണ്ടതാണ്. അല്ലാതെ സ്വാഭാവികമായി, ഇത്രയും നാളും മുന്നോട്ടു പോയതു പോലെ ഇനിയും മുന്നോട്ടു പോയ്‌ക്കൊള്ളും എന്ന തെറ്റിദ്ധാരണ നമുക്കുണ്ടായിക്കൂടാ.

ഇതുവരെ നാം തിരഞ്ഞെടുത്ത വഴികളിലൂടെ തന്നെ നാം മുന്നോട്ടു പോയാല്‍ വായനക്കു നല്ല ഭാവിയുണ്ടായിരിക്കും എന്നു തന്നെയാണു ഞാന്‍ പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്ക് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗിന്റെ ലീന്‍ ഇന്‍ എന്ന പുസ്തകം പെണ്‍കുട്ടികള്‍ക്കു വായിക്കാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു. എങ്ങനെയാണു വിദ്യാഭ്യാസരംഗത്തു തുല്യതയില്‍ നില്‍ക്കുമ്പോള്‍ പോലും നേതൃത്വരംഗത്തു സ്ത്രീകള്‍ പിന്തള്ളപ്പെടുന്നത് എന്നത് ആ പുസ്തകം അന്വേഷിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പഠിക്കുന്നവരിലും പഠിപ്പിക്കുന്നവരിലും സ്ത്രീകളാണു ബഹുഭൂരിപക്ഷമെന്നു നമുക്കറിയാം. എന്നാല്‍ കേരളത്തിലെ 20 യൂണിവേഴ്‌സിറ്റികളില്‍ ഒരു വൈസ് ചാന്‍സലര്‍ മാത്രമാണു വനിതയുള്ളത്. ആദ്യമായിട്ടാണ് ഒരു വനിത ഇപ്പോള്‍ നമ്മുടെ വിദ്യാഭ്യാസമന്ത്രിയാകുന്നത്. നിയമസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എന്നും പത്തു ശതമാനത്തില്‍ താഴെയായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇക്കാര്യത്തില്‍ കേരളമെന്നു മനസ്സിലാക്കണം. നേതൃരംഗത്തേക്കുള്‍പ്പെടെ സ്ത്രീകള്‍ കൂടുതലായി വരേണ്ടതുണ്ട്.

സ്വിറ്റ്‌സര്‍ലന്റില്‍ ആദ്യമായി പോയപ്പോള്‍ ചെറിയ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തോട്ടം കണ്ടു. ശൈത്യകാലമായതിനാല്‍ ഇലകളുണ്ടായിരുന്നില്ല. ചോദിച്ചപ്പോള്‍ ആപ്പിള്‍ തോട്ടമാണെന്നു പറഞ്ഞു. വിശ്വസിക്കാനായില്ല. കാരണം, കുറെ കൂടി വലിയ മരങ്ങളാണ് ഇന്ത്യയിലെയും മറ്റും ആപ്പിള്‍ തോട്ടങ്ങളില്‍ കണ്ടിട്ടുള്ളത്. ആറു മാസത്തിനു ശേഷം അതേ വഴിക്കു പോയപ്പോള്‍ ആ തോട്ടത്തിലെ ചെടികള്‍ നിറയെ ആപ്പിളുകളുമായി നില്‍ക്കുന്നതു കണ്ടു. അതിനെ കുറിച്ച് അവര്‍ പറഞ്ഞു തന്നു. ഒരു ആപ്പിള്‍ മരം അതിന്റെ ഊര്‍ജം ആപ്പിളുകളുണ്ടാക്കുന്നതിനേക്കാള്‍ കൂടുതലായി മരം വളര്‍ത്താനായി ചിലവാക്കുന്ന സമയമാകുമ്പോള്‍ അവര്‍ ആ മരം വെട്ടി പുതിയ ചെടി നടുന്നു. മരത്തിന്റെ ആവശ്യത്തിനല്ല, ആപ്പിളിനു വേണ്ടിയാണ് അതു നടുന്നത്. തടിക്കു വേണ്ടിയാണെങ്കില്‍ അതിനു പറ്റിയ വേറെ ഇനം മരങ്ങളുണ്ട്.

നമ്മുടെ നാട്ടില്‍ പല തെങ്ങുകളും നാം നിറുത്തിയിരിക്കുന്നത് അച്ഛനോ അപ്പാപ്പനോ ഒക്കെ നട്ടതാണെന്നു വിചാരിച്ചാണ്. ഊര്‍ജം മുഴുവന്‍ തടിയിലേയ്ക്കായിരിക്കും പോകുന്നുണ്ടാകുക. തേങ്ങ ഒന്നോ രണ്ടോ കിട്ടുന്നുണ്ടായിരിക്കും.

ഈ അവസ്ഥ നമ്മുടെ പല പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. പഴയ പ്രസ്ഥാനങ്ങളോടു നമുക്കു പല വൈകാരികതകളുമുണ്ടായിരിക്കും. അതിന്റെ ഫലമായി അതിനെ നിലനിറുത്തും. പക്ഷേ അതുകൊണ്ടു പ്രയോജനമുണ്ടാകില്ല, അതു നഷ്ടവുമായിരിക്കും. അഞ്ചോ ആറോ ഷെല്‍ഫുകളില്‍ പുസ്തകവുമായി ഒരാളിരിക്കുന്ന ലൈബ്രറികള്‍ക്ക് ഇനി ഭാവിയില്ല എന്നാണു ഞാന്‍ കരുതുന്നത്. പുതിയ വിദ്യാഭ്യാസനയമനുസരിച്ച്, ഇന്ത്യയില്‍ യൂണിവേഴ്‌സിറ്റികള്‍ ഇല്ലാതാകുകയാണ്. നാല്‍പതിനായിരം കോളേജുകളാണ് ഇന്ത്യയിലുള്ളത്. അതെല്ലാം സ്വയംഭരണ കോളേജുകളാകും. ഡിഗ്രി കോളേജുകള്‍ തന്നെ നല്‍കും. അപ്പോള്‍ പതിനായിരത്തോളം കോളേജുകള്‍ പൂട്ടിപോകും. 60 ശതമാനം പേര്‍ മാത്രം കോളേജുകളിലും ബാക്കി നാല്‍പതു ശതമാനം ഓണ്‍ലൈനായിട്ടുമാകും പഠിക്കുക.

ഓണ്‍ലൈന്‍ പഠനത്തില്‍ ഗ്രാമീണ ലൈബ്രറികള്‍ക്കു പങ്കു വഹിക്കാനാകും. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിന് ലൈബ്രറികള്‍ പ്രയോജനപ്പെടുത്തണം. ഓരോ ലൈബ്രറിയും അതതു ഗ്രാമങ്ങളിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം നല്‍കണം. ബ്രോഡ്ബാന്‍ഡും ടാബും മറ്റും ലൈബ്രറികളില്‍ ലഭ്യമാക്കണം. ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ലൈബ്രറിയില്‍ വന്നിരുന്ന് തങ്ങളുടേതായ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പഠനം നടത്തുന്ന സ്ഥിതി വരണം. പക്ഷേ ഇതിനു വലിയ മാനസീക പരിവര്‍ത്തനം ആവശ്യമാണ്. അതിനു നമ്മള്‍ തയ്യാറാണോ എന്നതാണു ചോദ്യം. തയ്യാറാണെങ്കില്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് ഭാവിയുണ്ടാകും. ഇല്ലെങ്കില്‍ അവ മരിച്ചു പോകും.

(ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം മേധാവിയും എഴുത്തുകാരനുമാണ് ശ്രീ മുരളി തുമ്മാരുകുടി. തൃക്കാക്കര ഭാരതമാതാ കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച വായനാവാരാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളുടെ ലിഖിത രൂപമാണിത്.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org