ചരിത്രത്തിന്റെ വീണ്ടെടുപ്പ്

ചരിത്രത്തിന്റെ വീണ്ടെടുപ്പ്
Published on

ഒരു നോവലിസ്റ്റ് എന്ന നിലയില്‍ പലപ്പോഴും എന്റെ ദേശമെഴുത്തിന്റെ വേരുകളെക്കുറിച്ച് ആലോചിക്കാറുണ്ട്. എല്ലാ അന്വേഷണങ്ങളും പോഞ്ഞിക്കര റാഫിയില്‍ തട്ടിത്തടഞ്ഞ് നില്‍ക്കുകയായിരുന്നു. വളരെ വൈകിയാണ് എനിക്കതിന് കൃത്യമായ ഒരുത്തരം കിട്ടിയത്. ഫോര്‍ട്ടുകൊച്ചി സാന്റാക്രൂസ് ഹൈസ്‌കൂളിലെ അധ്യാപകനായ വാരിയത്ത് ചോറി പീറ്റര്‍ എന്ന എഴുത്തുകാരനാണ് ആദ്യമായി കൊച്ചി തീരദേശത്തെ മനുഷ്യരെക്കുറിച്ചും ലത്തീന്‍ ക്രിസ്ത്യാനികളെക്കുറിച്ചും എഴുതിയത്. 1906-ല്‍ അദ്ദേഹം രചിച്ച ‘പരിഷ്‌കാര വിജയം’ എന്ന നോവല്‍ 2006 ലാണ് ഡോക്ടര്‍ ജോര്‍ജ് ഇരുമ്പയം എഡിറ്റ് ചെയ്ത് പുറത്തിറക്കിയത്.

1993-ല്‍ എഴുതി പൂര്‍ത്തിയാക്കിയ എന്റെ ആദ്യ നോവല്‍ ‘ചാവുനിലം’ 1996-ൽ ത്തന്നെ പുസ്തകമായി അച്ചടിക്കപ്പെട്ടിരുന്നു. വളരെ മുമ്പേ എഴുതപ്പെട്ട പരിഷ്‌കാരവിജയം എന്ന ഈ കൃതി കാലങ്ങളോളം ചരിത്രത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കൊച്ചിയുടെ തീരപ്രദേശത്ത് ജീവിക്കുന്ന ലത്തീന്‍ കത്തോലിക്കരായ മനുഷ്യരുടെ സംസ്‌കാരത്തെക്കുറിച്ചും കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഒന്നും തന്നെ വെളിപ്പെട്ടതുമില്ല. ഈ നോവല്‍ നമുക്ക് കിട്ടിയില്ലായിരുന്നുവെങ്കില്‍ ഈ പ്രദേശത്തു ജീവിച്ചിരുന്ന ഒരു ജനസമൂഹം ഇരുട്ടിലായി പോകുമായിരുന്നു.

1860-ല്‍ രചിക്കപ്പെട്ട മൃഗചരിതം എന്ന ഗ്രന്ഥത്തെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് തന്നെ ഗ്രന്ഥപ്പുരയിലൂടെ കണ്ണോടിച്ചപ്പോഴാണ്. എത്രയോ പ്രാചീന നോവലു കളാണ് ഗ്രന്ഥപ്പുര വഴി ഗവേഷകരുടെ മുന്നിലേക്ക് എത്തിച്ചത്.

ആദ്യകാല നോവലുകളില്‍ ഇന്ദുലേഖ മാത്രം വായിച്ചിട്ടുള്ളവര്‍ കാണുന്ന ജീവിതം സവര്‍ണ്ണരുടെയും ഉന്നതകുല ജാതരായ ഇടത്തരക്കാരുടേതുമായിരിക്കും. തീര്‍ച്ചയായും അതിനൊപ്പം വായിക്കേണ്ട നോവലാണ് ‘സരസ്വതി വിജയം’. ആ കൃതി വായിച്ചിട്ടില്ലെങ്കില്‍ കീഴാള ജീവിതത്തിന്റെ അടയാളങ്ങള്‍ തീര്‍ത്തും നഷ്ടപ്പെടുമായിരുന്നു.

കൂട്ടത്തില്‍ പറയട്ടെ ചന്തുമേനോനെക്കുറിച്ചും പോത്തേരി കുഞ്ഞമ്പുവിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ വാരിയത്ത് ചോറി പീറ്ററേക്കുറിച്ച് ഈ നിമിഷം വരെ നമുക്ക് ഒന്നും അറിയില്ല. വിദേശ രാജ്യത്ത് നിന്ന് തന്നെയാണ് നമുക്ക് പഴയ രേഖകള്‍ ലഭിച്ചിട്ടുള്ളത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നാണ് പരിഷ്‌കാര വിജയം കണ്ടെടുത്തത്. അങ്ങനെ കണ്ടെടുക്കപ്പെട്ട അനേകം കൃതികളുണ്ട്. ഷിജു അലക്‌സിന്റെ നേതൃത്വത്തില്‍ ഗ്രന്ഥപ്പുര പുറത്തുകൊണ്ടുവന്നതിനാല്‍ മാത്രമാണ് 1772-ൽ രചിച്ച സംക്ഷേപവേദാർഥം, മലയാള ലിപി അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം സാധാരണക്കാര്‍ക്ക് ലഭ്യമായത്.

1799-ല്‍ പുറത്തുവന്ന മലബാര്‍ ഭാഷയുടെ വ്യാകരണം എന്ന കൃതി മലയാള ലിപിയില്‍ ഇന്ത്യയില്‍ തന്നെ അച്ചടിക്കപ്പെട്ടു. ചരിത്രത്തെ മനഃപൂർവം മറച്ചു പിടിക്കാനും വളച്ചൊടിക്കാനും ശ്രമം നടക്കുന്ന ഇക്കാലത്ത് ഷിജു അലക്‌സ് നിര്‍വഹിക്കുന്ന നിഷ്‌കാമകര്‍മ്മം ചെറുതല്ല. നിഷ്‌കാമകര്‍മ്മം എന്ന് അടിവരയിട്ടു കൊണ്ടു തന്നെ പറയണം. അംഗീകാരങ്ങള്‍ കിട്ടാത്ത, ഒരു നന്ദി പോലും ലഭിക്കാത്ത എന്നാല്‍ അവഗണന വേണ്ടുവോളം ലഭിക്കുന്ന കഠിനാധ്വാനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. ഒരിക്കല്‍ മലയാളത്തിലെ ഒരു കവി എന്നോട് പറഞ്ഞു, യഥാര്‍ത്ഥത്തില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം കൊടുക്കേണ്ടത് ഷിജു അലക്‌സിനെ പോലെയുള്ളവര്‍ക്കാണ് എന്ന്. വളരെ സത്യമായിട്ടാണ് എനിക്ക് അത് തോന്നിയത്.

നമുക്കറിയാം അതിസാധാരണത്വങ്ങള്‍ ആഘോഷിക്കപ്പെടുന്ന കാലമാണിത്. മീഡിയോക്രിറ്റി പ്രമാണമായിരിക്കുന്ന കാലത്ത് ബഹുഭൂരിപക്ഷം മനുഷ്യരും അങ്ങനെ ആവാതെ തരമില്ല. പ്രതിഭാധനര്‍ പോലും പ്രശസ്തിയും ധനവും കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്നത് അവര്‍ വെറും ഇടത്തരം ആയതുകൊണ്ടാണ് എന്ന് പറഞ്ഞത് ജെ. കൃഷ്ണമൂര്‍ത്തിയാണ്. അവസാനം വരെ തന്റെ കര്‍മ്മ വഴിയില്‍ സ്വയം സമര്‍പ്പിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍.

ഷിജു അലക്‌സിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഓര്‍ത്തപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ഒരു കാര്യം അതായിരുന്നു. നമുക്കറിയാം നമ്മള്‍ ജീവിക്കുന്ന ഈ കാലം ഉന്നതമായ മൂല്യങ്ങളൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കാത്തതാണെന്ന്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും സാംസ്‌കാരികമായ അപചയം നമ്മളെ പിടികൂടിയിട്ടുണ്ട് എന്നുള്ളത് ഒരു സത്യം മാത്രമാണ്. മാധ്യമങ്ങളെ മാത്രം നോക്കിയാല്‍ മതി. ജനാധിപത്യ ധ്വംസനങ്ങള്‍ക്കു മറ പിടിക്കാന്‍ വായനക്കാരില്‍ ഇക്കിളിയും പകയും ഉല്പാദിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട. ഈ സാഹചര്യത്തിലാണ് ഇവിടെ സത്യദീപത്തിന്റെ ഈ പ്രതലത്തില്‍ ഇങ്ങനെ ഒരു സർഗാത്മകമായ പദ്ധതി തുടങ്ങുന്നത്.

ഷിജു അലക്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. 1860-ല്‍ രചിക്കപ്പെട്ട മൃഗചരിതം എന്ന ഗ്രന്ഥത്തെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് തന്നെ ഗ്രന്ഥപ്പുരയിലൂടെ കണ്ണോടിച്ചപ്പോഴാണ്. എത്രയോ പ്രാചീന നോവലുകളാണ് അദ്ദേഹം ഗവേഷകരുടെ മുന്നിലേക്ക് എത്തിച്ചത്. മലയാള അച്ചടി ചരിത്രത്തില്‍ നിർണ്ണായക പ്രാധാന്യമുള്ള അപൂർവ മാസികകള്‍ മണ്ണാര്‍ക്കാട് ലൈബ്രറിയില്‍ നിന്ന് കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്തു. ജര്‍മ്മനിയിലെ ട്യൂബിങ്ങന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ചെയ്ത ഗുണ്ടര്‍ട്ട് ലെഗസി പദ്ധതി മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. കേരള പാഠാവലി പ്രാചീനമായ സര്‍ക്കാര്‍ രേഖകള്‍ എന്നിങ്ങനെ തികച്ചും നാനാവിധത്തിലുള്ള രേഖകളാണ് അദ്ദേഹം ഡിജിറ്റൈസ് ചെയ്തത്. എല്ലാം കൂടി 795,199 പേജുകള്‍ അദ്ദേഹം ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞിരിക്കുന്നു. 2021 ഡിസംബറില്‍ ആരോഗ്യത്തെ പോലും ബാധിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഇത് നിര്‍ത്തേണ്ടി വന്നു. ഏതാണ്ട് ആ സമയത്താണ് മാധ്യമങ്ങള്‍ ഷിജുവിന്റെ സേവനങ്ങള്‍ ശ്രദ്ധിക്കുകയും പരാമര്‍ശിക്കുകയും ചെയ്തത്.

ഞാന്‍ ആദ്യം പറഞ്ഞതു പോലെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പ് തന്നെയാണ് ഷിജു തന്റെ ഈ നിഷ്‌കാമ കര്‍മ്മത്തിലൂടെ അനുഷ്ഠിക്കുന്നത്.

ജെ. കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായി ഒട്ടും ഇടത്തരമല്ലാത്ത മൂല്യങ്ങളുള്ള ഒരു മനുഷ്യന്‍ എന്ന് ഞാന്‍ അദ്ദേഹത്തെ വിളിക്കും. ഇവിടെ സത്യദീപത്തിന്റെ ഈ പ്രതലത്തില്‍ നടക്കുന്ന പുതിയ പ്രോജക്ട് വരും തലമുറകള്‍ക്ക് പ്രയോജനകരമായിത്തീരും എന്നുള്ള കാര്യത്തില്‍ എനിക്ക് സംശയമില്ല. എല്ലാ ആശംസകളും നേര്‍ന്നുകൊള്ളുന്നു.

  • (സത്യദീപം വാരികയുടെ ഡിജിറ്റൈസേഷന്റെയും ഗ്രന്ഥപ്പുര എറണാകുളം സെന്ററിന്റെയും ഉദ്ഘാടനചടങ്ങിൽ നടത്തിയ പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org