
തന്റെ ജീവിതം മുഴുവന്‍ ദൈത്തിനും സുവിശേഷവേലയ്ക്കുമായി നീക്കിവച്ച ശുദ്ധനായ വ്യക്തിയാണ് മാമ്മന്‍ ഉപദേശി. നാടിന്റെ നാനാഭാഗങ്ങളില്‍ വചന പ്രഘോഷണം നടത്തി പ്രസിദ്ധിയാര്‍ജിച്ച അദ്ദേഹം ശ്രോതാക്കളുടെ ആരാധനാപാത്രമാണ്. മാമ്മന്‍ ഉപദേശിയുടെ പ്രസംഗമുണ്ടെന്നു പറഞ്ഞാല്‍ വിശ്വാസിസമൂഹം അവിടെ തടിച്ചുകൂടും. അത്രയ്ക്ക് പ്ര ചോദനാത്മകവും ഹൃദയഹാരിയുമാണ് അദ്ദേഹത്തിന്റെ വചസ്സുകള്‍. തെല്ലും വിശ്രമമില്ലാത്ത വിധം ഉപദേശിക്ക് എപ്പോഴും തിരക്കാണ്.
അദ്ദേഹത്തിന് കൊല്ലത്തു നിന്നും അത്യാവശ്യമായി ആലപ്പുഴയ്ക്ക് പോകണം. ബോട്ടുയാത്രയാണ്. അതിനുവേണ്ടി രാത്രി ആലപ്പുഴയ്ക്കു പോകുന്ന അവസാനത്തെ ബോട്ടില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തു. കവാടത്തില്‍ നില്‍ക്കുന്ന പരിശോധകന്റെ കൈയില്‍ ടിക്കറ്റു കൊടുത്തു വേഗം അതില്‍ കയറി. അയ്യോ! അപ്പോഴാണ് ഓര്‍ത്തത് ചായക്കടയില്‍ തന്റെ കുട മറന്നു വച്ചിരിക്കുന്നു. അതെടുത്ത് ഓടി വരാമെന്നു പറഞ്ഞു കുടയെടുക്കാന്‍ പോയി.
അവസാനത്തെ സര്‍വീസായതുകൊണ്ടും പതിവില്‍ക്കവിഞ്ഞു യാത്രക്കാരുണ്ടായിരുന്നതുകൊണ്ടും റെഡീമര്‍ ബോട്ട്, ഉപദേശി വരുമ്പോഴേക്കും നീങ്ങിത്തുടങ്ങി. കൈകള്‍ നീട്ടി ഉച്ചത്തില്‍ കരഞ്ഞു വിളിച്ചിട്ടും ബോട്ടു നിര്‍ത്തിയില്ല. മാമ്മന് സഹിക്കാനാവാത്ത ദുഃഖം തോന്നി. ഇടിവെട്ടേറ്റപോലെ സ്തംഭിച്ചു നിന്നു. രാവിലെ പോകാമെന്നു വച്ചാല്‍ തന്റെ പക്കല്‍ കാശൊന്നുമില്ല. സ്വയം ശപിച്ചു, ദൈവത്തോട് പരിഭവം പറഞ്ഞു. ''ജീവിതകാലം മുഴുവന്‍, ദൈവമേ നിനക്കുവേണ്ടി വേല ചെയ്തവനല്ലേ ഞാന്‍? സാധുവായ എനിക്ക് ഇങ്ങനെയൊരവസ്ഥ നീ വരുത്തിയല്ലോ? എന്തിന് എന്നെ ഇതുപോലെ ശിക്ഷിച്ചു?'' ഇങ്ങനെ പറഞ്ഞു സങ്കടപ്പെട്ടു.
അന്നേ ദിവസം തന്നെ അതേ ബോട്ടില്‍ യാത്ര ചെയ്യാനായി ഒരു സാധു വൈദികന്‍ തയ്യാറായി ചെന്നു. രാത്രി സമയമായതുകൊണ്ടും അവസാനത്തെ ട്രിപ്പായതുകൊണ്ടും പതിവില്‍ക്കവിഞ്ഞു ആളുകള്‍ അതില്‍ തിങ്ങിക്കയറിയിരുന്നു. നില്‍ക്കാനോ ഇരിക്കാനോ ബോട്ടില്‍ സ്ഥലമില്ലെന്നു കണ്ടപ്പോള്‍ ആ പാവം വൈദികന്‍ യാത്ര വേണ്ടെന്നു വച്ചു പിന്‍വാങ്ങി.
പരമാവധി ആളുകളെ കുത്തിനിറച്ചു ആ ബോട്ട് നീങ്ങുന്നതു കടുത്ത നിരാശയോടെ വൈദികന്‍ - വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ - നോക്കി നിന്നു.
പിറ്റേന്നു കേട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോയ റെഡീമര്‍ ബോട്ടു പാതിരാത്രി പല്ലനയാറ്റില്‍ മുങ്ങി. ഒട്ടനവധിപ്പേര്‍ മരിച്ചു. സങ്കടകരമെന്നു പറയട്ടെ, അക്കൂട്ടത്തില്‍ മലയാളത്തിന്റെ അഭിമാനമായ മഹാകവി കുമാരനാശാനുമുണ്ടായിരുന്നു. അതു സംഭവിച്ചതു 1924 ജനുവരി 16-ന്.
മഹാകവിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടായെങ്കിലും തങ്ങളെ കരുതലോടെ കാത്തുരക്ഷിച്ച ദൈവത്തിനു മാമ്മന്‍ ഉപദേശിയും പയ്യപ്പിള്ളി അച്ചനും നന്ദി പറഞ്ഞു. ബോട്ടിന്റെ പേരായ റെഡീമര്‍ എന്നതിന്റെ അര്‍ത്ഥം രക്ഷകന്‍ എന്നാണ്. ഒരേ സമയം ഉപദേശിയുടെയും പയ്യപ്പിള്ളി അച്ചന്റെയും രക്ഷകനായ ആ ബോട്ടു മഹാകവിയുടെ ജീവനെടുത്താണ് മുങ്ങിയത്. മരിക്കുമ്പോള്‍ ആശാന് അമ്പത്തൊന്നു വയസ്സു മാത്രം.
കോട്ടയം എസ് പി സി എസ് പ്രസിദ്ധപ്പെടുത്തിയ വിശ്വവിജ്ഞാനകോശം നാലാം വാല്യം 345-ാം പേജില്‍ ആശാന്റെ അന്ത്യത്തെക്കുറിച്ച് ഇങ്ങനെ വിവരിച്ചിരിക്കുന്നു. 1924 ജനുവരിയില്‍ അത്യന്തം ദാരുണമായ സാഹചര്യങ്ങളിലായിരുന്നു ആശാന്റെ മരണം. ആലുവയിലെ തന്റെ ഓട്ടുകമ്പനി വക യോഗത്തില്‍ സംബന്ധിക്കാന്‍ അന്നു (കൊല്ലവര്‍ഷം 1099 മകരം മൂന്നാം തീയതി) രാത്രി കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കു പോകുന്ന ബോട്ടില്‍ കയറി. ബോട്ട് അവസാനത്തേതായിരുന്നതിനാലും തിരുവനന്തപുരത്തെ മുറ ജപം കഴിഞ്ഞു വടക്കോട്ടു യാത്രപോകുന്ന ആളുകള്‍ നിശ്ചിത പരിധിയില്‍ കവിഞ്ഞു തിങ്ങിക്കയറിയതിനാലും ആദ്യയാമങ്ങളില്‍ ഉറങ്ങാന്‍ കഴിയാതെ ആശാന്‍ തന്റെ കൃതികള്‍ മറ്റുള്ളവരെ വായിച്ചു കേള്‍പ്പിച്ചും വിനോദങ്ങള്‍ പറഞ്ഞും കഴിച്ചുകൂട്ടിയതേയുള്ളൂ. രാത്രി അവസാനിക്കാറായതോടെ മിക്ക യാത്രക്കാരും ലഭ്യമായ സ്ഥലങ്ങളില്‍ ചാരിയും കുനിഞ്ഞും ഇരുന്നും ഉറക്കം തുടങ്ങി. ആശാന്‍ ഇരുന്നിരുന്നതു ജലനിരപ്പിനേക്കാള്‍ താഴ്ന്ന ഒന്നാം ക്ലാസ്സു മുറിയിലായിരുന്നു. തോട്ടപ്പള്ളിക്ക് നാലു കിലോ മീറ്റര്‍ തെക്ക്, ഇടുങ്ങിയതെങ്കിലും ആഴമേറിയ പല്ലനത്തോട്ടില്‍വച്ച് വെള്ളത്തില്‍ മറഞ്ഞുനിന്ന ഒരു തെങ്ങിന്‍ കുറ്റിയില്‍ തട്ടി റെഡീമര്‍ നൗക മുങ്ങിത്താഴുകയും അനേകം യാത്രക്കാര്‍ക്കൊപ്പം ആശാന്റെയും പ്രാണവായു ആ ജലഗര്‍ഭത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് കുമാരനാശാന്റെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിയത്. മൃതശരീരം സംസ്‌ക്കരിക്കപ്പെട്ട ആ തീരസ്ഥലം ഇന്നു 'കുമാരകോടി' എന്ന പേരില്‍ അറിയപ്പെടുന്നു.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ കുറിക്കട്ടെ. കത്തോലിക്കാ പുരോഹിതനാണെങ്കിലും വര്‍ഗീസച്ചന്റെ ശുശ്രൂഷകളില്‍ ജാതി-മത അതിര്‍വരമ്പുകളില്ലായിരുന്നു. ഇടവകദൗത്യങ്ങള്‍ക്കിടയില്‍ എല്ലാ വീടുകളും ജാതിമതഭേദമില്ലാതെ സന്ദര്‍ശിക്കുകയും ദാരിദ്ര്യവും ക്ലേശവും അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്കുകയും ചെയ്തിരുന്നു. ഏറ്റവും ദരിദ്ര കുടുംബങ്ങളും കൂലിപ്പള്ളികള്‍ക്കായി കുടിയേറിപ്പാര്‍ത്തിട്ടുള്ളവര്‍ തിങ്ങിത്താമസിക്കുന്ന ചേരിപ്രദേശത്തുള്ള കുടിലുകളും സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയും അവര്‍ നല്കുന്ന എളിയ ഭക്ഷണം ഒപ്പമിരുന്നു കഴിക്കുകയും ചെയ്തിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹനീയ ശുശ്രൂഷയുടെ ഒരു ഭാഗമായിരുന്നു.
അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും സ്‌നേഹസമ്പന്നതയും സേവന സന്നധതയും തിരിച്ചറിഞ്ഞു വര്‍ഗീസച്ചനെ എറണാകുളം മെത്രാപ്പോലീത്ത കണ്ടത്തില്‍ മാര്‍ അഗസ്തീനോസ് പിതാവ് അദ്ദേഹത്തെ തന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി.
കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്തു കൊണ്ടു ആരോരുമില്ലാത്ത പാവപ്പെട്ട വൃദ്ധജനങ്ങള്‍ക്കുവേണ്ടി വര്‍ഗീസച്ചന്‍ ആലുവാ ചുണങ്ങംവേലിയില്‍ ഒരു സാധുജന വൃദ്ധമന്ദിരം സ്ഥാപിച്ചതും, അവരെ ശുശ്രൂഷിക്കാന്‍ അഗതികളുടെ സഹോദരികളുടെ സന്യാസ സമൂഹം (Sisters of the Destitute) 1927 മാര്‍ച്ച് 19 ന് ആരംഭിച്ചതും തിരുസ്സഭയില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനായിരുന്നു.
1876 ല്‍ എറണാകുളം പെരുമാനൂരില്‍ ജനിച്ച പയ്യപ്പള്ളി വര്‍ഗീസ് സിലോണിലെ കാണ്ടി പേപ്പല്‍ സെമിനാരിയില്‍ പഠിച്ചു. 1907-ല്‍ വൈദികനായി. ചെങ്ങല്‍, കടമക്കുടി, ആലങ്ങാട്, ആരക്കുഴ എന്നീ പള്ളികളില്‍ സേവനമനുഷ്ഠിച്ചു. ആലുവാ സെന്റ് മേരീസ് സ്‌കൂളിന്റെ മാനേജരായി 1913 മുതല്‍ 1929 വരെ പ്രവര്‍ത്തിച്ചു.
നിര്‍ഭാഗ്യമെന്നു പറയട്ടെ അഗതികളോടുള്ള സ്‌നേഹത്തിന്റെ പാരമ്യത്തില്‍ അദ്ദേഹം 1927-ല്‍ എസ് ഡി സ്ഥാപിച്ച് രണ്ടു വര്‍ഷമായപ്പോഴേക്കും സഭയുടെ ശൈശവദശയില്‍തന്നെ 1929 ല്‍ അദ്ദേഹം ദിവംഗതനായി.
ഇന്ന് എസ് ഡി എന്ന ഈ സന്യാസസമൂഹം 96 വര്‍ഷം പിന്നിടുമ്പോള്‍ നല്ല ദൈവത്തിന്റെ അനന്തപരിപാലനയില്‍ വളര്‍ന്നു പന്തലിച്ചു. ഇന്ത്യയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗ്രാമങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും നോര്‍ത്ത് അമേരിക്കയിലും സൗത്ത് അമേരിക്കയിലും മെഡഗാസ്‌ക്കറിലും മിഷന്‍ കേന്ദ്രങ്ങളില്‍ ഈ സന്യാസ സമൂഹം ശുശ്രൂഷ ചെയ്യുന്നു. 1600-ഓളം സഭാമക്കള്‍ അഗതികളും നിരാലംബരുമായവര്‍ക്ക് കര്‍ത്താവിന്റെ കരുണാര്‍ദ്ര സ്‌നേഹം പകര്‍ന്ന് അവരെ രക്ഷയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
ദൈവപിതാവിന്റെ കരുണാര്‍ദ്രസ്‌നേഹം ജീവിതത്തിലൂടെ സഭാ തനയര്‍ക്കും ദൈവമക്കള്‍ക്കും പകര്‍ന്നു നല്കി ജീവിക്കുന്ന ഒരു വിശുദ്ധനായിട്ടാണ് അദ്ദേഹം കടന്നുപോയത്. അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ഇപ്പോള്‍ റോമില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ധന്യന്‍ ഫാദര്‍ വര്‍ഗീസ് പയ്യപ്പിള്ളിയെ അള്‍ത്താര വണക്കത്തിന് യോഗ്യനാക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.