വീണ്ടെടുക്കാം; ലൈംഗികതയിലെ ആത്മീയത

വീണ്ടെടുക്കാം; ലൈംഗികതയിലെ ആത്മീയത
Published on
  • ഫാ. ജോണ്‍ പുതുവ, മെല്‍ബണ്‍ രൂപത

ജീവന്‍ ദൈവത്തിന്റെ ദാനമാണ്. ദൈവത്തിന്റെ പദ്ധതികളിലും തീരുമാനങ്ങളിലും വിവേകത്തിലും മനുഷ്യന്‍ നടത്തുന്ന ഇടപെടലാണ് ഗര്‍ഭച്ഛിദ്രം. മഹത്തായ ഒരു ജീവിതത്തെ സൂചിമുനത്തുമ്പിലെ ഒരു തുള്ളി ഔഷധത്താല്‍ ഇല്ലാതാക്കാമെന്നുള്ള മനുഷ്യന്റെ മൗഢ്യം കലര്‍ന്ന അഹങ്കാരമാണ് ഗര്‍ഭച്ഛിദ്രം. ഗര്‍ഭച്ഛിദ്രത്തിനുവേണ്ടിയുള്ള വാദങ്ങളും ചര്‍ച്ചകളും ന്യായീകരണങ്ങളും സമൂഹത്തിനുമേല്‍ തീച്ചുഴലി വിതറിക്കൊണ്ടാണു കടന്നുപോകുന്നത്. ഇത്രമേല്‍ വിവേകശൂന്യവും ഇത്രമേല്‍ ദയാശൂന്യവുമായ ചര്‍ച്ചകള്‍ മറ്റൊന്നുമില്ല.

പിറവിക്കുശേഷം മാത്രമല്ല മനുഷ്യജന്മം ആരംഭിക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ, അണ്ഡവും ബീജവും സംയോജിക്കുന്ന നിമിഷത്തില്‍ തന്നെ ജീവന്‍ എന്ന അവസ്ഥ ദൈവത്തിന്റെ അനുഗ്രഹത്താല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പിന്നീടുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ സ്‌നേഹവും വാത്സല്യവും അനുഭവിച്ചാണ് ഭ്രൂണത്തിന്റെ വളര്‍ച്ച. ഉള്ളിലുള്ള, കാണാത്ത കുഞ്ഞിനെ സ്‌നേഹിച്ചുകൊണ്ടാണ് ഗര്‍ഭാവസ്ഥയിലെ അമ്മയുടെ ഓരോ ദിനങ്ങളും പൂര്‍ത്തിയാകുന്നത്.

ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള ഒരു ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററിയില്‍ തന്റെ അടുത്തേക്ക് എത്തുന്ന സൂചിമുനത്തുമ്പിനോടുള്ള ഭ്രൂണത്തിന്റെ പ്രതികരണങ്ങള്‍ കാണാം. കാഴ്ചക്കാരുടെ കണ്ണുകള്‍ ഈറനാക്കുന്നവയാണത്. ഭ്രൂണത്തിനു ജീവനുണ്ട്. അതിനു പ്രതിരോധിക്കാനാവില്ലെങ്കിലും പ്രതികരിക്കാനാവുമെന്ന് ആ ഡോക്യുമെന്റെറി വ്യക്തമാക്കുന്നു.

ജീവന്‍ ഏതവസ്ഥയിലും ഇല്ലാതാക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. അതു പ്രതികരിക്കാനാവാത്ത ഒരു ജീവനോടാകുമ്പോള്‍ കൂടുതല്‍ കടുത്ത കുറ്റകൃത്യമാകുന്നു. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ഇങ്ങനെ ജീവനെതിര് നില്‍ക്കുന്നവര്‍ മാറുകയാണ്.

അവയവദാനത്തിലൂടെയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൂടെയും ജീവന്‍ നിലനിറുത്താന്‍ രാജ്യമെങ്ങും വ്യാപകമായ സദ്പ്രചാരണങ്ങള്‍ നടക്കുന്ന കാലത്താണ് ഒരു ഔഷധത്തുള്ളിയില്‍ ജീവന്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നത്.

അവയവദാനത്തിലൂടെയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൂടെയും ജീവന്‍ നിലനിറുത്താന്‍ രാജ്യമെങ്ങും വ്യാപകമായ സദ്പ്രചാരണങ്ങള്‍ നടക്കുന്ന കാലത്താണ് ഒരു ഔഷധത്തുള്ളിയില്‍ ജീവന്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നത്. ഇതു നിയമവിധേയമാക്കാനുള്ള ശ്രമങ്ങള്‍ വിവാഹപൂര്‍വ ലൈംഗികത, വിവാഹേതര ലൈംഗികത, ടീനേജ് ലൈംഗികത എന്നിവയെക്കൂടിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ചുരുക്കത്തില്‍ ലൈംഗിക അരാജകത്വ സമൂഹത്തിനുവേണ്ടിയുള്ള സൃഷ്ടികര്‍മ്മമായി മാറുന്നു ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കല്‍.

കുടുംബബന്ധങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ലൈംഗിക അരാജകത്വ സമൂഹത്തിന്റെ കെടുതികള്‍ അനുഭവിച്ച കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു പാശ്ചാത്യരാജ്യങ്ങള്‍ സുസ്ഥിര കുടുംബത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയിട്ടുണ്ട്. അപ്പോഴാണു നൂറ്റാണ്ടുകളായി സുസ്ഥിര കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രത്തിലൂടെ കുടുംബത്തെ തകര്‍ക്കുന്ന നിയമങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്. സമൂഹത്തെ ഗുരുതരമായ രോഗത്തിലേക്കു നയിക്കുന്ന ഈ ചിന്തകളെയും ചര്‍ച്ചകളെയും നിരന്തരമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കി ബോധ്യങ്ങള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍ പീന്നീട് വലിയ വില കൊടുക്കേണ്ടി വരും.

അടുത്ത കാലത്ത് ഈ ലേഖകന്‍ ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സന്ദര്‍ശനം നടത്തുകയുണ്ടായി. വളരെയധികം സ്‌നേഹത്തോടും ഐക്യത്തോടും കഴിയുന്ന മലയാളിളെ കണ്ട്, അവരുടെ പള്ളികള്‍ സന്ദര്‍ശിച്ച്, അവരോടൊപ്പം പ്രാര്‍ത്ഥിച്ചും ജീവിച്ചും കഴിഞ്ഞ വളരെ സന്തോഷകരമായ നാളുകളായിരുന്നു അത്. അയര്‍ലണ്ട് സന്ദര്‍ശനത്തിനിടെയാണ് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമം അയര്‍ലണ്ട് പാര്‍ലമെന്റ് പാസ്സാക്കിയത്. കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള രാജ്യമാണ് അയര്‍ലണ്ട്.

സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെയധികം ചര്‍ച്ചകളും പ്രതിഷേധ യോഗങ്ങളും അവിടെ നടക്കുകയുണ്ടായി. അയര്‍ലണ്ടിലെ ഒരു പ്രധാന നഗരമായ ഡബ്ലിനില്‍ വച്ച് സ്വവര്‍ഗവിവാഹത്തിനെതിരെ ആയിരങ്ങള്‍ പങ്കെടുത്ത ഒരു പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കുവാനും ലേഖകനു സാധിച്ചു. അവരില്‍ പലരും കൈയിലേന്തിയിരുന്ന പ്ലേക്കാര്‍ഡില്‍ എഴുതിയിരുന്ന വചനങ്ങള്‍ പലരുടെയും കണ്ണു തുറപ്പിക്കുന്നതാണ്.

ഏറ്റവും ഹൃസ്വമായ ഭൗതിക ആനന്ദമാണ് ലൈംഗികത. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ലൈംഗികതയുടെ ആയുസ്. സ്വവര്‍ഗ ലൈംഗികതയെ അംഗീകരിക്കുകയും അതു നിയമപരമായി സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തില്‍ നിന്നു അവഗണിക്കപ്പെടുന്ന സ്ഥായിയായ ചില മൂല്യങ്ങളുണ്ട്.

സൃഷ്ടികര്‍മ്മത്തിലാണ് ലൈംഗികതയിലെ ആത്മീയത സാധ്യമാകുന്നത്. അവിടെ ലൈംഗികതയില്‍ സംഭവിക്കുന്നത് ഹൃസ്വമായ ഭൗതിക ആനന്ദമല്ല, അത്യുന്നതമായ ആത്മീയാനന്ദമാണ്. പുതിയ സൃഷ്ടിക്കുവേണ്ടി, ദൈവത്തിന്റെ തിരുവിഷ്ടപ്രകാരം നിമിത്തമാകുന്നു എന്നതാണ് ഉന്നതമായ ആത്മീയാനന്ദത്തിന്റെ ഉറവിടം. തിര്യക്കുകളും ഉറുമ്പും എണ്ണമറ്റ സസ്തിനികളും എല്ലാം സൃഷ്ടികര്‍മ്മത്തിനുവേണ്ടി അവയ്ക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലങ്ങളില്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നു.

സൃഷ്ടികര്‍മ്മത്തിലാണ് ലൈംഗികതയിലെ ആത്മീയത സാധ്യമാകുന്നത്. അവിടെ ലൈംഗികതയില്‍ സംഭവിക്കുന്നത് ഹൃസ്വമായ ഭൗതിക ആനന്ദമല്ല, അത്യുന്നതമായ ആത്മീയാനന്ദമാണ്. പുതിയ സൃഷ്ടിക്കുവേണ്ടി, ദൈവത്തിന്റെ തിരുവിഷ്ടപ്രകാരം നിമിത്തമാകുന്നു എന്നതാണ് ഉന്നതമായ ആത്മീയാനന്ദത്തിന്റെ ഉറവിടം.

എന്നാല്‍ പ്രപഞ്ച സൃഷ്ടികളില്‍ ഏറ്റവും വിവേകശാലികളും ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവനുമായ മനുഷ്യന്‍ ലൈംഗികതയെ സൃഷ്ടികര്‍മ്മത്തിന്റെ ആത്മീയ തലത്തില്‍ നിന്നും പലപ്പോഴും ഉപഭോഗാനന്ദത്തിന്റെ ഭൗതിക തലത്തിലേക്കു തരംതാഴ്ത്തുന്നു.

ലൈംഗികതയെ ഇങ്ങനെ കച്ചവടവല്‍ക്കരിക്കുന്ന ഇടങ്ങള്‍ വേറെയുമുണ്ട്. പോണോഗ്രാഫി എന്നറിയപ്പെടുന്ന ലൈംഗിക അരാജകത്വങ്ങളുടെ കൂറ്റന്‍ ശൃംഖല ഇന്റര്‍നെറ്റിലൂടെ ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മാണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാരങ്ങളിലൊന്നായി ഇതിനെയും മാറ്റിയിരിക്കുന്നു. ഇവരുടെ കൂടി താത്പര്യപ്രകാരമാണ് സ്വവര്‍ഗ ലൈംഗികതയ്ക്കും വിവാഹത്തിനും നിയമ സാധുത ലഭ്യമാകുന്നത്. തുടക്കത്തില്‍ കൗതുകത്തിന്റെ പേരില്‍ പോണോഗ്രാഫിയിലേക്ക് ആകൃഷ്ടരാകുന്നവര്‍ പിന്നീടു വലിയ വ്യക്തി വൈകല്യങ്ങളിലേക്കും അരാജകത്വത്തിലേക്കും സഞ്ചരിക്കുന്നു, ആത്മീയ തേജസ് നഷ്ടപ്പെട്ടവരായി മാറുന്നു. അവരെ വീണ്ടെടുക്കാന്‍ കഠിനമായ പരിശ്രമങ്ങള്‍ തന്നെ വേണ്ടിവരുന്നു.

കേവലമായ ഉപഭോഗ ആനന്ദത്തില്‍ നിന്നും ആത്മീയ ആനന്ദത്തിലേക്ക് ഉയരുന്നതിനുവേണ്ടിയുള്ള ബോധ്യങ്ങളും ശ്രമങ്ങളും ലൈംഗികതയുടെ ആത്മീയതയില്‍ പ്രധാനം ഈ പരിശ്രമങ്ങളെല്ലാം വരുന്ന തലമുറയെ മുന്നില്‍കണ്ടു കൂടിയാണെന്ന സത്യം വിസ്മരിക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org