ഭ്രമണപഥങ്ങളെ ഉയര്‍ത്താം

ഭ്രമണപഥങ്ങളെ ഉയര്‍ത്താം

വര്‍ഷമൊന്നുകൂടി ചരിത്രത്തിന്റെ അക്ഷരക്കൂട്ടിലേക്കും ഒപ്പം, ഓര്‍മകളിലേക്കും ചേക്കേറുകയാണ്. നൊമ്പരങ്ങളുടെയും നഷ്ടങ്ങളുടെയും ആകുലതകളുടെയുമൊക്കെ തീക്കനലുകള്‍ വേണ്ടുവോളം മനുഷ്യമനസ്സുകളില്‍ കോരിയിട്ടുകൊണ്ടാണ് 2021 കടന്നുപോകുന്നത്. ചുഴലിക്കാറ്റും പേമാരിയും പെരുവെള്ളപ്പാച്ചിലുമൊക്കെ സംഹാരതാണ്ഡവമാടിയ പ്രദേശങ്ങള്‍. അവയിലൊക്കെ പ്രാണന്‍ പോയവരും പരിക്കേറ്റവരും പാര്‍പ്പിടം തകര്‍ന്നവരും പട്ടിണിയിലായവരുമായ ആയിരങ്ങള്‍. മഹാമാരിയാല്‍ മണ്ണടിഞ്ഞവര്‍. പരിസ്ഥിതിവാദികളുടെയും വന്യജീവിപാലകരുടെയുമൊക്കെ കണ്ടെത്തലുകളും ഗവേഷണനിഗമനങ്ങളും നിര്‍ദ്ദേശങ്ങളും ഒരുപറ്റം മലയോരകര്‍ഷകരുടെ സൈ്വരജീവിതത്തെയും സ്വപ്നങ്ങളെയുമെല്ലാം തച്ചുടച്ചുകളഞ്ഞ സന്ദര്‍ഭങ്ങള്‍. ദുഃഖം ഇടമുറിയാതെ പെയ്തിറങ്ങിയ രാപ്പകലുകള്‍. അങ്ങനെ, മറക്കാനാവാത്ത ദുരന്തങ്ങളുടെ ഓര്‍മകള്‍ കുറെ ബാക്കിവച്ചാണ് പഴയവര്‍ഷം പടിയിറങ്ങുന്നത്.

പുതുവര്‍ഷത്തിലേക്ക് പ്രത്യാശയോടെ പ്രവേശിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന ശുഭസൂചകമായ ഒരു സംഭവം ഓര്‍മയിലുണ്ട്. 2013 നവംബര്‍ 5-ന് നമ്മുടെ രാജ്യം കൈവരിച്ച വലിയൊരു നേട്ടം. ഭാരതത്തിന്റെ പ്രഥമ ചൊവ്വാപര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്റെ വിജയകരമായ വിക്ഷേപണം. കേവലമൊരു രാത്രികൊണ്ട് കൈവരിച്ചതായിരുന്നില്ല ആ വിജയം. പിന്നെയോ, ഒത്തിരി പ്രതിസന്ധികളെയും എതിര്‍പ്പുകളെയും അതിലേറെ ആശങ്കകളെയുമൊക്കെ അതിനുപിന്നില്‍ ദിനരാത്രങ്ങള്‍ പ്രയത്‌നിച്ചവര്‍ക്ക് തരണം ചെയ്യേണ്ടതായി വന്നിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിക്ഷേപണ തീയതിപോലും പലതവണ വിവിധപ്രതികൂല സാഹചര്യങ്ങളാല്‍ മാറ്റിവയ്‌ക്കേണ്ടതായും വന്നു. എങ്കിലും, അവ കൊണ്ടൊന്നും മനസ്സുമടുക്കാതെ അവര്‍ മുന്നേറി. മാനുഷികമായ യാതൊന്നിനും അവരുടെ ഇച്ഛാശക്തിയ ഇല്ലാതാക്കാനോ, ലക്ഷ്യപ്രാപ്തിയില്‍നിന്നു പിന്തിരിപ്പിക്കാനോ കഴിഞ്ഞില്ല. വെല്ലുവിളികളെ വകവയ്ക്കാതെയുള്ള അവരുടെ അശ്രാന്തപരിശ്രമം അങ്ങനെ അന്തിമഫലം ചൂടി. വലിയൊരു സ്വപ്നസാക്ഷാത്ക്കാരത്തിലേക്കാണ് ആ പേടകം കുതിച്ചുയര്‍ന്നത്. ഭൗമമണ്ഡലത്തെയും വിട്ട് ചൊവ്വാ ഗ്രഹത്തിനുചുറ്റും ദൗത്യനിര്‍വ്വഹണവുമായി അത് കൃത്യമായി കറങ്ങിക്കൊണ്ടിരുന്നു.

2022-ലേക്ക് കടക്കുന്ന നമുക്ക് മുകളില്‍ കുറിച്ച ചരിത്രനേട്ടത്തില്‍നിന്നും മഹത്തായ ഒരു സന്ദേശം വായിച്ചെടുക്കാനുണ്ട്. ദൈവമെന്ന പരാശക്തിയെ വലയം ചെയ്യുന്ന ഒരു ഉപഗ്രഹമാണ് നമ്മുടെ ജീവിതം. അതിനെ രൂപ കല്പന ചെയ്തതും, സൃഷ്ടപ്ര പഞ്ചത്തിലേക്ക് വിക്ഷേപിച്ചതും അതിന്റെ അനുദിനപ്രയാണത്തിനു ആവശ്യമായ ഊര്‍ജ്ജവും ദിശാഗതിയുമൊക്കെ പ്രദാനംചെയ്യുന്നതും സര്‍വ്വജ്ഞാനിയായ അവിടുന്ന് തന്നെയാണ്. സ്രഷ്ടാവായ അവിടത്തെ വിരല്‍ത്തുമ്പിലാണ് നമ്മുടെ ജീവിതഗോളം നിമിഷംപ്രതി തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ആയുസ്സിന്റെ ഓരോ ദിനവും അതിന്റെ ചലനപഥങ്ങളെ ഉയര്‍ത്തി ദൈവത്തോടു അടുക്കാന്‍ നമുക്ക് കടമയുണ്ട്. അപ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തിനു അര്‍ഥവും ആഗ്രഹിച്ച ഫലവും ഉണ്ടാവുകയുള്ളൂ. ആകയാല്‍, അര്‍പ്പണമനോഭാവവും കഠിനാധ്വാനവും ആത്മവിശ്വാസവും അതിലേറെ ദൈവാശ്രയത്വവും വഴിയായി നമ്മുടെ ജീവിതയാനത്തിന്റെ സഞ്ചാരപഥങ്ങളെ പടിപടിയായി ഉയര്‍ത്തുക.

നമ്മുടെ ജീവിതത്തിന്റെ ആത്മീയഭ്രമണപഥത്തെ (Spiritual Orbit) ഉയര്‍ത്തുക എന്നതാണ് പരമപ്രധാനം. മറ്റുജീവികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരായ നമ്മില്‍ മാത്രമായി നമ്മുടെ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആത്മാവ്. അനശ്വരവും അമൂല്യവുമായിട്ടുള്ളതും അതുമാത്രം. ആകയാല്‍, നമ്മുടെ ആത്മാവിനെ നഷ്ടമാക്കിയുള്ള യാതൊരു നേട്ടവും നമുക്ക് പ്രയോജനപ്പെടുകയില്ല. ദൈവമെന്ന അദൃശ്യശക്തിയുമായി നമ്മെ ബന്ധിച്ചുനിര്‍ത്തുന്നത് നമ്മുടെ ആത്മാവാണ്. അതിവിശുദ്ധമായ ആ ബന്ധത്തില്‍നിന്ന് നാം വേര്‍പെടുമ്പോള്‍ നിത്യനാശത്തിലാണു നിപതിക്കുക. അതുകൊണ്ട് നമ്മുടെ ആത്മീയവ്യാപാരങ്ങളുടെ ഗമനപഥം വിശാലമാക്കുക. കൂടുതല്‍ ദൈവാനുഭവങ്ങള്‍ അതില്‍ നിറയട്ടെ. പ്രാര്‍ഥനാജീവിതത്തെ കുറച്ചുകൂടി ഗൗരവത്തോടെ എടുക്കുക. ധനസ്ഥിതിയെയും പരിസ്ഥിതിയെയുമൊക്കെപറ്റിയുള്ള ഉള്‍ക്കണ്ഠകള്‍ക്കിടയില്‍ നമ്മുടെ ആത്മസ്ഥിതിയെക്കുറിച്ച് മറന്നുപോകരുത്. വിശ്വാസജീവിതത്തില്‍ അല്പംകൂടി ആഴപ്പെടുക. പരിശുദ്ധകൂദാശകള്‍ വേണ്ടത്ര ഒരുക്കത്തോടും കാലതാമസം കൂടാതെയും കൈക്കൊള്ളുക. വിശുദ്ധഗ്രന്ഥവായനയും സന്ധ്യാപ്രാര്‍ഥനയും ഞായറാഴ്ച ആചരണവും മുടക്കാതിരിക്കുക.

നമ്മുടെ ജീവിതത്തിന്റെ ധാര്‍മ്മികഭ്രമണപഥത്തെ (Moral Orbit) ഉയര്‍ത്തുക എന്നതാണ് രണ്ടാമത്തെ പ്രധാനകാര്യം. ധാര്‍മ്മികമൂല്യങ്ങളുടെ മണ്ണിടിച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക വ്യവസ്ഥിതികളാണ് ഇന്നു നമുക്കു ചുറ്റുമുള്ളത്. സമ്പത്തും സ്വാധീനവുംകൊണ്ട് സത്യത്തെയും സാക്ഷികളെയുമൊക്കെ വകവരുത്തി കൊലയാളികളും രാജ്യദ്രോഹികളും കുറ്റവാളികളും പെരു വഴിയിലൂടെ ചങ്കുവിരിച്ചു നടക്കുന്ന കലികാലമാണിത്. ചുറ്റുമുള്ള ലോകം എങ്ങനെയുമായിക്കൊള്ളട്ടെ. അതിനെ മാറ്റിമറിക്കാന്‍ അത്രയെളുപ്പമല്ല. എന്നാല്‍, നമ്മുടെ ഉള്ളിന്റെയുള്ളിലെ നന്മയുടെ വെട്ടം കെട്ടുപോകാതെ കാക്കാന്‍ നമുക്കു കഴിയും. സത്യം പറയാന്‍ ധൈര്യപ്പെടുക. നീതിക്കു നിരക്കാത്തതു ചെയ്യാതിരിക്കുക. സ്‌നേഹിക്കുന്ന ഹൃദയത്തിന്റെ ഉടമയാകുക. മറ്റുള്ളവരെപ്പറ്റി നല്ലതു പറയുക. ചെയ്യാനൊക്കുന്ന സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക. മഹത്തായ മൂല്യങ്ങളെ മുറുകെപ്പിടിക്കുക.

നമ്മുടെ മാനസികഭ്രമണപഥത്തെ (Mental Orbit) ഉയര്‍ത്തുക എന്നതാണ് മൂന്നാമത്തെ പ്രധാന കാര്യം. സങ്കുചിതമനോഭാവം മാറ്റി മനസ്സിനെ വിശാലമാക്കുക. നമ്മുടെ ചിന്തകളില്‍ മറ്റുള്ളവര്‍ക്കും ഇടംകൊടുക്കുക. മനസ്സ് എത്രമാത്രം തരളിതവും വിസ്തൃതവുമാകുന്നുവോ അത്രമാത്രം അത് ആരോഗ്യമുള്ളതാകും. അനാവശ്യമായ ആകുലതകളും പിരിമുറുക്കങ്ങളും അപ്പോള്‍ ഇല്ലാതാകും. നമ്മുടെ ദുഃഖങ്ങളും വിഷമതകളുമൊക്കെ ആരെങ്കിലുമായി പങ്കുവയ്ക്കുക. ജീവിതത്തില്‍ തനിച്ചല്ല എന്നുള്ള ബോധ്യം അപ്പോഴുണ്ടാകും. വിശുദ്ധമായ വി ചാരങ്ങളും ചിന്തേരിട്ട ചിന്തകളും ഹൃദയത്തില്‍ സൂക്ഷിക്കുക. നമ്മുടെ മനസ്സും മനോവ്യാപാരങ്ങളും മെച്ചപ്പെടുത്താന്‍ കൂടുതല്‍ ആത്മാര്‍ഥവും ആഴമുള്ളതുമായ മാനുഷികബന്ധങ്ങള്‍ നമുക്കുണ്ടാകണം.

നമ്മുടെ ജീവിതബന്ധങ്ങളുടെ ഭ്രമണപഥത്തെ (Relational Orbit) ഉയര്‍ത്തുക എന്നതാണ് നാലാമത്തെ പ്രധാന കാര്യം. തീര്‍ ത്തും സാമൂഹ്യജീവികളായ നാം നമ്മുടെ സഹജീവികളുമായി പല തരത്തിലും പരസ്പരം ബന്ധപ്പെട്ടു കഴിയേണ്ടവരാണ്. പരാശ്രയമില്ലാതെ അധികനാള്‍ മുന്നോട്ടു പോകാന്‍ നമുക്കാവില്ല. ആകയാല്‍, പുതുവര്‍ഷത്തില്‍ നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുക. വളരുകയും വളര്‍ത്തുകയും ചെയ്യുന്ന ഉത്തമബന്ധങ്ങള്‍ നമുക്കുണ്ടാകട്ടെ. നശീകരണസ്വഭാവമുള്ളവയില്‍നിന്ന് വിട്ടുനില്ക്കുക. ദൈവവുമായുള്ള ബന്ധത്തെ ആശ്രയബോധത്തിലും ആത്മവിശ്വാസത്തിലും അരക്കിട്ടുറപ്പിക്കുക. കറകളഞ്ഞതും, കാപട്യരഹിതവും, ഉദാത്തവുമായ ബന്ധങ്ങള്‍ മറ്റുള്ളവരുമായി സ്ഥാപിക്കുക. നമ്മുടെതന്നെ സത്തയോടും മനസ്സാക്ഷിയോടും സത്യസന്ധമായും സുതാര്യമായും ഇടപെടുക. അതുപോലെതന്നെ, നമ്മെ പൊതിഞ്ഞുനില്ക്കുന്ന പ്രകൃതിയോടും സൗഹൃദപരമായ ബന്ധം വളര്‍ത്തിയെടുക്കുക. നമ്മെ പാലിക്കുന്ന പരിസ്ഥിതിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അങ്ങനെ പുതുവര്‍ഷത്തിലുട നീളം നന്മകളും വിജയങ്ങളും നമുക്ക് കൂട്ടായിരിക്കട്ടെ. മംഗള്‍യാന്‍ എന്നപോലെ നമ്മുടെ ജിവിതത്തിനും സദാ മംഗളം ഭവിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org