ശുദ്ധീകരണവും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും

ശുദ്ധീകരണവും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും

ഡോ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍, മംഗലപ്പുഴ സെമിനാരി

ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെടുന്നതിന് മുമ്പ് സഭയുടെ ആചാരങ്ങളിലും ചെയ്തികളിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ഉണ്ടായിരുന്നു. പ്രാര്‍ത്ഥനാശീലങ്ങളില്‍ നിന്നാണ് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ദൈവശാസ്ത്രം വികസിക്കുന്നത്. 'ദൈവവുമായുള്ള സൗഹൃദത്തില്‍ മരിക്കുന്നവര്‍ അവരുടെ നിത്യരക്ഷയെ സംബന്ധിച്ച് ഉറപ്പുള്ളവരെങ്കിലും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ പ്രവേശിക്കുവാന്‍ വീണ്ടും ശുദ്ധീകരണത്തിന്റെ ആവശ്യമുള്ളവരാണ്. ഈ അവസ്ഥയെയാണ് ശുദ്ധീകരണമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്' (CCC 1030).
മരണശേഷമുള്ള ശുദ്ധീകരണത്തെക്കുറിച്ച് ബൈബിള്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. 2 മക്കബായര്‍ 12:43-45 ശുദ്ധീകരണസ്ഥലത്തിന്റെ തെളിവല്ല. മരിച്ചവരുടെ അവസ്ഥ എന്താണെന്ന് ഇവിടെ പ്രതിപാദിക്കുന്നില്ല. പ്രാര്‍ത്ഥനകളും ബലികളും എപ്രകാരം മരിച്ചവരെ സഹായിക്കുന്നുവെന്ന് ഇവിടെ വ്യക്തമാക്കുന്നില്ല. എന്നാല്‍, ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സുപ്രധാന ആശയങ്ങള്‍ ഈ ഭാഗത്ത് പ്രകടമാണ്.
1. ശുദ്ധീകരണത്തിന്റെ ആവശ്യകത.
2. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് മൂല്യമുണ്ട്.
3. മരിച്ചവര്‍ ഉയിര്‍ക്കുമെന്ന പ്രത്യാശ.
4. ഉയിര്‍പ്പും ശുദ്ധീകരണവും തമ്മിലുള്ള ബന്ധം.
5. ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള സുദൃഢ ബന്ധം.
1 കോറി 3:12-15 'അഗ്നിയിലൂടെയെന്നവണ്ണം അവര്‍ രക്ഷ പ്രാപിക്കും' ഇതും ശുദ്ധീകരണസ്ഥലത്തിന്റെ തെളിവല്ല. എങ്കിലും, അതിന്റെ സൂചനകള്‍ ഇവിടെയുണ്ട്. ഓരോ വ്യക്തിയുടെയും പണി അഗ്നി പരിശോധിക്കും. നന്മ ചെയ്യുന്നവര്‍ സമ്മാനിതരാകുന്നു. തിന്മ ചെയ്യുന്നവര്‍ അഗ്നിക്കിരയാകുന്നു. മരണശേഷം ഒരു ശുദ്ധീകരണപ്രക്രിയ നടക്കുന്നതായാണ് ഈ വചനഭാഗം പറയുന്നത്.

ദൈവവുമായുള്ള സൗഹൃദത്തില്‍ മരിക്കുന്നവര്‍ അവരുടെ
നിത്യരക്ഷയെ സംബന്ധിച്ച് ഉറപ്പുള്ള വരെങ്കിലും
സ്വര്‍ഗ്ഗീയ സൗഭാഗ്യ ത്തില്‍ പ്രവേശിക്കുവാന്‍ വീണ്ടും
ശുദ്ധീകരണത്തിന്റെ ആവശ്യമുള്ള വരാണ്.
ഈ അവസ്ഥയെയാണ് ശുദ്ധീകരണമെന്നതു കൊണ്ട്
ഉദ്ദേശിക്കുന്നത്.


"അവസാനതുട്ടുവരെ കൊടുക്കാതെ നീ അവിടെനിന്നും പുറത്തുവരികയില്ല" (മത്താ. 5:26). അവസാനതുട്ടു വരെ കൊടുത്തുവീട്ടാനുള്ള മരിച്ചവ്യക്തി തന്റെ എല്ലാ കടവും വീട്ടുന്നതുവരെ തടവറയിലാണെന്ന ഈ വചനം സൂചിപ്പിക്കുന്നു. മരണശേഷം കടം വീട്ടാന്‍ സാധ്യതയുണ്ട് എന്നതാണ് ഇതിന്റെ ധ്വനി. "പരിശുദ്ധാത്മാവിന് എതിരായുള്ള പാപം ഈ യുഗത്തിലോ, വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" (മത്തായി 12:32). ദിവ്യഗുരുവിന്റെ വചസ്സുകള്‍ വെളിപ്പെടുത്തുന്നത് ചില പാപങ്ങള്‍ ഈ യുഗത്തിലും ചിലതു വരാനുള്ള ലോകത്തിലും ക്ഷമിക്കപ്പെടും എന്നുകൂടിയാണ്.
മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വചനഭാഗങ്ങളില്‍ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സൂചനകളും സാധ്യതകളും നല്‍കുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും ഒരു വചനത്തെ മാത്രം ആസ്പദമാക്കിയല്ല മരണാനന്തര ശുദ്ധീകരണം മനസ്സിലാക്കേണ്ടത്. ദൈവദര്‍ശനത്തിന് വിശുദ്ധി ആവശ്യമാണ് എന്നത് ബൈബിളിന്റെ സുപ്രധാന പഠനങ്ങളിലൊന്നാണ്. "ഹൃദയ ശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും" (മത്താ. 5:8). അശുദ്ധമായതൊന്നും മ്ലേച്ഛതയും, കൗടില്യം പ്രവര്‍ത്തിക്കുന്ന ആരും അതില്‍ പ്രവേശിക്കുകയില്ല" (വെളി. 21:27). ഹൃദയ നൈര്‍മല്യം ദൈവദര്‍ശനത്തിന് അനിവാര്യമാണ്. ദൈവമാണ് ഈ ശുദ്ധീകരണം നടത്തുക. മാമ്മോദീസായില്‍ ആരംഭിക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയ പകുതിവഴിയില്‍ ഉപേക്ഷിക്കുന്നവനല്ല ദൈവം. നാം ഏതവസ്ഥയില്‍ ആയിരുന്നാലും ശുദ്ധീകരിക്കുവാന്‍ ദൈവത്തിനാകും. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോഴും അതിനപ്പുറത്തും ദൈവത്തിന് ഒരാളെ ശുദ്ധീകരിക്കാന്‍ കഴിയും. വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നു, ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ നിത്യമായി ജീവിക്കും. 'ഇത് ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല' (യോഹ. 6:50). 'എവിടെ വസിക്കുന്നു' എന്നതിനേക്കാള്‍ 'ജീവിക്കുന്നു' എന്നതാണ് പ്രധാനം. ഈ ഭൂമിയിലെ സമയമല്ല, അസ്തിത്വത്തിന്റെ സമയമാണ് ദൈവം പരിഗണിക്കുന്നത്. ഒരു വ്യക്തിക്ക് അസ്തിത്വമുള്ള കാലത്തോളം ദൈവത്തിന് ആ വ്യക്തിയുടെ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കും. ശാരീരിക മരണത്തോടെ അവസാനിക്കുന്നതല്ല ദൈവത്തിന്റെ ഇടപെടല്‍.
ശുദ്ധീകരണമെന്നത് ഒരു സ്ഥലമെന്നതിനേക്കാള്‍ ഒരു പ്രക്രിയയാണ്. ദൈവദര്‍ശനത്തിന് വിഘാതമായിട്ടുള്ളതെല്ലാം നിര്‍മാര്‍ജ്ജനം ചെയ്ത് നമ്മെ പക്വതയുള്ളവരും ദൈവദര്‍ശനത്തിന് യോഗ്യതയുള്ളവരുമാക്കിതീര്‍ക്കുന്ന പ്ര ക്രിയയാണ് ശുദ്ധീകരണ സ്ഥലം. ക്രിസ്തുവാണ് ശുദ്ധീകരിക്കുന്ന അഗ്നി. നമ്മെ ദൈവദര്‍ശനത്തിന് യോഗ്യതയുള്ളവരാക്കി മാറ്റുന്ന ദൈവത്തിന്റെ സ്‌നേഹപൂര്‍വ്വകമായ ഇടപെടലാണ് ശുദ്ധീകരണം. അത് മനുഷ്യനെ പീഢിപ്പിക്കുന്ന ശിക്ഷയുടെ സ്ഥലമല്ല. അമ്മ കുഞ്ഞിനെ ഒരുക്കുന്നതു പോലെ, നമ്മെ ഒരുക്കുന്ന അനുഭവമാണ്. വിവാഹജീവിതത്തിന്, അല്ലെങ്കില്‍ സമര്‍പ്പിത ജീവിതത്തിന് പക്വതയുള്ളവരാകാന്‍ വിഘാതമായതെല്ലാം മാറ്റി നല്ല ഗുണങ്ങള്‍കൊണ്ട് ശക്തിപ്പെടുത്തുന്നതു പോലെ, എല്ലാ കുറവുകളും പരിഹരിച്ച് ദൈവദര്‍ശനത്തിന് ആവശ്യമായ എല്ലാ പുണ്യങ്ങളും നല്‍കുന്ന പ്രക്രിയയാണ് ശുദ്ധീകരണം.


ശുദ്ധീകരണപ്രക്രിയയില്‍ വിശ്വാസികള്‍ എല്ലാവരും പങ്കുചേരുന്നു. പുണ്യവാന്മാരുടെ ഐക്യം മൂലം ഭൂമിയില്‍ തീര്‍ത്ഥാടകരെങ്കിലും വിശ്വാസികള്‍ക്ക് ശുദ്ധീകരണാത്മാക്കളെ സഹായിക്കാനാവുമെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു. (സാര്‍വ്വത്രികസഭയുടെ മത ബോധനഗ്രന്ഥം 1032). അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍, പ്രത്യേകിച്ച് വി. കുര്‍ബാന കൂടാതെ ദാനധര്‍മ്മം, ദണ്ഡവിമോചനം, പ്രായശ്ചിത്തപ്രവര്‍ത്തികള്‍ എന്നിവ സമര്‍പ്പിച്ച് അവരെ സഹായിക്കാനാകും. കാരണം, മരിച്ചവരും ജീവിച്ചിരിക്കുന്നവരും ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ ഭാഗങ്ങളാണ്. ഏതെങ്കിലും ഒരു അംഗത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ മറ്റുള്ളവര്‍ സഹായിക്കുക സ്വാഭാവികം. ക്രിസ്തു നമ്മുടെ രക്ഷയ്ക്കുവേണ്ടി പീഢാസഹനങ്ങള്‍ ഏറ്റെടുത്തതുപോലെ അപരനുവേണ്ടി ത്യാഗമെടുക്കാന്‍ ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നു. സ്വയമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത, ശാരീരികമായി മരിച്ചവര്‍ക്ക് സഹായം നല്‍കുന്നത് തികച്ചും ക്രൈസ്തവ കടമയാണ്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. 2 മക്കബായര്‍ 12:43-45 ല്‍ മരിച്ചവര്‍ക്കുവേണ്ടി കാഴ്ചകളും ബലികളുമര്‍പ്പിക്കുവാന്‍ പിരിവെടുക്കുന്നതിനെക്കുറിച്ചും അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും പ്രതിപാദിക്കുന്നു. അപ്പ. പ്രവ. 9:36-43 ല്‍ യോപ്പായില്‍വെച്ച് വി. പത്രോസ് തബീത്ത എന്ന ശിഷ്യയുടെ മൃതദേഹത്തിനരികെ പ്രാര്‍ത്ഥിക്കുന്നതായി വിവരിക്കുന്നു. സഭാപിതാവായ ജോണ്‍ ക്രിസോസ്റ്റോമിന്റെ വാക്കുകള്‍ മരിച്ചവരെ അനുസ്മരിക്കാന്‍ പ്രചോദനമേകുന്നു: 'നമുക്ക് അവരെ സഹായിക്കുകയും, അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം' ജോബിന്റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്റെ ബലിവഴി വിശുദ്ധരാക്കപ്പെട്ടുവെങ്കില്‍ (ജോബ്1:5) മരിച്ചവര്‍ക്കുവേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിന് സംശയിക്കണം? മരിച്ചവരെ സഹായിക്കുന്നതിലും, നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്. പരസ്പരം സഹായിക്കുവാനും സഹായം യാചിക്കുവാനുമുള്ള കഴിവിനെയും കടമയെയുമാണ് ശുദ്ധീകരണസ്ഥലം ഓര്‍മ്മപ്പെടുത്തുന്നത്.

മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എത്രകാലം?

ശുദ്ധീകരിക്കുന്ന ദൈവവും ശുദ്ധീകരണത്തിന് വിധേയമാകുന്ന ആത്മാവും കാലത്തിന്റെ മാനങ്ങള്‍ക്കുള്ളിലല്ലാത്തതുകൊണ്ട് എത്രനാള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. എന്നാല്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണ്. അത് അവരോടുള്ള സ്‌നേഹാദരവുകളുടെയും ഐക്യഭാവത്തിന്റെയും പ്രകടനമാണ്. പ്രാര്‍ത്ഥന വഴി മരിക്കുന്ന വ്യക്തിയെ ദൈവതിരുമുമ്പിലേക്ക് സഭ അനുഗമിക്കുകയാണ്. എന്നാല്‍ മരിച്ചവര്‍ ശുദ്ധീകരണസ്ഥലത്ത് പീഢയനുഭവിക്കുകയാണെന്നും ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പരിശ്രമം വഴി മാത്രമേ അവര്‍ക്ക് മോചനം ലഭിക്കുകയുള്ളൂ എന്ന ധാരണയില്‍ അവര്‍ക്കുവേണ്ടിയുള്ള അറുതിയില്ലാത്ത പ്രാര്‍ത്ഥനകളും ബലികളും അര്‍ത്ഥമില്ലാത്തതാണ്.
ശുദ്ധീകരിക്കുന്നത് ദൈവമാണ്. അതുകൊണ്ട് ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കുന്നത് ആവശ്യമാണ്. പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും ദൈവകൃപ സംലഭ്യമാക്കുന്ന മാര്‍ഗ്ഗങ്ങളാണ്. എത്ര കുര്‍ബാന ചൊല്ലിച്ചു എന്നതിനേക്കാള്‍ ത്യാഗത്തോടെ എത്ര ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നുവെന്നതാണ് പ്രധാനം. ത്യാഗത്തിന്റെ ഒരു പ്രകടനം കൂടിയാണ് കുര്‍ബാന ചൊല്ലിക്കുന്നത്. ബലിയര്‍പ്പണവും പ്രാര്‍ത്ഥനയും വഴി ദൈവത്തിന്റെ കൃപ വര്‍ഷിക്കപ്പെടുന്നു. തന്മൂലം ദൈവത്തിന്റെ കൃപ ആവശ്യമുള്ളവരിലേക്ക് അത് ചൊരിയപ്പെടും. പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും ഒരിക്കലും വൃഥാവിലാവില്ല.

മൃതസന്ദേശവിദ്യ

മരിച്ചവരുടെ ആത്മാക്കളുമായി സംവദിക്കുന്ന മൃതസന്ദേശവിദ്യ വിവാദവിഷയങ്ങളിലൊന്നാണ്. സെമറ്റിക്ക് പാരമ്പര്യത്തിലെ മാന്ത്രികവിദ്യകളിലൊന്നാണ് മൃതസന്ദേശവിദ്യ. ദൈവികവെളിപാടിന് വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഒമ്പത് ദുരാചാരങ്ങളിലൊന്നാണ് മൃതസന്ദേശവിദ്യയെന്ന് നിയമാവര്‍ത്തനം 18:9-12 ല്‍ കാണുന്നത്. ഇത്തരം ദുരാചാരങ്ങള്‍ നിഷിദ്ധമാണെന്നും (ലേവ്യ. 19:26, 20:6-7) ഇങ്ങനെയുള്ളവര്‍ക്ക് മരണശിക്ഷ നല്‍കണമെന്നും പുറപ്പാട് 22:8 ല്‍ പറയുന്നു.
മൃതസന്ദേശം വേദപുസ്തകം നിഷധിക്കുമ്പോഴും ഇത്തരം ഒരു പ്രവര്‍ത്തിയിലൂടെ ദൈവത്തിന്റെ സന്ദേശം ആരായുന്നതായി സാമുവേല്‍ 28 ല്‍ കാണുന്നു. ദൈവഹിതമറിയാന്‍ മാര്‍ഗ്ഗമില്ലാതിരുന്ന സാവൂള്‍ മരിച്ചുപോയ സാമുവേലിന്റെ ആത്മാവിനെ വിളിച്ചുവരുത്തുന്നുണ്ട്. മൃതസന്ദേശവിദ്യ സ്വീകര്യമാണെന്ന് സ്ഥാപിക്കുവാന്‍ ഈ ഭാഗം ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഈ വചനഭാഗത്തിന്റെ സൂഷ്മമായ വായനയില്‍ നിന്നും വ്യക്തമാകുന്നത് ദൈവം ഇത് അംഗീകരിക്കുന്നില്ലയെന്നതാണ്. സാവൂള്‍ ദൈവത്തിന്റെ അപ്രീതിക്ക് കാരണമായത് ഈ ദുരാചാരത്തിന് പോയതുകൊണ്ടാണ്.
മരിച്ചവരെ കാണാന്‍ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും നിഷ്‌ക്കളങ്കമായ ഒരു പ്രവര്‍ത്തിയാ ണെന്ന് തോന്നുമെങ്കിലും പൈശാചിക ശക്തികള്‍ക്ക് അറിയാതെ അടിമപ്പെടുന്ന ആത്മീയ അപകടം അതില്‍ പതിയിരിക്കുന്നുണ്ട്. ഓജോ ബോര്‍ഡ് മൃതസന്ദേശ വിദ്യയുടെ പുതിയ പതിപ്പാണ്.
ജീവിച്ചിരിക്കുന്നവരെ നേരില്‍ കണ്ട് പ്രാര്‍ത്ഥന യാചിക്കുവാന്‍ ദൈവം ശുദ്ധീകരണാത്മാക്കളെ അനുവദിക്കുമോ? ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ദൈവം അനുവദിക്കുവാന്‍ സാദ്ധ്യതയുണ്ട്. വിശുദ്ധ പാദ്രേപിയോയ്ക്ക് പതിവായി ഇത്തരം ദര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ദര്‍ശനങ്ങളെ ശ്രദ്ധയോടെ വിവേചിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ നമുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെ ആഗ്രഹിക്കയുമരുത്. ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ മറ്റൊരു ലോകത്താണ്. അവിടുത്തെ കാര്യങ്ങളില്‍ ഇടപെടണമെന്ന് ആഗ്രഹിക്കുന്നത് വിശ്വാസത്തിന് നിരക്കാത്തതാണ്. മരിച്ചാത്മാക്കളെ കാണാനും അവരുമായി സംവദിക്കാനും ആഗ്രഹിക്കുന്നത് ശരിയല്ലെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. മരിച്ചവരുടെ ആത്മാക്കള്‍ ഒന്നുകില്‍ ദൈവസന്നിധിയില്‍ ആശ്വാസം അനുഭവിക്കുന്നു (ജ്ഞാനം 3:1; 4:7) അല്ലെങ്കില്‍ പീഢിപ്പിക്കപ്പെടുന്നു (ലൂക്കാ 16:3).
ഭാവി അറിയാന്‍ സാത്താനെയും പൈശാചിക ശക്തികളെയും മരിച്ചവരെയും ആശ്രയിക്കുന്നത് തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നു. ഭാവി കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കൈനോട്ടം, പ്രശ്‌നംവയ്ക്ക, നക്ഷത്രഫലം തുടങ്ങിയവയെ ആശ്രയിക്കുന്നവര്‍ ദൈവത്തിന് മാത്രം നല്‍കേണ്ട ബഹുമാനവും ആദരവും നല്‍കാതെ തിന്മയിലേക്കും നിഗൂഢശക്തികളിലേക്കും ചായുന്നുവെന്നതാണ് സാര്‍വ്വത്രികസഭയുടെ മതബോധന ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത് (മതബോധനഗ്രന്ഥം 2116).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org