പുരോഹിതന്റെ പ്രാര്‍ത്ഥനാവഴികള്‍

പുരോഹിതന്റെ പ്രാര്‍ത്ഥനാവഴികള്‍
Published on
പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ സമ്മാനമായിരിക്കുന്നത് അനുകമ്പയാണ്.

നാല്‍പ്പതു വര്‍ഷത്തിലേറെയായി ഞാന്‍ ഒരു രൂപത വൈദികനാണ്, അതില്‍ ഭൂരിഭാഗവും ഇടവക ശുശ്രൂഷയില്‍ ചെലവഴിച്ചു. ഇടവക ശുശ്രൂഷയുടെ അനുഭവം എല്ലായ്‌പ്പോഴും സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമാണ്, ഒരേ പോലെ ആവര്‍ത്തിക്കുന്ന ഒരു ദിനചര്യയില്‍ ഒതുക്കാനുമാവില്ല. ഒരു ദിവസം ഒരിക്കലും അടുത്ത ദിവസത്തിന് സമാനമല്ല, കാരണം കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുകയും പ്ലാനുകളും പദ്ധതികളും മാറിമറയുകയും ചെയ്യും. ആ വര്‍ഷങ്ങള്‍ എനിക്ക് ഒരുപാട് അനുഭവങ്ങളും ഓര്‍മ്മകളും തന്നു, അവയിലെല്ലാമുള്ള ഒരു പൊതുഘടകം പ്രാര്‍ത്ഥനയോടുള്ള എന്റെ പ്രതിബദ്ധതയും താത്പര്യവുമാണ്. എന്റെ പ്രാര്‍ത്ഥനാ ജീവിതത്തിന്റെ മൂന്ന് അടിസ്ഥാനശിലകള്‍ ഇവയാണ് വ്യക്തിപരമായ പ്രാര്‍ത്ഥന, ദിവ്യബലി, യാമപ്രാര്‍ഥന.

സെമിനാരി ദിനങ്ങളില്‍, പ്രാര്‍ത്ഥനയുടെ ആവശ്യകത നിരന്തരം ഊന്നിപ്പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഹൃദിസ്ഥമാക്കിയ ചില പാഠങ്ങള്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, കര്‍ത്താവുമൊത്തു വ്യക്തിപരമായി സമയം ചെലവഴിക്കുകയെന്ന ദാഹം അപാരമായ വിധത്തില്‍ വളരുകയും ചെയ്തു! ഞാന്‍ പ്രാര്‍ത്ഥനയില്‍ ഒരു പണ്ഡിതനോ മിസ്റ്റിക്കോ മറ്റെന്തെങ്കിലുമോ ആയിത്തീര്‍ന്നുവെന്ന് അവകാശപ്പെടുകയല്ല. എന്നാല്‍ എന്റെ ജീവിതത്തെയും ശുശ്രൂഷയെയും രൂപപ്പെടുത്തുന്നതിന് പ്രാര്‍ത്ഥന എത്രത്തോളം ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. പ്രാര്‍ത്ഥന മറ്റു വിശപ്പുകളെ പോലെയല്ല വിശന്നിട്ടു ഭക്ഷണം കഴിച്ചാല്‍, നിങ്ങളുടെ വിശപ്പ് കുറയുന്നു പ്രാര്‍ത്ഥനയുടെ ആവശ്യകത പക്ഷേ, ഒരിക്കലും പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ കഴിയുന്നതല്ല. പിതാവിന്റെ സ്‌നേഹവും പുത്രന്റെ സൗഹൃദവും പരിശുദ്ധാത്മാവിന്റെ ഊഷ്മളതയും പുതിയതായി കണ്ടെത്തുന്നതിനായി അനുഗ്രഹീത ത്രിത്വത്തിന്റെ ജീവനിലേക്ക് കൂടുതല്‍ പൂര്‍ണ്ണമായി പ്രവേശിക്കാന്‍ പ്രാര്‍ത്ഥന നമ്മെ ക്ഷണിക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് നല്‍കുന്ന സമയം എല്ലായ്‌പ്പോഴും ദിവസത്തിനും അതിന്റെ എല്ലാ സംഭവങ്ങള്‍ക്കുമായി എന്നെ നന്നായി ഒരുക്കുന്നുവെന്നും അതിനാല്‍ ദിവസത്തിന്റെ തുടക്കത്തില്‍ പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തേണ്ടതുണ്ടെന്നും വര്‍ഷങ്ങളിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു. ഇത് യേശുവിന്റെ പ്രാര്‍ത്ഥനയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. തന്റെ സ്വര്‍ഗീയ പിതാവിനോടൊപ്പം ആയിരിക്കാന്‍ അവിടുത്തേക്ക് സമയം ആവശ്യമായിരുന്നു, ഇത് ചുറ്റുമുള്ളവരെ ശുശ്രൂഷിക്കാന്‍ അവിടുത്തെ സഹായിച്ചു. അവന്റെ 'ഔപചാരിക പ്രാര്‍ത്ഥന'യുടെ നിമിഷങ്ങള്‍, ലോകവുമായി ഇടപെടുന്ന തന്റെ 'വിപുലമായ പ്രാര്‍ത്ഥന'യ്ക്കായി അവനെ ശക്തിപ്പെടുത്തി. സമീപ വര്‍ഷങ്ങളില്‍, ഞാന്‍ ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥനാരീതി 'ലളിത പരിഗണന'യുടെ പ്രാര്‍ത്ഥനയാണ്. അതായത്, എന്നെത്തന്നെ ദൈവത്തിന്റെ സാന്നിധ്യത്തില്‍ പ്രതിഷ്ഠിക്കുക, ചിലപ്പോള്‍ പവിത്രമായ ഒരു വാക്കോ ചിത്രമോ ഉപയോഗിച്ച് എന്നെത്തന്നെ നിശ്ചലമാക്കുകയും എന്റെ ഉള്ളിലെ ദൈവികപ്രവാഹം മനസ്സിലാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ പല വിചാരങ്ങളും ആകുലതകളും ശമിക്കുന്നതായും ഉള്ളിന്റെയുള്ളിലെ എന്റെ ആത്മവത്തയും ദൈവസ്‌നേഹവും ദൈവഹിതവും തമ്മില്‍ ലയിച്ചു ചേരുന്നുണ്ടെന്നും പതുക്കെ ഞാന്‍ കണ്ടെത്തുന്നു. 'പിതാവിന്റെ ഇഷ്ടം' എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് നമ്മുടെ പ്രാര്‍ത്ഥന എപ്പോഴും നമുക്ക് ലഭിച്ച ദൗത്യത്തിലേക്കും വിളിയിലേക്കും നമ്മെ നയിക്കണം എന്നാണ്. ദൈനംദിന ജീവിതത്തില്‍ നാം കര്‍ത്താവിന്റെ സാക്ഷികളാണെന്നും നമുക്ക് ചുറ്റുമുള്ളവരിലേക്ക് ക്രിസ്തുവിനെ കൊണ്ടുവരാനാണ് നമ്മുടെ വിളി എന്നും മനസ്സിലാക്കാന്‍ പ്രാര്‍ത്ഥന സഹായിക്കും. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ സമ്മാനമായിരിക്കുന്നത് അനുകമ്പയാണ്. പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്ന ആളാണെങ്കില്‍, അവന്റെ സാന്നിധ്യത്തിനു ചുറ്റുമുള്ള ആളുകളോടു സംസാരിക്കാനും അവരെ സ്പര്‍ശിക്കാനും കഴിയും. പിതാവ് എനിക്ക് നല്‍കിയ നിരവധി അനുഗ്രഹങ്ങള്‍ക്കും അവ എന്നിലേക്ക് എത്തിച്ചേര്‍ന്ന വഴികളായ സാഹചര്യങ്ങള്‍ക്കും ആളുകള്‍ക്കുമുള്ള നന്ദിയുടെ പ്രാര്‍ത്ഥനയായി മാറിയിരിക്കുന്നു എന്റെ പൗരോഹിത്യ ജീവിതം.

ധ്യാനങ്ങളും വിചിന്തനവേളകളും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം എന്റെ പ്രാര്‍ത്ഥനാജീവിതത്തിന് അധികമൂല്യം നല്‍കിക്കൊണ്ടിരുന്നു. പ്രാര്‍ത്ഥനയെ വിലമതിക്കാനും പ്രാര്‍ത്ഥനാജീവിതം നയിക്കാനും പഠിപ്പിച്ച നിരവധിപേരുടെ പാദാന്തികങ്ങളിലിരിക്കാനുള്ള വലിയ അവസരം എനിക്കു ലഭിച്ചു. ഒരു അവധിക്കാലത്ത്, മുപ്പത് ദിവസത്തെ ഇഗ്‌നേഷ്യന്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി. എന്റെ ഉള്ളിലെ ശക്തിയും കഴിവും പതുക്കെ അഴിച്ചുവിടുന്ന ഒരു അനുഭവമായിട്ടാണ് ഞാന്‍ പലപ്പോഴും ഇതിനെ കണ്ടത്. നീണ്ട പ്രാര്‍ത്ഥനയും സുവിശേഷ വായനയും വി. ഇഗ്‌നേഷ്യസിന്റെ ഉള്‍ക്കാഴ്ചകളും എന്റെ ഹൃദയത്തെ ദൈവത്തിന്റെ കാര്യങ്ങളിലേക്കും എന്റെ ചുറ്റുമുള്ള അവന്റെ സാന്നിധ്യത്തിലേക്കും ചേര്‍ത്തുവച്ചു.

ഞാന്‍ ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥനാരീതി 'ലളിത പരിഗണന'യുടെ പ്രാര്‍ത്ഥനയാണ്. അതായത്, എന്നെത്തന്നെ ദൈവത്തിന്റെ സാന്നിധ്യത്തില്‍ പ്രതിഷ്ഠിക്കുക, ചിലപ്പോള്‍ പവിത്രമായ ഒരു വാക്കോ ചിത്രമോ ഉപയോഗിച്ച് എന്നെത്തന്നെ നിശ്ചലമാക്കുകയും എന്റെ ഉള്ളിലെ ദൈവികപ്രവാഹം മനസ്സിലാക്കുകയും ചെയ്യുന്നു.

കുര്‍ബാന, തീര്‍ച്ചയായും, പുരോഹിതന്റെ ജീവിതത്തിന്റെ കേന്ദ്രമാണ്. ഇവിടെ വചനത്തിലും കൂദാശയിലും നാം ക്രിസ്തുവിനെ കണ്ടുമുട്ടുന്നു. അവന്‍ നമ്മെ പോഷിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ നാം ശ്രദ്ധാലുക്കളായിരിക്കുകയും കര്‍ത്താവ് നമ്മോട് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായി 'യോഗ്യതയോടും സ്വസ്ഥതയോടും കൂടെ നന്നായി' ഒരുങ്ങുകയും വേണം. ദിവസേനയുള്ള കുര്‍ബാനയില്‍ 'രണ്ടു വാക്കുകള്‍ പറയുക' എന്ന ശീലം അടുത്ത കാലത്തായി ഞാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് പ്രധാനമായും ദൈനംദിന കുര്‍ബാനയില്‍ വായിക്കുന്ന വചനത്തെക്കുറിച്ച് വിചിന്തനം ചെയ്യുന്നതിലൂടെയാണ്. മാത്രമല്ല, ഇത് രൂപത വൈദികന്‍ എന്ന നിലയ്ക്കുള്ള എന്റെ ആത്മീയതയുടെ പ്രകാശനമായി ഞാന്‍ കാണുന്നു. ആ ആത്മീയതയെ നിര്‍വചിക്കാന്‍ എല്ലായ്‌പ്പോഴും എളുപ്പമല്ല, എന്നാല്‍ അത് സ്വന്തമായിരിക്കുക എന്നതിനെ കുറിച്ചാണ്. ഞങ്ങള്‍ ഒരു രൂപതയുടെ, ഒരു ഇടവകയുടെ സ്വന്തമാണ്. ഞങ്ങളുടെ പരിപാലനത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന ആളുകള്‍ക്ക് അജപാലനമേകാന്‍ ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. വചനം പങ്കുവയ്ക്കുക, ദൈനംദിന ജീവിതസാഹചര്യത്തില്‍ അതിനെ പ്രതിഷ്ഠിക്കുക, ഞങ്ങള്‍ സേവിക്കുന്ന ആളുകളുടെ അനുഭവങ്ങളുമായി അതിനെ തുലനം ചെയ്യുക, രൂപത വൈദികന്റെ അതുല്യമായ വിളിയിതാണ്. കുര്‍ബാന വേളയില്‍ പരിശുദ്ധാത്മാവ് ഇരുമടങ്ങായി അയയ്ക്കപ്പെടുന്നുവെന്ന് എപ്പോഴും എന്നെത്തന്നെ ഓര്‍മ്മിപ്പിക്കാന്‍ ഞാനിഷ്ടപ്പെടുന്നു; ഒന്നാമതായി, നമ്മുടെ പാഥേയമായ കുര്‍ബാന വസ്തുക്കളെ ക്രിസ്തുവിന്റെ ശരീരമായും രക്തമായും രൂപാന്തരപ്പെടുത്തുക, രണ്ടാമതായി, ലോകത്തെ ക്രിസ്തുവിന്റെ ശരീരമാക്കാന്‍ യത്‌നിക്കുന്നവരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുക. ഈ ദൗത്യത്തിനായി തന്റെ ആളുകളെ പ്രോത്സാഹിപ്പിക്കാനും സജ്ജരാക്കാനും പുരോഹിതന്‍ വിളിക്കപ്പെടുന്നു. ഞായറാഴ്ച കുര്‍ബാന തീര്‍ച്ചയായും പലവിചാരങ്ങള്‍ നിറഞ്ഞ ഒരു അനുഭവമാകാം, നന്നായി ആസൂത്രണം ചെയ്യപ്പെട്ട ഏറ്റവും നല്ല ആരാധനക്രമകര്‍മ്മങ്ങള്‍ അലങ്കോലമായേക്കാം. എന്നാല്‍ പുരോഹിതന്‍ പ്രാര്‍ത്ഥനയും ഭക്തിയും ഉള്ള ആളാണെങ്കില്‍, തന്നെയും താന്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ദൈവത്തെയും വെളിപ്പെടുത്തിക്കൊടുക്കാന്‍ അവന്റെ സന്നിധ്യത്തിന് കഴിയും.

അത് എന്നെ എന്റെ മൂന്നാമത്തെ ശിലയായ യാമപ്രാര്‍ത്ഥനയിലേക്ക് എത്തിക്കുന്നു. ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയോടും ലോകമെമ്പാടുമുള്ള പ്രാര്‍ത്ഥിക്കുന്ന സമൂഹങ്ങളോടും അത് നമ്മെ ഒന്നിപ്പിക്കുന്നു. ഞാന്‍ ചൊല്ലുന്ന സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അതേപോലെ ചൊല്ലപ്പെടുന്നു എന്ന വസ്തുത പലപ്പോഴും വലിയ ആശ്വാസമേകുന്നു. മുഴുവന്‍ സഭയെയും മുഴുവന്‍ മനുഷ്യരാശിയെയും ഉള്‍ക്കൊള്ളാനുള്ള വൈദികരുടെ വീക്ഷണത്തെ വിശാലമാക്കുന്നത് യാമപ്രാര്‍ത്ഥനയാണ്. അതിന്റെ താളത്തിലൂടെയും ഘടനയിലൂടെയും, പ്രാര്‍ത്ഥനയില്‍ നമ്മുടെ പ്രതികരണങ്ങളുടെ പരിധി വിപുലീകരിക്കാന്‍ നാം വെല്ലുവിളിക്കപ്പെടുന്നു. പ്രാര്‍ത്ഥനയുടെ വഴികള്‍ കണ്ടെത്തുവാന്‍, പ്രത്യേകിച്ച് സങ്കീര്‍ത്തനങ്ങളിലൂടെ, അതു നമ്മെ സഹായിക്കുന്നു.

പ്രാര്‍ത്ഥനയുടെ പ്രയാണത്തില്‍, പരിശുദ്ധ മാതാവിനും വിശുദ്ധര്‍ക്കും ഒരിടം കണ്ടെത്തുന്നത് ഉപയോഗപ്രദമാണെന്നും ഞാന്‍ മനസ്സിലാക്കി. തന്റെ പുത്രനിലേക്കു നമ്മെ അടുപ്പിക്കുകയും വളരെയേറെ കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു, പരി. മാതാവ്. വിശുദ്ധര്‍ അവരുടെ സ്ഥിരതയിലും, സന്തോഷത്തിലും, ജീവിത വിശുദ്ധിയിലും, അനുദിനം നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. കത്തോലിക്കപാരമ്പര്യം എത്രയോ മഹത്തായ ഒരു നിധിശേഖരമാണ്. പ്രാര്‍ത്ഥനാനുഭവത്തെ ആഴപ്പെടുത്താനും വിപുലപ്പെടുത്താനും ശ്രമിക്കുമ്പോള്‍ നമ്മെ അനുധാവനം ചെയ്യാന്‍ കഴിയുന്ന ഒരു ആത്മീയ ഉപദേശകനുമായി പതിവായി കാണുന്നതും വളരെ പ്രയോജനകരമായി തോന്നിയിട്ടുണ്ട്.

പ്രാര്‍ത്ഥനയ്ക്കായുള്ള എന്റെ അന്വേഷണം തുടരുകയാണെന്നെനിക്കറിയാം, നിത്യതയില്‍ ദൈവകീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ മാത്രം അതവസാനിക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു!

  • (നോര്‍ത്താംപ്ടണ്‍ രൂപതയില്‍ 20 വര്‍ഷക്കാലം വികാരി ജനറാളായിരുന്നു ലേഖകന്‍.)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org