വചനവെളിച്ചം വിതറിയ വൈദികന്‍

വചനവെളിച്ചം വിതറിയ വൈദികന്‍
Published on
  • ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി

    തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത

മലയാള ബൈബിള്‍ വിജ്ഞാനീയ രംഗത്തെ കുലപതിയായ സീറോമലബാര്‍ സഭ മല്‍പാന്‍ പദവി നല്‍കി ആദരിച്ചിട്ടുള്ള തലശ്ശേരി അതിരൂപതാംഗമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റം 2025 നവംബര്‍ 06 രാവിലെ 6.30 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കേരളസഭ ആഗോള കത്തോലിക്കാ സഭയ്ക്ക് സമ്മാനിച്ച അപൂര്‍വ്വ ശ്രേഷ്ഠനായ പുരോഹിതനാണ് വിടപറഞ്ഞിരിക്കുന്നത്. സത്യവിശ്വാസത്തിന്റെ മുന്നണി പോരാളിയായിരുന്നു മൈക്കിളച്ചന്‍. മൈക്കിള്‍ എന്ന പേരിന്റെ അര്‍ഥം തന്നെ ദൈവത്തെപ്പോലെ ആരുണ്ട് എന്ന ചോദ്യമാണ്. ദൈവത്തെ വെല്ലുവിളിക്കുന്ന സകലരോടും സകലതിനോടും പോരാടുന്ന മുഖ്യദൂതന്റെ പേരുകാരനായതിനാല്‍ തിന്മയോടുള്ള സന്ധിയില്ലാത്ത നിലപാട് മൈക്കിളച്ചന് ജന്മസിദ്ധമാണ്.

പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1979 ല്‍ വി. ഗ്രന്ഥത്തില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്ന ആദ്യകാല ഇന്ത്യക്കാരില്‍ ഒരുവനായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളത്തെ അജപാലനശുശ്രൂഷകള്‍ ക്കുശേഷം 1980 മുതല്‍ പി.ഒ.സിയില്‍ കത്തോലിക്കാ ബൈബിള്‍ വിവര്‍ത്തന സമിതിയുടെ മുഖ്യസംശോധകരില്‍ ഒരാളായി നിയമിതനായി. കേരളസഭയുടെ അഭിമാനമായി ഇന്നും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠിതമായ പി.ഒ.സി മലയാളം ബൈബിളിന്റെ പിറവിയില്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്‍ അച്ചനോടു ചേര്‍ന്ന് മൈക്കിളച്ചന്‍ സുപ്രധാനമായ പങ്കാണ് വഹിച്ചത്. വി. ഗ്രന്ഥം മൈക്കിളച്ചന്റെ പാദങ്ങള്‍ക്ക് വിളക്കും പാതയിലെ പ്രകാശവു മായി ജ്വലിച്ചു തുടങ്ങിയത് ഈ സംരംഭം മുതലാണ്. തുടര്‍ന്നുള്ള അച്ചന്റെ ജീവിതം മുഴുവനും വി. ഗ്രന്ഥത്തെ ജനകീയമാക്കാനുള്ള നിതാന്ത പരിശ്രമങ്ങളായിരുന്നു. തലശ്ശേരി അതിരൂപതയുടെ ബൈബിള്‍ അപ്പസ്‌തോ ലേറ്റിന്റെ ഡയറക്ടറായി സേവനം ചെയ്ത

15 വര്‍ഷങ്ങള്‍ മലയാള ബൈബിള്‍ വിജ്ഞാനീയ രംഗത്തെ ഐതിഹാസിക സംഭാവനകളുടെ കാലഘട്ടമായിരുന്നു. ഇടവകകള്‍തോറും ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചും ബൈബിള്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചും മലയോര ത്തിന്റെ ഗ്രാമങ്ങളെ തിരുവചനത്തിന്റെ വിശുദ്ധ ഭൂമികകളാക്കി അച്ചന്‍ രൂപാന്തരപ്പെടുത്തി.

കുട്ടികളെ ബൈബിള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1984 ല്‍ ബൈബിള്‍ ചിത്രകഥകള്‍ പ്രസിദ്ധീകരിക്കുവാന്‍ ആരംഭിച്ചു. 36 പേജുകള്‍ വീതമുള്ള 51 പുസ്തകങ്ങളാക്കി ബൈബിള്‍ മുഴുവന്‍ ചിത്രകഥകളിലൂടെ അവതരിപ്പിക്കുക എന്ന അദ്ഭുതാവഹമായ ദൗത്യം അസാധാരണ മായ വൈഭവത്തോടെ അച്ചന്‍ പൂര്‍ത്തിയാക്കി. അമര്‍ചിത്രകഥ കളുടെ കാലഘട്ടത്തില്‍ ചിത്രകഥകളുടെ അനിതരസാധാരണമായ ആകര്‍ഷണ ശക്തിയെ ഫലപ്രദമായി തിരിച്ചറിഞ്ഞു എന്നതായിരുന്നു മൈക്കിളച്ചന്റെ മഹത്വം. ഭാരതത്തിലെ എല്ലാ പ്രധാന ഭാഷകളിലും ചൈനീസ് ഉള്‍പ്പടെയുള്ള വിവിധ വിദേശ ഭാഷകളിലും ഈ ബൈബിള്‍ ചിത്രകഥകള്‍ പ്രസിദ്ധീകരിക്കാനിടയായി എന്നത് അച്ചന്റെ സര്‍ഗാത്മകതയ്ക്കും ക്രാന്തദര്‍ശന ത്തിനും കാലം കരുതിവച്ച സാക്ഷ്യമാണ്.

വി. ഗ്രന്ഥത്തെയും സഭാവിശ്വാസത്തെയും ആധാരമാക്കി രചിച്ച 100 ലേറെ ഗ്രന്ഥങ്ങള്‍ അച്ചന്റെ വിജ്ഞാന വൈഭവത്തിനും വി. ഗ്രന്ഥ ഉപാസനയ്ക്കും നിതാന്ത സാക്ഷ്യങ്ങളാണ്. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ബൈബിള്‍ കമന്ററിയായ ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനത്തിന്റെ മുഖ്യസംശോധകനും മൈക്കിളച്ചന്‍ തന്നെയായിരുന്നു. ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി അച്ചന്‍ ശുശ്രൂഷ ആരംഭിച്ചു. 6 ആഴ്ച നീണ്ടു നില്ക്കുന്ന ബൈബിള്‍ പഠന പരിപാടി ആരംഭിച്ചു. അല്മായര്‍ക്ക് ശാസ്ത്രീയമായി ദൈവവചനം പഠിക്കുവാനുള്ള കേരളത്തിലെ ആദ്യ സംരംഭമായി ഈ ബൈബിള്‍ കോഴ്‌സ് മാറി.

2000 മെയ് മാസത്തില്‍ മൈക്കിളച്ചന്റെ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയും ജീവന്‍ കൈവിട്ടുപോകുന്ന സാഹചര്യമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അച്ചനിലൂടെ ഇനിയും അനേകം കാര്യങ്ങള്‍ നിറവേറ്റാനാഗ്രഹിച്ച ദൈവം അച്ചനെ കര്‍മ്മമണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടു നീണ്ട അച്ചന്റെ ജീവിതം ഈ ദൈവനിയോഗത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമായിരുന്നു. തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ ബൈബിള്‍ അധ്യാപകനായി മൈക്കിളച്ചന്‍ ചെയ്ത സേവനം കേരളസഭയ്ക്കു മുഴുവനും അനുഗ്രഹമായി.

ഈ കാലഘട്ടത്തില്‍ ജീവന്‍ ടി.വി.യിലൂടെയും മലയാളത്തിലും ഇംഗ്ലീഷിലുമായി ഡിവൈന്‍ ഗുഡ്‌നെസ്സ് ടി. വി. യിലൂടെയും ശാലോം ടെലിവിഷനിലൂടെയും രണ്ടായിരത്തിലധികം ക്ലാസ്സുകള്‍ അച്ചന്‍ സംപ്രേഷണം ചെയ്തു. ആയിരത്തോളം ലേഖനങ്ങള്‍ വിവിധ മാഗസിനുകളില്‍ അച്ചന്‍ പ്രസിദ്ധീകരിച്ചു. 2022 ല്‍ സീറോ മലബാര്‍ സഭയുടെ സിനഡ് മല്പാന്‍ പദവി നല്കി മൈക്കിളച്ചനെ ആദരിച്ചു. വിശ്രമ ജീവിതത്തിന്റെ നാളുകളിലും പുസ്തക രചനയിലും ബൈബിള്‍ പ്രഭാഷണങ്ങളിലും മൈക്കിളച്ചന്‍ തന്റെ സമയം ചിലവഴിച്ചു. ദൈവവചനത്തെ ധ്യാനിച്ചും പ്രാര്‍ഥിച്ചും തിരുവചനമായി തീര്‍ന്ന ജീവിതമാണ് മൈക്കിളച്ചന്റേത്.

കേരളസഭയെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ നടക്കുവാന്‍ പഠിപ്പിച്ച ശ്രേഷ്ഠനായ പുരോഹിതനായിരുന്നു മൈക്കിളച്ചന്‍. ദൈവവചനത്തെ ഇത്രത്തോളം ജനകീയമാക്കിയ ഒരു പുരോഹിതന്‍ കേരളസഭയില്‍ ഉണ്ടായിട്ടില്ല. ബൈബിള്‍ കഥാപാത്രങ്ങള്‍ സാധാരണക്കാരന്റെ മനസ്സില്‍ മിഴിവാര്‍ന്ന ചിത്രങ്ങളായി വരക്കുവാന്‍ മൈക്കിളച്ചനു കഴിഞ്ഞു. ആഴമായ ആധ്യാത്മിക ജീവിതം കൈമുതലാക്കിയ അച്ചന്റെ മരണം നീതിമാന്റെ അവസാനത്തേക്കുറിച്ച് തിരുവചനം നല്‍കുന്ന പ്രബോധനം അന്വര്‍ത്ഥമാക്കുന്നതായിരുന്നു. തന്റെ ദിവസങ്ങള്‍ പരിമിതമാണെന്നറിഞ്ഞ പ്പോള്‍ ശാന്തതയോടെ മരണത്തിനായി അദ്ദേഹം ഒരുങ്ങി. വി. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് (ഫിലി. 1:21) എന്ന തിരുവചനത്തിന്റെ അകപ്പൊരുള്‍ അദ്ദേഹം ഗ്രഹിച്ചിരുന്നു. കര്‍ത്താവു തന്റെ ഭവനത്തിലേക്ക് തന്നെ സ്വാഗതം ചെയ്യുന്ന സ്വര്‍ഗ്ഗീയ സ്വരം താന്‍ ശ്രവിക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. മരണത്തോടടുത്ത നാളുകളില്‍ വൈദികര്‍ക്കും ദൈവജനത്തിനും എഴുതിയ കൃതജ്ഞതാക്കുറിപ്പ് അച്ചന്റെ ആത്മീയതയുടെ ആഴവും സൗന്ദര്യവും വ്യക്തമാക്കുന്നതായിരുന്നു.

ദൈവം ഭരമേല്‍പിച്ച ദൗത്യങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തതയും മൂല്യബോധങ്ങളിലുള്ള അടിയുറച്ച നിലപാടും സമാനതകളില്ലാത്ത അധ്വാനശേഷിയും അച്ചനെ കേരള സഭയുടെ പ്രവാചക ശബ്ദമാക്കി മാറ്റി. വ്യക്തിപരമായ നഷ്ടങ്ങള്‍ ഗൗനിക്കാതെ സുവിശേഷത്തോട് പുലര്‍ത്തിയ വിശ്വസ്തത അച്ചന്റെ ആത്മീയതയുടെ തനത് സവിശേഷതയാണ്. വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും സ്വയം പാഠപുസ്തകമായി മാറിയ മൈക്കിളച്ചന്റെ ഓര്‍മ്മകള്‍ക്ക് ദൈവം നിത്യതയുടെ ശോഭ നല്‍കും എന്ന് ഉറപ്പാണ്. അച്ചന്‍ ജനഹൃദയങ്ങളില്‍ വിതച്ച വചനത്തിന്റെ വിത്തുകള്‍ നൂറുമേനി ഫലം കൊയ്യുന്ന നാളുകള്‍ വിദൂരമല്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org