പൗരോഹിത്യ-സന്യാസ വിളികളിലെ ചില മാനുഷിക മാനങ്ങള്‍

പൗരോഹിത്യ-സന്യാസ വിളികളിലെ ചില മാനുഷിക മാനങ്ങള്‍

ഇടവക ജനങ്ങളോട് സഹവര്‍ത്തിക്കുവാനും ഊഷ്മളമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും വികാരിയച്ചന്മാര്‍ക്ക് കൂടുതല്‍ സമയവും സാഹചര്യവും നല്കുന്ന താരതമ്യേന ചെറിയ ഇടവകകളില്‍ നിന്നാണ് കഴിഞ്ഞ 8 വര്‍ഷം അമേരിക്കയില്‍ കൂടുതല്‍ പുരോഹിതാര്‍ത്ഥികള്‍ ഉണ്ടായിട്ടുള്ളത്.

ദൈവം കൊടുക്കുന്ന പ്രചോദനങ്ങള്‍ക്ക് മനുഷ്യര്‍ നല്കുന്ന പ്രത്യുത്തരമാണ് പൗരോഹിത്യ-സന്യാസ ദൈവവിളികള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നിരുന്നാലും, തന്റെ ജീവിതത്തില്‍ പൗരോഹിത്യമോ സന്യാസമോ ഒരു മോഹമായി മാറിയ സാഹചര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഏതൊരു സമര്‍പ്പിതനും ചില മാനുഷിക ഘടകങ്ങളെ പരാമര്‍ശിക്കാറുണ്ട്. വിവിധ സ്ഥിതി വിവരക്കണക്കുകളുടെയും സമീപകാലത്തിറങ്ങിയ ചില പഠനങ്ങളുടേയും അടിസ്ഥാനത്തില്‍, അത്തരം മൂന്ന് മാനുഷിക ഘടകങ്ങളെ പരിചയപ്പെടുത്താനാണ് ഈ ലേഖനത്തില്‍ പരിശ്രമിക്കുന്നത്.

പ്രചോദനാത്മകമായ വൈദിക-ദൈവജനബന്ധങ്ങള്‍

ആഗോള കത്തോലിക്കാസഭയില്‍ പുരോഹിതരുടെയും സന്യസ്തരുടെയും എണ്ണത്തില്‍ വലിയ കുറവ് വന്നിരിക്കുന്നു എന്നത് ഒരു പുതിയ വാര്‍ത്തയല്ല. വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍, കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ ഏകദേശം പന്ത്രണ്ടായിരം പുരോഹിതരുടെ കുറവുണ്ട്. 1970-ല്‍ ലോകമാസകലം 4,19,728 വൈദികരുണ്ടായിരുന്നെങ്കില്‍ 2021-ല്‍ അത് 4,07,872 ആയി ചുരുങ്ങിയിരിക്കുന്നു. സന്യാസിനികളുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ 40 ശതമാനത്തോളം കുറവ് വന്നതായി കാണാം. 1970-ല്‍ പത്തു ലക്ഷത്തിലധികം (1,004,304) സന്യാസികളുണ്ടായിരുന്നിടത്ത്, 2021-ല്‍ അത് ആറ് ലക്ഷത്തിലെത്തിനില്‍ക്കുന്നു (608,958). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത്തരം കണക്കുകളുടെ ഗ്രാഫ് എപ്പോഴും താഴേക്കുള്ള ദിശയിലേക്കാണെങ്കിലും ഇതിനെ അടിസ്ഥാനമാക്കി ക്രിയാത്മകമായ കര്‍മ്മ പരിപാടികളോ അവഗാഹമായ പഠനങ്ങളോ സഭയില്‍ ഏറെയൊന്നും കാണാനില്ല.

ഇതിന് ഒരു അപവാദമാണ് അമേരിക്കയിലെ 'Vocation Ministry' എന്ന സംഘടന ഈ വര്‍ഷം പുറത്ത് വിട്ടിരിക്കുന്ന 'The State of Priestly Vocations in the United States' എന്ന പഠനറിപ്പോര്‍ട്ട്. 2014-2021 കാലഘട്ടങ്ങളില്‍ അമേരിക്കയിലെ 175 രൂപതകളിലായി നടത്തിയ ഈ പഠനത്തിന്റെ കണ്ടെത്തലുകളില്‍ ഒന്ന് ആഗോളതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പഠനത്തില്‍ പങ്കെടുത്ത 70% വൈദികരും പൗരോഹിത്യജീവിതത്തിലേക്കുള്ള അവരുടെ ആകര്‍ഷണത്തിനുള്ള പ്രധാന കാരണം അവരുടെ വികാരിയച്ചന്മാരുടെ ജീവിതസ്വാധീനമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം, ഇടവക ജനങ്ങളോട് സഹവര്‍ത്തിക്കുവാനും ഊഷ്മളമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും വികാരിയച്ചന്മാര്‍ക്ക് കൂടുതല്‍ സമയവും സാഹചര്യവും നല്കുന്ന താരതമ്യേന ചെറിയ ഇടവകകളില്‍ നിന്നാണ് കഴിഞ്ഞ 8 വര്‍ഷം അമേരിക്കയില്‍ കൂടുതല്‍ പുരോഹിതാര്‍ത്ഥികള്‍ ഉണ്ടായിട്ടുള്ളത് എന്ന് ഈ പഠനം പറയുന്നു.

ജനങ്ങളോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്താനാകാത്തവിധം വലിപ്പമുള്ള ഇടവകകള്‍ ഒരുപക്ഷെ, ഇന്ത്യയില്‍ അധികമുണ്ടാകില്ല. 2021-ല്‍ വത്തിക്കാനില്‍നിന്ന് പുറപ്പെടുവിച്ച കണക്കുകള്‍പ്രകാരം ആഗോളതലത്തിലെ അനുപാതം 3,373 കത്തോലിക്കര്‍ക്ക് ഒരു വൈദികന്‍ എന്നതാണ്. അമേരിക്കന്‍ -ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഈ അനുപാതം അയ്യായിരത്തിലധികം വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിലയ്ക്കാണെങ്കില്‍ ഏഷ്യയില്‍ അത് 2,137 പേര്‍ക്ക് ഒരു വൈദികന്‍ എന്ന നിലയ്ക്കാണ്.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആശാവഹമായി തോന്നാമെങ്കിലും, വികാരിയച്ചന്മാരുടെ ശൈലികളും പ്രധാനപ്പെട്ടതാണ്. ആടുകളുടെ മണമുള്ള ഇടയനാവുക എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനം അജപാലനരംഗത്ത് പ്രധാന ശൈലിയാകേണ്ടത് ഇവിടെ അത്യാവശ്യമാണ്. കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും മനസ്സില്‍ പൗരോഹിത്യ-സന്യാസ ജീവിതാവസ്ഥകളിലേക്ക് പ്രചോദനം നല്കുന്ന ദൈവത്തിന്റെ ഉപകരണങ്ങളാകാന്‍ ഇടവകജനങ്ങളോട് അടുത്തബന്ധം പുലര്‍ത്തുന്ന പുരോഹിതര്‍ക്ക് സാധിക്കുക തന്നെ ചെയ്യും.

ഭാരതസഭ പുലര്‍ത്തേണ്ട ആഗോളവീക്ഷണം

വത്തിക്കാന്‍ ഓരോ വര്‍ഷവും പുറത്തിറക്കുന്ന Annuarium Statisticum Ecclesiae എന്ന സ്ഥിതി വിവരണക്കണക്കുകളുടെ രേഖകളില്‍ പൊതുവെ ആവര്‍ത്തിക്കപ്പെടുന്ന ഒരു ആശയമുണ്ട് - മറ്റ് ഭൂഖണ്ഡങ്ങളില്‍ വൈദികരുടെയും സെമിനാരിക്കാരുടെയും എണ്ണത്തില്‍ കുറവ് വരുമ്പോള്‍ ഏഷ്യയിലെ കണക്കുകള്‍ ആശാവഹമാണ്. 2007-നും 2012-നുമിടയ്ക്ക് ഏഷ്യയിലെ പുരോഹിതരുടെ എണ്ണത്തില്‍ 13.7% വര്‍ധനവുണ്ടായിരുന്നു. 1978-നും 2012-നുമിടയ്ക്ക് ഇന്ത്യയിലെ സെമിനാരിക്കാരുടെ എണ്ണത്തില്‍ 228% വര്‍ധനവാണുള്ളത്. 2015-ലെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെമിനാരിക്കാരുണ്ടായിരുന്നത് ഏഷ്യയിലാണ്.

ലോകമാസകലം വൈദികരുടെയും സെമിനാരിക്കാരുടെയും എണ്ണത്തില്‍ വരുന്ന ഗണ്യമായ കുറവിലും ആശാവഹമായ കണക്കുകള്‍ കാണാനാവുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ സഭയ്ക്ക് കുറെക്കൂടി ആഗോളവീക്ഷണം ആവശ്യമാണ്. 2021-ലെ കണക്കുപ്രകാരം ആഗോള കത്തോലിക്കരുടെ 19.3% അധിവസിക്കുന്ന ആഫ്രിക്കയില്‍ ആകെയുള്ള വൈദികരുടെ 12% മാത്രം സേവനം ചെയ്യുമ്പോള്‍, ആഗോള കത്തോലിക്കരില്‍ 11% മാത്രമുള്ള ഏഷ്യയില്‍ 17% വൈദികരുടെ സേവനം ലഭ്യമാണ്. വൈദികരുടെ ക്ഷാമം ആഗോളസഭയുടെ ഒരു പ്രധാന പ്രതിസന്ധിയായി വര്‍ഷങ്ങളായി നില നില്‍ക്കുമ്പോള്‍, ഏഷ്യയിലെ സഭയ്ക്ക് പ്രത്യേകിച്ച് ഭാരതസഭയ്ക്ക് കുറെക്കൂടി വിശാലമായ കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് കാര്യമാത്രമായ സംഭാവനകള്‍ നല്കാനാകും.

1970-ല്‍ ഒരു റെസിഡന്റ് പുരോഹിതന്‍ ഇല്ലാത്ത 39,431 ഇടവകകളാണ് ആഗോളസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2014-ല്‍ അത് 49,153 ആയി മാറി. ഏറ്റവും പുതിയ കണക്കുകള്‍ ലഭ്യമല്ല. എങ്കിലും, വൈദികരുടെ സാന്നിധ്യമില്ലാത്ത ഇടവകകള്‍ അടുത്തുള്ള മറ്റ് ഇടവകകളോട് കൂട്ടിച്ചേര്‍ത്ത് ഈ പ്രതിസന്ധിയെ നേരിടുക എന്ന ആശാവഹമല്ലാത്ത നടപടികളാണ് ഇപ്പോള്‍ ലോകത്തില്‍ പലയിടത്തും നടക്കുന്നത്. ഈ സാഹചര്യത്തില്‍, പല ഇടവകകളിലും ഒന്നിലധികം വൈദികരുടെ സേവനം ലഭ്യമാക്കുന്നത് ഒരു ധാരാളിത്തമായി വായിക്കപ്പെടാം.

വിദേശമിഷനറിമാരുടെ സേവനം ഔദാര്യപൂര്‍വം സ്വീകരിച്ച ഒരു തലമുറ ഇവിടെ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭാരതസഭയ്ക്ക് ചില ഭാവാത്മകമായ സമീപനങ്ങള്‍ മുന്നോട്ടു വയ്ക്കാവുന്നതാണ്. സഭ അതിന്റെ സ്വഭാവത്താലെ മിഷനറിയാണ് എന്നവാദത്തിന് നിയതമായ കര്‍മ്മപരിപാടികളിലൂടെ യാഥാര്‍ത്ഥ്യത്തിന്റെ മുഖം നല്കാനാകണം. വൈദികപരിശീലനകാലം മുതല്‍ക്കെ ഒരു 'ആഗോള പൗരോഹിത്യത്തിന്റെ' വെല്ലുവിളികള്‍ക്കായി സ്വയം ഒരുങ്ങാന്‍ വൈദികാര്‍ത്ഥികളെ സജ്ജമാക്കുന്ന പരിശീലന പരിപാടികള്‍ സെമിനാരികള്‍ രൂപകല്പന ചെയ്യേണ്ടതാണ്.

ഭദ്രമായ കുടുംബബന്ധങ്ങള്‍ സുപ്രധാനം

സൈദ്ധാന്തികമായി പറഞ്ഞാല്‍ സഭയില്‍ നാലു തരം ദൈവവിളികളുണ്ട് - പൗരോഹിത്യം, സന്യാസം, വിവാഹജീവിതം, ഏകസ്ഥജീവിതം. പക്ഷേ, പ്രായോഗികതലത്തില്‍ പലപ്പോഴും ഇത് ആദ്യത്തെ രണ്ടെണ്ണം മാത്രമായി പരിഗണിക്കപ്പെടാറുണ്ട്. മറ്റ് രണ്ട് ജീവിതാന്തസ്സുകളെയും നിസ്സാരവത്ക്കരിക്കുന്ന പ്രവണത അതില്‍ത്തന്നെ ഒരിക്കലും ഭാവാത്മകമല്ല. ഒപ്പം, കുടുംബങ്ങളിലെ വിശ്വാസപരിശീലനവും, കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും തങ്ങളുടെ വൈദിക, സന്യാസ ജീവിതങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി പല സമര്‍പ്പിതരും പങ്കുവയ്ക്കാറുമുണ്ട്. യൂറോപ്പില്‍ സമര്‍പ്പിതരുടെ എണ്ണം ഏറെയുണ്ടായിരുന്നപ്പോള്‍ കുടുംബബന്ധങ്ങള്‍ അവിടെ വളരെ ഭദ്രമായിരുന്നു, ഒപ്പം വിശ്വാസതീക്ഷ്ണതയും. നിരവധി പുരോഹിത-സന്യസ്ത വിശുദ്ധരുടെ ജീവിതകഥകള്‍ ഇത് വെളിപ്പെടുത്തുന്നുമുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവും സര്‍വസാധാരണമായ കുടുംബങ്ങളില്‍നിന്ന് വിശ്വാസതീക്ഷ്ണതയും അര്‍പ്പണബോധവും ജീവിതപ്രതിബദ്ധതയും വളരെയധികം ആവശ്യപ്പെടുന്ന പൗരോഹിത്യവും സന്യാസവും പോലുള്ള ജീവിതാവസ്ഥകളിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത മാനുഷികമായി തുലോം കുറവാണ്. ഈ മേഖലയില്‍ വിശദമായ പഠനങ്ങള്‍ കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നമുക്ക് നല്കിയേക്കും.

ഏതായാലും പൗരോഹിത്യ-സന്യാസ വിളികളെ പ്രത്യേകമായ ശ്രദ്ധ പുലര്‍ത്തുന്ന ദൈവവിളി പ്രചാരണരംഗങ്ങള്‍ നമുക്കിടയിലെ കുടുംബപ്രേഷിത കേന്ദ്രങ്ങളോട് സഹകരിക്കുന്നതും കുടുംബജീവിതമെന്ന ദൈവവിളിയുടെ അന്തഃസത്ത ആഴത്തില്‍ ജീവിക്കുവാന്‍ കുടുംബങ്ങളെ പ്രചോദിപ്പിക്കുന്നതും തങ്ങളുടെ സേവനമേഖലയായി കരുതേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org