പൗരോഹിത്യ പരിശീലനത്തിന്റെ പ്രേഷിതമാനം

പൗരോഹിത്യ പരിശീലനത്തിന്റെ പ്രേഷിതമാനം
Published on
  • ഫാ. ഡോ. സാജന്‍ പിണ്ടിയാന്‍

    പ്രൊഫസര്‍, മേരി മാതാ സെമിനാരി, തൃശൂര്‍

പൗരോഹിത്യ പരിശീലനത്തെക്കുറിച്ചുള്ള സമീപകാല രേഖകളായ Pastores Dabo Vobis (1992) ലും The Gift of the Priestly Vocation (2016) ലും പരിശീലനത്തിന്റെ മാനുഷിക, ആധ്യാത്മിക, ബൗദ്ധിക, അജപാലന തലങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. പ്രേഷിത പരിശീലനത്തെ അജപാലന തലത്തിന്റെ ഭാഗമായാണ് നാളിതുവരെ കരുതിപോന്നിട്ടുള്ളത്. എന്നാല്‍, പ്രേഷിത പരിശീലനം മറ്റു നാല് തലങ്ങളെപോലെതന്നെ തുല്യമായ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സമീപകാല പഠനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആവശ്യപ്രകാരം, തൃശ്ശൂര്‍ മേരിമാതാ മേജര്‍ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2022 ഒക്‌ടോബര്‍ മുതല്‍ 2024 ജൂണ്‍ വരെ കേരള കത്തോലിക്കാ സഭയിലെ മേജര്‍ സെമിനാരികളിലെ പരിശീലനത്തെക്കുറിച്ച് ഒരു വിശകലനാത്മക പഠനം നടത്തുകയുണ്ടായി. 21-ാം നൂറ്റാണ്ടില്‍ വൈദിക പരിശീലനത്തിലുണ്ടായിരിക്കേണ്ട നവീകരണത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഈ പഠനം നല്‍കുന്നുണ്ട്. ഇതിലെ സുപ്രധാനമായ ഒരു നിര്‍ദേശം, പ്രേഷിത പരിശീലനത്തെ പൗരോഹിത്യ പരിശീലനത്തിന്റെ അഞ്ചാമത്തെ തലമായി കരുതുകയും ഉചിതമായ രീതിയില്‍ വികസിപ്പിക്കുകയും വേണമെന്നതാണ്. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ നിലവിലുള്ള പരിശീലന രീതികളെ പുനര്‍ക്രമീകരിക്കുകയും പുതിയ സംവിധാനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യണം.

  • പ്രേഷിത പരിശീലനത്തിന്റെ നിലവിലെ പരിമിതികള്‍

പ്രേഷിത പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യം, ഭാരതത്തിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ധാരണ, മിഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കഴിവുകള്‍ എന്നീ കാര്യങ്ങള്‍ വളര്‍ത്തുന്നതില്‍ കേരളത്തിലെ സെമിനാരികളിലെ പരിശീലന രീതികള്‍ പരിമിതികള്‍ നേരിടുന്നുണ്ട്.

മിഷന്‍ മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് കേരളത്തില്‍ വരുന്നതിനും വൈദികാര്‍ഥികളുമായി ഇടപഴകുന്നതിനുമുള്ള അവസരമൊരുക്കുന്നതും മിഷന്‍ രൂപതകളില്‍ നിന്നുള്ള വൈദികാര്‍ഥികളെ കേരളത്തിലെ മേജര്‍ സെമിനാരികളില്‍ പരിശീലിപ്പിക്കുന്നതും പ്രേഷിതാവബോധം വളര്‍ത്തുന്നതിനും മിഷന്‍ പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും സഹായകമാകും.

വൈദിക പരിശീലനം ക്ലാസുമുറികളില്‍ മാത്രം ഒതുങ്ങിയാല്‍ പോര. മറിച്ച്, പ്രേഷിതമേഖലകളില്‍ ഇറങ്ങിച്ചെല്ലാനുള്ള അവസരങ്ങള്‍ സെമിനാരി കാലഘട്ടത്തില്‍ തന്നെ സൃഷ്ടിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനനുയോജ്യമായ പ്രായോഗിക പ്രേഷിത പരിശീലന പദ്ധതികള്‍ വൈദിക പരിശീലനത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്.

കേരളത്തിനു പുറത്തുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പേര്‍ സന്തോഷത്തോടെ മുന്നോട്ടു വരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതത്തിനകത്തും പുറത്തും ഒരുപാട് മേഖലകള്‍ സമര്‍പ്പണബോധമുള്ള പ്രേഷിതര്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന വസ്തുത മറന്നു പോകരുത്. ഒരുപാട് അല്‍മായ പ്രേഷിത മുന്നേറ്റങ്ങളുടെ ഈ കാലഘട്ടത്തില്‍ അവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രേഷിത വൈദികരെയും സമര്‍പ്പിതരെയും ആവശ്യമുണ്ട്.

  • കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനം

21-ാം നൂറ്റാണ്ടിലെ പ്രേഷിതപ്രവര്‍ത്തനം കേരളത്തിനു പുറത്ത് മാത്രമല്ല, കേരളത്തിനകത്തും ആവശ്യമാണ്. ഈ അവബോധം വൈദികാര്‍ഥികളില്‍ കൂടി വരുന്നത് ശുഭസൂചകമാണ്. ഈ കാലഘട്ടത്തില്‍ നിലവിലുള്ള അജപാലന പ്രവര്‍ത്തനങ്ങളിലെ ഔത്സുക്യം മാത്രമല്ല, സുവിശേഷ വല്‍ക്കരണത്തിലും നവസുവിശേഷവല്‍ക്കരണത്തിലും വൈദികര്‍ കൂടുതല്‍ സജീവമായി ഇടപെടേണ്ടതുണ്ട്. അതിനായി വൈദികാര്‍ഥികളെ പരിശീലന കാലഘട്ടത്തില്‍ തന്നെ ഒരുക്കണം.

കേരളത്തില്‍ ക്രിസ്തുമതം ഇപ്പോഴും ഒരു ന്യൂനപക്ഷമായി നിലകൊള്ളുന്നു എന്നതു മാത്രമല്ല ഇതിനു കാരണം. അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഈ കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ നല്ലൊരുഭാഗം ക്രിസ്ത്യാനികളാണെന്നുള്ളതും കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നി പറയുന്നു. അതിഥി തൊഴിലാളികളുടെ ഭാഷകള്‍, സംസ്‌കാരങ്ങള്‍, വിശ്വാസ പാരമ്പര്യങ്ങള്‍ എന്നിവയിലെല്ലാം കുറച്ചെങ്കിലും അവഗാഹം പരിശീലന കാലഘട്ടത്തില്‍ തന്നെ വൈദികാര്‍ഥികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.

  • പ്രേഷിത പരിശീലന സംവിധാനങ്ങള്‍

കേരളത്തിലെ വിവിധ മേജര്‍ സെമിനാരികളില്‍ പ്രേഷിത പരിശീലനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നുള്ളത് ശുഭസൂചകമാണ്. മിഷന്‍ എക്‌സ്‌പോഷര്‍ പ്രോഗ്രാം, മിഷനറിമാര്‍ നല്‍കുന്ന ക്ലാസുകളും അനുഭവങ്ങള്‍ പങ്കുവയ്ക്കലും, പ്രേഷിത ഞായര്‍ ആചരണം, ഹിന്ദി ഭാഷാപഠനം, ഹിന്ദിയിലുള്ള വി. കുര്‍ബാനയും ജപമാലയും, വര്‍ക്ക് എക്‌സ്‌പോഷര്‍ പ്രോഗ്രാം എന്നിവ പ്രേഷിത ചൈതന്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പരിശീലന രീതികളാണ്.

അതിഥി തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ നല്ലൊരുഭാഗം ക്രിസ്ത്യാനികളാണെന്നുള്ളത് കേരളത്തിലെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നി പറയുന്നു. അതിഥി തൊഴിലാളികളുടെ ഭാഷകള്‍, സംസ്‌കാരങ്ങള്‍, വിശ്വാസ പാരമ്പര്യങ്ങള്‍ എന്നിവയിലെല്ലാം കുറച്ചെങ്കിലും അവഗാഹം പരിശീലന കാലഘട്ടത്തില്‍ തന്നെ വൈദികാര്‍ഥികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്.

ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമുള്ള ഇടവകകളിലെ അജപാലന പ്രവര്‍ത്തനങ്ങളും ഉപവി-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ഭവനസന്ദര്‍ശനങ്ങളും പാവപ്പെട്ടവരും രോഗികളുമായവരെ സന്ദര്‍ശിക്കലും ആത്യന്തികമായി പ്രേഷിത ചൈതന്യം വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

പല രൂപതകളും കുറച്ചു വൈദികാര്‍ഥികളെയെങ്കിലും കേരളത്തിനു പുറത്തുള്ള മേജര്‍ സെമിനാരികളില്‍ പരിശീലനത്തിന് അയയ്ക്കുന്നതും പ്രേഷിതാഭിമുഖ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം തന്നെ, മിഷന്‍ മേഖലകളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് കേരളത്തില്‍ വരുന്നതിനും വൈദികാര്‍ഥികളുമായി ഇടപഴകുന്നതിനുമുള്ള അവസരമൊരുക്കുന്നതും മിഷന്‍ രൂപതകളില്‍ നിന്നുള്ള വൈദികാര്‍ഥികളെ കേരളത്തിലെ മേജര്‍ സെമിനാരികളില്‍ പരിശീലിപ്പിക്കുന്നതും പ്രേഷിതാവബോധം വളര്‍ത്തുന്നതിനും മിഷന്‍ പ്രദേശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും സഹായകമാകും. കൂടാതെ, ഏതെങ്കിലും മിഷന്‍ പ്രദേശങ്ങളും പ്രോജക്ടുകളും ഓരോ സെമിനാരിയും ഏറ്റെടുക്കുന്നതും വൈദികപരിശീലനത്തില്‍ പ്രേഷിത ചൈതന്യം വളര്‍ത്താന്‍ സഹായകരമാകും.

സഭയുടെ പ്രേഷിതസ്വഭാവം ഇല്ലാതായാല്‍ സഭ തന്നെ ഇല്ലാതാകും. നിലവിലുള്ള അജപാലന പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ തുടര്‍ച്ചയും സുവിശേഷവല്‍ക്കരണവും നവസുവിശേഷവല്‍ക്കരണവം പുനര്‍സുവിശേഷ വല്‍ക്കരണവുമെല്ലാം സഭയുടെ പ്രേഷിതദൗത്യത്തിന്റെ വ്യത്യസ്ത തലങ്ങളാണ്. ശുശ്രൂഷാ പൗരോഹിത്യത്തില്‍ പങ്കുപറ്റാനായി പരിശീലിക്കുന്നവര്‍ ഈ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരും, അതില്‍ പങ്കുപറ്റാന്‍ ആഗ്രഹമുള്ളവരും പരിശീലിക്കുന്നവരുമാകണം. കത്തോലിക്കാ സഭ ഒരു മിഷനറി സഭയാണെന്ന ബോധ്യം ഇനിയും കൂടുതലായി ആഴപ്പെടേണ്ടതുണ്ട്. ഇതിനുപയുക്തമായ രീതിയില്‍ വൈദിക പരിശീലനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടത് 21-ാം നൂറ്റാണ്ടിലെ സഭയുടെ ദൗത്യമാണ്; പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായ് കാത്തിരിക്കുന്നവരുടെ അവകാശവുമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org