ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യദര്‍ശനം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യദര്‍ശനം
ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തെക്കുറിച്ചോ വൈദികരെക്കുറിച്ചോ പൗരോഹിത്യശുശ്രൂഷയെക്കുറിച്ചോ ചാക്രികലേഖനങ്ങള്‍ വഴിയോ, അപ്പസ്‌തോലികപ്രബോധനങ്ങള്‍ വഴിയോ പ്രത്യേക പഠനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ പല അവസരങ്ങളിലും പ്രത്യേകിച്ച് സെമിനാരികള്‍ സന്ദര്‍ശിക്കുമ്പോഴും തിരുപ്പട്ടദാന ശുശ്രൂഷാവസരങ്ങളിലും പെസഹാവ്യാഴാഴ്ചകളില്‍ നടത്തുന്ന തൈലാശീര്‍വാദകര്‍മ്മങ്ങളിലും വൈദികരെക്കുറിച്ചും അജപാലനശുശ്രൂഷയെക്കുറിച്ചും മാര്‍പാപ്പ പ്രതിപാദിക്കാറുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തെയും അജപാലനശുശ്രൂഷയെയുംകുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പാപ്പയുടെ തന്നെവാക്കുകളില്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തില്‍.

1. ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം

ക്രിസ്തുവാണ് വൈദികജീവിതത്തിന്റെ കേന്ദ്രമെന്നും പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായി നിരന്തരം ബന്ധപ്പെടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴായി വൈദികരെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഈശോയില്‍നിന്ന് ഒരിക്കലും ചിതറിപ്പോകാതിരിക്കുക. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കാതിരിക്കുക. സമര്‍പ്പിതര്‍ ഒരിക്കല്‍ പ്രാര്‍ത്ഥന നിര്‍ത്തിയാല്‍ അവരുടെ ആത്മാക്കള്‍ കൊഴിഞ്ഞുപോകും. ഉണങ്ങിയ അത്തിമരംപോലെ അവരുടെ വളര്‍ച്ച മുരടിക്കും. അത് വൃത്തിഹീനമാകും. പ്രാര്‍ത്ഥിക്കാത്ത ഒരു സന്യാസിയുടെയോ വൈദികന്റെയോ ആത്മാവ് വൃത്തിഹീനമായ ആത്മാവാണ്.

ഒരു അജപാലകന്റെ എല്ലാ ശുശ്രൂഷയും കര്‍ത്താവുമായുള്ള ഉറ്റ സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇത് പ്രകടമാകുന്നത് അനുസരിക്കാനുള്ള നമ്മുടെ സന്നദ്ധതയിലാണ്; നമ്മെത്തന്നെ എളിമപ്പെടുത്തുന്നതിലാണ്; നമ്മെ പൂര്‍ണ്ണമായും കര്‍ത്താവിന് കാഴ്ചവയ്ക്കുന്നതിലാണ്. എത്ര ശക്തമായ സ്‌നേഹവും നിരന്തരം പരിപോഷിപ്പിക്കുന്നില്ലെങ്കില്‍ ദുര്‍ബലമാകും. കര്‍ത്താവിനെ സ്‌നേഹിക്കുന്നവന്‍ കര്‍ത്താവിന് സര്‍വവും, സ്വന്തം ജീവന്‍ പോലും നല്‍കുന്നവനാണ്. നമ്മുടെ അജപാലനശുശ്രൂഷയുടെ മുഖമുദ്ര ഇതായിരിക്കണം. നമുക്ക് ഏല്‍പിച്ചുതന്നിട്ടുള്ള സമൂഹത്തെ സഹോദരതുല്യമായ സ്‌നേഹത്തില്‍ പടുത്തുയര്‍ത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

2. വൈദികജീവിതം സഭാത്മകജീവിതം

തിരുപ്പട്ടമെന്ന കൂദാശവഴി ക്രിസ്തുവുമായുള്ള കൗദാശിക ഐക്യത്തില്‍നിന്നുവരുന്ന മറ്റൊരു സവിശേഷത സഭയോടുള്ള സ്‌നേഹമാണ്. തിരുപ്പട്ടത്തിലൂടെ വൈദികന്‍ തന്നെത്തന്നെ പൂര്‍ണ്ണമായി സഭയ്ക്കു സമര്‍പ്പിക്കുകയും അതിനെ സ്‌നേഹിക്കുകയും ചെയ്യുന്നു. അത് അദ്ദേഹത്തിന്റെ കുടുംബമാണ്. ക്രിസ്തു സഭയെ സ്‌നേഹിക്കുന്നതുപോലെ വൈദികന്‍ സഭയെ സ്‌നേഹിക്കണം.

2.1. മെത്രാന്മാരും വൈദികരും തമ്മിലുള്ള ബന്ധം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായത്തില്‍ മെത്രാന്മാരുടെ ചുമതലകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈദികരെ സ്ഥൈര്യപ്പെടുത്തുകയും പിന്താങ്ങുകയും ബലപ്പെടുത്തുകയും ചെയ്യുക എന്നതാണ്. കാരണം അവരിലൂടെ മാത്രമാണ് സഭാമാതാവിന് ദൈവ ജനത്തിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നത്. വൈദികരെ തുണയ്ക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുംവേണ്ടി മെത്രാന്മാര്‍ വൈദികരിലോരോരുത്തര്‍ക്കും സംലഭ്യരായിരിക്കണം. വൈദികര്‍ ഒരു പിതാവിനെപ്പോലെ മെത്രാന്മാരെ സമീപിക്കുമ്പോള്‍ അവരെ സ്വാഗതം ചെയ്യുന്നതിനും അവരെ ശ്രദ്ധിക്കുന്നതിനുംവേണ്ടി സമയം കണ്ടെത്തണം. നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടുപോയിരിക്കുന്ന വൈദികരെ അങ്ങോട്ടു പോയി കാണാന്‍ മെത്രാന്മാര്‍ സമയം കണ്ടെത്തണം.

2.2. ഇതരവൈദികരുമായുള്ള ബന്ധം

സഹവൈദികരുമായുള്ള ബന്ധം വൈദികരുടെ ആത്മീയതയില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പൗരോഹിത്യകൂട്ടായ്മയില്‍ ആയിരിക്കുക എന്നത് ഒരു വൈദികനെ സംബന്ധിച്ച് മര്‍മ്മ പ്രധാനമാണ്. കൂട്ടായ്മയുടെ ഈ അനുഭവം ആത്മരതിയില്‍നിന്നും അസൂയയില്‍നിന്നും ഒരുവനെ മോചിപ്പിക്കുന്നു. അത് മതിപ്പും പിന്തുണയും പരസ്പരം നന്മ ചെയ്യാനുള്ള താത്പര്യവും വര്‍ധിപ്പിക്കുന്നു. സഹവൈദികര്‍ നല്ല സഹോദരന്മാരാണ്. പരദൂഷണം അഥവാ രസത്തിനുവേണ്ടിയുള്ള വ്യര്‍ത്ഥ ഭാഷണം ഇല്ലാതായാല്‍ വൈദികര്‍ക്കിടയിലുള്ള കൂട്ടായ്മ വളരും. വൈദികര്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കേണ്ട ഒരു അനുഗ്രഹം പരസ്പരമുള്ള സ്വരച്ചേര്‍ച്ചയ്ക്കും ഐക്യത്തിനും വേണ്ടിയാണ്. വൈദിക കൂട്ടായ്മയിലെ ഐക്യം സൃഷ്ടിക്കുന്നത് പരിശുദ്ധാരൂപിയാണ്.

2.3. ദൈവജനവുമായുള്ള ബന്ധം

നമ്മുടെ സമൂഹം ഇന്ന് അനുഭവിക്കുന്ന വിഷയങ്ങളില്‍ ഒന്ന് അനാഥത്വബോധമാണ്. ആരും സ്വന്തമായി ഇല്ലെന്ന ചിന്ത. ഈ വികാരം വൈദികരിലേക്കും പടരാം. നാം ആരുടെയുമല്ല എന്നു ചിന്തിച്ചു തുടങ്ങുന്നു. ദൈവജനത്തിന്റെ ഭാഗമാണ് നാമെന്നും തിരുസഭ എന്നാല്‍ സന്യാസിനീസന്യാസിമാരും വൈദികരും മെത്രാന്മാരുമായ ഒരു വരേണ്യവര്‍ഗം മാത്രമല്ലെന്നും നാം മറന്നുപോകുന്നു. നാം ഒരു ജനം എന്ന വികാരം ഇല്ലാതായാല്‍ നമുക്ക് നമ്മുടെ ജീവിതമോ ദൈവവിളിയോ ശുശ്രൂഷയോ ജീവസ്സുറ്റതാക്കാനാവില്ല. നാം ദൈവജനത്തിന്റെ യജമാനന്മാരല്ല, ദാസന്മാരാണ്. അല്മായര്‍ നമ്മുടെ പ്യൂണ്‍മാരോ ജീവനക്കാരോ അല്ല.

ഇടയന് ആടുകളുടെ മണമുണ്ടായിരിക്കണം. ആടുകളുടെ മണമറിഞ്ഞ് ജനത്തിനിടയില്‍ സന്നിഹിതരാവുക. അടച്ചുപൂട്ടിയിരിക്കാത്ത ഇടയനെയാണ് ഇന്ന് ആവശ്യം. വിശ്വാസികളുടെ ഇടയിലേക്ക് മടങ്ങുക. ദൈവജനത്തോടൊത്തും അവര്‍ക്കുമുമ്പേ വഴി കാണിച്ചും നീങ്ങുക. അങ്ങനെ ആടുകളുടെ ചൂടും ഗന്ധവുമുള്ളവരായി വിനയത്തോടെ ശുശ്രൂഷ ചെയ്യുക. പഴയനിയമത്തില്‍ പ്രധാനപുരോഹിതന്‍ ബലിയര്‍പ്പിക്കുമ്പോള്‍ അണിഞ്ഞിരുന്ന തിരുവസ്ത്രത്തിന്റെ തോല്‍വാറുകളില്‍ പന്ത്രണ്ട് ഇസ്രായേല്‍ ഗോത്രങ്ങളുടെ പേരുകള്‍ കൊത്തപ്പെട്ടിരുന്നു. ഇതിന്റെ അര്‍ത്ഥം തന്റെ ശു ശ്രൂഷയ്ക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ തന്റെ തോളുകളില്‍ സംവഹിച്ചുകൊണ്ടാണ് പ്രധാന പുരോഹിതന്‍ ബലിയര്‍പ്പിക്കുന്നത് എന്നാണ്. പുതിയനിയമത്തിലെ വൈദികരായ നാം തിരുവസ്ത്രം ധരിക്കുമ്പോള്‍ ദൈവജനത്തിന്റെ ചുമടുകളും മുഖങ്ങളും നമ്മുടെ ചുമലുകളിലും ഹൃദയങ്ങളിലും നമുക്ക് അനുഭവപ്പെടണം.

കുമ്പസാരക്കൂട് ഒരു പീഡനമുറിയായിരിക്കരുതെന്നും മറിച്ച് നമുക്കു കഴിയുന്ന ഏറ്റവും നല്ലതു ചെയ്യാന്‍ കര്‍ത്താവിന്റെ കാരുണ്യം പ്രേരിപ്പിക്കുന്ന ഒരു കണ്ടുമുട്ടല്‍ സ്ഥാനമായിരിക്കണമെന്നും വൈദികരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ രക്ഷാകരസ്‌നേഹത്തിന്റെ ആശ്വാസവും ആകര്‍ഷണവും ഓരോ വ്യക്തിയെയും സ്പര്‍ശിക്കണം.

3. വൈദികര്‍ കാരുണ്യത്തിന്റെ ശുശ്രൂഷകര്‍

ഫ്രാന്‍സിസ് മാര്‍പാപ്പ കാരുണ്യത്തിന്റെ ശൈലിയാണ് ജീവിതത്തിലുടനീളം പിന്തുടര്‍ന്നത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷവും അതേ ശൈലിതന്നെ തുടരുന്നു. സ്ഥാനാരോഹണ സമയം മുതല്‍ ഈ നിമിഷംവരെയും കരുണനിറഞ്ഞ സമീപനവും ശൈലിയും പുലര്‍ത്തുന്ന ഫ്രാന്‍സിസ് പാപ്പ വൈദികര്‍ കരുണയുള്ളവര്‍ ആകുന്നതില്‍ ഒരിക്കലും വിമുഖരാകരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

3.1. കുമ്പസാരം: കാരുണ്യത്തിന്റെ ശുശ്രൂഷ

കുമ്പസാരക്കാരാവുക എന്നാല്‍ ക്ഷമിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ഈശോയുടെതന്നെ ദൗത്യത്തില്‍ പങ്കുചേരുകയെന്നതാണ്. കുമ്പസാരക്കാര്‍ ദൈവപിതാവിന്റെ കാരുണ്യത്തിന്റെ യഥാര്‍ത്ഥ അടയാളങ്ങളായിരിക്കണം. സ്വയമേവ നാം നല്ല കുമ്പസാരക്കാരായിത്തീരുന്നില്ല. ദൈവത്തിന്റെ കാരുണ്യം തേടുന്ന പശ്ചാത്താപവിവശരാകാന്‍ നമ്മെത്തന്നെ അനുവദിക്കുമ്പോഴാണ് നാം നല്ല കുമ്പസാരക്കാരായിത്തീരുന്നത്. പാപങ്ങള്‍ ക്ഷമിക്കുവാനുള്ള പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിച്ചവരാണ് വൈദികരായ നാം. നമുക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ഈ കൂദാശയുടെ പേരില്‍ നമ്മളാരും അധികാരം കൈയ്യാളുന്നില്ല. അതിലൂടെ നല്‍കപ്പെടുന്ന ദൈവകാരുണ്യത്തിന്റെ വിശ്വസ്ത ശുശ്രൂഷകരാണ് നാം. ഓരോ കുമ്പസാരക്കാരനും ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെപ്പോലെ വിശ്വാസികളെ സ്വീകരിക്കണം. (കാരുണ്യത്തിന്റെ മുഖം 17)

കുമ്പസാരക്കൂട് ഒരു പീഡനമുറിയായിരിക്കരുതെന്നും മറിച്ച് നമുക്കു കഴിയുന്ന ഏറ്റവും നല്ലതു ചെയ്യാന്‍ കര്‍ത്താവിന്റെ കാരുണ്യം പ്രേരിപ്പിക്കുന്ന ഒരു കണ്ടുമുട്ടല്‍ സ്ഥാനമായിരിക്കണമെന്നും വൈദികരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ രക്ഷാകരസ്‌നേഹത്തിന്റെ ആശ്വാസവും ആകര്‍ഷണവും ഓരോ വ്യക്തിയെയും സ്പര്‍ശിക്കണം. ദൈവത്തിന്റെ സ്‌നേഹം ഓരോ വ്യക്തിയിലും അവരുടെ കുറ്റങ്ങള്‍ക്കും പരാജയങ്ങള്‍ക്കും അതീതമായി രഹസ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (സുവിശേഷത്തിന്റെ ആനന്ദം 44)

3.2. ദരിദ്രരോടു പക്ഷം ചേരുന്ന സഭ

ദരിദ്രമായതും ദരിദ്രര്‍ക്കുവേണ്ടിയുള്ളതുമായ ഒരു സഭയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദരിദ്രര്‍ക്കു പല കാര്യങ്ങളും നമ്മെ പഠിപ്പിക്കാനുണ്ട്. നാം അവരാല്‍ സു വിശേഷവല്‍കൃതരാകാന്‍ സമ്മതിക്കണം. അവരില്‍ ക്രിസ്തുവിനെ കാണാനും അവരുടെ കാര്യങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനും മാത്രമല്ല നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. പിന്നെയോ അവരുടെ സുഹൃത്തുക്കളാകാനും അവരെ കേള്‍ക്കാനും അവരോട് സംസാരിക്കാനും അവരിലൂടെ നമ്മെ പങ്കുകാരാക്കാന്‍ ദൈവം ആഗ്രഹിക്കുന്ന നിഗൂഢാത്മകരഹസ്യം ആശ്ലേഷിക്കാനുംകൂടി നാം വിളിക്കപ്പെട്ടിരിക്കുന്നു.”(സുവിശേഷത്തിന്റെ ആനന്ദം 198)

അടച്ചു പൂട്ടിയിരിക്കുന്നതുകൊണ്ടും സ്വന്തം സുരക്ഷിതത്വത്തില്‍ ഒട്ടിച്ചേരുന്നതുകൊണ്ടും അനാരോഗ്യകരമായ ഒരു സഭയേക്കാള്‍ കൂടുതല്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് പുറത്ത് തെരുവുകളിലായിരുന്നതുകൊണ്ട് മുറിവേറ്റതും പീഡിപ്പിക്കപ്പെടുന്നതും കളങ്കപ്പെട്ടതുമായ ഒരു സഭയെയാണ്. കേന്ദ്രത്തിലായിരിക്കാന്‍ താത്പര്യം കാണിക്കുന്നതും പിന്നീട് വ്യാമോഹങ്ങളുടെയും നടപടിക്രമങ്ങളുടെയും വലയില്‍ അവസാനിക്കുകയും ചെയ്യുന്ന ഒരു സഭ എനിക്കു വേണ്ട. നമ്മെ യഥാര്‍ത്ഥത്തില്‍ അസ്വസ്ഥരാക്കുകയും നമ്മുടെ മനസ്സാക്ഷികളെ പീഡിപ്പിക്കുകയും ചെയ്യേണ്ട വസ്തുത ഇതാണ്. നമ്മുടെ ധാരാളം സഹോദരീസഹോദരന്മാര്‍ യേശുക്രിസ്തുവുമായുള്ള സൗഹൃദത്തില്‍നിന്നുണ്ടാകുന്ന ശക്തിയും പ്രകാശവും ആശ്വാസവുമില്ലാതെ ജീവിക്കുന്നു. സഹായിക്കാന്‍ വിശ്വാസികളുടെ ഒരു സമൂഹമില്ലാതെ, ജീവിതത്തില്‍ ഒരര്‍ത്ഥവും ലക്ഷ്യവുമില്ലാതെ ജീവിക്കുന്നു. വഴിതെറ്റിപ്പോകുമെന്ന ഭയത്തേക്കാള്‍ കൂടുതല്‍ സംവിധാനങ്ങളില്‍ അടച്ചുപൂട്ടിക്കഴിയുന്നതിനെ നാം ഭയപ്പെടണം. സംവിധാനങ്ങള്‍ മിഥ്യയായ സുരക്ഷിതത്വബോധം നല്‍കുന്നു. നമ്മെ കാര്‍ക്കശ്യമുള്ള ന്യായാധിപന്മാരാക്കുന്ന നിയമങ്ങള്‍ക്കുള്ളില്‍ നാം അടച്ചുപൂട്ടപ്പെടുന്നു. അതേസമയം നമ്മുടെ വാതില്‍ക്കല്‍ ജനങ്ങള്‍ പട്ടിണിയനുഭവിക്കുന്നു. അവര്‍ക്ക് എന്തെങ്കിലും ഭക്ഷിക്കാന്‍ കൊടുക്കുക (മര്‍ക്കോ. 6:37) എന്ന് യേശു നമ്മോട് നിരന്തരം പറയുന്നുണ്ട്. (സുവിശേഷത്തിന്റെ ആനന്ദം 49)

ഉപസംഹാരം

പൗരോഹിത്യത്തെക്കുറിച്ച് സൈദ്ധാന്തികമായ ഒരു വിശകലനമല്ല മാര്‍പാപ്പ നടത്തുന്നത്. ഒരു അജപാലകന്റെ കണ്ണുകളിലൂടെയാണ് മാര്‍പാപ്പ കാണുന്നത്. അജപാലനശുശ്രൂഷയില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പ്രലോഭനങ്ങളെയും അവ നേരിടേണ്ടതെങ്ങനെയെന്നും വളരെ പ്രായോഗികമായി മാര്‍പാപ്പ അവതരിപ്പിക്കുന്നു. അജപാലനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും പ്രചോദനാത്മകമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിചിന്തനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org