കത്തോലിക്കാസഭയില്‍ പുരോഹിത മേധാവിത്വത്തിന്റെ സംസ്‌കാരം ശക്തി പ്രാപിക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയും മറ്റു പലരും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്കു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പുരോഹിത മേധാവിത്വത്തിനെ നേരിടുന്നതിന് അത് എന്താണെന്നും എന്തല്ലെന്നും ഉള്ള കൃത്യമായ ഒരവബോധം നാം ആര്‍ജിക്കേണ്ടതുണ്ട്.
പുരോഹിത മേധാവിത്വത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ നിരന്തരം സംസാരിക്കുന്നുണ്ട്. പുരോഹിത മേധാവിത്വം പുരോഹിതര്‍ക്കും അല്‍മായര്‍ക്കും പാപമായി മാറാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അല്‍മായര്‍ക്കുമേല്‍ മേധാവിത്വമുള്ളവരായി പരിഗണിക്കപ്പെടണമെന്നാവശ്യപ്പെടുമ്പോള്‍ പുരോഹിതര്‍ക്കും; ''എല്ലാം അച്ചന്‍ ചെയ്‌തോട്ടെ'' എന്നു പറഞ്ഞ് സ്വസൗകര്യത്തില്‍ തുടരുകയും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരെന്ന ദൈവവിളിക്കനുസരിച്ചുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞു മാറുകയും ചെയ്യുമ്പോള്‍ അല്‍മായര്‍ക്കും പുരോഹിത മേധാവിത്വം പാപമായി മാറുന്നു. (കാത്‌ലീന്‍ ഹാട്രപ്, 2018)
ഈയിടെയുണ്ടായ ഒരു സംഭവം പറയാം. 2023-ലെ പെസഹാ വ്യാഴാഴ്ച. ബംഗളുരു നഗരത്തിലെ ഒരിടവക. കാലുകഴുകല്‍ ശുശ്രൂഷ കഴിഞ്ഞപ്പോള്‍, ഒരു മനഃശാസ്ത്രജ്ഞനെ ന്നു പരിചയപ്പെടുത്തപ്പെട്ട മുഖ്യകാര്‍മ്മികന്‍ അള്‍ത്താരയിലേക്കു വന്ന് പ്രസംഗമാരംഭിച്ചു. ''എന്റെ പ്രസംഗം നീണ്ടുപോകുന്നുവെന്ന് ആരും പരാതിപറയാന്‍ ശ്രമിക്കേണ്ട. ഇന്ന് പൗരോഹിത്യദിനമാണ്. അതിനാല്‍ പൗരോഹിത്യത്തിന്റെ മൂല്യത്തെക്കുറിച്ചും മറ്റും പ്രസംഗിക്കാന്‍ എനിക്കവകാശമുണ്ട്'' ഇങ്ങനെ പറ ഞ്ഞുകൊണ്ട് പ്രസംഗമാരംഭിച്ച അദ്ദേഹം 45 മിനിറ്റാണ് അതു നീട്ടിക്കൊ ണ്ടുപോയത്.
''സുവിശേഷപ്രസംഗങ്ങള്‍ പത്തു മിനിറ്റിലധികം ദീര്‍ഘിപ്പിക്കരുത്'' എന്ന് ഫ്രാന്‍സിസ് പാപ്പ തന്നെ പല തവണ പറഞ്ഞിട്ടുള്ളത് അദ്ദേഹം ഗൗനിച്ചില്ല. 'സുവിശേഷത്തിന്റെ സന്തോഷത്തില്‍' പാപ്പ പറയുന്നു, ''സുവിശേഷപ്രസംഗം ഒരു ആകസ്മിക പ്രഭാഷണമല്ല, സമ്മേളനമോ പഠിപ്പിക്കലോ അല്ല, മറിച്ച് കര്‍ത്താവും തന്റെ ജനങ്ങളുമായി നടന്നു കൊണ്ടിരിക്കുന്ന സംഭാഷണം പുനരാരംഭിക്കുന്ന ഒരു മാര്‍ഗമാണത്, അതാകട്ടെ ജീവിതത്തില്‍ നിറവേറ്റപ്പെടാനായിട്ടുള്ളതുമാണ്.'' ശ്രോതാക്കളില്‍ നല്ല പങ്കും ഒരു ദിവസം മുഴുവന്‍ ജോലി ചെയ്തിട്ടു വന്നിരിക്കുന്നവരാണെന്നതോ വീട്ടില്‍ച്ചെന്ന് ഇനിയും ജോലികള്‍ ചെയ്യേണ്ടവരാണെന്നുള്ളതോ അദ്ദേഹമൊരു കാര്യമായി കണ്ടില്ല.
എന്നെ സംബന്ധിച്ച് ഈ വൈദികന്‍ അനുദിനജീവിതത്തിലെ പുരോ ഹിത മേധാവിത്വത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്, അതുപോലെ തന്നെ യാണ് ആ ഇടവകക്കാരുടെ നിശ്ശബ്ദത അഥവാ, വിധേയത്വവും. (എന്റെ അറിവില്‍ ഒരു അല്‍മായനും അതിനെതിരെ ശബ്ദിച്ചില്ല, അവര്‍ പരസ്പരം പരാതിപ്പെട്ടുവെങ്കില്‍ പോലും.)
കത്തോലിക്കാസഭയില്‍ പുരോഹിത മേധാവിത്വത്തിന്റെ സംസ്‌കാരം ശക്തി പ്രാപിക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയും മറ്റു പലരും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമുക്കു മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പുരോഹിത മേധാവിത്വത്തിനെ നേരിടുന്നതിന് അത് എന്താണെന്നും എന്തല്ലെന്നും ഉള്ള കൃത്യമായ ഒരവബോധം നാം ആര്‍ജിക്കേണ്ടതുണ്ട്.
പുരോഹിത മേധാവിത്വ സംസ്‌കാരത്തിന്റെ ചില ഘടകങ്ങള്‍, ശ്രദ്ധേയമായ ഒരു ലേഖനത്തില്‍ ഫാ. പീറ്റര്‍ ഡാലി (2019) വിവരിക്കുന്നുണ്ട്. അവ താഴെ പറയുന്നു,
1) 'ഇടവകയുടെയും രൂപതയുടെയും വലിയ തുകകള്‍ വൈദികരും മെത്രാന്മാരും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുന്നു. ഉദാ. പാര്‍പ്പിടം മോടി പിടിപ്പിക്കുക, പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിക്കുക, പള്ളിയുടെ ചെലവില്‍ ധാരാളിത്തം നിറഞ്ഞ യാത്രകള്‍ നടത്തുക, സഭയുടെ പണം ഉപയോഗിച്ചു പരസ്പരം വലിയ സമ്മാനങ്ങള്‍ നല്‍കുക.''
2) 'ഇത് എന്റെ ഇടവകയാണ്. എന്റെ വഴിക്കു പോകാം, അല്ലെങ്കില്‍ പെരുവഴി' എന്ന് പുരോഹിതന്‍ പറയുമ്പോള്‍.
3) പതിനെട്ടുകാരായ കോളേജ് വിദ്യാര്‍ത്ഥികളായ സെമിനാരിക്കാര്‍ സ്വയം വേര്‍തിരിച്ചു നിറുത്തുന്നതിനു പുരോഹിതവസ്ത്രം ധരിക്കുമ്പോള്‍.
4) 'ഒരിക്കലും അച്ചന്മാരെ ചോദ്യം ചെയ്യരുത്' എന്ന് മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കുമ്പോള്‍.
5) 'ദൈവം കഴിഞ്ഞാല്‍ പിന്നെ പുരോഹിതരാണ്' എന്ന് ജനങ്ങള്‍ പറയുമ്പോള്‍.
6) വൈദികരുടെ ചൂഷണങ്ങളിലെ ഇരകളെ സംരക്ഷിക്കുന്നതിനേക്കാള്‍ പരിഗണന മെത്രാന്മാര്‍ അപവാദങ്ങള്‍ മൂടിവയ്ക്കുന്നതിനു നല്‍കുമ്പോള്‍ തുടങ്ങിയവ.
പുരോഹിത മേധാവിത്വം സഭയെ നാശത്തിലേക്കാണു നയിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പറയുന്നു, 'വിവിധങ്ങളായ സംഭാവനകള്‍ക്കും സംരംഭങ്ങള്‍ക്കും പ്രചോദനം നല്‍കുന്നതിനു പകരം, പുരോഹിതമേധാവിത്വം സഭയുടെയാകെ പ്രവാചകതീക്ഷ്ണതയെ ക്രമേണ അണച്ചുകളയുകയാണു ചെയ്യുന്നത്. സഭയാകെ വിളിക്കപ്പെട്ടിരിക്കുന്നതാകട്ടെ, തന്റെ ജനങ്ങളുടെ ഹൃദയത്തില്‍ ഈ പ്രവാചകതീക്ഷ്ണതയ്ക്കു സാക്ഷ്യം വഹിക്കാനും.' (ലാറ്റിനമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്ലീനറി അസംബ്ലി പ്രതിനിധികളോടു നടത്തിയ പ്രഭാഷണം, ഏപ്രില്‍ 26, 2016).
ഈ തലത്തില്‍, ഭാരത കത്തോലിക്കാസഭയെ സംബന്ധിച്ച് സവിശേഷമായി തോന്നുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കട്ടെ.
മേല്‍പറഞ്ഞ സംഭവത്തില്‍ ബംഗളുരുവിലെ ഇടവകക്കാര്‍ കേട്ടതുപോലെയുള്ള, പുരോഹിതന്റെ സംസാരത്തിലെ അഹന്തയുടെ ഭാവമാണ് പ്രഥമമായും പ്രധാനമായും പരിശോധിക്കപ്പെടേണ്ടത്. പുരോഹിതരുടെ ശബ്ദത്തില്‍ അഹങ്കാരത്തിന്റെ ഭാവം കേള്‍ക്കുന്നെങ്കില്‍, തീര്‍ച്ചയാണ്, നിങ്ങള്‍ പുരോഹിത മേധാവിത്വത്തെയാണ് അഭിമുഖീകരിക്കുന്നത്.
രണ്ടാമത്, ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തിന്റെ പ്രഖ്യാപനങ്ങളാണ്. അവകാശബോധത്തെ വളരെ ലളിതമായി ഇങ്ങനെ വിശദീകരിക്കാം. 'ചില പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയോ അവകാശമോ ഉള്ള ഒരാള്‍.' മേല്‍പറഞ്ഞ പുരോഹി തന്റെ ഉദാഹരണത്തിലേക്കു വന്നാല്‍, യാതൊരു ഔചിത്യവുമില്ലാതെ, തന്റെ മുമ്പിലിരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ തെല്ലും പരിഗണിക്കാതെ, ദീര്‍ഘമായി പ്രസംഗിക്കാനും പഠിപ്പിക്കാനും തനിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചിന്തിക്കുന്നു. സഭയിലെ ലൈംഗികചൂഷണങ്ങളെ കുറിച്ചന്വേഷിച്ച ആസ്‌ത്രേലിയന്‍ റോയല്‍ കമ്മീഷന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞു, 'അവകാശബോധവും മേധാവിത്വവും തിരസ്‌കാരവും അധികാരദുര്‍വിനിയോഗവും ആയി ബന്ധപ്പെട്ടതാണ് പുരോഹിത മേധാവിത്വം.'
മൂന്നാമതായി, ശ്രവിക്കാനുള്ള സന്നദ്ധതയുടെ അഭാവം. ചുമതലപ്പെട്ട വൈദികന്‍ ദൈവജനത്തെ കേള്‍ക്കാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, അയാള്‍ പുരോഹിതമേധാവിത്വ പ്രവണതകള്‍ പുലര്‍ത്തുന്നുവെന്നു തീര്‍ച്ചയാക്കാം. ആദ്യം പറഞ്ഞ ഉദാഹരണത്തില്‍, ആ പുരോഹിതന്‍ തന്റെ പള്ളിയിലെ ജനങ്ങളുടെ വികാരത്തിനു ചെവി കൊടുക്കാന്‍ തയ്യാറായില്ല. ഫ്രാന്‍സിസ് പാപ്പ പറയുന്നത് ഒരിക്കല്‍ കൂടി ഉദ്ധരിക്കട്ടെ, ''യേശു ചെയ്തതു പോലെ, സഭ മറ്റുള്ളവര്‍ക്കൊപ്പം നടക്കുകയും അവരെ ശ്രവിക്കുകയും ചെയ്യേണ്ടതുണ്ട്.''
നാല്, വനിതകളോടും വനിതാസന്യസ്തരോടും പെരുമാറുന്ന രീതി. ഭാരത കത്തോലിക്കാ സഭയിലെ സ്ഥാപനങ്ങളില്‍, എത്രത്തോളം വനിതാസന്യസ്തര്‍ക്ക് ന്യായമായ ശമ്പളം കൊടുക്കുന്നുണ്ട് എന്നും എത്ര പേര്‍ 'വീട്ടു ജോലിക്കാരായി' കണക്കാക്കപ്പെടുന്നുവെന്നും പഠിക്കുന്നത് കൗതുകകരമായിരിക്കും. അല്ലെങ്കില്‍, രൂപതകള്‍ നടത്തുന്ന സാമൂഹ്യ സേവന കേന്ദ്രങ്ങളില്‍ എത്ര വനിതാ സന്യസ്തര്‍ അസി. ഡയറക്ടര്‍മാരായും എത്ര പേര്‍ ഡയറ ക്ടര്‍മാരായും ഉണ്ടെന്ന് അന്വേഷിക്കുക. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ഒരു സന്യാസിനി പോലും ഡയറക്ടറായി ഉണ്ടായിരുന്നില്ല എന്നതുറപ്പാണ്. അവര്‍ക്കു പരമാവധി എത്താന്‍ കഴിയുന്നത് അസി. ഡയറക്ടര്‍ വരെ മാത്രമാണ്.
ഈയിടെ, ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഒരു രൂപത തയ്യാറാക്കിയ വിശ്വാസപരിശീലന പാഠപുസ്തകം കാണാനിടയായി. രചയിതാവ് ഒരു വനിതാ സന്യസ്തയാണെന്നു പറയപ്പെടുന്നു. പുസ്തകത്തിന് മെത്രാന്റെ അവതാരിക ഉണ്ടായിരുന്നു. അതില്‍ രണ്ടു പുരോഹിതരെ പേരെടുത്തു പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പുസ്തകരചയിതാവിനെ കുറിച്ച് യാതൊന്നും പറയുന്നില്ല.
പുരോഹിത മേധാവിത്വത്തിന്റെ സവിശേഷതകളെ കുറിച്ചുള്ള ഈ പട്ടിക തീര്‍ച്ചയായും അപൂര്‍ണ്ണമാണ്. എങ്കിലും, നാം എവിടെ നിന്നു തുടങ്ങണമെന്നതിലേക്ക് ഇവയെല്ലാം ചില സൂചനകളാണ്. 'പുരോഹിത മേധാവിത്വം' നമുക്കു ചുറ്റും അരങ്ങേറുമ്പോള്‍ അതിനെക്കുറിച്ച് അവബോധമുള്ളവരാകാനും അതിനെ മാന്യമായി ചോദ്യം ചെയ്യാനും പുരോഹിതരെയും അല്‍മായരെയും ഇതു സഹായിക്കും.
ജെറോം ബുഹ്മാനില്‍ നിന്നുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ (2021) നല്ലൊരു ദൈവശാസ്‌ത്രോപദേശമാണ്: 'പുരോഹിത മേധാവിത്വത്തെ മറികടക്കുന്നതിന് വിശ്വാസികളുടെ പൊതുപൗരോഹിത്യം നാം വീണ്ടെടുക്കേണ്ടതുണ്ട്. വി. പൗലോസ് പറയുന്നതു പോലെ (1 കോറി 12:12-31) നാം ഒന്നിച്ച് ക്രിസ്തുവിന്റെ ശരീരമാകുന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായ വിളികളുണ്ട്, ഓരോന്നും ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. വ്യത്യസ്തങ്ങളായ ദൗത്യങ്ങളെ അവയുടെ മൂല്യത്തിലോ അന്തസ്സിലോ വിശുദ്ധിയിലോ ഉള്ള വ്യത്യാസങ്ങളുമായി സമീകരിക്കരുത്. ഫ്രാന്‍സിസ് പാപ്പ പറയുന്നതു പോലെ ഒരു നവസംസ്‌കാരം പടുത്തുയര്‍ത്താനും സഭയെ നവീകരിക്കാനും നമുക്കൊത്തു ചേര്‍ന്നു ശ്രമിക്കാം.'
സഭയ്ക്കു ദ്രോഹകരവും സഭയെ കര്‍ത്താവിന്റെ സുവിശേഷത്തില്‍നിന്ന് അന്യവത്കരിക്കുന്നതുമായ ഈ വിപത്തിനെതിരെ പുരോഹിതരും സന്യസ്തരും അല്‍മായരും ഒന്നിച്ചു ജാഗരൂകരായിരിക്കേണ്ടതുണ്ട്.
പുരോഹിതര്‍ക്കും അല്‍മായര്‍ക്കും ഒരുമിച്ച് കൂട്ടായ ആത്മപരിശോധന നടത്താനും പുരോഹിത മേധാവിത്വം അനുഭവിക്കുമ്പോള്‍ അതിനെക്കുറിച്ചു തുറന്നു സംസാരിക്കാനും അതുവഴിയായി, ഭാരത കത്തോലിക്കാസഭയില്‍ ഒരു ഹൃദയപരിവര്‍ത്തനത്തിനും സാംസ്‌കാരിക മാറ്റത്തിനും സാധിക്കുമോ?