ക്രിസ്തുവിന്റെ തടവുകാരന്‍

റവ. ഫാ. ജോസ്‌പോള്‍ നെല്ലിശ്ശേരി [1941-2023]
ക്രിസ്തുവിന്റെ തടവുകാരന്‍
  • ഫാ. ജോയ്‌സ് കൈതക്കോട്ടില്‍

ബഹു. ജോസ്‌പോള്‍ നെല്ലിശ്ശേരിയച്ചനെ അനുസ്മരിക്കുമ്പോള്‍ പ്രധാനമായും മനസ്സിലേക്ക് വരുന്നത് സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയില്‍ അദ്ദേഹം നല്‍കിയ നേതൃത്വവും അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വവുമാണ്.

ഒന്നാം ലോകമഹായുദ്ധത്തില്‍ പോരാടിയ ജര്‍മ്മനിയിലെ പട്ടാളക്കാര്‍ കരുതിയിരുന്നത് ദൈവം തങ്ങളോടുകൂടെ മാത്രമാണെന്നാണ്. അതുകൊണ്ടുതന്നെ അവരുടെ ബെല്‍റ്റിന്റെ ബക്കിളുകളില്‍ Gott mt uns (ദൈവം നമ്മോടുകൂടെ) എന്ന് എഴുതിയിരുന്നു. ആരാധനക്രമ കാര്യത്തില്‍ തങ്ങളുടെ ഭാഗത്ത് മാത്രമാണ് ശരിയെന്ന് ശഠിച്ചിരുന്നവരുടെ നേരെ ശക്തമായ നിലപാടെടുത്ത വ്യക്തിയായിരുന്നു നെല്ലിശ്ശേരിയച്ചന്‍. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങല്‍ പ്രകിയയിലൂടെയാണ് ഓരോ സംസ്‌കാരവും സമ്പന്നമായിട്ടുള്ളത്. ലിറ്റര്‍ജിയുടെ കാര്യത്തിലും ഇത് പ്രസക്തമാണെന്ന് നെല്ലിശ്ശേരിയച്ചന്‍ കരുതിയിരുന്നു. കല്‍ദായ പാരമ്പര്യത്തെക്കുറിച്ചു പറയുന്നവര്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്. നാലം നൂറ്റാണ്ടുവരെ കല്‍ദായ കുര്‍ബാനയ്ക്ക് നിശ്ചിതമായ രൂപം ഉണ്ടായിരുന്നില്ല. കല്‍ദായ റീത്ത് പേര്‍ഷ്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതായതുകൊണ്ട് അതെ സംസ്‌കാരം ഇവിടെ നിര്‍ബന്ധിതമായി കൊണ്ടുവരുന്നതിനെ ചെറുത്ത വ്യക്തികളില്‍ ഒരാളാണ് നെല്ലിശ്ശേരിയച്ചന്‍. ആ റീത്തിലെ നന്മകള്‍ സ്വീകരിച്ചുകൊണ്ട് ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതകളും ഉള്‍പ്പെടുത്തിയുള്ള സംസ്‌കാര സമന്വയത്തിലൂടെ സമ്പന്നമായ ഒരു ആരാധനക്രമത്തിനുവേണ്ടിയാണ് കര്‍ദിനാള്‍ പാറേക്കാട്ടില്‍ പിതാവിനെപ്പോലെ നെല്ലിശ്ശേരിയച്ചനും വാദിച്ചതും പോരാടിയതും. ആരാധനക്രമത്തിന്റെ നവീകരണത്തിലൂടെയും അനുരൂപണത്തിലൂടെയുമാണ് സഭ നവജീവന്‍ പ്രദാനം ചെയ്യുന്ന സഭയായി മാറുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.

നാലാം നൂറ്റാണ്ടില്‍ കേരളത്തിലേക്കു വന്ന പേര്‍ഷ്യന്‍ മിഷണറിമാരോടൊപ്പം കല്‍ദായ റീത്തും ഇവിടെ വേരൂന്നാന്‍ തുടങ്ങിയതു നിഷേധിക്കുന്നില്ല. ഇവിടെ അക്കാലത്ത് ഉണ്ടായിരുന്ന ക്രൈസ്തവര്‍ പുതുതായി വന്നവരെയും സ്വന്തം വിശ്വാസത്തിലുള്ളവരായിരുന്നതുകൊണ്ട് സസന്തോഷം സ്വീകരിച്ചു. കല്‍ദായ റീത്തിലൂടെയാണ് വിശ്വാസം കൈവന്നിരിക്കുന്നതെന്നു കരുതുന്ന ചില പണ്ഢിതരുടെ വാദങ്ങളെ നെല്ലിശ്ശേരിയച്ചന്‍ ചോദ്യം ചെയ്തു. വിശ്വാസം ആഘോഷിക്കുന്ന രീതിയാണ് റീത്തെന്നും ഇന്നാട്ടിലുള്ള ക്രൈസ്തവരുടെ വിശ്വാസം അതാതു പ്രദേശത്തെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് ആഘോഷിക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് കല്‍ദായ റീത്ത് അനുസരിച്ചാണ് ഇവിടെ ആരാധനയര്‍പ്പിക്കാന്‍ പാടുള്ളൂ എന്ന് ശാഠ്യം പിടിച്ചവരുടെ വാദങ്ങളെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ഖണ്ഡിച്ചു.

പുറപ്പാടു പുസ്തകത്തില്‍ നമ്മള്‍ കാണുന്നത് മര്‍ദിത ജനതയുടെ പക്ഷം പിടിക്കുന്ന ദൈവത്തെയാണ്. എറണാകുളം അതിരൂപതയിലും നടന്നതും നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും പുറപ്പാട് സംഭവത്തിന് സമാനമായ കാര്യമാണ്. ഇവിടെ വിഷയം വ്യത്യസ്തമാണെന്നേയുള്ളൂ. തങ്ങളുടെ കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍ക്കും മാമൂലുകള്‍ക്കും ഒരു സഭയെ മുഴുവന്‍ ബന്ധിയാക്കി വിലപേശുമ്പോള്‍ ഫറവോയെപ്പോലെയുള്ളവരുടെ മുമ്പില്‍ എന്റെ ജനത്തെ ആരാധനയ്ക്കായി വിട്ടയക്കുക എന്നു പറഞ്ഞ പഴയ നിയമത്തിലെ മോശയെപ്പോലെ എറണാകുളത്തെ മോശമാരില്‍ പ്രധാനിയായി പ്രശോഭിച്ച വ്യക്തിയായിരുന്നു ജോസ്‌പോള്‍ നെല്ലിശ്ശേരിയച്ചന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org