
ഫാ. ഡോ. നിബിന്‍ കുരിശിങ്കല്‍
അല്ലലിന്റെയും അലച്ചിലിന്റെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കെട്ടകാലത്ത് തനിക്കൊപ്പം വിശപ്പിന്റെ തീത്തൈലം ചുണ്ടോടു ചേര്‍ത്ത് ജീവിച്ച സ്വന്തം 'മകള്‍ക്ക്', അബ്ബാസ് എന്ന ഉപ്പ സമര്‍പ്പിച്ച ഒരു ഓര്‍മ്മക്കുറിപ്പുണ്ട്.
'വിശപ്പ് ഉന്മാദം പ്രണയം' എന്ന തന്റെ പുസ്തകത്തില്‍ അബ്ബാസ് എന്ന എഴുത്തുകാരന്‍ 'മകള്‍ക്ക്' എന്ന തലകെട്ടില്‍ തന്റെ കുഞ്ഞിന് നല്‍കിയ വാക്കുകളെ ഓര്‍ത്തെടുത്തു കുറിക്കുന്നതിങ്ങനെയാണ്.
'നിന്റെ മുന്നിലൂടെ പെരുന്നാള്‍ ബിരിയാണി തിന്നിട്ട് പല്ലിനിട കുത്തി നടന്നുപോയ നമ്മുടെ രക്തബന്ധങ്ങളെ നീ ഓര്‍ത്തുവയ്ക്കണം. സ്വന്തമായി ഒരു ജോലിയൊക്കെ നേടി, ആ പല്ലിടകുത്തലുകള്‍ക്ക് അനേകം ബിരിയാണികള്‍ വാങ്ങി കൊടുക്കുക. അന്നേരം, നമ്മള്‍ തിന്ന ചോറിലേക്കും തക്കാളി കറിയിലേക്കും അടര്‍ന്നുവീണ, ഉപ്പാന്റെ കണ്ണീരിനെ ഓര്‍ക്കാതിരിക്കുക. വിശപ്പിനു മുമ്പില്‍ അന്നമാകാത്ത ഒരു ദൈവത്തെയും ഉപ്പ നിനക്ക് പരിചയപ്പെടുത്തി തന്നിട്ടില്ല.'
പൊരിവെയിലുകൊണ്ട് പൊള്ളിപ്പോയ ഉടലുപേറുന്ന ഒരുപ്പ സ്വന്തം മകളോട് പറയുന്നു 'ദൈവം തണലാ'ണെന്ന്.
വിശപ്പിന്റെ ഉന്മാദം ശിരസ്സില്‍ പേറുന്നൊരാള്‍ പറയുന്നു 'ദൈവം അന്ന'മാണെന്ന്...
വറ്റിവരണ്ട തൊണ്ടക്കുഴിയില്‍ നിന്നൊരാള്‍ വിളിച്ച് പറയുന്നു 'ദൈവം ജല'മാണെന്ന്.
ആകാശത്തിന്റെ വിദൂരയറകളിലിരുന്ന ദൈവരൂപത്തിന് എത്ര ലളിതമായ പദങ്ങള്‍ നല്‍കിക്കൊണ്ടാണ് നമ്മുടെയൊക്കെ കാരണവന്മാര്‍ ക്രിസ്തുവെന്ന കാരുണ്യത്തെ കുഞ്ഞുങ്ങളുടെ കാതിലും ഹൃത്തിലുമെത്തിച്ചത്. അയാളാണ് വിശപ്പിന്റെ മുന്നിലെ അന്നം, ദാഹിക്കുന്നവന് ജലം, മുറിവേറ്റവന്റെ ലേപനം, നഗ്‌നന്റെ വസ്ത്രം!
എന്നാല്‍ ഇന്ന് കഥകള്‍ കഠിനമാകുകയാണ്, വ്യാഖ്യാനങ്ങള്‍ വികൃതവും. കുരിശിനെ തോല്പിച്ചവനെ മറന്നുകൊണ്ട് കുരിശിനെ ചൊല്ലി തര്‍ക്കമുണരുന്നു. കരുണയുടെ കഥകള്‍ക്കു പകരം കുടിപ്പകയുടെ വാറോലകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു.
നമുക്കൊപ്പമല്ലാത്തവരെ ചൊല്ലി കുറിക്കപ്പെടുന്ന അസഹിഷ്ണുത പുരണ്ട വ്യാഖ്യാനപദങ്ങള്‍ക്ക് പകരം, വിജാതീയരും അവിശ്വാസികളും ചെയ്ത നന്മകള്‍ക്കു മേലെ അഭിനന്ദനത്തിന്റെയും ആശ്ലേഷത്തിന്റെയും പൊന്‍പദങ്ങള്‍ കൊണ്ട് സുവിശേഷം രചിച്ച ക്രിസ്തുവിന്റെ ആ പഴയ സൂക്തങ്ങളെയല്ലേ മക്കള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടത്!
അതിലളിതമായ ആരോപണങ്ങളില്‍ ആത്മാഭിമാനം വെന്തുപോയി, വാളെടുക്കുന്ന ദൈവമായിട്ട് ആരാണ് ക്രിസ്തുവിനെ വീണ്ടും പ്രത്തോറിയത്തില്‍ കുറ്റാരോപിതനായി നിര്‍ത്തുന്നത്?
ഒരു കോമഡി കൗണ്ടര്‍ പോലും ഉള്‍ക്കൊള്ളാനാകാത്ത തരത്തില്‍ ആരാണ് ക്രിസ്തുവിനെ തന്തവൈബില്‍ തളച്ചിടുന്നത്.
നാടുവാഴികളുടെയും നാട്ടുരാജാക്കളുടെയും കോട്ടകൊത്തള ങ്ങളില്‍ നിവര്‍ന്ന് നിന്ന് നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ മരത്തില്‍ തറയ്ക്കപ്പെട്ട്, കൊല്ലപ്പെട്ട്, മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവാണ് എന്റെ ദൈവം എന്ന വിശ്വാസപ്രമാണത്തില്‍ തീരെ വിശ്വാസമില്ലാത്ത മനുഷ്യരുടെ വാള്‍ പയറ്റുകളില്‍ ക്രിസ്തുവിന് വീണ്ടും മുറിവേല്‍ക്കുന്നു.
'ക്രിസ്തു കൂനനായിരുന്നുവെങ്കില്‍ അവരെങ്ങനെ അയാളെ കുരിശില്‍ തറച്ചേനെ' എന്ന് ഗുന്ധര്‍ ഗ്രാസ് കുറിച്ചതോര്‍ക്കുന്നു. നിലപാടുകളില്‍ നിവര്‍ന്ന് നില്‍ക്കുന്നവര്‍ക്കല്ലേ കുരിശുമരണം. അദ്ദേഹത്തിന്റെ അക്ഷരങ്ങളുടെ അരികില്‍ ചോര പുരണ്ടിരിക്കു ന്നത് പോലെ! പ്രപഞ്ചത്തിലെ ദൈവപാരമ്പര്യങ്ങളുടെ പുരാതന തിരശ്ശീലകള്‍ക്കു മേലെ ചിതറിത്തെറിച്ച ചോരത്തുള്ളികളുടെ ആകെത്തുകയാണ് ക്രിസ്തു.
അത്ഭുതങ്ങള്‍ അടയാളപ്പെടുത്തിയതിനുശേഷം കാല്‍വരിക്കുള്ള അടുത്ത വണ്ടിക്ക് അയാള്‍ ടിക്കറ്റെടുത്തു.
വേണമെങ്കില്‍ ടിക്കറ്റ് വച്ച് ഷോ നടത്താനുള്ള ആളെ കിട്ടുമായിരുന്നു. രാജാവിനെ കേറി കുറുക്കനെന്ന് വിളിച്ചിട്ട്, വീണ്ടും കുറച്ചൂസം കൂടി സ്‌റ്റേ ബാക്ക് അടിച്ച് വേണേല്‍, കൊഴുക്കട്ടയുണ്ടാക്കി ആ കുറുക്കനെ ചെന്ന് കണ്ട് കൈമുത്തുകയോ, കുരിശ് ഫൈബറിന്റെ ആക്കുകയോ ചെയ്യാമായിരുന്നു. കരണത്തടിച്ചവന്റെ മുഖത്ത് നോക്കിയിട്ട് 'കാര്യം വ്യക്തമാക്കിയിട്ട് തല്ലാന്‍ പറ്റ്വോ സക്കീര്‍ ഭായിക്ക്' എന്ന ചോദ്യമാണ് അങ്ങേര് ചോദിച്ചത്. 'എന്റെ ഗുരുവിനെ തൊടു ന്നോടാ' എന്നു ചോദിച്ച് ടൂള്‍സെടുത്ത പീറ്ററിനോട് 'ഇത് ഡീല്‍ ചെയ്യാന്‍ ഞാന്‍ നിനക്ക് കൊട്ടേഷന്‍ തന്നിട്ടുണ്ടാ'ന്നും ചോദിച്ച് ടൂളെടുത്ത് പോക്കറ്റിലിടാന്‍ പറഞ്ഞ പുളളിയാണ്! വേണമെങ്കില്‍ ബാക്കി പത്തെണ്ണത്തിന്റെയും കയ്യില്‍ പേനേം പേപ്പറും മൈക്കു മൊക്കെ കൊടുത്ത് 'ചാമ്പിക്കോ' എന്ന് പറഞ്ഞാ മതിയാര്‍ന്നു...
ഒറ്റയാന്റെ മസ്തകത്തിലാണ് അവറ്റകളുടെ നെറ്റിപ്പട്ടം കെട്ടല്‍!
നോമ്പ് കാലത്തിനു ഫീല്‍ കൂട്ടാന്‍ മെല്‍ഗിബ്‌സണ്‍ വീഡിയോയും വോയിസോവറും കുത്തിക്കേറ്റി കരയാനും കരയിപ്പിക്കാനും ശ്രമിക്കുമ്പോള്‍ ഓര്‍ക്കണം 'ഡോണ്ട് ക്രൈ ലേഡീസ്' എന്നും പറഞ്ഞുകൊണ്ടാണ് പുള്ളി പണ്ടേ ഫീല്‍ഡ് വിട്ടതെന്ന്! വേണമെങ്കില്‍, വെറോനിക്ക എന്ന പേരില്‍ ഒരു ചാനല്‍ തൊടങ്ങി 'ക്രിസ്തുവിനെ കണ്ട സ്ത്രീകള്‍ ചെയ്തതറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും' എന്ന ടാഗ് ലൈനില്‍ പെയ്ഡ് പ്രൊമോഷന്‍ ചെയ്യാമായിരുന്നു. പുള്ളിക്കൊരു ചാനലും വേണ്ടായിരുന്നു. കാരണം ഹീ ഇസ് ദ സെലിബ്രിറ്റി!
കുരിശിന് താഴെയിരുന്ന് കരയുമ്പോള്‍ ഇടയ്‌ക്കൊന്ന് മുകളിലേക്കൊന്ന് നോക്കിയേക്കണം, കാരണം ഒരെണ്ണത്തിലേ നമ്മുടെയാളുള്ളൂ, ബാക്കി രണ്ടും കള്ളന്മാരാണ്.
നമുക്കൊപ്പമല്ലാത്തവരെ ചൊല്ലി കുറിക്കപ്പെടുന്ന അസഹിഷ്ണുത പുരണ്ട വ്യാഖ്യാനപദങ്ങള്‍ക്ക് പകരം, വിജാതീയരും അവിശ്വാസികളും ചെയ്ത നന്മകള്‍ക്കു മേലെ അഭിനന്ദനത്തിന്റെയും ആശ്ലേഷത്തിന്റെയും പൊന്‍പദങ്ങള്‍ കൊണ്ട് സുവിശേഷം രചിച്ച ക്രിസ്തുവിന്റെ ആ പഴയ സൂക്തങ്ങളെയല്ലേ മക്കള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടത്!
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചുംബനം കൊണ്ട് ഒറ്റികൊടുക്കപ്പെട്ട ആ മനുഷ്യന്‍, ഇന്നൊറ്റിക്കൊടുക്കപെടുന്നത് അടച്ചിട്ട മുറികളിലിരുന്നു കുറിക്കപ്പെടുന്ന വികൃതമായ വ്യാഖ്യാനങ്ങള്‍ കൊണ്ടാണ്. ആരുടെയൊക്കെയോ വെള്ളിക്കാശുകള്‍ സ്വന്തമാക്കാനുള്ള ദുരാശ പേറുന്ന മനുഷ്യര്‍ അക്ഷരങ്ങള്‍ കൊണ്ടുള്ള ആണികള്‍ അയാളുടെ ഉടലില്‍ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ്.
അവരുടെ ആ വ്യാഖ്യാനങ്ങളില്‍ ക്രിസ്തുവിന്
കരുണയുടെ പര്യായ പദങ്ങളില്ല... അന്നത്തിന്റെ അലങ്കാരമില്ല...
നഗ്‌നത മറയ്ക്കുന്ന ഉടയാടയുടെ തൊങ്ങലുകളില്ല... സഹിഷ്ണുതയുടെ വശ്യതയുമില്ല.