'സ്വാതന്ത്ര്യത്തെയാണ് തടവറ തടഞ്ഞിട്ടത്. ആത്മസംഘര്‍ഷങ്ങളാണ് തടവറയ്ക്കുള്ളിലുള്ളത്, കുരുതിപ്പൂവുകളാണ് തടവറയില്‍ വിടരുന്നത് ചുട്ടെരിക്കാനുള്ള അഗ്‌നിനാവുകള്‍ തടവറ കരുതിവയ്ക്കും'
- കാരായി രാജന്‍
ഒരു ദേശം മുഴുവന്‍ തടവറയായി മാറ്റപ്പെട്ട അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ അമ്പതാമാണ്ടിലേക്ക് പ്രവേശിച്ചു. അന്ന് മനുഷ്യര്‍ അനുഭവിച്ച തടവറവാസം ഇന്ന് ഒരു ഭൂഷണവും ജനാധിപത്യ സംരക്ഷണ പോരാട്ടത്തിലെ സുപ്രധാന ഏടുമായി കരുതപ്പെടുന്നു. സ്വാതന്ത്ര്യ സമരകാലത്തെ നേതാക്കളുടെ ജയില്‍വാസങ്ങളെയും അങ്ങനെ തന്നെയാണ് വിലയിരുത്തുന്നത്. എന്നിരുന്നാലും, തടവറയില്‍ ഓരോ മനുഷ്യനും അനുഭവിച്ചവ അവര്‍ ഓര്‍ക്കാനിഷ്ടപ്പെടുന്നവയാകാന്‍ തരമില്ല. കാരണം, അനേകം മനുഷ്യരുടെ കണ്ണീരും ചോരയും വീണുകുതിര്‍ന്ന ഇടങ്ങളാണ് തടവറയുടെ അകത്തളങ്ങള്‍. ഒരായിരം നിലവിളികള്‍ തൊണ്ടയില്‍ കുരുങ്ങിയതും നിരവധി സ്വപ്‌നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടതും തടവറകള്‍ക്കുള്ളില്‍ തന്നെ. ഒരിക്കലും മടങ്ങി വരാനാവില്ലെന്നറിയാതെ ചിലരൊക്കെ വിട പറഞ്ഞു കയറി പോയതും തടവറയ്ക്കുള്ളിലേക്കാണ്.
ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷവും 'ഇന്ത്യയുടെ മകള്‍' എന്ന ഡോക്യൂമെന്ററിയില്‍, സ്വന്തം തെറ്റിനെ ന്യായീകരിച്ച് സംസാരിച്ചത് നമ്മുടെ ജയില്‍ സംവിധാനങ്ങളിലെ പോരായ്മകളുടെ കൂടി ഒരു സൂചനയാണ്.
വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പേരിലായിരിക്കാം ഓരോരുത്തരും ജയിലില്‍ എത്തപ്പെടുന്നത്. നിഷ്‌കളങ്കരും നിസ്സഹായരും വഞ്ചിതരും അപരര്‍ക്കുവേണ്ടി കുറ്റം ഏറ്റെടുത്തവരുമൊക്കെ അക്കൂട്ടത്തിലുണ്ടാവാം. സാമൂഹിക നന്മയ്ക്കുവേണ്ടി ഉറച്ച നിലപാടുകളെടുത്തതിന്റെ പേരിലും ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലും ജയിലിലകപ്പെടുന്നവര്‍ ഉണ്ടെകിലും അവര്‍ ഇന്ന് വംശനാശഭീഷണി നേരിടുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ പോലും അഴിമതിയുടെ പേരിലാണ് ഇന്ന് ജയില്‍വാസമനുഭവിക്കുന്നത്. രാഷ്ട്രീയ പകപോക്കലുകളുടെ വേദിയായി കൂടി തടവറകള്‍ ഇന്ന് രൂപാന്തരപ്പെട്ടിട്ടുണ്ട്. അപ്പോഴും സമ്പത്തും അധികാരവുമുള്ളവര്‍ക്ക് തടവറ തറവാടു പോലെയായിരിക്കും. നിയമത്തിലും നീതിന്യായ വ്യവസ്ഥകളിലും അവര്‍ക്കായി പഴുതുകള്‍ സൃഷ്ടിക്കപ്പെടും. തെളിവുകളുടെ അഭാവമെന്നൊക്കെ പറഞ്ഞ് ഒടുവില്‍ അവര്‍ക്കെതിരെയുള്ള കേസുകളെല്ലാം ചവറ്റുകുട്ടയില്‍ സ്ഥാനം പിടിക്കുകയും ചെയ്യും. പക്ഷേ, എല്ലാവരുടെയും കാര്യങ്ങള്‍ അങ്ങനെയല്ല. ഒരു ജാമ്യക്കാരനെ കിട്ടാത്തതുകൊണ്ടോ, ജാമ്യത്തുക സ്വരൂപിക്കാന്‍ കഴിയാത്തതുകൊണ്ടോ, അഭിഭാഷകനെ നിയോഗിക്കാനുള്ള പ്രാപ്തി ഇല്ലാത്തതുകൊണ്ടോ ഒരു ചെറുമോഷണ കേസില്‍ പോലും വര്‍ഷങ്ങളോളം ജയിലില്‍ കഴിയാനാണ് സാധാരണക്കാരന്റെ വിധി. കള്ളക്കേസിലൊക്കെ കുടുങ്ങി ഒരുവന്‍ തടവിലാകുമ്പോള്‍, താളം തെറ്റുന്ന അവന്റെ കുടുംബത്തെ കുറിച്ചൊന്നും ആരും ഓര്‍ക്കാറുമില്ല.
'ജയില്‍ സമയത്തെ മായിച്ചു കളയുന്നു. അത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷയും'
അന്റോണിയോ നെഗ്രി
ജയില്‍ ജീവിതം എങ്ങനെയാണ് ഒരു ശിക്ഷാരീതിയായി മാറുന്നതെന്നറിയാന്‍, കോവിഡ് കാലത്തിലെ നമ്മുടെ കൊറന്റയിന്‍ ജീവിതത്തെയും കണ്ടൈന്‍മെന്റ് സോണുകളെയും കുറിച്ചൊന്നു ആലോചിച്ചാല്‍ മതി. അതിലും കയ്‌പേറിയതാണ് ജയില്‍ ജീവിതം. ജയില്‍ വാസത്തിനിടയില്‍, സന്തോഷിക്കാന്‍ വക നല്കുന്നതെല്ലാം മനുഷ്യരില്‍ നിന്ന് അപഹരിക്കപ്പെടും. ഒരു ദിവസത്തെ തടവറ ജീവിതം പോലും പലരുടെയും ജീവിതങ്ങളെ അപ്രതീഷിതമായ വിധം മാറ്റിമറിക്കും. പ്രത്യക്ഷമായ ശാരീരിക പീഡകളെക്കാള്‍ നിശ്ശബ്ദവും അതാര്യവുമായ മാനസിക പീഡനങ്ങള്‍ക്കാണ് ജയിലുകളില്‍ പ്രാധാന്യം. ഗ്വാണ്ടിനോമയായാലും തീഹാറായാലും വിയ്യൂരായാലും ഇതില്‍ വ്യത്യാസമില്ല. എവിടെയും തടവറകള്‍ മനുഷ്യാവകാശങ്ങളുടെ നിഷേധഭൂമികയാണ്.
'ഒരു രാഷ്ട്രത്തെ വിലയിരുത്തേണ്ടത് അവിടത്തെ താഴേക്കിടയിലെ മനുഷ്യരെ അത് എങ്ങനെ പരിഗണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകണം. അതറിയണമെങ്കില്‍ ജയിലുകളിലെ അപ്രധാനികളായ പൗരന്മാരെ തേടി ചെല്ലണം'
നെല്‍സണ്‍ മണ്ടേല
നമ്മളനുഭവിക്കാത്ത ലോകം നമുക്കൊരു കെട്ടുകഥയായിരിക്കുമെന്ന ആടുജീവിതത്തിലെ വരികള്‍ ഏതൊരു കാരാഗൃഹവാസത്തോടും ചേര്‍ത്തുവയ്ക്കാവുന്നതാണ്. ജീവിതത്തില്‍ അത്യാവശ്യമെന്നും അനിവാര്യമെന്നുമൊക്കെ കരുതുന്ന പലതും തടവറയില്‍ ആര്‍ഭാടങ്ങളാണ്. ഒരു തുണ്ടു പേപ്പര്‍, ഒരു പേന, മുഖം നോക്കാന്‍ ഒരു കണ്ണാടി, ഇരിക്കാന്‍ ഒരു കസേര ഇവയുടെയൊക്കെ വില അറിയണമെങ്കില്‍ ജയില്‍ വാസികളോട് ചോദിക്കണം. ഉയര്‍ന്ന മതില്‍ കെട്ടിനും വലിയ കവാടത്തിനുമപ്പുറമുള്ള ലോകത്തിലെ ഇത്തരം വിശേഷങ്ങള്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ തടവറയില്‍ കഴിഞ്ഞ നെല്‍സണ്‍ മണ്ടേലക്ക് ആദ്യ 18 വര്‍ഷങ്ങളില്‍, വര്‍ഷത്തില്‍ ഒരു തവണ മാത്രം കത്തെഴുതാനും ഒരു സന്ദര്‍ശകനെ മാത്രം കാണാനുമാണ് അനുവാദം ഉണ്ടായിരുന്നുള്ളു എന്നതും, വെള്ളം കുടിക്കാനുള്ളൊരു സ്‌ട്രോ ലഭിക്കാന്‍ സ്റ്റാന്‍ സ്വാമിക്ക് സുപ്രീംകോടതി വരെ അപേക്ഷ നല്‍കേണ്ടി വന്നു എന്നതും ചരിത സത്യമാണ്. ക്യാമറയ്ക്കു മുന്നില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ചപ്പാത്തി ഉണ്ടാക്കുന്നതാണ് ജയില്‍ ജീവിതമെന്ന് ആരും തെറ്റിധരിക്കരുതെന്നു സാരം.
അമേരിക്കയിലെ നാഷ്‌വില്ലയിലെ റിവര്‍ബെന്‍ഡ് അതിസുരക്ഷാ ജയിലില്‍ കഴിയുന്ന ഉറ്റവരും ഉടയവരും പരിത്യജിച്ച കുറ്റവാളികളെ സമീപത്തുള്ള തിരുക്കുടുംബ ദേവാലയാധികൃതര്‍ സ്വന്തം ഇടവക അംഗങ്ങളായി ചേര്‍ത്ത് അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു എന്നത് അഭിനന്ദനാര്‍ഹമത്രെ.
കാരാഗൃഹത്തിലെ കല്ലുകള്‍ക്കാണ് യഥാര്‍ത്ഥ ജീവിതം പറയാനാവുക. കാരണം, തടവറ നിവാസികളുടെ സംഭാഷണം മുഴുവന്‍ അതിന്റെ മതിലുകളോടാണ്.
തടവറകള്‍ പീഡനാലയങ്ങളല്ല, തിരുത്തല്‍ കേന്ദ്രങ്ങളായി പരിണമിക്കണം എന്നതാണ് ആധുനിക സങ്കല്‍പം. ജയില്‍വാസികള്‍ അവര്‍ക്കു ലഭിക്കുന്ന ശിക്ഷകളെ ഭയപ്പെട്ട് തെറ്റുകളില്‍ നിന്നും പിന്തിരിയുമെന്ന പുരാതന ചിന്തയില്‍ നിന്നും മാറി അപരാധിയുടെ ഹൃദയപരിവര്‍ത്തനം സാധ്യമാകുന്ന രീതിയിലേക്ക് ശിക്ഷണനടപടികള്‍ മാറണം എന്നതാണ് ആധുനിക സിദ്ധാന്തം. പ്രായോഗിക തലത്തില്‍ ഇതിനെ വിജയിപ്പിക്കാന്‍ ആരും പരിശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജയില്‍ ഉദ്യോഗസ്ഥരുടെ പരുക്കന്‍ പെരുമാറ്റങ്ങളും, അസ്വസ്ഥത സൃഷ്ടിക്കുന്ന ജയില്‍ സാഹചര്യങ്ങളും, വന്‍കുറ്റവാളികളുമായുള്ള ഇടപെടലുകളും ഒരുവനെ കുറ്റകൃത്യങ്ങളുടെ ലോകത്ത് ഉറപ്പിച്ചു നിറുത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്.
ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിനു ശേഷവും 'ഇന്ത്യയുടെ മകള്‍' എന്ന ഡോക്യൂമെന്ററിയില്‍, സ്വന്തം തെറ്റിനെ ന്യായീകരിച്ച് സംസാരിച്ചത് നമ്മുടെ ജയില്‍ സംവിധാനങ്ങളിലെ പോരായ്മകളുടെ കൂടി ഒരു സൂചനയാണ്.
ഒരു കുറ്റം ചെയ്യുമ്പോള്‍ സ്വന്തം ആത്മാവിനെ വഞ്ചിക്കുകയായിരുന്നു എന്ന തിരിച്ചറിവിലേക്കും മാനസാന്തരത്തിലേക്കും ഒരുവന്‍ കടന്നുവരുമ്പോഴാണ് തെറ്റിന്റെ പാതയില്‍ നിന്നുള്ള വ്യതിചലനം സംഭവിക്കൂ. അത്തരം മാറ്റകാഴ്ചകള്‍ക്ക് ജയിലഴികള്‍ സാക്ഷ്യം വഹിക്കണമെങ്കില്‍ പെരുമാറ്റത്തിലെ ആര്‍ദ്രതയും വാക്കുകളിലെ സ്‌നേഹസ്പര്‍ശവും ആത്മീയമായ ഒരു ചൈതന്യവും തടവറകളില്‍ നിറയാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണം. ജീസസ് ഫ്രട്ടേണിറ്റി പോലുള്ള കൂട്ടായ്മകളുടെ പ്രവര്‍ത്തനം ആ ദിശയിലുള്ളതാണ്. അമേരിക്കയിലെ നാഷ്‌വില്ലയിലെ റിവര്‍ബെന്‍ഡ് അതിസുരക്ഷാ ജയിലില്‍ കഴിയുന്ന ഉറ്റവരും ഉടയവരും പരിത്യജിച്ച കുറ്റവാളികളെ സമീപത്തുള്ള തിരുക്കുടുംബ ദേവാലയാധികൃതര്‍ സ്വന്തം ഇടവകാംഗങ്ങളായി ചേര്‍ത്ത് അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു എന്നത് അഭിനന്ദനാര്‍ഹമത്രെ. പോപ്പ് ഫ്രാന്‍സിസ് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കായി തടവറകളിലേക്കു കടന്നു ചെല്ലുന്നു എന്നത് പിഞ്ചെല്ലാവുന്ന ഒരു മാതൃകയുമാണ്. ഇത്തരം പ്രവത്തനങ്ങള്‍ക്ക് പ്രോത്സാഹനവും തുടര്‍ച്ചയും ഉണ്ടായില്ലെങ്കില്‍ കരമസോവ് സഹോദരന്മാരില്‍ ദസ്തയോവ്‌സ്‌കി കുറിച്ചിട്ടത്, ഓരോ കുറ്റവാളിയും ആവര്‍ത്തിക്കും. 'നിങ്ങള്‍ എന്നെ കഠിനശിക്ഷയ്ക്കു വിധിച്ചപ്പോള്‍ എന്റെ ദൈവത്തെയാണ് അപഹരിച്ചെടുത്തത്. എന്നെ മനുഷ്യനാക്കി തീര്‍ക്കാന്‍ നിങ്ങള്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. നിങ്ങള്‍ എനിക്ക് ഒന്നും നല്‍കിയിട്ടില്ല. നിങ്ങള്‍ ദുഷ്ടന്മാരാണ്. ഞാനും ദുഷ്ടനായിരിക്കും.'
ജയിലില്‍ നിന്നും പുറത്തിറങ്ങുന്നവരോടുള്ള നമ്മുടെ മനോഭാവങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. മുന്‍വിധികളോടും ഭയാശങ്കകളോടും കൂടിയാണ് പലപ്പോഴും നാം അവരെ സ്വീകരിക്കാറുള്ളതും ഇടപഴകാറുള്ളതും. മതരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ ബലാത്സംഗവും കൊലയുമൊക്കെ ചെയ്തത് വീരകൃത്യമായി കരുതി അഭിമാനിക്കുന്നവര്‍ക്ക് സകല ചിട്ടവട്ടങ്ങളും തെറ്റിച്ചു മോചനം നല്കുന്നതും അവര്‍ക്കായി വന്‍ സ്വീകരണം ഒരുക്കുന്നതുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ചെയ്തുപോയൊരു തെറ്റിനെ പ്രതിയുള്ള പശ്ചാത്താപത്താല്‍, നീറി നീറി കഴിഞ്ഞ്, ഒടുവില്‍ പുതിയൊരു ജീവിതമെന്ന സ്വപ്‌നവുമായി ജയില്‍മോചിതരായി കടന്നു വരുന്നവരെ ചേര്‍ത്തു പിടിക്കാന്‍ നാം തയാറാകണം. കുറ്റവാളികള്‍ ജനിക്കുന്നതില്‍ സമൂഹത്തിന് പങ്കുണ്ടെന്നിരിക്കെ അവരെ നന്മയിലേക്ക് നയിക്കാനും സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. അതിനാല്‍ നിഷ്‌കളങ്കതയുടെ ഭൂതകാലത്തിലേക്ക് മടങ്ങിപോകാനുള്ള ജയില്‍മോചിതരുടെ ശ്രമങ്ങളെ അവഗണനയാലും കുറ്റപ്പെടുത്തലുകളാലും നാം നിരുത്സാഹപ്പെടുത്തരുത്. ഒരു ജീവിതം ഇനിയും ബാക്കിയുണ്ടെന്ന പ്രത്യാശ പകര്‍ന്ന് നിസ്സഹായരായ ആ മനുഷ്യരെ പ്രകാശമുള്ളവരാക്കി തീര്‍ക്കണം. സി. റാണി മരിയയുടെ ഘാതകനെ അവരുടെ കുടുംബം എങ്ങനെ സ്വീകരിച്ചു എന്നത് ഈ വിഷയത്തില്‍ എന്നുമൊരു പാഠപുസ്തകമായി നമ്മുടെ മുമ്പിലുണ്ടാകണം.
'തടവുകാരോട് നിങ്ങളും അവരോടൊപ്പം തടവറയിലായിരുന്നാലെന്ന പോലെ പെരുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ട് പീഡിപ്പിക്കപ്പെടുന്നവരോട് പരിഗണന കാണിക്കുവിന്‍.'
ഹെബ്രായര്‍ 13:3
ഞാന്‍ കാരാഗൃഹത്തിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു എന്ന ക്രിസ്തുമൊഴി തടവറവാസികളോടുള്ള നമ്മുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്നു. ഏതൊരു കുറ്റവാളിയിലും ദൈവാംശം ഉണ്ടെന്നും, പാപികളെ തേടിയാണ് അവന്‍ വന്നതെന്നുമുള്ള തിരിച്ചറിവുകള്‍ കുറ്റവാളികളോടുള്ള നമ്മുടെ സ്‌നേഹാദരങ്ങള്‍ വര്‍ധിപ്പിക്കണം. ജയിലറകളിലേക്ക് കടന്നു ചെന്ന് ശുശ്രൂഷ ചെയ്യാനായില്ലെങ്കിലും ഫ്രാന്‍സീനി എന്ന കൊടും കുറ്റവാളിക്കുവേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിച്ച്, അവന്റെ ആത്മാവിനെ നേടിയ കൊച്ചുത്രേസ്യായുടെ ആ ചെറുവഴിയിലൂടെയെങ്കിലും നാമൊന്ന് സഞ്ചരിക്കണം.
മതില്‍ക്കെട്ടുകള്‍ മാത്രമല്ല തടവറകള്‍. ജയിലിലടയ്ക്കാതെ പാസ്‌പോര്‍ട്ടും ഐഡി കാര്‍ഡും മൊബൈല്‍ ഫോണും പിടിച്ചു വച്ചും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുമൊക്കെ ആരെയും തടവിലാക്കാവുന്നതേയുള്ളൂ.
മതില്‍ക്കെട്ടുകള്‍ മാത്രമല്ല തടവറകള്‍. ജയിലിലടയ്ക്കാതെ പാസ്‌പോര്‍ട്ടും ഐഡി കാര്‍ഡും മൊബൈല്‍ ഫോണും പിടിച്ചു വച്ചും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുമൊക്കെ ആരെയും തടവിലാക്കാവുന്നതേയുള്ളൂ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ രാജ്യങ്ങളെയും, മതനിയമങ്ങളുടെ കാര്‍ക്കശ്യങ്ങള്‍ വീടകങ്ങളെയും വിദ്യാലയങ്ങളെയും, മനുഷ്യത്വരഹിതമായ നിബന്ധനകള്‍ തൊഴിലിടങ്ങളെയും തടവറകളാക്കി രൂപാന്തരപ്പെടുത്തുന്നുണ്ട്. പരസ്പരാദരവില്ലാത്ത പ്രണയവും പ്രണയമില്ലാത്ത ദാമ്പത്യവും തടവറകള്‍ തന്നെ. സമ്പൂര്‍ണ്ണസുരക്ഷ എന്നു പറയുന്നതു പോലും അസ്വാതന്ത്ര്യത്തിന്റെ സൂചനയാണ്. അതിനാലാണ് ഹാരി എസ് ട്രൂമാന്‍ എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഇങ്ങനെ അഭിപ്രായപ്പെട്ടത്, 'ലോകത്തിലെ ഏറ്റവും പ്രൗഢ മനോഹരമായ തടവറയാണ് വൈറ്റ് ഹൗസ്.'
അവസാനമായി ഒരു ചോദ്യം. ജയിലിനകം കുറ്റവാളികളുടെ ലോകമാണെങ്കില്‍ അതിനു പുറത്തു പുണ്യാവാന്മാരുടെ സ്വര്‍ഗമാണോ? പിടിക്കപ്പെടാത്ത കുറ്റവാളികളല്ലേ ജയിലിനു വെളിയിലെ നാമെല്ലാം? 'ആ മനുഷ്യന്‍ നീ തന്നെ'യെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടും വരെ നമ്മളെല്ലാം വിശുദ്ധരാണ്. അതിനാല്‍ പിടിക്കപ്പെട്ടവരേക്കാള്‍ മേന്മ ഭാവിക്കാതെ വിനയാന്വിതരായി തടവറകളെക്കുറിച്ച് നമുക്ക് ധ്യാനിക്കാം.