പീഡിതരായ ക്രൈസ്തവരുടെ മുഖങ്ങള്‍ ഓര്‍ക്കുക, ലിറ്റര്‍ജി പ്രതിസന്ധി അതിവേഗം അവസാനിപ്പിക്കുക

പീഡിതരായ ക്രൈസ്തവരുടെ മുഖങ്ങള്‍ ഓര്‍ക്കുക, ലിറ്റര്‍ജി പ്രതിസന്ധി അതിവേഗം അവസാനിപ്പിക്കുക

ഫാ. സ്റ്റാനിസ്ലാവൂസ് അല്ല എസ്‌ ജെ

കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നു, അതിന്റെ സൗന്ദര്യവും പ്രൗഢിയും സന്ദര്‍ശകരെ എപ്പോഴും ആകര്‍ഷിക്കുന്നു. വൈവിധ്യം കേരളത്തിലെ ജീവിതത്തിന്റെ എല്ലാ മേഖലകളുടെയും മുഖമുദ്രയാണ്. ഭൂപ്രകൃതി, പാചകരീതികള്‍, സംസ്‌കാരങ്ങളും മതങ്ങള്‍, തൊഴിലുകള്‍ വ്യാപാരങ്ങള്‍, ചിന്തകള്‍, അഭിപ്രായങ്ങള്‍ എന്നിവയിലെല്ലാമുള്ള വൈവിധ്യങ്ങള്‍ കേരളത്തിന്റെ തനിമയെ സവിശേഷമാക്കുന്നു.
കേരളത്തില്‍ ക്രിസ്തുമതം ഒരേസമയം പുരാതനവും നവീനവുമാണ്. ഈ പുണ്യഭൂമിയില്‍, ക്രിസ്തുമതം, പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങള്‍, സഹസ്രാബ്ദങ്ങളായി അതിജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. സങ്കല്‍പാതീതമായ ബാഹ്യ ആഭ്യന്തര വെല്ലുവിളികളെ അതഭിമുഖീകരിച്ചു. അനുകൂലവും പ്രതികൂലവുമായ ഘട്ടങ്ങളിലൂടെ കടന്നുപോന്ന വിശ്വാസികള്‍, വിശ്വസ്തതയോടെയും വീരോചിതമായും തങ്ങളെ വാര്‍ത്തെടുക്കാനും രൂപപ്പെടുത്താനും ദൈവത്തിനിടയാക്കി.
വിശുദ്ധരെയും മിസ്റ്റിക്കുകളെയും ആയിരക്കണക്കിന് മിഷനറിമാരെയും നല്‍കാനുള്ള കഴിവ് കേരളസഭയെ വേറിട്ടു നിറുത്തുന്ന സവിശേഷതകളില്‍ ചിലതാണ്. കൃതാര്‍ത്ഥതയോടെ സ്മരിക്കപ്പെടുന്ന, ആയിരക്കണക്കിന് നഴ്‌സുമാരുടെയും അധ്യാപകരുടെയും മറ്റുള്ളവരുടെയും സേവനങ്ങള്‍ സമ്മാനിച്ചതും പ്രത്യേകം പറയേണ്ടതില്ല.
നൂറു വര്‍ഷത്തിലേറെയായി, പുരോഹിതന്മാരും പുരുഷവനിതാ സന്യസ്തരും മറ്റുള്ളവരും കേരളത്തില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും തുടര്‍ന്നു ലോകത്തിന്റെ വിവിധ കോണുകളിലേക്കും ജനങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിനോ പരിപോഷിപ്പിക്കുന്നതിനോ വേണ്ടി പോയിട്ടുണ്ട്. മിഷനറിമാര്‍ സീറോ മലബാറില്‍ നിന്നോ സീറോ മലങ്കരയില്‍ നിന്നോ ലത്തീന്‍ റീത്തില്‍ നിന്നോ വന്നവരായാലും അവരുടെ ജീവിതമാകെ ഗംഭീരമായ ഒരു ബഹുവര്‍ണചിത്രമായി മാറിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഇപ്പോഴത്തെ സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു കുര്‍ബാന സമയത്ത് കാര്‍മ്മികന്‍ ഏത് ദിശയിലേക്ക് തിരിയുമെന്നത് കത്തോലിക്കാ സഭയിലെ വൈവിദ്ധ്യമാര്‍ന്ന ആചാരങ്ങളെയും അവയുടെ പാരമ്പര്യങ്ങളെയും കുറിച്ചോ, വിശ്വാസികള്‍ അവയെ എപ്രകാരം വിലമതിക്കുകയും വളര്‍ത്തുകയും ചെയ്യുന്നുവെന്നതിനെ കുറിച്ചോ ഒരു ധാരണയുമില്ലാത്തവര്‍ക്ക് മനസ്സിലാകുന്നതല്ല.

രണ്ടു രീതിയിലും കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്ക് രണ്ടും സമ്പന്നമാണെന്ന് അറിയാം. പുരോഹിതന്‍ എല്ലായ്‌പ്പോഴും ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് പരസ്പരവും ദൈവവുമായും കൂടുതല്‍ അടുപ്പം തോന്നുന്നു. അതുപോലെ തന്നെ, പുരോഹിതന്‍ അള്‍ത്താരയിലേക്ക് തിരിയുമ്പോള്‍, ഒരു വ്യക്തിക്ക് തീര്‍ച്ചയായും ഒരു വലിയ വിസ്മയവും രഹസ്യാത്മകതയും അനുഭവപ്പെടും, അത് ദൈവത്തിന്റെ അപാരതയോടും അപരത്വത്തോടും ബന്ധപ്പെട്ടിരിക്കുന്നു. .

ദൈവശാസ്ത്രപരമായി ഒരാള്‍ക്ക് ഒരു വാദം ഉന്നയിക്കുകയും ഒന്ന് മറ്റൊന്നിനേക്കാള്‍ അഭികാമ്യം എന്ന് പറയുകയും ചെയ്യാമെങ്കിലും, ഒന്നിനെ മറ്റൊന്നിനെക്കാള്‍ മികച്ചതാക്കുന്ന വാദങ്ങള്‍ ഫലത്തില്‍ നിരര്‍ത്ഥകമാണ്. ഓരോ രീതിക്കും ശക്തിയും പരിമിതികളുമുണ്ട്.

ഒന്നല്ലെങ്കില്‍ മറ്റൊന്നിനെ നെഞ്ചിലേറ്റാനും പ്രോത്സാഹിപ്പിക്കാനും വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും, ഈ വിഷയത്തില്‍ ഒരു വിശ്വാസി സമൂഹം പിളരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാന്‍ പ്രയാസമാണ്. പ്രശ്‌നത്തിന് കാതലായ ഒരു ഘടകം ഉണ്ടെങ്കിലും, പല കൂട്ടിച്ചേര്‍ക്കലുകളും അതിനെ വളരെ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു. ഇരു കൂട്ടരും പ്രകടിപ്പിക്കുന്ന ശക്തമായ വികാരങ്ങള്‍ എരിതീയില്‍ എണ്ണയൊഴിച്ചു.

പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നം യഥാര്‍ത്ഥത്തിലുണ്ടെങ്കിലും, ആരാണ് ശരി, ആരാണ് തെറ്റ്, ആരാണ് വിജയിക്കുക, ആരു വഴങ്ങണം എന്ന് തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ലാത്ത ഒരു സമയം വന്നിരിക്കുന്നു. വിജയവും തോല്‍വിയും നിസ്സഹായവും വ്യര്‍ത്ഥവുമായ അളവുകോലുകളാണ്, പ്രത്യേകിച്ച് ആത്മീയ കാര്യങ്ങളെ വിലയിരുത്തുന്നതില്‍. ഏതെങ്കിലുമൊരു വിഭാഗത്തെ പൂര്‍ണ്ണമായും കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം ഇപ്പോള്‍ ഇരുകൂട്ടരും ജയിക്കുന്ന (വിന്‍വിന്‍) മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണാവശ്യം.

കൂടാതെ, ഈ സംഭവവികാസങ്ങളില്‍ പങ്കാളികളായ ആരും പാടേ നിരപരാധികളല്ല എന്ന് അംഗീകരിക്കുന്നത് നല്ലതാണ്: ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, എല്ലാ സഭാ നേതാക്കളും വിശ്വാസികളും മാധ്യമങ്ങളും സംഘര്‍ഷത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. ആരാണ് എന്താണ് ചെയ്തത്, എന്താണ് പറഞ്ഞത്, എപ്പോള്‍, എവിടെ എന്ന് കണ്ടെത്തുന്നതു കൊണ്ടു യാതൊരു കാര്യവുമില്ല.

ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് പോലെ, പ്രശ്‌നം നേരിട്ട് വിശ്വാസത്തെയോ ധാര്‍മ്മികതയെയോ വിശ്വാസസംഹിതകളെയോ കുറിച്ചുള്ളതല്ല. ആരാധനാക്രമത്തില്‍ ഐകരൂപ്യം സഹായകരമാണെങ്കിലും, പല സന്ദര്‍ഭങ്ങളിലും, വിശ്വാസികള്‍ വൈവിധ്യങ്ങളെ കൊണ്ടാടുന്നു, അവര്‍ സ്വയം പ്രകാശിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ അതു കൂടുതലാകുകയും ചെയ്യുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ നമുക്കു ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഔപചാരികതകള്‍, വ്യവസ്ഥകള്‍, പാരമ്പര്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ പാപ്പാ, ആളുകളെ അവര്‍ എവിടെയായിരുന്നാലും വഴി വിട്ടും പോയി കാണാനും പരിപൂര്‍ണതയില്ലാത്ത ഈ ലോകത്തില്‍ അവരെ ഉള്‍ക്കൊള്ളാനും തയ്യാറാണ്. സഭയാല്‍ മുറിവേറ്റവരോ സഭ വിട്ടുപോയവരോ ആയവരോടു പോലും സംസാരിക്കുകയും അവരെ കേള്‍ക്കുകയും വിവേചിക്കുകയും പഠിക്കുകയും ചെയ്യണമെന്ന് സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡ് ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആവര്‍ത്തിച്ച് പറഞ്ഞു, മൂന്നാം സഹസ്രാബ്ദം അല്‍മായരുടെതായിരിക്കും. ഗ്രീക്കില്‍ ലാവോസ് എന്ന വാക്കിന്റെ അര്‍ത്ഥം ആളുകള്‍ എന്നാണ്. നാമെല്ലാവരും സാധാരണക്കാരോ, പുരോഹിതന്മാരോ അല്ലെങ്കില്‍ മതവിശ്വാസികളോ ദൈവജനമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍, അല്മായര്‍ അവരുടെ ശബ്ദം കണ്ടെത്താന്‍ തുടങ്ങുകയും ദൈവരാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവരുടെ അന്തസ്സിനെക്കുറിച്ചും സമത്വത്തെക്കുറിച്ചും പവിത്രതയെക്കുറിച്ചും സ്വന്തം അവകാശങ്ങളെക്കുറിച്ചും പദവികളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവര്‍ ബോധവാന്മാരാകുന്നു.

സഭയിലെ ഉത്തരവാദിത്തവും നേതൃത്വപരമായ ചുമതലകളും അല്മായര്‍ ഏറ്റെടുക്കുന്നത് വിപ്ലവകരമായ പരിവര്‍ത്തനമാണ്, ഈ മാറ്റങ്ങളില്‍ നിന്ന് ഇനിയൊരു തിരിച്ചുപോക്ക് ഇല്ല താനും. പുരോഹിതന്മാരുടെയും അത്മായരുടെയും ജോലികളിലും ദൗത്യങ്ങളിലുമുള്ള വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, മറ്റെല്ലാത്തിലുമുപരി, സഭയെന്നാല്‍ ദൈവജനമെന്ന സങ്കല്‍പത്തിനു നാം മുന്‍ഗണന നല്‍കേണ്ടിയിരിക്കുന്നു.

അഭൂതപൂര്‍വമായ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. വിവിധ തലങ്ങളില്‍ ധാരാളം അനിശ്ചിതത്വങ്ങളും ഭയപ്പാടുകളും ഉണ്ട്. നമ്മുടെ ക്രൈസ്തവവും ദേശീയവുമായ സ്വത്വം തന്നെ ഭീഷണികള്‍ക്കു വിധേയമാകുന്നു. ആരാധനാക്രമപ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍, ജീവിതം തന്നെ അതിലംഘിക്കപ്പെട്ട എല്ലാ ക്രിസ്ത്യാനികളുടെയും മുഖങ്ങള്‍ ഓര്‍ക്കുക. അതു പതിനഞ്ചു വര്‍ഷം മുമ്പു കാന്ധമാലില്‍ നടന്നതായാലും ഇപ്പോള്‍ മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്നതായാലും. (അതുപോലെ തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിരന്തരം പരിശ്രമിക്കുകയും അതിനായി ജീവന്‍ ബലിയര്‍പ്പിക്കാന്‍ സന്നദ്ധരാകുകയും ചെയ്ത മറ്റുള്ളവരെയും ഓര്‍ക്കുക.)

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈ പ്രതിസന്ധിക്ക് വേഗത്തിലുള്ള ഒരു പരിഹാരം പ്രതീക്ഷിക്കുന്നു.

  • (ഡല്‍ഹിയിലെ പ്രസിദ്ധമായ വിദ്യാജ്യോതി കോളേജ് ഓഫ് തിയോളജിയില്‍ ധാര്‍മ്മിക ദൈവശാസ്ത്രം പഠിപ്പിക്കുകയാണ് ഈശോസഭാംഗമായ ലേഖകന്‍. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയാണ് അദ്ദേഹം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org