നിലമൊരുക്കുന്നവര്‍ (ഓര്‍മ്മ)

സമര്‍പ്പിതദിനവിചാരം
നിലമൊരുക്കുന്നവര്‍ (ഓര്‍മ്മ)
Published on
  • വിജയ് പി ജോയി

ഈ ഭൂമിയും മനുഷ്യരും എങ്ങനെയാകണമെന്ന് ദൈവത്തോടൊപ്പം സ്വപ്നം കാണുകയും അവനോടൊപ്പം അതിനായി അദ്ധ്വാനിക്കുകയും ചെയ്യുന്നവരാണ് സമര്‍പ്പിതര്‍.

'പാദേ വരുന്നു കുഞ്ഞുകിടാങ്ങള്‍

ഈശോ നിന്നുടെ സ്തുതി പാടാന്‍'

പ്രാര്‍ത്ഥനാ പുസ്തകത്തിലെ ആ അവസാന പാട്ട് ഒരു പേമാരി പൊടുന്നെനെ നിലയ്ക്കുംപ്പോലെ ഞങ്ങള്‍ പാടി തീര്‍ത്തതും സിസ്റ്റര്‍ ഫിലമിന്‍ എല്ലാ കുട്ടികളോടും പള്ളിയില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായി ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന തിരുബാലസഖ്യം എന്ന സംഘടനയുടെ ശനിയാഴ്ചകളിലെ പ്രതിവാര കൂട്ടായ്മയാണ് വേദി- പ്രാര്‍ത്ഥനയ്ക്കുശേഷം, സാധാരണയായി നടത്താറുള്ള സംഘം ചേര്‍ന്നുള്ള കളികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പകരം ഫൊറോനാതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ളവരുടെ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കാന്‍ പോകുന്നതെന്ന് സിസ്റ്റര്‍ അറിയിച്ചതോടെ കുട്ടികളില്‍ പലരുടെയും മുഖം വാടി.

പാടാനുള്ള പ്രാപ്തിയാണ് ആദ്യം പരീക്ഷിക്കപ്പെട്ടത്. പാടാനറിയാവുന്ന, പാടാന്‍ കഴിവുണ്ടെന്നു വിശ്വസിക്കുന്ന ആണ്‍പെണ്‍ കുട്ടികള്‍ അള്‍ത്താരയ്ക്കു മുന്നില്‍ ചെന്നു നിന്ന് നാലുവരി പാട്ടു പാടും. സിസ്റ്റര്‍ ഫിലമിന്‍ അതു കേട്ട് നല്ലതെന്നു തോന്നുന്നവരെ ഒരരികിലേക്കു മാറ്റി നിറുത്തും. മാറ്റി നിറുത്തപ്പെടുന്നവരുടെ മുഖത്തപ്പോള്‍ അഭിമാനഭാവം.

സന്ന്യാസവും ബ്രഹ്മചര്യവുമൊക്കെ തട്ടിപ്പും അസാധ്യവുമാണെന്നൊക്കെ അടച്ചാക്ഷേപിക്കുമ്പോഴും, നിറകണ്‍ചിരിയോടെ മനുഷ്യരുടെ ആകുലതകളിലേക്കും ആവശ്യങ്ങളിലേക്കും അവരിപ്പോഴും കടന്നുചെല്ലുന്നുണ്ട്.

പാട്ടുമത്സരം കഴിഞ്ഞതോടെ സിസ്റ്റര്‍ പഴയ നിയമവും പുതിയ നിയമവും ഒന്നിച്ചു ചേര്‍ന്നു സമ്പൂര്‍ണ്ണമായിത്തീര്‍ന്ന തടിച്ച ബൈബിള്‍ കൈയ്യിലെടുത്തു ഇങ്ങനെ പ്രഖ്യാപിച്ചു.

'നന്നായി ഉറക്കെ വായിക്കാന്‍ കഴിവുള്ളവര്‍ മുന്നോട്ടു വരിക'

സിസ്റ്റര്‍ ഒരവസരം കുട്ടികള്‍ക്കു മുന്നില്‍ തുറക്കുകയായി. നഷ്ടമാകുമ്പോള്‍ മാത്രമാണ് ഒരവസരം അവസരമായിരുന്നുവെന്ന് തിരിച്ചറിയുകയുള്ളൂ എന്ന പ്രചോദനവാക്യം അറിയില്ലെങ്കിലും, പാടുന്നത്രയും ബുദ്ധിമുട്ടില്ലെന്ന് അറിയാവുന്നതിനാല്‍ ഏതാനുംപേര്‍ ചാടിയെഴുന്നേറ്റു. നടത്തപ്പെടുന്ന ഏതെങ്കിലും മത്സരയിനത്തില്‍ പങ്കെടുക്കാന്‍ കഴിവുണ്ടോ എന്ന് ഉറപ്പില്ലാത്തതിനാല്‍ എല്ലാം കണ്ടും കേട്ടും നാലാം ക്ലാസുകാരനായ ഞാന്‍ സദസ്സില്‍ തന്നെ തുടര്‍ന്നു.

വായിച്ചവരൊന്നും സിസ്റ്ററിനെ തൃപ്തിപ്പെടുത്താതിനാല്‍ മുന്‍നിരയില്‍ നിന്നും ഏതാനും പേരെ കൂടി സിസ്റ്റര്‍ വായിക്കാനായി ക്ഷണിച്ചു. അക്കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടു. പഴയനിയമത്തിലെ ആമോസ് പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് വായിക്കാന്‍ ലഭിച്ചത്. പുതിയ നിയമം മാത്രമുള്ള, ശോഷിച്ച ഒരു ബൈബിള്‍പ്രതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന ഞാന്‍ അന്നാദ്യമായി സമ്പൂര്‍ണ ബൈബിള്‍ കൈയിലെടുത്തു. എന്നിട്ട്, എനിക്കു പ്രാപ്യമായ ഉയര്‍ന്ന ശബ്ദത്തില്‍ വായിക്കാന്‍ തുടങ്ങി.

ദൈവത്തിന്റെ കൈനീട്ടമാണ് സമര്‍പ്പിതര്‍, ദൈവസന്നിധിയില്‍ കൈകൂപ്പാന്‍ പ്രേരിപ്പിക്കുന്നതും അവര്‍ തന്നെ.

ബൈബിളിലെ ചെറിയ പ്രവാചകന്മാരുടെ ഗണത്തില്‍ പേരുള്ള ഒരാളാണ് ആമോസ്. ഇസ്രായേലിനോടു ശത്രുത പുലര്‍ത്തുന്ന ജനതകളെ ശിക്ഷിക്കുമെന്നു പറഞ്ഞാണ് പ്രവാചകന്‍ ദൗത്യം ആരംഭിക്കുന്നത്. പക്ഷേ, പതുക്കെ പതുക്കെ അദ്ദേഹം ദൈവഹിതപ്രകാരം ദൈവജനത്തിനു നേരെ തിരിയുകയാണ്. ഇസ്രായേലില്‍ നടമാടിയിരുന്ന അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതിയിലും ആത്മാര്‍പ്പണമില്ലാത്ത ആചാരാനുഷ്ഠാനങ്ങളിലും മുഴുകി ദൈവത്തോടു അവിശ്വസ്തത കാണിച്ച ജനത്തിനെതിരെയുള്ള പ്രവാചകന്റെ വിധിപ്രസ്താവമാണ് ഞാന്‍ വായിച്ചത്.

'തിന്മയെ വെറുക്കുവിന്‍, നന്മയെ സ്‌നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍' എന്നു തുടങ്ങുന്ന ഭാഗത്തില്‍ പത്തു വരികളാണ് ഉണ്ടായിരുന്നത്. അതില്‍ പകുതി ദൂരം പിന്നിട്ടതോടെ,സിസ്റ്റര്‍ എന്നെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിലേക്കു ചേര്‍ത്തു.

മറ്റുള്ളവരെ പറഞ്ഞയച്ച ശേഷം, അരികില്‍ നിറുത്തിയവരെ അരികിലേക്കു വിളിപ്പിച്ച്, ഓരോരുത്തരോടായി സിസ്റ്റര്‍ ഫിലമിന്‍ തങ്ങളുടെ മത്സരയിനത്തെ പരിചയപ്പെടുത്തി

ഒരാവശ്യം വന്നാല്‍, പ്രാര്‍ത്ഥിക്കാന്‍ പറയത്തക്ക അടുപ്പവും വിശ്വാസവും ഇടവകപ്പള്ളിയിലെ അച്ചന്മാരോടെന്നതിനേക്കാള്‍ തൊട്ടടുത്ത മഠത്തിലെ സിസ്‌റ്റേഴ്‌സിനോടാണ് എന്നും തോന്നാറുള്ളത്.

'മോനെ, ഡിക്ലമേഷനാണ് സെലക്ട് ചെയ്തിരിക്കുന്നത്'

ഡിക്ലമേഷന്‍ എന്ന പദം ഏതു ഭാഷയിലേതാണെന്നു തിരിച്ചറിവില്ലാതെ ഞാന്‍ അപ്പോള്‍ വെറുതെ സിസ്റ്ററിനെ നോക്കി നിന്നു.

'പ്രകടപ്രസംഗം എന്നാണ് മലയാളം' സിസ്റ്റര്‍ തുടര്‍ന്നു. 'പറയുന്ന കാര്യങ്ങള്‍ക്കനുസരിച്ചു മോന്‍ കൈകള്‍ കൊണ്ടു ആംഗ്യങ്ങളും കാണിക്കണം. ഇന്നു വായിച്ച ബൈബിള്‍ ഭാഗം വീട്ടില്‍ ചെന്ന് അര്‍ത്ഥമറിഞ്ഞു പറയാവുന്നവിധം കാണാതെ പഠിക്കണം. എന്നിട്ട് ഓരോ വരി പറയുമ്പോഴും മുഖത്തു വരേണ്ട ഭാവങ്ങളും കൈകളാല്‍ ചെയ്യേണ്ട ആംഗ്യങ്ങളും ഞാന്‍ പിന്നീട് പറഞ്ഞുതരാം.'

എല്ലാം ഞാന്‍ തലയാട്ടി സമ്മതിച്ചെങ്കിലും സമ്പൂര്‍ണ ബൈബിള്‍ വീട്ടില്‍ ഇല്ലെന്ന സങ്കടം എന്റെ സമ്മതത്തിനു കുറുകെ നിന്നു. ആമോസ് പ്രവാചകന്റെ പുസ്തകം അഞ്ചാം അദ്ധ്യായത്തിലെ പതിനഞ്ചു മുതല്‍ ഇരുപത്തിനാലു വരെയുള്ള വാക്യങ്ങള്‍ സ്വന്തം കൈപ്പടയില്‍ കുറിച്ചിട്ടത് തന്റെ കൈയിലിരുന്ന ഒരു നോട്ടു ബുക്കില്‍ നിന്നും സിസ്റ്റര്‍ കീറിയെടുത്ത് എനിക്കു നേരെ നീട്ടിയതോടെ വിഷമവൃത്തങ്ങളെല്ലാം നേര്‍രേഖയായി. അങ്ങനെ പ്രോത്സാഹനവും പ്രചോദനവുമായി സിസ്റ്റര്‍ മെല്ലെ എനിക്കു കൂട്ടാകാന്‍ തുടങ്ങി.

ആമോസ് പ്രവാചകന്റെ പ്രവചനങ്ങളും സിസ്റ്റര്‍ ഫിലിമിന്റെ പ്രയത്‌നങ്ങളും ചേര്‍ന്ന്, ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, തട്ടില്‍ കയറുമ്പോള്‍ പ്രവാചക ധീരത പ്രകടിപ്പിക്കാന്‍ പാകത്തിന് എന്റെ ശബ്ദത്തെയും ശരീരത്തെയും പരുവപ്പെടുത്തിയെടുത്തു.

കാലഭ്രമണത്തില്‍ വിശ്വാസങ്ങള്‍ കുലുങ്ങുമ്പോഴും സന്യാസിനികളുടെ പ്രാര്‍ത്ഥനയും പ്രയത്‌നങ്ങളും, വിയര്‍പ്പും കണ്ണീരുമാണ് ഭൂമിയില്‍ ദൈവവിശ്വാസത്തിന്റെ വേരുകള്‍ ഉണങ്ങാതെ കാക്കുന്നത്.

മുന്തിരിത്തോപ്പുകളില്‍ നിന്നുയരുന്ന വിലാപമെന്നു പറയുമ്പോള്‍ കരുണയും, ഒളിഞ്ഞിരിക്കുന്ന സര്‍പ്പദംശനത്തെ സൂചിപ്പിക്കുമ്പോള്‍ ഭയവും, അസ്വീകാര്യങ്ങളായി മാറുന്ന ഉത്സവങ്ങളെ വിമര്‍ശിക്കുമ്പോള്‍ രൗദ്രവും മുഖത്ത് തെളിഞ്ഞു മറയണമായിരുന്നു. ഇതിനും പുറമെയായിരുന്നു കരചലനങ്ങളാല്‍ തീര്‍ക്കേണ്ട ആശയലോകം. എല്ലാറ്റിനുമൊടുവില്‍, 'നീതി ജലം പോലെ ഒഴുകട്ടെ' എന്ന അവസാന വാചകത്തിനൊപ്പം ഒരു നര്‍ത്തകന്റെ വൈഭവത്തോടെ എന്റെ കരങ്ങള്‍ ഉന്നതത്തില്‍ നിന്നും താഴേക്ക് ഒഴുകിയിറങ്ങി പരക്കുന്ന ജലധാരയെ അവതരിപ്പിച്ചതോടെ, പ്രസംഗമത്സരം നടക്കുന്ന ആ ക്ലാസുമുറിയിലെ ചെറിയ സദസ്സ് കരഘോഷത്താല്‍ അഭിനന്ദനങ്ങളുടെ ഓളങ്ങള്‍ തീര്‍ത്തു.

പ്രകടനത്തിനുശേഷം ഞാന്‍, സിസ്റ്റര്‍ ഫിലമിന്‍ ഇരിക്കുന്ന മരബെഞ്ചില്‍ സിസ്റ്ററിനു തൊട്ടരികിലായി ഒഴിഞ്ഞു കിടന്ന ഇടത്തില്‍ ചെന്നിരുന്നു. അപ്പോള്‍, സിസ്റ്റര്‍ എന്നെ നോക്കി ഒരു ഒമ്പതു വയസുകാരന് ഭാവിയിലേക്കും ഉപകാരപ്പെടാവുന്ന ഒരു വാചകം ഉച്ചരിച്ചു.

'നന്നായി പറഞ്ഞൂട്ടോ. ബൈബിള്‍ എല്ലാ ദിവസവും വായിച്ചോളൂ. നിന്റെ ഉള്ളില്‍ ഒരു സ്പിരിറ്റ് ഉണ്ട്.'

അന്ന് മത്സരത്തിന് ഒന്നാം സമ്മാനമായി കിട്ടിയ സ്റ്റീല്‍ പാത്രത്തേക്കാള്‍ തിളക്കവും ദൃഢതയുമുണ്ടായിരുന്നു ആ മൊഴികള്‍ക്ക്. ഉള്ളില്‍ വചനവും കൈയില്‍ തളികയുമായി വീട്ടില്‍ ചെന്നു കയറുമ്പോള്‍ ഇളയമകനു വിജയ് എന്ന് പേരിട്ടത് വെറുതെയായോ എന്നു സംശയിച്ചിരുന്ന മാതാപിതാക്കളുടെ മുഖത്തും തെളിഞ്ഞു, ഒളിമങ്ങാത്തൊരു തിളക്കം.

ആത്മാവ്/ആവേശം ഇതില്‍ ഏതര്‍ത്ഥത്തിലാണ് സ്പിരിറ്റ് എന്ന വാക്ക് സിസ്റ്റര്‍ ഉപയോഗിച്ചതെന്ന് എനിക്ക് അന്ന് നിശ്ചയമില്ലായിരുന്നു. പക്ഷേ, ഉള്ളിലുള്ള എന്തോ ഒന്നിനെ കുറേക്കൂടി ഗൗരവമായിട്ടെടുക്കണമെന്ന ചിന്ത ജീവിതത്തില്‍ വേരു പടര്‍ത്താന്‍ തുടങ്ങിയത് ആ സന്യാസിനിയുടെ വാക്കുകളില്‍ നിന്നാണ്. വായനയെ ഒരു ശീലമാക്കാന്‍, മനസ്സിന്റെ ജാലകങ്ങളെ തുറന്നിടാന്‍, ആത്മാവിനു പോഷണമേകുന്ന കാര്യങ്ങളില്‍ വ്യാപരിക്കാന്‍ ചെറുപ്പം മുതലേ പരിശീലനം നല്‍കിയിട്ടുള്ളത് സിസ്റ്റേഴ്‌സാണ്. പള്ളിയിലും പള്ളിക്കൂടത്തിലും കൈപിടിച്ചു കൂടെ നടന്ന്, അറിവിന്റെയും ആത്മീയതയുടെയും വഴികളില്‍ മുന്നോട്ടു നയിച്ചതും അവര്‍ തന്നെ.

മനുഷ്യര്‍ക്ക് എത്രമാത്രം നന്മയുള്ളവ രാകാം എന്ന് അറിയണമെങ്കില്‍ അവരുടെ ജീവിതങ്ങളെ ഒന്നടുത്തറിയാന്‍ ശ്രമിച്ചാല്‍ മതി.

കുരുന്നുകള്‍ക്ക് അക്ഷരമായും രോഗിക്ക് മരുന്നായും വിശക്കുന്നവന് അപ്പമായും അഗതിക്ക് ആശ്രയമായും അനാഥര്‍ക്ക് അമ്മയായും വാര്‍ധക്യത്തിന് കൂട്ടായും പാപിക്ക് കരുണയായും മാറുന്ന സിസ്റ്റേഴ്‌സിനെക്കുറിച്ച് കൃതജ്ഞതാപൂര്‍വം കരം കൂപ്പി മാത്രമേ ചിന്തിക്കാനാവൂ. അവരെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ മാലാഖമാരുടെ ചിറകടിയൊച്ചകള്‍ കേള്‍ക്കാം.

ഒരാവശ്യം വന്നാല്‍, പ്രാര്‍ത്ഥിക്കാന്‍ പറയത്തക്ക അടുപ്പവും വിശ്വാസവും ഇടവകപ്പള്ളിയിലെ അച്ചന്മാരോടെന്നതിനേക്കാള്‍ തൊട്ടടുത്ത മഠത്തിലെ സിസ്‌റ്റേഴ്‌സിനോടാണ് എന്നും തോന്നാറുള്ളത്. അവരുടെ സാന്നിധ്യവും സഹായവുമാണ് പലപ്പോഴും ജീവിതത്തില്‍ വിശ്വാസവും പ്രത്യാശയും നിറയ്ക്കുന്നത്. ചെറുതാം തലങ്ങളില്‍ ചെറിയവരായി വസിക്കാന്‍ ഇഷ്ടപ്പെടുന്ന അവരുടെ ജീവിതത്തെ മൂന്ന് വാക്കുകളാല്‍ വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിര്‍മ്മലം, നിശബ്ദം, നിസ്വാര്‍ത്ഥം.

കാലഭ്രമണത്തില്‍ വിശ്വാസങ്ങള്‍ കുലുങ്ങുമ്പോഴും സന്യാസിനികളുടെ പ്രാര്‍ത്ഥനയും പ്രയത്‌നങ്ങളും, വിയര്‍പ്പും കണ്ണീരുമാണ് ഭൂമിയില്‍ ദൈവവിശ്വാസത്തിന്റെ വേരുകള്‍ ഉണങ്ങാതെ കാക്കുന്നത്. അവര്‍ ഒരുക്കുന്ന നിലങ്ങളിലാണ് സഭാതരു പൂവിട്ട് കായ്ക്കുന്നത്. സഭയെ ഇപ്പോഴും സാന്ത്വനത്തിന്റെ ഒരു ഇടമായി നിലനിര്‍ത്തുന്നതും അവരുടെ സാന്നിധ്യം തന്നെ.

സന്ന്യാസവും ബ്രഹ്മചര്യവുമൊക്കെ തട്ടിപ്പും അസാധ്യവുമാണെന്നൊക്കെ അടച്ചാക്ഷേപിക്കുമ്പോഴും, നിറകണ്‍ചിരിയോടെ മനുഷ്യരുടെ ആകുലതകളിലേക്കും ആവശ്യങ്ങളിലേക്കും അവരിപ്പോഴും കടന്നുചെല്ലുന്നുണ്ട്. ഈശ്വരന്റെ ഹസ്തപാദങ്ങളായി മാറി സകലജീവജാലങ്ങള്‍ക്കും കരുത്തും കൃപയും പകരുന്നുണ്ട്. പലരും ദൈവത്തെ കാണുന്നതും അറിയുന്നതും സന്യസ്തരുടെ ജീവിതങ്ങളിലൂടെയാണ്. മനുഷ്യര്‍ക്ക് എത്രമാത്രം നന്മയുള്ളവരാകാം എന്ന് അറിയണമെങ്കില്‍ അവരുടെ ജീവിതങ്ങളെ ഒന്നടുത്തറിയാന്‍ ശ്രമിച്ചാല്‍ മതി.

ഇന്ന് സിസ്റ്റര്‍ ഫിലമിന്‍, തന്റെ എണ്‍പത്തഞ്ചാം വയസ്സിലും ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ക്ലേശിക്കുന്ന മക്കള്‍ക്കായി അലഞ്ഞും യാചിച്ചും അവരുടെ പ്രതീക്ഷകളെ വാടാതെ കാക്കാനുള്ള പരിശ്രമത്തിലാണ്.

ഫിലമിനു പുറമെ, ഒന്നാം ക്ലാസില്‍ ആദ്യാക്ഷരങ്ങളുടെ കയറ്റിറക്കങ്ങളില്‍ കരം പിടിച്ച സിസ്റ്റര്‍ ജോസിയമ്മ, സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹനമേകിയ സിസ്റ്റര്‍ മരീന, തിരുത്തലുകളിലൂടെ ചില നല്ല ശീലങ്ങളിലേക്ക് നയിച്ച ഏഴാം ക്ലാസ് അദ്ധ്യാപിക സിസ്റ്റര്‍ റാണിഗ്രെയ്‌സ്, എല്ലാ വൈകുന്നേരങ്ങളിലും തന്റെ ക്ലാസിലെ കുട്ടികളുടെയെല്ലാം നെറുകയില്‍ കൈവച്ച് ആശീര്‍വദിച്ച് ഭവനങ്ങളിലേക്ക് അയക്കുകയും, കണ്ടുമുട്ടുന്നവരുടെയെല്ലാം ജീവിതങ്ങളെ കരുണാര്‍ദ്രമായ ഇടപെടലുകളിലൂടെ പ്രസാദ പൂര്‍ണമാക്കുകയും ചെയ്യുന്ന സിസ്റ്റര്‍ സൂസി....എന്നെ മാത്രമല്ല, ഞങ്ങളുടെ ദേശത്തെ അനേക മനുഷ്യരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന അഗതികളുടെ സഹോദരിമാരുടെ നിര ഏറെ വലുതാണ്. ഒരു പക്ഷേ, ഔദ്യോഗികമായി ഇവരെയൊന്നും സഭ വിശുദ്ധരെന്ന് വാഴ്ത്തി പാടില്ലായിരിക്കാം. എന്നാലും ഞാന്‍ ഇവരെ പ്രതിഷ്ഠിക്കുന്നത് എന്റെ ഹൃദയത്തിലെ അള്‍ത്താരയിലാണ്.

ദൈവത്തിന്റെ കൈനീട്ടമാണ് സമര്‍പ്പിതര്‍, ദൈവസന്നിധിയില്‍ കൈകൂപ്പാന്‍ പ്രേരിപ്പിക്കുന്നതും അവര്‍ തന്നെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org