പാവം സ്‌നാപകയോഹന്നാന്‍

പാവം സ്‌നാപകയോഹന്നാന്‍
ഞാന്‍ കുറിക്കുന്ന ഈ ലേഖനം പലര്‍ക്കും അപ്രീതിയുണ്ടാക്കിയേക്കാം. ചിലര്‍ക്ക് ഒരുപക്ഷേ, വിയോജിപ്പും. അനേക നൂറ്റാണ്ടുകളായി സത്യവിശ്വാസികള്‍ മനസ്സിലാക്കിയും വിശ്വസിച്ചും പോരുന്ന ഒരു ബലപ്പെട്ട സത്യത്തെയാണ് ഞാന്‍ അല്പം തിരുത്താന്‍ ശ്രമിക്കുന്നത്. വിശുദ്ധരായ സുവിശേഷകന്മാര്‍ കുറിച്ചിട്ട വാക്യങ്ങളില്‍ - ബൈബിളിലെ തിരുവചനങ്ങളില്‍ തൊടുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും തെറ്റാണെന്ന വിമര്‍ശനം ഉയര്‍ന്നേക്കാം. എന്നാല്‍ ഞാന്‍ വായിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തപ്പോള്‍ അതില്‍നിന്നു ഉരുത്തിരിഞ്ഞു വന്ന വലിയൊരു സത്യം വിശ്വാസിസമൂഹം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്ന് എനിക്കു തോന്നി.

ലൂക്കായുടെ സുവിശേഷം 1-ല്‍ പറഞ്ഞിരിക്കുന്നുപോലെ വയോധികനും പുരോഹിതനുമായ സഖറിയായും അദ്ദേഹത്തിന്റെ ഭാര്യയായ എലിസബത്തും ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ കല്പനകള്‍ കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍ക്കു മക്കളുണ്ടായിരുന്നില്ല. എലിസബത്തു വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.

ഒരു ദിവസം സഖറിയാ കര്‍ത്താവിന്റെ ആലയത്തിലായിരിക്കെ ധൂപാര്‍പ്പണസമയത്തു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ''സഖറിയാ! നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്കൊരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരി പാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറയും.'' താമസിയാതെ അവന്റെ ഭാര്യ എലിസബത്തു ഗര്‍ഭം ധരിച്ചു. സമയത്തിന്റെ പൂര്‍ണ്ണതയില്‍ എലിസബത്തു പ്രസവിച്ചു. ആ കുഞ്ഞാണ് യോഹന്നാന്‍ - സ്‌നാപക യോഹന്നാന്‍.

മത്തായിയുടെ സുവിശേഷം 3-ല്‍ 1-6 ഇപ്രകാരമാണ്: ''അക്കാലത്തു സ്‌നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിന്‍. സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകന്‍ വഴി ഇങ്ങനെ അരുളിചെയ്യപ്പെട്ടത്: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം - കര്‍ത്താവിന് വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരെയാക്കുവിന്‍. യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരിക്കുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം. ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്റെ പരിസര പ്രദേശങ്ങളിലും നിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു, ജോര്‍ദാന്‍ നദിയില്‍ വച്ച് അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.''

ഒരു താപസശ്രേഷ്ഠനും ത്യാഗിവര്യനും വീഞ്ഞോ ലഹരിപാനീയമോ ഉപയോഗിക്കാത്തവനും പരിശുദ്ധാരൂപിയാല്‍ നിറഞ്ഞവനുമായ യോഹന്നാന്റെ ഭക്ഷണം കാട്ടുതേനും വെട്ടുകിളിയുമായിരുന്നു എന്നു വചനം വ്യക്തമായി പറയുന്നു. എന്റെ സംശയവും യുക്തിചിന്തയും ഇവിടെ തലപൊക്കുന്നു.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വെട്ടുകിളി മാംസഭക്ഷണമാണ്. വെട്ടുകിളി എന്താണെന്നു നമുക്കെല്ലാവര്‍ക്കും അറിയാം. ഒറ്റയ്ക്കും പറ്റമായും സഞ്ചരിച്ച് കാര്‍ഷികവിളകള്‍ സമൂലം നശിപ്പിക്കുന്ന പുല്‍ച്ചാടി അല്ലെങ്കില്‍ പച്ചക്കുതിര വര്‍ഗത്തില്‍പ്പെട്ട ജീവികളാണ്. കിളികളെപ്പോലെ പറന്നു നടക്കുന്നവയല്ല. തെല്ലും മാംസളമല്ല അവയുടെ ശരീരം, അവയെയാണ് സ്‌നാപകയോഹന്നാന്‍ ഭക്ഷിച്ചത് എന്നു ബൈബിള്‍ പറയുന്നു. ഇവിടെയാണ് എനിക്കുള്ള സന്ദേഹവും അഭിപ്രായ വ്യത്യാസവും. യോഗിവര്യനും പുണ്യാത്മാവുമായ ആ സന്യാസി വെട്ടുകിളിയെ പിടിച്ചു തിന്നുമോ? അങ്ങനെ തിന്നുവെങ്കില്‍ എന്റെ നോട്ടത്തില്‍ അദ്ദേഹത്തിന്റെ ദിവ്യവ്യക്തിത്വത്തിന് അതു മങ്ങലേല്പിക്കുകയല്ലേ?

കാട്ടുതേന്‍ കുടിക്കുന്ന യോഹന്നാന്‍ എത്ര വിശപ്പുണ്ടായാലും അത്തരം ജീവികളെ പിടിച്ചുതിന്നുമോ? അങ്ങനെ തിന്നുവെങ്കില്‍ എത്രമാത്രം ജീവികളെ തിന്നാലാണ് വിശപ്പു ശമിക്കുക? ഇതില്‍ എനിക്കു ബലമായ സംശയമുണ്ട്. അങ്ങനെ സംഭവിക്കുമോ, ഇതു സത്യമാണോ തുടങ്ങിയുള്ള ചില സംശയങ്ങളും ചിന്തകളും അടുത്തകാലത്താണ് എന്നില്‍ മുളപൊട്ടിയത്. സംശയം വന്നാല്‍ അതു മനസ്സില്‍ സൂക്ഷിക്കുന്നതു നന്നല്ലല്ലൊ. സംശയനിവാരണത്തിനായി ഞാന്‍ ചില പ്രാമാണികഗ്രന്ഥങ്ങളും നിഘണ്ടുക്കളും മറ്റു ചില രേഖകളും പരിശോധിക്കുകയുണ്ടായി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗവേഷണപരമായ ഒരന്വേഷണം!

യോഹന്നാന്റെ യൗവനകാലത്തെക്കുറിച്ച്, അവന്‍ മരുഭൂമിയിലായിരുന്നു എന്നൊഴികെ വേറെ വിവരങ്ങളൊന്നും നമുക്കില്ല. അങ്ങനെ ദീര്‍ഘകാലം മരുപ്രദേശത്ത് അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ വരണ്ടുണങ്ങിയ, നീണ്ടുപരന്നു കിടക്കുന്ന മരുഭൂമിയില്‍, കൃഷികള്‍ നശിപ്പിക്കുവാന്‍ പറ്റമായി സഞ്ചരിക്കുന്ന വെട്ടുകിളികള്‍ കാണുമോ? അവയ്ക്കു വി ഹരിക്കാന്‍ കൃഷികള്‍ കാണുമോ? എന്റെ നോട്ടത്തില്‍ അതിനു സാധ്യതയില്ല.

മദ്ധ്യപൂര്‍വദേശങ്ങളില്‍ ഇവയുടെ ആക്രമണം സാധാരണമായിരുന്നു. ദൈവം ഈജിപ്തിനുമേല്‍ അയച്ച ബാധകളിലൊന്നു വെട്ടുകിളികളുടെ ആക്രമണമായിരുന്നു. അനുസരണക്കേടു കാട്ടിയ ഇസ്രായേല്‍ ജനതയെയും വെട്ടുകിളികളെ അയച്ചു ദൈവം ശിക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ യോഹന്നാന്‍ എന്താണ് ഭക്ഷിച്ചത്?

ആയിരത്തിലേറെ പേജുള്ള മലയാളം ബൈബിള്‍ നിഘണ്ടുവില്‍ ഒരു ഭാഗത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: ''സ്‌നാപകയോഹന്നാന്റെ ഭക്ഷണം വെട്ടുകിളിയും കാട്ടുതേനുമായിരുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന വെട്ടുകിളി കീടമല്ല, പ്രത്യുത, ഇസ്രായേലില്‍ കാണുന്ന കരോബുമരങ്ങളുടെ കായയാണെന്നു കരുതുന്നവരുണ്ട്.'' മറ്റൊരിടത്ത് ഇങ്ങനെയും പറഞ്ഞിരിക്കുന്നു: ''ശുദ്ധ ജീവികളില്‍പ്പെട്ടവയായതിനാല്‍ വെട്ടുകിളികളെ ഭക്ഷിക്കാമെന്ന് മോശയുടെ നിയമം അനുശാസിക്കുന്നു.'' ബൈബിള്‍ പണ്ഡിതനായ ഒരു വന്ദ്യവൈദികന്‍ ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു. ''ഭക്ഷണത്തില്‍ കഠിനമായ സംയമനം പാലിച്ചിരുന്ന താപസിയായ യോഹന്നാന്‍ ജീവനോടെ വെട്ടുകിളികളെ ഭക്ഷിച്ചിട്ടും അശുദ്ധനായിരുന്നില്ല.

ഇങ്ങനെയൊക്കെ വന്നപ്പോള്‍ എന്നില്‍ ആശയക്കുഴപ്പം വര്‍ദ്ധിച്ചു. ഒപ്പം എന്റെ അന്വേഷണ ത്വരയും വര്‍ധിച്ചു. എന്റെ തുടര്‍ന്നുള്ള വിശദമായ പരിശോധനയില്‍, 1600-ലേറെ പേജുള്ള ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ Locust എന്ന പദത്തിന് ഇങ്ങനെ അര്‍ത്ഥം കൊടുത്തിരിക്കുന്നു: 'പച്ചക്കുതിരയെപ്പോലുള്ളതും വലിയ പറ്റങ്ങളായി വന്നു വിള നശിപ്പിക്കുന്നതുമായ ചിറകുള്ള പൂച്ചി, വെട്ടുകിളി, ആര്‍ത്തിയോടെ വിഴുങ്ങുന്നവന്‍, നശിപ്പിക്കുന്നവന്‍... അതേ പേജില്‍ തന്നെ മറ്റൊരു അര്‍ത്ഥംകൂടി കൊടുത്തിരിക്കുന്നു. ''മെഡിറ്ററേനിയന്‍ പ്രദേശത്തെ ഒരു പയര്‍വര്‍ഗവൃക്ഷം (Carob bean)'' Carob (കാരബ്)ന്റെ അര്‍ത്ഥം നോക്കിയപ്പോള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു: ''മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ ഒരു അമരിവര്‍ഗവൃക്ഷം (Locust Tree or St. John's bread). ഇതിന്റെ മാംസളമായ കനികള്‍ മനുഷ്യനും കന്നുകാലികള്‍ക്കും വിശിഷ്ടഭോജ്യമത്രേ.''

ഇതു കണ്ടപ്പോള്‍ ഏറെ ആശ്വാസവും ആശ്ചര്യവും തോന്നി. അതായതു സ്‌നാപകയോഹന്നാന്‍ കഴിച്ചിരുന്നതു വെട്ടുകിളികളെയല്ല മറിച്ചു മരത്തിലെ കനികളാണ് - പഴവര്‍ഗമാണ്. അതാണ് സത്യവും.

നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഈ വൃക്ഷം മെഡിറ്ററേനിയന്‍ ഭാഗത്തു വളര്‍ത്തിയിരുന്നുവത്രെ. പുരാതനഗ്രീസിലും ഇറ്റലിയിലും ഈ വൃക്ഷം നട്ടുപിടിപ്പിച്ചിരുന്നു. ഈ ഫലവൃക്ഷം സമൃദ്ധമായി കായ്ക്കുവാന്‍ 8 മുതല്‍ 15 വര്‍ഷം വരെ എടുക്കും. ഈ പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പണ്ടുകാലത്തെ ഗായകര്‍ തങ്ങളുടെ തൊണ്ടയ്ക്കും സ്വരശുദ്ധിക്കും ഉപകരിക്കുമെന്ന ബോധ്യത്തിലും ഔഷധഗുണമുണ്ടെന്ന വിശ്വാസത്തിലും ഈ പഴത്തിന്റെ തൊണ്ട് (തൊലി) ചവച്ചുതിന്നിരുന്നു.

ഒരേ വലിപ്പവും നല്ല കട്ടിയുമുള്ള ഇതിന്റെ കുരു ഇറ്റലിക്കാര്‍ ജപമാലയുണ്ടാക്കുവാനും സ്വര്‍ണ്ണം കൃത്യമായി തൂക്കിനോക്കുന്നതിനുള്ള അളവായും ഉപയോഗിക്കുന്നുണ്ട്.

നല്ല വളര്‍ച്ചയെത്തിയ ഒരു മരത്തിന് 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരമുണ്ടാവും. ഇതിന്റെ തടി മനോഹരമായ ഫര്‍ണീച്ചര്‍ നിര്‍മ്മിക്കാനും ഉപയോഗിച്ചു വരുന്നു.

ഇങ്ങനെ എല്ലാം കൊണ്ടും ഈ വൃക്ഷത്തെ അനുഗൃഹീതവൃക്ഷം എന്നു തന്നെ വിളിക്കണം - പ്രത്യേകിച്ചും സ്‌നാപകയോഹന്നാന്റെ മുഖ്യആഹാരത്തിനായി രുചിയേറിയ പഴങ്ങള്‍ സമ്മാനിച്ച ഈ വൃക്ഷത്തെ.

ചുരുക്കത്തില്‍ എന്റെ സത്യാന്വേഷണതൃഷ്ണയാണ് ഇത്രയും വിശദവും വിപുലവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്നെ സഹായിച്ചത്.

അവസാനമായി ഒരു കാര്യം കൂടി. നമ്മുടെ ബൈബിള്‍ പണ്ഡിതന്മാര്‍, വൈദികമേലധ്യക്ഷന്മാര്‍, മതനേതാക്കള്‍, വേദപുസ്തകവ്യാഖ്യാതാക്കള്‍, വൈദികപ്രമുഖര്‍, സെമിനാരി പ്രൊഫസര്‍മാര്‍ - ഇവര്‍ ആരും തന്നെ ഇതുവരെ ഈ സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ക്രൈസ്തവ വിശ്വാസിസമൂഹത്തെ ധരിപ്പിച്ചിട്ടില്ല. ഇതു വലിയൊരു കുറവായി ഞാന്‍ കാണുന്നു.

പരമശുദ്ധനായ പാവം യോഹന്നാന്‍ നൂറ്റാണ്ടുകളായി വിശ്വാസികളാല്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. താനറിയാത്ത തെറ്റിന് ഇത്രയും കാലം പരോക്ഷമായി പഴി കേട്ടിരിക്കുന്നു.

ഒരഭ്യര്‍ത്ഥനയേയുള്ളൂ എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ വിശ്വസനീയവും തൃപ്തികരവുമായ വിശദീകരണങ്ങള്‍ നല്കി വിശ്വാസിസമൂഹത്തിന്റെ ഈ തെറ്റായ ധാരണ തിരുത്തുക. ബൈബിളിന്റെ പുതിയ പുതിയ പതിപ്പുകളില്‍ ആ രീതിയില്‍ വ്യാഖ്യാനം വരട്ടെ.

ഒരിക്കലും തിരുത്താത്തതിലും ഭേദമല്ലെ വൈകിയായാലും തിരുത്തുന്നത്. It is better late than never.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org