
പുരോഹിതര്‍ ജനങ്ങളെ അന്വേഷിച്ച്, അവരുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്നു ശുശ്രൂഷ ചെയ്യേണ്ട ആവശ്യം ഇന്നുണ്ട്. ജനം വരാന്‍ വേണ്ടി കാത്തിരിക്കുന്ന ഓഫീസുകളാകരുത് പുരോഹിതര്‍. കാത്തിരുന്നു ശുശ്രൂഷ ചെയ്യേണ്ടവരല്ല, മറിച്ച് അന്വേഷിച്ചു ചെന്നു ശുശ്രൂഷ ചെയ്യേണ്ടവരാണു പുരോഹിതര്‍. അവരവരുടെ ഇടങ്ങളില്‍ ഒതുങ്ങിയിരിക്കുകയും ആരെങ്കിലും തേടി വന്നാല്‍ സേവനം കൊടുക്കുകയുമാണ് ഇന്നു പലരും ചെയ്തു വരുന്നത്. അതിനു വിരുദ്ധമായി, ആളുകളെ അന്വേഷിച്ച് അവരുടെ പക്കലേക്കു ചെന്നു സേവനം നല്‍കേണ്ടതുണ്ട്.
പള്ളിയില്‍ മാത്രമല്ല പുരോഹിതരുടെ ശബ്ദം ജനം കേള്‍ക്കേണ്ടത്. പള്ളിയ്ക്കുള്ളില്‍ മാത്രമാണു പുരോഹിതന്റെ ശബ്ദം കേള്‍ക്കുന്നതെങ്കില്‍ അത് അപരിചിതമായ സ്വരമായിരിക്കും. അത്തരം ഇടയന്മാരെ ആടുകള്‍ അനുഗമിക്കുകയില്ല. ആളുകളുടെ കുടുംബങ്ങളില്‍, അവരുടെ ജീവിതപ്രശ്‌നങ്ങളില്‍, വേദനകളില്‍ അവര്‍ കേള്‍ക്കുന്ന, അവര്‍ക്കു ശക്തി പകരുന്ന സ്വരമായി പുരോഹിതരുടെ സ്വരം മാറണം. അപ്പോള്‍ പുരോഹിതരുടെ സ്വരം സുപരിചിതമായി മാറും. സുപരിചിതമായ ശബ്ദമുള്ള ഇടയന്മാരുടെ കൂടെ ജനമുണ്ടാകും.