ഡോക്ടര്‍, എന്‍ജിനീയര്‍, പ്രീസ്റ്റ്: കോട്ടുകള്‍ക്കു മേലണിഞ്ഞ പുരോഹിതവസ്ത്രങ്ങള്‍...

ഡോക്ടര്‍, എന്‍ജിനീയര്‍, പ്രീസ്റ്റ്: കോട്ടുകള്‍ക്കു മേലണിഞ്ഞ പുരോഹിതവസ്ത്രങ്ങള്‍...

എന്താകാനാഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് ഉയര്‍ന്ന മാര്‍ക്കു നേടുന്ന കുട്ടികളിലേറെയും ഇന്നും നല്‍കുന്ന ഉത്തരം ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ എന്നു തന്നെയാണ്. മക്കളുടെ അഭിരുചികളെ അവഗണിച്ച് അവരെ ഡോക്ടറും എന്‍ജിനീയറുമാകാന്‍ നിര്‍ബന്ധിക്കുന്ന മാതാപിതാക്കളും സാധാരണം. ഡോക്ടറും എന്‍ജിനീയറുമാകാന്‍ തീവ്രമായി ആഗ്രഹിച്ചിട്ടും അതിനവസരം ലഭിക്കാതെ പോകുന്നവരുടെ എണ്ണവും ലക്ഷങ്ങളിലാണ്. പ്രവേശനപരീക്ഷയെഴുതുന്നവരുടെയും ആവര്‍ത്തിച്ചെഴുതുന്നവരുടെയും എണ്ണമെടുത്താല്‍ മതിയല്ലോ ഇതറിയാന്‍.

ഈ പശ്ചാത്തലത്തില്‍, കടുത്ത മത്സരപരീക്ഷകള്‍ ജയിച്ച് ഡോക്ടറും എന്‍ജിനീയറുമായ രണ്ടു പേരാണ് തോമസും ജോണ്‍സും. തൃശൂര്‍ പുങ്കുന്നം സ്വദേശിയായ തോമസ് ഡോക്ടറായി, തൊടുപുഴ കദളിക്കാട് ജോണ്‍സ് എന്‍ജിനീയറും തുടര്‍ന്ന് എംഎസ് നേടി ശാസ്ത്രജ്ഞനുമായി. പക്ഷേ ഇരുവരും പിന്നീടു സെമിനാരിയില്‍ ചേരുകയായിരുന്നു, ഇപ്പോള്‍ പുരോഹിതരുമായി. ഡോക്ടറുടെയും ശാസ്ത്രജ്ഞന്റെയും കോട്ടുകളുടെ മേല്‍ സമര്‍പ്പണത്തിന്റെ നീണ്ട ശുഭ്രവസ്ത്രം ഇക്കഴിഞ്ഞയാഴ്ചകളില്‍ അവരണിഞ്ഞു. രണ്ടു പേരുടെയും ദൈവവിളികള്‍ക്കു പിന്നില്‍ കോളേജിലെ ജീസസ് യൂത്ത് ജീവിതത്തിന്റെ പിന്നാമ്പുറവുമുണ്ട്.

തൃശൂര്‍ അതിരൂപതയിലെ പൂങ്കുന്നം കിടങ്ങന്‍ ഫ്രാന്‍സിസ് സേവ്യര്‍-ഷീല സേവ്യര്‍ ദമ്പതികളുടെ മകനാണു നവവൈദികനായ ഫാ. തോമസ് കിടങ്ങന്‍. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലായിരുന്നു എംബിബിഎസ് പഠനം. പഠനകാലത്തു തന്നെ ജീസസ് യൂത്തില്‍ സജീവമായിരുന്ന അദ്ദേഹം ഹൗസ് സര്‍ജന്‍സി കാലത്താണ് പൗരോഹിത്യത്തിലേയ്ക്കും സന്യാസത്തിലേയ്ക്കുമുള്ള തന്റെ ദൈവവിളി തിരിച്ചറിയുന്നത്.

ഡോക്ടറെന്ന നിലയില്‍ സ്വന്തമാക്കിയ അറിവുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന പൗരോഹിത്യജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹത്തെ കമില്യന്‍ സന്യാസസമൂഹത്തിലേയ്ക്കു നയിച്ചു. ആതുരശുശ്രൂഷയാണ് കമില്യന്‍ സന്യാസസമൂഹത്തിന്റെ സവിശേഷമായ കാരിസം. രോഗികളില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കാന്‍ ശ്രമിക്കുന്ന സമര്‍പ്പിതസമൂഹം. ഈ സന്യാസസമൂഹത്തിന്റെ സ്ഥാപകനായ വി. കമില്ലസ് ഡി ലെല്ലിസിന്റെ ജീവചരിത്രം വായിക്കുകയും സമൂഹത്തെ ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് അതില്‍ ചേരാന്‍ തീരുമാനിച്ചത്.

1582-ലാണു വിശുദ്ധ കമില്ലസ് തന്റെ സന്യാസസമൂഹത്തിനു തുടക്കമിട്ടത്. ദൈവസ്നേഹത്തെപ്രതി പൂര്‍ണഹൃദയത്തോടെ രോഗീപരിചരണം നടത്തുന്ന ഒരു സമര്‍പ്പിതസമൂഹം സ്ഥാപിക്കുകയെന്ന ദൈവഹിതം തിരിച്ചറിഞ്ഞതാണ് വിശുദ്ധനു ഈ സമൂഹസ്ഥാപനത്തിനു പ്രേരണയായത്. ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളും ഉള്‍പ്പെടെ ആശുപത്രികളില്‍ സേവനം ചെയ്യുന്ന എല്ലാവരുടെയും സ്വര്‍ഗീയമദ്ധ്യസ്ഥനാണു സെന്റ്കമില്ലസ്. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിങ്ങനെ സന്യാസികളെല്ലാവരും സ്വീകരിക്കുന്ന മൂന്നു വ്രതങ്ങള്‍ കൂടാതെ, സ്വജീവന്‍ പണയപ്പെടുത്തിയും സാംക്രമിക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന വരെപ്പോലും സേവിക്കുമെന്ന നാലാമത്തെ വ്രതം കൂടി സ്വീകരിക്കുന്നവരാണ് കമില്യന്‍ സന്യാസികള്‍. എയ്ഡ്‌സ് രോഗികള്‍ക്കുള്ള ഭവനങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ നടത്തുകയും ചെയ്യുന്നു.

ഇപ്രകാരം, കമില്യന്‍ സമൂഹത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയ ശേഷം 2015-ല്‍ തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ കമില്യന്‍ സമൂഹത്തിന്റെ സെമിനാരിയില്‍ ഡോക്ടര്‍ തോമസ് ഒരു നവസന്യാസാര്‍ത്ഥിയായി പൗരോഹിത്യ പരിശീലനത്തിനു തുടക്കമിട്ടു. പൂങ്കുന്നം സെ. ജോസഫ്‌സ് പള്ളിയില്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചുകൊണ്ടു സമര്‍പ്പിതജീവിതത്തിന്റെ സുപ്രധാനഘട്ടത്തിലേയ്ക്കു കടന്നിരിക്കുകയാണു ഫാ. ഡോ. തോമസ് കിടങ്ങന്‍.

കടുത്ത മത്സരപരീക്ഷകള്‍ ജയിച്ച് ഡോക്ടറും എന്‍ജിനീയറുമായ രണ്ടു പേരാണ് തോമസും ജോണ്‍സും. തൃശൂര്‍ പുങ്കുന്നം സ്വദേശിയായ തോമസ് ഡോക്ടറായി, തൊടുപുഴ കദളിക്കാട് ജോണ്‍സ് എന്‍ജിനീയറും തുടര്‍ന്ന് എംഎസ് നേടി ശാസ്ത്രജ്ഞനുമായി. പക്ഷേ ഇരുവരും പിന്നീടു സെമിനാരിയില്‍ ചേരുകയായിരുന്നു, ഇപ്പോള്‍ പുരോഹിതരുമായി.

അബുദാബിയില്‍ ശാസ്ത്രജ്ഞനായ ഫ്രാന്‍സിസ്, കാനഡയില്‍ എന്‍ജിനീയറായ ജോണ്‍, ബംഗളുരുവില്‍ എന്‍ജിനീയറായ പോള്‍സണ്‍ എന്നിവരാണ് ഫാ. തോമസിന്റെ സഹോദരങ്ങള്‍.

കൊച്ചി രാജഗിരി എന്‍ജിനിയറിംഗ് കോളജിലെ ബി ടെക് (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) രണ്ടാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു തൊടുപുഴ, കദളിക്കാട് മഞ്ഞപ്പള്ളില്‍ ജോര്‍ജി ന്റെയും ക്രിസ്റ്റ്യാനയുടെയും മകനായ ജോണ്‍സ് ജോര്‍ജ്. അവസാന സെമസ്റ്ററില്‍ പഠിക്കുമ്പോള്‍ തന്നെ ബഹുരാഷ്ട്രകമ്പനിയില്‍ കനത്ത ശമ്പളത്തില്‍ ജോണ്‍സിനു ജോലി ലഭ്യമായി. ബി ടെക് പൂര്‍ത്തിയാക്കിയ ശേഷം ഹുവാവേ കമ്പനിയുടെ ഭാഗമായി ബംഗളുരുവിലും ചൈനയിലും ജോലി ചെയ്തു. തുടര്‍ന്ന് ജര്‍മ്മനിയിലെ ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനമെന്ന ആകര്‍ഷകമായ അവസരം തേടിയെത്തി. രണ്ടു വര്‍ഷത്തെ പഠനവിഷയങ്ങള്‍ സമയത്തിനു മുമ്പേ പൂര്‍ത്തീകരിച്ചതിനാല്‍, ഫ്രോണ്‍ഹോഫര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞനായി നിയമിതനായി. ജര്‍മന്‍ സൈന്യത്തിനു വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്ന ഗവേഷണകേന്ദ്രമായ ഫ്രോണ്‍ഹോഫറിലെ ജോലി സ്വപ്നതുല്യമായ പ്രതിഫലമുള്ളതായിരുന്നു.

പക്ഷേ, പുരോഹിതനായി വടക്കുകിഴക്കനിന്ത്യയില്‍ പ്രേഷിത ജോലി ചെയ്യുക എന്ന സ്വപ്നത്തെ തടയാന്‍ യൂറോപ്പിലെ ആകര്‍ഷകമായ അവസരങ്ങളെ ജോണ്‍സ് അനുവദിച്ചില്ല. ബംഗളുരുവിലെ ഉദ്യോഗകാലത്താണ് ദൈവത്തെ പകര്‍ന്നു മിഷണറിയായി ജീവിക്കുകയെന്ന തീരുമാനത്തിലേയ്ക്കു ജോണ്‍സ് വന്നത്. 2010ലെ പുതുവത്സരദിനത്തില്‍ ദൈവത്തിനു കൊടുത്ത വാക്കായിരുന്നു ആ തീരുമാനം. 2012-ല്‍ ജോണ്‍സ് സലേഷ്യന്‍ സന്യാസസമൂഹത്തിന്റെ ദിമാപൂര്‍ പ്രൊവിന്‍സില്‍ നവസന്യാസാര്‍ത്ഥിയായി ചേര്‍ന്നു.

ആസാം, നാഗാലാന്‍ഡ്, ആലുവ, മണിപ്പൂര്‍, എന്നിവിടങ്ങളിലായി പുരോഹിത പരീശീലനം പൂര്‍ത്തിയാക്കിയ ജോണ്‍സ് മഞ്ഞപ്പള്ളില്‍, കദളിക്കാട് വിമലമാതാ പള്ളിയില്‍ കോതമംഗലം ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. സിസ്റ്റര്‍ ജിന്‍സി മരിയ എസ്ഡി, മെജോ എന്നിവരാണു നവവൈദികന്റെ സഹോദരങ്ങള്‍. ഇനി മണിപ്പൂരിലെ ഗ്രാമങ്ങളിലായിരിക്കും ഫാ. ജോണ്‍സ് മഞ്ഞപ്പള്ളില്‍ സേവനത്തിലേര്‍പ്പെടുക.

ക്രിസ്തു ഒരു യുവാവിന്റെ നെറുകയില്‍ ചുംബിച്ച് വരൂ എന്നു വിളിച്ചാല്‍, ആര്‍ക്ക് അതു നിഷേധിക്കാനാകും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org