
ഓരോ പുരോഹിതനും എമ്മാവൂസിലെ ഈശോ ആയി മാറണം, യുവത്വത്തെ സമീപിക്കുമ്പോള്‍. ഞങ്ങളുടെ കൂടെ നടന്ന്, ഞങ്ങളില്‍ ഒരാളായി ഞങ്ങള്‍ പോലും അറിയാതെ ഈശോയെ കൈമാറണം, വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും. ഒരു പുരോഹിതന്‍ കൂടെയുള്ളപ്പോള്‍ യുവാക്കളുടെ ഹൃദയം ജ്വലിക്കണം, എമ്മാവൂ സിലെ ശിഷ്യരുടേത് പോലെ. ചിരിച്ചും ചിന്തിപ്പിച്ചും കടന്നു പോവുമ്പോള്‍ ഓരോ യുവാവും തിരിച്ചറിയണം, തമ്മില്‍ പറയ ണം, കൂടെ ഉണ്ടായിരുന്നവന്‍ ക്രിസ്തു ആയിരുന്നു എന്ന്. മനുഷ്യര്‍ തമ്മില്‍ അകലങ്ങള്‍ ഏറുന്ന ഈ കാലയളവില്‍ എമ്മാവൂസിലെ ക്രിസ്തു ആവാന്‍ ഓരോ പുരോഹിതനും സാധിക്കട്ടെയെന്നതാണ് ആശംസയും പ്രാര്‍ത്ഥനയും.
നിത്യപുരോഹിതനായ ഈശോയെ സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിക്കേണ്ടവരാണു പുരോഹിതര്‍. സത്യവും ധര്‍മ്മവും പാലിക്കപ്പെടുവാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവര്‍. അവഹേളനങ്ങളുടെ വേദനയിലും നിറപുഞ്ചിരി തൂകുവാന്‍ വിധിക്കപ്പെട്ടവര്‍. പച്ചമരത്തിന്മേല്‍ പച്ചിരുമ്പുകൊണ്ടു തറച്ച ശരീരത്തില്‍ നിന്നു ഒഴുക്കിയ രക്തം കൊണ്ടു ലോകരക്ഷ സാധിച്ചവനെ മനുഷ്യര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍. അവര്‍ എത്രയോ മഹത്വമുള്ളവര്‍. കാലചക്രം മുന്നോട്ടു കറങ്ങുമ്പോള്‍ ചില മൂല്യച്യുതികള്‍ എവിടൊക്കെയോ സംഭവിക്കുന്നുണ്ട് എന്നതു നിര്‍ഭാഗ്യകരം.
മാമ്മോദീസായിലൂടെ ഒരു വ്യക്തിയെ തിരുസ്സഭയുടെ ഭാഗമാക്കി, അവന്റെ അവസാന ശ്വാസം വരെയും ദൈവസ്‌നേഹത്തെ അനുഭവവേദ്യമാക്കി തരുന്നത് പൗരോഹിത്യം നെഞ്ചേറ്റിയ മനുഷ്യരാണ്. ഈ പൗരോഹിത്യത്തെ എന്നും നമുക്കും നെഞ്ചിലേറ്റാം.
നിങ്ങളെന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തതെന്ന് വിശുദ്ധ ബൈബിളില്‍ പറയുന്നതുപോലെ ഈ വിളി തിരിച്ചറിഞ്ഞ്, ലോകത്തെ വെടിഞ്ഞ്, ഈശോയ്ക്ക് പൂര്‍ണമായി തന്നെ തന്നെ സമര്‍പ്പിച്ചു കൊണ്ട്, ഈശോയുടെ പ്രതിപുരുഷനാവാന്‍ ഈശോ പ്രത്യേകം തെരഞ്ഞെടുത്തവരാണ് പുരോഹിതര്‍. ദൈവത്തിന്റെയും വിശ്വാസികളുടെയും ഇടയില്‍ മധ്യവര്‍ത്തികളായി നിന്നുകൊണ്ട് ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടരായ പുരോഹിതര്‍, ജനങ്ങളുടെ പ്രീതി പ്രതീക്ഷിക്കാതെ ദൈവത്തിനായി എല്ലാം അര്‍പ്പിച്ച് പൗരോഹിത്യം എന്ന പരിശുദ്ധ ശുശ്രൂഷയില്‍ പങ്കുകാരാകുമ്പോള്‍ പുരോഹിതന്‍ തന്റെ ശുശ്രൂഷ സഭയ്ക്കു വേണ്ടിയുള്ള ശുശ്രൂഷയാക്കി മാറ്റുന്നു. ദൈവജനത്തിന്റെ വിശ്വാസ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ദരിദ്രരെയും അശരണരെയും പരിഗണിച്ചുകൊണ്ട്, വഴിതെറ്റിപ്പോയ കുഞ്ഞാടുകളെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാനും വിശ്വാസികളുടെ പ്രശ്‌നങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും കൂടെ ചേര്‍ത്തുനിര്‍ത്തി നയിക്കാനും ഈശോയുടെ സ്‌നേഹത്തെ നമുക്ക് ഓരോരുത്തര്‍ക്കും പകുത്തു നല്കാനും വിശ്രമമില്ലാതെ സദാ അധ്വാനിക്കുന്നവരാണ് പൗരോഹിത്യത്തില്‍ ആയിരിക്കുന്ന ഓരോ പുരോഹിതനും.
എന്നാല്‍ ഈ കാലഘട്ടത്തില്‍ പുരോഹിതരോടുള്ള നമ്മുടെയെല്ലാം കാഴ്ചപ്പാടുകള്‍ക്ക് കോട്ടങ്ങള്‍ സംഭവിച്ചിരിക്കുന്നു. പൗരോഹിത്യം എന്ന കൂദാശവഴി അവര്‍ സ്വീകരിച്ച വിശുദ്ധമായ ഈ കുപ്പായത്തിന്റെ വിശുദ്ധി നാമിന്ന് അവഗണിക്കുന്നു. അതിനോടുള്ള ആദരവ് കുറഞ്ഞുവരുന്നു. ലോകത്തിലുള്ളതെല്ലാം തനിക്ക് കിട്ടണമെന്ന് ആഗ്രഹിക്കുകയും മറ്റുള്ളവര്‍ക്ക് ഉള്ളതെല്ലാം തനിക്കും കൂടി അവകാശപ്പെട്ടതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. അനുയായികളും ദാസന്മാരും വര്‍ദ്ധിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പൗരോഹിത്യത്തിന്റെ വിലയോ, വിശുദ്ധിയോ അറിയ ണമെന്നില്ല! സ്വന്തം നേട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ ഒത്തിരി പേര്‍ കാണും. എന്നാല്‍ ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം വ്യയം ചെയ്തു ഇല്ലാതാകുമ്പോഴാണ് ഓരോ പുരോഹിതനും തന്റെ പൗരോഹിത്യം സാര്‍ത്ഥകമാക്കുന്നത്. ആ വിശുദ്ധിയെ തിരിച്ചറിയാന്‍ സമയം അതിക്രമിച്ചു.
കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങളിലും വിദ്വേഷത്തിന്റെ മതിലുകള്‍ പൊളിച്ച് പരസ്‌നേഹത്തിന്റെയും ദൈവ സ്‌നേഹത്തിന്റെയും വാതായനങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നു കൊടുത്ത മനസ്സുകള്‍ക്ക് ഉടമകളാണ് നമ്മുടെ ഇടയന്മാര്‍. പങ്കുവയ്ക്കപ്പെടുന്ന ഈ സ്‌നേഹമാണ് നാം തിരിച്ചറിയേണ്ടതും. മനുഷ്യരാണെന്നും നമ്മള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലൂടെ അവരും കടന്നുപോകുന്നുണ്ടെന്നും, പല പ്രശ്‌നങ്ങളും പ്രതിസന്ധികളും അവരുടെയും ജീവിതങ്ങളില്‍ ഉണ്ടാകുമെന്നും നമ്മള്‍ ഓര്‍ക്കണം. ഒരു വൈദികനെ നോവിക്കുമ്പോള്‍ ആ വിഷമഘട്ടങ്ങളിലും ദ്രോഹിച്ചവരുടെമേല്‍ ഒരു കുറ്റവും ആരോപിക്കാതെ എല്ലാം ഈശോയ്ക്ക് മാത്രം കൊടുത്തു കൊണ്ട് സ്വയം ഉരുകിത്തീരുന്ന പുരോഹിതര്‍ നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പുരോഹിതരിലും ഈശോയെ മാത്രം കണ്ടുകൊണ്ട് ആദരിക്കാനും, ബഹുമാനിക്കാനും നമുക്ക് കഴിയട്ടെ. ഈശോയുടെ രൂപം ധരിച്ച, വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞ എല്ലാ പുരോഹിതരും ഈശോയുടെ സ്‌നേഹത്താല്‍ നിറയട്ടെ എന്നുമാത്രം നമുക്ക് പ്രാര്‍ത്ഥിക്കാം.
ദൈവവിളികള്‍ കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ജാഗരൂകരായിരിക്കേണ്ടവരാണ് പുരോഹിതര്‍. പുരോഹിതര്‍ നാടിനു വേണ്ടി ചെയ്തിട്ടുള്ള ഒരുപാടു വലിയ നന്മകളുണ്ട്. ആ നന്മകളെയെല്ലാം ഒന്നോ രണ്ടോ പേരുടെ തെറ്റുകളുടെ പേരില്‍ മാഞ്ഞു പോകേണ്ടതല്ല. കഴിവുകള്‍ തെളിയിച്ച്, ധാരാളം നന്മ ചെയ്ത പുരോഹിതരെ ചൂണ്ടിക്കാണിക്കാനും ഉയര്‍ത്തിക്കാണിക്കാനും സമൂഹത്തിനും സാധിക്കണം. അപ്പോഴാണ് ഇവരുടെ പ്രാധാന്യം മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
സമൂഹത്തില്‍ ഇടപെടുമ്പോള്‍ അവിടെയെല്ലാം നന്മയുടെ ഭാഗത്തു നില്‍ക്കാന്‍, തെറ്റിനെ തെറ്റെന്നു കണ്ടുകൊണ്ട് മാറ്റി നിറുത്താന്‍ കഴിയുമ്പോഴാണ് പുരോഹിതര്‍ക്കു വിജയം വരിക്കാന്‍ സാധിക്കുക. പൗരോഹിത്യമെന്ന വലിയ കൂദാശയുടെ മഹത്വം പൊതുസമൂഹത്തെയും വിശ്വാസികളെയും ബോദ്ധ്യപ്പെടുത്താന്‍ സാധിക്കുന്നതും അപ്പോഴാണ്.
ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനു ആത്മീയതയുടെ പൂര്‍ണതയാകാന്‍ സാധിക്കണം. എല്ലാ സാഹചര്യങ്ങളി ലും തന്റെ സ്ഥാനത്ത് യേശുവായിരുന്നുവെങ്കില്‍, എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കുവാനും അതനുസരിച്ച് മുന്നോട്ടു പോകാനും കഴിവും പ്രാപ്തിയും മനസ്സുമുള്ളവര്‍ക്ക് മാത്രമേ നല്ല വൈദികരാകാന്‍ സാധിക്കുകയുള്ളൂ.
ഇത്തരത്തില്‍ ചിന്തിക്കാന്‍ സാധിക്കാത്തവര്‍ ഈ ലോക ജീവിതത്തിന്റെ വ്യാമോഹങ്ങള്‍ക്ക് അടിപ്പെട്ടു പോകുന്നതു സ്വാഭാവികം. യേശുക്രിസ്തുവിനെ പോലെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ വൈദികവൃത്തിയുടെ മഹത്വം ഉയര്‍ത്തി ഉയര്‍ത്തി പിടിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, ഇത്തരത്തില്‍ യേശുക്രിസ്തുവിനെ പോലെ ജീവിക്കുന്നവരെ സമൂഹം പലപ്പോഴും വിലമതിക്കുന്നില്ല എന്നുള്ളത് മനുഷ്യകുലത്തിന്റെ ജന്മവാസനയാണ്. യേശുവായി സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കുന്ന വൈദികരുണ്ടാക ണമെങ്കില്‍, യേശുവിനെപ്പോലെ സത്യത്തിലും നീതിയിലും അടിയുറച്ച നിലപാടുകളെടുത്ത്, അവനെ തറച്ച കുരിശിലേറാന്‍ തയ്യാറാവുക തന്നെ വേണം. അങ്ങനെയുള്ളവര്‍ ന്യൂജന്‍ വിശുദ്ധരായി മാറുകയും ചെയ്യും.
പഴയ തലമുറയുടെ ഓര്‍മ്മകളില്‍ വൈദികന്‍ രാവിലെ വി.കുര്‍ബാനയര്‍പ്പിച്ച്, ജനങ്ങളുടെ ആത്മീയകാര്യങ്ങള്‍ നടത്തി, വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍, ഇടവകജനങ്ങളുടെ ക്ഷേമാന്വേഷണങ്ങളും നടത്തിയിരുന്ന ആളായിരുന്നു. എന്നാല്‍ ഇപ്പോള്‍, വിശുദ്ധ കുര്‍ബാനയര്‍പ്പണം കഴിഞ്ഞാല്‍ വികാരിയച്ചന്റെ സേവനം ഇടവകജനത്തിനു ലഭിക്കാതെയായി ട്ടുണ്ട്. അതുകൊണ്ടു തന്നെ വൈദികനെന്ന സ്ഥാനത്തോടു ജനത്തിനുണ്ടായിരുന്ന മനോഭാവത്തിനു കാതലായ മാറ്റം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്. പഠനത്തിനു പോയാലും സ്ഥാപനം നടത്തിയാലും പള്ളിപണിതാലും വൈകുന്നേരം വോളിബോള്‍ കളിക്കാന്‍ പോയാലും ഇടവകജനങ്ങളോടു ചേര്‍ന്നു നിന്ന് അവരിലൊരാളാകുന്നവനാകണം ഇടവകവൈദികന്‍. ലളിതജീവിതത്തിനു പ്രാധാന്യം കൊടുത്ത് ഇടവകജനത്തിനു മാതൃക നല്‍കേണ്ട ആളുമാകണം. ഈ ദൈവവിളി ആരേയും ഭരിക്കാനല്ല സേവനം ചെയ്യാനുള്ളതാണെന്ന തോന്നലും ഉണ്ടാകണം.
അപ്പനുമമ്മയും സഹോദരങ്ങളുമടങ്ങുന്ന സ്വന്തം കുടുംബത്തെ ത്യജിച്ച്, ലോകത്തെ കുടുംബമായി കണ്ട്, നാനാജാതി മതസ്ഥര്‍ക്കു വേണ്ടി തങ്ങളുടേതായ എല്ലാ ആശകളും മാറ്റി വച്ച് മറ്റുള്ളവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രയത്‌നിക്കുന്നവരാണ് പുരോഹിതര്‍. ആ വഴിയേ പോകുന്നത് അത്ര ചെറിയ കാര്യമല്ല. ഒരുപാടു പ്രതീക്ഷകള്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന, ധാരാളം പ്രാര്‍ത്ഥനകള്‍ ആവശ്യമായി വരുന്ന ഒരു സമൂഹമാണു പുരോഹിതര്‍.
വിവാഹമെന്ന കൂദാശയിലൂടെ കുടുംബജീവിതത്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍, കുടുംബനാഥന്‍ ആ കുടുംബത്തിലുള്ള ഓരോ വ്യക്തിയുടെയും മുന്നോട്ടുള്ള ജീവിതം നയിക്കുന്നതു പോലെ, ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഇടപെടുന്നതു പോലെ, അവരെ നിയ ന്ത്രിക്കുന്നതു പോലെ തന്നെയാണ് പൗരോഹിത്യം സ്വീകരിച്ച ഓരോ വൈദികനും തന്റെ ജനത്തിന്റെ ആത്മീയകാര്യങ്ങളില്‍ ഉത്തരവാദിത്വമെടുക്കുന്നത്. ഒരു കുടുംബനാഥന്റെ സ്ഥാനത്തു നിന്നുകൊണ്ട് നമ്മുടെ ജീവിതത്തെ നയിക്കുകയും മുന്നോട്ടുള്ള ആത്മീയപാതകള്‍ സുവിശേഷത്തിന്റെ സഹായത്തോടെ നമുക്കു കാണിച്ചു തരികയും ചെയ്യുന്നവരാണു പുരോഹിതര്‍. അതുകൊണ്ടു കൂദാശകളില്‍ ഏറ്റവും മഹനീയമായ ഒന്നായി നാം പൗരോഹിത്യത്തെ കാണുകയും ചെയ്യുന്നു.
നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ ബലി അര്‍പ്പിക്കുന്നു. ഇടയനില്ലാത്ത ആടുകള്‍ കൂട്ടം തെറ്റി ഓടി പോകുന്നു. ഇന്നിന്റെ ലോകത്തില്‍ അറിവിലും കഴിവിലും നിറഞ്ഞ സാന്നിധ്യമാണ് പുരോഹിതര്‍. ഒരു പരിധിവരെ നമുക്കവരെ അനുമോദിക്കാം അനുഗമിക്കാം. കാരണം നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ സേവനത്തിന്റെ ദൃക്‌സാക്ഷികളാണ് അവര്‍. സഭയുടെ ശിരസ്സായ മിശിഹായുടെ പ്രതിപുരുഷനായി പുരോഹിതര്‍ നിലകൊള്ളുമ്പോള്‍ പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ ദൗത്യങ്ങളും അവരില്‍ നിക്ഷിപ്തമായിരിക്കുന്നു. നിനക്ക് ചെയ്യാന്‍ കഴിയുന്ന നന്മ അത് അര്‍ഹതപ്പെട്ടവര്‍ക്ക് നിരസിക്കരുത് എന്നുള്ള തിരുവചനം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നവരാണ് പുരോഹിതര്‍. ഒരു ഇടവകയിലെ ജന വിഭാഗത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ പങ്കുവയ്പ്പിന്റെ അനുഭവം നല്‍കി നിര്‍ത്താന്‍ കഴിയുന്നെങ്കില്‍ അവരിലൂടെ ഒരു ദൈവകരം പ്രവൃത്തിക്കുന്നില്ലേ? ഒരു ഇടവകയുടെ ആത്മീയ ഉയര്‍ച്ചയ്ക്ക് ഹേതു വായിരിക്കുന്നത് അവരുടെ നന്മനിറഞ്ഞ മനസ്സാണ് എന്ന് നാം മറക്കാതിരിക്കുക. പരസ്പരം ബന്ധിക്കുന്ന ചങ്ങലയാണ് അവര്‍. കായ് ഇലയോടും ഇല ചില്ലയോടും ചില്ല തായ്തണ്ടിനോടും തായ്തണ്ട് വേരിനോട് വേര് മണ്ണിനോടും മണ്ണ് മനുഷ്യനോടും മനുഷ്യന്‍ ദൈവത്തോടും ചേര്‍ന്നിരിക്കുന്ന ഒരു സംഗമസംഗീതമല്ലേ ഇന്ന് പുരോഹിതര്‍.
എങ്ങനെയൊക്കെ പറയുമ്പോഴും അവരുടെ ഇടയിലും ഉണ്ട് ചില പുഴുക്കുത്തുകള്‍. ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍. അവരെയെല്ലാം പിന്നിലേക്ക് മാറ്റിനിര്‍ത്തികൊണ്ട് നന്മ നിറഞ്ഞ വൈദികരെ മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ സഭാ നേതൃത്വം തയ്യാറാകണം. അങ്ങനെ നന്മനിറഞ്ഞ ഒരു വിശ്വാസ സമൂഹം കെട്ടിപ്പടുക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.