'പ്രവാചക ധീരയായ സഭ'

'പ്രവാചക ധീരയായ സഭ'
Published on
സെന്റ് തോമസ് മിഷനറി സമൂഹാംഗമായ (എം എസ് ടി) ഫാ. ജോസ് വള്ളികാട്ട് ഇപ്പോള്‍ പഞ്ചാബിലെ ബര്‍നാല / ബട്ടിണ്ട ജില്ലകളില്‍ മിഷനറി പ്രവര്‍ത്തനം ചെയ്യുന്നു. ക്രിസ്തുവിന്റെ സുവിശേഷ മൂല്യങ്ങളാല്‍ പ്രചോദിതമായും, ആത്മീയതയുടെ അടിത്തറയില്‍ ഉറപ്പിച്ചു കൊണ്ടും സമൂഹത്തിലെ വ്യക്തികളുടെ സര്‍വതോന്മുഖമായ സമാധാനവും പുരോഗതിയും ദൈവേഷ്ട പ്രകാരം സംജാതമാക്കുന്ന പ്രേഷിതശൈലി ആണ് അദ്ദേഹം പിന്തുടരുന്നത്. മതം, സംസ്‌കാരം, മാധ്യമം എന്നിവയുടെ ഇന്റര്‍ ഡിസിപ്ലിനറി വിഷയത്തില്‍ ഗവേഷണം നടത്തിയ അദ്ദേഹം മെല്ബണിലെ RMIT യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2013-ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ക്രൈസ്തവ സാക്ഷ്യം നല്‍കുന്നതിനെക്കുറിച്ചുള്ള ചിന്തകളും ലേഖനങ്ങളും ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമായി എഴുതിക്കൊണ്ട് പൊതുമണ്ഡലത്തിലും സഭാവേദികളിലും സജീവ സാന്നിധ്യമാണ്.
Q

രാഷ്ട്രീയവും സാമൂഹ്യവും ആത്മീയവും ആരാധനക്രമപരവുമായ വിവിധ പ്രതിസന്ധികളിലൂടെ സഭ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ വിഷയങ്ങളെ ഒറ്റപ്പെട്ട വിഷയങ്ങളായി കാണാതെ പരസ്പര ബന്ധിതമായ യാഥാര്‍ത്ഥ്യങ്ങളായി കാണുന്ന ഒരു സമീപനം അച്ചന്റെ ചിന്തകളിലും സമീപനങ്ങളിലും കാണുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നമ്മുടെ ആരാധനാക്രമ പ്രതിസന്ധിയെ അച്ചന്‍ എങ്ങനെയാണ് കാണുന്നത്?

A

സമകാലിക ആരാധനക്രമ പ്രതിസന്ധിയുടെ ദൈവശാസ്ത്ര വശത്തെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല. അതിലുമുപരിയായി ഇപ്പോഴത്തെ പ്രതിസന്ധി സഭയുടെ ആന്തരിക രാഷ്ട്രീയ പ്രതിസന്ധിയാണ് എന്ന നിരീക്ഷണമാണ് എനിക്കുള്ളത്. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ ആരാധനക്രമം ഒരു ആയുധമെന്നോണം ഉപയോഗിക്കപ്പെടുകയാണ്. നമ്മുടെ സാംസ്‌കാരിക സാഹചര്യങ്ങള്‍, വിശേഷിച്ചു മാധ്യമങ്ങള്‍, അതിനു വളരെ ഉപയുക്തമാണ്. അത്യന്തം ഹീനവും ആരാധനക്രമത്തിന്റെയും നമ്മുടെ വിശ്വാസത്തിന്റെയും അന്തസത്തയെ കളങ്കപ്പെടുത്തുന്നതുമാണ് അത്.

Q

അത് കുറച്ചുകൂടി വ്യക്തമാക്കാമോ?

A

പവിത്രതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ സൃഷ്ടിക്കാനും, അതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും പദാവലികളും സൃഷ്ടിക്കാനും മതം കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണ്. നമ്മുടെ ടെലിവിഷന്‍ ചര്‍ച്ചകളും സാമൂഹ്യ മാധ്യമ പോസ്റ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു നോക്കൂ. എല്ലാറ്റിനെയും പവിത്രമായാണ് (സാക്രൊസാങ്ട്) അത് കാണുന്നത്. സിനിമ, രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയ പ്രകടനങ്ങള്‍, നയങ്ങള്‍, എന്നിവയൊക്കെ പവിത്രമായ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്. വളരെ തെളിമയുള്ള ഒരു ഉദാഹരണം കൊണ്ട് വിശദമാക്കാം. അടുത്ത കാലത്ത് വന്ദേ ഭാരത് ട്രെയിന്‍ കേരളത്തില്‍ ഓടിയപ്പോള്‍, ആ ട്രെയിനിനെ തൊടാന്‍ 'ഭാഗ്യം സിദ്ധിച്ച' ഒരു കുടുംബത്തെ പരിചയപ്പെടുത്തി ഒരു പ്രമുഖ മാധ്യമത്തില്‍ ഒരു വീഡിയോ റിപ്പോര്‍ട്ട് വന്നിരുന്നു. ഈ മാധ്യമപാഠം (മീഡിയ ടെക്സ്റ്റ്) വാസ്തവത്തില്‍ ട്രെയിനിനെ ഒരു തിരുശേഷിപ്പ് ആക്കി മാറ്റുകയും, അതിനു ചുറ്റും പവിത്രതയുടെ ഒരു ലോകത്തെ സൃഷ്ടിക്കുകയുമാണ്. വേണമെങ്കില്‍ നമുക്ക് അതിനെ 'നവ അനുഷ്ഠാനങ്ങള്‍' എന്ന് വിശേഷിപ്പിക്കാം. ഇത്തരത്തില്‍ പവിത്രീകരിക്കപ്പെടുന്ന വസ്തുക്കളുടെയും, അതിനെ ചുറ്റിപറ്റി ഉണ്ടാകുന്ന അനു ഷ്ഠാനങ്ങളുടെയും വലിയ ലോകത്തില്‍ യഥാര്‍ത്ഥ വിഷയങ്ങള്‍ തമസ്‌കരിക്കപ്പെടുകയാണ് എന്ന് മാത്രമല്ല, അതുമായി ബന്ധപ്പെട്ട ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപ്രമാദിത്വവും അധീശത്വവും കൈവരുകയും ചെയ്യുകയാണ്. നാം ഇന്ന് അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധി ഇതാണ്.

ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തില്‍ നിന്ന് രാഷ്ട്രീയ മാനങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ കേരള സഭയുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ സഭ രാഷ്ട്രീയപ്പാര്‍ട്ടികളോട് സന്ധി ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്.

Q

ചരിത്രം എല്ലായ്‌പ്പോഴും ഇത്തരത്തിലൊക്കെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് അച്ചന്‍ പലപ്പോഴും സൂചിപ്പിക്കാറുണ്ട്. അതില്‍ എത്രമാത്രം ശരിയുണ്ട്?

A

അധീശസ്വഭാവമുള്ള ഭരണാധിപന്മാരും ഭരണകൂടവും അത് രാഷ്ട്രീയത്തിലാകട്ടെ, മതജീവിതത്തിലാകട്ടെ എപ്പോഴും പരസ്യ അനുഷ്ഠാനങ്ങളെ (പബ്ലിക് റിച്വല്‍) തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ നാസി ഭരണകൂടത്തെ നോക്കൂ. ഹിറ്റ്‌ലര്‍ തന്റെ അനുവാചകവൃന്ദത്തെ സൃഷ്ടിച്ചത് പബ്ലിക് റിച്വലുകള്‍ വഴിയാണ്. അവര്‍ പരസ്പരം ആശംസിക്കുന്ന രീതി, സല്യൂട്ട്, വാക്കുകള്‍, അവര്‍ അണിയുന്ന വേഷങ്ങള്‍, പദവികള്‍, നില്‍ക്കുകയും, നടക്കുകയും മാര്‍ച്ചു ചെയ്യുകയും ചെയ്യുന്ന രീതി, ഒക്കെ അനുഷ്ഠാനപരമാണ്.

ഒരു വിഭാഗത്തെ അത് ഏകോപിപ്പിക്കുമ്പോള്‍ അനുഷ്ഠിക്കാത്ത കുറച്ചു പേരെ അത് അപരവത്കരിക്കും. ക്രൈസ്തവ പശ്ചാത്തലം ഉള്ള ജര്‍മനിയിലെ ആളുകളുടെ പിന്തുണ കൈവരിക്കാന്‍, 'ജര്‍മ്മ നിയുടെ അടിസ്ഥാനം ക്രൈസ്തവികതയാണ്' എന്ന വൈകാരിക പ്രസംഗം ഹിറ്റ്‌ലര്‍ നടത്തി. 'ക്രിസ്തുമതത്തിന്റെ ആശയങ്ങളെ വ്രണപ്പെടുത്തുന്ന, ക്രിസ്തുമതത്തോട് വിയോജിക്കുന്നവരെയും, അതിനോട് പോരാടുന്നവരെയും, അല്ലെങ്കില്‍ ക്രിസ്തുമതത്തെ പാരമ്പര്യ ശത്രുവായി സ്വയം പ്രകോപിപ്പിക്കുന്ന ആരെയും ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. നമ്മുടെ ഈ മുന്നേറ്റം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവമാണ്' എന്ന് 1929-ല്‍ ഹിറ്റ്‌ലര്‍ പ്രസംഗിച്ചു. സ്റ്റേയ്റ്റിനു ഒരു പവിത്ര സ്ഥാനം നല്‍കുക, മതപര മായ ഏകോപനം സ്റ്റെയ്റ്റിന്റെ കീഴില്‍ നടത്തി ഇതര മതസ്ഥരുടെ അപരവത്കരണം നടത്തുക എ ന്ന കാര്യങ്ങളാണ് ഹിറ്റ്‌ലര്‍ ലക്ഷ്യംവച്ചത്. അത് സംഭവിക്കുകയും ചെയ്തു. എന്നാല്‍ ക്രമേണ ക്രൈസ്തവരെ പോലും ഹിറ്റ്‌ലര്‍ കൊന്നൊടുക്കി എന്നത് ചരിത്രമാണ്.

Q

എന്തായിരുന്നു ഹിറ്റ്‌ലറിനോട് സഭയുടെ പ്രതികരണം?

A

രണ്ടു തരത്തിലുള്ള പ്രതികരണങ്ങള്‍ നമുക്ക് കണ്ടെടുക്കാം. സ്ഥാപനവത്കരിക്കപ്പെട്ടിരുന്ന സഭ സ്വാഭാവികമായും ഹിറ്റ്‌ലറെ പോലെ ക്രൂരനും സ്വേച്ഛാധിപതിയുമായ ഒരു ഭരണാധികാരിയുടെ മുന്നില്‍ ഭയന്നു. ഹിറ്റ്‌ലര്‍ സഭയ്ക്കും, സഭയുടെ വിശ്വാസങ്ങള്‍ക്കും, വെല്ലുവിളി ഉയര്‍ത്തുമെന്ന് ഭയന്ന അധികാരികള്‍ സഭയുടെ സുഗമമായ നടത്തിപ്പും, സഭയുടെ വിശ്വാസികളുടെ സുരക്ഷയും ലക്ഷ്യമാക്കി ഹിറ്റ്‌ലറിനോട് സഹക രിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഹിറ്റ്‌ലറുടെ രാഷ്ട്രീയം സുവിശേഷ മൂല്യങ്ങള്‍ക്ക് എതിരാണ് എന്ന് മനസ്സിലാക്കി അതിനെ ചെറുത്തു നിന്ന ധീരരായ വൈദികരും, മെത്രാന്മാരും അല്‍മായരും ഉണ്ടായിരുന്നു. ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനപ്പെട്ട ജൂത സ്ത്രീ ആയിരുന്ന ഈഡിത് സ്റ്റെയിനൊ ക്കെ 1922-ല്‍ തന്നെ ഹിറ്റ്‌ലറുടെ മനുഷ്യവിരോധ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മാര്‍പാപ്പയ്ക്ക് കത്തെഴുതിയിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്ക് മറുപടി പോലും ലഭിച്ചില്ല. 1933-ല്‍ പയസ് പതിനൊന്നാമന്‍ പാപ്പ കോണ്‍കോര്‍ദാത്ത് എന്നൊരു ഉടമ്പടി ഹിറ്റ്‌ലറുമായി ഒപ്പുവച്ചു. എന്നാല്‍ ഉടമ്പടിയിലെ ഉപാധികള്‍ പലതും ലംഘിക്കപ്പെട്ടു. ഏതാണ്ട് 2800 കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടു. ഹിറ്റ്‌ലറുടെ വഞ്ചന മനസ്സിലാക്കുകയും വത്തിക്കാന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്ത മാര്‍പാപ്പ 1937 ആയപ്പോഴേക്കും, 'എരിയുന്ന ആശങ്കളോടെ' എന്ന പേരില്‍ ഒരു ചാക്രിക ലേഖനം ജര്‍മ്മന്‍ സഭയ്ക്കുവേണ്ടി എഴുതി. കലര്‍പ്പില്ലാത്ത വിശ്വാസം പാലിക്കുക എന്നതും, യഥാര്‍ത്ഥ അധികാരിയായ ക്രിസ്തുവിനെ പിഞ്ചെല്ലണം എന്നതുമായിരുന്നു അതിന്റെ മുഖ്യപ്രമേയങ്ങള്‍.

Q

ഹിറ്റ്‌ലര്‍ മുന്നോട്ടുവച്ച ദേശീയതയ്ക്കും ജൂതമത വിദ്വേഷത്തിനും ലിറ്റര്‍ജിയുമായി എന്ത് ബന്ധമാണുള്ളത്?

A

ജൂത സമുദായത്തിനെതിരെ ക്രൈസ്തവ ഏകീകരണം ഉണ്ടാക്കാന്‍ ഹിറ്റ്‌ലര്‍ കപട ക്രൈസ്തവ സ്‌നേഹം പ്രകടിപ്പിച്ചു. ദേശസ്‌നേഹം എന്ന പേര് പറഞ്ഞു അയാള്‍ ആളുകളുടെ വിധേയത്വം നിരന്തരം അളന്നു കൊണ്ടിരുന്നു. ദേശസ്‌നേഹം നിരന്തരം 'പ്രകടിപ്പിക്കേണ്ടത്' ജനങ്ങളുടെ ഗതികേ ടായി മാറി. അതേസമയം ലോകത്തിന്റെ അധിപന്‍ ആയിരിക്കാനുള്ള അയാളുടെ രഹസ്യ അജണ്ട സ്ഥാപിച്ചെടുക്കാന്‍ തേര്‍ഡ് റെയ്ഹ് എന്ന ജര്‍മ്മന്‍ ഭരണകൂടത്തിന് സ്വന്തമായുള്ള പബ്ലിക് റിച്വലുകള്‍ (ലിറ്റര്‍ജി) അയാള്‍ രൂപപ്പെടുത്തി. ജര്‍മ്മന്‍ സ്വത്വത്തിന്റെയും അംഗത്വത്തിന്റെയും അടയാളമായി ജര്‍മ്മന്‍ അനുഷ്ഠാനങ്ങള്‍ മാറി. ക്രൈസ്തവ ദര്‍ശനവുമായി ഇതിനു ചേര്‍ച്ചയില്ല എന്നും ത ങ്ങള്‍ കെണിയില്‍ പെട്ടിരിക്കുന്നു വെന്നും വൈകിയെങ്കിലും നേതൃത്വം മനസ്സിലാക്കിയതു കൊണ്ടാണ് 'എരിയുന്ന ആശങ്കളോടെ' എന്ന ചാക്രിക ലേഖനം ഒക്കെ ഇറങ്ങിയത്. അക്കാലത്തെ ഒരു പ്രമുഖ ലിറ്റര്‍ജിസ്റ്റായ റൊമാനൊ ഗോര്‍ദീനിയൊക്കെ ഇക്കാര്യത്തില്‍ വലിയ സംഭാവന നടത്തിയ ആളാണ്. ഈ പശ്ചാത്തലങ്ങള്‍ ഉള്ളതുകൊണ്ട് തന്നെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ലോകവും ലിറ്റര്‍ജിയും തമ്മിലുള്ള ബന്ധത്തെ പുനഃപരിശോധിക്കുന്നത്. സംസ്‌കാരങ്ങളിലെ വൈവിധ്യം, മാനവ സമൂഹത്തിലെ സര്‍വരോടുമുള്ള തുറവി, മാനുഷിക യാഥാര്‍ത്ഥ്യങ്ങള്‍, പാവങ്ങളോടും ചൂഷിതരോടും അവഗണിക്കപ്പെട്ടവരോടുമുള്ള മനോഭാവം ഒക്കെ കൗണ്‍സില്‍ രേഖകളുടെ പൊതുദര്‍ശനങ്ങളായി.

കേരളത്തിലെ സഭ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി കേവലം ലിറ്റര്‍ജിയിലെ ഒരു നിലപാടിന്റെ വിഷയം മാത്രം അല്ല; രാഷ്ട്രീയവും, സാമൂഹ്യവും, ധാര്‍മ്മികവും, നൈതികവും, ഘടനാപരവുമായ നിരവധി വിഷയങ്ങള്‍ ഇഴചേര്‍ന്നിരിക്കുന്ന അടിവേരിനെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയാണ് കേരള സഭയുടെ പ്രശ്‌നം.

Q

ഈ ചരിത്ര പാഠങ്ങള്‍ക്ക് എന്ത് കാലിക പ്രസക്തിയാണുള്ളത്? അഥവാ ഇക്കാര്യങ്ങള്‍ നാം ഇന്ന് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്?

A

സഭ ഒരു ആധ്യാത്മിക സ്ഥാപനമാണെങ്കിലും, ഈ ലോകത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അതിന്റെ എല്ലാ നയങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും, പ്രവര്‍ത്തികള്‍ക്കും രാഷ്ട്രീയ മാനങ്ങളുമുണ്ട്. ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തില്‍ നിന്ന് രാഷ്ട്രീയ മാനങ്ങള്‍ ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ കേരള സഭയുടെ ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ സഭ രാഷ്ട്രീയപ്പാര്‍ട്ടികളോട് സന്ധി ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. പൂര്‍വകാലങ്ങളിലും സഭ രാഷ്ട്രീയ അനുഭാവങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നാസി ഭരണം പോലെ ഫാസിസ്റ്റു നയങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയപാര്‍ട്ടികളെ പ്രകടമായി പിന്തുണക്കുകയും, അവരുമായി വിലപേശുകയും, അവരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതുമൊക്കെ ഇവിടെ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. ഫാസിസ്റ്റ് നയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടികളോട് സമരസപ്പെടുന്നത് ക്രൈസ്തവ വിരുദ്ധമാണ് എന്നതിനേക്കാള്‍ ഉപരിയായി അത് മനുഷ്യത്വ വിരുദ്ധവുമാണ്. ദേശീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയപ്രവര്‍ത്തനം അടിസ്ഥാനപരമായി ക്രൈസ്തവ വിരുദ്ധമാണ്. വര്‍ഗം, ജാതി, ദേശം, വംശം, ലിംഗം എന്നിങ്ങനെയുള്ള വേര്‍തിരിവുകളും; സാമ്പത്തികം, സാമൂഹ്യം, വിദ്യാഭ്യാസം, ആദിയായ ഭേദഭാവങ്ങളു മൊക്കെ മാറ്റി നിര്‍ത്തി എല്ലാവരും ദൈവത്തിന്റെ മക്കളാണ് എന്ന ദര്‍ശനം പുലര്‍ത്തുന്ന ദൈവരാജ്യ മാണല്ലോ ക്രിസ്തു വിഭാവനം ചെയ്തത്.

Q

ഈ സംഗതികള്‍ തമ്മിലുള്ള പരസ്പര ബന്ധം എന്താണ്?

A

കേരളത്തിലെ സഭ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി കേവലം ലിറ്റര്‍ജിയിലെ ഒരു നിലപാടിന്റെ വിഷയം മാത്രം അല്ല. രാഷ്ട്രീയവും, സാമൂഹ്യവും, ധാര്‍മ്മികവും, നൈതികവും, ഘടനാപരവുമായ നിരവധി വിഷയങ്ങള്‍ ഇഴചേര്‍ന്നിരിക്കുന്ന അടിവേരിനെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയാണ് കേരളസഭ യുടെ പ്രശ്‌നം. അതിനെ മൂടിവയ്ക്കാനുള്ള മറ മാത്രമാണ് ലിറ്റര്‍ജിക്കല്‍ വിഷയം. അതിനേക്കാള്‍ ഉപരി നാസി ഭരണകാലത്തു സംഭവിച്ചതിന്റെ നേര്‍വിപരീത ദിശയിലുള്ള സംഭവവികാസങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. സീറോ-മലബാര്‍ സഭയിലെ ലിറ്റര്‍ജിക്കല്‍ ക്രൈസിസ് പ്രകടമായും രണ്ടു വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇരു കൂട്ടരും മറ്റവരെ അപരവത്കരിച്ചു. തെക്കര്‍/വടക്കര്‍, പാരമ്പര്യവാദികള്‍/പുരോഗമന വാദികള്‍, ചങ്ങനാശേരി പക്ഷം / എറണാകുളം പക്ഷം എന്നിങ്ങനെയുള്ള ദ്വിത്വങ്ങള്‍ (ബൈനറികള്‍) എത്ര പെെട്ടന്നാണ് ജനമനസ്സുകളില്‍ കയറി കൂടിയത്! ഒരിക്കല്‍ പണ്ഡിതരുടെ ഇടയില്‍ മാത്രം പരിമിതപ്പെട്ടിരുന്ന ആശയതലത്തിലെ കലഹങ്ങള്‍ ക്രമേണ വൈദികരുടെ ഇടയിലേക്കും, പിന്നെ വിശ്വാസികളുടെ ഇടയിലേക്കും പടര്‍ന്നിറങ്ങി. ഈ സംഗതികളെക്കുറിച്ച് ലേശം പോലും അറിവില്ലാത്തവര്‍ പോലും ഈ ബൈനറികളിലൊന്നിലേക്ക് തങ്ങളെ പ്രതിഷ്ഠിച്ചു കലഹം തുടര്‍ന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആരോപണങ്ങളും, പ്രത്യാരോപണങ്ങളും, പരിധി ലംഘിച്ചുള്ള അസഭ്യങ്ങളും, സൈബര്‍ ക്രൂരതകളും ഈ വിഭാഗീയതയെ വര്‍ധമാക്കി. ക്രൈസ്തവ ഏകോപനത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട സമുദായ വാദവും (ഒരു തരം വംശീയത), ഇതരമത വിദ്വേഷവും മുസ്ലിം സമൂഹത്തെ അപരവത്കരിച്ചു. ക്രൈസ്തവ സ്‌നേഹം നടിച്ചു വന്ന മുസ്ലീം വിരുദ്ധ വലതു പക്ഷ ഹൈന്ദവ സംഘടനകളുമായി സഭ ഐക്യപ്പെടാന്‍ തുടങ്ങി. മുസ്ലീം വിരുദ്ധത ഉച്ചസ്ഥായിയില്‍ ആയി, ഫാസിസ്റ്റ് സംഘടനകളോടുള്ള പ്രണയാതുരമായ വിധേയത്വം കലശലായി. ഹൈന്ദവ വരേണ്യ വാദത്തിന്റെ ചുവടു പിടിച്ചു വരേണ്യ സമുദായ വാദം കേരളസഭ പ്രകടിപ്പിച്ചു തുടങ്ങി. അതു വഴി മുസ്ലീം അപരവത്കരണത്തോടൊപ്പം ദളിത്/പിന്നാക്ക വിഭാഗങ്ങളെയും മുഖ്യധാരയില്‍ നിന്ന് അകറ്റി. അവരെ സഭയുടെ ശുശ്രൂഷകളിലെ നേതൃനിരയിലേക്കോ പൗരോഹിത്യത്തിലേക്കോ സ്വാഗതം ചെയ്തില്ല എന്ന് മാത്രമല്ല, വിവാഹം പോലുള്ള സാമൂഹ്യ ബന്ധങ്ങളും വരേണ്യതയുടെ പേരില്‍ അകലത്താക്കി. ഇതെല്ലാം ഫാസിസ്റ്റ് മനോഭാവങ്ങള്‍ ആയ വംശീയത, അപരവത്കരണം, ഉന്മൂലന വാദം ഒക്കെ എടുത്ത് അണിയുവാന്‍ വിശ്വാസികളെ നേതൃത്വം പ്രേരിപ്പിച്ചു.

സഭ ഒരു ധാര്‍മ്മിക ശക്തിയായി നില കൊള്ളണം. കലര്‍പ്പില്ലാത്ത വിശ്വാസം ദൈവത്തിലും ക്രിസ്തുവിലും സഭയിലും ഉണ്ടാവണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആവശ്യമാണ്. എന്നാല്‍ ഉപവിയും, നീതിയും ധാര്‍മ്മികതയും അതിലും ആവശ്യമുണ്ട്.

Q

സമീപ കാലത്തെ മണിപ്പൂര്‍ അക്രമം ഈ പശ്ചാത്തലത്തില്‍ വായിക്കാമോ?

A

തീര്‍ച്ചയായും. സഭയിലും സമൂഹത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ സാവകാശമാണ്. മാറ്റങ്ങള്‍ നടക്കുന്നു എന്ന അവബോധം പോലും ആര്‍ക്കും ഉണ്ടാവില്ല. നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോളാണ് നാം പരിപൂര്‍ണ്ണമായും മാറി കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതു തന്നെ. അപ്പോഴേക്കും പുതിയ സാഹചര്യങ്ങളും ചിന്തകളുമായി നാം സമീകരിക്കപ്പെടുകയും അത് നോര്‍മല്‍ ആണെന്ന് കരുതി അംഗീകരിക്കുകയും ചെയ്യും.

മണിപ്പൂര്‍ മാത്രമല്ല, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ക്രൈസ്തവ വേട്ട മുഴുവനും ഈ പശ്ചാത്തലത്തിലാണ് വായിച്ചെടുക്കേണ്ടത്. 2016 നു ശേഷം ഇന്ത്യയിലെ ഹൈന്ദവ വലതുപക്ഷ പാര്‍ട്ടികള്‍ സൂക്ഷ്മമായി വളര്‍ത്തിയെടുത്ത വിഭാഗീയ രാഷ്ട്രീയം കലര്‍ത്തിയ സാമൂഹ്യ എഞ്ചിനീയറിംഗിന്റെ ഫലമാണ് ആ കലാപങ്ങള്‍. ഏതെങ്കിലും ഒരു വിഭാഗം സമൂഹത്തില്‍ ഒറ്റപ്പെടുന്നു, മറ്റുള്ളവര്‍ നിങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നു എന്നൊക്കെയുള്ള ഭീതി പടര്‍ത്തുന്ന ഫാസിസ്റ്റു ശൈലികളാണ് ഇവിടങ്ങളിലൊക്കെ അവര്‍ പയറ്റുന്നത്. ആര്‍ എസ് എസ്സുമായി ഒരിക്കലും യോജിക്കാന്‍ സാധിക്കുന്ന ഒരു ആശയവും ക്രൈസ്തവര്‍ക്ക് ഇല്ല. എന്ന് മാത്രമല്ല, ക്രൈസ്തവരെ ഔദ്യോഗിക ശത്രുവായി ആര്‍ എസ് എസ് തന്നെ പ്രകടമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ക്രൈസ്തവ ഭൂരിപക്ഷവും, സ്വതേ സമാധാനവുമുള്ള ഇടങ്ങ ളില്‍ ബി ജെ പിയുടെ വര്‍ഗീയ അജണ്ടകളില്‍ ഊന്നിയുള്ള രാഷ്ട്രീയ അധികാര മോഹം ഫലവത്തായിരുന്നില്ല. എന്നാല്‍ ക്രൈസ്തവരുടെ ഇടയിലും ഭയാശങ്കകള്‍ വാരിവിതറാന്‍ ബി ജെ പിക്ക് കഴിഞ്ഞിരിക്കുന്നു. ഒരു കപട ക്രൈസ്തവ സ്‌നേഹവുമായിട്ടാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരുടെ ഹൃദയങ്ങളിലേക്ക് അവര്‍ കയറിയത്. വിവിധ തരത്തില്‍ ഭയം, സംശയം, ഇതര മത/ജാതി വിദ്വേഷം ഒക്കെ വിതച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഹൈന്ദവ കലാപത്തിലൂടെ വര്‍ഗീയത കൊയ്ത് എടുക്കാന്‍ സാധിച്ചു. അത് അറിയാതെ പോയതും ആ അപകടം മുന്‍കൂട്ടി കാണാതിരുന്നതും ആത്മീയമായും സാമൂഹ്യമായും ക്രൈസ്തവരുടെ പരാജയമാണ്. ക്രൈസ്തവ ഭൂരിപക്ഷ സ്ഥലങ്ങളില്‍ ഇന്ത്യയില്‍ തന്നെ വിവിധ ഭാഗങ്ങളില്‍ ഹൈന്ദവ തീവ്ര സംഘടനകള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു ക്രൈസ്തവരെ വിവിധ തരത്തില്‍ ആക്രമിക്കുമ്പോഴും കേരളത്തിലെ സഭ ഫാസിസ്റ്റ് സംഘടനകളോട് ന്യായമായി പ്രതികരിക്കാന്‍ പോലും സാധിക്കാതെ അക്രമികളെയും, കലാപകാരികളെയും ന്യായീകരിക്കുകയോ അവരോട് മൃദു സമീപനം എടുക്കുകയോ ചെയ്യുന്നു എന്നത് ക്രൈസ്തവ മെത്രാന്മാരും വൈദിക ഉദ്യോഗസ്ഥരും എത്രമാത്രം ഫാസിസ്റ്റ് ചായ്‌വ് പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി കണ്ടു ന മ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.

Q

സഭയിലെ മെത്രാന്മാര്‍ ഇത്തരത്തില്‍ ഭയക്കുന്നതിന്റെ കാരണം എന്താണെന്ന് പറയാമോ?

A

വ്യക്തിപരമായും, അധികാരപരമായും വൈദിക നേതൃത്വം ഭീകരമായ ധാര്‍മ്മികച്യുതിയിലാണ്. വര്‍ഷങ്ങളായി സാവകാശം വളര്‍ത്തി കൊണ്ടുവന്ന തണുപ്പന്‍ കാഴ്ചപ്പാടുകള്‍ വഴി വ്യക്തിപരമോ സാമൂഹ്യപരമോ ആയ ധാര്‍മ്മിക ബലം സഭയിലെ നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. വിശ്വാസജീവിതത്തിലും ആത്മീയ ജീവിതത്തിലും നിഷ്ഠകള്‍ പാലിക്കാതിരുന്നതിനാലും, വളര്‍ച്ച ഉണ്ടാകാതിരുന്നതിനാലും ഭയം എന്ന വികാരം അവരെ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. സുവിശേഷ വായന കുറഞ്ഞു. അനുഷ്ഠാനപരമായ വായനകള്‍ക്കപ്പുറം സാമൂഹ്യനീതിയുടെയും ധാര്‍മ്മികതയുടെയും കണ്ണുകള്‍ കൊണ്ട് സുവിശേഷം വായിക്കുന്ന പദ്ധതി അന്യമായി. അതോടൊപ്പം, സാമൂഹ്യ വിഷയങ്ങളെ വിശ്ലേഷണം ചെയ്യാനുള്ള അവധാനത സഭയിലെ നേതൃത്വത്തിന് ഇല്ലാതെയായി. ആരാധനയുടെ അനുഷ്ഠാനപരതയ്ക്കാണ് അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ആരാധന നമ്മെ സത്യത്തിലേക്കും, നീതിയിലേക്കും, ഉപവിയിലേക്കും, ദൗത്യത്തിലേക്കും നയിക്കേണ്ടതുണ്ട്. അനുസരണം വിധേയത്വം എന്നിവയെക്കുറിച്ചുള്ള വികലമായ പഠനങ്ങള്‍ പ്രവാചക ധീരതയുള്ള വൈദികരെയും അല്മായരെയും മുന്നണിയിലേക്ക് കൊണ്ടു വരുന്നതിന് തടസ്സമായി. നാസി അധികാരികളെ അനുസരിക്കുന്നതിനെ വെല്ലുവിളിച്ചുകൊണ്ട് ഗോര്‍ദീനി പറഞ്ഞിട്ടുള്ള സംഗതി ശ്രദ്ധേയമാണ്. 'നമുക്ക് നമ്മുടെ സ്വാതന്ത്ര്യം മൂന്ന് രീതിയില്‍ വിനിയോഗിക്കാം: 1) മാനുഷിക അധികാരികള്‍ക്കു വിധേയപ്പെടുക; 2) അധികാരികളോട് മറുതലിക്കുക; 3) ഈശോയില്‍ ശരണപ്പെടുക.' ആദ്യത്തേത് വ്യക്തി പൂജ വരെ എത്താവുന്ന വിഗ്രഹാരാധന ആകാം. രണ്ടാമത്തേത് ആക്രമണോത്സുകമായ വിമതപ്രവര്‍ത്തനത്തിന്റെ ശ്രേണിയില്‍ പെടും. മൂന്നാമത്തേത് ക്രൈസ്തവ ആദര്‍ശമാണ്. ഈശോയെ മുഖാമുഖം കാ ണുക വഴി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നതും, പൊതു സമൂഹവുമായിട്ടുള്ള ഇടപെടലില്‍ സവിശേഷ ദര്‍ശനങ്ങള്‍ തരുന്നതുമാണ്.

ക്രൈസ്തവികത പോലെ ഘടനാപരമായ കെട്ടുറപ്പുള്ള മതങ്ങള്‍ അനുഷ്ഠാനങ്ങള്‍ പോലും നിയന്ത്രണത്തിന്റെയും അധീശത്വത്തിന്റെയും ഉപാധിയാക്കുന്നു. അനുഷ്ഠാനങ്ങള്‍ക്ക് പവിത്രത കല്പിച്ചു പൗരോഹിത്യ അധീശത്വം സ്ഥാപിക്കാനുള്ള എളുപ്പവഴിയാണ് ആരാധനക്രമ സംഘര്‍ഷങ്ങള്‍.

Q

അപ്പോള്‍ പ്രവാചക ധീരയായ സഭ എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നത്?

A

സഭ ഒരു ധാര്‍മ്മിക ശക്തിയായി നിലകൊള്ളണം. കലര്‍പ്പില്ലാത്ത വിശ്വാസം ദൈവത്തിലും, ക്രിസ്തുവിലും, സഭയിലും ഉണ്ടാവണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആവശ്യമാണ്. എന്നാല്‍ ഉപവിയും, നീതിയും ധാര്‍മ്മികതയും അതിലും ആവശ്യമുണ്ട്. സഭയെന്നാല്‍ അധികാര ശ്രേണി (ഹയരാര്‍ക്കി) അല്ല എന്നും, ദൈവജനമാണ് എന്നുമുള്ള അവബോധം ഉണ്ടാവണം. വ്യക്തികള്‍ക്കു തെറ്റുപറ്റിയേക്കാം, എന്നാല്‍ സഭയെന്ന സംഘബോധത്തിനു തെറ്റുപറ്റാന്‍ അനുവദിച്ചു കൂടാ. വ്യക്തിപരമായ തെറ്റുകളെ സഭയുടെ തെറ്റുകളായും പരിമിതികളായും കരുതാതെ, തെറ്റുകള്‍ ആവര്‍ത്തിക്കുന്ന വ്യക്തികളെ മാറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഉണ്ട്. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ ക്രിസ്തുവിന്റെ രാഷ്ട്രീയ മൂല്യങ്ങള്‍ സമൂഹത്തിനു പകരണം. മറ്റുള്ളവരെ കേള്‍ക്കുന്നത് പ്രധാനമാണ് എന്നതിലുപരി സാമൂഹ്യമാധ്യങ്ങളിലൂടെയുള്ള കലഹങ്ങളും ആശയക്കുഴപ്പങ്ങളും കുറയ്‌ക്കേണ്ടതുണ്ട്. ആരാധന ക്രമത്തെ ഒരു ആയുധമെന്ന പോലെ ഉപയോഗിക്കുന്നതിനു പകരം ഇന്നത്തെ പ്രതിസന്ധികളെ പരിഹരിക്കാനും, സമൂഹത്തിനു മുന്നില്‍ ശോഭയോടെ നിലനില്‍ക്കാനുമുള്ള ഊര്‍ജവും കൃപയും ലഭിക്കുന്നതിനുവേണ്ടി ആരാധന ക്രമത്തെ പരിപാവനമായി അനുഭവിക്കുകയാണ് വേണ്ടത്.

Q

പ്രവാചക ധീരതയും ലിറ്റര്‍ജിയും തമ്മില്‍ എന്താണ് ബന്ധം?

A

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആരാധനാക്രമം ക്രിസ്തുവിന്റെ രക്ഷാകര രഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമാണ്. അത് പവിത്രവും, ദിവ്യവും ആണെങ്കിലും ചരിത്രത്തിലൂടെ രൂപപ്പെട്ടു വന്നതുകൂടിയാണ്. ഇന്ന് നാം പവിത്രമായും, മാറ്റപ്പെടാന്‍ സാധ്യതയില്ലായെന്നും കരുതുന്ന ആരാധനക്രമങ്ങളിലെ വിവിധ ഗഹന്തകളിലെയും പ്രാര്‍ത്ഥനകളിലെയും ചില ആശയങ്ങളും വാക്കുകളും ദീര്‍ഘമായ ദൈവശാസ്ത്ര സംഘര്‍ഷങ്ങളുടെ പരിണതിയായി ഉണ്ടായതാണ്. അത്തരത്തില്‍ നോക്കിയാല്‍ ലിറ്റര്‍ജി ഒരു പ്രതിസന്ധി എന്നതിലും ഉപരി ദൈവശാസ്ത്ര തെളിമയ്ക്കുള്ള ഒരു സാധ്യതയാണ് നല്‍കുന്നത്.

Q

സഭയുടെ ചരിത്രത്തിലെ സംഘര്‍ഷങ്ങളുടെ ഫലമായി വാസ്തവത്തില്‍ ദൈവശാസ്ത്ര തെളിമയാണോ ഉണ്ടായിട്ടുള്ളത്?

A

സംഘര്‍ഷങ്ങള്‍ പല വിഷയങ്ങളിലും കൂടുതല്‍ ചര്‍ച്ചയും, നൂതനമായ വ്യാഖ്യാനങ്ങളും, അര്‍ത്ഥങ്ങളും, പദപ്രയോഗങ്ങളും ഒക്കെ സംഭാവ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ വിജയം കൈവരിച്ച വ്യാഖ്യാനങ്ങളില്‍ പലതും ശക്തരായിരുന്ന അധികാര കേന്ദ്രങ്ങളുടെ വിജയം കൂടിയായിരുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവ തെറ്റായിരുന്നുവെന്ന് അര്‍ത്ഥമില്ല; അധികാരത്തില്‍ കൂടുതല്‍ സഭാപരമായും രാഷ്ട്രീയപരമായും കൂടുതല്‍ കരുത്തരുടെ പക്ഷം ശരിയായി ഭവിച്ചു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിപരം ആവില്ല. എന്നാല്‍ അനുഷ്ഠാനങ്ങളുമായി ബന്ധിപ്പിച്ചു ദൈവശാസ്ത്ര വ്യാഖ്യാനങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതിന് പൊതു സ്വീകാര്യത ലഭ്യമാകുന്നു. ക്രൈസ്തവികത പോലെ ഘടനാപരമായ കെട്ടുറപ്പുള്ള മതങ്ങള്‍ അനുഷ്ഠാനങ്ങള്‍ പോലും നിയന്ത്രണത്തിന്റെയും അധീശത്വത്തിന്റെയും ഉപാധിയാക്കുന്നു. അനുഷ്ഠാനങ്ങള്‍ക്ക് പവിത്രത കല്പിച്ചു പൗരോഹിത്യ അധീശത്വം സ്ഥാപിക്കാനുള്ള എളുപ്പവഴിയാണ് ആരാധനക്രമ സംഘര്‍ഷങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org