ഉത്ഥിതനായ യേശുവിന്റെ സാന്നിദ്ധ്യം വിശുദ്ധ കുര്‍ബാനയിലും ദൈവജനത്തിലും

ഉത്ഥിതനായ യേശുവിന്റെ സാന്നിദ്ധ്യം വിശുദ്ധ കുര്‍ബാനയിലും ദൈവജനത്തിലും

ബാഹ്യനേത്രങ്ങള്‍ കൊണ്ടു കാണുന്ന കാഴ്ചയ്ക്ക് ഉപരിയായി ശബ്ദം കൊണ്ടും വിശ്വാസം വഴിയുമാണ് ശ്ലീഹന്മാരും ശിഷ്യരും ഭക്തസ്ത്രീകളും ഉത്ഥിതനായ യേശുവിനെ തിരിച്ചറിഞ്ഞത്.

ഒരു പുരുഷനെ സ്‌നേഹിക്കുന്ന സ്ത്രീക്ക് ആ വ്യക്തിയെ അകലെക്കാണുമ്പോള്‍തന്നെ തിരിച്ചറിയുവാന്‍ കഴിയും. മറിയം മഗ്ദലേന ഒരു മനുഷ്യനെ കണ്ടു. പക്ഷേ അയാള്‍ തോട്ടക്കാരനാ ണെന്നു വിചാരിച്ചു. 'മറിയം' എന്ന വിളിയുടെ ശബ്ദം കേട്ടാണ് യേശു വിനെ അവള്‍ തിരിച്ചറിഞ്ഞത്.

എമ്മാവൂസിലേക്കുപോയ ശിഷ്യന്‍മാരോടുകൂടി വളരെ നേരം യേശു സംസാരിച്ചു. എന്നാല്‍ യേശുവിനെ അവര്‍ തിരിച്ചറിഞ്ഞത് അപ്പംമുറിക്കല്‍ ശുശ്രൂഷയിലാണ്. അതായത്, വിശുദ്ധ കുര്‍ബാനയില്‍. പത്രോസും കൂട്ടരും പ്രാതല്‍ ഒരുക്കുന്ന ഒരു വ്യക്തിയെ കണ്ടു. അന്ത്യ അത്താഴത്തില്‍ യേശുവി നെ സശ്രദ്ധം നിരീക്ഷിച്ച യോഹന്നാന്‍ ആണ് അടുത്തുവന്നപ്പോള്‍ അതു യേശുവാണ് എന്നു തിരിച്ചറിഞ്ഞത്.

വിശുദ്ധ കുര്‍ബാനയില്‍ വസിക്കുന്ന ഉത്ഥിതനായ യേശുവിനെ തിരിച്ചറിയുവാന്‍ മറിയം മഗ്ദലേനയുടെയും ശിഷ്യരുടെയും ശ്ലീഹന്‍മാരുടെയും അനുഭവത്തില്‍നിന്നു നാം ഒരു കാര്യം പഠിക്കണം. വാക്കുകളും പ്രവൃത്തികളുമാണ് കാഴ്ചയ്ക്കുപരിയായി യേശു കാണിച്ചുതന്ന മാര്‍ഗ്ഗം. യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ദൈവമെന്നനിലയില്‍ എന്നും സത്യമായി നിലകൊള്ളുന്നവയാണ്. ഞാന്‍ എക്കാലവും യുഗാന്ത്യംവരെ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്ന് യേശു വാഗ്ദാനം ചെയ്തു.

ഇതു നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നു പറഞ്ഞത് യേശു പിതാവിന്റെ മഹത്വത്തിനും മനുഷ്യ രക്ഷയ്ക്കുമായി സ്വയം മുറിച്ചു നല്‍കിയ സത്യമാണ്, 'ഇത്' എന്ന വാക്കു കൊണ്ട് അര്‍ത്ഥമാക്കിയത്. നിങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവും എന്നരുളിയപ്പോള്‍ നിങ്ങള്‍ എന്ന വാക്കില്‍ ലോകാവസാനംവരെ ജനിക്കുവാനിരിക്കുന്ന ഓരോ മനുഷ്യവ്യക്തിയും ഉള്‍പ്പെടുന്നു. യേശുവിന്റെ ഈ വാക്കുകളില്‍ നാം വിശ്വസിക്കുമ്പോള്‍ ഉത്ഥിതനായി ജീവിക്കുന്ന യേശുവിനെ വിശുദ്ധ കുര്‍ബാനയില്‍ നമുക്കു കാണുവാന്‍ സാധിക്കും.

ഉയിര്‍ത്തെഴുന്നേറ്റ യേശു മാമ്മോദീസായിലൂടെ നമ്മില്‍ വസിക്കുവാന്‍ തുടങ്ങുകയും വിശുദ്ധ കുര്‍ബാനയിലൂടെ നമ്മുടെ പാപക്കറകള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്തുകൊണ്ട് പ്രതിദിനം സന്നിഹിതനാണ്. വിശുദ്ധ കുര്‍ബാനയില്‍ സ്വയം മുറിച്ചു നല്‍കിക്കൊണ്ട് യേശു സന്നിഹിതനാകുന്നു. മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയിലും ഈശോ വസിക്കുന്നു. മാമ്മോദീസാ സ്വീകരിച്ചവര്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഒരുമിച്ചു കൂടുമ്പോള്‍ യേശു ആ സമൂഹത്തില്‍ സന്നിഹിതനാണ്. തിരുസഭ എന്നു പറയുന്നത് ഈ സമൂഹത്തെയാണ്. സഭയുടെ ഭരണസംവിധാനം മാത്രമല്ല തിരുസഭ. ഇവിടെ വൈദികന്‍ എങ്ങോട്ടു തിരിഞ്ഞു ബലി അര്‍പ്പിക്കുന്നതാണ് കൂടുതല്‍ അര്‍ത്ഥവത്ത് എന്ന ചോദ്യമുദിക്കുന്നു.

ബലിയര്‍പ്പണസമയം എവിടേക്കു തിരിഞ്ഞാലാണ് ബലിയര്‍പ്പകര്‍ക്ക് ദൈവത്തെ കാണുവാന്‍ സാധിക്കുക? ''നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍ ദൈവം അരുള്‍ ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും. ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവും'' (2 കൊറി. 6:16).

ലോകത്തില്‍ തുടരുന്ന എല്ലാ ബലിയര്‍പ്പണത്തിലും ബലിയര്‍പ്പകനും ബലിവസ്തുവും യേശുവാണ്. വൈദികനും ജനങ്ങള്‍ക്കും മദ്ധ്യേ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ വരുന്നത് യേശുവാണ്. വിരുന്നുമേശയില്‍ ഇരുന്ന് ശിഷ്യര്‍ക്കുവേണ്ടി യേശു ബലി അര്‍പ്പിച്ചു. യേശുവിന്റെ സ്ഥാനത്തു വൈദികന്‍ ബലി അര്‍പ്പിക്കുന്നു. അതുകൊണ്ട് വൈദികന്‍ ജനങ്ങളിലേക്കു തിരിഞ്ഞ് ബലി അര്‍പ്പിക്കുന്നത് ഉചിതമാണ്.

ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തന്‍ അരുള്‍ ചെയ്യുന്നു. (2 കൊറി. 6:18). എങ്കില്‍, ദൈവം മക്കളുടെ ഇടയിലായിരിക്കും സന്നിഹിതനാകുക.

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെയാണ് (1 കൊറി. 3:16-17). നാം ദേവാലയമാണെങ്കില്‍ ദൈവം വസിക്കുന്നതു നമ്മുടെ ഉള്ളിലാണ്. മാമ്മോദീസാ സ്വീകരിച്ചതു മുതല്‍ യേശു നമ്മുടെ ഉള്ളില്‍ ജീവിക്കുവാന്‍ തുടങ്ങുന്നു. യേശുവിന്റെ രാജ്യമാണ് ദൈവരാജ്യം. ഈ രാജ്യം ഒരു വിത്തുപോലെ നമ്മുടെ ആത്മാവില്‍ പാകപെട്ടിരിക്കുന്നു. ദൈവ രാജ്യത്തിന്റെ ഈ വിത്ത് ഒരു ചെടിപോലെ വളരണം. അതിനുള്ള ഭക്ഷണവും പാനീയവുമാണ് യേശുവിന്റെ ശരീരവും രക്തവുമായി മാറുന്ന വിശുദ്ധ കുര്‍ബാന.

ഇപ്രകാരം മാമ്മോദീസ സ്വീകരിച്ച് ദൈവമക്കളായ ക്രൈസ്തവര്‍ ദിവ്യബലിക്കായി ഒരുമിച്ചു കൂടുന്നു. ഈ സമൂഹത്തെയാണ് തിരുസഭ എന്ന് ആദ്യം വിളിച്ചിരുന്നത്. അതുകൊണ്ട്, ദൈവത്തിന്റെ ആലയമായ ദൈവജനത്തില്‍ ദൈവം വസിക്കുന്നുവെങ്കില്‍ ദൈവത്തെക്കാണേണ്ടത് എവിടെയാണ്? ജറുസലേം ദേവാലയത്തിന്റെ ഏറ്റം ഉന്നതമായ Holy of Holies-ല്‍ ദൈവം വസിക്കുമെന്ന് ഇസ്രായേല്‍ ജനത്തോട് ദൈവം വാഗ്ദാനം ചെയ്തിരുന്നു. അവിടേക്ക് തിരിഞ്ഞാണ് യഹൂദ പുരോഹിതര്‍ ബലിയര്‍പ്പിച്ചിരുന്നത്.

എന്നാല്‍, ഈ ആരാധനക്രമം പൂര്‍ണ്ണമായി റദ്ദാക്കി ബലിയര്‍പ്പണത്തിന് നവമായ ഒരു സംവിധാനം അന്ത്യഅത്താഴത്തില്‍ യേശു നല്‍കി. ദേവാലയത്തില്‍ പ്രതിദിനം ആവര്‍ത്തിക്കപ്പെട്ടിരുന്ന ബലിയുടെ സ്ഥാനത്ത് യേശു നിത്യമായ ഏകബലിയും ഏക പുരോഹിതനും ആയി. Holy of Holies-ല്‍ ഇരുന്ന ദൈവം താഴെയിറങ്ങി യേശുവില്‍ വസിച്ചു. കുരിശുമരണ സമയത്ത് ദേവാലയത്തിലെ തിരശ്ശീല രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ Holy of Holies-ല്‍ ഇരുന്ന ദൈവം യേശുവില്‍ ഇറങ്ങി വന്നു വസിച്ചു. പാപം മൂലം ദൈവാലയത്തിലെ പരിശുദ്ധ സ്ഥലത്തുനിന്നു പുറത്താക്കപ്പെട്ട മനുഷ്യരെ തന്റെ രക്തംകൊണ്ടു കഴുകി ശുദ്ധരാക്കപ്പെട്ട പരിശുദ്ധരായ വൈദികര്‍ക്ക് മാത്രം പ്രവേശിക്കുവാന്‍ അനുവാദമുണ്ടായിരുന്ന വിശുദ്ധ സ്ഥലത്തേക്കു മാമ്മോദീസാവഴി യേശു വിശ്വാസികളെ പ്രവേശിപ്പിച്ചു.

ജറുസലേം ദേവാലയം തകര്‍ക്കപ്പെടുമെന്നും അതിനുശേഷം യേശുതന്നെയായിരിക്കും ദേവാലയമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ''നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും'' (യോഹ. 2:19). എന്നാല്‍ അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെപ്പറ്റിയാണ് (യോഹ. 2:21). അതുകൊണ്ട് ജറുസലേം ദേവാലയ ആരാധനയുടെ മാതൃകയിലുള്ള ബലിയര്‍പ്പണ ക്രമത്തിന് പ്രസക്തിയില്ലാതായിത്തീര്‍ന്നു. ഇനി മുതല്‍ യേശുവായിരിക്കും ദേവാലയം. തങ്ങളുടെ ജീവിതത്തിന്റെ പ്രതീകമായ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി മാറുന്ന ബലിപീഠം ദൈവജനത്തിനു കാണുവാനുള്ള അവകാശമില്ലേ? യേശുവിന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും മുറിക്കപ്പെടലിന്റെയും ഉയിര്‍പ്പിന്റെയും, പരിശുദ്ധാത്മാവിന്റെ ആഗമനത്തിന്റെയും പ്രതീകമായ അടയാളങ്ങളാണല്ലോ തിരുശരീരത്തിന്റെ മുറിക്കലും യോജിപ്പിക്കലും ഉയര്‍ത്തലുമെല്ലാം വഴി അള്‍ത്താരയില്‍ ആവര്‍ത്തിക്കപ്പെടുന്നത്.

അന്ത്യ അത്താഴത്തില്‍ യേശു ശിഷ്യന്‍മാര്‍ക്ക് അഭിമുഖമായി ഇരുന്നാണ് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. അതുപോലെ തന്നെ അപ്പസ്‌തോല ന്മാരുടെ നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പസ്‌തോ ലന്മാരുടെ നേരെ തിരിഞ്ഞിരുന്ന് അപ്പവും വീഞ്ഞും എടുത്തു വാഴ്ത്തി മുറിച്ചു പങ്കിട്ടു. എന്റെ ഓര്‍മ്മ യ്ക്കായി ഇതു നിങ്ങള്‍ ചെയ്യുവിന്‍ എന്നു പറ ഞ്ഞു. അതനുസരിച്ചാണല്ലോ ഇന്ന് ബലി അര്‍പ്പി ക്കപ്പെടുന്നത്. 'ഇത്' എന്നു പറഞ്ഞപ്പോള്‍ ഈ അത്താഴഘടനയും ഉള്‍പ്പെടുന്നു.

മക്കളെ തീറ്റിപ്പോറ്റുന്ന അപ്പന്റെ സ്ഥാനത്താണ് യേശു. അപ്പനും മക്കളും അപ്പംമുറിച്ച് പങ്കിട്ടു സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ അപ്പന്‍ പുറംതിരിഞ്ഞാണോ ഇരിക്കുന്നത്? നിങ്ങള്‍ക്കും ഞങ്ങള്‍ക്കും വേണ്ടി എന്നു പറഞ്ഞുകൊണ്ടല്ലേ വൈദികന്‍ ബലി അര്‍പ്പിക്കുന്നത്? ജനങ്ങളെപ്പോലെ യേശുവിന്റെ മരണത്തിലൂടെയുള്ള രക്ഷ വൈദികനും നേടേണ്ടവനാണ്. അതുകൊണ്ട് വൈദികനും ജനങ്ങള്‍ക്കും മദ്ധ്യേ എല്ലാവര്‍ക്കും വേണ്ടി ബലിയായിത്തീരുന്ന അപ്പവും വീഞ്ഞും അര്‍പ്പിക്കുന്നതല്ലേ ചേര്‍ച്ച? അള്‍ത്താരയിലേക്കു തിരിഞ്ഞ് ബലിയര്‍പ്പിക്കുന്നതില്‍ അപാകത ഉണ്ടെന്നല്ല ഇതിനര്‍ത്ഥം. രണ്ടഭിപ്രായങ്ങളില്‍ ഒന്ന് വിവരിച്ചു എന്നു മാത്രം.

അന്ത്യ അത്താഴത്തില്‍ യേശു ശിഷ്യന്‍മാര്‍ക്ക് അഭിമുഖമായി ഇരുന്നാണ് വിശുദ്ധകുര്‍ബാന സ്ഥാപിച്ചത്. അതുപോലെ തന്നെ അപ്പസ്‌തോലന്മാരുടെ നേരെതിരിഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പസ്‌തോലന്‍മാരുടെ നേരെതിരിഞ്ഞിരുന്ന് അപ്പവും വീഞ്ഞും എടുത്തു വാഴ്ത്തി മുറിച്ചു പങ്കിട്ടു. എന്റെ ഓര്‍മ്മയ്ക്കായി ഇതു നിങ്ങള്‍ ചെയ്യുവിന്‍ എന്നു പറഞ്ഞു. അതനുസരിച്ചാണല്ലോ ഇന്ന് ബലി അര്‍പ്പിക്കപ്പെടുന്നത്. 'ഇത്' എന്നു പറഞ്ഞപ്പോള്‍ ഈ അത്താഴഘടനയും ഉള്‍പ്പെടുന്നു.

നിങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെടുന്ന, നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന, എന്റെ ഓര്‍മ്മക്കായി നിങ്ങള്‍ ചെയ്യുവിന്‍ എന്നീ വാക്യങ്ങളില്‍ നിങ്ങള്‍ എന്നു പറയുന്നത് യേശുവിന്റെ സ്ഥാനത്ത് ബലി അര്‍പ്പിക്കുന്ന വൈദികനും ഭാഗഭാക്കുകളാകുന്ന ദൈവജനവും ആണെന്നും അവര്‍ ഒന്നുചേര്‍ന്ന് ഏകമനസ്സായി ബലി അര്‍പ്പിക്കണം എന്നതുമാണ്. വൈദികന്‍ അര്‍പ്പിക്കുന്നത് തനിക്കും ദൈവ ജനത്തിനുംവേണ്ടിയുള്ള ബലിയാണ്. അങ്ങേക്കും ഞങ്ങള്‍ക്കും ലോകം മുഴുവനുംവേണ്ടി അങ്ങു സമര്‍പ്പിക്കുന്ന ഈ ബലിയില്‍ അവിടുന്നു സംപ്രീതനാകുകയും ചെയ്യട്ടെ. (വിശുദ്ധകുര്‍ബാന)

വൈദികന്‍ കുര്‍ബാന ചൊല്ലുന്നു, ജനങ്ങള്‍ കാണുന്നു എന്ന വ്യത്യാസം പിന്നീടാണുണ്ടായത്.

സ്വര്‍ഗ്ഗത്തിന്റെ പ്രതീകമായ അള്‍ത്താരയിലേക്കു നോക്കി വൈദികന്‍ ജനങ്ങള്‍ക്കുവേണ്ടി ബലി അര്‍പ്പിക്കുന്നു എന്ന സങ്കല്പവും പിന്നീടു വന്നതാണ്. വൈദികനല്ല അര്‍പ്പകന്‍. യേശുവാണ് അര്‍പ്പകനും ബലി വസ്തുവും. ''നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിത ഗണവും വിശുദ്ധജനവും ദൈവത്തിന്റെ സ്വന്തം ജനവുമാണ്'' (1 പത്രോ. 2:9)

''അവനാകട്ടെ പാപങ്ങള്‍ക്കു വേണ്ടി എന്നേക്കുമുള്ള ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി'' (ഹെബ്രാ. 10:12).

അതുകൊണ്ട് ലോകത്തില്‍ തുടരുന്ന എല്ലാ ബലിയര്‍പ്പണത്തിലും ബലിയര്‍പ്പകനും ബലിവസ്തുവും യേശുവാണ്. വൈദികനും ജനങ്ങള്‍ക്കും മദ്ധ്യേ അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തില്‍ വരുന്നത് യേശുവാണ്. വിരുന്നുമേശയില്‍ ഇരുന്ന് ശിഷ്യര്‍ക്കുവേണ്ടി യേശു ബലി അര്‍പ്പിച്ചു. യേശുവിന്റെ സ്ഥാനത്തു വൈദികന്‍ ബലി അര്‍പ്പിക്കുന്നു. അതുകൊണ്ട് വൈദികന്‍ ജനങ്ങളിലേക്കു തിരിഞ്ഞ് ബലി അര്‍പ്പിക്കുന്ന തു ഉചിതമാണ്. ഇന്ന് നിര്‍ബന്ധിക്കപ്പെടുന്ന രീതിക്ക് ഒരു മറുവശം കൂടി ദൈവവചനാടിസ്ഥാനത്തിലുണ്ട് എന്നു മാത്രം പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org