''സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക''

''സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക''

പാലാ രൂപതാംഗമാണ് ഷംഷാബാദ് രൂപത സഹായമെത്രാനായി സ്ഥാനമേല്‍ക്കുന്ന ബിഷപ് ജോസഫ് കൊല്ലംപറമ്പില്‍. വടവാതൂര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പാലാ സെന്റ് തോമസ് കോളേജില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും എം.ജി. യുണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും നേടി. കേരളരാഷ്ട്രീയത്തിലും സമൂഹത്തിലും വിമോചനദൈവശാസ്ത്രത്തിന്റെ സ്വാധീനമായിരുന്നു ഗവേഷണവിഷയം. പാലാ സെ. തോമസ് കോളേജില്‍ അദ്ധ്യാപകനായി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന്റെ പ്രിന്‍സിപ്പളായും ഏതാനും ഇടവകകളുടെ വികാരിയായും പാലാ രൂപതാ വികാരി ജനറാളായും സേവനം ചെയ്തു. 2019 മുതല്‍ ഷംഷാബാദ് രൂപതാ വികാരി ജനറാളായി സേവനം ചെയ്തുവരികയായിരുന്നു. ബിഷപ് കൊല്ലംപറമ്പിലുമായി നടത്തിയ അഭിമുഖ സംഭാഷണം:

മെത്രാഭിഷേകം : ഒക്‌ടോബര്‍ 9, 2022

 • തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം എന്താണ്?

വി. മര്‍ക്കോസിന്റെ സുവിശേഷം 16:15-ല്‍ രണ്ടാം ഭാഗത്തിന് ഊന്നലേകുന്ന വിധത്തിലാണ് ആപ്തവാക്യം രൂപപ്പെടുത്തിയിരിക്കുന്നത്. ''സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക.'' യേശുക്രിസ്തുവിന്റെ അന്തിമ കല്‍പനയാണിത് എന്നു ഞാന്‍ കരുതുന്നു. ഈ വാക്കുകള്‍ക്കു ശേഷം പിന്നെ ശിഷ്യര്‍ക്ക് അവിടുന്നു നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. ഇതു പറഞ്ഞയുടനെ അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയാണല്ലോ. ''സകല സൃ ഷ്ടികളും'' എന്നതില്‍ മനുഷ്യര്‍ മാത്രമല്ല ഉള്ളത്. പരി. പിതാവ് പരിസ്ഥിതിക്കു പ്രാധാന്യം നല്‍കുന്നു. ഉത്പത്തിപ്പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണത്തില്‍, സൃഷ്ടിജാലത്തിന്റെ പരിപാലനം യഹോവ മനുഷ്യനെയാണ് ഭരമേല്‍പിക്കുന്നത്. മനുഷ്യന്‍ പ്രപഞ്ചത്തിന്റെയാകെ കരുതലേറ്റെടുക്കേണ്ടവനാണ്. എന്റെ ഇടവകയെന്നോ രൂപതയെന്നോ യാതൊരു അതിരുകളും വയ്ക്കാനാവില്ല.

 • അങ്ങേയ്ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഗുജറാത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ എന്തൊക്കെയാണ്?

ഇപ്പോള്‍ ഞാന്‍ ബറുച്ചിലാണുള്ളത്. അപ്പസ്‌തോലനായ വി. തോമാശ്ലീഹാ എഡി 45 നും 46 നും ഇടയില്‍ വന്നുവെന്നു ജനങ്ങള്‍ പരമ്പരാഗതമായി വിശ്വസിക്കുന്ന ഒരു പുരാതന നഗരമാണിത്. അക്കാലത്ത് യഹൂദ വ്യാപാരികള്‍ സ്ഥിരമായി വന്നുപോയിരുന്ന ഒരു വാണിജ്യനഗരമായിരുന്നു ഇത്. തോമാശ്ലീഹാ രണ്ടു തവണ ഇന്ത്യയില്‍ വന്നിരുന്നുവെന്നാണു അടുത്ത കാലത്തെ ഗവേഷണങ്ങള്‍ പറയുന്നത്. ആദ്യം ബറുച്ചിലേക്കും പിന്നെ കേരളത്തിലേക്കും.

കേരളത്തിലായിരുന്നപ്പോള്‍ ഗുജറാത്തിലെ ജനങ്ങളെക്കുറിച്ച്, അവരുടെ മതാന്തരബന്ധങ്ങളുമായി ബന്ധപ്പെട്ട് നിഷേധാത്മകമായ അഭിപ്രായപ്രകടനങ്ങള്‍ ഞാന്‍ കേട്ടിരുന്നു. പക്ഷേ, ഇവിടെയായിരുന്ന കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ എന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. ഇവിടെ വിവിധ ജനവിഭാഗങ്ങളുടെ പരസ്പരബന്ധങ്ങളില്‍ ഞാനറിയുന്നിടത്തോളം പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ല. വൈദികരോടും സിസ്റ്റര്‍മാരോടും വലിയ ആദരവു പുലര്‍ത്തുന്നവരാണു ജനങ്ങള്‍. അതിരുകടന്ന തരത്തിലുള്ള മതപ്രസംഗങ്ങളില്‍ നാം ഏര്‍പ്പെടുന്നുമില്ല. പരി. പിതാവു പറയുന്നതുപോലെ നന്മ ചെയ്യാനാണു നാം ശ്രമിക്കുന്നത്. സുവിശേഷം ജീവിക്കുകയും സുവിശേഷചൈതന്യത്തില്‍ ജനങ്ങളുടെ ഒപ്പം നടക്കുകയും ചെയ്യുന്നു. അതാണു ഞങ്ങളിവിടെ ചെയ്യുന്നത്. കുടിയേറ്റക്കാരുടെ അജപാലനാവശ്യങ്ങള്‍ നിറവേറ്റുന്നതിനാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കേരളസഭയുടേതില്‍ നിന്നു തികച്ചും വ്യത്യസ്തമായ സാഹചര്യമാണിവിടത്തേത്. ദിവ്യബലിയിലും മറ്റെല്ലാ സഭാപ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ വളരെ സജീവമായി പങ്കെടുക്കുന്നു. ഇവിടെ മെത്രാനും വൈദികരും ജനങ്ങളും തമ്മിലുള്ള പരസ്പരബന്ധങ്ങള്‍ വളരെ ഊഷ്മളമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്.

 • സമീപകാലത്ത് ഉത്തരേന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വളരെയധികം മാറിപ്പോയിട്ടുണ്ട്. ഹിന്ദു മതതീവ്രവാദവുമായി ബന്ധപ്പെട്ടാണിതു പ്രധാനമായും. ഗുജറാത്തില്‍ എന്തുതരം മിഷന്‍ പ്രവര്‍ത്തനമാണ് ഇനി സാദ്ധ്യമായിട്ടുള്ളത്? അവിടെ സുവിശേഷം എങ്ങനെ പ്രസംഗിക്കും?

അതിനു വ്യത്യസ്തമായൊരു വ്യാഖ്യാനം നല്‍കേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു. സുവിശേഷം നമ്മള്‍ സ്വീകരിച്ചതിനാല്‍ അതു നാം പ്രഘോഷിക്കേണ്ടതുണ്ട്, ജനങ്ങള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും. അതവരുടെ കാര്യമാണ്. സിനഗോഗില്‍ യേശു ആദ്യമായി രംഗത്തുവരുന്നതിനെ കുറിച്ചുള്ള സുവിശേഷഭാഗമായ യോഹ. 1:11 ല്‍ എല്ലാ ആളുകളും, അവന്റെ സ്വന്തം ആളുകളുള്‍പ്പെടെ, അവനെ നിരാകരിക്കുന്നതായി നാം കാണുന്നു. അവിടുന്ന് അതിനോടു നിഷേധാത്മകമായി പ്രതികരിക്കുന്നില്ല. മറ്റൊരു സ്ഥലത്തേക്കു പോകുക മാത്രം ചെയ്യുന്നു. ഇവിടത്തെ മിഷന്‍ രംഗത്ത് ഹിന്ദുത്വ തീവ്രവാദത്തിന്റേതായ യാതൊരു ബുദ്ധിമുട്ടുകളും ഞാന്‍ അനുഭവിച്ചിട്ടില്ല. യേശു ഒരിക്കലും ആരേയും മാമ്മോദീസാ മുക്കാന്‍ ശ്രമിച്ചിട്ടില്ല, സുവിശേഷം പ്രഘോഷിക്കുക മാത്രമാണു ചെയ്തത്. അമിതാവേശത്തോടെയുള്ള പ്രസംഗത്തിനോ മാമ്മോദീസാ മുക്കലിനോ ഞങ്ങള്‍ ഒരിക്കലും ശ്രമിക്കുന്നില്ല. മുന്‍കാലത്ത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വികലമായ ഒരര്‍ത്ഥം നാം കല്‍പിച്ചിരുന്നു. ഭാവാത്മകമായ ഒരര്‍ത്ഥമായിരുന്നില്ല അത്. വി. ഫ്രാന്‍സിസ് പറഞ്ഞതുപോലെ, സുവിശേഷം പ്രസംഗിക്കുക, ഒരു വാക്കു പോലും ഉച്ചരിക്കാതെ. നമ്മുടെ പെരുമാറ്റവും സമീപനങ്ങളുമാണ് പ്രഘോഷണം. അതുപോലെ, നാം ആരെയും നിര്‍ബന്ധിക്കുന്നതുമില്ല. ബോദ്ധ്യപ്പെട്ടുവെങ്കില്‍ അവര്‍ക്കു വരാം. വ്യക്തിപരമായ ബോദ്ധ്യത്തെയും ക്രിസ്തുവിനെ സ്വന്തം നേതാവായി അംഗീകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കുകയാണു മിഷന്‍.

നാം സുവിശേഷാനുസൃതം ജീവിക്കുകയാണെങ്കില്‍ നമ്മുടെ അതിരുകളും സുഖമേഖലകളും വിട്ടിറങ്ങാന്‍ നാം നിര്‍ ബന്ധിതരാകും. ചിലപ്പോള്‍ നമ്മുടെ അഹംബോധമാണ് ജീവിതയാഥാര്‍ത്ഥ്യ ങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്നു നമ്മെ തടയുന്നത്.
 • മൗലികവാദവും മതഭ്രാന്തും വര്‍ഗീയതയും എല്ലാ മതങ്ങളിലുമുണ്ട്. ക്രിസ്ത്യാനികളെയും അതു ബാധിച്ചിട്ടുണ്ട്. എല്ലാവരുമായി എന്തു തരത്തിലുള്ള സൗഹാര്‍ദ്ദബന്ധമാണ് അങ്ങു വിഭാവനം ചെയ്യുന്നത്?

മതങ്ങള്‍ക്കിടയിലെ വിഭാഗീയതയും ശത്രുതയും ഒരു യാഥാര്‍ത്ഥ്യമാണ്. കാരണം, സ്വന്തമായ വിശ്വാസങ്ങളും സംവിധാനങ്ങളുമുള്ളവര്‍ മറ്റുള്ളവരുടേതിനെ മാനിക്കുന്നില്ല. നാം നമ്മുടെ അതിരുകള്‍ വിട്ടു പുറത്തിറങ്ങുന്നതോടെ ഈ പ്രശ്‌നം ഇല്ലാതാകും. രാഷ്ട്രീയ, സാമുദായിക വിഭാഗീയതകള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്, അതുപോലെ കുടുംബങ്ങളിലെ ഭിന്നതകളും. പ്രശ്‌നങ്ങള്‍ പുതിയ പരിഹാരങ്ങള്‍ തേടാനുള്ള അവസരം സമ്മാനിക്കുകയാണ്. സുവിശേഷത്തിന്റെ യഥാര്‍ത്ഥ ചൈതന്യം കരസ്ഥമാക്കാനും ഇതു നമ്മെ സഹായിക്കണം. നാം സുവിശേഷാനുസൃതം ജീവിക്കുകയാണെങ്കില്‍ നമ്മുടെ അതിരുകളും സുഖമേഖലകളും വിട്ടിറങ്ങാന്‍ നാം നിര്‍ബന്ധിതരാകും. ചിലപ്പോള്‍ നമ്മുടെ അഹംബോധമാണ് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ നിന്നു നമ്മെ തടയുന്നത്. മര്‍ക്കോസ് 6-ല്‍ പറയുന്നതുപോലെ അവന്‍ ആ തച്ചന്റെ മകനല്ലേ എന്നു പറഞ്ഞു ജനം അവനെ നിരാകരിക്കുന്നു.

 • അങ്ങു പറഞ്ഞതുപോലെ, അസ്പൃശ്യരില്ല, അതിരുകളുമില്ല. ''കത്തോലിസിസം'' അതിന്റെ അര്‍ത്ഥത്തില്‍ തന്നെ സാര്‍വത്രികവും സര്‍വാശ്ലേഷിയുമാണ്. ആരേയും അത് ഒഴിവാക്കുന്നില്ല. സഭയുടെ ഈ സര്‍വാശ്ലേഷമാനത്തെ നാം ശക്തിപ്പെടുത്തേണ്ടതെങ്ങനെയാണ്?

ഐക്യം എന്നാല്‍ ഒരേയൊരു സഭ മാത്രമേയുള്ളൂവെന്നല്ല അര്‍ത്ഥമാക്കുന്നത്. നാം ഒരു രാഷ്ട്രമാണ്, പക്ഷേ വ്യത്യസ്തമായ സംസ്ഥാനങ്ങളും ഭാഷകളും തനിമകളും ഇന്ത്യയിലുണ്ട്. സഭയിലും ഇതുപോലുള്ള ബഹുസ്വരതയുണ്ട്. അതിനെ നാം മാനിക്കണം. നാം അതു കാത്തുസൂക്ഷിക്കേണ്ടതുമുണ്ട്. സഭ പരിലാളിക്കുന്ന ഒരു നിധിയാണ് ഈ ബഹുസ്വരത. നമ്മുടെ രാജ്യത്തിലെ വിവിധ ഭാഷകളെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമായിരിക്കുന്നതുപോലെ മതങ്ങളുടെ ബഹുസ്വരതയെയും നാം സംരക്ഷിക്കേണ്ടതുണ്ട്.

 • ന്യൂനപക്ഷങ്ങള്‍ക്ക് ഈ ഭരണകൂടം നല്‍കുന്ന സംരക്ഷണത്തില്‍ സം തൃപ്തനാണോ? അതോ, അതിലെന്തെങ്കിലും ആശങ്കയുണ്ടോ?

ഒരു രാജ്യമെന്ന നിലയില്‍ നാം പക്വത പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാന്‍ കരുതുന്നു. അതൊരു തുടരുന്ന പ്രക്രിയയാണ്. പരസ്പരം മാനിക്കാനും അപരന്റെ അവകാശങ്ങളെ അംഗീകരിക്കാനും വേണ്ടത്ര പക്വത നാം ആര്‍ജിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇതിന് ചില അപവാദങ്ങള്‍ അവിടെയുമിവിടെയും കണ്ടേക്കാം, അതു സ്വാഭാവികവുമാണ്.

 • പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നല്ലോ. ജനങ്ങളുമായി ഇടപെടുമ്പോള്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയം അങ്ങു കാണുന്നില്ലേ?

രാഷ്ട്രീയം വന്‍തോതില്‍ മാറിപ്പോയി. അതിന്റെ യഥാര്‍ത്ഥമായ അര്‍ത്ഥം തന്നെ നമുക്കു നഷ്ടപ്പെട്ടു. അരിസ്റ്റോട്ടിലും ഫ്രാങ്ക്‌ളിനും പോലെയുള്ള പ്രഗത്ഭര്‍ വിവരിച്ചു തന്ന തരം രാഷ്ട്രീയം ഇവിടെയില്ല. എല്ലാറ്റിനോടും പലതരം ചരടുകള്‍ ബന്ധിച്ചിരിക്കുകയാണ്. 75 വര്‍ഷം മാത്രം പ്രായമായ ഈ യുവരാഷ്ട്രം ശരിയായ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയം നേടിയെടുക്കുമെന്ന പ്രത്യാശ എനിക്കുണ്ട്.

 • വിദ്യാഭ്യാസപ്രവര്‍ത്തകനെന്ന നിലയില്‍ യുവാക്കളും വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

കത്തോലിക്കാസഭയ്ക്കു മാത്രമല്ല വിദ്യാഭ്യാസം വളരെ പ്രധാനമായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉറ്റുനോക്കാന്‍ കഴിയുന്ന മാതൃകകളാകാനാണു നാം ശ്രമിക്കുന്നത്. അദ്ധ്യാപകര്‍ക്കു സമൂഹത്തില്‍ വലിയ സ്വീകാര്യതയുണ്ട്. അവര്‍ പറയുന്നതിന് ജനങ്ങള്‍ വില കൊടുക്കും. അതുകൊണ്ടാണു കത്തോലിക്കാസഭ പലതരം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്. നമ്മുടെ വിദ്യാര്‍ത്ഥിക്കാലത്ത് അദ്ധ്യാപകര്‍ക്കു വിദ്യാര്‍ത്ഥികളെ ശകാരിക്കുകയോ തിരുത്തുകയോ ചെയ്യാമായിരുന്നു. ഇപ്പോള്‍ അതിനു മാറ്റം വന്നു. ഇന്ന് ആര്‍ക്കെങ്കിലും അതു സാദ്ധ്യമാകുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം പലതരത്തില്‍ വ്യാഖ്യാനിക്കപ്പെടും. നമ്മുടെ വിദ്യാഭ്യാസസംവിധാനത്തിലൂടെ നാം ധാര്‍മ്മികമൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുകയും സഭയെയും രാഷ്ട്രത്തെയും പടുത്തുയര്‍ത്തുകയും ചെയ്യുന്നു. അതിന്റെ അഭാവത്തില്‍ നശീകരണശക്തികള്‍ പ്രാബല്യം നേടും.

 • ഉന്നതവിദ്യാഭ്യാസത്തി നും ജോലിക്കുമായി യുവജനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കു പുറപ്പെട്ടുപോകുന്നതില്‍ ഉത്കണ്ഠയുണ്ടോ?

അവര്‍ക്ക് ഇവിടെ അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ലെന്നത് ദുഃഖകരമാണ്. പക്ഷേ അതൊരു താത്കാലിക പ്രതിഭാസമാണെന്നു തോന്നുന്നു. നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കും, ധാരാളം തൊഴിലവസരങ്ങളും ഉന്നതവിദ്യാഭ്യാസസൗകര്യങ്ങളും ഇവിടെ ഉണ്ടാകുകയും ചെയ്യും.

 • കേരളീയ, സീറോ മലബാര്‍ സംസ്‌കാരം ഗുജറാത്തിലേക്കു കൊണ്ടുപോകുകയാണോ, അവിടെ വിശ്വാസത്തിന്റെ സാംസ്‌കാരികാനുരൂപണത്തിനു തയ്യാറാകുകയാണോ ചെയ്യുക?

ലളിതമായി ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യമല്ല ഇത്. അനുഭവത്തിലൂടെ മാത്രമേ ഇതിനൊരുത്തരം കണ്ടെത്താനാകൂ. പ്രായമായ കുടിയേറ്റക്കാര്‍ സീറോ മലബാര്‍ സംസ്‌കാരം ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ യുവജനങ്ങള്‍ ഇതേ കുറിച്ച് പുരോഗമന കാഴ്ചപ്പാടുള്ളവരാണ്. അവര്‍ കുര്‍ബാനക്രമം ഇംഗ്ലീഷിലേക്കോ ഗുജറാത്തിലേക്കോ ഹിന്ദിയിലേക്കോ പരിഭാഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ആത്യന്തികമായി അവര്‍ തന്നെയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കുക എന്നതു മാത്രമാണ് ഞങ്ങളുടെ പങ്ക്.

 • തൊഴിലുകൊണ്ട് അദ്ധ്യാപകനായ ഒരു കത്തോലിക്കാ മെത്രാനാണ് അങ്ങ്. ക്രിസ്തുവിന്റെ ജീവിതത്തില്‍ അങ്ങയെ ഏറ്റവും ആകര്‍ഷിക്കുന്നതെന്ത്?

അവിടുത്തെ മനോഭാവം. എല്ലാവരോടും എല്ലാത്തിനോടുമുള്ള വലിയ അനുകമ്പ അവനെപ്പോഴുമുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ വലിയ കാര്‍ക്കശ്യവും പുലര്‍ത്തി. വി. കുര്‍ബാനയുടെ വിഷയത്തില്‍ പലരും അവനില്‍ നിന്ന് അകലം പാലിച്ചു, പക്ഷേ സ്വന്തം നിലപാട് അവന്‍ മാറ്റിയില്ല. അതില്‍ വളരെ വ്യക്തത അവനുണ്ടായിരുന്നു. എല്ലാത്തരം ആളുകളുമായി അവന്‍ ഇടപഴകി. തന്നോടൊപ്പം നില്‍ക്കുന്നവരാണെങ്കിലും തന്നെ എതിര്‍ക്കുന്നവരാണെങ്കിലും എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്നു അവന്‍. അവര്‍ക്കുവേണ്ടി സഹിക്കാന്‍ അവന്‍ സന്നദ്ധനായിരുന്നു. വിസ്മയകരമായ ഒരു വ്യക്തിത്വം.

 • യോഹാന്നാന്റെ സുവിശേഷത്തില്‍ ഭക്ഷിക്കാനായി അപ്പം കിട്ടിയ ജനങ്ങള്‍ യേശുവിനെ രാജാവാക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. പക്ഷേ അവന്‍ അതു നിരസിക്കുകയും അവിടെനിന്നു രക്ഷപ്പെടുകയും ചെയ്തു. ഇത് അങ്ങേയ്ക്കും കത്തോലിക്കാസഭയ്ക്കും നല്‍കുന്ന സന്ദേശമെന്ത്?

അതിനു നേരിട്ടുള്ള ഒരൊറ്റ വ്യാഖ്യാനമല്ല ഉള്ളതെന്നാണു ഞാന്‍ കരുതുന്നത്. ആഴമേറിയ ഒരു ദൈവശാസ്ത്ര അര്‍ത്ഥം അതിനുണ്ട്. ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വം ബൈബിള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു, വചനവ്യാഖ്യാനത്തില്‍ പ്രാഗത്ഭ്യമുള്ളയാളല്ല.

 • പ്രാര്‍ത്ഥന അങ്ങയെ സംബന്ധിച്ച് എന്താണ്, എന്തുകൊണ്ടാണു പ്രാര്‍ത്ഥിക്കുന്നത്?

കര്‍ത്താവിനു മുമ്പില്‍ ആയിരിക്കുക എന്നതു മാത്രമാണു പ്രാര്‍ത്ഥന. വി. പൗലോസ് പറയുന്നതുപോലെ, എങ്ങനെയാണു പ്രാര്‍ത്ഥിക്കേണ്ടത് എന്നു നിനക്കറിയില്ലെങ്കില്‍ നിനക്കുള്ളിലെ ആത്മാവ് നിനക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളും. അതായത്, യേശുവിനു ലഭ്യമായിരിക്കുന്നതെന്തോ അതാണ് എന്നെ സംബന്ധിച്ചു പ്രാര്‍ത്ഥന. സത്യം കണ്ടെത്താനും പരിശുദ്ധാത്മാവിനെ ലഭിക്കാനുമാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

 • വിഴിഞ്ഞത്ത് ആര്‍ച്ചുബിഷപ്പും വൈദികരും ജനങ്ങളും സമരത്തിലാണ്. വിമോചനദൈവശാസ്ത്ര പണ്ഡിതന്‍ എന്ന നിലയില്‍ ഈ പ്രക്ഷോഭത്തെ എങ്ങനെയാണു കാണുന്നത്? ഒരു ക്രൈസ്തവ കാഴ്ചപ്പാടില്‍ സമരത്തെ കാണാനാകുമോ?

സമരത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ എനിക്കു സാധിച്ചിട്ടില്ല. പക്ഷേ കെ.സി.ബി.സിയും സിനഡും ഞങ്ങളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. വി മോചനദൈവശാസ്ത്രം സംബന്ധിച്ച ഏതാണ്ട് എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വിശേഷിച്ചും ഗുട്ടിയേരസിന്റേത്. എല്ലാ ദൈവശാസ്ത്രങ്ങളും സുവിശേഷങ്ങളില്‍ നിന്നുത്ഭവിക്കുന്നതായി വേണം വ്യാഖ്യാനിക്കേണ്ടത്്. എല്ലാ ദൈവശാസ്ത്രങ്ങളും യേശുവിനെ വിശദീകരിക്കണം. ഏതെങ്കിലുമൊരു വാക്ക് അടര്‍ത്തിയെടുത്ത് അതിനെ ഒറ്റയ്ക്കു വ്യാഖ്യാനിക്കാനാവില്ല. ഇതാണ് അത് എന്ന മട്ടില്‍ പറയാനാവില്ല. നാം വ്യാഖ്യാനിക്കുന്ന ഏതു ദൈവശാസ്ത്രവും ക്രിസ്തുവിനെ വെളിപ്പെടുത്തണം. വളച്ചൊടിക്കപ്പെട്ട വ്യാഖ്യാനമായിരുന്നു എന്നതുകൊണ്ടാണ് ചില തരം വിമോചനദൈവശാസ്ത്രത്തിന് അതിന്റെ പ്രസക്തി നഷ്ടമായത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org