സഭയുടെ അഭിമാനം

The pride of the church
Published on

കേരളസഭയ്ക്കും സമൂഹത്തിനും ഈടുറ്റ സംഭാവനകൾ ചെയ്ത ഒരു മാധ്യമമാണ് സത്യദീപം എന്നു പറയാൻ അഭിമാനമുണ്ട്. 1927-ൽ അന്നത്തെ എറണാകുളം അതിരൂപതാധ്യക്ഷനായി രുന്ന ആർച്ചുബിഷപ് അഗസ്റ്റിൻ കണ്ടത്തിൽ, സത്യദീപം വാരികയുടെ സ്ഥാപനത്തിനു അനുമതി നൽകുമ്പോൾ, വാരിക ഒരു നൂറ്റാണ്ട് പൂർത്തിയാക്കി, വിജയകരമായി സേവനം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ എന്നറിയില്ല. അതിരൂപതയുടെ വേദപ്രചാരത്തിന്റെ ചുമതലക്കാരനായിരുന്ന ബഹു. ജോസഫ് പഞ്ഞിക്കാരനച്ചൻ, ബഹു.ജേക്കബ് നടുവത്തുശേരിയച്ചനോടു ചേർന്നു വാരികയുടെ പ്രഥമലക്കങ്ങൾ പുറത്തിറക്കുമ്പോൾ, അതിനൊരു ശതാബ്ദിപ്പതിപ്പുണ്ടാകുമെന്നു കരുതിയിരുന്നുവോ എന്നും അറിയില്ല.

പക്ഷേ, കരുത്തുറ്റ അടിത്തറയാണ് അവരെല്ലാം സത്യദീപം വാരികക്കായി നിർമ്മിച്ചത്. ജൂബിലികൾ പിന്നിട്ട്, സത്യദീപം ഇന്നു ശതാബ്ദിയാഘോഷത്തിലേക്കെത്തുമ്പോൾ, വാരികയ്ക്കു തുടക്കമിട്ടവരെയും ആദ്യത്തെ പ്രിന്ററും പബ്ലിഷറുമായി പ്രവർത്തിച്ച ഫാ. തോമസ് വട്ടോലിയെയും തുടർന്നുള്ള വർഷങ്ങളിൽ വാരികയ്ക്കു നേതൃത്വം നൽകിയവരെയും നമുക്ക് ഹൃദയപൂർവം അനുസ്മരിക്കാം.

അച്ചടിവിദ്യയും ഭാഷാസേവനവും മാധ്യമസംരംഭങ്ങളും മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചവരാണ് ക്രിസ്ത്യൻ മിഷണറിമാരും സഭയും. അച്ചടിമാധ്യമങ്ങളിലൂടെ വലിയ സംവാദങ്ങളും അഭിപ്രായരൂപീകരണങ്ങളും നടന്നു വന്നിരുന്ന സമയമായിരുന്നു 1920 കൾ. സ്വതന്ത്രരാജ്യമായ ഇന്ത്യ എന്ന സ്വപ്നം മുൻനിറുത്തി ദേശീയപ്രസ്ഥാനം ആശയപ്രചാരണവും പോരാട്ടങ്ങളും നടത്തുന്ന കാലം. കേരളകത്തോലിക്കാസഭയ്ക്കും അതു നിർണായകമായ കാലയളവായിരുന്നു. 1923 ൽ എറണാകുളം അതിരൂപത ആസ്ഥാനമായി ഹൈരാർക്കി സ്ഥാപിതമായതിലൂടെ സീറോ മലബാർ സഭ ഒരു സ്വയാധികാരസഭയെന്ന ലക്ഷ്യത്തിലേയ്ക്ക് കൂടുതൽ അടുത്തു. അതോടെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും സ്വന്തം കാലിൽ നിന്ന് അവയെല്ലാം നിർവഹിക്കാനും സഭ സജ്ജമാകേണ്ടതുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, നമ്മുടെ പൂർവപിതാക്കൾ ഒരു വാരികയുടെ പ്രസക്തി മനസ്സിലാക്കുന്നതും അതു തുടങ്ങുന്നതിനായി ഇറങ്ങിത്തിരിക്കുന്നതും.

1927 ൽ സ്ഥാപിതമായ സത്യദീപം അതിവേഗം അതിന്റേതായ ഇടം കണ്ടെത്തുകയും പ്രചാരത്തിൽ മുന്നോട്ടു കുതിക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ വിശ്വാസസത്യങ്ങൾ പൊതുസമൂഹത്തിനു വിശദീകരിച്ചു നൽകുന്നതിലും സഭാവിരുദ്ധമായ ദുഷ്പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിലും വിശ്വാസികൾക്കു സഭാപരമായ വിജ്ഞാനം പകരുന്നതിലും സത്യദീപം ആരംഭകാലം മുതൽ വലിയ സേവനമാണ് നിർവഹിച്ചത്. സത്യദീപത്തിന്റെ മുൻലക്കങ്ങൾ അതിനു തെളിവാണ്.

മാധ്യമരംഗവും സഭയും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വലിയ വിപ്ലവകരമായ മാറ്റങ്ങൾക്കു വിധേയമായി. മാറേണ്ടിടത്തു മാറിയും മറികടക്കേണ്ടതിനെ മറികടന്നും സത്യദീപം ഇന്നും ശക്തമായി നിലകൊള്ളുന്നു. അതിരൂപതയുടെയും സീറോ മലബാർ സഭയുടെയും അഭിമാനമാണ് ഇന്നു സത്യദീപം വാരിക. പീഠത്തിന്മേൽ വച്ച ദീപമായി നമ്മുടെ സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകർന്നു ചിരകാലം നിൽനിൽക്കാൻ സത്യദീപം വാരികയ്ക്കു സാധിക്കട്ടെ.

logo
Sathyadeepam Online
www.sathyadeepam.org