നീട്ടിവയ്ക്കല്‍: കാലതാമസത്തിന്റെ കല

നീട്ടിവയ്ക്കല്‍: കാലതാമസത്തിന്റെ കല
ജോലികള്‍ അവസാന നിമിഷം വരെ നീട്ടിവയ്ക്കുന്ന പ്രവണത സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനും ജോലിയുടെ ഗുണനിലവാരത്തകര്‍ച്ചയ്ക്കും മാത്രമേ കാരണമാകൂ. കുറ്റബോധം, പശ്ചാത്താപം, സ്വയം വിമര്‍ശനം തുടങ്ങിയ വികാരങ്ങള്‍ പലപ്പോഴും ഇതിനെ തുടര്‍ന്നുണ്ടാകുകയും ചെയ്യും.

'പ്രൊക്രാസ്റ്റിനേഷന്‍' എന്ന വാക്കിന് സമ്പന്നമായ ചരിത്രമുണ്ട്, പ്രോക്രാറ്റിനാറ്റസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് അതുരുത്തിരിഞ്ഞത്. 'നാളെ വരെ മാറ്റിവയ്ക്കുക' എന്നാണ് അതിനര്‍ത്ഥം. 'പ്രോ' (ഫോര്‍വേഡ്), 'ക്രാസ്റ്റിനസ്' (നാളെ) എന്നിവയുടെ സംയോജനം. ജോലികള്‍ പിന്നത്തേക്കു മാറ്റിവയ്ക്കുന്നതിന്റെ അന്തസാരം ആ പ്രയോഗം ശരിയായി ഉള്‍ക്കൊള്ളുന്നു. ജോലികള്‍ വൈകിപ്പിക്കാനും മാറ്റിവയ്ക്കാനുമുള്ള ഈ പ്രവണത മനുഷ്യന്റെ സ്വഭാവരീതിയില്‍ ആഴത്തില്‍ വേരൂന്നിയതാണ്. നൂറ്റാണ്ടുകളായി മനഃശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും അതു കൗതുകപ്പെടുത്തിയിട്ടുമുണ്ട്. പ്രോക്രാസ്റ്റിനേഷന്‍ എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയിലേക്ക് സ്വീകരിച്ചതും ഉപയോഗിച്ചു തുടങ്ങിയതും 16-ാം നൂറ്റാണ്ടിലാണ്. ജോലികള്‍ വൈകിപ്പിക്കാനുള്ള പ്രവണത മനുഷ്യാനുഭവത്തിന്റെ സാര്‍വത്രികവും സുസ്ഥിരവുമായ ഒരു ആഭിമുഖ്യമാണ്.

വിവിധ അടിസ്ഥാന കാരണങ്ങളുള്ള ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ് നീട്ടിവയ്ക്കല്‍. പ്രചോദനവും ആത്മനിയന്ത്രണവും തമ്മിലുള്ള പരസ്പര ബന്ധമാണ് ഒരു പ്രധാന ഘടകം. ഈ മേഖലയിലെ പ്രമുഖ ഗവേഷകനായ 'പിയേഴ്‌സ് സ്റ്റീല്‍' പറയുന്നതനുസരിച്ച്, ''ആത്മനിയന്ത്രണത്തിന്റെ പരാജയമാണ് നീട്ടിവയ്ക്കല്‍.'' ദീര്‍ഘകാല പ്രതിഫലത്തേക്കാള്‍ നൈമിഷിക സംതൃപ്തിക്ക് മുന്‍ഗണന നല്‍കുന്ന മനുഷ്യസ്വഭാവത്തില്‍ നിന്നാണ് ഇത് പലപ്പോഴും ഉണ്ടാകുന്നത്. കൂടാതെ, പരാജയത്തെക്കുറിച്ചുള്ള ഭയവും പരിപൂര്‍ണ്ണത വേണമെന്ന നിര്‍ബന്ധവും നീട്ടിവയ്ക്കുന്ന സ്വഭാവം നിലനില്‍ക്കാന്‍ ഇടയാക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സൈക്കോളജിസ്റ്റുകളായ 'ജെയ്ന്‍ ബുര്‍ക്ക'യും 'ലെനോറ യുവന്‍സും' അഭിപ്രായപ്പെടുന്നു, ''നീട്ടിവയ്ക്കുന്നവര്‍ തങ്ങള്‍ വിലയിരുത്തപ്പെടുന്നതിനെ ഭയപ്പെടുന്നവരാകാം, വിമര്‍ശനങ്ങളും വിധിനിര്‍ണ്ണയങ്ങളും ഒഴിവാക്കുന്നതിനായി ജോലികള്‍ വൈകിപ്പിക്കുന്നതിലേക്ക് ഇത് അവരെ നയിക്കുന്നു.''

അലസതയുടെയോ കാര്യക്ഷമമല്ലാത്ത സമയ കൈകാര്യത്തിന്റെയോ (ടൈം മാനേജ്‌മെന്റ്) പ്രശ്‌നമായി നീട്ടിവയ്ക്കല്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. വാസ്തവത്തില്‍, സ്വയം മതിപ്പില്ലാത്തവര്‍ ആ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ സ്വീകരിക്കുന്ന ഒരു തന്ത്രമാണിത്. എല്ലാവരും ചിലപ്പോള്‍ ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ഇത് അവരുടെ ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അവസരങ്ങള്‍ നഷ്ടമാകുക, സമയപരിധികള്‍ പാലിക്കാനാകാതിരിക്കുക, വൈകിയതിനുള്ള പിഴകളടയ്ക്കുക എന്നിങ്ങനെയുള്ള പ്രത്യാഘാതങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്നു. മാനസിക സമ്മര്‍ദത്തിന്റെയും ഉത്കണ്ഠയുടെയും ഗുരുതരമായ ലക്ഷണങ്ങളും അവരെ ബുദ്ധിമുട്ടിക്കുന്നു. തല്‍ഫലമായി അവരുടെ ഉല്‍പ്പാദനക്ഷമത കുറയുന്നു, മനസമാധാനം നഷ്ടപ്പെടുന്നു. നീട്ടിവയ്ക്കല്‍ നടത്തുന്ന മിക്കവരും പരാജയത്തെ ഭയപ്പെടുന്നു, വിചിത്രമായി തോന്നിയേക്കാം, ഇത്തരക്കാരില്‍ നല്ലൊരു പങ്കും വിജയത്തെ ഭയപ്പെടുന്നവരുമാണ്. വിജയം ഒഴിവാക്കാന്‍ അവര്‍ നീട്ടിവയ്ക്കല്‍ നടത്തുന്നു. മറ്റുള്ളവര്‍ തങ്ങളെ നിയന്ത്രിക്കുമെന്ന ഭയം സൂക്ഷിക്കുന്നവരാണ് വേറെ ചിലര്‍. ഇതൊക്കെയുണ്ടെങ്കിലും, തങ്ങളുടെ അടിസ്ഥാനപ്രകൃതവും വ്യക്തിത്വവും തങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന തൊഴിലിന്റെയും ചുമതലകളുടെയും കാഠിന്യത്തിനും ആവശ്യങ്ങള്‍ക്കും അനുയോജ്യമല്ലെന്ന തിരിച്ചറിവായിരിക്കണം വിശദമായി വിശകലനം ചെയ്യുമ്പോള്‍, മിക്കവരുടെയും പ്രശ്‌നം.

ജോലികള്‍ അവസാന നിമിഷം വരെ നീട്ടിവയ്ക്കുന്ന പ്രവണത സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനും ജോലിയുടെ ഗുണനിലവാരത്തകര്‍ച്ചയ്ക്കും മാത്രമേ കാരണമാകൂ. കുറ്റബോധം, പശ്ചാത്താപം, സ്വയം വിമര്‍ശനം തുടങ്ങിയ വികാരങ്ങള്‍ പലപ്പോഴും ഇതിനെ തുടര്‍ന്നുണ്ടാകുകയും ചെയ്യും. എന്നിരുന്നാലും, കാര്യങ്ങളിങ്ങനെ നീട്ടിവയ്ക്കുന്ന സ്വഭാവം സ്വന്തം ജീവിതത്തെ വളരെ ഹാനികരമായി ബാധിക്കുന്നുണ്ടെന്നു മനസ്സിലായാല്‍ പോലും ഈ സ്വഭാവശൈലിയുള്ളവര്‍ക്ക് ഈ വിഷമവൃത്തത്തില്‍ നിന്നു പുറത്തു കടക്കാന്‍ പ്രയാസമാണെന്നതാണു വിചിത്രം.

ഗ്രാഹ്യശേഷീപരവും വൈകാരികവും പെരുമാറ്റപരവുമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നീട്ടിവയ്ക്കലിന്റെ പിന്നിലെ മനഃശ്ശാസ്ത്രം. ടെമ്പറല്‍ മോട്ടിവേഷന്‍ തീയറി (TMT) ആണ് നീട്ടിവെക്കല്‍ വിശദീകരിക്കുന്ന ഒരു മനഃശാസ്ത്രവീക്ഷണം. നീട്ടിവയ്ക്കല്‍ എന്ന അലട്ടുന്ന പ്രശ്നത്തിന് പിന്നിലുണ്ടാകാനിടയുള്ള മാനസിക ഘടകങ്ങളെക്കുറിച്ചുള്ള ചില ഉള്‍ക്കാഴ്ചകള്‍ ഇത് നമുക്ക് നല്‍കുന്നു. ഒരു ജോലി പൂര്‍ത്തിയാക്കാനുള്ള ഒരു വ്യക്തിയുടെ പ്രേരണയെ ജോലിയില്‍ നിന്നു പ്രതീക്ഷിക്കുന്ന മൂല്യവും അതു പൂര്‍ത്തിയാക്കാന്‍ ലഭ്യമായിട്ടുള്ള സമയവും സ്വാധീനിക്കുന്നുവെന്ന് ഈ സിദ്ധാന്തം പറയുന്നു. കൂടാതെ, നിഷേധാത്മക വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പരിഹാരതന്ത്രമായും നീട്ടിവയ്ക്കലിനെ കാണാവുന്നതാണ്. സമ്മര്‍ദം, ഉല്‍ക്കണ്ഠ അല്ലെങ്കില്‍ വിരസത എന്നിവ ഉളവാക്കുന്ന ജോലികള്‍ ചെയ്യേണ്ടി വരുമ്പോള്‍, ഈ അസുഖകരമായ വികാരങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ നീട്ടിവെക്കല്‍ അവലംബിച്ചേക്കാം. ഖേദകരമെന്നു പറയട്ടെ, ഇത് വര്‍ധിച്ച സമ്മര്‍ദത്തിന്റെ ഒരു വിഷമവൃത്തം സൃഷ്ടിക്കാനാണിട. കാരണം നീട്ടിവയ്ക്കുന്നത് അവസാന നിമിഷത്തെ തിരക്കുകളിലേക്കും ജോലിയുടെ ഗുണനിലവാരത്തിലെ വിട്ടുവീഴ്ചയിലേക്കും നയിച്ചേക്കാം. നീട്ടിവയ്ക്കുന്നവര്‍ ജോലികള്‍ക്കാവശ്യമായ സമയം കുറച്ചുകാണുന്നത് കാലതാമസത്തിലേക്ക് നയിക്കുന്നു. കൂടാതെ, സമ്മര്‍ദം, ഉല്‍ക്കണ്ഠ അല്ലെങ്കില്‍ വിരസത തുടങ്ങിയ നിഷേധാത്മക വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനമെന്ന നിലയില്‍ ജോലി വീണ്ടും നീട്ടിവയ്ക്കുന്നു. അങ്ങനെ ആ ദൂഷിതവലയത്തില്‍ എന്നേക്കുമായി പെട്ടുപോകുന്നു.

വ്യക്തിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെ ബാധിക്കുന്ന വിവിധ ലക്ഷണങ്ങളിലൂടെയാണ് നീട്ടിവയ്ക്കലിനെ നാം കണ്ടറിയുന്നത്. നീട്ടിവയ്ക്കലിന്റെ അനന്തരഫലങ്ങള്‍ തൊഴിലിനെയും വിദ്യാഭ്യാസ മികവിനെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ഈ നീട്ടിവയ്ക്കല്‍, പരീക്ഷാനേട്ടങ്ങള്‍ കുറക്കുന്നു, സമയപരിധികള്‍ പാലിക്കാനാകാതെ വരുന്നു, കഴിവിനനുസരിച്ചുള്ള മികവാര്‍ജിക്കാന്‍ കഴിയാതെയാക്കുന്നു. തൊഴില്‍ രംഗത്താകട്ടെ, അത് ഉത്പാദനക്ഷമതയെ ബാധിക്കുന്നു, സ്ഥാനക്കയറ്റങ്ങള്‍ പരിമിതമാക്കുന്നു. മനഃശാസ്ത്രപരമായി നോക്കിയാല്‍, സമ്മര്‍ദം, ഉല്‍ക്കണ്ഠ, വിഷാദം എന്നിവയ്ക്കു നീട്ടിവയ്ക്കല്‍ കാരണമാകുന്നു, സ്വന്തം പെരുമാറ്റത്തിന്റെ പ്രശ്‌നം വ്യക്തിക്ക് തിരിച്ചറിയാന്‍ കഴിയുമ്പോള്‍ പോലും, ആത്മാഭിമാനവും കാര്യക്ഷമതയും ഇല്ലാതാകുന്നു. കാരെന്‍ ലാംബ് ഈ ആന്തരിക സംഘര്‍ഷം നന്നായി വ്യക്തമാക്കിയിട്ടുണ്ട്: 'ഇന്ന് ആരംഭിച്ചിരുന്നെങ്കില്‍ എന്ന് ഇനി ഒരു വര്‍ഷം കഴിയുമ്പോള്‍, നിങ്ങള്‍ ആഗ്രഹിച്ചേക്കാം.' കാനഡയിലെ ഒട്ടാവ, കാള്‍ട്ടണ്‍ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റ് തിമോത്തി പൈക്കിള്‍ പറയുന്നു: ''നീട്ടിവയ്ക്കല്‍ ഒരു സമയ കൈകാര്യ പ്രശ്നമല്ല, അതൊരു വികാര നിയന്ത്രണ പ്രശ്നമാണ്''.

നീട്ടിവയ്ക്കല്‍ തീര്‍ച്ചയായും ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവസാന നിമിഷത്തെ തിരക്കുകളും പൂര്‍ത്തിയാകാത്ത ജോലികളും മൂലമുണ്ടാകുന്ന സമ്മര്‍ദം, ഉല്‍ക്കണ്ഠ തുടങ്ങിയവ നിസ്സഹായതയും വിഷാദവും സൃഷ്ടിക്കും. നിരന്തരം മാറ്റിവയ്ക്കുന്ന ശീലം ഒരു വ്യക്തിയുടെ ആത്മാഭിമാനത്തെയും സ്വയമുള്ള മതിപ്പിനെയും ഇല്ലാതാക്കുന്നു.

വിരോധാഭാസമെന്നു പറയട്ടെ, നീട്ടിവയ്ക്കലിനും ചില നല്ല ഫലങ്ങള്‍ ഉണ്ട്. ഇത് ദുഷ്‌കരമായ ജോലികളില്‍ നിന്ന് ചെറിയ ഇടവേളകള്‍ ആളുകള്‍ക്കു നല്‍കുന്നു, സര്‍ഗാത്മകതയും പുതിയ കാഴ്ചപ്പാടുകളും വളര്‍ത്തുന്നു. ഈ വിചിന്തന സമയം അപ്രതീക്ഷിത ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. ചിട്ടയോടെയുള്ള നീട്ടിവയ്ക്കല്‍ മൂലം, പ്രാധാന്യമില്ലാത്ത ജോലികള്‍ ആദ്യം പൂര്‍ത്തിയാക്കുകയും അതുവഴി ഉത്തരവാദിത്വത്തിന്റെ നിര്‍ണ്ണായക ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നത് സംതൃപ്തി സംബന്ധിച്ച ഒരു മിഥ്യാധാരണയാകും നല്‍കുകയെങ്കിലും മൊത്തത്തിലുള്ള ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും.

നീട്ടിവയ്ക്കലിന്റെ പ്രശ്‌നം അനുഭവിക്കുന്നവര്‍ സ്വയം കുറ്റപ്പെടുത്തുന്നതിനു പകരം, തങ്ങളോടുതന്നെ ദയയുള്ള മനോഭാവം സ്വീകരിക്കണം. നീട്ടിവയ്ക്കലുമായി ബന്ധപ്പെട്ട നിഷേധാത്മക വികാരങ്ങള്‍ കുറയ്ക്കുവാന്‍ ഇതു സഹായിക്കുന്നു.

ഇതേക്കുറിച്ച് എന്തുചെയ്യാന്‍ കഴിയും എന്നു പരിശോധിക്കുമ്പോള്‍, നീട്ടിവയ്ക്കലിനുള്ള പ്രതിവിധികള്‍ക്ക് ഒരു ബഹുമുഖ സമീപനം ആവശ്യമാണെന്ന വസ്തുതയാണ് ആദ്യം ഉള്‍ക്കൊള്ളേണ്ടത്. ഫലപ്രദമായ സമയ കൈകാര്യം പ്രധാനമാണ്. അതില്‍ ജോലിയെ പലതായി തിരിക്കുക, നിര്‍ദിഷ്ട സമയപരിധി നിശ്ചയിക്കുക, ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നതുപോലെയുള്ള ഉപാധികള്‍ ഉപയോഗപ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്നു. സ്വയാവബോധം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു, അത് തങ്ങളുടെ നീട്ടിവയ്ക്കലുമായി ബന്ധപ്പെട്ടിരിക്കുന്ന മൂലകാരണങ്ങളും വികാരങ്ങളും തിരിച്ചറിയാന്‍ വ്യക്തിയെ സഹായിക്കുന്നു. ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഈ അവബോധം അവരെ പ്രാപ്തരാക്കുന്നു.

സ്വയം അനുകമ്പയുള്ളവരാകുക ഇതില്‍ നിര്‍ണ്ണായകമാണ്. നീട്ടിവയ്ക്കലിന്റെ പ്രശ്‌നം അനുഭവിക്കുന്നവര്‍ സ്വയം കുറ്റപ്പെടുത്തുന്നതിനു പകരം, തങ്ങളോടുതന്നെ ദയയുള്ള മനോഭാവം സ്വീകരിക്കണം. നീട്ടിവയ്ക്കലുമായി ബന്ധപ്പെട്ട നിഷേധാത്മക വികാരങ്ങള്‍ കുറയ്ക്കുവാന്‍ ഇതു സഹായിക്കുന്നു. കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പിക്കു (CBT) ഫലപ്രദമായ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയും. നീട്ടിവയ്ക്കുന്നവരെ അവരുടെ നിഷേധാത്മക ചിന്താരീതികള്‍ തിരിച്ചറിയാനും അവയെ വെല്ലുവിളിക്കാനും സഹായിക്കുന്നു. നിഷേധാത്മക വികാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ജോലിക്ക് അനുരൂപപ്പെട്ട വിശ്വാസങ്ങള്‍ വളര്‍ത്തിയെടുക്കാനും ഇതു സഹായിക്കും. ചില സമയങ്ങളില്‍ എല്ലാവരിലും ഉണ്ടാകുന്ന ഒന്നാണ് നീട്ടിവയ്ക്കല്‍. പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതോ കഴുകാനുള്ള പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിടുന്നതോ, ജോലിസ്ഥലത്ത് ഒരു പ്രധാന അവതരണം നടത്തുന്നതിനുള്ള തയ്യാറെടുപ്പ് അവസാനനിമിഷത്തേക്കു മാറ്റിവയ്ക്കുന്നതോ ഒക്കെയാകാമത്. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മാറ്റിവയ്ക്കുന്നത് താരതമ്യേന സാധാരണമായിരിക്കാം. നീട്ടിവയ്ക്കുന്നത് ഒരു മാനസിക രോഗമാണോ എന്നതാണ് ചോദ്യം. നീട്ടിവയ്ക്കല്‍, അതില്‍ത്തന്നെ ഒരു മാനസിക രോഗമല്ല, മാത്രമല്ല നീട്ടിവെക്കലിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു മാനസികരോഗനിര്‍ണയം ഇല്ല എന്നതാണ് വസ്തുത. എന്നിരുന്നാലും, വിഷാദം, ഉല്‍ക്കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡേഴ്‌സ്, ചില തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങള്‍ എന്നിവയുടെ ഫലമായി നീട്ടിവയ്ക്കല്‍ ഉണ്ടായേക്കാം. മറ്റൊരു മാനസികാരോഗ്യ വൈകല്യത്തിന്റെ ലക്ഷണമാണു നീട്ടിവയ്ക്കലെന്നു വ്യക്തമാകുകയാണെങ്കില്‍, മാനസികാരോഗ്യ വിദഗ്ദ്ധന്റെ പ്രൊഫഷണല്‍ സഹായം തേടുകയാണ് ശരിയായ കാര്യം. എന്നിരുന്നാലും, നീട്ടിവയ്ക്കല്‍ ഒരു മാനസിക വിഭ്രാന്തിയുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ (മിക്കപ്പോഴും നീട്ടിവയ്ക്കലുകള്‍ മാനസികരോഗവുമായി ബന്ധപ്പെട്ടതല്ല, അത് ജീവിതത്തെ ദോഷകരമായി ബാധിക്കുന്നുണ്ടാകാമെങ്കിലും), ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും പെരുമാറ്റ ക്രമീകരണങ്ങള്‍ വരുത്തുന്നതിലൂടെയും ഇത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന്, നീട്ടിവയ്ക്കാനുള്ള ശക്തമായ പ്രവണതയുള്ള പലരും അവരുടെ ദൈനംദിന ജോലികളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും ആസ്വാദ്യത കുറഞ്ഞതുമായ ജോലി ആദ്യമേ ചെയ്യുന്നത് സഹായകരമാണെന്ന് കണ്ടിട്ടുണ്ട്. അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കുന്നില്ല എന്നുറപ്പാക്കുന്നതു വഴി അത് രാവിലെ തന്നെ അവര്‍ക്കൊരു വിജയലഹരി പകരുന്നു. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എഴുതുന്നതു വഴി സ്വയം ആസൂത്രണങ്ങള്‍ ചെയ്യുന്നത് - അത് പഴയ രീതിയിലുള്ള പേനയും പേപ്പറും ഉപയോഗിച്ചോ അല്ലെങ്കില്‍ എല്ലാ ഫോണുകളിലും മറ്റും ഇപ്പോഴുള്ള ഒരു ഡിജിറ്റല്‍ പ്ലാനര്‍ ഉപയോഗിച്ചോ ആകാം - ഒരു വലിയ സഹായമായിരിക്കും. ഉടന്‍ ചെയ്യേണ്ട ജോലികള്‍ക്കും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടു ചെയ്യാവുന്നവക്കും ആഴ്ചയവസാനം വരെ കാത്തിരിക്കാന്‍ കഴിയുന്നവക്കും വ്യത്യസ്ത നിറങ്ങളും മറ്റും നല്‍കുക. ദൃശ്യപരമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക് ഇത് പ്രത്യേകിച്ചും സഹായകരമാണ്. പ്രോത്സാഹനത്തിനും ഉത്തരവാദിത്തത്തിനും ഒരു പിന്തുണാ സംവിധാനം ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നീട്ടിവയ്ക്കലുമായി മല്ലിടുന്ന ഒരു സുഹൃത്തിനെയോ സഹപ്രവര്‍ത്തകനെയോ കണ്ടെത്താന്‍ കഴിയുമെങ്കില്‍, സ്ഥിരമായി പരിശോധനകള്‍ നടത്താനും പ്രകടനം പരസ്പരം താരതമ്യം ചെയ്യാനും കഴിയും. ഇതു വളരെ സഹായകരമായിരിക്കും. ആത്മവിശ്വാസം നിലനിര്‍ത്താന്‍ കഴിയുന്ന, പരസ്പര ധാരണയും സഹാനുഭൂതിയും ഉള്ള ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞാലും നല്ലതാണ്. പുരോഗതി പങ്കുവച്ച്, മുന്നോട്ടു പോകുന്നതിനു അതു വളരെ സഹായകരമാകും. മിക്കപ്പോഴും ഇക്കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ശ്രമിക്കുന്നതിനുപകരം പ്രൊഫഷണല്‍ സഹായം തേടുന്നതാണ് ഏറ്റവും നല്ല കാര്യം.

മനുഷ്യപ്രകൃതിയില്‍ ആഴത്തില്‍ വേരൂന്നിയ ബഹുമുഖമായ പെരുമാറ്റരീതിയാണു നീട്ടിവയ്ക്കല്‍. ഒരാളുടെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായി മായ്ക്കാന്‍ കഴിയുന്ന ഒന്നല്ല അത്. അതിനെ മറികടക്കാന്‍ വഴികളുണ്ട്. അതിന്റെ ഉത്ഭവവും കാരണങ്ങളും മനഃശാസ്ത്രവും ലക്ഷണങ്ങളും അനന്തരഫലങ്ങളും എല്ലാം ഈ പ്രതിഭാസത്തിന്റെ സമഗ്രമായ ചിത്രം സമ്മാനിക്കുന്നു. നീട്ടിവയ്ക്കലിന്റെ കൂടുതല്‍ വിനാശകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ അനന്തരഫലങ്ങളെ നേരിടുന്നതിന്, കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയിലൂടെ വിദഗ്ധ പ്രൊഫഷണല്‍ സഹായം തേടാനുള്ള സാധ്യതയ്ക്കൊപ്പം സ്വയാവബോധം, സമയ കൈകാര്യത്തിലെ നൈപുണ്യം, ആത്മാനുകമ്പ എന്നിവ സമന്വയിപ്പിക്കേണ്ടതും ആവശ്യമാണ്. അന്തരിച്ച അമേരിക്കന്‍ സംരംഭകനായ വിക്ടര്‍ കിയാം ഒരിക്കല്‍ പറഞ്ഞു: ''നീട്ടിവയ്ക്കല്‍ അവസരങ്ങളുടെ കൊലയാളിയാണ്.'' വ്യാപകമായ ഈ പ്രവണതയെ മറികടക്കാന്‍ നടപടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു, നീട്ടിവയ്ക്കല്‍ ശീലമാക്കിയവര്‍ക്ക് തങ്ങളുടെ മുന്നിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഈ ശീലത്തെ മറികടക്കേണ്ടതുണ്ട്.

  • (ലണ്ടനില്‍ ദീര്‍ഘകാലം ജോലി ചെയ്തു വിരമിച്ച സൈക്ക്യാട്രിസ്റ്റാണു ലേഖകന്‍. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org