സുവിശേഷം പ്രസംഗിക്കുവിന്‍

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലിക ഭരണക്രമരേഖ
സുവിശേഷം പ്രസംഗിക്കുവിന്‍
റോമന്‍ കൂരിയായുടെ ഹൃദയത്തില്‍ സുവിശേഷവത്കരണത്തെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ പാപ്പ ദൃഢചിത്തനാണ്. മിഷനറി സഭയുടെ മുഖ്യമിഷനറിയെന്ന ദൗത്യമാണ് മാര്‍പാപ്പ സ്വയം ഏറ്റെടുത്തിരിക്കുന്നത്.

''സുവിശേഷം പ്രസംഗിക്കുവിന്‍'' (Praedicate Evangelium) എന്ന അപ്പസ്‌തോലിക ഭരണക്രമരേഖ (Apostolic Constitution) ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക ശുശ്രൂഷയുടെ പത്താം വര്‍ഷം, പരിശുദ്ധ കന്യകാമറിയത്തിന്റെ ഭര്‍ ത്താവായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവദിനം, 2022 മാര്‍ച്ച് 19-ാം തീയതി റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ വച്ചാണ് നല്കിയത്. 2022 ജൂണ്‍ 5-ാം തീയതി അത് പ്രാബല്യത്തില്‍ വന്നു. അതുവഴി, 1988 ജൂണ്‍ മാസം 28-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച നല്ല ഇടയന്‍ (Pastor Bonus) എന്ന പ്രമാണരേഖ റദ്ദു ചെയ്യപ്പെടുകയും അതിനുപകരം ഈ പുതിയ രേഖ നടപ്പില്‍ വരുകയും ചെയ്തു.

ദൈവാത്മാവാല്‍ പ്രചോദിതനായി ഫ്രാന്‍സിസ് പാപ്പ സഭയില്‍ നടത്തിവരുന്ന നവീകരണ പ്രക്രിയയുടെ ഭാഗമായി വേണം, ഈ പുതിയ ഭരണക്രമരേഖയെ കാണാന്‍. റോമന്‍ കൂരിയായുടെ പരിഷ്‌കരണത്തിനുള്ള നിര്‍ദേശക തത്വങ്ങളും തത്സംബന്ധമായ നിയമങ്ങളും ചട്ടങ്ങളുമാണ് ഈ രേഖയുടെ പ്രതിപാദ്യവിഷയം. റോമന്‍ കൂരിയാ ലോകത്തിലെ സഭയ്ക്കു ചെയ്യുന്ന വിവിധങ്ങളായ സേവനങ്ങളെക്കുറിച്ച് ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. സഭയുടെ പ്രേഷിത സ്വഭാവത്തിന്റെ പശ്ചാത്തലത്തിലാണ്, റോമന്‍ കൂരിയായുടെ ഈ പരിഷ്‌ക്കരണത്തെ കാണേണ്ടതെന്ന് പാപ്പ പഠിപ്പിക്കുന്നു (PE 1:3). മാത്രമല്ല, സഭയുടെ സിനഡാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണ് ഈ പരിഷ്‌ക്കരണത്തെ വീക്ഷിക്കേണ്ടത്. പരസ്പരം ശ്രവിക്കുകയെന്നതാണ് സിനഡാത്മകതയുടെ അന്തഃസ ത്ത. സഭയില്‍ വിശ്വാസി സമൂഹവും മെത്രാന്‍ സംഘവും റോമാ മെത്രാനുമെല്ലാം പരസ്പരം ശ്രവിക്കുന്നു. ഒപ്പം സത്യാത്മാവായ പരിശുദ്ധാത്മാവിനെയും ശ്രവിക്കുന്നു (cf യോഹ. 14:17). പരിശുദ്ധാത്മാവിന് സഭകളോട് എന്താണ് പറയാനുള്ളതെന്ന് അങ്ങനെ അറിയാന്‍ സാധിക്കും. (cf വെളി. 2:7; PE 1:4). റോമന്‍ കൂരിയാ ഈ ശ്രവണ പ്രക്രിയയിലെ അനിവാര്യ ഘടകമത്രേ. അപ്രകാരം സ്‌നേഹത്തിന്റെയും ആദരവിന്റെയും കൂട്ടായ്മയുടെയും സഹകരണത്തിന്റെയും സഹാസ്തിത്വത്തിന്റെയും പാരസ്പര്യം സമ്മാനിക്കുന്ന സമ്പന്നതയും സമ്മോഹനതയും സമ്പൂര്‍ണ്ണതയുമാണ് ഈ ഭരണക്രമരേഖ ലക്ഷ്യം വയ്ക്കുന്ന ഉദാത്തമായ സഭാ സങ്കല്പങ്ങള്‍.

പ്രാഥമികമായി, റോമന്‍ കൂരിയ വിശു ദ്ധ പത്രോസിന്റെ പിന്‍ഗാമിയുടെ ശുശ്രൂഷയ്ക്കുള്ള ഉപകരണമാണ്. അതോടൊപ്പം, മെത്രാന്മാര്‍ക്കും പ്രാദേശിക സഭകള്‍ക്കും (Particular Churches) മെത്രാന്‍ സമിതികള്‍ക്കും (Bishops Conferences) അവയുടെ പ്രാദേശികവും ഭൂഖണ്ഡതലത്തിലുമുള്ള ഘടകങ്ങള്‍ക്കും പൗരസ്ത്യ സഭകളുടെ ഹയരാര്‍ക്കിക്കല്‍ സംവിധാനങ്ങള്‍ക്കും സഭയിലെ സ്ഥാപനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സഹായം നല്കുകയുമാണ് കൂരിയായുടെ ധര്‍മ്മം (PE 11:1). അതിന്റെ ഘടനയും ധര്‍മ്മവും ഈ രേഖയില്‍ പ്രതിപാദിച്ചിട്ടുണ്ട്.

പല പ്രത്യേകതകളുമുള്ള ഈ ഭരണക്രമരേഖയുടെ മൂന്നു സ്വഭാവ സവിശേഷ തകള്‍ ഏറെ ശ്രദ്ധേയമത്രേ. ഒന്ന്, സുവിശേഷവത്കരണത്തിന് ഇതു നല്കുന്ന പ്രാമുഖ്യം: മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജനതകളുടെ സുവിശേഷവത്കരണത്തിനുള്ള മന്ത്രാലയത്തെ(Dicastery)യാണ് ഏറ്റവും അധികം പ്രാധാന്യമര്‍ഹിക്കുന്നതായി ഈ രേഖ അവതരിപ്പിക്കുന്നത്. റോമന്‍ കൂരിയായുടെ ഹൃദയത്തില്‍ സുവിശേഷവത്കരണ ത്തെ പ്രതിഷ്ഠിക്കണമെന്ന കാര്യത്തില്‍ പാപ്പ ദൃഢചിത്തനാണ്. മിഷനറി സഭയുടെ മുഖ്യമിഷനറിയെന്ന ദൗത്യമാണ് മാര്‍പാപ്പ സ്വയം ഏറ്റെടുത്തിരിക്കുന്നത്. യേശുനാഥന്റെ അന്ത്യകല്പനയ്ക്ക് പ്രഥമ മുന്‍ഗണനയാണ് പാപ്പ നല്കിയിരിക്കുന്നത്. ''നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍'' എന്നാണല്ലോ ഈ അന്ത്യകല്പന (മര്‍ക്കോ. 16:15). സുവിശേഷവത്കരണത്തിനുള്ള ഈ മന്ത്രാലയം റോമാ മാര്‍പാപ്പയുടെ അധ്യക്ഷതയിലും നേരിട്ടുള്ള നിയന്ത്രണത്തിലുമാ ണ് പ്രവര്‍ത്തിക്കുക. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രണ്ട് പ്രോ-പ്രിഫെക്ടുമാരുണ്ടാവും. രണ്ട്, അല്മായര്‍ക്ക് നല്കുന്ന സവിശേഷമായ പ്രാധാന്യം, പുതിയ ഭരണക്രമരേഖയനുസരിച്ച് വിവിധ മന്ത്രാലയങ്ങളുടെ തലവന്മാരായി (Prefects) സേവനം ചെയ്യാന്‍ അല്മായര്‍ക്ക് അവസരം ലഭിക്കും (cf. PE 11:5). ഇതുവരെ, സാധാരണമായി നടന്നുവന്നിരുന്നതുപോലെ, കര്‍ദിനാള്‍ മാരായിരിക്കണം മന്ത്രാലയങ്ങ ളുടെ തലവന്മാര്‍ എന്ന സ്ഥിതിക്ക് മാറ്റം വരുന്നതാണ്. അപ്രകാരം, പുതിയ ഭരണക്രമരേഖയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച, യോഗ്യരായ ഓരോരുത്തര്‍ക്കും നല്കുന്ന വ്യക്തിമാഹാത്മ്യം വളരെ പ്രകടവും ശ്രദ്ധേയവുമത്രേ. സ്വാഭാവികമായും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അടിവരയിട്ട അല്മായരുടെ പൗരോഹിത്യം, പ്രവാചകത്വം, രാജത്വം എന്ന ഉദാത്തമായ സങ്കല്പങ്ങള്‍ക്ക് ഈ രേഖ സാക്ഷാത്കാരവും മുന്‍ഗണനയും നല്കിയിരിക്കുകയാണ്. സഭയിലെ അല്മായ പങ്കാളിത്തം കൂടുതല്‍ സജീവമാക്കുകയാണ്. ഇതിന്റെ ലക്ഷ്യം. രക്ഷയുടെ ദൈവികപദ്ധതി എല്ലാക്കാലത്തും എല്ലാ സമയത്തുമുള്ള എല്ലാ മനുഷ്യരിലേക്കും കൂടുതല്‍-കൂടുതല്‍ വ്യാപിപ്പിക്കുകയെന്ന മഹനീയ ധര്‍മ്മമാണ് അല്മായര്‍ക്കുള്ളത്. കാലത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അല്മായരുടെ താലന്തുകള്‍ ഉപയോഗപ്പെടുത്തി സഭയുടെ രക്ഷാകര ദൗത്യത്തില്‍ തീക്ഷ്ണതയോടെ പങ്കെടുക്കാന്‍ വേണ്ട മാര്‍ഗങ്ങളും അവസരങ്ങളും അവര്‍ക്ക് സംലഭ്യമാക്കണമെന്ന് ഈ ഭരണരേഖ ഉറ ക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന്, ഉപവിയുടെ ശുശ്രൂഷയ്ക്കായി ഒരു നവമന്ത്രാലയം തന്നെ രൂപവത്കരിക്കപ്പെട്ടിരിക്കുന്നു. ഉപവി പ്രവൃത്തികള്‍ക്കായി ഉണ്ടായിരുന്ന കൂരിയായുടെ കാര്യാലയം അപ്രകാരം നിര്‍ണ്ണായക പ്രാധാന്യമുള്ളതായി ഉയര്‍ ത്തപ്പെട്ടിരിക്കുന്നു. മന്ത്രാലായങ്ങളുടെ വിവരണപ്പട്ടികയില്‍ സുവി ശേഷവത്കരണത്തിനും വിശ്വാ സപ്രബോധന സംബന്ധ മന്ത്രാലയങ്ങള്‍ക്കും തൊട്ടുപിറകില്‍ മൂന്നാം സ്ഥാനത്ത് ഈ മന്ത്രാലയം ഇടംപിടിച്ചിരിക്കുന്നു. പാവങ്ങളെപ്പറ്റിയുള്ള സഭയുടെ കരുതലിന്റെ ലക്ഷണത്തെയാണ് ഇത് സാധൂകരിക്കുന്നത്. അതിനാല്‍, മാര്‍പാപ്പയുടെ മരണമോ രാജിയോ മൂലം പാപ്പസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന വേളയില്‍പ്പോലും പേപ്പല്‍ ആമെനറുടെ (Papal Almoner) ശുശ്രൂഷ ഇല്ലാതാകുന്നില്ല. ഉപവിയുടെ ശുശ്രൂഷ അഭംഗുരം തുടരേണ്ട പ്രക്രിയയാണല്ലോ.

മുന്‍പ്, സേക്രഡ് കോണ്‍ഗ്രിഗേഷന്‍ എന്ന് അറിയപ്പെട്ടിരുന്ന റോമന്‍ കൂരിയാ വിഭാഗങ്ങളെ പുതിയരേഖ 'മന്ത്രാലയം' (Dicastery) എന്ന് വിളിക്കുന്നു. ഡിക്കാസ്‌തേരിയും (Dicasterium) എന്ന ലത്തീന്‍ പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് 'Dicastery'. തുല്യമായ ഒരു മലയാള പദം കണ്ടെത്താനാ കാത്തതിനാല്‍ 'മന്ത്രാലയം' എന്നാണ് ഇതിനെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.

വിവിധ മന്ത്രാലയങ്ങള്‍:

  • 1. സുവിശേഷവത്കരണത്തിനു ള്ള മന്ത്രാലയം

  • 2. വിശ്വാസ പ്രബോധനസംബ ന്ധ മന്ത്രാലയം

  • 3. ഉപവിയുടെ ശുശ്രൂഷയ്ക്കായുള്ള മന്ത്രാലയം

  • 4. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള മന്ത്രാലയം

  • 5. ദൈവാരാധനയ്ക്കും കൂദാശകളുടെ - ചിട്ടക്രമത്തിനുമായു ള്ള മന്ത്രാലയം

  • 6. വിശുദ്ധരുടെ നാമകരണ പ്ര ക്രിയയ്ക്കായുള്ള മന്ത്രാലയം

  • 7. മെത്രാന്മാര്‍ക്കായുള്ള മന്ത്രാലയം

  • 8. വൈദികര്‍ക്കുവേണ്ടിയുള്ള മന്ത്രാലയം

  • 9. സമര്‍പ്പിതജീവിത ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും അപ്പസ്‌തോലിക ജീവിതസമൂഹങ്ങള്‍ക്കും വേണ്ടിയുള്ള മന്ത്രാലയം

  • 10. അല്മായര്‍ക്കും കുടുംബത്തിനും ജീവനുംവേണ്ടിയുള്ള മന്ത്രാലയം

  • 11. ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കാനുള്ള മന്ത്രാലയം

  • 12. മതാന്തര സംവാദത്തിനുവേണ്ടിയുള്ള മന്ത്രാലയം

  • 13. സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മന്ത്രാലയം

  • 14. സമഗ്ര മാനുഷിക വികാസം പ്രോത്സാഹിപ്പിക്കാനുള്ള മന്ത്രാലയം

  • 15. നിയമഗ്രന്ഥങ്ങള്‍ക്കുവേണ്ടിയുള്ള മന്ത്രാലയം

  • 16. ആശയവിനിമയത്തിനായുള്ള മന്ത്രാലയം

ഈ 16 മന്ത്രാലയങ്ങള്‍ക്കു പുറമേ നീതിയുടെ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചും ഈ ഭരണക്രമരേഖ വിശദമായി പ്രതിപാദിക്കു ന്നുണ്ട്.

നീതിയുടെ സ്ഥാപനങ്ങളില്‍ അപ്പസ്‌തോലിക പെനിറ്റന്‍ഷറി, അപ്പസ്‌തോലിക സിഞ്ഞാത്തൂറയെന്ന പരമോന്നത ട്രിബ്യൂണല്‍, 'റോമന്‍ റോത്താ'യെന്ന ട്രിബ്യൂണല്‍ എന്നിവ ഉള്‍പ്പെടുന്നു.

സാമ്പത്തിക സ്ഥാപനങ്ങ ളില്‍, ധനകാര്യ കൗണ്‍സില്‍, ധനകാര്യ സെക്രട്ടേറിയറ്റ്, അപ്പസ്‌തോലിക സിംഹാസനത്തിന്റെ പൈതൃക ആസ്തിയുടെ ഭരണം, ഓഡിറ്റര്‍ ജനറലിന്റെ ഓഫീസ്, നിക്ഷേപങ്ങള്‍ക്കായുള്ള കമ്മിറ്റി, രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മീഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

കാലത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അല്മായരുടെ താല ന്തുകള്‍ ഉപയോഗപ്പെടുത്തി സഭയുടെ രക്ഷാകര ദൗത്യത്തില്‍ തീക്ഷ്ണതയോടെ പങ്കെടുക്കാന്‍ വേണ്ട മാര്‍ഗങ്ങളും അവസരങ്ങളും അവര്‍ക്ക് സംലഭ്യമാക്കണമെന്ന് ഈ ഭരണരേഖ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓരോ ക്രിസ്ത്യാനിയും പ്രേഷിതശിഷ്യന്‍

തനിക്കു ലഭിച്ച ജ്ഞാനസ്‌നാനത്തില്‍ ഓരോ ക്രിസ്ത്യാനിയും - അവന്‍ അല്ലെങ്കില്‍ അവള്‍ - യേശുക്രിസ്തുവിന്റെ ദൈവസ്‌നേ ഹം അനുഭവിച്ചതിന്റെ അളവനുസരിച്ച് ഒരു പ്രേഷിതശിഷ്യന്‍ അ ല്ലെങ്കില്‍ ശിഷ്യ അത്രേ. ആകയാല്‍, അല്മായ സ്ത്രീകളുടെ യും പുരുഷന്മാരുടെയും പങ്കാളി ത്തം ഭരണത്തിലും ഉത്തരവാദിത്വങ്ങളിലും ഉറപ്പാക്കുന്നതിന് വ്യവസ്ഥകളുണ്ടാകേണ്ടതുണ്ട്. അവരുടെ സാന്നിധ്യവും പങ്കാളിത്ത വും ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, സഭ മുഴുവന്റെയും മൊ ത്തത്തിലുള്ള സുസ്ഥിതിക്ക് അ വര്‍ നല്കുന്ന സംഭാവന അത്രമേല്‍ മൂല്യവത്താണെന്ന് ഈ രേഖ അംഗീകരിക്കുന്നുണ്ട്. അവരുടെ കുടുംബജീവിതം, അവര്‍ സമൂഹത്തില്‍ അനുഷ്ഠിക്കുന്ന വിവിധങ്ങളായ സേവനങ്ങള്‍, അവരുടെ വിശ്വാസം എന്നിവ വഴി ദൈവം ലോകത്തില്‍ പ്രവര്‍ത്തി ക്കുന്നതെങ്ങനെയെന്ന് വിവേചിച്ചറിയുന്ന അവര്‍ക്ക് സഭയ്ക്കായി ഏറെ നല്കാനുണ്ടെന്നും ഈ രേഖ പ്രത്യാശ പുലര്‍ത്തുന്നുണ്ട്. കുടുംബജീവിതത്തിന് അവര്‍ നല്കുന്ന പ്രോത്സാഹനം, ജീവന്റെയും സൃഷ്ടിയുടെയും മൂല്യ ത്തെ അവര്‍ ആദരിക്കുന്നത്, കാലികകാര്യങ്ങളില്‍ സുവിശേഷത്തെ അവര്‍ പുളിമാവായിക്കാണുന്നത്, കാലത്തിന്റെ അടയാളങ്ങളെ അവര്‍ വിവേചിച്ചറിയുന്നത് എന്നിവ വഴിയാണ് അവര്‍ അവ സമൂഹത്തില്‍ സാക്ഷാത്കരിക്കുന്നതെന്നും ഈ രേഖ വ്യക്തമാക്കുന്നു. ഓരോ പുരുഷനിലും സ്ത്രീയിലും, പ്രത്യേകിച്ച് ഏതെങ്കിലും വിധത്തില്‍ കഷ്ടപ്പെടുന്നവരില്‍, ക്രിസ്തുവിന്റെ മുഖം ദര്‍ശിക്കുകയെന്നത് നമ്മുടെ കടമയാണെന്നും ഈ രേഖ ഏവരെ യും ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

ചുരുക്കത്തില്‍, പരിഷ്‌ക്കരണം എന്നത് അതില്‍ത്തന്നെ ഒരു ലക്ഷ്യമല്ല. പ്രത്യുത, കൂടുതല്‍ വിശ്വസനീയമായ ഒരു സാക്ഷ്യം ക്രിസ്തുവിനു നല്കാനുള്ള മാര്‍ഗമാണത്. കൂടുതല്‍ കാര്യക്ഷമമായി സുവിശേഷവത്കരണം നടത്തുന്നതിന് സഹായകമാണത്. കൂടുതല്‍ ഫലവത്തായ ഒരു സഭൈക്യചൈതന്യം വളര്‍ത്തുന്നതിന് ഇടയാക്കുന്നതാണത്. സര്‍ഗാത്മകമായ സംവാദം (Dialogue) എല്ലാവരുമായി നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതുമാണത്. ഭൂരിപക്ഷം കര്‍ദിനാളന്മാരും ഈ പരിഷ്‌ക്കരണത്തെ ആര്‍ജവത്തോടെ അംഗീകരിച്ചിരുന്നു.

വിശ്വാസത്തിലുള്ള ഐക്യം ദൃഢീകരിക്കലും ദൈവജനത്തിന്റെ കൂട്ടായ്മയും ലോകത്തിലുള്ള ദൗത്യം വിപുലമാക്കലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ലക്ഷ്യം നേടുക തീര്‍ച്ചയായും അത്ര എളുപ്പമല്ല. ഇതിനു സമയവും ദൃഢനിശ്ചയവും സര്‍വോപരി, ഏവരുടെയും സഹകരണവും ആവശ്യമത്രേ. അതിനുവേണ്ടി ആദ്യമായി നാം നമ്മെത്തന്നെ പരിശുദ്ധാത്മാവിനു ഭരമേല്പിക്കണം. സഭയെ യഥാര്‍ത്ഥത്തില്‍ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ ആധികാരികമായ വിവേചിച്ചറിയല്‍ (Discernment) എന്ന ദാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഈ രേഖയുടെ ആമുഖത്തില്‍ത്തന്നെ പ്ര സ്താവിച്ചിട്ടുള്ളതും ഏറെ ശ്രദ്ധേയമാണ്.

മൊത്തം 11 അധ്യായങ്ങളും 250 ആര്‍ട്ടിക്കിള്‍സും (Articles) അടങ്ങിയതാണീ പുതിയ ഭരണക്രമരേഖ. നല്ലിടയന്‍ (Pastor Bonus) എന്ന ഭരണക്രമരേഖയ്ക്ക് മൊത്തം 9 അധ്യായങ്ങളും 193 ആര്‍ട്ടിക്കിള്‍സും ആണ് ഉണ്ടായിരുന്നത്. ഇതിലെ ഏതാനും കാര്യാലയങ്ങള്‍ സംയോജിപ്പിച്ച് ചില മന്ത്രാലയങ്ങള്‍ക്ക് പുതിയ രേഖയില്‍ രൂപം കൊടുത്തിട്ടുണ്ട്.

പുതിയ ഭരണക്രമരേഖയില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളെക്കുറിച്ച് 50 തവണ പ്രതിപാദിക്കു ന്നുണ്ട്. എന്നാല്‍, നല്ലിടയന്‍ (Pastor Bonus) എന്ന മുന്‍രേഖയില്‍ 10 തവണ മാത്രമാണ് ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളെക്കുറിച്ച് പറയുന്നത്.

ഏറെ ആദരണീയവും ആശാസ്യവുമായ ഈ പുതിയ രേഖ ഒപ്പം ഏതാനും ചോദ്യങ്ങളും സന്ദേഹങ്ങളും ഉണര്‍ത്തുന്നുണ്ട്. സുവിശേഷവത്കരണത്തിന് പ്രാമുഖ്യം നല്കുന്ന ഈ രേഖ ശുശ്രൂഷയ്ക്കും സിനഡാലിറ്റിക്കും പ്രഫഷനലിസത്തിനും ഊന്നല്‍ നല്കുമ്പോള്‍, അത് കരിയറിസത്തിന് തികച്ചും എതിരാണു താനും.

എന്തു സംഭവിച്ചില്ല?

സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് അതിന്റെ അധികാരപ്രാബല്യം നിലനിറുത്തിയിരിക്കുകയാണ്. വത്തിക്കാന്റെ അജണ്ടയും പ്രവര്‍ ത്തനങ്ങളും നിയന്ത്രിക്കുന്നത് ഇന്നും പേപ്പല്‍ നയതന്ത്ര ഉദ്യോഗസ്ഥരത്രേ (Papal Diplomats). 'സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന ഭരണക്രമരേഖയ്ക്ക് അവരുടെ ചിറകരിയാന്‍ സാധിച്ചിട്ടില്ലായെന്നത് വലിയൊരു പോരായ്മയായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹയരാര്‍ക്കിയുടെ ഓരോ തലത്തിലും ഓരോ വ്യക്തിയിലുമുള്ള അമിതമായ ആത്മസംതൃപ്തിയെയും അലംഭാവത്തെയും അതിജീവിക്കുകയെന്നതാണ്, ഈ ഭരണക്രമരേഖയുടെ ഒരു ലക്ഷ്യം. സഭയില്‍ ഒരു നവീകരണം നീട്ടിവയ്ക്കാനാവാതെ നിര്‍വഹിക്കേണ്ടതാണെന്ന് പാപ്പ ഉറച്ചുവിശ്വസിക്കുന്നുണ്ട്. സഭയില്‍ ബ്യൂറോക്രസിയുടെ അധികാര കേന്ദ്രീകരണത്തെ മാര്‍പാപ്പ വിമര്‍ശനത്തിനു വിധേയമാക്കുന്നുണ്ട്. മാര്‍പാപ്പയുടെ കല്പനകള്‍ അനുസരിക്കുന്നതില്‍ വത്തിക്കാന്‍ സെക്രട്ടേറിയറ്റ് മുന്‍കാലങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. വത്തിക്കാനിലെ എല്ലാ ഡിക്കാസ്റ്ററികളും വിധേയത്വം കാണിക്കുമോ?

വിശ്വാസ പ്രബോധന സംബന്ധ മന്ത്രാലയത്തിന്റെ അധികാരത്തെ തൊടുന്നതിനും ഈ രേഖ മുതിര്‍ന്നിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. ഈ വിഭാഗത്തിന്റെ ഘടനയില്‍ മുമ്പ് ഏതാനും വ്യതിയാനങ്ങള്‍ വരുത്തുകയും അതനുസരിച്ച് ഈ രേഖ ഈ മന്ത്രാലയ ത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിധേയമാക്കുന്നുണ്ട്. എങ്കിലും, അധികാരം ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുമായി പങ്കുവയ്ക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഈ രേഖ നല്കുന്നില്ല. ഈ രേഖ തയ്യാറാക്കുന്നതിന് നീണ്ട 9 വര്‍ഷമെടുത്തു എന്നതുതന്നെ സംശയമുണര്‍ത്തുന്നുണ്ട്. അല്മായര്‍ ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള മന്ത്രാലയം, സം സ്‌കാരത്തിനും വിദ്യാഭ്യാസത്തി നുംവേണ്ടിയുള്ള മന്ത്രാലയം, ആശയവിനിമയത്തിനായുള്ള മന്ത്രാലയം എന്നിവയില്‍ അല്മായര്‍ക്ക് നേതൃത്വം നല്കാനാവും എന്നതില്‍ സംശയമില്ല. കൂടുതലായി ഏതെല്ലാം മന്ത്രാലയങ്ങളില്‍ അല്മായര്‍ക്ക് നേതൃത്വം ലഭിക്കുമെന്നതില്‍ സന്ദേഹം നിലനില്‍ക്കുന്നുണ്ട്. ഔദ്യോഗിക കാലാവധി പുരോഹിതരുടെ കാര്യത്തില്‍ രണ്ടു ടേം, അതായത് 10 വര്‍ഷം എന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. അല്മായരുടെ കാര്യത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം.

പുതിയ പ്രമാണരേഖയും കാനന്‍ നിയമവുമായി ചില കാര്യങ്ങളില്‍ ഭിന്നത നിലനില്ക്കുന്നുണ്ട്. ഉദാഹരണത്തിന് കാനന്‍ 129. ഭരണാധികാരം ആര്‍ക്കൊക്കെ കൈയാളാനാവും എന്നതിനെ സംബന്ധിച്ചുള്ളതാണ് (Who can exercise the power of Governance?) കാനന്‍ നിയമത്തിലും ചില ഭേദഗതികള്‍ പുതിയ ഭരണക്രമരേഖ പ്രകാരം വേണ്ടിവരും. വത്തിക്കാനിലെ ഉന്നതപദവികളില്‍ സന്യാസിനികളെയും സ്ത്രീകളെയും നിയമിക്കുമെന്ന മാര്‍പാപ്പയുടെ പ്രഖ്യാപനം ഏറെ പ്രത്യാശ നല്കുന്നതാണ്. എല്ലാ കാര്യാലയങ്ങള്‍ക്കും തുല്യപ്രാധാന്യം എന്ന കീഴ്‌വഴക്കം പുതിയരേഖ പാലിക്കുന്നില്ലായെന്നതും ശ്രദ്ധേയമത്രേ!

  • (ലേഖകന്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് മാനേജ്‌മെന്റ് വിഭാഗം പ്രഫസറായി വിരമിച്ചു. 25 വര്‍ഷം മതാധ്യാപകനായിരുന്നു. ഇപ്പോള്‍ ന്യൂമന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ്, 'പാക്‌സ് ലൂമിന' എന്ന മാസികയുടെ അസ്സോസിയേറ്റ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org