പരിഷ്‌കരണത്തിന്റെ പാതയില്‍, പാപ്പയുടെ വേഗത

പരിഷ്‌കരണത്തിന്റെ പാതയില്‍, പാപ്പയുടെ വേഗത
സാമ്പത്തികകാര്യങ്ങളിലെ സുതാര്യതയും സത്യസന്ധതയും ഫ്രാന്‍സിസ് പാപ്പ ഏറ്റവും വിലമതിക്കുന്നു. 2013 മുതല്‍ വത്തിക്കാനില്‍ പാപ്പ സ്വീകരിക്കുന്ന ഭരണനടപടികളിലും നിയമനങ്ങളിലും ഏറ്റവും പുതിയ ഭരണഘടനയിലുമെല്ലാം ഇവയുറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളുണ്ട്.

''ബെര്‍ഗോളിയോക്ക് 4 വര്‍ഷം കിട്ടിയാല്‍ മതിയാകും.''

എഴുപത്തിയാറുകാരനായ ഒരു കാര്‍ഡിനലിനെ പുതിയ പാപ്പയായി തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രായാധിക്യം ചിലര്‍ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടി. അപ്പോള്‍, അദ്ദേഹത്തിനുവേണ്ടി വാദിച്ചിരുന്ന ഒരു കാര്‍ഡിനല്‍ പറഞ്ഞ മറുപടിയാണ് ആദ്യമെഴുതിയത്. റോമന്‍ കൂരിയായുടെ പരിഷ്‌കരണമാണ് പുതിയ പാപ്പയില്‍നിന്നു കാര്‍ഡിനല്‍മാര്‍ പ്രത്യേകമായി പ്രതീക്ഷിച്ച ഒരു കാര്യം. ആ പരിഷ്‌കരണത്തിനാണു നാലു വര്‍ഷം മതിയാകും എന്നു വിലയിരുത്തപ്പെട്ടത്. ബെര്‍ഗോളിയോ പാപ്പയുടെ ചുമതലയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പക്ഷേ പരിഷ്‌കരണം സ്വപ്‌നം കണ്ട വേഗതയില്‍ മുന്നേറിയില്ല എന്നതാണ് സ്ഥിതി.

പാപ്പയുടെ പരാജയമല്ല, മറിച്ച് അധികാരപ്രമത്തതയുടെയും പ്രഭുത്വത്തിന്റെയും വേരുകള്‍ അത്രത്തോളം ആഴത്തിലും പരപ്പിലും പടര്‍ന്നുപിടിച്ചിരുന്നു സഭാധികാരത്തിന്റെ കോട്ടകൊത്തളങ്ങളില്‍ എന്നു മാത്രമാണ് അതിനര്‍ത്ഥം. കുഷ്ഠമെന്നും അര്‍ബുദമെന്നും ഒക്കെ മഹാരോഗങ്ങളുടെ പേരിട്ടു വിളിക്കത്തക്കവിധത്തില്‍ നൂറ്റാണ്ടുകളിലൂടെ രൂക്ഷവും ഗുരുതരവുമായി പരിണമിക്കപ്പെട്ടിരുന്നു പരിഷ്‌കരിക്കപ്പെടാന്‍ മടിക്കുന്ന ആ ജഡത്വവും ജീര്‍ണ്ണതയും.

പരമാവധി പരിശ്രമം എല്ലാ തലങ്ങളിലും ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്. പല ലക്ഷ്യങ്ങളും നിറവേറ്റി, പലതും ലക്ഷ്യത്തിലേക്കടുക്കുന്നു. ഭൂമിയുടെ അറ്റം എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ പിന്നീടു വിശേഷിപ്പിച്ച അര്‍ജന്റീനയില്‍ നിന്നുള്ള ഒരു വയോധികനു ചെയ്യാവുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്തിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

കൂരിയാ പരിഷ്‌കരണത്തില്‍ പാപ്പയുടെ സംഭാവനകള്‍ ഒതുങ്ങിയില്ല. മാത്രമല്ല, അതിനേക്കാള്‍ ഉപരിയായി, ആഗോള പൊതുസമൂഹത്തിന്റെ മനഃസാക്ഷിയായി മാറാന്‍ പാപ്പയ്ക്കു സാധിച്ചുവെന്ന വലിയ നേട്ടവുമായി തട്ടിക്കുമ്പോള്‍ ഭരണപരിഷ്‌കരണത്തിലെ വേഗക്കുറവുകള്‍ അവഗണിക്കാവുന്നതാണു താനും.

അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നം, കാലാവസ്ഥ വ്യതിയാന പരിസ്ഥിതി പ്രശ്‌നം, ആഗോള സാമ്പത്തികാസമത്വം, യുദ്ധസംഘര്‍ഷപ്രശ്‌നം എന്നിവയെല്ലാം പാപ്പ അഭിസംബോധന ചെയ്തു. ജാതിയും മതവും നിയമവും സാങ്കേതികത്വവും നോക്കാതെ എല്ലാ അഭയാര്‍ത്ഥികളേയും അവരുടെ മനുഷ്യാവസ്ഥ മാത്രം പരിഗണിച്ച് ഉപാധികളില്ലാതെ സ്വീകരിക്കണമെന്ന പാപ്പയുടെ നിലപാട് യൂറോപ്പില്‍ അത്രയൊന്നും ജനപ്രിയമല്ല. ഭൂമിയെ പൊതുഭവനമായി കണക്കാക്കി, വരുംതലമുറകള്‍ക്കായി അവശേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാക്രികലേഖനമെഴുതി. യുദ്ധരംഗങ്ങളില്‍ സമാധാനത്തിനായി ശക്തമായി ഇടപെട്ടു. സാമ്പത്തികാസമത്വത്തിനെതിരെ ശബ്ദമുയര്‍ത്തി. ലിംഗന്യൂനപക്ഷങ്ങളെ വിധിക്കാന്‍ താനാളല്ലെന്ന് തുറന്നു പ്രഖ്യാപിച്ചു.

അതേസമയം തന്നെ റോമന്‍ കൂരിയായെ കാലാനുസൃതമാക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികള്‍ നിരന്തരം സ്വീകരിച്ചുകൊണ്ടുമിരുന്നു. തിരിച്ചടികളില്‍ പതറാതെ, സധൈര്യം മുന്നോട്ടു പോകുക എന്നതായിരുന്നു സഭാഭരണവുമായി ബന്ധപ്പെട്ടു പാപ്പ സ്വീക രിച്ച നയം. കുറെ വൈകിയെങ്കിലും പ്രെഡിക്കേറ്റ് ഇവാഞ്ചലിയും എന്ന ഭരണഘടന പ്രസിദ്ധീകരിച്ചുകൊണ്ട് 2022 ജൂണില്‍ കൂരിയാ പരിഷ്‌കരണത്തില്‍ പുതിയ ഒരദ്ധ്യായത്തിനു പാപ്പ തുടക്കമിടുക തന്നെ ചെയ്തു. ഇതുവരെ ആര്‍ച്ചുബിഷപ്പുമാര്‍ക്കും പുരോഹിതര്‍ക്കും മാത്രം കയറിച്ചെല്ലാന്‍ കഴിയുമായിരുന്ന പല പദവികളിലേക്കും അല്മായര്‍ക്കും സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതു നടപ്പാക്കിയിട്ടുള്ളത്.

സ്ത്രീകള്‍, അല്മായര്‍

സ്ത്രീകള്‍ക്കു സഭയുടെ ഭരണതലങ്ങളില്‍ കൂടുതല്‍ പ്രാതിനിധ്യവും പങ്കാളിത്തവും പ്രത്യക്ഷവും നല്‍കുക എന്നത് പാപ്പയുടെ നയമാണ്. വത്തിക്കാന്‍ കാര്യാലയങ്ങളുടെയും സര്‍വകലാശാലകളുടെയും തലപ്പത്തു വനിതകള്‍ നിയമിതരായി. വത്തിക്കാന്‍ മ്യൂസിയങ്ങളുടെ ആദ്യ വനിതാ ഡയറക്ടറായി ബാര്‍ബര ജറ്റയും പ്രസ് ഓഫീസ് ഡയറക്ടറായി ക്രിസ്റ്റ്യന്‍ മുറേയും നിയോഗിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനു ചുമതലപ്പെട്ട കാര്യാലയത്തില്‍ 3 വനിതകളെ നിയമിച്ചുകൊണ്ടു പാപ്പ എഴുതിയത് ചരിത്രമാണ്. സാമ്പത്തികഭരണം നിര്‍വഹിക്കുന്ന വത്തിക്കാന്‍ കാര്യാലയത്തിലേക്ക് ആറു വനിതകളെയാണ് 2020 ല്‍ മാര്‍പാപ്പ ഒറ്റയടിക്കു നിയമിച്ചത്. 15 അംഗങ്ങളുള്ള ഈ കാര്യാലയത്തില്‍ ഇതുവരെ ഒരു വനിത പോലും ഉണ്ടായിരുന്നില്ല. ബ്രിട്ടനിലെ ഒരു മുന്‍ മന്ത്രിയുള്‍പ്പെടെ പ്രഗത്ഭരായ വനിതകളാണ് ഇപ്രകാരം നിയമിക്കപ്പെട്ടത്. അന്തോണിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി സിസ്റ്റര്‍ മേരി മെലണ്‍ നിയമിക്കപ്പെട്ടത് മറ്റൊരു നിര്‍ണ്ണായക തീരുമാനമായിരുന്നു. ഇത്തരം നിരവധി നിയമനങ്ങളിലൂടെയും നടപടികളിലൂടെയും സഭയില്‍ വനിതകളുടെ സ്ഥിതിയില്‍ വലിയ മാറ്റം വരുത്താന്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു കഴിഞ്ഞിട്ടുണ്ട്.

സിനഡല്‍ പാപ്പ

സ്ഥാനമേറ്റയുടനെ എല്ലാ വന്‍കരകള്‍ക്കും പ്രാതിനിധ്യം നല്‍കി കാര്‍ഡിനല്‍മാരുടെ ഒരു ഉപദേശകസമിതി ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ചു. സി 9 എന്നറിയപ്പെട്ട ഈ സമിതിയുടെ യോഗങ്ങള്‍ ക്രമമായി നടത്തിക്കൊണ്ടിരുന്നു. അവരുമായുള്ള ആലോചനകളുടെ വെളിച്ചത്തിലാണ് പരിഷ്‌കരണ നടപടികള്‍ പാപ്പ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഉപദേശങ്ങള്‍ ലഭിക്കുക എന്നതിനോടൊപ്പം തന്നെ പ്രധാനമായിരുന്നു ഇതുപോലെ ഒരു ആലോചനാപ്രക്രിയയുടെ മാതൃക സഭയ്ക്കു സമ്മാനിക്കുക എന്നത്.

ഇത്തരമൊരു സമീപനത്തിന്റെ സ്വാഭാവികമായ പരിണതിയായി ആഗോളസഭയിപ്പോള്‍ സിനഡിനെക്കുറിച്ചുള്ള സിനഡിന്റെ നടപടികളിലൂടെ കടന്നുപോകുന്നു. ഭാവിയുടെ സഭാരൂപത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുകയും രൂപീകരിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകമായിരിക്കും സിനഡാത്മകത.

സുതാര്യത

സാമ്പത്തികകാര്യങ്ങളിലെ സുതാര്യതയും സത്യസന്ധതയും ഫ്രാന്‍സിസ് പാപ്പ ഏറ്റവും വിലമതിക്കുന്നു. 2013 മുതല്‍ വത്തിക്കാനില്‍ പാപ്പ സ്വീകരിക്കുന്ന ഭരണനടപടികളിലും നിയമനങ്ങളിലും ഏറ്റവും പുതിയ ഭരണഘടനയിലുമെല്ലാം ഇവയുറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളുണ്ട്. വത്തിക്കാന്റെ പണമുപയോഗിച്ച് ലണ്ടനില്‍ നടത്തിയ ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടിലുള്‍പ്പെട്ട കാര്‍ഡിനലിനെ പുറത്താക്കാന്‍ പാപ്പ മടിച്ചില്ല. സ്ഥാനഭ്രഷ്ടനാക്കി എന്നു മാത്രമല്ല അദ്ദേഹത്തെ വത്തിക്കാന്‍ കോടതിയില്‍ വിചാരണയ്ക്കു വിധേയനാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രസമൂഹം ധനകൈകാര്യവിഷയങ്ങളില്‍ അംഗീകരിച്ചിട്ടുള്ള എല്ലാ നിയമങ്ങളും വത്തിക്കാനും പാലിക്കണമെന്നും കള്ളപ്പണവും കണക്കില്ലായ്മയും അനുവദിക്കുകയില്ലെന്നുമുള്ള ശക്തമായ താക്കീതാണ് പാപ്പയുടെ ഓരോ നടപടിയും.

നയതന്ത്രം

2013-ല്‍ തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ 2014-ല്‍ തന്നെ അമേരിക്കയും ക്യൂബയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥനാകുകയും പരിഹാരം സാധ്യമാക്കുകയും ചെയ്തു. ആഗോള ആത്മീയാചാര്യന്‍ എന്ന പാപ്പയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ച ഒരു നയതന്ത്രവിജയമായിരുന്നു അത്. 2018-ല്‍ ചൈനയുമായി മെത്രാന്‍ നിയമനത്തില്‍ ധാരണയിലെത്തി. ചൈനയുടെ വിശ്വാസലംഘനങ്ങളെല്ലാം പിന്നീടുമുണ്ടായിട്ടുണ്ടെങ്കിലും ചൈന പോലെ മതകാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും അതുവരെയില്ലാതിരുന്ന ഒരു രാജ്യവുമായി ബന്ധം മെച്ചപ്പെടുത്തിയതു തന്നെ വലിയ നേട്ടമായിരുന്നു.

മഹാശീശ്മയ്ക്കുശേഷം റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിനെ ആദ്യമായി കണ്ട പാപ്പയാണ് ഫ്രാന്‍സിസ്. പൗരസ്ത്യസഭകളുമായുള്ള ബന്ധം വളരെയേറെ ഇക്കാലത്തു മുന്നോട്ടു പോയി. ഇതിനകം നാല്‍പതു വിദേശപര്യടനങ്ങള്‍ നടത്തിയ പാപ്പ ചെറിയ രാജ്യങ്ങള്‍ക്കും പൗരസ്ത്യരാജ്യങ്ങള്‍ക്കും നല്‍കിയ മുന്‍ഗണന ലോകത്തിനു വലിയ സന്ദേശം നല്‍കാന്‍ പര്യാപ്തമായിരുന്നു. സുഡാനില്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന വിരുദ്ധധ്രുവങ്ങളിലുള്ള നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ കാലുപിടിച്ചുകൊണ്ടാണ് പാപ്പ സമാധാനത്തിനായി മാധ്യസ്ഥ്യം നടത്തിയത്. ഒടുവില്‍ ഉക്രെയിനിലും പാപ്പ സമാധാനത്തിനായി അശ്രാന്തമായി പരിശ്രമിക്കുന്നു.

2013-ല്‍ ഫ്രാന്‍സിസിനെ പോലെ പരിഷ്‌കരണവാദിയായ ഒരു പാപ്പ അധികാരത്തിലെത്തുകയും ലോകം അംഗീകരിക്കുന്ന ആചാര്യസ്ഥാനത്തേക്ക് ഉയര്‍ന്നു വരികയും ചെയ്തില്ലായിരുന്നുവെങ്കില്‍ കത്തോലിക്കാസഭയുടെ സ്ഥാനം എന്താകുമായിരുന്നു എന്നു ചിന്തിച്ചാല്‍ പാപ്പ നിര്‍വഹിച്ച ദൗത്യത്തിന്റെ പ്രാധാന്യം മനസ്സിലാകും. പാപ്പയുടെ ശൈലിയും വ്യക്തിത്വവും സഭയ്ക്ക് ഇനിയുമേറെ ആവശ്യമുണ്ട്. ഈ വഴിയേ സഭ ഇനിയുമേറെ ദൂരം പോകാനുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org