മാര്‍പാപ്പയുടെ സാംസ്‌കാരിക വിപ്ലവത്തിനു ദൈവശാസ്ത്രജ്ഞര്‍ തയ്യാറാകുമോ?

മാര്‍പാപ്പയുടെ സാംസ്‌കാരിക വിപ്ലവത്തിനു ദൈവശാസ്ത്രജ്ഞര്‍ തയ്യാറാകുമോ?

മാസിമോ ഫാഗിയോലി

ദൈവശാസ്ത്രം സംഭാഷണപരവും സാമൂഹികവും ബഹുവിഷയകവുമാകാനും ഫ്രാന്‍സിസ് പാപ്പ പ്രോത്സാഹിപ്പിക്കുന്നു. 'മറ്റ് വിജ്ഞാന രൂപങ്ങളുമായുള്ള സംഭാഷണം സഭാസമൂഹത്തിനുള്ളിലെ സംഭാഷണത്തെയും ദൈവശാസ്ത്രവത്കരണത്തിന്റെ സിനഡലും കൂട്ടായ്മാപരവുമായ മാനത്തെക്കുറിച്ചുള്ള അവബോധത്തെയും മുന്‍നിര്‍ത്തുന്നു,' അദ്ദേഹം എഴുതി.
  • സഭയും സഭാസര്‍വകലാശാലകളും സന്നദ്ധരാകുമോ?

സിനഡാലിറ്റിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആശയവും ചില കത്തോലിക്ക ദൈവശാസ്ത്രജ്ഞര്‍ അത് മനസ്സിലാക്കുന്ന രീതിയും തമ്മിലുള്ള അന്തരമാണ് സഭയുടെ ഭാവിയെക്കുറിച്ചുള്ള മെത്രാന്‍ സിനഡിന്റെ ആദ്യ സമ്മേളനം വെളിവാക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ പാപ്പാശുശ്രൂഷയെ വളരെ ആവേശപൂര്‍വം സ്വാഗതം ചെയ്ത ദൈവശാസ്ത്രജ്ഞരുടെ പോലും കാര്യമാണിത്. ഏറെക്കാലമായി കാത്തിരുന്ന, ലോകവുമായും സമൂഹത്തിന്റെ അരികുകളില്‍ കഴിയുന്നവരുമായും കൂടുതല്‍ സംഭാഷണാത്മകമായ ഒരു ബന്ധത്തിനായുള്ള ദിശാബോധം പകരുന്ന ഒന്നായിരിക്കും പുതിയ മാര്‍പാപ്പയുടെ വരവെന്ന് അവര്‍ കരുതിയിരുന്നു.

ഈ ജെസ്യൂട്ട് പോപ്പിന്റെ വരേണ്യവിരുദ്ധത, അക്കാദമിക് ദൈവശാസ്ത്രജ്ഞരില്‍ നിന്ന് അദ്ദേഹത്തെ സുരക്ഷിതമായ അകലത്തില്‍ നിറുത്തുന്നുണ്ട്. എന്നാല്‍, ചില സമയങ്ങളില്‍, സഭയില്‍ ദൈവശാസ്ത്രത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം സുപ്രധാന പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2015-ല്‍ അര്‍ജന്റീനയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ഗ്രാന്‍ഡ് ചാന്‍സലര്‍ക്ക് അദ്ദേഹം എഴുതിയ കത്ത്, സഭാ സര്‍വകലാശാലകളെയും ഫാക്കല്‍റ്റികളെയും കുറിച്ചുള്ള അപ്പസ്‌തോലിക ഭരണഘടനയായ വെരിറ്റാറ്റിസ് ഗൗദിയത്തിന്റെ 2017-ലെ അദ്ദേഹത്തിന്റെ പ്രബന്ധം; 2019-ല്‍ ദക്ഷിണ ഇറ്റലിയിലെ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഫാക്കല്‍റ്റിയോടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം തുടങ്ങിയവ ചില ശ്രദ്ധാര്‍ഹമായ ഉദാഹരണങ്ങളാണ്.

സിനഡ് സമ്മേളനത്തിന്റെ ആദ്യ സെഷന്‍ സമാപിച്ച് മൂന്നു ദിവസങ്ങള്‍ക്കുശേഷം, പൊന്തിഫിക്കല്‍ അക്കാദമി ഓഫ് തിയോളജിയുടെ പുതിയ നിയമങ്ങള്‍ അംഗീകരിക്കുന്നതിനുള്ള ഒരു 'മോട്ടു പ്രോപ്രിയോ' ആയി, 'ദൈവശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന്' (ആഡ് പ്രൊമോവെന്‍ഡം) എന്ന രേഖ ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചു. രേഖ ഇറ്റാലിയന്‍ ഭാഷയിലാണ് നല്‍കിയിരിക്കുന്നത് (ഇതുവരെ വിവര്‍ത്തനങ്ങളൊന്നും ലഭ്യമായിട്ടില്ല). വത്തിക്കാന്‍ ആസ്ഥാനമായുള്ള ദൈവശാസ്ത്രപരമായ 'തിങ്ക് ടാങ്ക്' പോലെ പ്രവര്‍ത്തിക്കുന്ന ഒരു അക്കാദമിയുമായി ബന്ധപ്പെട്ടതാണ് സാങ്കേതികമായി ഈ രേഖ. എന്നാല്‍ വാസ്തവത്തില്‍, ഈ രേഖ സഭയെ മുഴുവനായും ലക്ഷ്യമിടുന്നു; ദൈവശാസ്ത്രജ്ഞരെയും സകല വിശ്വാസികളെയും.

  • 'ധീരമായ സാംസ്‌കാരിക വിപ്ലവം'

ഫ്രാന്‍സിസ് പാപ്പ 'ധീരമായ സാംസ്‌കാരിക വിപ്ലവത്തിന്' ആഹ്വാനം ചെയ്യുന്നു: ദൈവജനത്തെ പഠിപ്പിക്കുക മാത്രമല്ല, അവരില്‍ നിന്ന് പഠിക്കുകയും ചെയ്യുന്ന കൂടുതല്‍ സാഹചര്യാധിഷ്ഠിതമായ ദൈവശാസ്ത്രം. അമൂര്‍ത്തത കുറഞ്ഞതും അജപാലനപരത കൂടിയതുമായ ഒരു ദൈവശാസ്ത്രമാണിത്. 'വിശ്വാസികളും അവിശ്വാസികളുമായ എല്ലാവരോടും തുറന്നു സംസാരിച്ചുകൊണ്ട്, വ്യത്യസ്ത പാരമ്പര്യങ്ങളും വിവിധ വിജ്ഞാനശാഖകളും തമ്മിലുള്ള, വ്യത്യസ്ത ക്രൈസ്തവധാരകളും വ്യത്യസ്ത മതങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെയും സമാഗമത്തിന്റെയും സംസ്‌കാരത്തിലാണു ദൈവശാസ്ത്രം വികസിക്കേണ്ടതെന്നു മാര്‍പാപ്പ പറയുന്നു.

കൂടുതല്‍ സ്വാഗതമോതുന്നതും സംവാദാത്മകവുമായ ഒരു സഭയെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന പുരോഗമനവാദിയായ ഒരു മാര്‍പാപ്പ എന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പയുടെ സവിശേഷതകളോടു ചേര്‍ന്നു പോകുന്നതാണ് ഈ പ്രോത്സാഹനങ്ങള്‍. എന്നാല്‍ പാപ്പയുടെ ദൈവശാസ്ത്രവീക്ഷണത്തിന്റെ മറ്റൊരു വശം കൂടി ഈ രേഖയില്‍ ആവര്‍ത്തിക്കുന്നുണ്ട്, അത് ഇന്നത്തെ നമ്മുടെ ദൈവശാസ്ത്രത്തിന് യഥാര്‍ത്ഥവും വ്യത്യസ്തവുമായ ഒരു പരീക്ഷണമാണ്. 'അമൂര്‍ത്തവും പ്രത്യയശാസ്ത്രപരവുമല്ല, മറിച്ച് ആത്മീയവും, യാഥാര്‍ത്ഥ്യബോധമുള്ളതും, ആരാധനയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും രൂപപ്പെടുത്തിയതുമാണ് യഥാര്‍ത്ഥ വിമര്‍ശനാത്മക അറിവ്,' എന്നത്രെ ദൈവശാസ്ത്രത്തെ മാര്‍പാപ്പ നിര്‍വചിക്കുന്നത്; 'അതിന്റെ ദിവ്യജ്ഞാനപരമായ മാനം (sapiential wisdom) വിസ്മരിക്കാനാകാത്ത' അറിവാണത്.

ദൈവശാസ്ത്രം സംഭാഷണപരവും സാമൂഹികവും ബഹുവിഷയകവുമാകാനും ഫ്രാന്‍സിസ് പാപ്പ പ്രോത്സാഹിപ്പിക്കുന്നു. 'മറ്റ് വിജ്ഞാന രൂപങ്ങളുമായുള്ള സംഭാഷണം സഭാസമൂഹത്തിനുള്ളിലെ സംഭാഷണത്തെയും ദൈവശാസ്ത്രവത്കരണത്തിന്റെ സിനഡലും കൂട്ടായ്മാപരവുമായ മാനത്തെക്കുറിച്ചുള്ള അവബോധത്തെയും മുന്‍നിര്‍ത്തുന്നു,' അദ്ദേഹം എഴുതി. 'സുവിശേഷവത്കരണ സേവനത്തിനിടയില്‍ ദൈവശാസ്ത്രജ്ഞന് സാഹോദര്യവും കൂട്ടായ്മയും നേരിട്ട് അനുഭവിക്കാതിരിക്കാനും എല്ലാവരുടെയും ഹൃദയങ്ങളിലേക്കു കടന്നു ചെല്ലാതിരിക്കാനും കഴിയില്ല. അതിനാല്‍, കൂട്ടായ്മയും ദൈവശാസ്ത്രപരമായ സാഹോദര്യവും ജീവിക്കാനും അനുഭവിക്കാനുമുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ നിലനില്‍ക്കുക പ്രധാനമാണ്.'

  • 'പുരോഗമനവാദികളെ' വെല്ലുവിളിക്കുന്നത് 'യാഥാസ്ഥിതികരെ' വെല്ലുവിളിക്കുന്നതിനേക്കാള്‍ കുറവല്ല

ഈ രേഖ ദൈവശാസ്ത്രജ്ഞരെ കൂടുതല്‍ സാഹചര്യാധിഷ്ഠിതമാകാന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമുള്ള അക്കാദമിക് ദൈവശാസ്ത്രം സാഹചര്യാധിഷ്ഠിത ദൈവശാസ്ത്രത്തിനു നല്‍കിയ വ്യാഖ്യാനത്തില്‍ നിന്നു വ്യത്യസ്തമാണിത്. കാരണം അത് ദൈവവിളി കൂടിയായ ഒരു ഉദ്യോഗത്തിന്റെ കൂടുതല്‍ അവതാരപരവും മൂര്‍ത്തവും സാക്ഷ്യപരവുമായ വീക്ഷണത്തെക്കൂടി സൂചിപ്പിക്കുന്നു.

എന്നാല്‍ ബുദ്ധിജീവികളെ ഉള്‍ക്കൊള്ളിക്കുന്നതില്‍, പുതിയ പദവികളുടെ ചുമതലാവിവരണങ്ങളില്‍, അഥവാ കത്തോലിക്ക ദൈവശാസ്ത്രജ്ഞരുടെ നേട്ടങ്ങളുടെ അവലോകനത്തില്‍ എല്ലാം ഈ തരത്തിലുള്ള സാഹോദര്യവും കൂട്ടായ്മയും വളരെ ബുദ്ധിമുട്ടാണ് (ചില സമയങ്ങളില്‍ അസാധ്യം പോലുമാണ്).

ഫ്രാന്‍സിസ് പാപ്പയുടെ ഭരണം കത്തോലിക്കാസഭയെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണത്തെ ശരിവച്ചുവെന്ന് വിശ്വസിക്കുന്നവര്‍ക്ക്, ഫ്രാന്‍സിസ് 'പുരോഗമനവാദികളെ' വെല്ലുവിളിക്കുന്നത് 'യാഥാസ്ഥിതികരെ' വെല്ലുവിളിക്കുന്നതിനേക്കാള്‍ ഒട്ടും കുറവല്ലെന്ന് കാണുക ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. ദൈവശാസ്ത്രജ്ഞരുടെ കാര്യത്തിലും ഇതു സത്യമാണ്. വെല്ലുവിളി ഇരട്ടിയും.

  • സാങ്കേതിക, കമ്പോളാധിഷ്ഠിത സ്ഥാപനങ്ങളുമായി നേര്‍ക്കുനേര്‍

ഒന്നാമതായി, ഇന്നത്തെ ദൈവശാസ്ത്രദൗത്യത്തിന്റെ പ്രശ്‌നം 'യാഥാസ്ഥിതികവും പുരോഗമനപരവും' എന്ന പ്രത്യയശാസ്ത്ര ദിശാവിന്യാസത്തിന്റേതു മാത്രമല്ല, സ്ഥാപനപരവുമാണ്; അതായത് അറിവിന്റെ ആധുനിക സാങ്കേതിക ലോകത്തുള്ള ദൈവശാസ്ത്രദൗത്യം. പല സര്‍വകലാശാലകളും, ദൈവശാസ്ത്രബിരുദ പഠനപരിപാടികളുള്ള കത്തോലിക്കാ സര്‍വ്വകലാശാലകള്‍ പോലും, ഇപ്പോള്‍ ഒരു കമ്പോളസംവിധാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ധനസഹായത്തോടെയും സര്‍ക്കാര്‍-സ്വകാര്യ ധനസഹായത്തോടെയും പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളും സ്വകാര്യ, മതേതര, കത്തോലിക്ക സര്‍വകലാശാലകളും ഒക്കെ പ്രവര്‍ത്തിക്കുന്ന രീതികള്‍ക്കു തമ്മില്‍തമ്മില്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം വിജ്ഞാനത്തിന്റെ ഒരു കമ്പോളപ്രേരിത സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇത്തരം സര്‍വകലാശാലകളില്‍ ദൈവശാസ്ത്രത്തിന്റെ ഈ 'സാംസ്‌കാരിക വിപ്ലവം' എങ്ങനെ തുടങ്ങും എന്നതാണ് പ്രശ്‌നം. ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷണത്തില്‍, ഹൃദയത്തിനും ആത്മാവിനും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. എന്നാല്‍ സാങ്കേതികാധിപത്യമുള്ള ഹൃദയരാഹിത്യവും വിജ്ഞാനത്തെക്കുറിച്ചുള്ള തീവ്രപ്രായോഗികവാദാധിഷ്ഠിത, ക്രയവിക്രയാധിഷ്ഠിത വീക്ഷണവും ഉള്ള ഇടങ്ങളായി നമ്മുടെ അക്കാദമിക് സംവിധാനങ്ങള്‍ മാറിയിരിക്കുന്നു നമ്മുടെ വിദ്യാര്‍ത്ഥികള്‍ അത് കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു. വളരെ നടപടിക്രമങ്ങള്‍ നിറഞ്ഞതും ഉദ്യോഗസ്ഥഭരണാധിഷ്ഠിതവും ആയിത്തീര്‍ന്ന ഈ സംവിധാനത്തില്‍, കാര്യത്തിന്റെ കാതല്‍ (ഇക്കാര്യത്തില്‍, ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് തേടുന്ന സജീവമായ ദൈവസ്‌നേഹമാണു ദൈവശാസ്ത്രം എന്ന നിലയില്‍) എളുപ്പത്തില്‍ ശൂന്യമാകും.

പാശ്ചാത്യ ലോകത്തിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദൈവശാസ്ത്രവിദ്യാര്‍ത്ഥികളില്‍ പ്രാദേശികവിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതലാണ് അന്താരാഷ്ട്രവിദ്യാര്‍ത്ഥികള്‍.

  • യൂറോ കേന്ദ്രീകൃതമായ ഒരു സഭയില്‍ നിന്ന് ആഗോളസഭയിലേക്കുള്ള മാറ്റം

രണ്ടാമതായി, യൂറോകേന്ദ്രീകൃത കത്തോലിക്കാസഭയില്‍ നിന്ന് ആഗോള കത്തോലിക്കാസഭയിലേക്കുള്ള ഒരു സമൂല പരിവര്‍ത്തനത്തിനിടയിലാണ് ഫ്രാന്‍സിസ് ഈ 'സാംസ്‌കാരിക വിപ്ലവത്തിന്' ആഹ്വാനം ചെയ്യുന്നത്. അതായത്, ഈ പരിവര്‍ത്തനം ഒരു പ്രത്യേക രീതിയില്‍ യൂറോ-പാശ്ചാത്യ ദൈവശാസ്ത്രത്തെ ബാധിക്കുന്നു. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പഠനകേന്ദ്രങ്ങളില്‍ ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും വരുന്ന ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആ സ്ഥാപനങ്ങളിലെ സംസ്‌കാരത്തെ സാവധാനം മാറ്റുന്നു. പാശ്ചാത്യ ലോകത്തിലെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദൈവശാസ്ത്രവിദ്യാര്‍ത്ഥികളില്‍ പ്രാദേശികവിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതലാണ് അന്താരാഷ്ട്രവിദ്യാര്‍ത്ഥികള്‍. എന്നാല്‍ അവര്‍ ഇപ്പോഴും യൂറോപ്യനും പാശ്ചാത്യവുമായ ഒരു കത്തോലിക്കാ ദൈവശാസ്ത്രമാണു പഠിക്കുന്നത്.

യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങള്‍ ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള കൂടുതല്‍ പ്രൊഫസര്‍മാരെ നിയമിക്കാന്‍ ശ്രമിക്കുന്നു. അവരുടെ യഥാര്‍ത്ഥ പശ്ചാത്തലം, പലപ്പോഴും യൂറോപ്പിലോ വടക്കേ അമേരിക്കയിലോ നേടിയ അവരുടെ പരിശീലനം, ഈ പഠനകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ സഭകളുടെ സാംസ്‌കാരികബഹുത്വം, എന്നിവയെ എങ്ങനെ വിലമതിക്കും എന്നതും ഈ വിദ്യാര്‍ത്ഥികള്‍ പഠനശേഷം പഠിപ്പിക്കാനും സേവനം ചെയ്യാനുമായി എങ്ങോട്ടാണു മടങ്ങിപ്പോകുക എന്നതുമാണു ചോദ്യം.

എന്നാല്‍ കത്തോലിക്കാസഭ ദക്ഷിണഭൂഗോളത്തിലേക്കു തിരിയുന്നത് ദക്ഷിണഭൂഗോളത്തില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 'ദൈവശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഫ്രിക്കയില്‍ ഒരു ധാരണയുമില്ല. നമ്മുടെ പള്ളികളില്‍ ഇപ്പോള്‍ത്തന്നെ നിറയെ ആളുണ്ടെങ്കില്‍ പിന്നെ ദൈവശാസ്ത്രത്തിന്റെ കാര്യമെന്താണ്?' എന്നവര്‍ ചോദിക്കുന്നു എന്നാണ് ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരു ആഫ്രിക്കന്‍ ദൈവശാസ്ത്രജ്ഞന്‍ പറഞ്ഞത്. യൂറോപ്യന്‍ കത്തോലിക്കര്‍ സമാനമായ ഈ ചോദ്യം വളരെ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാകും ചോദിക്കുക: 'നമ്മുടെ പള്ളികള്‍ ഏതാണ്ട് ശൂന്യമാണ്. നമുക്ക് ദൈവശാസ്ത്രം പഠിക്കുന്ന ആളുകളെ ശരിക്കും ആവശ്യമുണ്ടോ, അതോ മറ്റെന്തെങ്കിലുമാണോ ആവശ്യം?'

  • ദൈവശാസ്ത്രജ്ഞര്‍ മാര്‍പാപ്പയുടെ പദ്ധതി സ്വീകരിച്ചാലും സര്‍വകലാശാലകള്‍ സ്വീകരിക്കുമോ?

കത്തോലിക്കാദൈവശാസ്ത്രപഠനകേന്ദ്രങ്ങളുടെ സംസ്‌കാരം വളരെ ഗാഢമായ രീതിയില്‍, വന്‍തോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സംവേദനത്വത്തെ മാനിച്ച് അപൂര്‍വമായി മാത്രമേ അതേക്കുറിച്ചു പരസ്യമായി പറയപ്പെടുന്നുള്ളൂ. കത്തോലിക്ക ദൈവശാസ്ത്രത്തിന്റെ ഈ അപയൂറോപ്യവത്ക്കരണവും അപപാശ്ചാത്യവത്ക്കരണവും സുപ്രധാനമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന്റെ ഒരു ചോദ്യമായി മാറിയിട്ടുണ്ട് (അല്ലെങ്കില്‍ ഉടന്‍ മാറും). യൂറോപ്പില്‍ നിന്നോ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നോ വരുന്ന ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെക്കൊണ്ടു മാത്രം അവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല. അവര്‍ക്ക് ദക്ഷിണഭൂഗോളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആവശ്യമുണ്ട്.

ഫ്രാന്‍സിസ് പാപ്പാ ദൈവശാസ്ത്രജ്ഞരെ 'സാംസ്‌കാരിക വിപ്ലവം', 'വിഷയാന്തരപഠനങ്ങള്‍', എന്നിവയിലേക്കും കൂടാതെ ദൈവശാസ്ത്രഗവേഷണത്തിനുള്ള കൂടുതല്‍ ജ്ഞാനാത്മകവും സിനഡലുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലേക്കും ക്ഷണിക്കുന്നു. ജ്ഞാനശാസ്ത്രപരമായും രീതിശാസ്ത്രപരമായും ഈ അഗാധമായ പുനര്‍വിചിന്തനത്തിന്റെ ഭാഗമാകാന്‍ ദൈവശാസ്ത്രജ്ഞര്‍, വ്യക്തിപരമായും കൂട്ടായും, തയ്യാറാണോ? ദൈവശാസ്ത്രത്തിന്റെ പങ്ക് സ്ഥാപനത്തിന്റെയോ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തന്നെയോ കണ്ണില്‍ വ്യക്തമല്ലാത്ത ഒരു സഭയുടെ ഭാഗമാണ് കത്തോലിക്ക ദൈവശാസ്ത്രജ്ഞര്‍. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ ഇത് കണ്ടു. ഒരു സിനഡല്‍ സഭയില്‍ ദൈവശാസ്ത്രത്തിന്റെ പങ്ക് എന്താണ്? ദൈവശാസ്ത്രത്തില്‍ നിന്നുള്ള പ്രതീക്ഷകള്‍ക്ക്, സഭാത്മകവും അക്കാദമികവും പൊതുവായതുമായ പ്രതീക്ഷകള്‍ക്കു മാറ്റം വരുന്ന സമയമാണിത്.

മാത്രമല്ല, സാങ്കേതിക ഭരണാധികാരികളും മാനേജര്‍മാരും ആധിപത്യം പുലര്‍ത്തുന്ന ഒരു സംവിധാനത്തിന്റെ ഭാഗമായിരിക്കുന്ന സ്ഥാപനങ്ങളിലാണ് പ്രൊഫഷണല്‍ ദൈവശാസ്ത്രജ്ഞര്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്. മാര്‍പാപ്പ സൂചിപ്പിച്ച പുനഃക്രമീകരണം ഗൗരവമായി എടുക്കുകയാണെങ്കില്‍, ദൈവശാസ്ത്ര കലാലയങ്ങള്‍ അവരുടെ റിക്രൂട്ട്‌മെന്റ്, മൂല്യനിര്‍ണ്ണയം, സ്ഥാനക്കയറ്റം എന്നിവയുടെ സമ്പ്രദായങ്ങളെ പുനര്‍വിചിന്തനം ചെയ്യേണ്ടിവരും. അവര്‍ കോഴ്‌സുകളും പാഠ്യപദ്ധതികളും ദൗത്യപ്രസ്താവനകളും പുനഃപരിശോധിക്കേണ്ടതുണ്ട്. ഈ രേഖയില്‍ പറഞ്ഞിരിക്കുന്ന പുനഃദിശാക്രമീകരണം ദൈവശാസ്ത്രജ്ഞര്‍ സ്വീകരിച്ചാലും, കത്തോലിക്കാ സര്‍വ്വകലാശാലകള്‍ അവരുടെ സ്ഥാപനപരമായ സ്‌പോണ്‍സര്‍മാരും ദാതാക്കളും ഇത് എങ്ങനെ അനുവദിക്കും? മാവോ സേതുങ്ങിന്റെ ശൈലി കടമെടുത്താല്‍, ദൈവശാസ്ത്രത്തിനായുള്ള ഈ 'സാംസ്‌കാരിക വിപ്ലവം' ഒരു അത്താഴവിരുന്നായിരിക്കില്ല.

  • (മാസിമോ ഫാഗിയോലി ഇപ്പോള്‍ 'ഫ്രാങ്ക്വി ചെയര്‍' സ്വീകര്‍ത്താവെന്ന നിലയില്‍ ബെല്‍ജിയത്തിലെ ലുവെയിന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org