ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡയറക്ടര്‍, പി ഒ സി
കോതമംഗലം രൂപതാംഗവും മാറാടി സെന്റ് ജോര്‍ജ് ഇടവകക്കാരനും സംസ്‌കൃതം, മലയാളം, ലാറ്റിന്‍ ഭാഷകളില്‍ പണ്ഡിതനും കത്തോലിക്ക സഭാപ്രബോധനങ്ങളുടെയും മാര്‍പാപ്പമാരുടെ ചാക്രികലേഖനങ്ങളുടെയും വിശ്വസ്ത വിവര്‍ത്തകനും പരോപകാരപ്രിയനും ലാളിത്യംകൊണ്ടും എളിമകൊണ്ടും വിനയംകൊണ്ടും സഹപ്രവര്‍ത്തകരുടെയും സ്‌നേഹിതരുടെയും ആദരവുകള്‍ നേടിയവനുമായ മോണ്‍. ജോര്‍ജ് കുരുക്കൂര്‍ തന്റെ എണ്‍പത്തിമൂന്നാമത്തെ വയസ്സില്‍ വളരെ ശാന്തതയോടെ മരണത്തെ പുല്‍കി കടന്നുപോകുമ്പോള്‍ നിശബ്ദവും നിര്‍മമതയും നിറഞ്ഞ സന്യാസാത്മകമായ ഒരു വിശുദ്ധ പൗരോഹിത്യജീവിതത്തിനാണ് തിരശീല വീഴുന്നത്.
കാലത്തിന്റെ യവനികയ്ക്കുള്ളില്‍ മറഞ്ഞുപോകുമ്പോഴും അച്ചന്‍ തന്റെ തൂലികകൊണ്ടും കര്‍മ്മനിരതമായ ജീവിതംകൊണ്ടും പിതൃതുല്യമായ സ്‌നേഹംകൊണ്ടും സുവിശേഷാത്മകമായ സേവനംകൊണ്ടും മിഴിവോടെ നെയ്തുവച്ച തന്റെ ഭൗമികജീവിതം ഒരിക്കലും മായാതെ എന്നും നിര്‍മ്മലമായ ഒരു ചിത്രമായി നമ്മുടെ മനസ്സുകളിലും ചിന്തകളിലും ഓര്‍മ്മകളിലും വാക്കുകളിലും നിറഞ്ഞു നില്ക്കും.
1. ബഹുഭാഷാ പണ്ഡിതന്‍:
അച്ചന്റെ വ്യക്തിപരമായ ലൈബ്രറിയില്‍ ഗ്രീക്ക്, സംസ്‌കൃതം, ലാറ്റിന്‍, പോര്‍ച്ചുഗീസ്, ഉറുദു, പേര്‍ഷ്യന്‍, മലയാളം, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അച്ചന്‍ തന്നെ പറഞ്ഞിട്ടുണ്ട്. 46 ഡിക്ഷണറികളും വിവിധ ഭാഷകളിലെ വ്യാകരണഗ്രന്ഥങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ തത്വശാസ്ത്രം, ദൈവശാസ്ത്രം, ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ഹിന്ദുയിസം, ഇസ്ലാം, ബുധിസം, ജൈനിസം എന്നിവയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും, ലോകചരിത്രം, ഭാരതചരിത്രം, കേരളചരിത്രം തുടങ്ങിയ ചരിത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിന്റെ ഭാഗമായിരുന്നു. ഭാഷകളിലെ പാണ്ഡിത്യവും പരന്നവായനയും ആഴമാര്‍ന്ന ചി ന്തകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി.
2. വിശ്വസ്ത വിവര്‍ത്തകന്‍ (മലയാളത്തിന്റെ പാപ്പ):
കത്തോലിക്കാസഭയുടെ പ്രബോധനഗ്രന്ഥങ്ങളുടെ വിശ്വസ്തനായ വിവര്‍ത്തകനായിരുന്നു മോണ്‍. ജോര്‍ജ് കുരുക്കൂര്‍. സഭയുടെ സാമൂഹിക നീതിയെ സംബന്ധിച്ച പ്രബോധനങ്ങള്‍, മാര്‍പാപ്പമാരുടെ ചാക്രികലേഖനങ്ങള്‍, വിവിധ സന്യാസസമൂഹങ്ങളുടെ ഭരണഘടനകള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിയാത്ത മലയാള വിവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളസഭയില്‍ ഉണ്ടായിട്ടില്ല.
തന്നെ ഏല്പിച്ച ജോലി തികഞ്ഞ വിശ്വസ്തതോടെ പൂര്‍ത്തീകരിച്ചാണ് 2021-ല്‍ മുപ്പതുവര്‍ഷത്തെ സേവനം അദ്ദേഹം സമാപിപ്പിച്ചത്. പി ഒ സി യുടെ സാമ്പത്തിക ഭദ്രതയ്ക്ക് ജോര്‍ജ് അച്ചന്റെ നിസ്വാര്‍ത്ഥസേവനം അടിത്തറയിട്ടു. സഭാപ്രബോധനങ്ങളുടെ വിവര്‍ത്തകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ ''മലയാളത്തിന്റെ മാര്‍പാപ്പ'' എന്ന വിശേഷണം അദ്ദേഹത്തിനു ചാര്‍ത്തികൊടുത്തു. ലാറ്റിന്‍ ഭാഷയില്‍ രചിക്കപ്പെട്ട 300 പേജുള്ള ഒരു പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് മൂന്നു മാസമെങ്കിലും എടുക്കു മെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞത് ഇന്ത്യോ-യൂറോപ്യന്‍ ഭാഷയെ ദ്രാവിഡിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന്റെ ക്ലേശത്തെ സൂചിപ്പിക്കാനാണ്. കാരണം രണ്ടു ഭാഷകളും രണ്ടു വ്യത്യസ്ത ഭാഷാകുടുംബങ്ങളില്‍പ്പെട്ടവയായതുകൊണ്ടാണ്. ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം എളുപ്പമാകുമ്പോള്‍, ലാറ്റിനില്‍ നിന്ന് മലയാളത്തിലേക്കുള്ള വിവര്‍ത്തനം കഠിനമാകും.
പ്രഭാതത്തില്‍ 8.30-ന് ജോലി ആരംഭിക്കുന്നതിനുള്ള പ്രാര്‍ത്ഥന കഴിഞ്ഞാല്‍ കുരുക്കൂരച്ചന്‍ തന്റെ മുറിയില്‍ മുനിയെപ്പോലെ തന്റെ തപസ്യ ആരംഭിക്കും. രാത്രി 11.30 വരെ നീളുന്ന വിവര്‍ത്തനജോലി. ഇടയ്ക്കുള്ള ഭക്ഷണ സമയങ്ങളില്‍ മാത്രമെ മുറിക്കു പുറത്തിറങ്ങുകയുള്ളൂ. എന്നാല്‍ വൈകിട്ട് ഒരു മണിക്കൂറോളമുള്ള നടപ്പ് നിര്‍ബന്ധമായിരുന്നു. പുസ്തകരചനയും വിവര്‍ത്തനവും ഒത്തിരിയേറെ സമയവും ഏകാഗ്രതയും ആവശ്യമായ സംഗതികളാണ്. അദ്ദേഹം ടി വി കാണാറില്ലായിരുന്നു. മറ്റ് വിനോദപരിപാടികളില്‍ പങ്കെടുക്കാറുമില്ലായിരുന്നു. 1891-ലെ പതിമൂന്നാം ലെയോ മാര്‍പാപ്പയുടെ 'റേരും നൊവാരും' എന്ന ചാക്രിക ലേഖനമാണ് ആദ്യം വിവര്‍ത്തനം ചെയ്തത്. പിന്നീടങ്ങോട്ട് ഇരുന്നൂറോളം (200) ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് കൈരളിക്കു ലഭിച്ചത്. 2021-ല്‍ ഫ്രാന്‍സിസ് പാപ്പയുടെ 'ഫ്രത്തേലി തൂത്തി' (എല്ലാവരും സഹോദരര്‍) യാണ് അവസാനം വിവര്‍ത്തനം ചെയ്തത്. മുപ്പതുവര്‍ഷത്തെ നിശബ്ദവും നിഷ്‌കാമവും ശുദ്ധവുമായ സേവനമായിരുന്നു അദ്ദേഹത്തിന്റേത്.
3. അധ്യാപകന്‍:
സംസ്‌കൃത അധ്യാപകനായി മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കൂടാതെ കോതമംഗലം രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകനായി ശുശ്രൂഷ ചെയ്തിട്ടുണ്ട്.
4. ലാളിത്യം നിറഞ്ഞ ജീവിതം:
സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടി പി ഒ സി യിലെ വൈദികരും മറ്റ് ശുശ്രൂഷകരും ബഹുമാന്യനായ ഗുരു എന്നര്‍ത്ഥത്തില്‍ ഗുരുജി എന്നാണ് അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. സ്ഥലനാമങ്ങളെക്കുറിച്ചോ, വീട്ടുപേരുകളെ കുറിച്ചോ ചോദിച്ചാല്‍ പ്രസ്തുത പേരിന്റെ ഭാഷാപരമായ പ്രത്യേകതകളും അതിന്റെ ഉത്ഭവത്തിനിടയാക്കിയിട്ടുണ്ടാകാവുന്ന കാര്യങ്ങളും അദ്ദേ ഹം വിശദീകരിക്കും. ഏതെങ്കിലും വിഷയം സംബന്ധിച്ച ചര്‍ച്ചയാണെങ്കില്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുത്തുകൊ ണ്ട് പ്രസ്തുത വിഷയത്തിന്റെ ചരിത്രപരമായ പ്രസക്തിയെക്കുറിച്ച് അദ്ദേഹം പ്രതികരിക്കും.
സഭാചരിത്രത്തിലും ലോകചരിത്രത്തിലും ഗുരുജിക്ക് അസാമാന്യമായ പാടവമുണ്ടായിരുന്നു. അറിവും പാണ്ഡിത്യവും അദ്ദേഹത്തെ വിനീതനാക്കി. വളരെ സാധുവായിട്ടാണ് അദ്ദേഹം എപ്പോഴും കാണപ്പെട്ടിട്ടുള്ളത്. തന്റെ കിടപ്പുമുറിയും പുസ്തകശേഖരങ്ങളുടെ മുറിയും ഒരുപോലെയായിരുന്നു. കട്ടിലില്‍ ഒരു ചെറു തഴപ്പായയിലാണ് അദ്ദേഹം ഇക്കാലമത്രയും വിശ്രമിച്ചത്. വളരെ മുഷിഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മുറികള്‍. തന്റെ കിടപ്പുമുറിയുടെ അസൗകര്യത്തെക്കുറിച്ച് ഒരിക്കലും അദ്ദേഹം പരാതിപറഞ്ഞിട്ടില്ല.
ഭക്ഷണത്തിന് പ്രത്യേക നിര്‍ബന്ധങ്ങളോ നിബന്ധനകളോ വച്ചില്ല. പൊതുവായിട്ടുള്ളതില്‍ സന്തോഷത്തോടെ പങ്കുചേര്‍ന്നു.
പി ഒ സി യിലെ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നില്ല അച്ചന്റെ സ്‌നേഹഭാജനങ്ങള്‍. പി ഒ സി ക്കു ചുറ്റുമുള്ള കുടുംബങ്ങളില്‍ അദ്ദേ ഹം വലിയ സ്വീകാര്യനായിരുന്നു. എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് വീടുകളില്‍ പോകാന്‍ കഴിയുമായിരുന്നു. എല്ലാവരുമായി നല്ല സൗഹദം അദ്ദേഹത്തിനുണ്ടായിരുന്നു. കുറെയേറെ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠിക്കാനുള്ള സൗകര്യം താന്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്ന് അച്ചന്‍ പറയുമായിരുന്നു. അച്ചന് ലഭിച്ചിട്ടുള്ള പണമത്രയും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നത് ഞങ്ങളില്‍ പലരും കണ്ടിട്ടുണ്ട്. ഒരിക്കല്‍ പി ഒ സി യിലെ അച്ചന്മാര്‍ ഇക്കാര്യത്തില്‍ അച്ചനോട് ഗൗരവത്തില്‍ തന്നെ ചോദിച്ചിട്ടുള്ളതുമാണ്. എന്നാല്‍ അദ്ദേഹം തനിക്കു ലഭിക്കുന്നതെന്തും ആവശ്യക്കാരുമായി പങ്കുവയ്ക്കുന്നതില്‍ അതീവ താത്പര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.
വിവിധ ഇടവകകളില്‍ വികാരിയായി ശുശ്രൂഷ ചെയ്ത കാലഘട്ടത്തിലും പിന്നീട് പി ഒ സി യിലും അനാര്‍ഭാടമായി ജീവിച്ച് ലാളിത്യത്തിന്റെ മാതൃകയായ ഈശോയെ അനുഗമിച്ച മോണ്‍. ജോര്‍ജ് കുരുക്കൂര്‍ ഈ തലമുറയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ഒരു വെല്ലുവിളിയാണ്. തന്റെ പാണ്ഡിത്യമനുസരിച്ച് രൂപതയുടെ കലാലയത്തില്‍ അധ്യാപകനായി ജോലി ചെയ്യാന്‍ കഴിയുമായിരുന്ന സാധ്യതകളാണ് സഭാശുശ്രൂഷയുടെ നിശബ്ദജീവിതത്തിനായി അദ്ദേഹം മാറ്റിവച്ചത്. പുതുതലമുറയിലെ വൈദികരുടെ വ്യഗ്രത നിറഞ്ഞ ജീവിതശൈലിയോട് അദ്ദേഹത്തിന് കനത്ത വിയോജിപ്പുണ്ടായിരുന്നു. പ്രാര്‍ത്ഥനയും അച്ചടക്കവും അനുസരണവും വൈ ദികജീവിതത്തിന്റെ മനോഹാരിതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
5. ഒരു കോടി നന്ദി:
പ്രിയ ബഹുമാനപ്പെട്ട മോണ്‍. ജോര്‍ജ് കുരുക്കൂരിന് ആര് എന്ത് സഹായം ചെയ്തു കൊടുത്താലും അദ്ദേഹം പ്രതികരിച്ചിരുന്നത് ''ഒരു കോടി നന്ദി'' എന്നാണ്. ഹൃദയത്തില്‍ വിനയവും ശുദ്ധിയും ഉള്ളവര്‍ക്കു മാത്രമാണ് ഹൃദയം തുറന്ന് നന്ദി പ്രകാശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. സംതൃപ്തി നിറഞ്ഞ ജീവിതത്തിന്റെ തെളിവാണ് ശുദ്ധമായ നന്ദി പ്രകാശനം.