സ്‌നേഹിക്കുന്നതില്‍ തടസ്സം നില്‍ക്കുന്ന മുഖം മൂടികള്‍, അല്ലെങ്കില്‍ വിഗ്രഹങ്ങള്‍, വിഗ്രഹാരാധന അതിസൂക്ഷ്മമാണ്. നാമ്മെല്ലാവരും മറച്ചുവച്ചിരിക്കുന്ന മുഖം മൂടികള്‍ അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ അനവധിയാണ്. അവ കണ്ടെത്തണം, നശിപ്പിക്കണം.
ദൈവസ്‌നേഹം നമ്മുടെ രക്ഷ - ദൈവം സ്‌നേഹമാണ്, സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു (1 യോഹ. 4:16). ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍ (യോഹ. 13:34).
ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതു തന്നെ മനുഷ്യനുവേണ്ടിയാണ്. അവന്റെ ശ്രേയസിനും, ഐശ്വര്യത്തിനും നിലനില്‍പ്പിനും ഉതകുംവിധം ദൈവം എല്ലാ സൃഷ്ടി കര്‍മ്മവും വിഭാവന ചെയ്തിരിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നിനെ രൂപപ്പെടുത്തുന്നതാണു സൃഷ്ടികര്‍മ്മം. അല്ലാതെ ഒരു പണിക്കാരന്‍ വീടു പണിയുന്നതുപോലെയോ മരം കൊണ്ടു മേശയോ, കസേരയോ ഉണ്ടാക്കുന്നതുപോലെയോ അല്ലെന്നു സാരം.
എല്ലാ വസ്തുക്കളെയും ദൈവം ഇല്ലായ്മയില്‍ നിന്നു സൃഷ്ടിച്ചു എന്നു പറയുന്നതിന്റെയര്‍ത്ഥം, ''ഇല്ലായ്മ''യെന്ന ഏതോ ഒന്നില്‍ നിന്നു ദൈവം സര്‍വ വസ്തുക്കളും അവയുടെ പൂര്‍ണ്ണമായ അസ്തിത്വത്തില്‍ ഉണ്ടാക്കി എന്നത്. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, ദൈവം ഒഴികെയുള്ള സര്‍വവും അവയുടെ ഘടനയും സംവിധാനവും ദൈവത്താല്‍ നിര്‍മ്മിക്കപ്പെട്ടുവെന്നും, അവ പൂര്‍ണ്ണമായി ദൈവത്തില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്നുമാണ്.
കത്തോലിക്ക വിശ്വാസ പ്രകാരം, സ്‌നേഹനിധിയും ഏകനും സത്യസ്വരൂപനുമായ ദൈവം വാനരൂപികളെ പോലെ തന്നെ ആത്മശരീരത്തോടുകൂടിയ മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. ദൈവമെന്നാല്‍ നിത്യമായ ഒരു ശക്തിയാണെന്നും സ്‌നേഹത്തിന്റെ പരിപൂര്‍ണ്ണമായിട്ടുള്ള ഒരു അസ്തിത്വമാണെന്നും, സര്‍വ സ്വാതന്ത്ര്യത്തോടെ സൃഷ്ടി കര്‍മ്മം നിര്‍വഹിക്കുന്ന ഒരു ത്രിയേക അമൂര്‍ത്ത ഭാവമാണെന്നും സഭ പഠിപ്പിക്കുന്നു. നമ്മെപ്പറ്റി ചിന്തിച്ചാല്‍, നമ്മളെല്ലാം ദൈവ സ്‌നേഹത്തിന്റെ അനന്തമായ ഔദാര്യം മാത്രമാണ്. ദൈവസ്‌നേഹത്തിന്റെ പ്രകടമായിട്ടുള്ള ഭാവം ഇതാണ്. സൃഷ്ട പ്രപഞ്ചത്തെ സ്വാതന്ത്ര്യമുള്ള മനുഷ്യരെക്കൊണ്ട് മകുടം ചാര്‍ത്തുകയും, ആ പ്രപഞ്ചത്തെ തങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തികള്‍ കൊണ്ടു അധീനമാക്കുവാന്‍ അനുവദിക്കുകയും ചെയ്തു. എന്നുവച്ചാല്‍ ലോകത്തില്‍ സ്വതന്ത്രമായി അവര്‍ ചെയ്യുന്ന സകല പ്രവൃത്തികള്‍ക്കും നിത്യത യില്‍ പ്രസക്തിയുണ്ടെന്ന് സാരം.
രക്ഷ എന്നു പറഞ്ഞാല്‍, രക്ഷിക്കപ്പെടുക എന്നു പറഞ്ഞാല്‍ എന്താണ്? തന്റെ സ്‌നേഹം കൊണ്ട് ദൈവം നമ്മെ രക്ഷിക്കുന്നു. തന്റെ പുത്രനെ അയക്കാന്‍ ശക്തമായ പ്രേരണയ്ക്കു നിദാനം ദൈവത്തിന്റെ വലിയ സ്‌നേഹമാണ്. ആ പുത്രനാകട്ടെ നമ്മിലൊരുവനായി നമ്മോടൊപ്പം നടന്നു, നമ്മെ രക്ഷിക്കുന്നു. രക്ഷ എന്നു വച്ചാല്‍ നമുക്ക് നഷ്ടപ്പെട്ട സ്വത്വത്തനിമ, ആത്മസത്ത (Identity) കര്‍ത്താവില്‍ നിന്ന് തിരിച്ചു കിട്ടുന്നതാണ്. ഇതിനര്‍ത്ഥം ദൈവസ്‌നേഹത്താല്‍ നാം രക്ഷിക്കപ്പെടുമെന്ന് തന്നെ. ചിലപ്പോള്‍ നാം നമ്മെ തന്നെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. ഞാന്‍ കഴിവുള്ളവനാണ്, ഞാന്‍ തയ്യാറാണ്, എനിക്ക് പണമുണ്ട്, അന്തസ്സുണ്ട് അതിനാല്‍ എനിക്ക് എന്നെ രക്ഷിക്കാന്‍ കഴിയും. എന്നാല്‍ പണം കൊണ്ടു വാങ്ങാവുന്നതാണോ രക്ഷ? ഭോഷനായ ധനികന്റെ ഉപമ, (ലൂക്കാ 12:13-21), കര്‍ത്താവ് അയാളോടു പറഞ്ഞു, ''വിഡ്ഢി ഇന്നു രാത്രി നീ മരിക്കും.'' ഈ പണക്കാരന്‍ കണക്കു കൂട്ടിയ തരത്തിലുള്ള രക്ഷ നല്ലതല്ല. അത് താല്കാലികമാണ്. വ്യാജമാണ്, കള്ളമാണ്. മറ്റു ചിലപ്പോള്‍ നമ്മള്‍ വിചാരിക്കും, പൊള്ളയായ പകിട്ട്, ധാര്‍ഷ്ട്യം, നമ്മുടെ ആള്‍ബലം, അധികാരം ഇവ നമ്മെ രക്ഷിക്കുമെന്ന്, അതെല്ലാം പൊടുന്നനവെ അവസാനിക്കും. യഥാര്‍ത്ഥത്തില്‍ രക്ഷയിരിക്കുന്നത് ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ പ്രത്യാശയിലാണ്. നമുക്ക് ഇന്ന് ഒരു വിശ്വാസപ്രമാണം നടത്താം, 'കര്‍ത്താവെ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു, നിന്റെ സ്‌നേഹം എന്നെ രക്ഷിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ഇല്ലാത്ത അന്തസ്സ് നിന്റെ സ്‌നേഹം എനിക്കു തന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്റെ സ്‌നേഹം എനിക്ക് പ്രത്യാശ തരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം, ''കര്‍ത്താവേ ഞാന്‍ നിന്റെ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുവാനായി ദൈവ സ്‌നേഹം കൊണ്ട് നമ്മുടെ ഹൃദയം നിറയട്ടെ.''
സ്‌നേഹിക്കുന്നതില്‍ തടസ്സം നില്‍ക്കുന്ന മുഖം മൂടികള്‍, അല്ലെങ്കില്‍ വിഗ്രഹങ്ങള്‍, വിഗ്രഹാരാധന അതിസൂക്ഷ്മമാണ്. നാമ്മെല്ലാവരും മറച്ചുവച്ചിരിക്കുന്ന മുഖം മൂടികള്‍ അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ അനവധിയാണ്. അവ കണ്ടെത്തണം, നശിപ്പിക്കണം. കല്പനകളില്‍ സുപ്രധാനം ഏത് എന്ന ചോദ്യവുമായി ഒരു നിയമജ്ഞന്‍ യേശുവിനെ സമീപിക്കുന്നുണ്ട്. അത്ര നിഷ്‌കളങ്കമായ ഒരു ചോദ്യമായിരുന്നില്ല അത്, യേശുവിനെ ഒന്നു പരീക്ഷിക്കുക അതായിരുന്നു അയാളുടെ ലക്ഷ്യം. യേശു വേദഗ്രന്ഥത്തിലെ ഷേമാ പ്രാര്‍ത്ഥന ചൊല്ലുന്നു, ''ഇസ്രായേലെ കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവാണ്'' (മര്‍ക്കോ. 12:29-34). നിയമജ്ഞന്‍ അത് അംഗീകരിച്ചു. അപ്പോള്‍ യേശു അയാളോടു പറഞ്ഞു, ''നീ ദൈവരാജ്യത്തില്‍ നിന്ന് അകലേയല്ല.'' അതായത് നിനക്ക് നിയമവും, സിദ്ധാന്തവും അറിയാം എങ്കിലും നീ ഇപ്പോഴും ദൈവരാജ്യത്തില്‍ നിന്ന് തെല്ല് അകലേ തന്നെയാണ്. കാരണം ഈ കല്പനകള്‍ യഥാര്‍ത്ഥത്തില്‍ നിന്നില്‍ പൂര്‍ണ്ണമായിട്ടും രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് നിന്റെ വിശ്വാസ പ്രഖ്യാപനം ജീവിത യാത്രയില്‍ പ്രവൃത്തിയിലൂടെ യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്.
ഈ ചോദ്യം ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മുടെ നേരെ ചൂണ്ടിക്കൊണ്ട് ചോദിക്കുന്നത് ഇങ്ങനെയാണ്: 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; ദൈവം ഏകനാണ്' എന്നു പറഞ്ഞതു കൊണ്ടായില്ല. ഈ വിശ്വാസമനുസരിച്ച് നിങ്ങളുടെ ജീവിത പാതയില്‍ നിങ്ങള്‍ വ്യാപരിക്കുന്നത് എങ്ങനെ? കത്തോലിക്ക വിശ്വാസമനുസരിച്ച് മാമ്മോദീസ എന്ന കൂദാശ സ്വീകരിച്ച നിങ്ങള്‍ ''കര്‍ത്താവാണ് ഏക ദൈവം. മറ്റൊരു ദൈവം ഇല്ല'' എന്ന് അധരം കൊണ്ട് പറയുകയും, ദൈവത്തിന് അഭിമുഖമായി മറ്റ് പല ദേവന്മാരെയും കൈവശം വയ്ക്കുകയും അതനുസരണം ജീവിക്കുകയും ചെയ്യുന്നില്ലേ? അതാണ് വിഗ്രഹാരാധനയുടെ അപകടം. ലോകത്തിന്റെ ആത്മാവാണ് നമ്മിലേക്ക് ഇപ്രകാരമുള്ള വിഗ്രഹാരാധനകള്‍ കുത്തിനിറയ്ക്കു ന്നത്. ലോകത്തിന്റെ ആത്മാവ് നമ്മെ വിഗ്രഹാരാധനയിലേക്ക് നയിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട്, ലോകത്തില്‍ ജീവിക്കുന്ന നമുക്കുവേണ്ടി ഈശോ പ്രാര്‍ത്ഥിക്കുന്നത് ഇതാണ്, ''ലോകത്തില്‍ നിന്നും അവരെ എടുക്കണം എന്ന് അല്ല ദുഷ്ടരില്‍ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്'' (യോഹ. 17:15).
മനുഷ്യവംശം മുഴുവന്റെയും ഭവനമായി തീരാനുള്ള സമൂഹം പടുത്തുയര്‍ത്താനുള്ള അടിത്തറ നിലകൊള്ളുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള സമ്പൂര്‍ണ്ണവും അസാധുവാക്കാനാവാ ത്തതുമായ സ്‌നേഹമാകുന്ന പാറയിലാണ്. എന്തെന്നാല്‍ ദൈവം സൃഷ്ടിക്കുന്നതെല്ലാം നല്ലതാണ്.
വിഗ്രഹാരാധന എന്താണെന്നുള്ള പാപ്പയുടെ പഠനം:
വിഗ്രഹരാധാന അതിസൂക്ഷ്മമാണ്. നമ്മളില്‍ എല്ലാവരിലും മറഞ്ഞിരിക്കുന്ന അനേകം വിഗ്രഹങ്ങളുണ്ട്. ദൈവരാജ്യത്തില്‍ നിന്ന് അകലാതിരിക്കാന്‍ ദൈവരാജ്യത്തില്‍ എത്തിച്ചേരാന്‍ നമ്മള്‍ തിരശ്ശീല ഇട്ട് മറച്ചുവച്ചിരിക്കുന്ന ഇപ്രകാരമുള്ള നിഗൂഢ വിഗ്രഹങ്ങളെ കണ്ടെത്തി തിരിച്ചറിയണം. വിശുദ്ധ ബൈബിളില്‍ നിന്നൊരുദാഹരണവും നല്‍കുന്നു. ലാബാന്റെ മകള്‍ റാഹേല്‍ താന്‍ കൈക്കലാക്കിയ വിഗ്രഹങ്ങള്‍ ചാക്കിലാക്കി അതിന്‍ മേല്‍ കയറി ഇരുന്ന് ഒളിപ്പിച്ച് വച്ചില്ലേ. ''റാഹേല്‍ വിഗ്രഹങ്ങള്‍ എടുത്ത് ഒരു ഒട്ടക ഭാണ്ഡത്തില്‍ ഒളിപ്പിച്ച് അതിന്മേല്‍ കയറി ഇരുന്നു'' (ഉല്‍പ. 31:34). പലപ്പോഴും നമ്മളും നമ്മുടെ ജീനിക്കടിയില്‍ പലജാതി വിഗ്രഹങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. നാം അവയെ കണ്ടെത്തി നശിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ദൈവത്തെ അനുഗമിക്കാനുള്ള ഏകമാര്‍ഗം വിശ്വസ്തതയില്‍ അടിസ്ഥാനമിട്ട ദൈവസ്‌നേഹമാണെന്നും പാപ്പ സൂചിപ്പിക്കുന്നു.
നമ്മുടെ വ്യക്തിത്വത്തില്‍, നമ്മുടെ ജീവിതരീതികളില്‍ ദൈവസ്‌നേഹത്തിനു തടസ്സമായി ഒളിപ്പിച്ച് വച്ചിരിക്കുന്ന നിഗൂഢ വിഗ്രഹങ്ങളെ കണ്ടെത്തി വലിച്ചെറിഞ്ഞാലേ ദൈവത്തോടു വിശ്വസ്തതയും കുറും പുലര്‍ത്താനാകൂ. വിശ്വസ്തത പുലര്‍ത്താത്തവരെ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലെ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെതന്നെ ദൈവത്തിന്റെ ശത്രു ആക്കുന്നു (യാക്കോ. 4:4). പാപ്പ ചോദിക്കുന്നു. ലോകത്തിന്റെ സ്‌നേഹിതന്‍ വിഗ്രഹാരാധനകനാണ്. അയാള്‍ ദൈവസ്‌നേഹത്തോടു വിശ്വസ്തത പുലര്‍ത്തുന്നില്ല! ചെറുതും വലുതുമായ അനേകം വിഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്ന നമുക്ക് ഇത്ര വലിയ സ്‌നേഹത്തോടു വിശ്വസ്തത പാലിക്കാന്‍ കഴിയുന്നതെങ്ങനെ? അതിനു കഴിയണമെങ്കില്‍ ''പരിപൂര്‍ണ്ണ വിശ്വസ്തനായവനും (complete fideltiy) നമ്മെ ഇത്രയധികം സ്‌നേഹിക്കുന്നവനുമായ യേശുവില്‍'' ആശ്രയിക്കണം. ദൈവരാജ്യത്തില്‍ നിന്ന് അകലാതിരിക്കാന്‍ ദൈവരാജ്യത്തിന്റെ പാതയിലൂടെ മുന്നേറാന്‍ ദാമ്പത്യസ്‌നേഹത്തിലും, ജീവിതത്തിലും വിശ്വസ്തരായിരിക്കണം എന്നു പറഞ്ഞുവയ്ക്കുന്നു.
ഇന്നു നമുക്കു പ്രാര്‍ത്ഥിക്കാം. പലതരം ഇരിപ്പിടങ്ങള്‍ക്കടിയിലും, ജീനികള്‍ക്കടിയിലും സൂക്ഷിച്ചിരിക്കുന്ന, നമ്മുടെ വ്യക്തിത്വത്തിലുള്ള വിഗ്രഹങ്ങള്‍, ജീവിത രീതികളിലുള്ള വിഗ്രഹങ്ങള്‍, നമ്മുടെ ശത്രുവായ ലൗകീകത എന്ന വിഗ്രഹങ്ങളെയെല്ലാം തച്ചുടയ്ക്കാനുള്ള കൃപയ്ക്കായി യേശുവിനോടു പ്രാര്‍ത്ഥിക്കാം. കര്‍ത്താവെ നീ എത്ര നല്ലവന്‍, ദൈവരാജ്യത്തില്‍ നിന്നകലാതിരിക്കാന്‍ നീ ദിവസവും എന്നെ പഠിപ്പിക്കണമെ, എല്ലാ വിഗ്രഹങ്ങളും വലിച്ചെറിയാന്‍ എന്നെ പഠിപ്പിക്കണമെ ആമേന്‍.
2024 പുതുവത്സരം ആരംഭിക്കുമ്പോള്‍ പരി. പാപ്പമാര്‍ യുവജനങ്ങളോടു പറഞ്ഞുവയ്ക്കുന്ന ചില ചിന്തകള്‍ കൂടി പങ്കുവയ്ക്കുകയാണ്. ''ഇന്നത്തെ കാലത്തുള്ള യുവജനങ്ങളുടെ ജീവിത സാക്ഷ്യം നവ സുവിശേഷവത്കരണമായിരിക്കണം'' - വി. ജോണ്‍ പോള്‍ രണ്ടാമന്‍. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ കൂടിയ ലോക യുവജന കണ്‍വന്‍ഷനില്‍, (ആഗസ്റ്റ് 16, 2023) 180 രാജ്യങ്ങളില്‍ നിന്നായി 1.5 മില്ല്യണ്‍ യുവജനങ്ങള്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ അവരോടൊപ്പം ചെലവഴിച്ച ദിവസങ്ങളില്‍ നല്‍കിയ സന്ദേശത്തിന്റെ ഉള്ളടക്കം: ''നിങ്ങള്‍ യേശുവിന്റെ ദൗത്യം ഏറ്റെടുക്കണം. യേശു എന്ന യുവ സഹചാരിക്കൊപ്പമുള്ള യാത്രയിലാണു നിങ്ങള്‍. ഓരോ യുവാവും യുവതിയും സ്‌നേഹിക്കപ്പെട്ടവരും, പ്രത്യേകം പേരു ചൊല്ലി വിളിക്കപ്പെട്ടവരുമാണ്. യേശുവിനെ നോക്കൂ, അവിടുന്നു നമുക്കൊപ്പം നടക്കുന്നു ണ്ട്, അവിടുത്തോടു ചേര്‍ന്നു നമുക്കും നടക്കാം. ഏകാന്തതകളിലും, വേദനകളിലും, പ്രശ്‌നങ്ങളിലും നമ്മോടൊപ്പമായിരുന്നു നമുക്കൊപ്പം കണ്ണീര്‍ പൊഴിക്കുന്നവനാണു ക്രിസ്തു. സന്തോഷിക്കുക, എഴുന്നേല്‍ക്കുക, അനുഗമിക്കുക, പ്രശോഭിക്കുക, കേള്‍ക്കുന്നവരാക്കുക, ഭയപ്പെടാതിരിക്കുക. ഇരുളകറ്റാന്‍ ഇന്നു വെളിച്ചം വേണം, ക്രിസ്തുവിന്റെ വെളിച്ചത്തില്‍ പ്രകാശിതരാകാന്‍ യുവജനങ്ങള്‍ക്കു കഴിയണം.'' വളരെ പ്രത്യേകമായിട്ടും ദമ്പതികളോടായി പറഞ്ഞുവയ്ക്കുന്നു. ''ഇന്നു കത്തോലിക്കര്‍ നേരിടുന്ന ഏറ്റ വും വലിയ പ്രതിസന്ധി നമ്മുടെ സമൂഹത്തിലുള്ള ജനസംഖ്യ ശോഷണമാണ്. കത്തോലിക്കര്‍ നിലനിന്നാല്‍ മാത്രമെ സഭയ്ക്കു അസ്തിത്വമുള്ളൂ.'' 16-ാം സിനഡ് പറഞ്ഞു വയ്ക്കുന്നു: ''സന്താന നിയന്ത്രണമെന്ന ബോംബു കത്തോലിക്ക സഭയ്‌ക്കെതിരെയുള്ള ആക്രമണമാണ്.''
ദൈവ സ്‌നേഹമെന്നാല്‍ യേശുവാകുന്ന തായ്തണ്ടിനോട് ഒട്ടി നില്ക്കുകയെന്നതാണ്. മുന്തിരിച്ചെടിയും ശാഖകളും എന്ന ഉപമ, തായ്തണ്ടിനോട് ഒട്ടിനില്ക്കാത്ത ശാഖയ്ക്കു അസ്തിത്വമില്ല. ദൈവസ്‌നേഹമുണ്ടെങ്കില്‍ തായ് തണ്ടിനോട് ഒട്ടി നില്ക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യും. യുവജനങ്ങള്‍ സമയത്തു ഫലം നല്‍കുന്നില്ലെങ്കില്‍ അത്തിമരത്തിനു സംഭവിച്ചതായിരിക്കും അവര്‍ക്കും സംഭവിക്കുക ഒരു സംശയവും വേണ്ട.
വിവാഹമെന്ന കൂദാശയിലൂടെ ബന്ധിതരായവര്‍ ആ കൂദാശയുടെ അന്തഃസത്ത മനസ്സിലാക്കിയിരിക്കണം. വിവാഹമെന്ന കൂദാശ സ്ഥാപിച്ചതുതന്നെ ദൈവത്തിനു നമ്മോടുള്ള കരുണയുടെ മകുടോദാഹരണമാണെന്ന് സഭാ പിതാക്കന്മാരായ വി. അഗസ്തീനോസും, വി. അംബ്രോസും പറയുന്നു. മനുഷ്യവംശം മുഴുവന്റെയും ഭവനമായി തീരാനുള്ള സമൂഹം പടുത്തുയര്‍ത്താനുള്ള അടിത്തറ നിലകൊള്ളുന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള സമ്പൂര്‍ണ്ണവും അസാധുവാക്കാനാവാത്തതുമായ സ്‌നേഹമാകുന്ന പാറയിലാണ്. എന്തെന്നാല്‍ ദൈവം സൃഷ്ടിക്കുന്നതെല്ലാം നല്ലതാണ്. കൃതജ്ഞതാപൂര്‍വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല (1 തിമോ. 4:4).
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനം ഇപ്രകാരമാണ്; എത്രമാത്രം കുട്ടികളെ ദൈവം നല്‍കുന്നുവോ, എത്രമാത്രം കുട്ടികളുടെ ഉത്തരവാദിത്വം വഹിക്കാന്‍ കഴിയുന്നുവോ, അത്രമാത്രം കുട്ടികള്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് ഉണ്ടായിരിക്കണം. ദൈവം നല്‍കുന്ന എല്ലാ കുട്ടികളും ദൈവത്തിന്റെ കൃപയും മഹത്തായ അനുഗ്രഹവുമാണ്.
ഓരോ ജീവിതപങ്കാളിയുടെയും ആരോഗ്യം, അവരുടെ സാമ്പത്തികമോ സാമൂഹ്യമോ ആയ പശ്ചത്താലം എന്നിവ മൂലം എത്ര കുട്ടികളെ ഉത്തരവാദിത്വപൂര്‍വം വളര്‍ത്താന്‍ കഴിയുമെന്ന കാര്യം പരിഗണിക്കുകയോ, സങ്കല്പിക്കുകയോ ചെയ്യുന്നത് അര്‍ത്ഥവത്താണ്. എന്നിരുന്നാലും ഒരു ശിശു വരുമ്പോള്‍ ആ ദൈവിക ദാനത്തെ സന്തോഷപൂര്‍വം പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയും വേണം. വലിയൊരു കുടുംബമുണ്ടായിരിക്കാന്‍ അനേകം ക്രൈസ്തവര്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ധൈര്യം കാണിക്കുന്നുണ്ട്. ജീവന്‍ പകരാനുള്ള ദാനവും കടമയും ഉപയോഗിക്കുന്നതില്‍ ക്രൈസ്തവ ദമ്പതിമാര്‍ ഉത്തരവാദിത്വ പൂര്‍ണ്ണമായി പെരുമാറണം. സാമൂഹികമോ, മനഃശാസ്ത്രപരമോ, വൈദ്യശാസ്ത്രപരമോ ആയ അവസ്ഥയുടെ പ്രത്യേകതകൊണ്ട് ഒരു ശിശു കൂടി ഉണ്ടാവുക എന്നതു ദമ്പതികള്‍ക്ക് ചിലപ്പോള്‍ ഒരു വെല്ലുവിളിയായിരിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ദമ്പതികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സഭ വ്യക്തമാക്കുന്നുണ്ട്.
1) ഒരു തത്വമെന്നനിലയില്‍ കരുതി ദമ്പതികള്‍ ജനന നിയന്ത്രണം നടപ്പാക്കാന്‍ ഗര്‍ഭധാരണം ഒഴിവാക്കിക്കൂടാ. 2) സ്വാര്‍ത്ഥപരമായ കാരണങ്ങളാല്‍ പ്രസവം നിര്‍ത്തിവയ്ക്കരുത്. 3) രാഷ്ട്രം നിശ്ചയിച്ചു എന്നതു പോലുള്ള ബാഹ്യ സമര്‍ദം ഈ വിഷയത്തില്‍ ഉണ്ടാവരുത്. 4) അപ്രകാരമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കാമെന്നും ഇതിനര്‍ത്ഥമില്ല. സ്വാഭാവിക ജനന നിയന്ത്രണത്തിന്റെ സാഹചര്യത്തില്‍ കുട്ടികളുടെ എണ്ണവും, ജനനങ്ങള്‍ തമ്മിലുള്ള അകലവും നിശ്ചയിക്കാന്‍ ദമ്പതികള്‍ക്കു മാത്രമുള്ള അവകാശം സഭ ഉറപ്പിച്ചു പറയുകയും സഭ അവ സംരക്ഷിക്കുകയും ചെയ്യുന്നു. ബോധപൂര്‍വമായ ജനന നിയന്ത്രണത്തിനായി സഭ പഠിപ്പിക്കുന്നത്, പരിഷ്‌കൃത രീതിയിലുള്ള ആത്മനിയന്ത്രണവും സ്വാഭാവിക കുടുംബാസൂത്രണവും മാത്രമാണ്. കാരണം അവ സ്ത്രീയുടെയും പുരുഷന്റെയും മഹത്വത്തിന് ഉതകുന്നതുകൊണ്ടാണ്. മാത്രമല്ല പ്രകൃതിയുടെ ക്രമത്തില്‍ അഗാധമായ ഒരര്‍ത്ഥവും സഭ അതില്‍ കണ്ടെത്തുന്നു. പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ജീവിതത്തില്‍ സന്താനോല്‍പാദനം ഒരു ആത്മീയശുശ്രൂഷയായിട്ടു കൂടി സഭ കണക്കാക്കുന്നു. ജോലി, സൗന്ദര്യം, സമ്പത്ത്, ആര്‍ഭാടം, പണം മുതലായ വിഗ്രഹങ്ങളുടെ ആരാധന ദൈവിക സങ്കല്പത്തിന് തടസ്സം സൃഷ്ടിക്കരുത് എന്നു പ്രാര്‍ത്ഥിക്കാം. ''നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും'' (മത്താ. 6:33)
''സ്വാഭാവിക ജനന നിയന്ത്രണമെന്നത് പരസ്പര സ്‌നേഹത്തില്‍ നിന്നുണ്ടാകുന്ന ആത്മനിയന്ത്രണമല്ലാതെ മറ്റൊന്നുമല്ല. ഓരോ ശിശുവും അമൂല്യമാണ്. ഓരോ ശിശുവും ദൈവത്തിന്റെ സൃഷ്ടിയാണ്'' - വി. മദര്‍ തെരേസ.