മാര്‍പാപ്പായുടെ ഇറാഖിലെ സന്ദര്‍ശനം: പാരസ്പര്യം, പ്രത്യാശ, സാഹോദര്യം

മാര്‍പാപ്പായുടെ ഇറാഖിലെ സന്ദര്‍ശനം: പാരസ്പര്യം, പ്രത്യാശ, സാഹോദര്യം

മോണ്‍. ഇന്‍ഡുനില്‍ ജെ. കോഡിത്വാക്കു
സെക്രട്ടറി, മതാന്തര സംഭാഷണ പൊന്തിഫിക്കല്‍ കാര്യാലയം, വത്തിക്കാന്‍

മോണ്‍. ഇന്‍ഡുനില്‍ ജെ. കോഡിത്വാക്കു
മോണ്‍. ഇന്‍ഡുനില്‍ ജെ. കോഡിത്വാക്കു

സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ "നാഗരികതയുടെ ഏറ്റുമുട്ടലും ലോകക്രമത്തിന്റെ പുനര്‍ നിര്‍മ്മാണവും" എന്ന കൃതിയില്‍ പറയുന്നു, "സമാന സംസ്‌കാരങ്ങളുള്ള ആളുകളും രാജ്യങ്ങളും ഒന്നുചേരുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ജനങ്ങളും രാജ്യങ്ങളും അകന്നു മാറുന്നു ' (പേജ് 126). അദ്ദേഹം തുടരുന്നു, "രാഷ്ട്രീയ അതിര്‍വരമ്പുകള്‍ സാംസ്‌കാരിക അതിരുകളുമായി, അതായതു വംശീയവും മതപരവും നാഗരീകവുമായ അതിര്‍വരമ്പുകളുമായി പൊരുത്തപ്പെടുന്ന തരത്തില്‍ കൂടുതലായി മാറ്റി വരയ്ക്കപ്പെടുകയാണ്" (പേജ് 129). അതനുസരിച്ച്, "നിങ്ങള്‍ ഏത് ഭാഗത്താണ്?" എന്ന ശീതയുദ്ധകാലത്തെ രാഷ്ട്രീയ ചോദ്യത്തിനു പകരമായി "നിങ്ങള്‍ ആരാണ്?" എന്ന ചോദ്യം വന്നിരിക്കുന്നു. ഒരാളുടെ സാംസ്‌കാരിക സ്വത്വത്തില്‍ നിന്നാണ് ഇതിനുള്ള ഉത്തരം വരുന്നത്. മാത്രമല്ല, സ്ഥാനഭ്രംശം, ഒഴിവാക്കല്‍, അസംതൃപ്തി എന്നിവ സഹിതം ആഗോളവത്കരണം പ്രവര്‍ത്തിക്കുമ്പോള്‍ അതു തദ്ദേശീയ സ്വത്വങ്ങളുടെയും സംസ്‌കാരത്തിന്റെയും പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്നു. ഒരു സമൂഹത്തിന്റെ മതപരവും വംശീയവും ഗോത്രപരവും ഭാഷാപരവുമായ സ്വത്വങ്ങളെ ആവര്‍ത്തിച്ചുറപ്പിക്കുന്ന ഈ പ്രക്രിയ, "അപരന്റെ" ചെലവില്‍ ചെയ്താല്‍, "അവരും" "ഞങ്ങളും" എന്ന ഒരു വീക്ഷണത്തെ അതു രൂപപ്പെടുത്തും.

അന്ധകാരത്തിന്റെ ഈ മണിക്കൂറില്‍, 2019 ഫെബ്രുവരി 4 ന് ഒപ്പിട്ട അബുദാബി പ്രഖ്യാപനം എന്നറിയപ്പെടുന്ന 'ലോക സമാധാനത്തിനും ജീവിതത്തിനും വേണ്ടിയുള്ള മാനവസാഹോദര്യം സംബന്ധിച്ച രേഖ' ഹണ്ടിംഗ്ടണിന്റെ "നാഗരികതകളുടെ ഏറ്റുമുട്ടലിനുള്ള' ഒരു വിമര്‍ശനാത്മക പ്രതികരണമെന്ന നിലയില്‍ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരു കുരിശുയുദ്ധത്തിനിടയില്‍-വിശുദ്ധ ഫ്രാന്‍സിസും ഈജിപ്തിലെ ഡാമിയേട്ടയിലെ സുല്‍ത്താന്‍ അല്‍-മാലിക് അല്‍-കമിലുമായി നടത്തിയ 1219-ലെ കൂടിക്കാഴ്ചയുടെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ രേഖയുടെ പ്രഖ്യാപനമെന്നത് ഓര്‍മ്മിക്കേണ്ടതാണ്. അതേ മനോഭാവത്തോടെ, അബുദാബി പ്രഖ്യാപനവും വളര്‍ത്താന്‍ ശ്രമിക്കുന്നത് "സംഘര്‍ഷ സംസ്‌കാരം" എന്നതിന് പകരം "സമാഗമ സംസ്‌കാരവും" "ഒഴിവാക്കല്‍ സംസ്‌കാരത്തിനു" പകരം "ഉള്‍പ്പെടുത്തല്‍ സംസ്‌കാരം"; "വിവേചനത്തിന്റെയും പൈശാചിക വല്‍ക്കരണത്തിന്റെയും സംസ്‌കാരത്തിനു" പകരം "ബഹുമാനത്തിന്റെയും കരുതലിന്റെയും സംസ്‌കാരവുമാണ്". "ദൈവത്തിലും മനുഷ്യസാഹോദര്യത്തിലും വിശ്വാസമുള്ള എല്ലാവരെയും ഒന്നിപ്പിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ക്ഷണിക്കുന്നതിലൂടെ ഈ രേഖ മാനവികതയ്ക്ക് പ്രത്യാശയുടെ പ്രകാശം നല്‍കുന്നു. അങ്ങനെ എല്ലാ മനുഷ്യരെയും സഹോദരീ സഹോദരന്മാരാക്കുന്ന മഹത്തായ ദൈവകൃപയുടെ അവബോധത്തില്‍, പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്‌കാരം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഭാവിതലമുറയ്ക്ക് ഇത് ഒരു വഴികാട്ടിയായി വര്‍ത്തിക്കും.' മനുഷ്യനെ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രത്തില്‍ നിര്‍ത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രത്തെല്ലി തൂത്തി എന്ന രേഖ എല്ലാവരേയും ക്ഷണിക്കുന്നു (cf. 232).

മാനവസാഹോദര്യം എന്ന രേഖ സാഹോദര്യത്തെക്കുറിച്ചുള്ള സമീപകാല സഭാപ്രബോധനങ്ങളെ പ്രതിഫലിപ്പിക്കുന്നു: "അങ്ങനെ, ദൈവത്തിന്റെ മാര്‍ഗ നിര്‍ദേശത്തിനും സംരക്ഷണത്തിനും കീഴില്‍, എല്ലാ ജനതകളും പരസ്പരം സാഹോദര്യത്തോടെ ആശ്ലേഷിക്കും" (പോപ്പ് ജോണ്‍ XXIII ഭൂമിയില്‍ സമാധാനം, 91). ദൈവത്തിന്റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്ത്രീപുരുഷന്മാരെ സാഹോദര്യത്തോടെ പരിഗണിക്കുന്നില്ലെങ്കില്‍ സര്‍വരുടെയും പിതാവായ ദൈവത്തെ ശരിക്കും ദര്‍ശിക്കാനാകില്ലെന്നു ഇതരമതങ്ങളെ കുറിച്ചുള്ള പ്രമാണരേഖയില്‍ വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട് (5).

മുന്‍ ഐസിസ് ശക്തികേന്ദ്രമായ ഇറാഖിലേക്കുള്ള സമീപകാല അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് അഭൂതപൂര്‍വമായ മാധ്യമ ശ്രദ്ധ ലഭിച്ചു. ഒരു തീര്‍ത്ഥാടകനെന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നു. 1964-ല്‍ വിശുദ്ധനാടു സന്ദര്‍ശിച്ച പോള്‍ ആറാമന്‍ മാര്‍പ്പാപ്പ പറഞ്ഞു: "ഞങ്ങളുടെ സന്ദര്‍ശനം ഒരു ആത്മീയ സന്ദര്‍ശനമാണ്, എളിയ തീര്‍ത്ഥാടനമാണ് […]" (പോപ്പ് പോള്‍ ആറാമന്‍, 4.1.1964). ശ്രീലങ്കയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഇങ്ങനെ പ്രസ്താവിച്ചു: "ഞാന്‍ സന്മനസ്സുള്ള ഒരു തീര്‍ത്ഥാടകനായിട്ടാണ് വരുന്നത്, എന്റെ ഹൃദയത്തില്‍ സമാധാനമല്ലാതെ മറ്റൊന്നുമില്ല" (21-1-1995). ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മറ്റ് ചില സന്ദര്‍ശനങ്ങളെ തീര്‍ത്ഥാടനമെന്ന് വിശേഷിപ്പിച്ചു. ഉദാ. മൊറോക്കോ സന്ദര്‍ശനത്തിന്റെ തലേന്ന് അദ്ദേഹം പറഞ്ഞു: 'സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീര്‍ത്ഥാടകനായിട്ടാണ് ഞാന്‍ വരുന്നത്, അത് ആവശ്യമുള്ള ഒരു ലോകത്ത്' (വീഡിയോ സന്ദേശം, മാര്‍ച്ച് 28, 2019).

ഇന്നത്തെ ലോകത്തിന് മാര്‍പാപ്പ വാഗ്ദാനം ചെയ്യുന്ന മറുമരുന്ന് അല്ലെങ്കില്‍ വാക്‌സിന്‍ സാഹോദര്യമാണ്, താന്‍ പോകുന്നിടത്തെല്ലാം അത് പ്രയോഗിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അതിനാല്‍, മാനവസാഹോദര്യം പുനഃസ്ഥാപിക്കുന്നതിനുള്ള സംഭാഷണത്തിലൂടെ ക്രൈസ്തവരുടെയും മറ്റുള്ളവരുടെയും ആദ്ധ്യാത്മികോര്‍ജം പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യം സഭയ്ക്കുണ്ട്.

അതുപോലെ, ഇറാഖ് സന്ദര്‍ശനത്തിന്റെ തലേന്ന് അദ്ദേഹം പറഞ്ഞു; "ഒരു തീര്‍ഥാടകനെന്ന നിലയിലാണു ഞാന്‍ വരുന്നത്, വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനും ഭീകരതയ്ക്കും ശേഷം കര്‍ത്താവില്‍ നിന്ന് പാപമോചനവും അനുരഞ്ജനവും അഭ്യര്‍ഥിക്കുന്നതിനും, ഹൃദയങ്ങളുടെ ആശ്വാസത്തിനും മുറിവുകളുടെ രോഗശാന്തിക്കും വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്നതിനും വേണ്ടി അനുതാപിയായ ഒരു തീര്‍ത്ഥാടകനെന്ന നിലയില്‍." (ഇറാഖിലെ ജനങ്ങള്‍ക്കുള്ള വീഡിയോ സന്ദേശം, 20 മാര്‍ച്ച് 2021). മാനവ സാഹോദര്യം എന്ന രേഖയും ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനവും തന്റെ കാഴ്ചപ്പാടും ദൗത്യവും രൂപപ്പെടുത്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ സമ്മതിച്ചു. "അബുദാബി രേഖ എന്നില്‍ സാഹോദര്യത്തെക്കുറിച്ച് ഒരു കരുതല്‍ സൃഷ്ടിച്ചു, ഫ്രത്തെല്ലി തൂത്തിയും ധാരാളം കാര്യങ്ങള്‍ സമ്മാനിച്ചു… രണ്ട് രേഖകളും ഒരേ ദിശയിലേക്ക് പോകുന്നതിനാല്‍ അവ പഠിക്കണം, അവ സാഹോദര്യം തേടുന്നു (ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ബാഗ്ദാദില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ചു നടത്തിയ പത്രസമ്മേളനം).

ചരിത്രപരമായ ഈ സന്ദര്‍ശനത്തിനുശേഷം, ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം വാക്കുകളാല്‍ സാഹോദര്യത്തിന്റെ വിത്തുകള്‍ വിതച്ചതെങ്ങനെയെന്ന് നമുക്ക് സംഗ്രഹിക്കാം: "ഈ സന്ദര്‍ശനത്തിനുശേഷം, എന്റെ ആത്മാവ് നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു – ദൈവത്തോടും അത് സാധ്യമാക്കിയ എല്ലാവരോടും നന്ദി… സാഹോദര്യത്തിന്റെ സന്ദേശം രണ്ട് ദിവ്യകാരുണ്യാഘോഷങ്ങളില്‍ നിന്നാണ് വന്നത്: ഒന്ന് ബാഗ്ദാദില്‍, കല്‍ദായ ആരാധനാക്രമത്തില്‍, അടുത്തത് എര്‍ബിലില്‍. ഈ നഗരത്തിലാണ് പ്രസിഡന്റും പ്രധാനമന്ത്രിയും അധികാരികളും ജനങ്ങളും ചേര്‍ന്ന് എന്നെ സ്വീകരിച്ചത്…'

സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു, "സമാധാനം തന്നെയായിരിക്കുന്ന ദൈവം ഇറാഖിനും മിഡില്‍ ഈസ്റ്റിനും ലോകമെമ്പാടും സാഹോദര്യത്തിന്റെ ഭാവി നല്‍കട്ടെ!" (പൊതുദര്‍ശനം, 10 മാര്‍ച്ച് 2021).

ഈ വാക്കുകളുടെ വെളിച്ചത്തില്‍, സംഭാഷണത്തിലൂടെ സാഹോദര്യത്തെ വളര്‍ത്തിയെടുക്കുന്നത് കത്തോലിക്കാ വിശ്വാസത്തെ വഞ്ചിക്കലല്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇത് വ്യക്തമായി സ്ഥിരീകരിക്കുന്നു: "അബ്രഹാമിന്റെയും അവന്റെ സന്തതിപരമ്പരയുടെയും പ്രത്യാശ നാം ആഘോഷിക്കുന്ന ദൈവപുത്രനായ യേശുവിന്റെ രഹസ്യത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. അത്, ആരേയും ഒഴിവാക്കാതെ, എല്ലാവരുടെയും രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്നതാണ്. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആണ് അതു നിറവേറ്റിയത്." (പൊതുദര്‍ശനം 10.3.2021). സംഭാഷണം നമ്മുടെ സ്വന്തം സ്വത്വത്തില്‍ നിന്ന് ഒഴുകുന്നു, "അപരന്റെ പവിത്ര രഹസ്യത്തെ അഭിമുഖീകരിക്കാനും എല്ലാവരുടെയും ഒരു വിളിയെന്ന നിലയില്‍ മുഴുവന്‍ മനുഷ്യകുടുംബവുമായുള്ള സാര്‍വത്രിക കൂട്ടായ്മയിലേക്കു വരാനും വേണ്ടതാണു സംഭാഷണം" (ഫ്രത്തെല്ലി തൂത്തി 277). മാത്രമല്ല, "നമ്മുടെ ആഴത്തിലുള്ള ബോധ്യങ്ങള്‍ ഇല്ലാതാക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നതു മായി ഇതിനു യാതൊരു ബന്ധവുമില്ല" (ഫ്രത്തെല്ലി തൂത്തി 282).

മാനവസാഹോദര്യരേഖ, ഫ്രത്തെല്ലി തൂത്തി എന്നിവയുടെ തത്ത്വങ്ങള്‍ രൂപപ്പെടുത്താനായി പോപ്പ് ഫ്രാന്‍സിസ് ഉപയോഗിച്ച മൂന്ന് തരം സംഭാഷണങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. അവ:

1. ക്രിസ്ത്യാനികളുമായുള്ള സംഭാഷണം (ഇന്‍ട്രാ-കത്തോലിക്ക, എക്യുമെനിക്കല്‍ ഡയലോഗ്)

2. മതാന്തര സംഭാഷണം

3. അധികാരികളുമായുള്ള രാഷ്ട്രീയ സംഭാഷണം

സാഹോദര്യത്തെ നശിപ്പിക്കുന്ന തിന്മകളെ തിരിച്ചറിയുകയും സമാഗമത്തിന്റെ സംസ്‌കാരം പുനസ്ഥാപിക്കാന്‍ ഏവരേയും ക്ഷണിക്കുകയും ചെയ്യുകയാണു മാര്‍പാപ്പയുടെ പ്രവാചകാത്മകവും സൗഖ്യദായകവും അനുരഞ്ജകവുമായ ശബ്ദം. ഇറാഖിലെ ജനങ്ങള്‍ക്കും മദ്ധ്യപൂര്‍വദേശത്തിനും ലോകത്തിനു മുഴുവനുമായി വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നല്‍കിയ സന്ദേശമാണിത്. ഈ ത്രിവിധ സംഭാഷണം നമുക്കു ഒന്നു പരിശോധിക്കാം.

1. ക്രിസ്ത്യാനികളുമായുള്ള സംഭാഷണം

കത്തോലിക്കരുമായും മറ്റ് ക്രിസ്ത്യാനികളുമായും പാപ്പാ നടത്തിയ സംഭാഷണം തകര്‍ന്നതും കഷ്ടപ്പെടുന്നതുമായ ഒരു സഭയിലേക്ക് സൗഖ്യവും ആശ്വാസവും പ്രോത്സാഹനവും പ്രത്യാശയും കൊണ്ടുവന്നു.

ബിഷപ്പുമാര്‍, പുരോഹിതന്മാര്‍, മതവിശ്വാസികള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതബോധകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: "പത്ത് വര്‍ഷം മുമ്പ് ഈ കത്തീഡ്രലില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞ നമ്മുടെ സഹോദരീസഹോദരന്മാരെ കുറിച്ചു പറയട്ടെ. അവരെ വിശുദ്ധരാക്കുന്നതിനുള്ള പ്രക്രിയ നടക്കുകയാണല്ലോ. യുദ്ധം, വിദ്വേഷ മനോഭാവം, അക്രമം അല്ലെങ്കില്‍ രക്തം ചൊരിയല്‍ എന്നിവ ആധികാരിക മത പ്രബോധനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് അവരുടെ മരണം" (cf. ഫ്രത്തെല്ലി തൂത്തി, 285) (ബാഗ്ദാദിലെ സെ. ജോസഫ്‌സ് കല്‍ദിയന്‍ കത്തീഡ്രലില്‍ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗം, 20 മാര്‍ച്ച് 2021).

ഈ സംഭാഷണം മുറിവേറ്റവരെ ആന്തരിക വിമോചനത്തിലേക്കും സമാധാനത്തിന്റെ മിഷനറിമാരാകുന്നതിലേക്കും നയിക്കുന്നു: "കുരിശിന്റെ ശക്തിയിലും ക്ഷമ, അനുരഞ്ജനം, പുനര്‍ജന്മം എന്നിവയുടെതായ കുരിശിന്റെ രക്ഷാ സന്ദേശത്തിലുമുള്ള നമ്മുടെ വിശ്വാസത്തെ നവീകരിക്കാന്‍ അവരുടെ ത്യാഗത്തിന്റെ ഓര്‍മ്മ നമ്മെ പ്രചോദിപ്പിക്കട്ടെ" (ബാഗ്ദാദിലെ സെന്റ് ജോസഫ്‌സ് കല്‍ദായ കത്തീഡ്രലില്‍ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷപ്രസംഗത്തില്‍ നിന്ന് 20 മാര്‍ച്ച് 2021). അക്രമത്തിന്റെ വിഷമവൃത്തം സ്‌നേഹത്താല്‍ മാത്രമേ മറികടക്കാന്‍ കഴിയൂ യേശുക്രിസ്തുവിന്റെ മാതൃക അനുകരിക്കാന്‍ മാര്‍പ്പാപ്പ എല്ലാവരേയും ക്ഷണിക്കുന്നു. "കാല്‍വരിയില്‍, തന്റെ മുറിവുകള്‍ അവന്‍ പിതാവിന് സമര്‍പ്പിച്ചു, ആ മുറിവുകള്‍ക്കു മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയൂ (1 പത്രോ. 2:24). മനുഷ്യശക്തി, മനുഷ്യജ്ഞാനം എന്നിവ ഉപയോഗിച്ച് ഇവയോടും മറ്റു വേദനാജനകമായ അനുഭവങ്ങളോടും പ്രതികരിക്കുക എന്നതാണ് പ്രലോഭനം. പകരം, ദൈവത്തിന്റെ വഴി, അവന്‍ സ്വീകരിച്ച പാത, തന്നെ അനുഗമിക്കാന്‍ അവന്‍ നമ്മെ വിളിക്കുന്ന പാത എന്നിവ യേശു നമുക്ക് കാണിച്ചുതരുന്നു" (എര്‍ബിലില്‍ നടത്തിയ സുവിശേഷപ്രസംഗം, 20 മാര്‍ച്ച് 7, 20).

ദൈവം കരുണയുള്ളവനാണ്. നമ്മുടെ സഹോദരീസഹോദരന്മാരെ വെറുക്കുന്നതിലൂടെ അവന്റെ നാമം അശുദ്ധമാക്കുക എന്നതാണ് ഏറ്റവും വലിയ ദൈവദൂഷണം.
വിദ്വേഷത്തിന്റെ ഉപകരണങ്ങള്‍ സമാധാനത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റേണ്ടത് നമ്മുടേതാണ്, ഇന്നത്തെ മാനവികതയുടെ, പ്രത്യേകിച്ച് മതവിശ്വാസികളായ നമ്മുടെ ഉത്തരവാദിത്വമാണ്.

ഇറാഖിലെ പക്വമായ അനുദിന ക്രൈസ്തവസാക്ഷ്യത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിനന്ദിച്ചു. "യേശുവിന്റെ ജ്ഞാനം ആവിഷ്‌കരിക്കാനുള്ള മാര്‍ഗമാണ് സാക്ഷ്യം. അങ്ങനെയാണ് ലോകം മാറുന്നത്: ശക്തിയാലും അധികാരത്താലും അല്ല, മറിച്ച് സു വിശേഷഭാഗ്യങ്ങളാലാണ്. കാരണം, യേശു ചെയ്തത് അതാണ്: അവന്‍ ആദിമുതല്‍ പറഞ്ഞതു പോലെ അവസാനം വരെ ജീവിച്ചു. എല്ലാം യേശുവിന്റെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു, (ബാഗ്ദാദിലെ സെന്റ് ജോസഫ്സ് കല്‍ദായ കത്തീഡ്രലില്‍ നടത്തിയ സുവിശേഷപ്രസംഗം, 20 മാര്‍ച്ച് 2021).

ഈ സംഭാഷണത്തില്‍, ഇറാഖിലും മിഡില്‍ ഈസ്റ്റിലുടനീളവു മുള്ള ക്രിസ്ത്യാനികള്‍ ദാരുണമായ വിധത്തില്‍ കുറയുന്നതിനെ കുറിച്ചും ഫ്രാന്‍സിസ് അടിവരയിട്ടു പറഞ്ഞു. നാശത്തിന്റെ ചാരത്തില്‍നിന്നു സമൂഹത്തെ സാഹോദര്യത്തിന്മേല്‍ പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ഇവിടെയും തകര്‍ന്ന ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് മാര്‍പ്പാപ്പ പ്രത്യാശ നല്‍കി: "സോദരഹത്യയേക്കാള്‍ കൂടുതല്‍ ഈടുറ്റതാണു സാഹോദര്യമെന്നും പ്രത്യാശ വിദ്വേഷത്തേക്കാള്‍ ശക്തമാണെന്നും സമാധാനം യുദ്ധത്തേക്കാള്‍ കരുത്തുറ്റതാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു." (മൊസൂളിലെ ഹോഷ് അല്‍ ബിയ (ചര്‍ച്ച് സ്‌ക്വയര്‍) യില്‍ ഇരകള്‍ക്കു വേണ്ടി നടത്തിയ പ്രാര്‍ത്ഥന, 7.3.2021). ഖാറക്കോഷ് സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പ്പാപ്പ ഇതേ വികാരം പ്രകടിപ്പിച്ചു: "അവസാനവാക്ക് ഒരിക്കലും ഭീകരതയുടെയും മരണത്തിന്റെയുമായിരിക്കില്ലെന്ന് ഇന്ന് ഇവിടത്തെ കൂട്ടായ്മ വ്യക്തമാക്കുന്നു. അവസാന വാക്ക് പാപത്തെയും മരണത്തെയും ജയിക്കുന്ന ദൈവത്തിന്റെയും അവന്റെ പുത്രന്റെയുമാണ്, (2021 മാര്‍ച്ച് 7 ന് ഖരാക്കോഷിലെ അമലോത്ഭവമാതാ പള്ളിയില്‍ പറഞ്ഞത്).

തങ്ങളെ ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുന്നതിനും രാജ്യം പുനര്‍ നിര്‍മിക്കുന്നതിനും ദുഃഖത്താല്‍ ചിതറിക്കപ്പെട്ട ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിനും ക്രിസ്ത്യാനികള്‍ക്ക് ശക്തിയുണ്ടാകട്ടെയെന്നും മാര്‍പ്പാപ്പ പ്രാര്‍ത്ഥിച്ചു (ഇരകള്‍ക്കുവേണ്ടിയുള്ള പൊതു പ്രാര്‍ത്ഥന). ഫ്രാന്‍സിസ് അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും നന്ദി പറയുകയും നമ്മുടെ അമ്മയായ മറിയയെ അനുകരിക്കാന്‍ അവരെ ക്ഷണിക്കുകയും ചെയ്തു. "സ്ത്രീകള്‍ ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യട്ടെ! അവര്‍ ആദരിക്കപ്പെടുകയും അവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യട്ടെ!" (2021 മാര്‍ച്ച് 7-ന് ഖരാക്കോഷിലെ അമലോത്ഭവമാതാ പള്ളിയില്‍).

എര്‍ബിലിലെ ദിവ്യബലിയുടെ സമാപനത്തില്‍ എല്ലാ ക്രിസ്ത്യാനികളെയും അഭിവാദ്യം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാവരേയും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഒരുമിച്ച് നടക്കാനും ക്ഷണിച്ചു: "അവരില്‍ അനേകര്‍ ഈ ദേശത്ത് രക്തം ചൊരിഞ്ഞു! എങ്കിലും നമ്മുടെ രക്തസാക്ഷികള്‍ ഒരേ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്നു! അവിടെ നിന്ന് അവര്‍ മടികൂടാതെ, ഐക്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് ഒന്നിച്ച് നടക്കാന്‍ നമ്മെ വിളിക്കുന്നു," (7 മാര്‍ച്ച് 2021). അവരുടെ ദേശത്ത് താമസിക്കാന്‍ അവന്‍ അവരെ പ്രോത്സാഹിപ്പിച്ചു.

2. മതാന്തര സംഭാഷണവും അന്തര്‍മത സംഭാഷണവും

ഈ അപ്പസ്‌തോലിക സന്ദര്‍ശനം അന്തര്‍-മത (സുന്നി, ഷിയ മുസ്ലിംകള്‍), മതാന്തര (മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍, യാസിദികള്‍ എന്നിവര്‍) സംഭാഷണവും പ്രോത്സാഹിപ്പിച്ചു. ഇക്കാര്യത്തില്‍, നജാഫിലെ ഗ്രാന്‍ഡ് ആയത്തുള്ള സയ്യിദ് അലി അല്‍ ഹുസൈനി അല്‍-സിസ്താനിയെ സന്ദര്‍ശിച്ചത് മുസ്ലീം-ക്രിസ്ത്യന്‍ സംഭാഷണത്തിലെ ഒരു പുതിയ അധ്യായം രേഖപ്പെടുത്തി. ലോക മാധ്യമങ്ങള്‍ ഈ കൂടിക്കാഴ്ചയ്ക്കു വളരെയധികം പ്രചാരം നല്‍കി, ഈ സമാഗമത്തിന്റെ ചിത്രങ്ങള്‍, മതാനുയായികള്‍ക്കിടയില്‍ സാഹോദര്യം സാധ്യമാകുമെന്ന ശക്തമായ സന്ദേശം ലോകത്തിനു മുഴുവന്‍ നല്‍കി.

ഊര്‍ സമതലത്തില്‍ നടന്ന മതാന്തരസംഭാഷണവും അതിന്റെ സ്ഥാനവും പ്രാധാന്യവും കാരണം ഒരു നാഴികക്കല്ലായിരുന്നു. മാര്‍പാപ്പയുടെ പ്രസംഗത്തിലെ ചില പ്രധാന സവിശേഷതകള്‍ ഞാന്‍ ഇവിടെ പരാമര്‍ശിക്കാം.

1. മിഴികളും പ്രാര്‍ത്ഥനകളും സ്വര്‍ഗത്തിലേക്ക് ഉയര്‍ത്താന്‍ നമ്മുടെ സഹോദരങ്ങളെ സഹായിക്കുക എന്നതാണ് വിവിധ മത നേതാക്കളുടെ ദൗത്യം.

2. ദൈവത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും പോരടിക്കാന്‍ ശത്രുക്കളില്ല.

3. പരമോന്നതന്റെ ചിത്രങ്ങള്‍ പലപ്പോഴും വികലമാക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്ന ഇന്നത്തെ ലോകത്ത്, അവന്റെ നന്മയ്ക്കു സാക്ഷ്യം വഹിക്കാനും നമ്മുടെ സാഹോദര്യത്തിലൂടെ അവന്റെ പൈതൃകം പ്രകടമാക്കാനുമാണു വിശ്വാസികള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.

4. ദൈവം കരുണയുള്ളവനാണ്. നമ്മുടെ സഹോദരീസഹോദരന്മാരെ വെറുക്കുന്നതിലൂടെ അവന്റെ നാമം അശുദ്ധമാക്കുക എന്നതാണ് ഏറ്റവും വലിയ ദൈവദൂഷണം.

5. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു സ്വര്‍ഗത്തിനു വേണ്ടിയാണ്. ആ സ്വര്‍ഗത്തെക്കുറിച്ചും മന സാക്ഷിസ്വാതന്ത്ര്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും ചിന്തിക്കുക എന്നത് അനിവാര്യമാണ്.

6. അതിനാല്‍, പുണ്യസ്ഥലങ്ങളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് അസ്തിത്വപരമായ ആവശ്യകതയാണ്.

7. നമ്മുടെ യാത്രയ്ക്കായി സ്വര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്ന വഴി സമാധാനത്തിന്റെ വഴിയാണ്.

8. വിദ്വേഷത്തിന്റെ ഉപകരണങ്ങള്‍ സമാധാനത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റേണ്ടത് നമ്മുടേതാണ്, ഇന്നത്തെ മാനവികതയുടെ, പ്രത്യേകിച്ച് മതവിശ്വാസികളായ നമ്മുടെ ഉത്തരവാദിത്വമാണ്.

9. ചെറുപ്പക്കാരെ സാഹോദര്യം പഠിപ്പിക്കേണ്ടത് അടിയന്തിരമാണ്; സമാധാനത്തിന്റെ ഭാവിക്കു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ വാക്‌സിന്‍ ആയിരിക്കും ഇത്.

10. മനുഷ്യകുടുംബം തന്റെ എല്ലാ മക്കള്‍ക്കും സ്വാഗതമരുളുകയും ആതിഥ്യമേകുകയും ചെയ്യണമെന്ന ദൈവത്തിന്റെ സ്വപ്നം എല്ലാ മതാനുയായികളും നിറവേറ്റേണ്ടതുണ്ട്.

മതാന്തര സമ്മേളനത്തിന്റെ അവസാനം, പങ്കെടുത്തവര്‍ "അ ബ്രഹാമിന്റെ മക്കളുടെ പ്രാര്‍ത്ഥന" പാരായണം ചെയ്തു. ഈ മതാന്തര, അന്തര്‍-മത സമ്മേളനങ്ങള്‍ പ്രത്യാശയുടെയും അനുരഞ്ജനത്തിന്റെയും വിത്തുകള്‍ വിതച്ചു. സൗഖ്യദാനം, പാലം പണിയല്‍, ദൈവനാമത്തിലുള്ള അക്രമങ്ങളെ അപലപിക്കല്‍, സഹോദരീ സഹോദരന്മാരായി ഒരുമിച്ച് യാത്ര ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായിരിക്കല്‍ എന്നിവയുടെ ഒരനുഭവവുമായിരുന്നു അത്. വിവിധ വംശീയ-മത വിഭാഗങ്ങളുടെയും വ്യത്യസ്ത ആശയങ്ങളുടെയും സംസ്‌കാരങ്ങളുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഈ കൂടിക്കാഴ്ച അടിത്തറയിട്ടു. എങ്കിലും, ഈ അടിത്തറയില്‍ സാഹോദര്യ സമൂഹം കെട്ടിപ്പടുക്കുക എന്നത് എല്ലാവര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ അധികാരികളുടെയും പൗരസമൂഹത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സഹകരണം നിര്‍ണായകമാണ്.

3. അധികാരികള്‍, പൗരസമൂഹം, നയതന്ത്രവിഭാഗം എന്നിവരുമായുള്ള രാഷ്ട്രീയ സംഭാഷണം

അധികാരികളെയും പൗരസമൂഹത്തെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പ്രസ്താവിച്ചു: "ഞാന്‍ ഒരു അനുതാപിയായിട്ടാണ് വരുന്നത്, വളരെയധികം നാശത്തിനും ക്രൂരതയ്ക്കും സ്വര്‍ഗത്തോടും സഹോദരങ്ങളോടും ക്ഷമ ചോദിക്കുന്നു. സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ സമാധാനത്തിന്റെ തീര്‍ത്ഥാടകനായി വരുന്നു." അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന കാര്യങ്ങള്‍ നമുക്ക് സംഗ്രഹിക്കാം:

1. സാഹോദര്യ ഐക്യദാര്‍ഢ്യം വളര്‍ത്തുന്നതിന്;

2. നീതിയുടെ ഉന്നമനവും സത്യസന്ധതയും സുതാര്യതയും വളര്‍ത്തലും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തലും;

3. എല്ലാവര്‍ക്കും, പ്രത്യേകിച്ച് രാജ്യത്തെ ചെറുപ്പക്കാര്‍ക്ക്, മികച്ച ഭാവിയുടെ ഉറച്ച പ്രത്യാശ പകരുക;

4. അക്രമത്തിനും തീവ്രവാദത്തിനും വിഭാഗീയതക്കും അസഹിഷ്ണുതയ്ക്കും ഒരു അറുതി വരുത്തട്ടെ;

5. സംഭാഷണത്തിലൂടെയും സുതാര്യവും ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ ചര്‍ച്ചകളിലൂടെയും രാജ്യം കെട്ടിപ്പടുക്കുന്നതിന് സഹകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ഇടം നല്‍കാം;

6. എല്ലാ രാഷ്ട്രീയ, സാമൂഹിക, മത വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും എല്ലാ പൗരന്മാരുടെയും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്;

7. ഈ രാജ്യത്തും മദ്ധ്യപൂര്‍വദേശത്തു പൊതുവെയും സമാധാനം വളര്‍ത്തുന്നതില്‍ അന്താരാഷ്ട്രസമൂഹത്തിന് പങ്കുണ്ട്;

8. മതം അതിന്റെ സ്വഭാവമനുസരിച്ച് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സേവനത്തിലായിരിക്കണം (ബാഗ്ദാദിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ ഹാള്‍, 20 മാര്‍ച്ച് 521).

ഉപസംഹാരം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാപ്പാസേവനം പലപ്പോഴും അതിരുകളിലേക്ക് എത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അപ്പസ്‌തോലിക യാത്രയും ആ സമീപനം കൊണ്ടു മുദ്രിതമായിരുന്നു: യുദ്ധങ്ങളും പീഡനങ്ങളും ഭീകരതയും നാശവും അനുഭവിച്ച ഒരു ദേശത്തേക്ക് സാഹോദര്യത്തിന്റെയും സഹജീവനത്തിന്റെയും സന്ദേശവുമായി, ഒരു ചെറിയ ആട്ടിന്‍കൂട്ടത്തെ (ക്രിസ്ത്യാനികളെ) പരിപാലിക്കാന്‍ വരുന്ന ഒരു ഇടയന്‍. ഇന്നത്തെ ലോകത്തിന് മാര്‍പ്പാപ്പ വാഗ്ദാനം ചെയ്യുന്ന മറുമരുന്ന് അല്ലെങ്കില്‍ വാക്‌സിന്‍ സാഹോദര്യമാണ്, താന്‍ പോകുന്നിടത്തെല്ലാം അത് പ്രയോഗിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അതിനാല്‍, മാനവസാഹോദര്യം പുനഃ സ്ഥാപിക്കുന്നതിനുള്ള സംഭാഷണത്തിലൂടെ ക്രൈസ്തവരുടെയും മറ്റുള്ളവരുടെയും ആദ്ധ്യാത്മികോര്‍ജം പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യം സഭയ്ക്കുണ്ട്. മാത്രമല്ല, "നമ്മുടെ ആഴത്തിലുള്ള ബോധ്യങ്ങള്‍ ദുര്‍ബലമാക്കുന്നതിനോ മറച്ചുവെക്കുന്നതിനോ ഒരുതരത്തിലും ഇതിടയാക്കുന്നുമില്ല" (ഫ്രത്തെല്ലി തൂത്തി 282). നേരെമറിച്ച്, സംഭാഷണം നമ്മുടെ സ്വന്തം സ്വത്വത്തില്‍ നിന്നാണു പ്രവഹിക്കുന്നത്.

Related Stories

No stories found.