
ബിജോയ് മത്തായി കളപ്പുരക്കൽ
267-ാം മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ചേരാൻ നിശ്ചയിച്ചിരിക്കുകയാണല്ലോ. റോമാ രൂപതയുടെ മെത്രാനായുള്ള തിരഞ്ഞെടുപ്പ് ഒരു വ്യക്തി സ്വീകരിക്കുമ്പോഴാണ് അദ്ദേഹം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്ന രാഷ്ട്രത്തിന്റെ തലവനും ആകുന്നത്.
കോൺക്ലേവിന്റെ ചരിത്രപരവും നിയമപരവും ആരാധനാക്രമപരവുമായ മാനങ്ങളും കത്തോലിക്കാ സഭയുടെ “ഇരട്ട ചങ്കുകളായ” ലത്തീൻ സഭയുടെയും പൌരസ്ത്യ കത്തോലിക്കാസഭകളുടെയും പൊതുനിയമങ്ങളായ കാനന് നിയമസംഹിതയിലെയും (ചുരുക്കത്തിൽ CIC), പൌരസ്ത്യ സഭകള്ക്കായുള്ള കാനന് നിയമസംഹിതയിലെയും (ചുരുക്കത്തിൽ CCEO), CIC Can. 349, 359, 335, CCEO Can.47 എന്നിവയിൽ പരമാർശിച്ചിരിക്കുന്ന റോമാ രൂപതയുടെ മെത്രാന്റെ തിരഞ്ഞെടുപ്പിനും ഒഴിവായ പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയുള്ള പ്രത്യേക നിയമത്തിലെയും (Apostolic Constitution Universi Dominici Gregis - കർത്താവിന്റെ മുഴുവൻ അജഗണം - ചുരുക്കത്തിൽ UDG), CIC Can. 360ൽ പരമാർശിച്ചിരിക്കുന്ന റോമൻ കൂരിയായ്ക്ക് വേണ്ടിയുള്ള പ്രത്യേക നിയമത്തിലെയും (Apostolic Constitution Praedicate Evangelium- സുവിശേഷം പ്രഘോഷിക്കുവിൻ - ചുരുക്കത്തിൽ PE),Ordo Exsequiarum Romani Pontificis (റോമൻ മാര്പാപ്പായുടെ മൃതസംസ്കാരത്തിനായുള്ള ആരാധനാ ക്രമം), Ordo Rituum Conclavis (കോൺക്ലേവിനായുള്ള ആരാധനാക്രമം), Ordo Rituum pro Ministerii Petrini Initio Romae Episcopi (റോമാ മെത്രാൻറ്റെ ശ്ലൈഹിക ശുശ്രൂഷയുടെ ഉദ്ഘാടനത്തിനായുള്ള ആരാധനാക്രമം) തുടങ്ങിയ ആരാധന ക്രമ ഗ്രന്ഥങ്ങളിലേയും പ്രസക്തമായ ഭാഗങ്ങള് വായനക്കാർക്കു പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സഭാപരമായ ഉദ്യോഗം (ecclesiastical office) എന്നത് ആദ്ധ്യാത്മിക ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കാൻ, ദൈവികമോ സഭാപരമോ ആയ വിധത്തിൽ, സ്ഥിരമായ രീതിയിൽ, സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും ചുമതലയാണ്. (CIC Can. 145, CCEO Can.936.) സഭാപരമായ ഉദ്യോഗം നല്കപ്പെടുന്ന ഒരു വഴിയാണ് തിരഞ്ഞെടുപ്പ്. (CIC Can. 147, CCEO Can.939). സഭാപരമായ ഒരു ഉദ്യോഗത്തിലേക്ക്, യോഗ്യനായ ഒരാളെ കാനോനികമായി നിയമിക്കുന്ന നിയമാനുസൃത വോട്ടർമാരുടെ നടപടിയാണ് തിരഞ്ഞെടുപ്പ്. മാർപ്പാപ്പ പദവി പരമോന്നതമായ ഒരു സഭാപരമായ ഉദ്യോഗമാണ്. തിരഞ്ഞെടുപ്പിനെ പറ്റി പൊതു നിയമങ്ങളിലും (CIC Can. 164-179, CCEO Can.947-960) പ്രത്യേക നിയമങ്ങളിലും (UDG, PE) പറഞ്ഞിരിക്കുന്നവ പാലിച്ചു കൊണ്ടാണ് കോൺക്ലേവ് നടത്തേണ്ടത്.
റോമാ രൂപത
റോമാ രൂപതയെ രണ്ടു വികാരിയാത്തുകളായി വിഭജിച്ചിട്ടുണ്ട്. ഇറ്റാലിയൻ രാഷ്ട്ര പരിധിയിൽ വരുന്ന ഭാഗം റോമാ വികാരിയാത്ത് എന്നും വത്തിക്കാൻ രാഷ്ട്ര പരിധിയിൽ വരുന്ന ഭാഗം വത്തിക്കാൻ സിറ്റി വികാരിയാത്ത് എന്നും അറിയപ്പെടുന്നു. റോമാ വികാരിയാത്തിൻറ്റെ ഭരണ നേതൃത്വം റോമാ വികാരിയാത്തിനു വേണ്ടിയുള്ള പരിശുദ്ധ പിതാവിൻറ്റെ വികാരിയും സെൻറ്റ് ജോൺ ലാറ്ററൻ ആർച്ച് പേപ്പൽ ബസിലിക്കായുടെ ആർച്ച് പ്രീസ്റ്റുമായ കർദിനാൾ ആണ് നിർവഹിക്കുന്നത്. ഏകദേശം 881 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ, നാലു സെക്ടറുകളിലായി, 334 ഇടവകകളും 24 ലക്ഷത്തോളം വിശ്വാസികളും 120 0ഓളം രൂപതാ വൈദികരും ഉള്ള റോമാ വികാരിയാത്തിൻറ്റെ ഓരോ സെക്ടറിനും ഒരു സഹായമെത്രാൻ നേതൃത്വം കൊടുക്കുന്നു. വത്തിക്കാൻ സിറ്റി വികാരിയാത്തിൻറ്റെ ഭരണ നേതൃത്വം വത്തിക്കാൻ സിറ്റി വികാരിയാത്തിനു വേണ്ടിയുള്ള പരിശുദ്ധ പിതാവിൻറ്റെ വികാരിയും സെൻറ്റ് പീറ്റേർസ് പേപ്പൽ ബസിലിക്കായുടെ ആർച്ച് പ്രീസ്റ്റും ഫാബ്രിക് ഓഫ് സെൻറ് പീറ്റർ എന്ന സ്ഥാപനത്തിൻറ്റെ പ്രസിഡൻറ്റുമായ കർദിനാൾ ആണ് നിർവഹിക്കുന്നത്.
കർദിനാൾ
‘വിജാഗിരി’ എന്നു അർഥമുള്ള “കാർദോ” എന്ന ലത്തീൻ വാക്കിൽ നിന്നാണ്കർദിനാൾ എന്ന വാക്കിന്റെ ഉൽഭവം. റോമാ രൂപതയിലെ വിവിധ ദേവാലയങ്ങളുടെ വികാരിമാരെയാണ് ആദ്യമായി കർദിനാൾ എന്നു വിളിച്ചു തുടങ്ങിയത്. പിന്നീട് റോമാ രൂപതയുടെ ഭരണകാര്യങ്ങളിലും അഗതി ശുശ്രൂഷയിലും മറ്റും വ്യാപൃതരായ ഡീക്കൻമാരെയും കർദിനാൾ എന്നു വിളിച്ചു തുടങ്ങി. കാലക്രമേണ റോമിന് സമീപമുള്ള രൂപതകളുടെ മെത്രാൻമാരെയും കർദിനാൾ എന്നു വിളിച്ചു തുടങ്ങി. ഈ മൂന്നു തരം കർദിനാൾമാർക്കും ആദിമകാലം മുതലേ റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ പങ്കുണ്ടായിരുന്നു.
മാർപാപ്പ പദവിയിൽ റോമാ മെത്രാൻ, സാർവത്രിക സഭയുടെ തലവൻ എന്നീ പദവികൾ സമന്വയിച്ചിരിക്കുന്നതുപോലെ കർദ്ദിനാൾമാരും ഒരേ സമയം എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും വ്യത്യസ്തമായ സംസ്കാരങ്ങളിൽ നിന്നും വരുന്നതിലൂടെ സഭയുടെ സാർവത്രികതയെയും അതൊടൊപ്പം റോമായിലെ സഭയെയും പ്രതിനിധീകരിക്കുന്നു.
കർദിനാൾ സംഘത്തെ മൂന്നു പദവികളിൽ തരം തിരിച്ചിരിക്കുന്നു: കർദിനാൾ ബിഷപ്പുമാർ, കർദിനാൾ പുരോഹിതർ, കർദിനാൾ ഡീക്കന്മാർ.
കർദിനാൾ ബിഷപ്പുമാർ റോമിന് സമീപമുള്ള രൂപതകളുടെ (Suburbicarian dioceses) സ്ഥാനം വഹിക്കുന്നവരോ കർദിനാൾമാരായ പൌരസ്ത്യ കത്തോലിക്കാ സഭകളിലെ പാത്രിയാർക്കീസുമാരോ കർദിനാൾ ബിഷപ്പുമാരുടെ പദവി മാർപ്പാപ്പ നല്കിയ റോമൻ കൂരിയായിലെ കാര്യാലയങ്ങളുടെ തലവൻമാരോ ആകാം.
കർദിനാൾ സംഘത്തിൻറ്റെ ഡീൻ
കർദിനാൾ സംഘത്തിന്റെ ഡീനെയും (“ഡീൻ”) സബ് ഡീനെയും കർദിനാൾ ബിഷപ്പുമാർ (പൌരസ്ത്യ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസുമാരായ കർദിനാൾ ബിഷപ്പുമാർ ഒഴികെ) തിരഞ്ഞെടുക്കുന്നു (CIC Can. 350 §1, 352 §2.) ഡീൻ ആണ് പൊതുവേ കർദിനാൾ സംഘത്തിൻറ്റെ യോഗങ്ങളുടെ അധ്യക്ഷൻ. പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ പ്രധാനപ്പെട്ട പല നൈയാമിക / ആരാധന ക്രമ ചുമതലകളും ഡീൻ നിർവഹിക്കേണ്ടതുണ്ട്.
കർദിനാൾ പുരോഹിതർ ലോകമാസകലമുള്ള രൂപതകളുടെ ചുമതല വഹിക്കുന്ന കർദിനാൾമാരാണ്. (350 §1.) കർദിനാൾ പുരോഹിതരിൽ സീനിയറായ വ്യക്തിയെ “പ്രോട്ടോ പ്രീസ്റ്റ്” എന്നു വിളിക്കുന്നു.
കർദിനാൾ ഡീക്കന്മാർ റോമൻ കൂരിയായിലെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിക്കുന്ന കർദിനാൾമാരാണ്. (CIC Can. 350 §1.) കർദിനാൾ ഡീക്കൻമാരിൽ സീനിയറായ വ്യക്തിയെ “പ്രോട്ടോ ഡീക്കൻ” എന്നും ഏറ്റവും ജൂനിയറായ വ്യക്തിയെ “ജൂണിയർ കർദിനാൾ ഡീക്കൻ”എന്നും വിളിക്കുന്നു. ഇരുവർക്കും പ്രധാനപ്പെട്ട ചുമതലകൾ പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ നിർവഹിക്കാനുണ്ട്.
കർദിനാൾ പദവിയിലെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് കർദിനാൾ പദവിയിലെ ഹയരാർക്കിയും (ബിഷപ്പ്, പുരോഹിതൻ, ഡീക്കൻ) കർദിനാൾ പദവിയിലേക്കുയർത്തിയ ദിവസവും അനുസരിച്ചാണ്. ഒരേ ദിവസം ഒന്നിൽ കൂടുതൽ ആളുകൾ കർദിനാൾ പദവിയിലേക്കു ഉയർത്തപ്പെടുകയോ അതിലെ ഉയർന്ന തരത്തിലേക്ക് മാറ്റപ്പെടുകയോ ചെയ്താൽ അവരുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത് അതു പ്രഖ്യാപിക്കപ്പെട്ട രേഖയിലെ ആദ്യയവസാനക്രമത്തിൽ ആയിരിക്കും.
കോൺക്ലേവും ജനറൽ കോൺഗ്രിഗേഷനുകളും
കോൺക്ലേവ് എന്ന വാക്കിന്റെ ഉൽഭവം ‘താക്കോലോടൊപ്പം’ എന്ന അർഥമുള്ള cum clave എന്ന ലത്തീൻ വാക്കിൽ നിന്നാണ്. തിരഞ്ഞെടുപ്പ്, അനിയന്ത്രിതമായി നീണ്ടു പോകാതിരിക്കാൻ, അതു കഴിയുന്നതു വരെ കർദ്ദിനാൾ ഇലക്ടർമാരെ പുറത്തുപോകാൻ അനുവദിക്കാതെ ഒരു പ്രത്യേക സ്ഥലത്ത് അടച്ചിടുന്ന സമ്പ്രദായത്തിൽ (Ubi periculum;1274) നിന്നു വന്ന വാക്കാണ് ഇത്. റോമാ രൂപതയുടെ മെത്രാനെ തിരഞ്ഞെടുക്കാനുള്ള കർദിനാൾ സംഘത്തിൻറ്റെ (College of Cardinals) യോഗങ്ങളെയാണ് പൊതുവേ കോൺക്ലേവ് എന്നു വിളിക്കുന്നത്. പ്രായഭേദമെന്യേ എല്ലാ കർദിനാൾമാർക്കും പങ്കെടുക്കാൻ അവകാശമുള്ള ആദ്യ ഘട്ട ചർച്ചാ യോഗങ്ങൾ ജനറൽ കോൺഗ്രിഗേഷനുകൾ എന്നറിയപ്പെടുന്നു. 80 വയസ്സിന് താഴെയുള്ള കർദിനാൾമാർക്ക് (“കർദിനാൾ ഇലക്ട്ർമാർ” അഥവാ “ഇലക്ടർമാർ) മാത്രം പങ്കെടുക്കാൻ അവകാശമുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് യോഗങ്ങളെയാണു കൃത്യമായ അർത്ഥത്തിൽ കോൺക്ലേവ് എന്നു ഇപ്പോൾ വിളിക്കാവുന്നത്.
ഭാഗം ഒന്ന്: ഒഴിവായ പരിശുദ്ധ സിംഹാസനം
റോമാ രൂപതയുടെ മെത്രാന്റെ മരണത്തിലൂടെയാണ് പൊതുവേ പരിശുദ്ധ സിംഹാസനം ഒഴിവാകുന്നത്.
സഭാപരമായ ഉദ്യോഗം നഷ്ടപ്പെടാനുള്ള ഒരു വഴിയായ രാജി (CIC Can. 184 §1, CCEO Can.965) എന്ന സാധ്യതയും മാർപ്പാപ്പയുടെ മുന്നിലുണ്ട് സ്വതന്ത്രമായ തീരുമാനമെടുക്കാൻ കഴിവുള്ള ഒരു വ്യക്തിക്ക്, തക്കതായ കാരണം ബോധിപ്പിച്ചു കൊണ്ട്, സഭാപരമായ ഉദ്യോഗം രാജി വയ്ക്കാവുന്നതാണ്. (CIC Can. 187, CCEO Can.967.) രാജി സാധുവാകാൻ ആ ഉദ്യോഗം നല്കാൻ ചുമതലപ്പെട്ട അധികാരിയുടെ മുമ്പിൽ ലിഖിത രൂപത്തിലോ രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വാചികമായോ രാജി സമർപ്പിക്കേണ്ടതാണ്. (CIC Can. 189, CCEO Can.969.) സ്വീകരിക്കൽ ആവശ്യമില്ലാത്ത രാജി, പ്രാബല്യത്തിൽ വരുന്നത്, രാജി വയ്ക്കുന്ന വ്യക്തി അതു നിയമാനുസൃതം വെളിപ്പെടുത്തുമ്പോഴാണ്. (CIC Can. 189.) റോമാ രൂപതയുടെ മെത്രാൻ തന്റെ ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുകയാണെങ്കിൽ അതിന്റെ സാധുതയ്ക്ക് അദ്ദേഹം അത് സ്വതന്ത്രമായി ചെയ്യേണ്ടതും ശരിയായ വിധം വെളിപ്പെടുത്തേണ്ടതുമാണ്. മാർപാപ്പയ്ക്കു മുകളിൽ മറ്റൊരു അധികാരിയില്ലാത്തിനാൽ ആ രാജി സാധുവാകാൻ ആരും സ്വീകരിക്കേണ്ടതില്ല. (CIC Can. 332 §2/CCEO Can.44 §2.) ബെനഡിക്ട് പതിനാറാമൻ പാപ്പ 2013ൽ രാജി വച്ചപ്പോൾ അദ്ദേഹം കർദിനാൾ സംഘത്തിന് മുൻപാകെ ഒരു കത്തു വഴി വ്യക്തമായി തന്റെ രാജി തീരുമാനം വെളിപ്പെടുത്തുകയും തന്റെ പ്രായാധിക്യം കാരണം സ്വതന്ത്രമായ മനസ്സോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്നു പറയുകയും അത് പ്രാബല്യത്തിൽ വരുന്ന തീയതിയും മണിക്കൂറും പ്രഖ്യാപിക്കുകയും ചെയ്തു.
‘സെദേ വെക്കാന്തേ’ (Sede Vacante) എന്ന ലാറ്റിൻ പദത്തിന് ‘ഒഴിഞ്ഞ സിംഹാസനം’ എന്നാണ് അർത്ഥം. റോമാ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ പേപ്പൽ ബസിലിക്കായിലെ മെത്രാന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു എന്നാണ് ആ പദം സൂചിപ്പിക്കുന്നത്.
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ സാർവത്രികസഭയുടെ ഭരണകാര്യത്തിൽ പുതുതായി ഒന്നും നടപ്പാക്കാൻ പാടില്ല. ഈ സാഹചര്യങ്ങൾക്കു വേണ്ടി നല്കിയിട്ടുള്ള പ്രത്യേക നിയമം (UDG) പൂർണ്ണമായും പാലിക്കുകയും വേണം. (CIC Can. 335 /CCEO Can.47,UDG 77)
കർദിനാൾ കാമർലെൻഗോ
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുന്ന കാലയളവിൽ, അതിന്റെ ഭൌതികവസ്തുക്കളുടെ മേൽനോട്ടവും ഭരണവും, മൂന്നു കർദിനാൾ അസ്സിസ്റ്റന്റുമാരുടെ സഹായത്തോടെ, പ്രത്യേക നിയമങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച്, നിർവഹിക്കേണ്ടതു കർദിനാൾ കാമർലെൻഗോ (“കാമർലെൻഗോ”) ആണ്. (PE 235, 236)
മാർപാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ഉടനെ തന്നെ കാമർലെൻഗോ, പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്ററുടെയും മറ്റും സാന്നിധ്യത്തിൽ, മരണത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക രേഖ തയ്യാറാക്കുന്നു. (UDG 17). മാർപാപ്പയുടെ മോതിരവും മുദ്രയും, അവയുടെ ദുരുപയോഗം ഒഴിവാക്കാൻ, കാമർലെൻഗോയുടെ സാന്നിദ്ധ്യത്തിൽ നശിപ്പിച്ചു കളയേണ്ടതാണ് (UDG 13(g) ). കാമർലെൻഗോ പേപ്പൽ അപ്പാർട്ട് മെന്റിന്റെ വാതിൽ പൂട്ടി, കൈപ്പിടികൾ റിബൺ കൊണ്ട് കെട്ടി, മെഴുക് സീൽ പതിപ്പിക്കും (UDG 17.) മാർപ്പാപ്പ രാജി വയ്ക്കുകയാണെങ്കിൽ, അതു പ്രാബല്യത്തിൽ വന്ന മണിക്കൂറിനുശേഷം മേൽപറഞ്ഞ നടപടികൾ ആവശ്യമായ ഭേദഗതികളോടെ കാമർലെൻഗോ നിർവഹിക്കും.
കാമർലെൻഗോ മാർപാപ്പയുടെ മരണം റോമാ വികാരിയാത്തിനും റോമാ വത്തിക്കാൻ സിറ്റി വികാരിയാത്തിനും വേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാരിമാരെ അറിയിക്കണം. അവർ ഈ വിവരം ജനങ്ങളെ അറിയിക്കും. (UDG 17.)
കാമർലെൻഗോ മാർപാപ്പയുടെ മരണം ഡീനെ അറിയിക്കണം. പരിശുദ്ധ സിംഹാസനം ഒഴിവാകുമ്പോൾ ആ കാര്യം എല്ലാ കർദിനാൾമാരെയും അറിയിക്കുന്നതും അവരോട് കോൺക്ലേവിൽ പങ്കെടുക്കാൻ വത്തിക്കാനിൽ ഏത്താൻ അറിയിപ്പ് നല്കുന്നതും രാഷ്ട്രതലവൻമാരെയും നയതന്ത്ര പ്രതിനിധികളെയും അറിയിക്കുന്നതും ഡീൻ ആണ്. (UDG 19,CIC Can. 166, CCEO Can.948.) സമ്മതിദായകരിൽ മൂന്നിലൊന്നിൽ കൂടുതൽ വ്യക്തികളെ വിളിച്ചു കൂട്ടുന്നതിൽ നിന്നു വിട്ടു പോകുകയാണെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാകും. (CIC Can. 166, CCEO Can.948).
കാമർലെൻഗോ വത്തിക്കാൻ രാഷ്ട്രത്തിലെ അപ്പസ്തോലിക കൊട്ടാരവും ഇറ്റാലിയൻ രാഷ്ട്രത്തിലുള്ള ലാറ്ററൻ, കാസ്റ്റൽ ഗാൻഡോൾഫോ കൊട്ടാരങ്ങൾ നേരിട്ടോ അല്ലെങ്കിൽ ഒരു പ്രതിനിധി മുഖേനയൊ കൈവശപ്പെടുത്തുകയും അതിൻ്റെ സംരക്ഷണവും ഭരണവും നിർവഹിക്കുകയും ചെയ്യണം. (UDG 17).
കാമർലെൻഗോ ധനകാര്യ കൌൺസിലിൽ നിന്നും പരിശുദ്ധ സിംഹാസനത്തിൻറ്റെ കഴിഞ്ഞ വർഷത്തെ consolidated financial statements ഉം നടപ്പു വർഷത്തെ ബജറ്റും നാളിതു വരെയുള്ള provisional consolidated financial statements ഉം വാങ്ങേണ്ടതാണ്. (PE Art. 209, 237). കാമർലെൻഗോ പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചു ആവശ്യപ്പെടുന്ന വിവരങ്ങൾ നല്കാനുള്ള ബാധ്യത ധനകാര്യ സെക്രട്ടറിയേറ്റിനുണ്ട്. (PE Art. 218, 237.) കാമർലെൻഗോ ഭരണവിഭാഗങ്ങളിൽ നിന്നും അവയുടെ പൈതൃക സമ്പത്തിനെ കുറിച്ചും സാമ്പത്തിക സ്ഥിതിയെ കുറിച്ചും നിലവിലെ എന്തെങ്കിലും അസാധാരണമായ ഇടപാടുകളെ കുറിച്ചും റിപ്പോർട്ട് തേടേണ്ടതാണ്. (PE Art. 237) മേല്പറഞ്ഞ വിവരങ്ങൾ കാമർലെൻഗോ ഉചിതമായ രീതിയിൽ ജനറൽ കോൺഗ്രിഗേഷനിൽ അവതരിപ്പിക്കുന്നു.
കാമർലെൻഗോയും ഇലക്ടർമാരിൽ മൂന്നു ഗണത്തിലെയും സീനിയർമാരും ചേർന്നാണ് കോൺക്ലേവിനു മുന്നൊരുക്കമായി ദിവസം തോറും നടക്കുന്ന ജനറൽ കോൺഗ്രിഗേഷനുകൾ എന്നു തുടങ്ങണം എന്നതും കാലം ചെയ്ത മാർപാപ്പയുടെ ശവസംസ്കാരകർമ്മങ്ങളുടെ തീയതിയും തീരുമാനിക്കുന്നത് (UDG 11, 17).
പേപ്പൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്റർ
കർദിനാൾമാരുടെ കൺസിസ്റ്ററി നടക്കുമ്പോഴും കോൺക്ലേവ് നടക്കുമ്പോഴും ഉള്ള എല്ലാ ആരാധനാക്രമ സംബന്ധമായ കാര്യങ്ങളുടെയും നേതൃത്വം പേപ്പൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്റർക്കാണ്. (PE Art. 234)
മാർപാപ്പയുടെ ശവസംസ്കാര ചടങ്ങുകൾ
മാർപാപ്പയുടെ ശവസംസ്കാരശുശ്രൂഷകൾക്കും കുർബാനയ്ക്കും ഡീൻ അധ്യക്ഷത വഹിക്കുന്നു. മാർപാപ്പയുടെ ആത്മശാന്തിക്കായുള്ള നിയോഗം വച്ചു കർദിനാൾമാർ തുടർച്ചയായി ഒമ്പത് ദിവസം കുർബാനകളും പ്രാർഥനകളും (Novemdiales) അർപ്പിക്കും. Ordo Exsequiarum Romani Pontificis എന്ന ആരാധനക്രമ ഗ്രന്ഥത്തിലെ മാനദണ്ഡങ്ങൾ, അവർ വിശ്വസ്തതയോടെ പാലിക്കണം. വത്തിക്കാൻ ബസിലിക്കയിൽ ശവസംസ്കാരം നടക്കുന്നുണ്ടെങ്കിൽ, ബസിലിക്കയുടെ നോട്ടറിയും കാമർലെൻഗോയുടെ പ്രതിനിധിയും പേപ്പൽ വസതിയുടെ പ്രിഫെക്റ്റിന്റെ പ്രതിനിധിയും ശവസംസ്കാരം നടന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകൾ പ്രത്യേകം തയ്യാറാക്കണം (UDG 27, 28).
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ കർദിനാൾ സംഘത്തിന്റെ അധികാരം
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ, പ്രത്യേക നിയമത്തിന് വിധേയമായി (UDG), സഭയുടെ ദൈനംദിന ഭരണത്തിനുള്ളതോ അടിയന്തര കാര്യങ്ങളോ കോൺക്ലേവിനു വേണ്ട കാര്യങ്ങളോ ചെയ്യാനുള്ള അധികാരം കർദിനാൾ സംഘത്തിനാണ്. (CIC Can. 359, UDG 1).
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ, മാർപാപ്പയുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളോ റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് പ്രത്യേക നിയമത്തിൻറ്റെ പരിധിക്കു പുറത്തുള്ള കാര്യങ്ങളോ പരിശുദ്ധ സിംഹാസനത്തിൻറ്റെയും റോമൻ സഭയുടെയും അവകാശങ്ങളെ ബാധിക്കുന്ന കാര്യങ്ങളോ മാർപാപ്പ പുറപ്പെടുവിച്ച ഏതെങ്കിലും നിയമത്തിൽ നിന്നും, പൂർണ്ണമായോ ഭാഗികമായോ, തിരുത്താനോ, പരിഷ്കരിക്കാനോ, ഒന്നും കൂട്ടിച്ചേർക്കാനോ, കുറയ്ക്കാനോ, ഒഴിവ് നൽകാനോ കർദിനാൾ സംഘത്തിനു അധികാരമില്ല. മറിച്ചായാൽ അവ അസാധുവാകും.(UDG 2,3,4)
മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കാൻ കഴിയാത്ത ഒരു അടിയന്തര പ്രശ്നമുണ്ടെങ്കിലോ, പ്രത്യേക നിയമത്തിലെ (UDG) ഏതെങ്കിലും ഭാഗത്തിൻറ്റെ വ്യാഖ്യാനത്തെക്കുറിച്ചോ അവ പ്രാബല്യത്തിൽ വരുത്തുന്ന രീതിയെ കുറിച്ചോ സംശയങ്ങൾ ഉയർന്നാലോ, കർദിനാൾ സംഘത്തിന് അന്നത്തെ യോഗത്തിന് ഹാജരായിട്ടുള്ള കർദിനാൾമാരുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് തീരുമാനിക്കാം. (UDG 5,6)
കർദിനാൾ സംഘത്തിന്റെ യോഗങ്ങൾ
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ നടക്കുന്ന കർദിനാൾ സംഘത്തിന്റെ യോഗങ്ങളെ രണ്ടു ഗണത്തിൽ പെടുത്താം.
1) ജനറൽ കോൺഗ്രിഗേഷനുകൾ.
തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടക്കുന്ന കർദിനാൾ സംഘത്തിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാൻ അർഹതയുള്ള പൊതുയോഗങ്ങളെ ജനറൽ കോൺഗ്രിഗേഷനുകൾ എന്നു വിളിക്കപ്പെടുന്നു. അപ്പോസ്തോലിക സിംഹാസനത്തിന്റെ ഒഴിവിനെ കുറിച്ച് അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ, നിയമപരമായി തടസ്സമില്ലാത്ത എല്ലാ കർദ്ദിനാൾമാരും, ജനറൽ കോൺഗ്രിഗേഷനുകളിൽ പങ്കെടുക്കാൻ ഹാജരാകണം. എൺപത് വയസ്സു തികഞ്ഞ കർദിനാൾമാർ ജനറൽ കോൺഗ്രിഗേഷനുകളിൽ പങ്കെടുക്കണം എന്നത് നിർബന്ധമല്ല. (UDG 7.)
ജനറൽ കോൺഗ്രിഗേഷനുകൾ വത്തിക്കാൻ സിറ്റിയിലുള്ള അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ് നടക്കാറുള്ളത്. ഡീൻ (അദ്ദേഹത്തിന് തടസ്സമുള്ളപ്പോൾ സബ് ഡീൻ, അദ്ദേഹത്തിനും തടസ്സമുണ്ടെങ്കിൽ കർദിനാൾ ബിഷപ്പുമാരിലെ പദവിയിൽ സീനിയർ) ആണു ജനറൽ കോൺഗ്രിഗേഷനുകൾക്കു അധ്യക്ഷത വഹിക്കുന്നത്. (CIC Can. 352 §1.)
ജനറൽ കോൺഗ്രിഗേഷനുകൾ നടക്കുന്ന ആദ്യദിനം തന്നെ പ്രത്യേക നിയമത്തിൻറ്റെയും (UDG) കാലം ചെയ്ത മാർപ്പാപ്പയുടെ ശവസംസ്കാരകർമ്മങ്ങളിലും കോൺക്ലേവിലും ഉപയോഗിക്കേണ്ട ആരാധനക്രമഗ്രന്ഥങ്ങളുടെയും കോപ്പി ഓരോ കർദിനാളിനും നല്കണം. പ്രത്യേക നിയമത്തിലെ വ്യവസ്ഥകൾ വായിച്ചു കേൾപ്പിക്കാനും അതെ പറ്റി ഉയരുന്ന സംശയങ്ങൾ ദൂരീകരിക്കാനും അവസരം ജനറൽ കോൺഗ്രിഗേഷനുകളിൽ ഉണ്ടാവണം. (UDG 12). പ്രത്യേക നിയമത്തിലെ വ്യവസ്ഥകൾ (UDG) പാലിക്കുമെന്നും രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ടു ഓരോ കർദ്ദിനാളും പ്രതിജ്ഞ എടുക്കണം. (UDG 12).
തൊട്ടുപിന്നാലെയുള്ള ജനറൽ കോൺഗ്രിഗേഷനുകളിലൊന്നിൽ, കർദ്ദിനാൾമാർ, മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുടെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുപ്പിൻ്റെ ആരംഭം സംബന്ധിച്ച്, പ്രത്യേകിച്ച് താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, അടിയന്തിര തീരുമാനങ്ങൾ എടുക്കണം.1) കാലം ചെയ്ത മാർപ്പാപ്പയുടെ ഭൌതികശരീരം പൊതുദർശനത്തിനായി വത്തിക്കാൻ ബസിലിക്കായിൽ കൊണ്ടു വരുന്ന ദിവസം, സമയം, രീതി; 2) മാർപ്പാപ്പയുടെ മരണാനന്തരം നാലാം ദിവസത്തിനും ആറാം ദിവസത്തിനും ഇടയിൽ ശവസംസ്കാരം നടത്തുന്ന രീതിയിൽ, ചടങ്ങുകൾ തുടർച്ചയായി ഒമ്പത് ദിവസം ആഘോഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ; 3) കോൺക്ലേവിൽ പകെടുക്കുന്ന ഇലക്റ്റ്ർമാരുടെ താമസസൌകര്യം വത്തിക്കാൻ സിറ്റിയിലുള്ള ദോമൂസ് സാങ്താ മാർത്ത എന്ന ഭവനത്തിലും തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സൌകര്യങ്ങൾ സിസ്റ്റയിൻ ചാപ്പലിലും ഉണ്ടെന്ന് കാമർലെൻഗോയും കർദിനാൾ സെക്രട്ടറി ഓഫ് സ്റ്റേറ്റും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡൻറ്റും ചേർന്ന് ഉറപ്പാക്കണം; 4) പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനു ശ്രദ്ധാപൂർവം നടത്തേണ്ട വിവേചിച്ചറിയലിന്റെ ആവശ്യകതയെക്കുറിച്ചും സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും നന്നായി തയ്യാറാക്കിയ രണ്ട് പ്രഭാഷണങ്ങൾ കർദ്ദിനാൾമാർക്ക് നൽകാനുള്ള ദൗത്യം സുസമ്മതരായ രണ്ട് സഭാവിശ്വാസികളെ ഏൽപ്പിക്കും. ഈ ധ്യാനങ്ങളിൽ ആദ്യത്തേത് നൽകേണ്ട ദിവസവും സമയവും അവർ നിശ്ചയിക്കും; 5) അപ്പോസ്തോലിക സിംഹാസനത്തിൻറ്റെ / വത്തിക്കാൻ സിറ്റി സ്റ്റേറ്റിൻറ്റെ, മാർപ്പാപ്പയുടെ മരണം മുതൽ അദ്ദേഹത്തിൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള, ചെലവുകൾ അവർ അംഗീകരിക്കും; 6) മരണപ്പെട്ട മാർപാപ്പ കർദിനാൾസംഘത്തിനായി ഏല്പിച്ച ഏതെങ്കിലും രേഖകൾ ഉണ്ടെങ്കിൽ അവർ വായിക്കേണ്ടതാണ്; 7) മരണപ്പെട്ട മാർപാപ്പയുടെ മോതിരവും അപ്പസ്തോലിക രേഖകളിൽ പതിപ്പിക്കുന്ന മുദ്രയും നശിപ്പിക്കുന്നത് അവർ സ്ഥിരീകരിക്കും; 8) ഇലക്ടർമാർക്ക് നറുക്കെടുപ്പിലൂടെ മുറികൾ നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്നു; 9) കോൺക്ലേവ് ആരംഭിക്കുന്ന ദിവസവും മണിക്കൂറും നിശ്ചയിക്കും. (UDG 13)
പ്രധാനപ്പെട്ട കാര്യങ്ങൾ, അസാധാരണമായ കാര്യങ്ങൾ, പർട്ടികുലർ കോൺഗ്രിഗേഷനുകൾ, നേരത്തെയെടുത്ത തീരുമാനങ്ങൾ തിരുത്തുന്ന കാര്യങ്ങൾ എന്നിവ കോൺക്ലേവ് കൂടുന്നതിന് മുൻപ് ജനറൽ കോൺഗ്രിഗേഷനുകളും കോൺക്ലേവ് കൂടി കൊണ്ടിരിക്കുമ്പോൾ ഇലക്ട്ർമാരുടെ യോഗവും, രഹസ്യ ബാലറ്റ് വഴി, ഭൂരിപക്ഷ വോട്ടോടെ, തീരുമാനിക്കണം. (UDG 7,8, 10.)
2) പർട്ടികുലർ കോൺഗ്രിഗേഷനുകൾ
കാമർലെൻഗോയും കർദിനാൾ അസിസ്റ്റൻറ്റുമാർ എന്നറിയപ്പെടുന്ന മൂന്ന് കർദിനാൾമാരും ചേരുന്ന യോഗങ്ങളെ ആണ് പർട്ടികുലർ കോൺഗ്രിഗേഷനുകൾ എന്നു വിളിക്കുന്നത്. പർട്ടികുലർ കോൺഗ്രിഗേഷനുകളിൽ കാമർലെൻഗോയും ധനകാര്യ കൌൺസിലിൻറ്റെ കോർഡിനേറ്റർ ആയ കർദിനാളും ഉദ്യോഗവശാലുള്ള (ex-officio) അംഗങ്ങളാണ്. കർദിനാൾ അസിസ്റ്റൻറ്റുമാരീൽ മറ്റു രണ്ടു പേരെ, ഇലക്ട്ർമാരിലെ, കർദിനാൾ കോർഡിനേറ്റർ അംഗമല്ലാത്ത മറ്റു രണ്ടു തരത്തിൽ നിന്നും, ഓരോത്തരെ വീതം, മൂന്നു ദിവസത്തേക്ക്, നറുക്കെടുപ്പിലൂടെ നിശ്ചയിക്കണം. പർട്ടികുലർ കോൺഗ്രിഗേഷനുകൾ കോൺക്ലേവ് സമാപിക്കുന്നതു വരെ തുടരും. (UDG 7, PE 235 §3)
അപ്പസ്തോലിക സിംഹാസനം ഒഴിവായിരിക്കുന്ന കാലഘട്ടത്തിലെ ദൈനംദിന ഭരണനിർവഹണം പർട്ടികുലർ കോൺഗ്രിഗേഷനുകൾ വഴിയാണ്. പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്ക് ഒരിക്കൽ മാത്രവും, കൂടുതൽ ഗൗരവമേറിയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ, ഓരോ പ്രാവശ്യവും,പർട്ടികുലർ കോൺഗ്രിഗേഷനുകൾ കർദ്ദിനാൾ സംഘത്തിൻറ്റെ അഭിപ്രായങ്ങൾ തേടണം. UDG 17
പർട്ടികുലർ കോൺഗ്രിഗേഷനുകൾ, ക്രമീകൃതമായും രഹസ്യപാലനത്തിന് ഉതകുന്ന രീതിയിലും, സിസ്റ്റൈൻ ചാപ്പലിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പ് നടത്തണം. (UDG 51)
റോമൻ കൂരിയായുടെ പ്രവർത്തനം
മാർപാപ്പയിൽ നിന്നും ലഭിക്കുന്നതല്ലാതെ മറ്റൊരു അധികാരവും റോമൻ കൂരിയാക്ക് ഇല്ലാത്തതിനാൽ, പരിശുദ്ധ സിംഹാസനം ഒഴിവാകുമ്പോൾ, റോമൻ കൂരിയായിലെ വിവിധ ഡിക്കാസ്റ്ററികളുടെ/സ്ഥാപനങ്ങളുടെ തലവൻമാരും അംഗങ്ങളും തങ്ങളുടെ ചുമതലകൾ ഒഴിയണം. എന്നാൽ താഴെ പറയുന്ന ഉദ്യോഗങ്ങളിലുള്ളവർ അവരുടെ ചുമതലകൾ ഈ കാലയളവിലും തുടരണം. 1) കാമർലെൻഗോ 2) മേജർ പെനിറ്റെൻഷ്യറി 3) പേപ്പൽ ആൽമണർ 4) പൊന്തിഫിക്കൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്റർ 5) റോമാ വികാരിയാത്തിനു വേണ്ടിയുള്ള പരിശുദ്ധ പിതാവിൻറ്റെ വികാരി 6) വത്തിക്കാൻ സിറ്റി വികാരിയാത്തിനു വേണ്ടിയുള്ള പരിശുദ്ധ പിതാവിൻറ്റെ വികാരി (UDG 14,18, 22, PE Art. 18,235)
പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോൾ റോമൻ കൂരിയായിലെ വിവിധ ഡിക്കാസ്റ്ററികളുടെ/സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനം അവയുടെ സെക്രട്ടറിമാരുടെ/തുല്യരായവരുടെ നേതൃതത്തിൽ നടത്താവുന്നതാണ്. അസാധാരണവും പ്രാധാന്യമുള്ളതും അടിയന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കർദിനാൾ സംഘത്തിനെ എൽപ്പിക്കുന്നു. (UDG 20,25, PE Art. 18).
നീതിന്യായ സ്ഥാപനങ്ങളായ അപ്പസ്തോലിക സിഞ്ഞത്തൂരാ, റോമൻ റോട്ട എന്നിവയുടേയും ഓഡിറ്റർ ജനറലിന്റെ ഓഫീസിന്റെയും നയതന്ത്ര പ്രതിനിധികളുടെയും സേവനങ്ങളും പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോഴും തുടരും. (UDG 26,21)
അപ്പസ്തോലികസിംഹാസനം ഒഴിവാകുമ്പോളോ ഒഴിവായിരിക്കുമ്പോഴോ കാമർലെൻഗോയുടെയോ മേജർ പെനിറ്റെൻഷ്യറിയുടെയോ സ്ഥാനം ഒഴിവു വന്നാൽ, എത്രയും പെട്ടന്നു തന്നെ, കർദിനാൾ ഇലക്റ്റർമാർ യോഗം ചേർന്ന് രഹസ്യ ബാലറ്റിലൂടെ, ഏറ്റവും കൂടുതൽ വോട്ടു കിട്ടുന്ന കർദിനാൾമാരെ, ആ സ്ഥാനം, കോൺക്ലേവ് കഴിയുന്ന വരെ, വഹിക്കാൻ തിരഞ്ഞെടുക്കണം. കാമർലെൻഗോയുടെ തിരഞ്ഞെടുപ്പ് വരെ ആ സ്ഥാനം ഡീൻ, അദ്ദേഹത്തിന് തടസ്സമുണ്ടെങ്കിൽ, സബ് ഡീൻ, അദ്ദേഹത്തിനും തടസ്സമുണ്ടെങ്കിൽ സീനിയറായ കർദിനാൾ ബിഷപ്പ്, വഹിക്കും. (UDG 15.) 1958ൽ അപ്പോസ്തോലിക സിംഹാസനം ഒഴിവു വന്നപ്പോൾ കാമർലെൻഗോ സ്ഥാനം ഒഴിവായിരുന്നത് കൊണ്ട് കർദിനാൾ സംഘം ആദ്യമേ കർദിനാൾ ബെനെദെറ്റോ മാസല്ലയെ കാമർലെൻഗോ ആയി തിരഞ്ഞെടുത്തു.
അപ്പസ്തോലിക സിംഹാസനം ഒഴിവാകുമ്പോളോ ഒഴിവായിരിക്കുമ്പോഴോ റോമാ വികാരിയാത്തിനു വേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാരി സ്ഥാനം ഒഴിവു വന്നാൽ, ആ സ്ഥാനത്തിന്റെ ചുമതലകൾ, വൈസ് റീജൻറ്റ്, അദ്ദേഹത്തിനും തടസ്സമുണ്ടെങ്കിൽ സീനിയറായ സഹായ മെത്രാൻ, നിർവഹിക്കും. UDG 16
ഭാഗം രണ്ട്: റോമാ രൂപതയുടെ മെത്രാന്റെ തിരഞ്ഞെടുപ്പ്
കോൺക്ലേവിനുള്ള നടപടിക്രമങ്ങൾ രണ്ട് സഹസ്രാബ്ദങ്ങളായി പരിണാമം പ്രാപിച്ചവയാണ്. സമ്മതിദായകർ, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി, തിരഞ്ഞെടുപ്പ് രീതി, ഭൂരിപക്ഷം അങ്ങനെ പലതിലും കാലാനുസൃതമായ പരിവർത്തനങ്ങൾ സംഭവിച്ചു.
സമ്മതിദായകർ
അപ്പസ്തോലിക കാലത്ത്, മറ്റ് ബിഷപ്പുമാരെപ്പോലെ, റോമിലെ മെത്രാനെയും രൂപതയിലെ പുരോഹിതരും ദൈവജനവും കൂടിയാണ് തിരഞ്ഞെടുത്തിരുന്നത്. 1059-ൽ, പേപ്പൽ തിരഞ്ഞെടുപ്പിൽ കർദിനാൾ സംഘത്തിന് മാത്രമായി സമ്മതിദാനാവകാശം ചുരുക്കി (In Nomine Domini). 1139-ലെ രണ്ടാം ലാറ്ററൻ കൗൺസിൽ, പുരോഹിതരുടെയും ദൈവജനത്തിൻറ്റെയും സമ്മതം നേടേണ്ടതിന്റെ ആവശ്യകത നീക്കം ചെയ്തു, 1970-ൽ, 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർക്ക് മാത്രമായി സമ്മതിദാനാവകാശം ചുരുക്കി. 1975-ൽ ഇലക്ടർമാരുടെ എണ്ണം 120 ആയി പരിമിതപ്പെടുത്തി (Romano Pontificieligendo).
ഒരു കാലത്ത് കർദ്ദിനാൾ ബിഷപ്പുമാർ ആദ്യം യോഗം ചേർന്ന് സ്ഥാനാർത്ഥികളെകുറിച്ച് ചർച്ച ചെയ്ത് ധാരണയിലെത്തിയതിന് ശേഷം വോട്ടെടുപ്പിനായി കർദ്ദിനാൾ പുരോഹിതന്മാരെയും കർദ്ദിനാൾ ഡീക്കന്മാരെയും വിളിച്ചുകൂട്ടണമായിരുന്നു. 1179-ലെ മൂന്നാം ലാറ്ററൻ കൗൺസിൽ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുമ്പോൾ കർദ്ദിനാൾ സംഘത്തിലെ എല്ലാ അംഗങ്ങൾക്കും തുല്യ അവകാശങ്ങൾ നൽകി.
റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പിൻറ്റെ സമ്മതിദായകർ കർദിനാൾ സംഘം മാത്രമാണ്. റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പ്, അതിനായി നല്കപ്പെട്ട പ്രത്യേക നിയമം (UDG) പ്രകാരം, നടത്തേണ്ടത്, ഒരു പ്രത്യേക സംഘം (Special College) ആയി രൂപീകരിക്കപ്പെട്ട പരിശുദ്ധ റോമാ സഭയുടെ കർദിനാൾമാരുടെ ഉത്തരവാദിത്തമാണ്. (CIC Can. 349, UDG 33,Third Lateran Council (1179), Constitution Licetde Evitanda.) റോമാ രൂപതയുടെ മെത്രാനെ തിരഞ്ഞെടുക്കുന്നതിൽ മെത്രാൻ സംഘത്തിന് റോൾ ഒന്നുമില്ല. പരിശുദ്ധ സിംഹാസനം ഒഴിവായിരിക്കുമ്പോഴോ അല്ലാതെയോ സാർവത്രിക സൂനഹദോസോ മെത്രാൻമാരുടെ ആഗോള സിനഡോ കൂടി റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള നിയമങ്ങൾ മാറ്റാൻ ശ്രമിച്ചാൽ അവയ്ക്ക് യാതൊരു നിയമസാധുതയും ഉണ്ടായിരിക്കുന്നതല്ല. ഒരു സാർവത്രിക സൂനഹദോസോ മെത്രാൻമാരുടെ ആഗോള സിനഡോ കൂടി കൊണ്ടിരിക്കുമ്പോൾ പരിശുദ്ധ സിംഹാസനം ഒഴിവായാൽ ആ സമ്മേളനങ്ങൾ ഉടനടി നിർത്തി വെക്കേണ്ടതും ഈ സമ്മേളനങ്ങൾ എപ്പോൾ തുടരും എന്നു പിന്നീട് പുതിയ മാർപ്പാപ്പ അറിയിക്കുന്നതുമാണ്. (UDG 34, CIC Can. 340, 347 § 2, CCEO Can. 53)
അപ്പോസ്തോലിക സിംഹാസനം ഒഴിവായ ദിവസത്തിന് മുൻപേ 80 വയസ്സ് തികഞ്ഞ കർദിനാൾമാർക്ക് കോൺക്ലേവിലെ വോട്ടവകാശം നഷ്ടപ്പെടുന്നു. (UDG 33; Motu Proprio“IngravescentemAetatem” (1970); Second Vatican Council Decree “Christus Dominus” no. 21.) പക്ഷെ അവർക്കും ജനറൽ കോൺഗ്രീഗേഷൻ യോഗങ്ങളിൽ പങ്കെടുക്കാൻ തടസ്സമില്ല. 80 വയസ്സ് തികഞ്ഞതിനാൽ, കർദിനാൾ സംഘത്തിലെ മൂന്നു വിഭാഗത്തിൻറ്റെയും തലവൻമാർക്ക് വോട്ടവകാശമില്ലെങ്കിൽ, കോൺക്ലേവിൽ അവരുടെ ചുമതല ആ വിഭാഗത്തിലെ സീനിയറായ കർദിനാൾ നിരവഹിക്കും.
ഇലക്ടർമാരുടെ എണ്ണം സാധാരണഗതിയിൽ 120 കവിയരുത്. (UDG 33.) എന്നിരുന്നാലും അപ്പോസ്തോലിക സിംഹാസനം ഒഴിവാകുമ്പോൾ 80 വയസ്സിൽ താഴെയുള്ള 120 ൽ കൂടുതൽ കർദിനാൾമാർ ഉണ്ടെങ്കിൽ, മറ്റു അയോഗ്യതകൾ ഇല്ലെങ്കിൽ, അവർക്കെല്ലാവർക്കും കോൺക്ലേവിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ളവർ
ആദ്യകാലങ്ങളിൽ മാമോദീസ സ്വീകരിച്ച, ബ്രഹ്മചര്യം പാലിക്കുന്ന, ഒരു പുരുഷൻ എന്ന യോഗ്യതയെ റോമാ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെടാൻ അവശ്യമുണ്ടായിരിന്നുള്ളൂ. 899 വരെ, കർദിനാൾ സംഘത്തിൽ ചിലരെങ്കിലും പുരോഹിതർ അല്ലായിരുന്നു. ഒരു അൽമായനെ പോപ്പായി തിരഞ്ഞെടുത്ത സാഹചര്യങ്ങളിൽ അയാളെ ആദ്യം ഡീക്കനായും പിന്നീട് പുരോഹിതനായും ഒടുവിൽ മെത്രാനായും വാഴിച്ചതിനു ശേഷമേ നിയുക്ത മാർപ്പാപ്പ സ്ഥാനമേറ്റിരുന്നുള്ളൂ. ഇന്നസെന്റ് മൂന്നാമൻ (1198), ഗ്രിഗറി പത്താമൻ (1271), ലിയോ പത്താമൻ (1513) എന്നിവർ പോപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഡീക്കന്മാരായിരുന്നു. 1917-ലേ കാനൻ നിയമസംഹിതയിൽ, എല്ലാ കർദ്ദിനാൾമാരും പുരോഹിതന്മാരായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. 1962 മുതൽ, എല്ലാ കർദ്ദിനാൾമാരും ബിഷപ്പുമാരാകണമെന്ന് വ്യവസ്ഥ ചെയ്തു.
ഇലക്ടർമാർക്കു ഒരു വൈദികനെയോ ഒരു മെത്രാനെയോ ഒരു കർദിനാളിനെയോ (പൌരസ്ത്യ കത്തോലിക്കാ സഭകളിൽ നിന്നുൾപ്പെടെ-അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസും റോമിലെ പ്രൊപ്പഗാന്ത ഫിദെ കാര്യാലയത്തിൻറ്റെ പ്രീഫെക്റ്റുമായിരുന്ന കർദിനാൾ ഗ്രിഗോറിയൊ പിയത്രോ അഗജൻയാൻ 1958 ലെയും 1963 ലെയും കോൺക്ലേവുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു) റോമാ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കാം.1378-ൽ പാപ്പയായ അർബൻ ആറാമൻ ആണ് കർദിനാൾ സംഘത്തിന് പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ വ്യക്തി. 80 വയസ്സ് തികഞ്ഞ കർദിനാളിനെ റോമാ രൂപതയുടെ മെത്രാൻ ആയി തിരെഞ്ഞെടുക്കുന്നതിനു നിയമത്തിൽ തടസ്സമില്ല
സഭാപരമായ ഉദ്യോഗം ലഭിക്കുന്നതിന് ഒരു വ്യക്തി സഭയുമായി കൂട്ടായ്മയിലായിരിക്കുകയും പൊതുനിയമത്തിലോ പ്രത്യേക നിയമത്തിലോ ഓരോ ഉദ്യോഗത്തിനുമായി ആവശ്യപ്പെടുന്ന ഗുണങ്ങളുള്ളവനും ആയിരിക്കണം. (CIC Can. 149, CCEO Can. 940.) റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിൽ നിന്നോ വോട്ടു ലഭിക്കുന്നതിൽ നിന്നോ, UDG 40, 75 ൽ പറയുന്ന സാഹചര്യത്തിലൊ, കാനോനികമായി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടവരോ, മാർപാപ്പയുടെ സമ്മതത്തോടെ കർദ്ദിനാൾ സ്ഥാനം ഉപേക്ഷിച്ചവരോ, അല്ലാതെ, ഒരു കർദിനാൾ ഇലക്റ്റ്റേയും (പേര് വെളിപ്പെടുത്തി കഴിഞ്ഞു സ്ഥാനമേറ്റെടുക്കാത്തവർ ഉൾപ്പടെ) ഒഴിവാക്കാൻ പാടില്ല. (UDG 35, 36)
നിയമത്തിൽ മറിച്ചു വ്യവസ്ഥ ചെയ്യപ്പെടാത്ത പക്ഷം, ഉദ്യോഗ ഒഴിവിനെ പറ്റി അറിയിപ്പ് കിട്ടിയതിന് ശേഷം ലഭ്യമായ മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. (CIC Can. 165, CCEO Can. 947.) അപ്പസ്തോലിക സിംഹാസനം ഒഴിവായ ദിവസം മുതൽ പതിനഞ്ച് ദിവസം വരെ കോൺക്ലേവ് ആരംഭിക്കാൻ കാത്തിരിക്കാം. എല്ലാ ഇലക്ടർമാർക്കും കോൺക്ലേവിൽ പങ്കെടുക്കാനുള്ള അവസരം കൊടുക്കുന്നതിന് വേണ്ടിയാണ് ഇത്. എല്ലാ ഇലക്ടർമാരും ഹാജരുണ്ടെങ്കിൽ കോൺക്ലേവിന്റെ ആരംഭം പതിനഞ്ച് ദിവസത്തിന് മുമ്പേ നടത്തുന്നതിനും കർദിനാൾ സംഘത്തിന് അനുവാദമുണ്ട്. ഗുരുതരമായ കാരണങ്ങളാൽ, കോൺക്ലേവ് ആരംഭിക്കുന്നത് ഇരുപത് ദിവസം വരെ മാറ്റിവയ്ക്കാനും കർദിനാൾ സംഘത്തിന് അനുവാദമുണ്ട്. (UDG 37)
എല്ലാ ഇലക്ടർമാരും, കോൺക്ലേവിൽ എത്താനുള്ള നിർദേശം അനുസരിക്കുകയും ഈ ആവശ്യത്തിനായി നിയുക്തമാക്കിയ സ്ഥലത്തേക്ക് പോകുകയും വേണം. അസുഖമോ മറ്റേതെങ്കിലും ഗുരുതരമായ തടസ്സമോ കാരണം എത്താൻ തടസ്സമുണ്ടെങ്കിൽ, കർദിനാൾ സംഘത്തിൻറ്റെ അനുവാദം തേടണം. ഏതെങ്കിലും ഇലക്ടർമാർ കോൺക്ലേവ് അവസാനിക്കും മുമ്പ് എത്തിയാലും, അവർക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവാദമുണ്ടാകും.
ഒരു ഇലക്ടർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി വത്തിക്കാൻ സിറ്റിയിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയോ അല്ലെങ്കിൽ, തിരഞ്ഞെടുപ്പ് ആരംഭിച്ചുകഴിഞ്ഞു, ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതും ഭൂരിപക്ഷം ഇലക്ടർമാരും സ്ഥിരീകരിച്ചതുമായ അസുഖത്തിന്റെ വ്യക്തമായ കാരണമില്ലാതെ വത്തിക്കാൻ സിറ്റിയിൽ തുടരാൻ വിസമ്മതിക്കുകയോ ചെയ്താൽ, മറ്റ് കർദ്ദിനാൾമാർ അദ്ദേഹത്തെ കാത്തിരിക്കുകയോ അദ്ദേഹത്തെ വീണ്ടും കോൺക്ലേവിൽ പങ്കെടുക്കാൻ അനുവദിക്കുകയോ ചെയ്യേണ്ട.
ഒരു ഇലക്ടർക്ക് അസുഖം കാരണമോ ഭൂരിപക്ഷം ഇലക്ടർമാരും അംഗീകരിക്കുന്ന ഗുരുതരമായ കാരണമോ മൂലം വത്തിക്കാൻ സിറ്റി വിട്ടുപോകേണ്ടി വന്നാല്, തിരഞ്ഞെടുപ്പ് നടത്താം; തിരഞ്ഞെടുപ്പ് സ്ഥലത്തേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹത്തെ പങ്കെടുക്കാൻ അനുവദിക്കണം. UDG 38, 39, 40
അധ്യക്ഷൻ
കോൺക്ലേവിന് അധ്യക്ഷത വഹിക്കുന്നത് ഡീൻ (അദ്ദേഹത്തിന് തടസ്സമുണ്ടെങ്കിൽ സബ് ഡീൻ) ആണ്. എൺപത് വയസ്സു കഴിഞ്ഞത് മൂലം ഡീനോ സബ് ഡീനോ കോൺക്ലേവിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ ഇലക്ടർമാരിൽ കർദിനാൾ ബിഷപ്പു പദവിയിൽ സീനിയർ ആയ വ്യക്തി കോൺക്ലേവിന് അധ്യക്ഷത വഹിക്കുകയും ഡീനിന്റെ ഉത്തരവാദിത്തങ്ങൾ കോൺക്ലേവിൽ (ഉദാ. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയോട് സമ്മതം ചോദിക്കൽ, പുതിയ മാർപ്പാപ്പയുടെ നാമം ചോദിക്കൽ) നിറവേറ്റുകയും ചെയ്യണം. (UDG 9)
തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം
കോൺക്ലേവ് വത്തിക്കാൻ സിറ്റിയുടെ അതിർത്തിക്കുള്ളിലെ അപ്പോസ്തോലിക കൊട്ടാരത്തിലുള്ള സിസ്റ്റൈൻ ചാപ്പലിൽ വച്ചാണ് നടക്കുക. ഒരേ സമയം ആരാധനാക്രമപരവും നിയമപരവുമായ നടപടിക്രമങ്ങൾഉള്ള കോൺക്ലേവ് ദൈവാരൂപിയുടെ അന്തരീക്ഷത്തിൽ നടത്താൻ സാധിക്കും വിധത്തിലാണ് സിസ്റ്റൈൻ ചാപ്പലിൽ തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. (UDG 51)
തിരഞ്ഞെടുപ്പിന്റെ മുഴുവൻ സമയത്തും, ഇലക്ട്ർമാരുടെയും തിരഞ്ഞെടുപ്പിന്റെ ക്രമീകൃതമായ പ്രക്രിയയിൽ സഹായിക്കാൻ വിളിക്കപ്പെട്ടവരുടെയും താമസം വത്തിക്കാൻ സിറ്റിയുടെ അതിർത്തിക്കുള്ളിലുള്ള സെൻറ്റ് മാർത്താസ് ഹൌസിൽ (Domus Sanctae Marthae) ആണ് ക്രമീകരിച്ചിരിക്കുന്നത്. കോൺക്ലേവിൻറ്റെ ആരംഭം മുതൽ അവസാനം വരെ മേൽപറഞ്ഞ സ്ഥലങ്ങളിൽ മറ്റുള്ളവരുടെ പ്രവേശനം വിലക്കിയിരിക്കുന്നു. ഇലക്ടർമാർ പുറത്തുള്ളവരുമായി സംവേദിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പ് സഹായികളും കർദിനാൾ ഇലക്റ്റർമാരോട് സംഭാഷണത്തിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു. (UDG 41-45).
കാമർലെംഗോയിൽ നിന്നും മുൻകൂർ അനുമതി ലഭിച്ച, താഴെപ്പറയുന്ന വ്യക്തികൾ, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലഭ്യമായിരിക്കണം. അതിന് അനുയോജ്യമായ സ്ഥലങ്ങളിൽ അവർ താമസിക്കണം:
1) കർദിനാൾ സംഘത്തിന്റെ സെക്രട്ടറി കോൺക്ലേവിന്റെ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു. 2) പേപ്പൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്ററും എട്ട് മാസ്റ്റേഴ്സ് ഓഫ് സെറിമണികളും പേപ്പൽ സാക്രിസ്റ്റിയിലെ രണ്ട് സന്യാസിമാരും 3) ഡീനിനെയോ പകരമുള്ള കർദ്ദിനാളിനെയൊ അദ്ദേഹത്തിന്റെ ചുമതലകളിൽ സഹായിക്കുന്നതിനായുള്ള ഒരു പുരോഹിതൻ. 4) വ്യത്യസ്ത ഭാഷകളിൽ കുമ്പസാരം കേൾക്കുന്നതിന് ആവശ്യമുള്ള പുരോഹിതർ 5) രണ്ട് മെഡിക്കൽ ഡോക്ടർമാരും ആവശ്യമുള്ള നേഴ്സുമാരും 6) ഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും ഹൗസ് കീപ്പിംഗിനും വേണ്ട ആളുകൾ.
തിരഞ്ഞെടുപ്പ് സഹായികൾ രഹസ്യം പാലിക്കാൻ കർശനമായി ബാധ്യസ്ഥരാണ്: തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ്, അവർ രഹസ്യം പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടണം. (UDG 46-48)
തിരഞ്ഞെടുപ്പിന്റെ ആരംഭം
കോൺക്ലേവ് ആരംഭിക്കാൻ നിശ്ചയിക്കപ്പെട്ട ദിവസം രാവിലെ, ഇലക്ടർമാർ, വത്തിക്കാനിലെ സെൻറ്റ് പീറ്റേർസ് ബസിലിക്കായിൽ ഒരുമിച്ചു കൂടി, ഡീനിന്റെ അധ്യക്ഷതയിൽ, റോമാ രൂപതയുടെ മെത്രാന്റെ തിരഞ്ഞെടുപ്പ് എന്ന പ്രത്യേക നിയോഗത്തിനായുള്ള വിശുദ്ധ കുർബാന (Missa pro eligendoromanopontifice) അർപ്പിക്കുന്നു. Ordo RituumConclavis എന്ന ആരാധനക്രമ ഗ്രന്ഥമാണ് ഇതിനായി ഉപയോഗിക്കുന്നത്.
അന്ന് ഉച്ച കഴിഞ്ഞു, നിശ്ചയിക്കപ്പെട്ട സമയത്ത്, ഇലക്ടർമാർ, വത്തിക്കാനിലുള്ള അപ്പസ്തോലിക കൊട്ടാരത്തിലെ പൌളീൻ ചാപ്പലിൽ ഒരുമിച്ചു കൂടി, സകല വിശുദ്ധൻമാരുടെയും ലൂത്തീനിയ ചൊല്ലി, ഇലക്റ്റർമാരിലെ കർദിനാൾ ഡീക്കൻ പദവിയിൽ ഏറ്റവും ജൂനിയർ ആയ വ്യക്തി ആദ്യമേയും കർദിനാൾ ബിഷപ്പ് പദവിയിലെ ഏറ്റവും സീനിയർ അവസാനവും എന്ന ക്രമത്തിൽ, പ്രദക്ഷിണമായി, അതെ കൊട്ടാരത്തിലുള്ള കോൺക്ലേവിൻറ്റെ വേദിയായ സിസ്റ്റൈൻ ചാപ്പലിലേക്ക് എത്തി ചേരുന്നു. (UDG 49-51)
സിസ്റ്റൈൻ ചാപ്പലിൽ എത്തി ചേർന്ന ഇലക്ടർമാർ, പരിശുദ്ധാത്മാവിന്റെ ആവാസപ്രാർഥനാ ഗീതമായ “veni creator spiritus” പാടിയതിനുശേഷം, കോൺക്ലേവിനു അധ്യക്ഷത വഹിക്കുന്ന കർദിനാൾ ബിഷപ്പിന്റെ നേതൃത്വത്തിൽ, പ്രത്യേക നിയമത്തിലെ നിബന്ധനകൾ സൂക്ഷ്മമായി പാലിക്കുമെന്നും രഹസ്യം പാലിക്കുമെന്നും പുറമേയുള്ളവരുടെ സ്വാധീനത്തിന് വഴങ്ങില്ലയെന്നും സത്യപ്രതിജ്ഞ എടുക്കുന്നു. ഇലക്ടർമാരിലെ കർദിനാൾ ബിഷപ്പ് പദവിയിലെ ഏറ്റവും സീനിയർ ആദ്യമേയും കർദിനാൾ ഡീക്കൻ പദവിയിൽ ഏറ്റവും ജൂനിയർ ആയ വ്യക്തി അവസാനവും എന്ന ക്രമത്തിൽ, അൾത്താരയിൽ വച്ചിട്ടുള്ള വിശുദ്ധഗ്രന്ഥത്തിൽ കൈ വച്ചു സത്യം ചെയ്യുന്നു. (UDG 52-53)
എല്ലാ ഇലക്ടർമാരും സത്യപ്രതിജ്ഞ ചെയ്തു കഴിയുമ്പോൾ, പേപ്പൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്റർ, മറ്റുള്ളവരോട് സിസ്റ്റൈൻ ചാപ്പലിൽ നിന്നും പുറത്തേക്ക് പോകാനുള്ള ഓർമപ്പെടുത്തലായി “Extra Omnes” എന്ന വാക്കുകൾ ഉച്ചരിക്കുന്നു. അതോടെ മറ്റുള്ളവർ പുറത്തേക്ക് പോകുന്നു. ഇലക്ടർമാർക്ക് പ്രഭാഷണം നടത്താൻ ഏല്പിച്ച പുരോഹിത ശുശ്രൂഷിയും പേപ്പൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്ററും പ്രഭാഷണം കഴിഞ്ഞു പുറത്തേക്ക് പോകുന്നു. ജൂനിയർ കർദിനാൾ ഡീക്കൻ സിസ്റ്റൈൻ ചാപ്പലിൻറ്റെ വാതിൽ പൂട്ടുന്നു. (UDG 52; 54)
പ്രാർഥനകൾക്കു ശേഷം, കോൺക്ലേവിന്റെ അധ്യക്ഷൻ, തിരഞ്ഞെടുപ്പിൻറ്റെ നടപടിക്രമങ്ങളെ പറ്റി പ്രത്യേക നിയമത്തിൽ (UDG) പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ആർക്കെങ്കിലും അവ്യക്തത ഉണ്ടോയെന്നു തിരക്കി അതിൽ വിശദീകരണം നൽകുന്നു. തുടർന്ന് അധ്യക്ഷൻ ഇലക്ടർമാരോട് തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയാലോ എന്നു ചോദിക്കുന്നു. ഭൂരിപക്ഷം ഇലക്ടർമാരും അതിനോട് യോജിക്കുന്നുവെങ്കിൽ ഉടനെ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുന്നു. (UDG 54).
രഹസ്യ പാലനത്തിനുള്ള കടമ
വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈൻ ചാപ്പലിലും, വോട്ടെടുപ്പിന് മുമ്പും ശേഷവും സമീപ പ്രദേശങ്ങളിലും, നടക്കുന്ന കാര്യങ്ങളിൽ രഹസ്യസ്വഭാവത്തിന്റെ ലംഘനം പൂർണ്ണമായും ഇല്ലെന്ന് ഉറപ്പാക്കുന്നതിൽ കാമർലെംഗോയും കർദ്ദിനാൾ അസ്സിസ്റ്റ്ൻറ്റുമാരും ജാഗ്രത പാലിക്കേണ്ടതുണ്ട്.
സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ, റെക്കോർഡിംഗിനോ പ്രക്ഷേപണത്തിനോഉള്ള ഒരു ഉപകരണവും ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടില്ല എന്നു ഉറപ്പാക്കണം. (UDG 55, 61)
ഈ മാനദണ്ഡത്തിന്റെ ഏതെങ്കിലും ലംഘനം സംഭവിച്ചാൽ, മഹറൊൻ ശിക്ഷയ്ക്ക് അവർ വിധേയരാകുമെന്ന് ഉത്തരവാദിത്തപ്പെട്ടവർ (തിരഞ്ഞെടുപ്പ് സഹായികൾ ഉൾപ്പെടെ) അറിഞ്ഞിരിക്കണം. (UDG 55, 58)
തിരഞ്ഞെടുപ്പിന്റെ മുഴുവൻ സമയത്തും, ഇലക്ടർമാർ പുറത്തുള്ള വ്യക്തികളുമായുള്ള രേഖാമൂലമുള്ള കത്തിടപാടുകളിൽ നിന്നും, എല്ലാ വിധേനയുമുള്ള സംഭാഷണങ്ങളിൽ നിന്നും, ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും, അയയ്ക്കുന്നതിൽ നിന്നും, ഏതെങ്കിലും തരത്തിലുള്ള പത്രങ്ങളോ ആനുകാലികങ്ങളോ സ്വീകരിക്കുന്നതിൽ നിന്നും, റേഡിയോ കേൾക്കുന്നതിൽ നിന്നും, ടെലിവിഷൻ കാണുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ബാധ്യസ്ഥരാണ്. (UDG 56, 57).
വോട്ടെടുപ്പിനെക്കുറിച്ചും, തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും, കർദ്ദിനാൾമാരുടെ യോഗങ്ങളിൽ മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തതോ തീരുമാനിച്ചതോ ആയ കാര്യങ്ങളെക്കുറിച്ചും നേരിട്ടോ അല്ലാതെയോ മറ്റാർക്കും വിവരങ്ങൾ വെളിപ്പെടുത്താൻ ഇലക്ടർമാർക്ക് അനുവാദമില്ല. സമാനമായ രഹസ്യ ബാധ്യത ഇലക്ടർമാരല്ലാത്ത കർദ്ദിനാൾമാർക്കുമുണ്ട്. മാർപ്പാപ്പ തന്നെ പ്രത്യേകവും വ്യക്തവുമായ അനുമതി നൽകിയിട്ടില്ലെങ്കിൽ, ഇതു സംബന്ധിച്ച രഹസ്യങ്ങൾ, ഒരു തരത്തിലും, ഒരു കാലത്തും, വെളിപ്പെടുത്താൻ അനുവാദമില്ല. (UDG 59, 60).
തിരഞ്ഞെടുപ്പ് രീതി
1198ലാണ് ആദ്യമായി ഒരു പോപ്പിനെ സൂക്ഷ്മ പരിശോധനയിലൂടെ തിരഞ്ഞെടുത്തുത്. റോമാ രൂപതയുടെ മെത്രാൻറ്റെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ഇപ്പോൾ അംഗീകൃതമായ ഒരേയൊരു മാർഗ്ഗം രഹസ്യ ബാലറ്റ് വഴിയാണ്. (UDG 62). രഹസ്യ ബാലറ്റില് സ്വന്തം പേരിൽ വോട്ട് രേഖപ്പെടുത്തുന്നതിനും ഒരു കർദ്ദിനാളിന് തടസ്സമില്ല.
ഭൂരിപക്ഷം
റോമാ രൂപതയുടെ മെത്രാൻറ്റെ കാനോനികമായി സാധുവായ തിരഞ്ഞെടുപ്പിന്, സന്നിഹിതരായിരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമായ മൊത്തം ഇലക്ടർമാരുടെ എണ്ണത്തിന്റെ, കുറഞ്ഞത് മൂന്നിൽ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷമെങ്കിലും ആവശ്യമാണ്. (UDG 62). കോൺക്ലേവിൽ വിജയിക്കാൻ വേണ്ട ഭൂരിപക്ഷത്തെ പറ്റി കൃത്യമായ നിയമ വ്യവസ്ഥകൾ ആദ്യകാലത്ത് ഇല്ലാതിരുന്നത് പിളർപ്പിലേക്കും മറ്റും നയിക്കുന്ന സാഹചര്യമുണ്ടായി. 1179-ൽ നടന്ന മൂന്നാം ലാറ്ററൻ കൗൺസിലിലാണ്, പേപ്പൽ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷ നിയമം ആദ്യമായി നിർദേശിക്കപ്പെട്ടത്. ഒടുവിൽ 1621 ൽ പോപ്പിനെ തിരഞ്ഞെടുക്കുന്നതിന് ഇലക്ടർമാരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നു വ്യവസ്ഥ ചെയ്തു (AeterniPatris Filius).
തിരഞ്ഞെടുപ്പ് പ്രക്രിയ
ഇലക്ടർമാർ തീരുമാനിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ്പ്രക്രിയ ആരംഭിക്കും. ആദ്യ ദിവസം ഉച്ചകഴിഞ്ഞ് തിരഞ്ഞെടുപ്പ് ആരംഭിച്ചാൽ, ഒരു ബാലറ്റ് മാത്രമേ നടത്താവൂ; ആദ്യ ബാലറ്റിൽ ആരും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ, തുടർന്നുള്ള ദിവസങ്ങളിൽ, രാവിലെ രണ്ട് ബാലറ്റുകളും ഉച്ചകഴിഞ്ഞ് രണ്ട് ബാലറ്റുകളും നടത്തും. (UDG 630. തിരഞ്ഞെടുപ്പ്പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
പ്രീ-സ്ക്രൂട്ടിനി എന്ന് വിളിക്കുന്ന ആദ്യ ഘട്ടത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു: (UDG 64-65)
ഹാളിലേക്ക് വിളിക്കപ്പെടുന്ന കർദിനാൾ സംഘത്തിൻറ്റെ സെക്രട്ടറിയും പേപ്പൽ ആരാധനക്രമ ആഘോഷങ്ങളുടെ മാസ്റ്ററും മാസ്റ്റർ ഓഫ് സെറിമണിമാരും ചേർന്ന് ബാലറ്റ് പേപ്പറുകൾ തയ്യാറാക്കുകയും ഓരോ ഇലക്ടർക്കും കുറഞ്ഞത് രണ്ടോ മൂന്നോ ബാലറ്റ് പേപ്പറുകളെങ്കിലും നൽകുന്നു; ബാലറ്റുകൾ വിതരണം ചെയ്ത ശേഷം മേൽ പറഞ്ഞ തിരഞ്ഞെടുപ്പ് സഹായികൾ ചാപ്പലിൽ നിന്ന് പുറത്തുപോകണം;
അവർ പോയതിനുശേഷം, ജൂനിയർ കർദ്ദിനാൾ ഡീക്കൺ വാതിൽ അടയ്ക്കുകയും, ആവശ്യമുള്ളപ്പോഴെല്ലാം അത് വീണ്ടും തുറക്കുകയും അടയ്ക്കുകയും ചെയ്യും;
വോട്ടെടുപ്പ് സമയത്ത്, സിസ്റ്റൈൻ ചാപ്പലിൽ ഇലക്ടർമാർ, മാത്രമേ ഉണ്ടായിരിക്കാവൂ,
ജൂനിയർ കർദ്ദിനാൾ ഡീക്കൺ, പരസ്യമായി നടത്തുന്ന നറുക്കെടുപ്പിലൂടെ, ഇലക്ടർമാരിൽ നിന്നും, ഒമ്പത് പേരെ നിശ്ചയിക്കുന്നു. നറുക്കെടുപ്പിലെ ആദ്യത്തെ മൂന്ന് പേർ സ്ക്രൂട്ടിനീർമാരായും, രണ്ടാമത്തെ മൂന്ന് പേർ 'ഇൻഫിർമറി'കളായും (രോഗികളായ ഇലക്ടർമാരിൽ നിന്നും വോട്ടുകൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയർ), അവസാന മൂന്ന് പേർ റിവൈസർമാരായും പ്രവർത്തിക്കും.
ബാലറ്റ് പേപ്പർ ദീർഘചതുരാകൃതിയിലായിരിക്കണം. മുകളിലെ പകുതിയിൽ, Eligo in Summum Pontificem ('ഞാൻ സുപ്രീം പോണ്ടിഫായി തിരഞ്ഞെടുക്കുന്നു') എന്ന വാക്കുകൾ സാധ്യമെങ്കിൽ അച്ചടിച്ചിരിക്കണം. താഴത്തെ പകുതിയിൽ വോട്ട് നല്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പേര് എഴുതാൻ സ്ഥലം അവശേഷിപ്പിക്കണം. അതിനാൽ ബാലറ്റ് രണ്ടായി മടക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്;
ഓരോ ഇലക്ടറും, രഹസ്യമായി, വോട്ട് നല്കാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയുടെ പേര്, കഴിയുന്നത്ര വ്യക്തമായി, പക്ഷെ കയ്യക്ഷരം മനസ്സിലാകാത്ത വിധത്തിൽ, ബാലറ്റിൽ എഴുതണം. ഒന്നിൽ കൂടുതൽ പേരുകൾ എഴുതിയാൽ ബാലറ്റ് അസാധുവാകും. അതിനുശേഷം അദ്ദേഹം ബാലറ്റ് രണ്ടായി മടക്കണം;
സ്ക്രൂട്ടിനി പ്രോപ്പർ എന്ന് വിളിക്കുന്ന രണ്ടാം ഘട്ടത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു: (UDG 66-69)
1) ബാലറ്റുകൾ ഉചിതമായ പാത്രത്തിൽ നിക്ഷേപിക്കൽ
ഓരോ ഇലക്ടറും, ഹയരാർക്കിക്കൽ മുൻഗണനാക്രമത്തിൽ, തന്റെ ബാലറ്റ് പൂരിപ്പിച്ച് മടക്കിവെച്ച ശേഷം, അത് കാണാൻ കഴിയുന്ന തരത്തിൽ ഉയർത്തിപ്പിടിച്ച്, സ്ക്രൂട്ടിനീർമാർ നിൽക്കുന്ന അൾത്താരയിലേക്ക് കൊണ്ടുപോകുന്നു. പീലാസ കൊണ്ട് മൂടിയ ഒരു വലിയ കാസ ബാലറ്റുകൾ സ്വീകരിക്കുന്നതിനായി അൾത്താരയിൽ വച്ചിട്ടുണ്ട്. അൾത്താരയിൽ എത്തിയ ശേഷം, ഇലക്ടർ താഴെപ്പറയുന്ന സത്യപ്രതിജ്ഞ ഉറക്കെ ചൊല്ലുന്നു: “എന്റെ ന്യായാധിപനായ ക്രിസ്തുവിനെ എന്റെ സാക്ഷിയായി ഞാൻ വിളിക്കുന്നു, എന്റെ വോട്ട് ദൈവമുമ്പാകെ തിരഞ്ഞെടുക്കപ്പെടണമെന്ന് ഞാൻ കരുതുന്നയാൾക്ക് നൽകപ്പെടുന്നു”. തുടർന്ന് അദ്ദേഹം ബാലറ്റ് പീലാസയിൽ വയ്ക്കുകയും പീലാസ മറിച്ച് ബാലറ്റ് കാസയിലേക്ക് ഇടുകയും ചെയ്യുന്നു. അതിന് ശേഷം, അദ്ദേഹം ബലിപീഠത്തിന് മുന്നിൽ വണങ്ങി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു.
ചാപ്പലിൽ സന്നിഹിതരായ ഇലക്ടർമാരിൽ ആർക്കെങ്കിലും ബലഹീനത കാരണം അൾത്താരയിലേക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ, മൂന്നാമത്തെ സ്ക്രൂട്ടിനീർ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നു. ബലഹീനനായ ഇലക്ടർ, മുകളിൽ പറഞ്ഞ സത്യപ്രതിജ്ഞ ഉച്ചരിച്ച ശേഷം, മടക്കിവെച്ച ബാലറ്റ് സ്ക്രൂട്ടിനീർക്കു കൈമാറുന്നു, അദ്ദേഹം ബാലറ്റ് പൂർണ്ണമായി കാണുന്ന വിധത്തിൽ അൾത്താരയിലേക്ക് കൊണ്ടുപോയി, അത് പീലാസയിൽ വയ്ക്കുകയും കാസയിലേക്ക് ഇടുകയും ചെയ്യുന്നു.
ദോമൂസ് സാങ്താ മാർത്തയിലെ മുറികളിൽ രോഗികളായി കഴിയുന്നവരായ ഇലക്ടർമാർ ഉണ്ടെങ്കിൽ, അവരുടെ ബാലറ്റുകൾ സ്വീകരിക്കാൻ മൂന്ന് ഇൻഫർമാരികൾ മുകളിൽ ദ്വാരമുള്ള ഒരു പെട്ടിയുമായി അവരുടെ അടുത്തേക്ക് പോകുന്നു. ഇൻഫർമാരിമാർക്ക് പെട്ടി നൽകുന്നതിനുമുമ്പ്, സ്ക്രൂട്ടിനീർമാർ അത് പരസ്യമായി തുറന്നു ഇലക്ടർമാരെ അത് ശൂന്യമാണെന്ന് കാണിക്കും; തുടർന്ന് അവർ അത് പൂട്ടി താക്കോൽ അൾത്താരയിൽ വയ്ക്കണം. കോൺക്ലേവിൻറ്റെ അധ്യക്ഷൻ വോട്ട് ചെയ്തതിനു തൊട്ടു പിന്നാലെ, ഇൻഫർമാരികൾക്ക് സ്വന്തം ബാലറ്റുകൾ പൂർത്തിയാക്കി അൾത്താരയിൽ വച്ചിട്ടുള്ള കാസയിൽ ഇടാം, തുടർന്ന് മറ്റ് ഇലക്ടർമാർ വോട്ട് ചെയ്യുമ്പോൾ ഇൻഫർമാരികൾക്ക് രോഗികളുടെ വോട്ടുകൾ ശേഖരിക്കാൻ പോകാം.
ഇൻഫർമാരിമാർ, പൂട്ടിയ പെട്ടിയും മതിയായ എണ്ണം ബാലറ്റ് പേപ്പറുകളും എടുത്ത്, ദോമൂസ് സാങ്താ മാർത്തയിലേക്ക് പോയി, ഓരോ രോഗിയായ ഇലക്ടറെയും സന്ദർശിച്ചു ബാലറ്റ് പേപ്പറുകൾ നല്കുന്നു. രോഗിയായ ഇലക്റ്റർ, രഹസ്യമായി തന്റെ വോട്ട് രേഖപ്പെടുത്തി, ബാലറ്റ് പേപ്പർ മടക്കി, മുകളിൽ സൂചിപ്പിച്ച സത്യപ്രതിജ്ഞ ചൊല്ലിയതിന് ശേഷം, അത് പെട്ടിയിലെ ദ്വാരത്തിലൂടെ ഇടുന്നു. രോഗിയായ ഇലക്ടർമാരിൽ ആർക്കെങ്കിലും ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്താനുള്ള ശേഷിയില്ലെങ്കിൽ, രോഗി തിരഞ്ഞെടുത്ത ഇൻഫർമാരിയൊ അല്ലെങ്കിൽ മറ്റൊരു ഇലക്ടറോ, രഹസ്യം പാലിക്കുമെന്ന സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം, ബാലറ്റ് പേപ്പറിൽ രോഗി പറയുന്ന പേര് രേഖപ്പെടുത്തി പെട്ടിയിലെ ദ്വാരത്തിലൂടെ ഇടുന്നു. തുടർന്ന് ഇൻഫർമാരി പെട്ടി ചാപ്പലിലേക്ക് തിരികെ കൊണ്ടുപോകുന്നു, ചാപ്പലിൽ സന്നിഹിതരായ കർദ്ദിനാൾമാർ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇൻഫർമാരികൾ കൊണ്ടു വന്ന പെട്ടികൾ സ്ക്രൂട്ടിനീർമാർ തുറന്നു, ബാലറ്റുകൾ എണ്ണുകയും, അവയുടെ എണ്ണം രോഗികളായവരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, ചെയ്തതിനു ശേഷം അവ ഓരോന്നായി പീലാസയിൽ വയ്ക്കുകയും തുടർന്ന് അവയെല്ലാം കാസയിലെക്ക് ഇടുകയും ചെയ്യും.
2) ബാലറ്റുകൾ കൂട്ടിക്കലർത്തലും എണ്ണലും
എല്ലാ ഇലക്ടർമാരുടെയും ബാലറ്റുകൾ കാസയിൽ ഇട്ടതിനു ശേഷം, ആദ്യത്തെ സ്ക്രൂട്ടിനീർ ബാലറ്റുകൾ കൂട്ടികലർത്തുന്നതിനായി കാസ പലതവണ കുലുക്കുന്നു, തൊട്ടുപിന്നാലെ മൂന്നാമത്തെ സ്ക്രൂട്ടിനീർ കാസയിൽ നിന്നു ഓരോരോ ബാലറ്റുകൾ എടുത്തു പരസ്യമായി എണ്ണിയതിന് ശേഷം മറ്റൊരു ഒഴിഞ്ഞ പാത്രത്തിൽ വയ്ക്കുന്നു. ബാലറ്റുകളുടെ എണ്ണം വോട്ടർമാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ബാലറ്റുകൾ എല്ലാം കത്തിക്കുകയും ഉടനെ രണ്ടാമത്തെ വോട്ട് എടുക്കുകയും വേണം. ബാലറ്റുകളുടെ എണ്ണം വോട്ടർമാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, ബാലറ്റുകൾ തുറക്കുന്നതിലേക്ക് കടക്കുന്നു.
3) ബാലറ്റുകൾ തുറക്കുന്നു.
അൾത്താരയ്ക്ക് മുന്നിൽ ഇട്ടിരിക്കുന്ന മേശയുടെ സമീപം സ്ക്രൂട്ടിനീർമാർ ഇരിക്കുന്നു. ആദ്യത്തേ സ്ക്രൂട്ടിനീർ ഒരു ബാലറ്റ് എടുത്ത്, തുറന്നു, അതിൽ രേഖപ്പെടുത്തിയ വ്യക്തിയുടെ പേര് തൻറ്റെ ഷീറ്റിൽ എഴുതിയതിനു ശേഷം, രണ്ടാമത്തെ സ്ക്രൂട്ടിനീർക്ക് കൈമാറുന്നു. രണ്ടാമത്തെ സ്ക്രൂട്ടിനീർ ബാലറ്റിൽ രേഖപ്പെടുത്തിയ വ്യക്തിയുടെ പേര് തൻറ്റെ ഷീറ്റിൽ എഴുതിയതിനു ശേഷം, ബാലറ്റ് മൂന്നാമത്തെ സ്ക്രൂട്ടിനീർക്ക് കൈമാറുന്നു. സന്നിഹിതരായ എല്ലാ ഇലക്ടർമാർക്കും തങ്ങളുടെ കടലാസിൽ ബാലറ്റിൽ രേഖപ്പെടുത്തിയ വ്യക്തിയുടെ പേര് എഴുതാൻ കഴിയുമാറ് മൂന്നാമത്തെ സ്ക്രൂട്ടിനീർ അവ ഉച്ചത്തിലും വ്യക്തമായും വായിക്കുന്നു. ആ പേര് തൻറ്റെ ഷീറ്റിലും എഴുതിയതിനു ശേഷം അദ്ദേഹം ബാലറ്റുകൾ ഓരോന്നിനെയും സൂചി ഉപയോഗിച്ച് കുത്തി ഒരു നൂലിൽ കോർക്കുന്നു. പേരുകൾ വായിച്ചുകഴിഞ്ഞാൽ, നൂലിന്റെ അറ്റങ്ങൾ കെട്ടി ഒരു പാത്രത്തിലോ മേശയുടെ ഒരു വശത്തോ വയ്ക്കുന്നു.
ബാലറ്റുകൾ തുറക്കുന്ന സമയത്ത്, ഒരു ഇലക്ടർ പൂർത്തിയാക്കിയതായി തോന്നുന്ന രീതിയിൽ മടക്കിവെച്ച രണ്ട് ബാലറ്റുകൾ സ്ക്രൂട്ടിനീർമാർ കണ്ടെത്തുകയാണെങ്കിൽ, ഈ ബാലറ്റുകൾ ഒരേ പേരിലാണെങ്കിൽ അവ ഒരു വോട്ടായി കണക്കാക്കപ്പെടും. ഈ ബാലറ്റുകളിൽ രണ്ട് വ്യത്യസ്ത പേരുകൾ വഹിക്കുന്നുണ്ടെങ്കിൽ, ഒരു വോട്ടും സാധുവായിരിക്കില്ല.
പോസ്റ്റ് സ്ക്രൂട്ടിനി എന്ന് വിളിക്കുന്ന മൂന്നാം ഘട്ടത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു: (UDG 70-71)
1) വോട്ടെണ്ണൽ
ഒരു റൌണ്ടിലെ എല്ലാ ബാലറ്റുകളും തുറന്ന ശേഷം, ഓരോ പേരുകൾക്ക് ലഭിച്ച മൊത്തം വോട്ടുകൾ കൂട്ടി സൂക്ഷ്മപരിശോധനക്കാർ ഒരു പ്രത്യേക ഷീറ്റിൽ എഴുതുന്നു. ആരും കുറഞ്ഞത് മൂന്നിൽ രണ്ട് വോട്ടുകൾ ഒരു റൌണ്ടിൽ നേടിയിട്ടില്ലെങ്കിൽ, കാനോനികമായി സാധുവായ തിരഞ്ഞെടുപ്പ് നടന്നതായി കണക്കാക്കില്ല. അതിനാൽ അടുത്ത റൌണ്ട് ബാലറ്റിലേക്ക് പോകുന്നു. ഒരാൾക്ക് കുറഞ്ഞത് മൂന്നിൽ രണ്ട് വോട്ടുകളെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ, റോമാ രൂപതയുടെ മെത്രാൻറ്റെ കാനോനികമായി സാധുവായ തിരഞ്ഞെടുപ്പ് നടന്നതായി കണക്കാക്കും.
2) വോട്ടുകളുടെ പരിശോധന
ഓരോ റൌണ്ടിലും, കാനോനികമായി സാധുവായ തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും, സ്ക്രൂട്ടിനീർമാർ എണ്ണിയ ബാലറ്റുകളും അവർ വോട്ടുകൾ എഴുതിയ ഷീറ്റുകളും റിവൈസർമാർ വീണ്ടും പരിശോധിച്ചു കൃത്യത ഉറപ്പാക്കണം.
3) ബാലറ്റുകൾ കത്തിക്കൽ
റിവൈസർമാരുടെ പരിശോധന കഴിഞ്ഞയുടനെ, ഇലക്ടർമാർ സിസ്റ്റൈൻ ചാപ്പലിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ്, ജൂനിയർ കർദ്ദിനാൾ ഡീക്കൺ വിളിച്ചുവരുത്തിയ കോൺക്ലേവിന്റെ സെക്രട്ടറിയുടെയും മാസ്റ്റേഴ്സ് ഓഫ് സെറിമണികളുടെയും സഹായത്തോടെ, എല്ലാ ബാലറ്റുകളും സ്ക്രൂട്ടിനീർമാർ കത്തിച്ചുകളയണം. എന്നിരുന്നാലും, രണ്ടാമതൊരു വോട്ടെടുപ്പ് ഉടൻ നടക്കുന്നുണ്ടെങ്കിൽ, ആദ്യ റൌണ്ടിലെ ബാലറ്റുകൾ രണ്ടാം റൌണ്ടിൽ നിന്നുള്ളവയ്ക്കൊപ്പം അവസാനം മാത്രമേ കത്തിക്കൂ. ബാലറ്റ് പേപ്പറുകൾ കത്തിക്കുമ്പോൾ സിസ്റ്റൈൻ ചാപ്പലിലെ പുകകുഴലിൽ നിന്നു ഉയരുന്ന കറുത്ത പുക ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടിയില്ലെന്നത് സൂചിപ്പിക്കുന്നു. എത്ര റൌണ്ടു ബാലറ്റുകൾ കഴിഞ്ഞു എന്നൊരു ഏകദേശ ധാരണ പുറത്തുള്ള ജനത്തിന് ലഭിക്കാൻ ഈ സംവിധാനം ഉപകരിക്കുന്നു.
ഓരോ ബാലറ്റിന്റെയും ഫലങ്ങളെക്കുറിച്ച് തന്റെ കൈവശമുള്ള ഏതെങ്കിലും കുറിപ്പുകൾ ഓരോ ഇലക്ടറും കാമർലെംഗോയ്ക്കോ കർദ്ദിനാൾ അസിസ്റ്റന്റുമാർക്കോ കൈമാറണം. ഈ കുറിപ്പുകൾ ബാലറ്റുകൾക്കൊപ്പം കത്തിച്ചുകളയണം.
ഓരോ റൌണ്ടിൻറ്റെയും അവസാനം കാമർലെംഗോ, കർദ്ദിനാൾ അസിസ്റ്റന്റുമാരുടെ സഹായത്തോടെ, വോട്ടെടുപ്പിന്റെ ഫലത്തെ പറ്റി ഒരു രേഖ തയ്യാറാക്കുകയും ചെയ്യും. ഈ രേഖകൾ, സീൽ ചെയ്ത കവറിൽ, മാർപ്പാപ്പക്കു നൽകുകയും അദ്ദേഹം ആ രേഖ ഒരു പ്രത്യേക ആർക്കൈവിൽ സൂക്ഷിക്കുകയും ചെയ്യും. മാർപാപ്പയുടെ വ്യക്തമായ അനുമതിയോടെയല്ലാതെ ആരും ആ കവർ തുറക്കാൻ പാടില്ല.
കോൺക്ലേവിലേക്കു പ്രവേശിക്കുന്ന ദിനത്തിലെ ഉച്ചകഴിഞ്ഞുള്ള സമയം ഒഴികെ, എല്ലാ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും, തിരഞ്ഞെടുപ്പിൽ കലാശിക്കാത്ത ഒരു ബാലറ്റിന് ശേഷം, ഇലക്ടർമാർ ഉടൻ തന്നെ അടുത്ത ബാലറ്റിലേക്ക് പോകും. ഈ രണ്ടാമത്തെ ബാലറ്റിലും എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്. എന്നാൽ പുതിയ സത്യപ്രതിജ്ഞയുടെയോ സ്ക്രൂട്ടിനീർമാർ, ഇൻഫർമാരിമാർ, റിവൈസർമാർ എന്നിവരുടെ തിരഞ്ഞെടുപ്പിൻറ്റെയൊ ആവശ്യമില്ല. (UDG 72).
Ordo RituumConclavis എന്ന ആരാധനക്രമ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന തിരുകർമങ്ങൾക്കുംപ്രാർത്ഥനകൾക്കും ശേഷം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച്പ്രത്യേക നിയമത്തിൽ (UDG) പറഞ്ഞിരിക്കുന്നതെല്ലാം, എല്ലാ ബാലറ്റുകളിലും ഇലക്ടർമാർ ശ്രദ്ധയോടെ പാലിക്കണം. (UDG 73)
മുകളിൽ വിവരിച്ചിരിക്കുന്ന രീതിയിൽ, മൂന്ന് ദിവസത്തിൽ 13 ബാലറ്റ് നടത്തിയ ശേഷവും, കാനോനികമായ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ, വോട്ടിംഗ് (പരമാവധി ഒരു ദിവസം) പ്രാർത്ഥന, വോട്ടർമാർക്കിടയിൽ അനൗപചാരിക ചർച്ച, ഇലക്റ്റർമാരിലെ സീനിയർ കർദ്ദിനാൾ ഡീക്കൻ നൽകുന്ന ഒരു ഹ്രസ്വ ആത്മീയ പ്രബോധനം എന്നിവയ്ക്ക് വേണ്ടി താൽക്കാലികമായി നിർത്തിവയ്ക്കണം. തുടർന്ന് വോട്ടിംഗ് സാധാരണ രീതിയിൽ പുനരാരംഭിക്കും. പിന്നെ 7 ബാലറ്റുകൾക്ക് ശേഷവും, തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കിൽ, പ്രാർത്ഥന, ചർച്ച, ഇലക്റ്റർമാരിലെ സീനിയർ കർദ്ദിനാൾ പുരോഹിതൻ നൽകുന്ന പ്രബോധനം എന്നിവയ്ക്കായി മറ്റൊരു താൽക്കാലിക വിരാമമുണ്ട്. പിന്നെ 7 ബാലറ്റുകൾക്ക് ശേഷവും, തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെങ്കിൽ, പ്രാർത്ഥന, ചർച്ച, ഇലക്റ്റർമാരിലെ സീനിയർ കർദ്ദിനാൾ ബിഷപ്പ് നൽകുന്ന പ്രബോധനം എന്നിവയ്ക്കായി മറ്റൊരു താൽക്കാലിക വിരാമമുണ്ട്. തുടർന്ന് വോട്ടിംഗ് സാധാരണ രീതിയിൽ പുനരാരംഭിക്കുകയും, തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ, ഏഴ് ബാലറ്റുകൾക്കായി അത് തുടരുകയും ചെയ്യും. (UDG 74)
34 പരാജയപ്പെട്ട ബാലറ്റുകൾക്കുശേഷം, ഒരു ദിവസം പ്രാർത്ഥന, ധ്യാനം, ചർച്ച എന്നിവയ്ക്കായി നീക്കിവയ്ക്കും, 34 മത്തെബാലറ്റിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ട് പേർ മാത്രമേ തുടർന്നുള്ള ബാലറ്റുകളിൽ സ്ഥാനാര്ഥികൾ ആകൂ. ഈ രണ്ടു പേർക്ക് തുടർന്നുള്ള ബാലറ്റുകളിൽ വോട്ടവകാശമില്ല. ഇവരിൽ അർക്കെങ്കിലും കുറഞ്ഞത് മൂന്നിൽ രണ്ട് വോട്ടുകൾ ലഭിക്കുകയും അയാൾ തിരഞ്ഞെടുപ്പു സ്വീകരിക്കുകയും ചെയ്യുന്ന വരെ ബാലറ്റുകൾ തുടരും. (UDG 75).
പ്രത്യേക നിയമത്തിൽ (UDG) നിർദ്ദേശിച്ചിരിക്കുന്നതല്ലാത്ത രീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ, അല്ലെങ്കിൽ അതിലെ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെങ്കിൽ, ആ കാരണത്താൽ തന്നെ തിരഞ്ഞെടുപ്പ് അസാധുവാണ്. (UDG 76).
തിരഞ്ഞെടുപ്പിൽ പാലിക്കേണ്ടതോ ഒഴിവാക്കേണ്ടതോ ആയ കാര്യങ്ങൾ
റോമാ രൂപതയുടെ മെത്രാന്റെ തിരഞ്ഞെടുപ്പിൽ സിമോണി (അപ്പ. പ്രവ. 8:9–24) എന്ന കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ, അതിൽ കുറ്റക്കാരായ എല്ലാവരും മഹറൊൻ ശിക്ഷയ്ക്ക് വിധേയരാകും. സഭാപദവികൾ കൈക്കൂലി വാങ്ങി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെയാണ് സിമോണി എന്നറിയപ്പെടുന്നത്. സിമോണിയുടെ ഫലമായി ലഭിച്ച ഒരു സഭാ പദവി നിയമം മൂലം തന്നെ അസാധുവാണ്. (CIC Can. 149 §3; CCEO Can. 946, UDG78)
മാർപ്പാപ്പയുടെ ജീവിതകാലത്ത്, അദ്ദേഹത്തിൻറ്റെ അനുവാദമില്ലാതെ, ആരെങ്കിലും ഒരു കർദ്ദിനാൾ ആണെങ്കിൽ പോലും, അദ്ദേഹത്തിൻറ്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതോ, വോട്ട് വാഗ്ദാനം ചെയ്യുന്നതോ, സ്വകാര്യ യോഗങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുന്നതോ വിലക്കപ്പെട്ടിരിക്കുന്നു. (UDG79)
തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുകയാണെങ്കിൽ നിയമത്താൽ തന്നെ തിരഞ്ഞെടുപ്പ് അസാധുവാകുന്നു. (CIC Can.170; CCEO Can. 952.) തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പും അതിന്റെ കാലയളവിലും, ഇലക്ടർമാരൊട്, ഏതെങ്കിലും രീതിയിൽ, തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചേക്കാവുന്ന എല്ലാത്തരം ബാഹ്യ ഇടപെടലുകളും നിരോധിച്ചിരിക്കുകയാണ്. ഇലക്ടർമാരും തിരഞ്ഞെടുപ്പ് സഹായികളും ഏതെങ്കിലും സിവിൽ അധികാരിയിൽ നിന്ന്, വീറ്റോ അല്ലെങ്കിൽ ഒഴിവാക്കൽ നിർദേശം സ്വീകരിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു മേൽപറഞ്ഞ കുറ്റങ്ങൾ ചെയ്യുന്നവർ മഹറൊൻ ശിക്ഷയ്ക്ക് വിധേയരാകും. (UDG80.) മുൻ നൂറ്റാണ്ടുകളിൽ യൂറോപ്പിലെ ചില കത്തോലിക്കാരാജാക്കൻമാർ കോൺക്ലേവിൽ അവർക്കിഷ്ടമില്ലാത്ത ചില കർദിനാൾമാർക്കെതിരെ വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു. 1903ലെ കോൺക്ലേവിൽ മുൻനിരയിൽ ഉണ്ടായിരുന്ന കർദിനാൾ റമ്പോളക്കെതിരെ ഓസ്ട്രിയൻ ചക്രവർത്തി വീറ്റോ അധികാരം പ്രയോഗിച്ചതാണ് ഏറ്റവും അവസാനത്തെ ഉദാഹരണം. 1904ലെ Commissum Nobis എന്ന അപ്പൊസ്തോലിക രേഖ വഴി കോൺക്ലേവിൽ വീറ്റോ പ്രയോഗിക്കുന്നത് നിരോധിച്ചു.
ഒരു വ്യക്തിക്ക് വോട്ട് നൽകാനോ നിരസിക്കാനോ നിർബന്ധിതമാക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉടമ്പടി, കരാർ, വാഗ്ദാനങ്ങൾ അല്ലെങ്കിൽ മറ്റ് പ്രതിബദ്ധതകളിൽ നിന്ന് ഇലക്ടർമാർ വിട്ടുനിൽക്കേണ്ടതാണ്. ഈ വിലക്ക് ലംഘിക്കുന്നവർ മഹറൊൻ ശിക്ഷയ്ക്ക് വിധേയരാകും. (UDG81,82)
പ്രാർഥനക്കു ശേഷം, സാർവത്രിക സഭയെ ഫലപ്രദവും പ്രയോജനകരവുമായ രീതിയിൽ ഭരിക്കാൻ ഏറ്റവും അനുയോജ്യനെന്ന് താൻ വിശ്വസിക്കുന്ന വ്യക്തിക്ക്, അയാൾ കർദിനാൾ അല്ലെങ്കിൽ പോലും, തൻറ്റെ വോട്ട് നൽകണം. സൗഹൃദമോ വെറുപ്പോ, വ്യക്തിബന്ധങ്ങളോ അധികാരികളുടെയോ സമ്മർദ്ദ ഗ്രൂപ്പുകളുടെയോ മാധ്യമങ്ങളുടെയൊ ഇടപെടലുകളോ, ബലപ്രയോഗമോ, ഭയമോ, പ്രശസ്തി തേടലോ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടയാകരുത്. (UDG83).
ദൈവജനം മുഴുവൻ, ഇലക്റ്റർമാരല്ലാത്ത കർദിനാൾമാരുടെ നേതൃത്വത്തിൽ സാർവത്രികസഭയ്ക്ക് ഏറ്റവും അനുയോജ്യനായ ഒരു ഇടയനുവേണ്ടി പ്രാർഥനാനിരതരാകണം. (UDG84, 85)
തിരഞ്ഞെടുപ്പ് സ്വീകരിക്കൽ
കാനോനികമായി സാധുവായ തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാലുടനെ കർദിനാൾ സംഘത്തിന്റെ സെക്രട്ടറി, പേപ്പൽ ആരാധനാക്രമ ആഘോഷങ്ങളുടെ മാസ്റ്റർ, രണ്ട് മാസ്റ്റർ ഓഫ് സെറിമണിമാർ എന്നിവരെ സിസ്റ്റൈൻ ചാപ്പലിലേക്ക് ജൂനിയർ കർദിനാൾ ഡീക്കൺ വിളിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ഇലക്റ്റർ അല്ലെങ്കിൽ അദ്ദേഹത്തെയും സിസ്റ്റൈൻ ചാപ്പലിലേക്ക് വിളിപ്പിക്കുന്നു.
മുഴുവൻ ഇലക്ടർമാരുടെയും പേരിൽ, അധ്യക്ഷൻ, തിരഞ്ഞെടുക്കപ്പെട്ടയാളുടെ സമ്മതം ചോദിക്കുന്നു: 'സുപ്രീം പൊന്തിർഫായി അങ്ങയെ കാനോനികമായി തിരഞ്ഞെടുത്തതിനെ അങ്ങു സ്വീകരിക്കുന്നുവോ?' തിരഞ്ഞെടുക്കപ്പെട്ട ആളിന് തിരഞ്ഞെടുപ്പ് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. സമ്മതം ചോദിച്ചതിന് ശേഷം ലഭ്യമായ എട്ട് ദിവസം വരെ തീരുമാനം അറിയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആൾക്ക് സമയമുണ്ടെങ്കിലും (CIC Can.177, CCEO Can. 957) ഉടനെ തന്നെ തീരുമാനം അറിയിക്കുകയാണ് പതിവ്.
തിരഞ്ഞെടുക്കപ്പെട്ടയാളുടെ സമ്മതം ലഭിച്ചയുടനെ, അദ്ദേഹത്തോട് അധ്യക്ഷൻ ഇങ്ങനെ ചോദിക്കുന്നു: 'അങ്ങയെ ഏത് പേരിൽ മാർപ്പാപ്പയായി വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു?'
തുടർന്ന്, തിരഞ്ഞെടുക്കപ്പെട്ടയാളുടെ സമ്മതവും അദ്ദേഹം സ്വീകരിച്ച പേരും സാക്ഷ്യപ്പെടുത്തുന്ന ഒരു രേഖ പേപ്പൽ ആരാധനാക്രമ ആഘോഷങ്ങളുടെ മാസ്റ്റർ നോട്ടറിയായി തയ്യാറാക്കുകയും രണ്ട് മാസ്റ്റർ ഓഫ് സെറിമണിമാർ അതിന് സാക്ഷികളാവുകയും ചെയ്യുന്നു. (UDG87)
തിരഞ്ഞെടുപ്പിന് സ്ഥിരീകരണം ആവശ്യമില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി തിരഞ്ഞെടുപ്പ് സ്വീകരിക്കുന്ന ഉടനെ തന്നെ ആ സഭാപരമായ ഉദ്യോഗം അദ്ദേഹത്തിന് ലഭിക്കുന്നതാണ്. (CIC Can.178, CCEO Can. 958.) സഭയിലെ പൂർണവും പരമോന്നതവുമായ അധികാരം (full and supreme power)ഒരു വ്യക്തിക്ക് ലഭിക്കുന്നത് റോമാ രൂപതയുടെ മെത്രാനായുള്ള നിയമപരമായ തിരഞ്ഞെടുപ്പ് അദ്ദേഹം സ്വീകരിക്കുന്നതു (assent) വഴിയും മെത്രാഭിഷേകം വഴിയുമാണ്. അതിനാൽ മെത്രാനായ ഒരു വ്യക്തിക്ക്, റോമാ രൂപതയുടെ മെത്രാനായുള്ള തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നനിമിഷം മുതൽ മേൽപറഞ്ഞ അധികാരം ലഭിക്കുകയും അദ്ദേഹം മാർപ്പാപ്പയും മെത്രാൻ സംഘത്തിന്റെയും വത്തിക്കാൻ രാഷ്ട്രത്തിൻറ്റെയും തലവനാകുകയും ചെയ്യുന്നു. എന്നാൽ റോമാ രൂപതയുടെ മെത്രാനായുള്ള തിരഞ്ഞെടുപ്പു സ്വീകരിച്ച വ്യക്തി മെത്രാഭിഷേകം സ്വീകരിച്ചിട്ടുള്ള ആളല്ലെങ്കിൽ അധ്യക്ഷൻ അദ്ദേഹത്തെ ഉടനെ തന്നെ മെത്രാനായി അഭിഷേകം ചെയ്യേണ്ടതാണ്.മെത്രാഭിഷേകത്തിന് ശേഷമേ മേൽപറഞ്ഞ അധികാരം അദ്ദേഹത്തിന് ലഭിക്കുകയുള്ളൂ. (CIC Can. 332 §1, 355 §1. CCEO Can.44 §1,UDG 88, 90.) 1917ലെ കാനൻ നിയമത്തിൽ (Can. 219) ഇല്ലാതിരുന്ന ‘മെത്രാഭിഷേകം’ എന്ന നിബന്ധന 1983ലെ കാനൻ നിയമത്തിൽ ഉൾപ്പെടുത്തി.
ഇലക്ടർമാർ പുതിയ മാർപാപ്പയുടെ മുമ്പാകെ ആദരവും വിധേയത്വവും പ്രകടിപ്പിക്കുന്നു. (UDG 89)
പുതിയ മാർപാപ്പയുടെ നേതൃതത്തിൽ ഇലക്ടർമാർ പങ്കു ചേരുന്ന നന്ദി പ്രകാശന പ്രാർഥനയോടെ കോൺക്ലേവ് സമാപിക്കുന്നു. (UDG 89)
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോൺക്ലേവ് 1268 നവംബർ മുതൽ 1271 സെപ്റ്റംബർ വരെ, 34 മാസം, നീണ്ടു നിന്നു. 1830-1831ൽ, ആകെ 50 ദിവസം നീണ്ടു നിന്ന കോൺക്ലേവിൽ, 83 ബാലറ്റുകൾക്ക് ശേഷം,കർദിനാളെങ്കിലും മെത്രാനല്ലാത്ത, ഗ്രിഗറി പതിനാറാമൻ പാപ്പയെ തിരഞ്ഞെടുത്തു. എന്നാൽ 1503ലെ കോൺക്ലേവിൽ ജൂലിയസ് രണ്ടാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെടാൻ ഏതാനും മണിക്കൂറുകൾ മാത്രമെ വേണ്ടി വന്നുളളൂ. 1939ലെ കോൺക്ലേവിൽ മൂന്ന് ബാലറ്റുകൾക്ക് ശേഷം പീയൂസ് പന്ത്രണ്ടാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
കോൺക്ലേവിനുശേഷമുള്ള നടപടികൾ
സിസ്റ്റൈൻ ചാപ്പലിന്റെ പുകകുഴലിൽ അവസാന വട്ട ബാലറ്റ് പേപ്പറുകൾ പ്രത്യേക രാസപദാർത്ഥങ്ങൾ കൂട്ടിചേർത്തു കത്തിക്കുമ്പോൾ ഉയരുന്ന വെള്ള നിറത്തിലുള്ള പുകയും സെ. പീറ്റേർസ് ബസിലിക്കായിൽ നിന്നും തുടരെ തുടരെ മുഴങ്ങുന്ന മണിനാദവും കേൾക്കുമ്പോൾ തിരഞ്ഞെടുപ്പ് വിജയകരമായി സമാപിച്ചു എന്നു കാത്തു നിൽക്കുന്ന ജനത്തിന് മനസ്സിലാകും.
സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താരയുടെ ഇടതുവശത്താണ് Room of Tears എന്നറിയപ്പെടുന്ന മുറി സ്ഥിതി ചെയ്യുന്നത്. പുതിയ പോപ്പിന് ധരിക്കാൻ മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള പേപ്പൽ വസ്ത്രങ്ങളും ഏഴു വ്യത്യസ്ത വലുപ്പത്തിലുള്ള ഷൂസും അവിടെ ഒരുക്കിയിട്ടുണ്ടാവും.
പരസ്യ പ്രഖ്യാപനം
സെന്റ് പീറ്റേർസ് ബസലിക്കയുടെ മധ്യത്തിലുള്ള ബാൽക്കണിയിൽ (Central Loggia, ക്രിസ്തു വിശുദ്ധ പത്രോസിന് താക്കോലുകൾ സമ്മാനിക്കുന്ന ശില്പം ആണ് താഴെ) നിന്നും പുതിയ മാർപാപ്പയുടെ നാമം ജനങ്ങളുടെ മുമ്പാകെ പരസ്യമായി പ്രഖ്യാപിക്കുന്നത് ("Habemus Papum"), പ്രോട്ടോ ഡീക്കനാണ്. എന്നാൽ തിരഞ്ഞെടുപ്പു സ്വീകരിച്ച വ്യക്തി മെത്രാഭിഷേകം സ്വീകരിച്ചിട്ടുള്ള ആളല്ലെങ്കിൽ മെത്രാഭിഷേകത്തിനുശേഷമേ പരസ്യപ്രഖ്യാപനം നടത്താവൂ (CIC Can. 355 §2, UDG 89).
പുതിയ മാർപാപ്പ അതെ സ്ഥലത്തു നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുകയും റോമാ നഗരത്തിനും ലോകത്തിനുമുള്ള ശ്ലൈഹിക ആശീർവാദം (Urbi et Orbi) നല്കുകയും ചെയ്യുന്നു (UDG 89).
ശുശ്രൂഷയുടെ ആരംഭം
നിശ്ചയിക്കപ്പെട്ട ദിവസം, ദിവ്യബലിയോടെ, മാർപാപ്പ സ്ഥാനം ഏറ്റെടുക്കുന്നു. പ്രോട്ടോ ഡീക്കനാണ് പുതിയ മാർപാപ്പയെ പാലിയം അണിയിക്കുന്നത്. പ്രോട്ടോ പ്രീസ്റ്റാണ് പ്രധാനപ്പെട്ട ഒരു പ്രാർഥന ചൊല്ലുന്നത്. ഡീനാണ് പുതിയ മാർപാപ്പയെ മുദ്രമോതിരം അണിയിക്കുന്നത് (UDG 92).
അതിനുശേഷം, നിശ്ചയിക്കപ്പെട്ട സമയത്ത്, മാർപാപ്പ, റോമാ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കായിലെത്തി, താൻ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തതിന്റെ പ്രതീകമായി, അവിടുത്തെ സിംഹാസനത്തിലിരിക്കുകയും ചെയ്യുന്നു (UDG 92). Ordo Rituum pro Ministerii Petrini Initio Romae Episcopi എന്ന ആരാധനക്രമ ഗ്രന്ഥമാണ് മേൽപറഞ്ഞ രണ്ടു ചടങ്ങുകൾക്കും ഉപയോഗിക്കുന്നത്.
ഉപസംഹാരം
കോൺക്ലേവ് വെറുമൊരു നൈയാമിക പ്രക്രിയയിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പു മാത്രമല്ല. ആരാധനക്രമപരമായ മാനം കൂടി അതിനുണ്ട്. സഭയിലെ നേതൃത്വത്തിനായുള്ള തിരഞ്ഞെടുപ്പുകൾ പ്രാർഥന പ്രക്രിയയും കൂടിയാണെന്ന വസ്തുത അപ്പസ്തലന്മാരുടെ പ്രവൃത്തികൾ (1:18-26) തന്നെ സാക്ഷ്യം വഹിക്കുന്നു. കർദിനാൾമാർ പ്രാർഥിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമ്പോൾ, ലോകമെമ്പാടുമുള്ള കത്തോലിക്കർ അവരോടൊപ്പം പ്രാർഥിക്കുന്നു. കോൺക്ലേവ് ഒരു കുർബാനയോടെ ആരംഭിക്കും. പൗളിൻ ചാപ്പലിൽ നിന്ന് സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രദക്ഷിണമായി പോകുന്ന ഇലക്ടർമാർ സകല വിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചാണ് പോകുന്നത്. സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിച്ചശേഷം കർദിനാൾമാർ "പരിശുദ്ധാത്മാവേ വരൂ" എന്ന ഗാനം പാടുന്നു. ഇലക്ടർമാർ ബാലറ്റുകൾ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താരയുടെ മുന്നിലേക്ക് കൊണ്ടുപോയി ഒരു വലിയ കാസയിൽ നിക്ഷേപിക്കുന്നു. ഇലക്ടർമാർക്ക് വേണമെങ്കിൽ ഒരുമിച്ച് പ്രാർഥിക്കാനും സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോൺക്ലേവിന്റെ അവസാനവും ഒരു നന്ദി പ്രകാശന പ്രാർഥനയുണ്ട്.