ഇറാക്കില്‍ ശാന്തിദൂതുമായി തീര്‍ത്ഥാടനത്തിനെത്തിയ മാര്‍പാപ്പ

ഇറാക്കില്‍ ശാന്തിദൂതുമായി തീര്‍ത്ഥാടനത്തിനെത്തിയ മാര്‍പാപ്പ

പാലസ്തീനയില്‍ നന്മ ചെയ്തു കടന്നുപോയ യേശുവിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു പാപ്പയുടെ സന്ദര്‍ശനദിനങ്ങള്‍

സിസ്റ്റര്‍ ദീപാ ഗ്രേസ് സിഎംസി

സിസ്റ്റര്‍ ദീപാ ഗ്രേസ് സിഎംസി
സിസ്റ്റര്‍ ദീപാ ഗ്രേസ് സിഎംസി

യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയും കിരാതമായ അതിക്രമങ്ങളും മത സംഘര്‍ഷങ്ങളും മൂലം സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ട് ദുര്‍ബലരായ ഇറാക്കി ജനതയ്ക്ക് വിശേഷിച്ച് ഇറാക്കിലെ ക്രൈസ്തവര്‍ക്ക് ആശ്വാസവും പ്രത്യാശയും പകരുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം. പരി. പിതാവിന്റെ 4 ദിവസത്തെ സന്ദര്‍ശനം അതീവ സുരക്ഷയിലും എന്നാല്‍ ഏറ്റവും ഹൃദ്യമായ വിധത്തിലുമാണ് ക്രമീകരിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ആദ്യം പരി. പിതാവ് ഇറാക്ക് സന്ദര്‍ശിക്കാമെന്ന വാര്‍ത്ത വന്നപ്പോള്‍ രാജ്യം മുഴുവന്‍ ആഹ്ലാദിച്ചതാണ്, എന്നാല്‍ കൊറോണ മഹാമാരി അതു തടസ്സപ്പെടുത്തി. ഇപ്പോഴത്തെ സന്ദര്‍ശനത്തെക്കുറിച്ചും ആശങ്കകള്‍ ഉണ്ടായിരുന്നു. കൊറോണ പൂര്‍ണമായും നിഷ്‌കാസിതമായിട്ടില്ലാത്ത സാഹചര്യവും പരി. പിതാവിന്റെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകളും സന്ദര്‍ശനം വീണ്ടും മാറ്റിവയ്ക്കപ്പെടുമോ എന്ന സന്ദേഹമുയര്‍ത്തിയെങ്കിലും ഇറാക്കിലെ ക്രൈസ്തവ സമൂഹത്തിനു ആവേശവും ഊര്‍ജവും പ്രത്യാശയും പകര്‍ന്നുകൊണ്ട് മാര്‍പാപ്പ ഞങ്ങള്‍ക്കിടയിലേക്കു കടന്നു വന്നു.
യുദ്ധത്തിലും ഭീകരാക്രമങ്ങളിലും ആഭ്യന്തര പ്രശ്‌നങ്ങളിലും ഉഴറി നിന്ന ഇറാക്കിലെ ജനസാമാന്യത്തിനു ആശ്വാസം പകരാനും അതിക്രമങ്ങളുടെയും കലാപങ്ങളുടെയും പേരില്‍ ദൈവത്തോടു മാപ്പിരക്കാനും അനുരഞ്ജനം സാധ്യ മാക്കാനും മാര്‍പാപ്പ നടത്തിയ തീര്‍ത്ഥാടനമായിരുന്നു ഇത്. തങ്ങളെ അന്വേഷിച്ചു വന്ന ഇടയന്‍ എന്ന വിധത്തിലാണ് ജനങ്ങള്‍ പാപ്പയെ വരവേറ്റത്. ആ വിധത്തില്‍ അവര്‍ മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുവേണ്ട ഒരുക്കങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞു. പ്രസിഡന്റ് ബര്‍ഹാം സലേ, പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി എന്നിവരുടെ നേതൃത്വത്തില്‍ മനോഹരമായിട്ടാണ് സ്വീകരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്. അതിനാല്‍ത്തന്നെ ആവുന്നത്ര മികച്ച ക്രമീകരണങ്ങളും സുരക്ഷയും ഒരുക്കിയിരുന്നു. പാപ്പ പൊതുസന്ദര്‍ശനം നടത്തിയ മാര്‍ച്ച് 5, 6, 7 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇറാക്കില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരുന്നു. വാഹനങ്ങളൊന്നും അനിയന്ത്രിതമായി നിരത്തിലിറങ്ങിയില്ല. പാപ്പ വരുന്നതിനു ഒന്നരമാസം മുമ്പേ ഇത്തരത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവ സങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു ഇതിനുള്ള ട്രയല്‍ നടത്തിയിരുന്നു.

ബാഗ്ദാദ് വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം പ്രസിഡന്റിന്റെ വസതിയില്‍ അദ്ദേഹവുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയും സംഘവുമാണ് പാപ്പയെ വരവേറ്റത്. പ്രസിഡന്റുമായുള്ള കൂടി ക്കാഴ്ചയ്ക്കു ശേഷം ബാഗ്ദാദിലെ ഔവര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ സഭാ നേതാക്കളുമായി മാര്‍പാപ്പ സംവദിച്ചു. 2010 ല്‍ ഈ പള്ളി ആക്രമിക്കപ്പെടുകയും 52 പേര്‍ അന്നു കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മാര്‍പാപ്പയുടെ ഒന്നര ദിവസത്തെ ഇറാക്ക് സന്ദര്‍ശനമായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും കല്‍ദായ സഭയുടെ ഇടപെടല്‍മൂലം അതു നാലു ദിവസമാക്കി മാറ്റുകയായിരുന്നു. ഇറാക്കിലെ നാലു റീജിയണുകളിലാണ് പാപ്പ ഈ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഈ ദിവസങ്ങളിലൊക്കെ ഇവിടത്തെ മാധ്യമങ്ങള്‍ പാപ്പയുടെ സന്ദര്‍ശനം വലിയ ആഘോഷമാക്കി. യുദ്ധം, കലഹം, ഭീകരാക്രമണം തുടങ്ങിയ വാര്‍ത്തകള്‍ ചര്‍ച്ചയാകുന്ന മാധ്യമങ്ങളില്‍ പാപ്പയുടെ സന്ദര്‍ശനത്തിലൂടെ, സമാധാനവും സൗഹാര്‍ദ്ദതയുമൊക്കെ സംവാദ വിഷയങ്ങളാകുന്ന സാഹചര്യം സൃഷ്ടിച്ചു. ഇറാക്കി ജനത ഇത്തരത്തില്‍ സമാധാനത്തിന്റെ സന്ദേശവും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദതയുടെയും അടയാളങ്ങളും ഏറ്റവു മധികം ദര്‍ശിച്ചതും അനുഭവിച്ചതുമായ നാളുകളായിരുന്നു ഇത്. പാലസ്തീനയില്‍ നന്മ ചെയ്തു കടന്നുപോയ യേശുവിനെ അനു സ്മരിപ്പിക്കും വിധമായിരുന്നു പാപ്പയുടെ സന്ദര്‍ശന ദിനങ്ങള്‍ ഞങ്ങള്‍ക്ക് അനുഭവവേദ്യമായത്. ഇറാക്കിന്റെ വിശുദ്ധീകരണത്തിനും മാറ്റങ്ങള്‍ക്കും പിതാവിന്റെ ഈ സന്ദര്‍ശനം ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നവരാണ് അധികവും.

പ്രധാനമായും 5 സ്ഥലങ്ങളിലാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ബാഗ്ദാദ്, ഊര്‍, മൊസൂള്‍, ഖറാക്കോഷ്, ഇര്‍ബില്‍. നാലു മേഖലകളിലായിട്ടാണ് ഈ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബാഗ്ദാദില്‍ എത്തിയശേഷം രാഷ്ട്രീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭൗതിക നേട്ടങ്ങള്‍ സമാഹരിക്കുന്നതിനേക്കാള്‍ അധികമായി മാനവീകത നിലനിറുത്താനും നിര്‍മ്മിക്കാനും പരിശ്രമിക്കണമെന്ന് പരി. പിതാവു അനുസ്മരിപ്പിക്കുകയുണ്ടായി. ന്യൂനപക്ഷ – ഭൂരിപക്ഷ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഇറാക്കിന്റെ പൗരന്മാരാണെന്ന ചിന്ത പുലരണം. ഓരോരുത്തര്‍ക്കും സ്വതന്ത്രമായി ഇടപഴകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. മനുഷ്യാവകാശങ്ങള്‍ക്കും തുല്യനീതിക്കുമായി എല്ലാവരും ഒത്തൊരുമിച്ചു നീങ്ങണം എന്നീ സന്ദേശങ്ങളാണു പാപ്പ പങ്കുവച്ചത്.
പൂര്‍വ്വപിതാവായ അബ്രാഹത്തിന്റെ ജന്മസ്ഥലമായ ഊറിലെ സന്ദര്‍ശനവേളയില്‍ മുസ്ലിങ്ങളും ക്രൈസ്തവരുമായ ജനങ്ങള്‍ക്ക് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സത്ചിന്തകളാണ് മാര്‍പാപ്പ പകര്‍ന്നു നല്‍കിയത്. നാമെല്ലാവരും ദൈവപിതാവിന്റെ മക്കളാണെന്നും സാഹോദര്യത്തിലും ഒരുമയിലും കഴിയേണ്ടവരുമാണെന്നും മാര്‍പാപ്പ പറഞ്ഞു. പൂര്‍വ്വപിതാവിനെ അനുസ്മരിച്ചുകൊണ്ട് വ്യത്യസ്ത ജനവിഭാഗങ്ങള്‍ എന്ന ചിന്തയില്ലാതെ എല്ലാവരും പരസ്‌നേഹത്തില്‍ ഒന്നിച്ചു സഹവസിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട മൊസൂളിലെ സന്ദര്‍ശനം വികാര തീവ്രമായിരുന്നു. ഭീകരവാദികള്‍ ക്രൈസ്തവരെ തുരത്തി ഓടിക്കുകയും റോമാ വരെ എത്തി അവരെ നിഷ്‌കാസനം ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത ചരിത്രമുള്ള മൊസൂള്‍ മേഖലയിലേക്ക് ക്ഷമയുടെയും ശാന്തിയുടെയും സന്ദേശവാഹകനായിട്ടാണു മാര്‍പാപ്പ കടന്നുവന്നത്. ഏതാനും നിമിഷം പാപ്പ അവിടെ നിശബ്ദനായി നിന്നു. ക്രൈസ്തവപീഡനങ്ങളുടെ കൊടിയ യാതനകള്‍ ആ മനസ്സിനെ ഉലച്ചിരിക്കാം. പീഡിതര്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കു വേണ്ടിയും സമാധാന ദൂതനായ പരി. പിതാവ് പ്രാര്‍ത്ഥനാ നിരതനായി. അവിടെ വച്ച് മുസ്ലിം സമുദായത്തില്‍ പെട്ട ഒരു ആര്‍ട്ടിസ്റ്റ് അദ്ദേഹം രൂപകല്‍പന ചെയ്ത ഒരു കുരിശു രൂപം പാപ്പയ്ക്കു സമ്മാനിച്ചു. അതിന്റെ മധ്യത്തില്‍ മൊസൂളിന്റെ ചിത്രം ആലേഖനം ചെയ്തിരുന്നു. ക്രൈസ്തവര്‍ കൂടുതല്‍ സഹവസിച്ചിരുന്ന സ്ഥലം എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ആ ചിത്രം.
ഷിയാ മുസ്ലീങ്ങളുടെ ആത്മീയാചാര്യനായ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രപരമായിരുന്നു. സമാധാന ദൂതന്‍ എന്നറിയപ്പെടുന്ന സിസ്താനി ലളിതജീവിതം നയിക്കുന്ന വ്യക്തിയാണ്. നജഫില്‍ ഒരു ചെറിയ വസതിയിലാണ് അദ്ദേഹത്തിന്റെ താമസം. സമാധാനകാംക്ഷിയും മാനുഷിക മൂല്യങ്ങള്‍ക്കു വിലകല്‍പ്പിക്കുകയും അതനുസരിച്ചുള്ള ആഹ്വാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന അദ്ദേഹത്തിന് പാപ്പയുമായി ചില സമാ നതകളുണ്ട്. ഇറാക്കിനെ ആഭ്യന്തരയുദ്ധത്തില്‍ നിന്നു പലതവണകളില്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. സമാധാന സംസ്ഥാപനത്തെക്കുറിച്ചും സൗഹാര്‍ദ്ദതയുടെ ജനജീ വിതത്തെക്കുറിച്ചും ഈ രണ്ട് ആത്മീയാചാര്യന്മാരും സംസാരിച്ചു. രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടി കലര്‍ത്തരുതെന്നും രാഷ്ട്രങ്ങള്‍ മുന്‍കൈ എടുത്ത് യുദ്ധങ്ങളും കലഹങ്ങളും അവസാനിപ്പിച്ചാലേ ലോകത്ത് സമാധാനം സാധ്യമാകൂ എന്നും ഇരുവരും വ്യക്തമാക്കി.

2003 നു മുമ്പ് 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന ഇറാക്കില്‍ ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ക്രൈസ്തവരുടെ എണ്ണം രണ്ടര ലക്ഷം മാത്രമാണ്. ഖറാക്കോഷിലാണ് ക്രൈസ്തവര്‍ താരതമ്യേന കൂടുതലുള്ളത്. അവിടം സന്ദര്‍ശിച്ച പാപ്പ പലായനം ചെയ്തവര്‍ തിരികെയെത്തണമെന്നും അവരെ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പറഞ്ഞു. സ്വന്തം നാട്ടില്‍ സമാധാന ത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് പാപ്പ സൂചിപ്പിച്ചു. ഇര്‍ബില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഖറോക്കോഷിലെ അതിക്ര മങ്ങളില്‍ തകര്‍ക്കപ്പെട്ട പരി. കന്യാമറിയത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വേദിയിലാണ് മാര്‍പാപ്പ തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചത്. അവിടെ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ഞങ്ങള്‍ പങ്കുകൊണ്ടു. ഭീകരാക്രമണത്തില്‍ ക്രൈസ്തവര്‍ ഒറ്റപ്പെട്ടപ്പോള്‍ കൂടെ നിന്ന ഇറാക്കിലെ ജനതയെ പാപ്പ അനുമോദിക്കുകയും അവര്‍ ക്കു നന്ദി പറയുകയും ചെയ്തു. എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ട് താന്‍ റോമിലേക്കു തിരിച്ചു ചെന്നാലും എന്നും തന്റെ ഹൃദയത്തില്‍ ഇറാക്കും അവിടത്തെ ജനസമൂഹവും എന്നും ഉണ്ടാകുമെന്നും പാപ്പ പറഞ്ഞു. നിറഞ്ഞ കരഘോഷത്തിനിടെ സമാധാനം എന്ന അര്‍ത്ഥത്തില്‍ "സലാം" "സലാം" "സലാം" എന്നു മാര്‍പാപ്പ ഉരുവിട്ടു. വി. കുര്‍ബാനയില്‍ വിശ്വാസപ്രമാണത്തിന്റെ ആദ്യവരികള്‍ അറബിഭാഷ യിലാണ് പാപ്പ ചൊല്ലിയത്.

ഭീകരാക്രമണങ്ങളിലും യുദ്ധത്തിലും കെടുതികള്‍ നേരിട്ട ഇറാക്കിലെ ക്രൈസ്തവ സമൂഹത്തിലെ ഭൂരിപക്ഷവും പലവിധത്തിലും പ്രകാരത്തിലും അവിടെനിന്നു പലായനം ചെയ്യുകയുണ്ടായി. അവശേഷിക്കുന്നവര്‍ വിശ്വാസ തീക്ഷ്ണ തയില്‍ യേശുവിനു സാക്ഷ്യം വഹിക്കുന്നവരായി പ്രതിബദ്ധതയോടെ ജീവിക്കുന്നു. സഭയോടു ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുന്ന അവര്‍ ആഴമാര്‍ന്ന വിശ്വാസത്തില്‍ പ്രയാണം ചെയ്യുന്നവരാണ്. മാര്‍പാപ്പയുടെ സന്ദര്‍ശനം വലിയ ഊര്‍ജ്ജ വും പ്രത്യാശയുമാണ് ഇവിടത്തെ ക്രൈസ്തവര്‍ക്കു പ്രദാനം ചെയ്തിരിക്കുന്നത്. ഇറാക്കിലെ സഭ ജീവിക്കുന്ന, ജീവനുള്ള സഭയാണെന്നാണ് മാര്‍പാപ്പ പ്രഖ്യാപിച്ചത്. ഇറാക്കിലെ സഭയിലും വിശ്വാസികളിലും ക്രിസ്തു ജീവിക്കുന്നു എന്നു പറഞ്ഞ പാപ്പ രക്തസാക്ഷികളുടെ നിണംവീണ ഇറാക്കിന്റെ മണ്ണില്‍ ധീരതയോടെ നിലനില്‍ക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു. ഇറാക്കിലെ ക്രൈസ്തവരോടായി മാര്‍പാപ്പ ചെയ്ത ഈ ആഹ്വാനം പീഡനങ്ങളിലും യാതനകളിലും തളരാതെ തകരാതെ ക്രിസ്തുവിനെ മുറുകെപ്പിടിച്ചു മുന്നേറാന്‍ അവര്‍ക്കു ശക്തിപകരുക തന്നെ ചെയ്യും.

(

ഇറാക്കില്‍ മിഷനറിയായി സേവനം ചെയ്യുകയാണു ലേഖിക. സിഎംസി സഭയില്‍ നിന്നു സി. റോസ്‌മേരി, സി. വിനയ, സി. അന്‍സില, സി. അന്ന ജോര്‍ജ്, സി. ടെസ് മരിയ എന്നിവരും ഇറാക്കിലെ സുലൈമാനിയ, കിര്‍ക്കുക്ക് എന്നീ പ്രദേശങ്ങളില്‍ സേവനനിരതരാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org